HomeECONOMYകണക്കിൻ്റെ മറ...

കണക്കിൻ്റെ മറവിൽ കേരളമാതൃകയ്ക്ക് കുരുക്ക്

-

Reading Time: 10 minutes

കേരളത്തിൻ്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള രാഷ്ട്രീയസംവാദം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയതിന് പിന്നാലെ യു.ഡി.എഫ്. സർക്കാർ “കേരളത്തിൻ്റെ സാമ്പത്തികാരോഗ്യം: ഒരു തൽസ്ഥിതി റിപ്പോർട്ട്” എന്ന പേരിൽ ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിൻ്റെ കടം, കമ്മി, കിഫ്ബി, ക്ഷേമപദ്ധതികൾ, പൊതുമേഖല, മൂലധനച്ചെലവ് തുടങ്ങിയവ ചൂണ്ടിക്കാട്ടി കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദമാണ് ആ റിപ്പോർട്ട് മുന്നോട്ടുവച്ചത്. എന്നാൽ, ഈ റിപ്പോർട്ട് വസ്തുതകളുടെ സമഗ്രമായ വിലയിരുത്തലല്ലെന്നും, കേരളമാതൃകയെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയരേഖയാണെന്നും എൽ.ഡി.എഫ്. ആരോപിച്ചു. അത് ഒരു പരിധിവരെ ശരിയായിരുന്നു താനും.

ഈ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ്. “വസ്തുതകളുടെ ധവളപത്രം: യു.ഡി.എഫ്. ആരോപണങ്ങളും കേരളത്തിൻ്റെ യാഥാർത്ഥ്യവും” എന്ന ബദൽ രേഖ ജനങ്ങൾക്കുമുന്നിൽ വെച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്ത ഈ രേഖ, യു.ഡി.എഫ്. ധവളപത്രത്തിലെ കണക്കുകളെയും നിഗമനങ്ങളെയും വിശദമായി പരിശോധിക്കുന്നു. കേരളത്തിൻ്റെ ധനഞെരുക്കത്തിന് യഥാർത്ഥ കാരണം ഇടതുപക്ഷ ഭരണത്തിൻ്റെ ധൂർത്തല്ലെന്നും, കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക വിവേചനം, ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തൽ, റവന്യൂ കമ്മി ഗ്രാൻ്റ് അവസാനിപ്പിക്കൽ, വായ്പാപരിധി വെട്ടിക്കുറയ്ക്കൽ തുടങ്ങിയ ഘടകങ്ങളാണെന്നും രേഖ വ്യക്തമാക്കുന്നു.

ഇത് ഒരു സാധാരണ കണക്കുതർക്കമല്ല. കേരളം ഏത് വികസനപാത തിരഞ്ഞെടുക്കണം എന്ന അടിസ്ഥാന രാഷ്ട്രീയചോദ്യമാണ് ഇതിൻ്റെ മദ്ധ്യത്തിൽ നിൽക്കുന്നത്. ഒരുവശത്ത് കടവും കമ്മിയും ചൂണ്ടിക്കാട്ടി ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കാനും പൊതുമേഖല ചുരുക്കാനും സ്വകാര്യവത്കരണത്തിന് വഴി തുറക്കാനുമുള്ള യു.ഡി.എഫ്. സമീപനം. മറുവശത്ത്, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സാമൂഹികസുരക്ഷയും പൊതുനിക്ഷേപവും കേരളമാതൃകയുടെ അടിത്തറയാണെന്ന് ഉറപ്പിക്കുന്ന എൽ.ഡി.എഫ്. നിലപാട്. ഈ രണ്ടു കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ധവളപത്ര വിവാദത്തെ പ്രധാനമാക്കുന്നത്.

കേരളത്തിൻ്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് യു.ഡി.എഫ്. സർക്കാർ പുറത്തിറക്കിയ തൽസ്ഥിതി റിപ്പോർട്ട് ഒരു സാധാരണ ധനകാര്യരേഖയായി മാത്രം കാണാനാവില്ല. ആ റിപ്പോർട്ട് സൃഷ്ടിച്ച “സാമ്പത്തിക തകർച്ച” കഥയെ കണക്കുകൾ കൊണ്ടുതന്നെ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൻ്റെ വളർച്ച, വരുമാനം, കടം, കിഫ്ബി, ജി.എസ്.ടി., പട്ടികജാതി–പട്ടികവർഗ വിഹിതം, പൊതുമേഖല, ക്ഷേമപദ്ധതികൾ എന്നിവയെ വേർതിരിച്ച് നോക്കുമ്പോഴാണ് യഥാർത്ഥ ചിത്രം വ്യക്തമാകുക.

