Reading Time: 2 minutes

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. ഈ പദ്ധതി ഭരണഘടന വിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടത്.

ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കുന്നവർക്ക് അവയിൽ സ്വാധീനം കൂടും. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത്‌ സി.പി.എം. ആണ് സുപ്രീംകോടതിയെ സമീപിച്ചത്‌.

എന്താണ് ഇലക്ടറൽ ബോണ്ട്? കോർപ്പറേറ്റുകൾ പേര് വെളിപ്പെടുത്താതെ രാഷ്ട്രീയപാർട്ടികൾക്ക് കൊടുക്കുന്ന സംഭാവനയാണിത്. വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളിൽ നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്ന് നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം. 1000, 10000, ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ഇവ ലഭിക്കുന്ന രാഷ്‌ട്രീയ പാർടികൾ 15 ദിവസത്തിനകം ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ച്‌ പണമാക്കി മാറ്റണം എന്നായിരുന്നു വ്യവസ്ഥ. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. അതായത്, രാഷ്ട്രീയപാർട്ടികൾക്ക് കോടികൾ സംഭാവന കൊടുത്തത് ആരെന്ന് പൊതുജനം അറിയില്ല.

2023 ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച സംഭാവനകൾ

2016ൽ നോട്ടുനിരോധനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ നിയമ ഭേദഗതി വഴി മോദി സർക്കാർ ഇലക്ടറൽ ബോണ്ട്‌ കൊണ്ടുവന്നത്‌. 2017ൽ ധന നിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവനാ നിയന്ത്രണ നിയമം, റിസർവ്‌ ബാങ്ക്‌ നിയമം, ആദായനികുതി നിയമം എന്നിവ തിരക്കിട്ട്‌ ഭേദഗതി ചെയ്‌താണ്‌ ഇതിനു കളമൊരുക്കിയത്‌. ഇലക്ടറൽ ബോണ്ടിനെ കോടതിയിൽ എതിർത്ത ഒരേയൊരു രാഷ്ട്രീയ പാർട്ടി സി.പി.എം. ആണ്. ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ച ഏക രാഷ്ട്രീയ പാർട്ടിയും സി.പി.എം. തന്നെ. ഈ ബോണ്ടുകൾവഴി ഇതുവരെ ലഭിച്ച സംഭാവനയിൽ 75–80 ശതമാനത്തോളം ബി.ജെ.പിക്കാണ്‌. ഇലക്ടറൽ ബോണ്ടിനെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസുമായി ചേർന്ന് അഞ്ചു വർഷമായി സുപ്രീം കോടതിയിൽ സി.പി.എം. നടത്തിവന്നിരുന്ന പോരാട്ടം ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനു നൽകാൻ എസ്.ബി.ഐയ്ക്ക് കോടതി നിർദ്ദേശം നൽകി. മാർച്ച് 31നുള്ളിൽ ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ആരിൽനിന്നൊക്കെ സംഭാവന ലഭിച്ചെന്ന്‌ രാഷ്‌ട്രീയകക്ഷികൾ വെളിപ്പെടുത്തേണ്ടതില്ലെന്നതാണ്‌ ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തെ രാഷ്‌ട്രീയ അഴിമതിയുടെ പര്യായമായി വിശേഷിപ്പിക്കാനുള്ള മുഖ്യ കാരണം. കേരളത്തിൽ എസ്.ബി.ഐയുടെ തിരുവനന്തപുരം എം.ജി. റോഡ്‌ ശാഖയാണ്‌ ബോണ്ട്‌ വിറ്റിരുന്നത്‌.

Previous articleബി.ജെ.പി. ഭരിക്കുന്ന മീനടം ഗ്രാമപഞ്ചായത്ത്!!!??
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here