HomePOLITY126 വയസ്സുകാര...

126 വയസ്സുകാരുടെ ഡിജിറ്റൽ ഇന്ത്യ; ഗ്യാനേഷിന്റെ പട്ടികയും മോദിയുടെ മാതൃകയും

-

Reading Time: 4 minutes

ഡിജിറ്റൽ ഇന്ത്യയിൽ അസാധ്യമായത് ഒന്നുമില്ല. മൊബൈൽ ഫോണിൽ പണം കൊടുക്കാം. മുഖം കാണിച്ച് വിമാനത്താവളത്തിൽ കയറാം. വിരലടയാളംകൊണ്ട് തിരിച്ചറിയൽ ഉറപ്പിക്കാം. ഇനി വേണമെങ്കിൽ 35 വയസ്സുകാരനെ 126 വയസ്സുകാരനുമാക്കാം.

അത് തമാശയല്ല. മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ കരടുപട്ടികയിൽ 2,70,313 വോട്ടർമാർക്ക് 101 മുതൽ 150 വയസ്സുവരെ പ്രായം വന്നു. കാരണം ലളിതം: അവരുടെ ജനനവർഷം കമ്പ്യൂട്ടറിൽ 1900 ആയി. ഇതിൽ 2,37,974 പേർ — 88 ശതമാനം — നാസിക് ജില്ലയിലെ കൽവൻ, ചന്ദ്വാദ്, ദിയോലാളി എന്നീ 3 നിയമസഭാമണ്ഡലങ്ങളിലായിരുന്നു. ‘സാങ്കേതിക തകരാർ’ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

ഒരാളെ 126 വയസ്സുകാരനാക്കുന്ന കമ്പ്യൂട്ടറിന് വോട്ട് ചെയ്യാനുള്ള അവകാശം തീരുമാനിക്കാനുള്ള അധികാരവും കിട്ടുമ്പോൾ, തമാശ അവസാനിക്കുകയും ജനാധിപത്യത്തിന്റെ ചോദ്യം തുടങ്ങുകയും ചെയ്യുന്നു.

‘ഫെയർ റോൾസ്’ എന്ന ഗ്യാനേഷ് സൂക്തം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഈ വർഷം മേയിൽ പറഞ്ഞൊരു വാക്യമുണ്ട്: “Fair rolls lead to fair polls.” നീതിയുക്തമായ വോട്ടർപട്ടികയാണ് നീതിയുക്തമായ തിരഞ്ഞെടുപ്പിലേക്ക് നയിക്കുക എന്നർഥം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ആ പ്രഖ്യാപനം. അതിനു ശേഷം മഹാരാഷ്ട്രയിലെ പട്ടിക തുറന്നപ്പോൾ 2,70,000ലധികം പേരുടെ ജനനവർഷം 1900.

ഗ്യാനേഷ് കുമാറിന്റെ മുദ്രാവാക്യത്തിന് കമ്പ്യൂട്ടർ കൊടുത്ത മറുപടി ഇങ്ങനെയായിരിക്കണം: പട്ടിക ‘ഫെയർ’ ആക്കുന്നതിനു മുമ്പ് വോട്ടർ ജീവിച്ചിരിക്കുന്ന നൂറ്റാണ്ടെങ്കിലും ശരിയാക്കണം സാർ! ഇതിലും രസകരമാണ് തെറ്റ് കണ്ടെത്തിയശേഷമുള്ള കഥ.

മഹാരാഷ്ട്ര ചോദിച്ചു, ഡൽഹി മിണ്ടിയില്ല

തെറ്റ് എസ്.ഐ.ആറിൽ വന്നതാണോ നേരത്തേയുണ്ടായിരുന്നതാണോ എന്ന് പരിശോധിക്കാൻ മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ സെപ്റ്റംബർ 2ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡൽഹിയിലെ ഐ.ടി. വിഭാഗത്തോട് വിവരങ്ങൾ ആവശ്യപ്പെട്ടു. സെപ്റ്റംബർ 8ന് വീണ്ടും ഓർമിപ്പിച്ചു. മറുപടിയില്ല. സെപ്റ്റംബർ 17ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എസ്.ചൊക്കലിംഗം സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർക്ക് കത്തെഴുതി, ഇനിയും താമസിക്കാതെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും കാത്തിരിപ്പ് തുടർന്നു.

