Reading Time: 5 minutes

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മഹത്തായ ആശയവുമായി ഞങ്ങളൊരു കൂട്ട് തുടങ്ങി -ഹ്യൂമന്‍സ്. വര്‍ഗ്ഗീയ കോമരങ്ങള്‍ സ്വാഭാവികമായിത്തന്നെ ഞങ്ങളുടെ എതിര്‍പക്ഷത്തായി. കൂട്ടിലുള്ളവര്‍ ആശയവിനിമയത്തിന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും തുടങ്ങി. വ്യക്തിപരമായ സൗഹൃദങ്ങളുടെ പേരിലാണ് ഈ കൂട്ടിലേക്ക് അംഗങ്ങള്‍ എത്തിയത്. ഈ കൂട്ട് മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളോട് യോജിക്കുന്നവര്‍ എന്നു തോന്നുന്നവരെയാണ് ചേര്‍ത്തത്. എന്നാല്‍, ഈ ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ഒരു മുസ്ലിം നാമധാരിയുടേതായി വന്ന ഒരു പോസ്റ്റ് ഞങ്ങളുടെ ഈ വിശ്വാസത്തെ തകര്‍ക്കുന്നതായിരുന്നു. നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട് എന്ന് ഒരു നടുക്കത്തോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു.

വാട്ട്‌സാപ്പില്‍ ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ട സന്ദേശം

ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന പോസ്റ്റിനെപ്പറ്റി എന്താണിത്ര എഴുതാന്‍ എന്ന് എല്ലാവരും ചിന്തിക്കുണ്ടാവും. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ പ്രതിരോധത്തിലായ സുഡാപ്പികള്‍ മറ്റു വിഷയങ്ങളുയര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. അതുമായി ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്നതായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിലും വന്ന പോസ്റ്റ്.

ഗുരുവന്ദനം എന്ന പേരിലുളള ഹിന്ദു മതാചാരത്തിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കാലു പിടിക്കുന്ന പരിപാടി സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ നടപ്പാക്കാന്‍ 2018 ജൂണ്‍ 26നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഒരു മതത്തിന്റെ ആചാരങ്ങള്‍ മതമില്ലാത്തവരിലും ഇതര മതക്കാരിലും അടിച്ചേല്‍പ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. മതനിരാസത്തെക്കുറിച്ച് പ്രസംഗിക്കുകയും വളഞ്ഞവഴികളിലൂടെ മതാചാരങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കുകയും ചെയ്യുന്ന ഏര്‍പ്പാട് ഇതോടെ അവസാനിക്കണം.

ഈ പോസ്റ്റ് കണ്ടപാടെ എനിക്ക് അപകടം മണത്തു. കാരണം ഈ പോസ്റ്റില്‍ പറഞ്ഞ കാര്യം പച്ചക്കള്ളമാണെന്നു വ്യക്തമായി അറിയാമായിരുന്നു. ഗുരുവന്ദനം എന്ന പേരില്‍ ഹിന്ദു ആചാരങ്ങള്‍ സ്‌കൂളുകളില്‍ അടിച്ചേല്പിക്കുന്നു എന്ന് ആസൂത്രിതമായി പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ ചിലരൊക്കെ ശ്രമം നടത്തുന്നതായി സൂചനയുണ്ടായിരുന്നു. അതിന്റെ കൂടി ഫലമായിട്ടായിരിക്കാം തലച്ചോറിലെ ഇലക്ട്രോണിക് ചോക്ക് പ്രവര്‍ത്തിച്ചു. പോസ്റ്റിട്ടയാളെ തത്സമയം ചോദ്യം ചെയ്തു. പക്ഷേ, ഞാനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും തന്നെ വ്യക്തമായ മറുപടി ലഭിച്ചില്ല.

വാട്ട്‌സാപ്പ് സന്ദേശത്തിനൊപ്പം വന്ന സ്‌ക്രീന്‍ ഷോട്ട്‌

ടിയാന്റെ കള്ളി വെളിച്ചത്താക്കണമെന്ന വാശിയായി. അതിനായി അദ്ദേഹം പോസ്റ്റില്‍ പറഞ്ഞ സര്‍ക്കുലര്‍ തപ്പിയെടുത്തു. അതിന്റെ ഉള്ളടക്കം വായിച്ചപ്പോഴാണ് എത്രമാത്രം വലിയ വിദ്വേഷപ്രചാരണമാണ് വ്യാജമായി പടച്ചുവിടുന്നത് എന്നു മനസ്സിലായത്.

