വി.എസ്.അച്യുതാനന്ദന് വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഇനി അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കണം. പറയുന്നത് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ പാര്‍ട്ടിയാണ്. അംഗീകരിക്കാതിരിക്കാന്‍ അച്യുതാനന്ദനാവില്ല. പക്ഷേ, മറ്റുള്ളവര്‍ അത് അംഗീകരിക്കണമെന്നു നിര്‍ബന്ധിക്കാനാവുമോ? ഇല്ല തന്നെ.
2016 മെയ് 20ന് വി.എസ്.അച്യുതാനന്ദന് പെട്ടെന്ന് വൃദ്ധനായി മാറി. മെയ് 16 വരെ അദ്ദേഹം ഊര്‍ജ്ജസ്വലനായ പടക്കുതിരയായിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് മൂന്നു ദിവസം കൊണ്ട് എന്തോ പരിണാമം സംഭവിച്ചു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രായാധിക്യം തടസ്സമാണ്. അദ്ദേഹത്തിന് ഇനി വിശ്രമം ആവശ്യമാണ്. ഇനി അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല. കേരളത്തിലെ ഫിദല്‍ കാസ്ട്രോ ആയി അച്യുതാനന്ദന് ഉണ്ടാവും. സി.പി.എമ്മിന്റെ രാജ്യത്തെ പരമോന്നത നേതാവായ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞുവെച്ചു. രണ്ടു മാസം മുമ്പ് വി.എസ്സിന്റെ ഈ കാസ്ട്രോ അവതാരം യെച്ചൂരി പ്രാവര്‍ത്തികമാക്കേണ്ടതായിരുന്നു. വി.എസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നു തീരുമാനിക്കണമായിരുന്നു. അന്നുണ്ടായിരുന്ന വാര്‍ദ്ധക്യത്തില്‍ കൂടുതലൊന്നും ഇപ്പോഴില്ലല്ലോ. വി.എസ്. വിശ്രമിക്കാന്‍ ഇരുന്നെങ്കില്‍ ചിലപ്പോള്‍ ചരിത്രം തന്നെ വഴിമാറിയേനേ. നിലവിലുള്ള സര്‍ക്കാരിന്റെ രാജിക്കത്ത് കൈമാറാന്‍ ഗവര്‍ണര്‍ പി.സദാശിവത്തെ കാണുന്ന ഉമ്മന്‍ ചാണ്ടി അതിനൊപ്പം പുതിയ മന്ത്രിസഭ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുന്ന കത്തു കൂടി നല്‍കുമായിരുന്നു. ഇതു വെറുതെ പറയുന്നതല്ല, ആധികാരികമായിത്തന്നെയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് 140 മണ്ഡലങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം നടത്തിയ ആളാണ് ഞാന്‍. പല തരക്കാരുമായി സംസാരിച്ചു. വിവരങ്ങള്‍ ശേഖരിച്ചു. അഭിപ്രായങ്ങള്‍ ആരാഞ്ഞു. കണക്കുകള്‍ കൂട്ടുകയും കിഴിക്കുകയും ചെയ്തു. കേരളത്തെ 14 ജില്ലകളായി വിഭജിച്ച് 14 ലേഖനങ്ങള്‍ തയ്യാറാക്കി. 140 മണ്ഡലങ്ങളിലെയും സ്ഥിതിഗതികള്‍ വരച്ചിട്ടു. പൂര്‍ണ്ണ തോതില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് എന്ന നിലയില്‍ അല്ലെങ്കിലും ഒരു പ്രവചനത്തിന് തയ്യാറായി. എല്‍.ഡി.എഫ്. കുറഞ്ഞത് 86 സീറ്റുകള്‍ ജയിക്കും. യു.