ഒക്ടോബർ 5ന് ഇന്ത്യൻ എക്സ്പ്രസ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഒരു ചോദ്യം ചോദിച്ചു: ഈ വിവരങ്ങൾ കൊടുക്കാൻ എന്താണ് ഇത്ര താമസം? അന്നുതന്നെ മഹാരാഷ്ട്രയ്ക്ക് മറുപടി എത്തി. ഒക്ടോബർ 6ന് പിഴവ് പരിഹരിച്ചു. അതായത് സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഒരു മാസത്തിലേറെ കത്തയച്ചു കാത്തിരിക്കണം. പത്രം ഫോൺ ചെയ്താൽ ഫയൽ ഉണരും.

ഇതിനെ ഡിജിറ്റൽ ഇന്ത്യയുടെ മറ്റൊരു അത്ഭുതമായി കാണാം. ഡാറ്റയുടെ വേഗം സെക്കൻഡിൽ ഗിഗാബൈറ്റായിരിക്കാം; പക്ഷേ സർക്കാർ സംവിധാനത്തിലെ അതിന്റെ യാത്രയ്ക്ക് മാധ്യമപ്രവർത്തകന്റെ ഫോൺ ആവശ്യമാണ്.

സ്വന്തം വോട്ടറെ കാണാൻ പോലും ഡൽഹിയുടെ താക്കോൽ

ഇവിടെയാണ് വിഷയം ഒരു ‘ഗ്ലിച്ച്’ എന്ന ചിരിയിൽ അവസാനിക്കാത്തത്. മഹാരാഷ്ട്രയിലെ സ്വന്തം വോട്ടർമാരുടെ അടിസ്ഥാന ഡാറ്റ പരിശോധിക്കാൻ പോലും സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പൂർണ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുകൊണ്ടുവന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷനകത്തുനിന്നുതന്നെ ഇതിനെക്കുറിച്ച് എതിർപ്പ് ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണർ സുഖ്ബീർ സിങ് സന്ധു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്കും ജില്ലാ, മണ്ഡലതല ഉദ്യോഗസ്ഥർക്കും വോട്ടർപട്ടിക സംവിധാനത്തിൽ ‘proper and complete access’ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മറ്റൊരു കമ്മിഷണറായ വിവേക് ജോഷി ഇതിനെ വോട്ടർപട്ടിക ഡാറ്റാബേസിന്റെ ക്രമാനുഗതമായ കേന്ദ്രീകരണം എന്നാണ് വിശേഷിപ്പിച്ചത്.

അപ്പോൾ ചോദ്യം ലളിതമാണ്: മണ്ഡലത്തിലെ വോട്ടറെ അറിയുന്നത് ബൂത്ത് ലെവൽ ഓഫീസർ. പട്ടിക തയ്യാറാക്കേണ്ട നിയമപരമായ അധികാരം സംസ്ഥാന–മണ്ഡല ഉദ്യോഗസ്ഥർക്ക്. പക്ഷേ കമ്പ്യൂട്ടറിന്റെ താക്കോൽ ഡൽഹിയിൽ. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വരുന്നതിന് മുമ്പേ ‘ഒരു രാജ്യം, ഒരു പാസ്‌വേഡ്’ നടപ്പായോ?

ഗ്യാനേഷ് വന്ന വഴിയും മോദിയുടെ നിയമവും

ഇവിടെനിന്നാണ് ഗ്യാനേഷ് കുമാറിനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്ന രാഷ്ട്രീയചോദ്യം തുടങ്ങുന്നത്. അത് ആരോപണമല്ല; നിയമത്തിന്റെ ചരിത്രമാണ്. 2023ൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉണ്ടാകണമെന്ന് ഇടക്കാല സംവിധാനം നിർദേശിച്ചിരുന്നു. പിന്നാലെ മോദി സർക്കാർ കൊണ്ടുവന്ന നിയമം ചീഫ് ജസ്റ്റിസിനെ സമിതിയിൽനിന്ന് മാറ്റി. പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. അതോടെ മൂന്നംഗ സമിതിയിലെ 2 പേർ സർക്കാരിന്റെ ഭാഗമാകുന്ന ഘടനയായി.