മാതാപിതാക്കളെ പാഴ്‌വസ്തുക്കളെപ്പോലെ വലിച്ചെറിയരുത് എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ അനന്തപുരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവന്റെയും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഗുരുവന്ദനം എന്ന പരിപാടി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നു. സ്‌കൂളുകളുടെ പ്രവൃത്തിസമയത്തെ ബാധിക്കാത്ത രീതിയില്‍ ബന്ധപ്പെട്ട പി.ടി.എയുടെ അനുമതിയോടെ മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂ.

ഗുരുവന്ദനം എന്ന പേര് ഭാരതീയമാണ്. ഭാരതീയമായതെല്ലാം ഹിന്ദുവിന്റേതാണെന്നും അത് എതിര്‍ക്കപ്പെടണമെന്നും പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക എന്നത് വര്‍ഗ്ഗീയവാദികളുടെ ആസൂത്രിത നീക്കമാണ്. ടിയാന്‍ ലക്ഷ്യമിട്ടതും അതു തന്നെയാണ്. വൃദ്ധസദനത്തിലെ അനാഥരായ അമ്മമാരുടെ ഹൃദയം നിറയ്ക്കാന്‍ ഒരു സന്നദ്ധ സംഘടന കൊണ്ടുവന്ന ഒരു പരിപാടിയില്‍നിന്ന് മതവിദ്വേഷം ഉത്പാദിപ്പിക്കുന്നത് എത്ര നീചമാണ്! അതും രക്ഷിതാക്കളുടെ അനുമതിയോടെ കുഞ്ഞുങ്ങളെ പറഞ്ഞു വിടുന്ന പരിപാടിക്ക്.

ഗുരുവന്ദനം സർക്കുലർ

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ സഞ്ജീവനി മാനേജ്‌മെന്റിനു കീഴിലുള്ള സി.എന്‍.എന്‍. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയെ ഗുരുവന്ദനത്തിനെതിരായ പ്രചാരണത്തിന് ന്യായീകരണമായി ടിയാന്‍ അവതരിപ്പിച്ചു. സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ഈ സ്‌കൂളില്‍ രാമായണ മാസാചരണവും ഗുരുപൂര്‍ണ്ണിമയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗുരുപാദപൂജയും നടന്നു. കഴിഞ്ഞ 16 വര്‍ഷമായി ഈ പരിപാടി നടക്കുന്നുണ്ട്. എന്നാല്‍, ഇത്തവണ മാത്രം അത് വിവാദമായി. ആസൂത്രിതമായി വിവാദമാക്കി എന്നു പറയുന്നതാവും ശരി. കത്തിച്ചുവെച്ച നിലവിളക്കിനു മുന്നില്‍ തട്ടമിട്ട പെണ്‍കുട്ടി അദ്ധ്യാപകന്റെ കാലു തൊട്ടു വന്ദിക്കുന്ന ചിത്രമടക്കമായിരുന്നു പ്രചാരണം. ഇതിനായി അവരുടെ നിയന്ത്രണത്തിലുള്ള പത്രത്തെയും കരുവാക്കി.

സുഡാപ്പികളുടെ ഈ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കാതെ മുസ്ലിം ലീഗുകാര്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തു. ആ എയ്ഡഡ് സ്‌കൂളിന്റെ പി.ടി.എ. വൈസ് പ്രസിഡന്റ് മുസ്ലിം ലീഗുകാരനായ മെഹബൂബ് മീത്തല്‍ ആണെന്നത് അവര്‍ സൗകര്യപൂര്‍വ്വം മറന്നു. ചേര്‍പ്പ് സ്‌കൂളില്‍ നടന്ന പരിപാടിക്കെതിരെ എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചിന്റെ പ്രചാരണ പോസ്റ്ററും ടിയാന്‍ ഞങ്ങള്‍ക്കു മുന്നിലെത്തിച്ചു. ആര്‍.എസ്.എസ്. സ്‌കൂളില്‍ നടപ്പാക്കുന്ന വര്‍ഗ്ഗീയ അജന്‍ഡയ്‌ക്കെതിരായാണ് മാര്‍ച്ച് നടന്നത് എന്നത് മറച്ചുെവെയ്ക്കുകയും ചെയ്തു.

ചേര്‍പ്പ് സ്‌കൂളില്‍ നടന്ന പരിപാടിക്ക് ഗുരുവന്ദനം എന്ന സര്‍ക്കാര്‍ അംഗീകൃത പരിപാടിയുമായി ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കൂമാര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്.