ധനഞെരുക്കമുണ്ട്; പക്ഷേ കാരണം ധൂർത്തല്ല

കേരളം ധനഞെരുക്കം നേരിടുന്നുണ്ട്. അത് നിഷേധിക്കേണ്ട കാര്യമല്ല. പക്ഷേ ആ ധനഞെരുക്കത്തിൻ്റെ കാരണം ഇടതുപക്ഷ സർക്കാരുകളുടെ ധൂർത്തോ കെടുകാര്യസ്ഥതയോ അല്ല. കേന്ദ്ര–സംസ്ഥാന ധനബന്ധത്തിൽ വന്ന മാറ്റങ്ങളാണ് പ്രധാന കാരണം. കേന്ദ്രവിഹിതം കുറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതി അധികാരം ജി.എസ്.ടി. വഴി ചുരുങ്ങി. റവന്യൂ കമ്മി ഗ്രാൻ്റ് നിർത്തി. ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിപ്പിച്ചു. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും പേരിൽ കേരളത്തിൻ്റെ വായ്പാപരിധി വെട്ടിക്കുറച്ചു. ഇതെല്ലാം ചേർന്നാണ് ധനപ്രതിസന്ധി കനത്തത്.

ഈ പ്രതിസന്ധിക്കിടയിലും കേരളം ക്ഷേമച്ചെലവുകളും വികസനച്ചെലവുകളും വെട്ടിക്കുറയ്ക്കാൻ തയ്യാറായില്ല. കോവിഡ്, പ്രളയം, സാമ്പത്തിക ഉപരോധം എന്നിവയെല്ലാം നേരിട്ടിട്ടും ജനങ്ങളിലേക്കുള്ള സഹായം തുടരാൻ ശ്രമിച്ചു. അതുകൊണ്ടാണ് കേരളത്തിൻ്റെ ധനപ്രശ്നത്തെ വെറും “കെടുകാര്യസ്ഥത” എന്ന് വിളിക്കുന്നത് തെറ്റാകുന്നത്.

റിപ്പോർട്ടിൻ്റെ തയ്യാറാക്കൽ തന്നെ സംശയകരം

സാധാരണയായി സംസ്ഥാന ധനകാര്യവകുപ്പാണ് ഇത്തരത്തിലുള്ള ധനസ്ഥിതി റിപ്പോർട്ട് തയ്യാറാക്കേണ്ടത്. എന്നാൽ ഇവിടെ സർക്കാർ സംവിധാനത്തിന് പുറത്തുള്ള ചിലർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന ഗുരുതരമായ ചോദ്യമുണ്ട്. സർക്കാരിൻ്റെ വരവ്–ചെലവ് കണക്കുകൾ, ദൈനംദിന ബാലൻസ്, ഭാവി ചെലവുകളുടെ കണക്കുകൂട്ടൽ, മറ്റ് രഹസ്യവിവരങ്ങൾ എന്നിവ പുറത്തുള്ളവർ കൈകാര്യം ചെയ്തുവെന്നത് ചെറിയ കാര്യമല്ല.

ഇതുകൂടാതെ, സർക്കാർ വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. അങ്ങനെ ആയാൽ അതിൻ്റെ ആധികാരികതയും രഹസ്യത്വവും ഒരുപോലെ ചോദ്യം ചെയ്യപ്പെടും.

കേന്ദ്രത്തെ രക്ഷിച്ച് കേരളത്തെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയം

കേരളത്തിൻ്റെ ധനപ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിൻ്റെ പങ്ക് യു.ഡി.എഫ്. റിപ്പോർട്ട് മിക്കവാറും മറയ്ക്കുകയാണ്. 10ാം ധനകാര്യ കമ്മീഷൻ കാലത്ത് കേരളത്തിന് ലഭിച്ചിരുന്ന വിഹിതം 3.83 ശതമാനമായിരുന്നു. 15ാം ധനകാര്യ കമ്മീഷൻ കാലത്ത് അത് 1.925 ശതമാനമായി കുറഞ്ഞു. ഇതു വലിയ നഷ്ടമാണ്. അതോടൊപ്പം ഓഫ് ബജറ്റ് വായ്പകളുടെ പേരിൽ സംസ്ഥാനത്തിൻ്റെ അർഹമായ വായ്പാപരിധിയിൽനിന്ന് ഒരുലക്ഷം കോടിയിലധികം രൂപ കുറച്ചു.