2025 ഫെബ്രുവരിയിൽ ഈ പുതിയ സംവിധാനപ്രകാരമാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുത്തത്. സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എന്നിവരായിരുന്നു. നിയമനനടപടിക്കെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ തീരുമാനം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ വിയോജനക്കുറിപ്പ് നൽകിയെങ്കിലും മോദി–ഷാ ഭൂരിപക്ഷത്തോടെ ശുപാർശ മുന്നോട്ടുപോയി.

അതിനാൽ ഗ്യാനേഷ് കുമാർ വന്ന വഴി വ്യക്തമാണ്: മോദി സർക്കാരുണ്ടാക്കിയ പുതിയ നിയമഘടനയിലൂടെ, മോദി അധ്യക്ഷനായ സമിതിയുടെ ശുപാർശയിൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഓരോ സംശയവും ഒടുവിൽ ഈ നിയമനസംവിധാനത്തിലേക്കും തിരിഞ്ഞുനോക്കുന്നത് സ്വാഭാവികമാണ്.

കമ്മിഷനകത്തുതന്നെ ചോദ്യങ്ങൾ

ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണത്തിൽ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കഴിഞ്ഞ 10 മാസത്തിനിടെ മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സന്ധുവും ജോഷിയും കുറഞ്ഞത് 14 തവണ എതിർപ്പുകൾ രേഖപ്പെടുത്തിയതായി പുറത്തുവന്നു. ചില തീരുമാനങ്ങൾ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ എടുത്തുവെന്നാണ് അവർ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് പറയുന്നു. വോട്ടർ സോഫ്റ്റ്‌വെയറിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ അവർ കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചു. ചില കത്തുകൾ നയപരമായോ ഐ.ടി. വിഷയങ്ങളുമായോ ബന്ധപ്പെട്ടതല്ലെന്നും സ്ഥാപനത്തിനകത്തെ അഭിപ്രായവ്യത്യാസങ്ങൾ സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നുമാണ് ഇതിന് മറുപടിയായി കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളത്.

പക്ഷേ ചോദ്യം അവിടെയും തീരുന്നില്ല. ഭരണഘടന തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം ഒരൊറ്റ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കല്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന സ്ഥാപനത്തിനാണ് നൽകുന്നത്. ഇപ്പോൾ സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലും എത്തിയ ഹർജികളിൽ ഈ വിഷയവും ഉയർന്നിട്ടുണ്ട്. അപ്പോൾ ‘മൂന്നംഗ കമ്മിഷൻ’ എന്നത് ഭരണഘടനയിലെ ആശയമാണോ, യോഗത്തിന്റെ ഫോട്ടോയിലേക്കുള്ള ക്രമീകരണമോ എന്ന സംശയം ഉയർന്നാൽ കുറ്റം ചോദിക്കുന്നവരുടേതാണോ?

9.79 കോടിയിൽനിന്ന് 7.72 കോടിയിലേക്ക്

മഹാരാഷ്ട്രയിലെ പ്രായക്കുഴപ്പം സംഭവിക്കുന്ന സമയത്ത് മറ്റൊരു കണക്കും ശ്രദ്ധിക്കണം. എസ്.ഐ.ആറിന് മുമ്പ് സംസ്ഥാനത്ത് ഏകദേശം 9.79 കോടി വോട്ടർമാരുണ്ടായിരുന്നു. ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ അത് 7.72 കോടിയായി. ഏകദേശം 2.07 കോടി പേരാണ് ആദ്യഘട്ടത്തിൽ പട്ടികയ്ക്കു പുറത്തായത്. അവരിൽ മരിച്ചവരും മാറിത്താമസിച്ചവരും ആവർത്തിച്ചുള്ള പേരുകളും ഫോമുകൾ സമർപ്പിക്കാത്തവരും ഉൾപ്പെടുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ചശേഷമാണ് അന്തിമപട്ടിക പ്രസിദ്ധീകരിക്കേണ്ടത്.

ഈ 2.07 കോടി പേരെയും മുഴുവനായി ‘വോട്ട് നഷ്ടപ്പെട്ടവർ’ എന്ന് വിശേഷിപ്പിക്കുന്നില്ല. പക്ഷേ 2 ലക്ഷത്തിലധികം പേരെ കമ്പ്യൂട്ടർ 100 വയസ്സിനു മുകളിലുള്ളവരാക്കിയ സംവിധാനത്തിൽ കോടിക്കണക്കിന് പേരുടെ വോട്ടവകാശം പരിശോധിക്കുമ്പോൾ അതീവ സുതാര്യത ആവശ്യപ്പെടുന്നത് ജനാധിപത്യവിരുദ്ധവുമല്ല.

