നാട്ടിലുള്ള ഓഡിറ്റന്മാരെല്ലാം ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സ്വന്തം നിലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഷയം കെ.സുധാകരന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങളാണ്. കെ.പി.സി.സി. പ്രസിഡന്റിന് മുഖ്യമന്ത്രി മറുപടി പറയാന്‍ പാടില്ലായിരുന്നുവെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത്!!
എന്നാല്‍ ഈയുള്ളവന് ആ ഓഡിറ്റിനോട് ഒബ്ജക്ഷനാണ്. പിണറായി വിജയന്‍ മറുപടി നല്‍കിയത് ശരിയാണ്. പറയേണ്ടത് പറയാനും നിര്‍ത്തേണ്ടിടത്ത് നിര്‍ത്താനും മുഖ്യമന്ത്രിക്ക് അറിയാം എന്നു തന്നെയാണ് വിശ്വാസം. ഇത്രയും കാലം നമ്മള്‍ കണ്ടിട്ടുള്ള പിണറായി വിജയന്‍ അങ്ങനുള്ളയാളാണ്.

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് പഠന കാലത്തെ സംഭവങ്ങൾ വരെ മുഖ്യമന്ത്രിക്കു പത്രസമ്മേളനത്തിൽ പറയേണ്ടി വന്നത് എന്തുകൊണ്ടാണ്? സുധാകരന്‍ തന്നെ തൊഴിച്ചു താഴെയിട്ടു എന്നു പച്ചക്കള്ളം പറഞ്ഞപ്പോള്‍ ‘ആ പറഞ്ഞത് കള്ളമാണ്’ എന്നു വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വല്ലാതങ്ങ് തള്ളിമറിച്ചയാളുടെ തനിക്കൊണം നാട്ടുകാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. മറുപടിയുമായി പിന്നെയും സുധാകരന്‍ വന്നുവെങ്കിലും മുഖ്യമന്ത്രി അവഗണിച്ചു. സുധാകരന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞതിനാല്‍ ആ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലെന്നാണ് നിലപാട്.
“സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കാനിടയായ സാഹചര്യം എല്ലാവർക്കുമറിയാം. ഇതുസംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങളാണ് വന്നതെന്ന് സുധാകരൻ വിശദീകരിച്ചു. അപ്പോൾ അദ്ദേഹം പറയാത്ത, അദ്ദേഹം തള്ളിക്കളഞ്ഞ ഒരു കാര്യത്തെക്കുറിച്ച് വീണ്ടും എന്തെങ്കിലും പറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരുഘട്ടത്തിലും വിമർശനം കേൾക്കാതിരുന്നിട്ടില്ല. എന്തെല്ലാം വിമർശനങ്ങൾ വന്നിട്ടുണ്ട്! അതൊന്നും എന്നെ ബാധിക്കില്ല”
വിമര്‍ശനം തുടരുമെന്ന സുധാകരന്റെ പ്രസ്താവനയോടുള്ള പിണറായിയുടെ പ്രതികരണം ഇത്രേയുള്ളൂ. തന്റെ ചെലവില്‍ സുധാകരന്‍ ആളാവണ്ട എന്നു തന്നെ.

രാഷ്ട്രീയമായി എതിര്‍പക്ഷത്തു നില്‍ക്കുന്നവരോട് മാന്യമായി ഇടപെടണം എന്നാണ് പിണറായിയോടുള്ള ഓഡിറ്റന്മാരുടെ ഉപദേശം. രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മാന്യമായ രീതിയില്‍ തന്നെയാണ്. മറ്റാരു സമ്മതിച്ചില്ലെങ്കിലും ഉമ്മന്‍ ചാണ്ടി സമ്മതിക്കും, ഉറപ്പ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ മകളുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ഒരു വിവാദ കത്ത് നിയമസഭ ചേരുന്ന വേളയില്‍ എല്ലാ എം.എല്‍.എമാര്‍ക്കും എത്തിച്ചുകൊടുത്ത സാഹചര്യമുണ്ടായി. ഒരു കാരണവശാലും സി.പി.എം. അംഗങ്ങള്‍ ആ കത്തിലെ വിഷയം സഭയില്‍ ഉന്നയിക്കരുത് എന്ന് കര്‍ശന നിലപാട് പിണറായി സ്വീകരിച്ചത് എനിക്കറിയാം. ഇടതുമുന്നണിയിലെ എല്ലാ കക്ഷികളെക്കൊണ്ടും ആ നിലപാട് സ്വീകരിപ്പിക്കാനും പിണറായി മുന്‍കൈയെടുത്തു. പക്ഷേ, സുധാകരന് എന്തായാലും പിണറായി ആ പരിഗണന നല്‍കില്ല എന്നുറപ്പാണ്. കാരണം പാത്രമറിഞ്ഞാണ് അദ്ദേഹത്തിന്റെ വിളമ്പല്‍.
നട്ടാല്‍ കുരുക്കാത്ത നുണകളാണ് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ കെ.സുധാകരന്‍ തള്ളി മറിച്ചത്. ഒപ്പം അദ്ദേഹം ഭാഗമായ ചില കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പുതുവ്യാഖ്യാനങ്ങളും നിരത്തി. അതിലെ രാഷ്ട്രീയവിഷയങ്ങളില്‍ പരാമര്‍ശവിധേയനായ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല. സുധാകരന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടിയായ സി.പി.എമ്മിന്റെ നേതാവു കൂടിയാണ്. വിഷയം സി.പി.എം. ചര്‍ച്ച ചെയ്ത ശേഷം തന്നെയാണ് മുഖ്യമന്ത്രി മറുപടി പറയണം എന്നു തീരുമാനിച്ചത്. അതൊരു രാഷ്ട്രീയതീരുമാനം കൂടിയായിരുന്നു. പിണറായി വിജയനല്ല, അദ്ദേഹത്തിലൂടെ സി.പി.എം. എന്ന പാര്‍ട്ടിയാണ് അവിടെ മറുപടി പറഞ്ഞത്.