ഡി.എഫിന് 38. ഇതോടാപ്പം എങ്ങോട്ടു വേണമെങ്കിലും മറിയാവുന്ന 16 സീറ്റുകള്‍. എല്‍.ഡി.എഫ്. നേതാക്കള്‍ പോലും പരമാവധി 80 സീറ്റു വരെയാണ് അവര്‍ക്ക് കൂട്ടി വെച്ചിരുന്നത്. ഒടുവില്‍ അന്തിമഫലം വന്നപ്പോള്‍ എല്‍.ഡി.എഫ്. ജയിക്കുമെന്ന് വിലയിരുത്തിയ മണ്ഡലങ്ങളില്‍ പിഴവു വന്നത് മൂന്നിടത്ത് മാത്രം -നേമം, കോവളം, പെരുമ്പാവൂര്‍. അപ്പോള്‍ 83 എണ്ണം കൃത്യമായി വന്നു എന്നര്‍ത്ഥം. ആടിക്കളിച്ച 16ല്‍ എട്ടെണ്ണം വീതം 2 മുന്നണികളും പിടിച്ചു. എല്‍.ഡി.എഫിന് 91. എല്‍.ഡി.എഫിന്റെ അക്കൗണ്ടില്‍ ആദ്യം കൂട്ടിയ 1 മണ്ഡലം കൂടി ചേര്‍ത്ത് യു.ഡി.എഫിന് 47. 1 മണ്ഡലം പി.സി.ജോര്‍ജ്ജിന്. നേമത്തെ യു.ഡി.എഫ്. വോട്ടിന്റെ കണക്കു തെറ്റിയപ്പോള്‍ ബി.ജെ.പിക്ക് 1. പ്രവചനങ്ങളില്‍ 10 ശതമാനം വരെ പിശക് വരാം. പക്ഷേ, ഭാഗ്യം കനിഞ്ഞതിനാല് ഇവിടെ പിഴവ് 5 ശതമാനത്തില്‍ താഴെയാണ്. ഈ പ്രവചനം നടത്തിയ അതേ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പറയുന്നു -എല്‍.ഡി.എഫിന് വോട്ടു ചെയ്ത കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ വി.എസ്.അച്യുതാനന്ദന് ഒരു വട്ടം കൂടി മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചിരുന്നു. പിണറായി വിജയനോട് എനിക്ക് എന്തെങ്കിലും വിയോജിപ്പുള്ളതു കൊണ്ടല്ല ഇതു പറയുന്നത്. കാണുന്നത് പറയുന്നതാണ് എന്റെ ശീലം. അതില്‍ വെള്ളം ചേര്‍ക്കാറില്ല.
ഒരു നേതാവിനെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പു ഫലം നീങ്ങുന്നുവെന്നത് സമീപകാല ചരിത്രം. അതുവെച്ചു തന്നെയാണ് കേരളത്തില്‍ അത്തരമൊരു പ്രവണതയുണ്ടോ എന്നു പരിശോധിക്കാന്‍ തുനിഞ്ഞത്. 2006ലും 2011ലും വി.എസ്.അച്യുതാനന്ദനെ കേന്ദ്രീകരിച്ച് അങ്ങനെയൊരു തരംഗസൃഷ്ടി സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലുമെത്തി അതു വിലയിരുത്താനുള്ള അവസരം അന്ന് എനിക്കു ലഭിച്ചിട്ടില്ല. ഇത്തവണ അതിന് അവസരം ലഭിച്ചു, പരിശോധന പ്രാവര്‍ത്തികമാക്കി. 140 മണ്ഡലങ്ങളിലും എനിക്കു നേരിടേണ്ടി വന്ന ഒരു ചോദ്യമുണ്ട് -‘വി.എസ്. തന്നെയാകില്ലേ മുഖ്യമന്ത്രി?’ വി.എസ്. മുഖ്യമന്ത്രിയാവണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. ഈ ആഗ്രഹം സി.പി.എം. നേതാക്കള്‍ തിരിച്ചറിഞ്ഞു എന്നതുറപ്പാണ്, ഇപ്പോള്‍ അവര്‍ അത് സൗകര്യപൂര്‍വ്വം അവഗണിക്കുന്നുണ്ടെങ്കിലും. വി.എസ്സിനോടുള്ള ജനങ്ങളുടെ പ്രതിപത്തി പരമാവധി വോട്ടാക്കി മാറ്റാനും പാര്‍ട്ടി പരിശ്രമിച്ചു, വിജയിക്കുകയും ചെയ്തു.