ബംഗാൾ ഉയർത്തിയ സംശയം

എസ്.ഐ.ആറിനെക്കുറിച്ചുള്ള ആശങ്ക മഹാരാഷ്ട്രയിൽ തുടങ്ങിയതല്ല. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് 90 ലക്ഷത്തിലധികം പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് ബി.ജെ.പി. വൻവിജയം നേടി. പട്ടിക ചുരുങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പി.–തൃണമൂൽ വോട്ടുവ്യത്യാസം ബി.ജെ.പി.ക്ക് അനുകൂലമായി കൂടുതൽ മാറിയതായി ഭാനു ജോഷിയും നീലാഞ്ജൻ സിർകാറും നടത്തിയ ഡാറ്റാ വിശകലനം കണ്ടെത്തി.

ഇന്ത്യൻ എക്സ്പ്രസിന്റെ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിശകലനത്തിലും 5,000ലധികം പേരുകൾ നീക്കംചെയ്ത 187 മണ്ഡലങ്ങളിൽ 47 ഇടത്ത് നീക്കംചെയ്ത പേരുകളുടെ എണ്ണം വിജയഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു. പക്ഷേ ഉയർന്ന ഡിലീഷൻ ഉണ്ടായ 20 മണ്ഡലങ്ങളിൽ 13 എണ്ണം തൃണമൂലും 6 ബി.ജെ.പിയും ജയിച്ചതും അതേ കണക്കിലുണ്ട്. ഇത്തരമൊരു വ്യാപക പട്ടികചുരുക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രത്യാഘാതം പരിശോധിക്കേണ്ടതുണ്ടെന്ന വാദം ശക്തമാണ്.

നരിമാനും ചോദിച്ചത് അതുതന്നെ

മുൻ സുപ്രീംകോടതി ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാനും എസ്.ഐ.ആറിനെക്കുറിച്ചുള്ള ആശങ്കകൾ പൊതുവേദിയിൽ ഉന്നയിച്ചു. വോട്ടവകാശം ജനാധിപത്യത്തിന്റെ ഹൃദയഭാഗമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ സുപ്രീംകോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോൾ ഉയരുന്ന ചോദ്യം സാങ്കേതികതയുടേതല്ല. ആരാണ് വോട്ടർ എന്ന് തീരുമാനിക്കുന്ന സംവിധാനത്തെ ആര് നിയന്ത്രിക്കുന്നു, അതിൽ തെറ്റുണ്ടായാൽ ആര് തിരുത്തുന്നു, സംസ്ഥാനങ്ങൾക്ക് എത്ര അധികാരമുണ്ട്, മൂന്നംഗ കമ്മിഷനിലെ അഭിപ്രായവ്യത്യാസം എങ്ങനെ പരിഹരിക്കുന്നു, പുറത്താക്കപ്പെട്ട അർഹരായ വോട്ടർമാർക്ക് തിരിച്ചുവരാൻ എത്ര സമയം കിട്ടുന്നു — ഇവയാണ് ചോദ്യങ്ങൾ.

മോദിയുടെ ‘ഡിജിറ്റൽ’, ഗ്യാനേഷിന്റെ ‘സെൻട്രൽ’

മോദി സർക്കാരിന്റെ രാഷ്ട്രീയഭാഷയിൽ ‘ഡിജിറ്റൽ ഇന്ത്യ’ എന്നത് വേഗത്തിന്റെയും കാര്യക്ഷമതയുടെയും സുതാര്യതയുടെയും അടയാളമാണ്. ഗ്യാനേഷ് കുമാറിന്റെ കാലത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ ഡാറ്റയെ കൂടുതൽ കേന്ദ്രീകൃതമായ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നു. ഇവ രണ്ടും ചേർന്നാൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വോട്ടർപട്ടിക ഉണ്ടാകേണ്ടതാണ്.