വളരെ വലിയ തെറ്റിദ്ധാരണ കുറച്ചു പേരിലെങ്കിലും സൃഷ്ടിക്കാന്‍ മലയാള മനോരമയില്‍ അച്ചടിച്ചുവന്ന അഭിമുഖം കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി മറുപടി പറഞ്ഞതുകൊണ്ടു മാത്രമാണ് മനോരമയെയും അഭിമുഖത്തെയും തള്ളിപ്പറയാന്‍ സുധാകരന്‍ നിര്‍ബന്ധിതനായത്. സുധാകരന്‍ ഇത് സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല, ഇതിനു നിര്‍ബന്ധിതനായതാണ്. പിണറായി വിജയനും അദ്ദേഹത്തിന്റെ ജൂനിയറായി പഠിച്ച മുന്‍ മന്ത്രി എ.കെ.ബാലനും പ്രതികരിച്ചതുകൊണ്ടാണ് ഈ മലക്കംമറിച്ചില്‍ സംഭവിച്ചത്.
കോണ്‍ഗ്രസ്സുകാരെക്കാള്‍ ആവേശത്തോടെ സുധാകരനെ പിന്തുണയ്ക്കുന്ന ലീഗുകാര്‍ക്ക് കനത്ത തിരിച്ചടി ബാലന്റെ വാക്കുകള്‍ നല്‍കിയിരിക്കുന്നു. അവരുടെ മുതിര്‍ന്ന നേതാവ് സി.എച്ച്.മുഹമ്മദ് കോയയെ അധിക്ഷേപിക്കാന്‍ മുന്നില്‍ നിന്നയാളാണ് സുധാകരന്‍ എന്ന കാര്യം അവര്‍ക്കറിയുമായിരുന്നില്ല, അല്ലെങ്കില്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. മാത്രവുമല്ല സുധാകരന്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതും യു.ഡി.എഫ്. ഭരണകാലത്ത് അദ്ദേഹം തന്നെ തേയ്ച്ചു മായ്ച്ചു കളഞ്ഞതുമായ പല കേസുകളിലെയും യഥാര്‍ത്ഥ വസ്തുത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. ഈ കേസുകളില്‍ പുനരന്വേഷണ സാദ്ധ്യതയും തെളിഞ്ഞുവന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ചും ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ബോദ്ധ്യം വന്നിട്ടുണ്ടാവണം.

ഇതിലെല്ലാം നിശ്ശബ്ദ സാക്ഷിയായി മലയാള മനോരമയുണ്ട് എന്നതാണ് രസകരം. “നുമ്മട മനോരമയല്ലേ, ഇരുന്നോട്ടെ” എന്നു കരുതിത്തന്നെയാവണം സുധാകരന്‍ വിടുവായത്തം കാച്ചിയത്. അതിന് ‘ഓഫ് ദ റെക്കോഡ്’ എന്നൊരു വിശദീകരണം അദ്ദേഹം ഇപ്പോള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. എഴുതിയ ലേഖകനെതിരെ എഡിറ്റര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട് എന്നാണ് സുധാകരഭാഷ്യം. അതു പ്രകാരം ഏതു ലേഖകനെതിരെയാണ് മനോരമ പത്രാധിപര്‍ ശിക്ഷാനടപടി സ്വീകരിച്ചതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. മാനസപുത്രനായ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി മനോരമ സുധാകരനെ കുഴിയില്‍ ചാടിച്ചതാണെന്നും ചിലരൊക്കെ പറയുന്നു. എങ്കില്‍ സാരമില്ല, സുധാകരന്‍ സഹിച്ചു -‘തള്ള ചവിട്ടിയാല്‍ പിള്ളയ്ക്കു ദോഷമില്ല’ എന്നാണല്ലോ പ്രമാണം!!!