ആശ്രയിക്കാവുന്ന ഒരു നേതാവിനെ ജനങ്ങള്‍ തേടുന്നു. അത് ചിലപ്പോഴെങ്കിലും രാഷ്ട്രീയത്തിനതീതമായ മാനങ്ങള്‍ കൈവരിക്കാറുണ്ട്. ബി.ജെ.പിയെയും അവരുടെ നയങ്ങളെയും അംഗീകരിക്കാത്ത ചിലര്‍ നരേന്ദ്ര മോദിയെ പ്രശംസിക്കുന്നതു കണ്ടിട്ടുണ്ട്, സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നതു കണ്ടിട്ടുണ്ട്. ഇതിന്റെ കാരണം ഇന്നുവരെ മനസ്സിലായിട്ടില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ അനിഷേധ്യ നേതാവ് നരേന്ദ്ര മോദി ആയിരുന്നു. വെറും 32 ശതമാനം വോട്ടുള്ള ബി.ജെ.പിയുടെ അക്കൗണ്ടില്‍ ലോക്സഭയിലെ 75 ശതമാനം സീറ്റുകള്‍ എത്തിച്ചുവെങ്കില്‍ അത് മോദിയെ കേന്ദ്രീകരിച്ചു തയ്യാറാക്കി നടപ്പാക്കിയ പ്രചാരണ തന്ത്രങ്ങളുടെ വിജയമാണ്. പിന്നീട് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളും ബിഹാറില്‍ നിതീഷ് കുമാറും ഈ തലത്തിലേക്കുയര്‍ന്നു. ഇക്കുറി പശ്ചിമ ബംഗാളില്‍ തൃണമൂലിനെ വിജയത്തിലെത്തിച്ച ഘടകം മമത ബാനര്‍ജി എന്ന നേതാവാണ്. തമിഴ്നാട്ടില്‍ പണ്ടു മുതലേ ഈ പ്രതിഭാസമുണ്ട്. ഇക്കുറി തുടര്‍ച്ചയായ രണ്ടാം വട്ടവും ജയലളിത നേട്ടം കൊയ്തു. കേരളത്തില്‍ ഇത്തവണ വി.എസ്.അച്യുതാനന്ദനാണ് ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മുന്നില്‍ നിന്നത്. വി.എസ്സിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി മാത്രം എല്‍.ഡി.എഫിന് വോട്ടു നല്‍കാം എന്നു തീരുമാനിച്ചവരുണ്ട്.
എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ വോട്ടു വിഹിതത്തില്‍ പ്രകടമായ വ്യത്യാസമില്ല എന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള വി.എസ്സിന്റെ സാന്നിദ്ധ്യമാണ്. ഓരോ വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ ജനങ്ങള്‍ ഉറ്റുനോക്കുന്നു, ഏറ്റെടുക്കുന്നു. ചര്‍ച്ചയില്‍ വി.എസ്. നിറയുന്നു. വി.എസ്. എന്ന ബിംബം എത്രമാത്രം വലിയ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞയാള്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനാണ്. വി.എസ്സില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനങ്ങള്‍ എല്‍.ഡി.എഫിലേക്കു തിരിയാതിരിക്കാന്‍ തന്നെയാണ് അദ്ദേഹം ഇപ്പോള്‍ സത്യമായി ഭവിച്ചിരിക്കുന്ന പ്രസ്താവന ഇറക്കിയത് -‘എല്‍.ഡി.എഫ്. വന്നാല്‍ ആദ്യം ശരിയാക്കുക വി.എസ്സിനെയാണ്.’ മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിക്കുമെന്നും അതിനാല്‍ വി.എസ്സിനെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്യേണ്ടെന്നും യു.ഡി.എഫ്. പ്രചരിപ്പിച്ചു. എല്‍.ഡി.എഫ്. വന്നാല്‍ വി.എസ്. അല്ല പിണറായി ആണ് മുഖ്യമന്ത്രിയാവുക എന്ന പ്രചാരണവും നടത്തിയത് യു.ഡി.എഫ്. തന്നെ. പിണറായിയോട് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അവിശ്വാസം കലര്‍ന്ന ഭീതി മുതലെടുക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, വി.എസ്സിന്റെ ശരീരഭാഷ അദ്ദേഹത്തിന് സര്‍ക്കാരിനെ നയിക്കാന്‍ ഒരവസരം കിട്ടും എന്നു തന്നെ വ്യക്തമാക്കുന്നതായിരുന്നു. അതു ജനങ്ങള്‍ വിശ്വസിച്ചു. വി.എസ്. മുഖ്യമന്ത്രിയെന്നു പിണറായി പ്രഖ്യാപിച്ചാല്‍ എല്‍.ഡി.എഫ്. കേരളം തൂത്തുവാരും എന്ന് നേരത്തേ ഞാനെഴുതിയത് ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. അതു നടക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യമാണ് എന്നു മനസ്സിലാക്കി തന്നെയാണ് എഴുതിയിട്ടതും.
പിണറായിയെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും അവിശ്വസിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വി.എസ്സിനെ പിണറായി മൂലയ്ക്കിരുത്തുമെന്നുള്ള അവരുടെ വിലയിരുത്തല്‍ ഇപ്പോള്‍ ശരിയായിരിക്കുന്നു. വി.എസ്സിനെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്യുമെന്നു പറഞ്ഞവരെപ്പോലെ പിണറായി മുഖ്യമന്ത്രിയാവാതിരിക്കാന്‍ എല്‍.ഡി.എഫിനെതിരെ വോട്ടു ചെയ്യും എന്നു പറഞ്ഞവരുമുണ്ട്. അഴിമതിയെക്കാള്‍ വലുത് ധാര്‍ഷ്ട്യമാണ് എന്നത് ജനമതം. ഇപ്പോള്‍ പിണറായി സൗമ്യഭാവത്തിലാണെങ്കിലും പഴയ രൗദ്രഭാവം ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് -രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളിലെ പഴയ ബൈറ്റ് രൂപത്തിലാണെങ്കില്‍ പോലും. ‘കുലംകുത്തി’, ‘പരനാറി’ എന്നിവയൊക്കെ ജനങ്ങള്‍ മറക്കാന്‍ കാലമെടുക്കും. അല്ലെങ്കില്‍ എന്നും ഓര്‍മ്മിപ്പിക്കാന്‍ എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കും.
അഴിമതിക്കെതിരെ പോരാട്ടത്തിന്റെ പ്രതീകമായി ഇപ്പോള്‍ വി.എസ്.അച്യുതാനന്ദന് മാത്രമാണുള്ളത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വി.എസ്. തയ്യാറാവില്ല എന്നതുറപ്പ്. അച്ചടക്കമുള്ള ചിട്ടയായ ജീവിതം അദ്ദേഹത്തിന് ആയുര്‍ദൈര്‍ഘ്യം നല്‍കിയേക്കാമെങ്കിലും ഇത് അവസാന മത്സരം തന്നെ. അതാണ് 2016നെ സവിശേഷമാക്കിയതും അദ്ദേഹത്തിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതും. കരയുന്ന ആടിനെ കെട്ടിയിട്ട് ആകര്‍ഷിച്ച് പുലിയെ കൂട്ടിലടയ്ക്കുന്ന പോലെയാണ് വി.എസ്സിനെ കാട്ടി സി.പി.എം. വോട്ടു വാങ്ങിയത് എന്നു വരുന്നു. പുലി കൂട്ടില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ആടിന് എന്തു സംഭവിച്ചാലും ഒന്നുമില്ലല്ലോ. സി.പി.എമ്മിന്റെ നിയമസഭാ കക്ഷി നേതാവിനെ സി.പി.എമ്മിന് തീരുമാനിക്കാം. പക്ഷേ, ജനങ്ങള്‍ വോട്ടു ചെയ്തത് അവരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ചാണ്. സി.പി.എം. അംഗങ്ങള്‍ മാത്രമല്ല എല്‍.ഡി.എഫിന് വോട്ടു ചെയ്തത്. അറിയിപ്പ് കൊടുത്ത് ക്വാട്ട നിശ്ചയിച്ചാലും ആളു കൂടാത്ത യോഗങ്ങളുള്ള സ്ഥാനത്ത് വി.എസ്സിന്റെ പേരിലുള്ള ഒരു ചെറുനോട്ടീസുകൊണ്ട് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്നു. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ഈ 93കാരനാണ്. വടക്ക് കാസര്‍കോട്ടു നിന്ന് തെക്ക് നെടുമങ്ങാട് വരെ വി.എസ്. പങ്കെടുത്ത 64 പ്രചാരണ പൊതുയോഗങ്ങളില്‍ സ്വപ്രേരണയാല്‍ തടിച്ചുകൂടിയ ജനക്കൂട്ടം മാത്രം മതി ഇതിനു തെളിവായി.