ചേര്‍പ്പ് സി.എന്‍.എന്‍. സ്‌കൂളില്‍ നടന്നതായി പറയപ്പെടുന്ന നിര്‍ബന്ധിത ഗുരുപാദപൂജ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിക്കുന്നു. ‘വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത്’ സംബന്ധിച്ച് അനന്തപുരി ഫൗണ്ടേഷന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ബോധവത്കരണപരിപാടി നടത്തുന്നതിന് അനന്തപുരി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെപ്രസിഡന്റ് എ.ജെ.സുക്കാര്‍ണോയും ജനറല്‍ സെക്രട്ടറി എ.കെ.ഹരികുമാറും 22.06.2018ന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അദ്ധ്യയന സമയത്തെ ബാധിക്കാത്ത രീതിയില്‍ സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയുടെ അനുമതിക്കു വിധേയമായി പ്രസ്തുത പരിപാടി നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അക്കാദമിക് വിഭാഗം എ.ഡി.പി.ഐ. 26.06.2018ല്‍ അനുമതി നല്‍കിയിരുന്നു. പ്രസ്തുത പരിപാടിക്ക് നല്‍കിയിരുന്ന പേരും ഗുരുവന്ദനം എന്നായിരുന്നു. മാതാപിതാക്കളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലേക്കു പകര്‍ന്നു നല്‍കുകയായിരുന്നു പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യം. ഈ അനുമതിയാണ് ചേര്‍പ്പ് സ്‌കൂളില്‍ നടന്ന ഗുരുപാദപൂജയ്ക്കു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുത്സിത താല്പര്യങ്ങളോടെ പ്രചരിപ്പിക്കുന്നത്.

ഗുരുവന്ദനം എന്താണെന്നു വ്യക്തമാക്കുന്ന വിശദമായ വാര്‍ത്ത ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ളതായി പറയപ്പെടുന്ന മീഡിയവണ്‍ ചാനലില്‍ തന്നെ വന്നിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന പരിപാടിയുടെ വാര്‍ത്തയാണ് വന്നത്.

വ്യാസ ജയന്തിയോടനുബന്ധിച്ച് സംഘപരിവാര്‍ നടത്തുന്ന മതപരമായ ചടങ്ങാണ് ചേര്‍പ്പ് സ്‌കൂളില്‍ നടന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആര്‍.എസ്.എസ്. ശാഖകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്താകെ സംഘടിപ്പിച്ചിരുന്നു. ബാലഗോകുലവും ഗുരുപൂജ സംഘടിപ്പിക്കാറുണ്ട്. ‘ഗുരു’ എന്ന വാക്കല്ലാതെ ഗുരുപൂജയും ഗുരുവന്ദനവുമായി ഒരു ബന്ധവുമില്ല.

മതനിരപേക്ഷത, പ്രകൃതിസ്‌നേഹം, ലഹരിവര്‍ജ്ജനം, അന്ധവിശ്വാസ നിര്‍മാര്‍ജ്ജനം, വൃദ്ധപരിപാലനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഗുരുവന്ദനം. ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവന്ദനം സംഘടിപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ സ്‌കൂളുകളിലാകെ സംഘടിപ്പിക്കാന്‍ അനന്തപുരി ഫൗണ്ടേഷനുമായി ചേര്‍ന്ന് അവര്‍ പദ്ധതി തയ്യാറാക്കി. ഇതിന് ഔദ്യോഗികമായി സര്‍ക്കാരില്‍ നിന്ന് അനുമതിയും വാങ്ങി. പി.ടി.എയുടെ അനുമതിയോടെ പഠനം തടസ്സപ്പെടുത്താതെ മാത്രമേ പരിപാടി നടത്താവൂ എന്ന് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പി.ടി.എ. പറ്റില്ല എന്നു പറഞ്ഞാല്‍ നടക്കില്ല എന്നര്‍ത്ഥം. ഇതെല്ലാം മറച്ചുവെച്ചാണ് സര്‍ക്കാര്‍ ഹിന്ദുപ്രീണനം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത്. ഇത് ആസൂത്രിതമല്ലെങ്കില്‍ പിന്നെ എന്താണ്?