ഇവയെല്ലാം കേരളത്തിൻ്റെ ധനനിലയെ ബാധിച്ച വലിയ കാരണങ്ങളാണ്. എന്നാൽ യു.ഡി.എഫ്. റിപ്പോർട്ട് ഈ കാര്യങ്ങളെ പ്രധാനമായി കാണുന്നില്ല. പകരം കടം, കമ്മി, കിഫ്ബി, ശമ്പളം, പെൻഷൻ, പൊതുമേഖല എന്നിവയെ കുറ്റക്കാരാക്കാനാണ് ശ്രമം.

കേരളമാതൃകയും വലതുപക്ഷ കാഴ്ചപ്പാടും

യു.ഡി.എഫ്. റിപ്പോർട്ട് കേരളത്തെ അളക്കുന്നത് വലതുപക്ഷ സാമ്പത്തിക കാഴ്ചപ്പാടിലാണ്. വിപണിക്ക് അനുകൂലമായ സാമ്പത്തികസ്ഥിരതയാണ് സർക്കാരിൻ്റെ പ്രധാന ജോലി എന്ന നിലപാടാണ് അതിൻ്റെ അടിസ്ഥാനം. ഇതാണ് നവലിബറൽ സമീപനം.

എന്നാൽ കേരളമാതൃക അതിൽനിന്ന് വ്യത്യസ്തമാണ്. കേരളത്തിൽ സർക്കാർ എന്നത് വിപണിക്ക് വഴിയൊരുക്കുന്ന സംവിധാനമാത്രമല്ല. സാധാരണക്കാരെ സംരക്ഷിക്കുന്നതും, ആരോഗ്യം–വിദ്യാഭ്യാസം പോലുള്ള സേവനങ്ങൾ പൊതുവായി നൽകുന്നതും, ജാതി–ലിംഗ–വർഗ അസമത്വങ്ങളിൽ ഇടപെടുന്നതുമായ ഒരു ക്ഷേമസംസ്ഥാനമാണ് കേരളത്തിൻ്റെ സ്വപ്നം. അതുകൊണ്ട് കേരളത്തെ വെറും കടം–കമ്മി കണക്കുകൾകൊണ്ട് മാത്രം അളക്കാനാവില്ല.

ശമ്പളവും പെൻഷനും വെറും ഭാരമല്ല

യു.ഡി.എഫ്. റിപ്പോർട്ട് ശമ്പളം, പെൻഷൻ, പലിശ, ക്ഷേമപെൻഷൻ എന്നിവയെ വലിയ സാമ്പത്തികഭാരമായി ചിത്രീകരിക്കുന്നു. പക്ഷേ ഇവയെല്ലാം വേറൊരു രീതിയിൽ കാണേണ്ടതാണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ അവരുടെ മാറ്റിവെച്ച വേതനമാണ്. ക്ഷേമപെൻഷൻ സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ളവർക്കുള്ള ജീവൻരക്ഷാ സഹായമാണ്.

കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, നെയ്ത്തുകാർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർക്കുള്ള പെൻഷൻ വെറും ചെലവല്ല. അത് അവരുടെ ഭക്ഷണം, ചികിത്സ, കുട്ടികളുടെ പഠനം, ജീവിതസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന സാമൂഹിക നിക്ഷേപമാണ്. അതിനാൽ ഇത്തരം ചെലവുകളെ കെടുകാര്യസ്ഥതയുടെ തെളിവായി കാണുന്നത് തെറ്റാണ്.