വി.എസ്സും പിണറായിയും ചേര്‍ന്നുള്ള സംവിധാനമാണ് ജനങ്ങള്‍ അംഗീകരിച്ചത്. അങ്ങനെയാണ് സി.പി.എം. തിരഞ്ഞെടുപ്പിനെ നേരിട്ടത്. തല്‍ക്കാലത്തേക്കെങ്കിലും ആ പ്രതീതി നിലനിര്‍ത്തുന്നതായിരുന്നു അഭികാമ്യം. ഇപ്പോള്‍ രംഗത്ത് പിണറായി മാത്രമാവുന്നു. വി.എസ്സിനെ ഫിദല്‍ കാസ്ട്രോ ആക്കാനാണെങ്കില്‍ അദ്ദേഹത്തെ എന്തിനാണ് സ്ഥാനാര്‍ത്ഥി ആക്കിയത്? മലമ്പുഴയ്ക്ക് മികച്ച ഒരു എം.എല്‍.എയെ നല്‍കാനോ? കഴിഞ്ഞ രണ്ടു മാസക്കാലം കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ മനുഷ്യനെ ഓട്ടിച്ചപ്പോള് അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നു തോന്നിയില്ലേ? അപ്പോള്‍ അദ്ദേഹത്തിന് പ്രായാധിക്യം ഉണ്ടായിരുന്നില്ലേ? പല വിധത്തിലുള്ള ചോദ്യങ്ങള്‍ ഉയരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍. ഒരു അവിശ്വാസം സൃഷ്ടിച്ചിട്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇനിയുള്ള നടപടികളിലെല്ലാം ഈ അവിശ്വാസം നിഴലിക്കും. ഈ അവിശ്വാസം ഇവിടെയൊരു സ്വാഭാവിക പ്രതിപക്ഷത്തിനു രൂപം നല്കിയിരിക്കുന്നു.
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തല നരക്കാത്തതല്ലെന് യുവത്വവും
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന് യൗവനം;
ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന് യൗവനം;
വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്‍ യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്‍തലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,
പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും
വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;
ജയലഹരിയില്‍ മങ്ങാത്ത തന്റേടം;
അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്തിന്‍
ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്‍
ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്-
സമരകാഹളമുണ്ടതാ കേള്‍ക്കുന്നു!
അലയടിച്ചാര്‍ത്തിരമ്പുന്ന വിപ്ലവ-
ക്കടലിളകിമറിഞ്ഞു വരുന്നതാ!
കരുതിനില്‍ക്കുക! രുഷ്ടസാമ്രാജ്യമേ!
കരുതിനില്‍ക്കുക! ദുഷ്ടപ്രഭുത്വമേ!
നിജനിജാധികാരായുധമൊക്കെയും
നിജശിരസ്സറ്റുവീഴുന്നതിന്‍മുമ്പെ,
അണിനിരക്കുന്ന യുവജനശക്തിതന്‍-
നികടഭൂവിലടിയറവെക്കുക!
പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് വി.എസ്.അച്യുതാനന്ദന് എന്ന അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്ത്തകന് പരസ്യപിന്തുണ പ്രഖ്യാപിച്ചേക്കാം. പക്ഷേ, ജനങ്ങള്‍ അത് അംഗീകരിക്കണമെന്നില്ല. ജനത്തിന് ഇപ്പോള്‍ ഓര്‍മ്മശക്തി കൂടുതലാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് അത് തെളിയിക്കുന്നു. അല്ലെങ്കില്‍ പിണറായി മറ്റൊരു വി.എസ്. ആയി മാറണം. ജനകീയനായി മാറണം. അങ്ങനെ മാറിയാല്‍ 2021ലും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരിക്കും, സംശയമില്ല. കാരണം പിണറായി വിജയനെക്കാളും പണിയറിയാവുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇന്നില്ല തന്നെ.
യാഥാർത്ഥ്യം നിഴലിക്കുന്ന നിരീക്ഷണം!
There is a conscious effort in Indian politics to make elections presidential. I read that it started with Modi – IPAC and Prashanth Kishor who managed Modi’s election adopted western campaign management methods. They are repeating it since then and others are also catching on. To the extent that there was news that Akhilesh Yadav and group is going to visit US to learn election campaigning – since Congress has contracted same IPAC to manage its election in UP.
Wrote all this to say that it is not incidental, but a conscious strategy adopted by LDF in Kerala. Most people knew what will happen to VS, but LDF didn’t deny it hence leaving a 1% chance that it might happen. There was even an Ad at end of campaign where VS said he is giving his word to people of Kerala that there will be a corruption less govt.
Now, VS is experienced enough to know what will happen, right? Pinarayi didn’t resign as Party Secretary and prepare for this for nothing. So even VS was part of the drama, part of fooling all of us if he gave us the indication that there is a chance that he could be CM. Hence his silent acceptance of the decision. It is like retiring at the top of the game – he deserves it and I would like to think it was a collective decision. Only injustice is to us since all of them played us.