ഞങ്ങളുടെ ഗ്രൂപ്പിലെന്ന പോലെ മറ്റു പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും നുഴഞ്ഞുകയറ്റക്കാര്‍ ഇത് പ്രചരിപ്പിക്കുന്നു. വെറുതെ ഫോര്‍വേഡുന്നതല്ല എന്നര്‍ത്ഥം. കാര്യമറിയാത്ത ചില മുസ്ലിം സുഹൃത്തുക്കള്‍ വിശ്വസിച്ചുപോകുന്നുമുണ്ട്. ഒരാളെയെങ്കിലും തങ്ങളുടെ കൂടെ കിട്ടിയാല്‍ അത്രയുമായി എന്നാണ് ഈ വിഷവിത്തുകളുടെ നയം. പക്ഷേ, അതു മാത്രമല്ല. ഈ വിഷപ്രചാരണത്തിന്റെ യഥാര്‍ത്ഥ ദുരന്തം പേറുന്നത് മതേതരരായ നല്ല മുസ്ലീങ്ങളാണ്. സുഡാപ്പികളുടെ ഭീകരമതരാഷ്ട്രീയം തീക്ഷ്ണമായ മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നുണ്ട്. ഹിന്ദുവോ ക്രൈസ്തവനോ അല്ല, മറിച്ച് മതനിരപേക്ഷ മുസ്ലിങ്ങളാണ് സുഡാപ്പികളുടെ ചെയ്തികളുടെ ആദ്യത്തെ ഇരകള്‍.

ഏതായാലും ഞങ്ങള്‍ക്ക് മതതീവ്രവാദിയെയും മതനിരപേക്ഷവാദിയെയും കണ്ടാല്‍ എളുപ്പത്തില്‍ തിരിച്ചറിയാനാവും. അതിനാല്‍ത്തന്നെ വ്യാജപോസ്റ്റിട്ടയാളെ കൈയോടെ പിടികൂടി. ടിയാനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടവരില്‍ മുസ്ലിങ്ങളായ സുഹൃത്തുക്കള്‍ മുന്നിലുണ്ടായിരുന്നു. സുഡാപ്പികളുടെ ചെയ്തികള്‍ തങ്ങള്‍ക്കാണ് ആദ്യം വിനാശം വരുത്തുക എന്ന തിരിച്ചറിവ് തന്നെ കാരണം. ആദ്യം മാന്യതയുടെ മുഖംമൂടിയണിഞ്ഞിരുന്ന ടിയാന്‍ താന്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ഒടുവില്‍ സമ്മതിച്ചു. പാണ്ടിലോറിക്കു മുന്നില്‍ ചൊറിയന്‍ തവള നെഞ്ചുവിരിക്കുന്നതു പോലെ ചില വെല്ലുവിളികളുമുയര്‍ത്തി. പക്ഷേ, ഞങ്ങള്‍ തൃണവല്‍ഗണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സാക്കി.

ഗുരുവന്ദനം പരിപാടിക്ക് ഗുരുപാദ പൂജയുമായി ബന്ധമില്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ വിശദീകരണം

വര്‍ഗ്ഗീയവാദികളെ ഉപദേശിച്ചു നന്നാക്കി പൊതുധാരയില്‍ കൊണ്ടുവരാമെന്ന് ഞാനോ എന്റെ സുഹൃത്തുക്കളോ വിശ്വസിക്കുന്നില്ല. അതിനാല്‍ത്തന്നെ അവരുടെ ഉട്ടോപ്യന്‍ വാദമുഖങ്ങളോട് സംവദിക്കാന്‍ തയ്യാറുമല്ല. വര്‍ഗ്ഗീയവാദികളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തുക എന്നതു മാത്രമാണ് പോംവഴി. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവറ്റകള്‍ക്ക് മനുഷ്യരുടെ കൂട്ടത്തില്‍ ജീവിക്കാന്‍ ഒരവകാശവുമില്ല തന്നെ.

ഒരു ഗ്രൂപ്പില്‍ മാത്രം ഈ ചര്‍ച്ചയും അതു സംബന്ധിച്ച വിവരങ്ങളും ഒതുങ്ങി നിന്നാല്‍ പോരാ എന്നതിനാലാണ് വിശദമായിത്തന്നെ എഴുതിയത്. നമ്മെ ലക്ഷ്യമാക്കി ഒരു കലാപം വരുന്നുണ്ട്. ചിലര്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. അതിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞാല്‍ മാത്രമേ രക്ഷയുള്ളൂ. മതത്തിന്റെ പേരില്‍ വരുന്ന വാട്ട്‌സാപ്പ് ഫോര്‍വേര്‍ഡുകള്‍ നിഷ്‌കളങ്കമല്ല. അതിനു പിന്നില്‍ വിനാശകാരിയായ വലിയ ലക്ഷ്യങ്ങളുണ്ട്. അതിനാല്‍ ഒരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ -മതത്തെ വാട്ട്‌സാപ്പില്‍ നിന്നു പുറത്താക്കുക.

Previous articleഅത്രമേല്‍ അകന്നവരുടെ മീശ
Next articleവിദ്യാഭ്യാസ വിഹിതവും വെട്ടി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here