പക്ഷേ മഹാരാഷ്ട്രയിൽ സംഭവിച്ചത് മറ്റൊന്നാണ്. വോട്ടറുടെ പേര് സംസ്ഥാനത്ത്, ഉദ്യോഗസ്ഥൻ സംസ്ഥാനത്ത്, തെറ്റ് സംസ്ഥാനത്ത്, തിരുത്താനുള്ള താക്കോൽ ഡൽഹിയിൽ. സംസ്ഥാന ഉദ്യോഗസ്ഥൻ സെപ്റ്റംബർ 2ന് ചോദിക്കുന്നു. 8ന് വീണ്ടും ചോദിക്കുന്നു. 17ന് വീണ്ടും കത്തെഴുതുന്നു. പിന്നീട് ഒക്ടോബർ 5ന് പത്രം ഇതേ ചോദ്യമുയർത്തുന്നു. അതോടെ 6ന് കമ്പ്യൂട്ടർ ശരിയാകുന്നു. ഇതിനെ കേന്ദ്രീകരണം എന്നു വിളിക്കണോ, അതിവേഗ ഭരണസംവിധാനം എന്നു വിളിക്കണോ എന്നത് വായനക്കാരുടെ ഇഷ്ടം.

126 വയസ്സുകാരൻ അവസാനം ചോദിക്കുന്നത്

കൽവനിലെ കമ്പ്യൂട്ടർ രേഖയിൽ 126 വയസ്സായ വോട്ടർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം ഇങ്ങനെ ചോദിച്ചേനേ: “എനിക്ക് വയസ്സ് കൂട്ടിയത് ആരായാലും വേണ്ടില്ല സർ, എന്റെ വോട്ട് അവിടെത്തന്നെയുണ്ടോ?” ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ ചോദിക്കുന്നതും അതുതന്നെയാണ്.

ഗ്യാനേഷ് കുമാറിന്റെ കമ്മിഷൻ പറയുന്നത് പട്ടിക ശുദ്ധീകരിക്കുകയാണെന്നാണ്. പ്രതിപക്ഷവും പ്രതിഷേധക്കാരും പറയുന്നത് കോടിക്കണക്കിന് പേരുടെ വോട്ടവകാശം അപകടത്തിലാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയപക്ഷപാത ആരോപണം നിഷേധിക്കുകയും തെറ്റായി പുറത്തായവർക്ക് തിരിച്ചുചേരാൻ അവസരമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. രാജ്യവ്യാപക എസ്.ഐ.ആറിൽ ഏകദേശം 13 കോടി പേരുകൾ കരടുപട്ടികകളിൽനിന്ന് ഒഴിവായതിനെച്ചൊല്ലിയാണ് ഇപ്പോഴത്തെ വലിയ പ്രതിഷേധം.

അതിനിടയിലാണ് മഹാരാഷ്ട്രയിലെ 2,70,000 പേരുടെ പ്രായം കമ്പ്യൂട്ടർ ഒരു നൂറ്റാണ്ട് പിന്നോട്ടയച്ചത്. മോദിയുടെ ഡിജിറ്റൽ ഇന്ത്യയും ഗ്യാനേഷ് കുമാറിന്റെ എസ്.ഐ.ആറും ചേർന്ന ഈ കഥയിൽ ഏറ്റവും വലിയ തമാശ 126 വയസ്സുകാരനായ വോട്ടറല്ല. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന രേഖയായ വോട്ടർപട്ടികയിൽ ഇത്തരമൊരു തെറ്റ് ഒരു മാസത്തിലേറെ കാത്തിരുന്നിട്ടും തിരുത്താനാവാത്ത സംവിധാനത്തെ ‘സാങ്കേതിക തകരാർ’ എന്ന 2 വാക്കിൽ അവസാനിപ്പിക്കാമെന്ന ആത്മവിശ്വാസമാണ്.

അതിനാൽ ചോദ്യം ഗ്യാനേഷ് കുമാറിനോട് മാത്രമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനസംവിധാനത്തിൽ സർക്കാരിന് നിർണായക മേൽക്കൈ നൽകിയ മോദി സർക്കാരിനോടും കൂടിയാണ്: വോട്ടർപട്ടിക ഡൽഹിയിൽനിന്ന് നിയന്ത്രിക്കുമ്പോൾ, അതിന്റെ വിശ്വാസ്യതയുടെ ഉത്തരവാദിത്തവും ഡൽഹി ഏറ്റെടുക്കേണ്ടതില്ലേ?

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ജി-ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS