ആലപ്പുഴ കായംകുളം ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവാണ് വധു.
ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്താണ് വരൻ.
മുഹൂർത്തം 12.15ന്.
ഇവരുടെ വിവാഹം ഇന്ന് 2020 ജനുവരി 19ന് നടന്നു.
കൊളുത്തിവെച്ച നിലവിളക്കിനു മുന്നിൽ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ.
ഇതിലെന്താണിത്ര വലിയ കാര്യം എന്നായിരിക്കും ചോദ്യം. ദിവസേന എത്രയോ വിവാഹങ്ങൾ നാട്ടിൽ നടക്കുന്നു. പക്ഷേ, ഈ വിവാഹം നടന്നത് ഏതെങ്കിലും ക്ഷേത്രത്തിലല്ല, വിവാഹമണ്ഡപത്തിലുമല്ല. കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാ അത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിലാണ്. “വധൂഗ്രഹം” എന്നു വേണമെങ്കിൽ പറയാം!!
ചേരാവള്ളി മുസ്ലിം പള്ളിക്ക് സമീപത്തെ ഫിത്വറ ഇസ്ലാമിക് അക്കാദമിയിലായിരുന്നു വിവാഹ പന്തൽ. പള്ളി അങ്കണത്തിൽ വിഘ്നേശ്വര വിഗ്രഹത്തെ സാക്ഷിയാക്കി ഹൈന്ദവാചാര പ്രകാരമൊരു താലികെട്ട്! അതിനുശേഷം നമസ്കാര സമയമായപ്പോൾ ബാങ്കുവിളിയും. മതവ്യത്യാസങ്ങൾക്കു മുകളിൽ സ്നേഹം പന്തലിട്ടു. അത്ഭുതപ്പെടണ്ട. ഇതു കേരളമാണ്. ഇവിടെ ഇങ്ങനെയൊക്കെയാണ്.
ബിന്ദുവും മൂന്നു മക്കളും ചേരാവള്ളിയിലെ വാടകവീട്ടിലാണു താമസിക്കുന്നത്. ഭർത്താവ് അശോകൻ രണ്ടു വർഷം മുമ്പു മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. മൂത്ത മകൾ അഞ്ജുവിന് ബന്ധത്തിൽ നിന്നു തന്നെ നല്ലൊരു വിവാഹാലോചന വന്നു. പക്ഷേ, എവിടെ എങ്ങനെ നടത്തുമെന്ന് ബിന്ദുവിന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഏതൊരു മലയാളിയെയും പോലെ അവർ തന്റെ വിഷമം പങ്കുവെച്ചത് അയൽക്കാരനോടാണ് -നുജുമുദ്ദീൻ ആലുമ്മൂട്ടിലിനോട്. ചേരാവള്ളി മുസ്ലിം ജമാ അത്ത് കമ്മിറ്റി സെക്രട്ടിയാണ് നുജുമുദ്ദീൻ. കമ്മിറ്റിക്ക് ഒരപേക്ഷ കൊടുത്തു നോക്കാനുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കാൻ ബിന്ദുവിന് അശേഷം ചിന്തിക്കേണ്ടി വന്നില്ല.
അങ്ങനെ ജമാ അത്ത് കമ്മിറ്റിക്കു മുന്നിൽ ബിന്ദുവിന്റെ അഭ്യർഥന എത്തി. ഈ നന്മയിൽ പങ്കാളിയാവണമെന്നായിരുന്നു അവരുടെ തീരുമാനം. കമ്മിറ്റിയിൽ ഒരാൾ പോലും എതിരഭിപ്രായം പറഞ്ഞില്ല. സഹോദരിക്കു ചെയ്തു കൊടുക്കേണ്ട നന്മയാണതെന്ന് അവർ തിരിച്ചറിഞ്ഞു. ചെലവ് വഹിക്കാൻ ജമാ അത്ത് അംഗമായ നസീർ എന്ന വ്യവസായി തയ്യാറായതോടെ കാര്യങ്ങൾ വേഗത്തിൽ നീങ്ങി. നസീറിനും മൂന്നു പെൺമക്കളാണ്. മൂവരുടെയും വിവാഹം കഴിഞ്ഞു. പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹം കൂടി നടത്തിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ബിന്ദുവിന്റെ അപേക്ഷയുമായി നുജുമുദ്ദീൻ എത്തിയത്. സ്നേഹത്തിന് ജാതിയും മതവുമില്ലെന്ന് നസീറിന്റെ കുടുംബം ഒറ്റക്കെട്ടായി പറഞ്ഞു. വെള്ളിയാഴ്ച ജുമ നമസ്കാരത്തിനെത്തിയ വിശ്വാസികളെ വിവരമറിയിച്ചപ്പോൾ അവരും പിന്തുണച്ചു.
പള്ളിക്കമ്മിറ്റിയുടെ ലെറ്റർപാഡിൽ തന്നെ വിവാഹ ക്ഷണക്കത്ത് തയ്യാറായി. ഒരു അമ്മാവൻ അനന്തരവളുടെ വിവാഹം ക്ഷണിക്കുമ്പോലെ നുജുമുദ്ദീൻ സ്വന്തം പേരിൽ തന്നെ ക്ഷണിച്ചു. എല്ലാത്തിനും ഓടിനടന്നു. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റി തന്നെ വഹിച്ചു. വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകളും പള്ളി കമ്മിറ്റി തന്നെ. ഫ്രിഡ്ജ്, ടെലിവിഷൻ തുടങ്ങിയ വീട്ടുസാമഗ്രികളും സമ്മാനമായി നല്കി. ഇതിന് പുറമെ വരന്‍റെയും വധുവിന്‍റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.
ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. വിവാഹത്തിനെത്തിയ 2,500ഓളം പേർക്കു ജമാ അത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹ വേദിയിൽ 200 പേർക്ക് ഇരിപ്പിടം. ഇതിനു പുറമെയായിരുന്നു പുറത്തുള്ള വിശാലമായ പന്തൽ. വിവാഹത്തിനെത്തിയവരിൽ നാനാജാതിമതസ്ഥരുണ്ടായിരുന്നു. ഒരു നാടാകെയുണ്ടായിരുന്നു.
അഞ്ജുവും സഹോദരി അമൃതാഞ്ജലിയും പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസം കാരണം അതിനു ശേഷം പഠനം മുന്നോട്ടു നീങ്ങിയില്ല. ആനന്ദാണ് അഞ്ജുവിന്റെ ഇളയ സഹോദരൻ. ഈ പ്രതിസന്ധികളിൽ നിന്ന് അഞ്ജുവിന് മോചനമാകുമ്പോൾ ബിന്ദുവിനും അത് ആശ്വാസമാണ്. ഇനി രണ്ടു മക്കളുടെ കാര്യം നോക്കിയാൽ മതിയല്ലോ. അതിനാൽത്തന്നെ ശരത്തിനൊപ്പം അഞ്ജു യാത്ര പറഞ്ഞു പിരിയുമ്പോൾ ബിന്ദുവിന്റെ മനസ്സിലുണ്ടായ ആഹ്ളാദത്തിന് സമാനതകളുണ്ടായിരുന്നില്ല. ബിന്ദുവിന്റെ ആഹ്ളാദം നുജുമുദ്ദീൻ അടക്കമുള്ള ജമാ അത്ത് കമ്മിറ്റി അംഗങ്ങളുടെ മുഖങ്ങളിൽ നിഴലിച്ചത് നിറഞ്ഞ സംതൃപ്തിയുടെ രൂപത്തിലാണ്.
സമൂഹത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ആസൂത്രിത കുത്സിത ശ്രമങ്ങൾ നടക്കുമ്പോഴാണ് കേരള ചരിത്രത്തിൽ തന്നെ അത്യപൂർവ്വമെന്നു വിശേഷിപ്പിക്കാവുന്ന വിവാഹം. മതമല്ല മനുഷ്യനാണ് വലുതെന്ന് തെളിയിച്ച നിമിഷങ്ങൾ. അല്ലേലും മനുഷ്യത്വത്തിന് മതമില്ലല്ലോ!!