മൂലധനച്ചെലവിലെ യഥാർത്ഥ ചിത്രം

മൂലധനച്ചെലവിൻ്റെ കാര്യത്തിലും യു.ഡി.എഫ്. റിപ്പോർട്ട് അപൂർണ്ണമായ ചിത്രം നൽകുന്നു. നേരിട്ടുള്ള മൂലധനച്ചെലവ് കുറവാണെന്ന് പറയുമ്പോൾ, ഫലപ്രദമായ മൂലധനച്ചെലവ് 25,000 കോടിയിലധികമാണെന്ന യാഥാർത്ഥ്യം അവഗണിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം എന്നിവയ്ക്കുള്ള ചെലവുകൾ ദീർഘകാല വികസനത്തിന് സഹായിക്കുന്ന നിക്ഷേപങ്ങളാണ്.

ഇന്ന് ലോകം ആരോഗ്യ–വിദ്യാഭ്യാസ ചെലവുകളെ മനുഷ്യ മൂലധനത്തിലുള്ള നിക്ഷേപമായി കാണുന്നു. എന്നാൽ കേരളം കൂടുതൽ പണം ചെലവഴിക്കുന്ന ഇത്തരം മേഖലകളെ കണക്കിൽ നിന്ന് മാറ്റിനിർത്തി സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് ശരിയായ സാമ്പത്തിക വിശകലനം അല്ല.

സ്വകാര്യവത്കരണത്തിലേക്കുള്ള ഒളിയജൻഡ

യു.ഡി.എഫ്. റിപ്പോർട്ടിൻ്റെ നിഗമനങ്ങൾ പരിശോധിച്ചാൽ അതിൻ്റെ ലക്ഷ്യം വ്യക്തമാകും. കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ സ്വകാര്യവത്കരണം, കിഫ്ബിയെ ബജറ്റിൽ ലയിപ്പിക്കൽ, വിരമിക്കൽ പ്രായം വർധിപ്പിക്കൽ, ക്ഷേമപെൻഷൻ ചെലവിൽ വെട്ടിക്കുറവ്, കരിമണൽ ഉൾപ്പെടെയുള്ള ധാതു സമ്പത്ത്, തുറമുഖങ്ങൾ, കടൽ, കായൽ, വിമാനത്താവളങ്ങൾ എന്നിവ സ്വകാര്യകൈകളിലേക്ക് മാറ്റാനുള്ള സാധ്യത — ഇതൊക്കെയാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്ന വഴി.

കേരളത്തിൻ്റെ സമ്പദ്വ്യവസ്ഥ പ്രവാസിപ്പണം, സേവനമേഖല, പൊതുതൊഴിൽ, ക്ഷേമസംവിധാനം എന്നിവയുമായി ചേർന്നതാണ്. ഈ ഘടന മനസ്സിലാക്കാതെ പൊതുമേഖല ചുരുക്കുകയും സ്വകാര്യവത്കരണം നടപ്പാക്കുകയും ചെയ്താൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല; മറിച്ച് കൂടുതൽ വഷളാകും.

വളർച്ചയുടെ കണക്കുകൾ പറയുന്നത് വേറൊരു കഥ

കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള യു.ഡി.എഫ്. വാദവും കണക്കുകളിൽ നിലനിൽക്കുന്നില്ല. 2012–13 മുതൽ 2015–16 വരെ യു.ഡി.എഫ്. കാലത്ത് ശരാശരി യഥാർത്ഥ ജി.എസ്.ഡി.പി. വളർച്ച 5.52 ശതമാനമായിരുന്നു. 2013–14ൽ അത് 3.89 ശതമാനമായും 2014–15ൽ 4.26 ശതമാനമായും താഴ്ന്നിരുന്നു.

എന്നാൽ 2016–17 മുതൽ 2018–19 വരെയുള്ള കോവിഡ് മുൻകാല ഇടതുഭരണത്തിൽ ശരാശരി വളർച്ച 7.10 ശതമാനമായി. പ്രളയം, കോവിഡ്, പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങിയ ആഘാതങ്ങൾക്കുശേഷവും 2021–22ൽ കേരളം 11.78 ശതമാനം വളർച്ച നേടി. 2021–22 മുതൽ 2024–25 വരെ തിരിച്ചുവരവ് കാലത്തെ ശരാശരി വളർച്ച 7.60 ശതമാനമായിരുന്നു.

ജി.എസ്.ഡി.പിയും പ്രതിശീർഷ വരുമാനവും

നിലവിലെ വിലകളിലുള്ള കേരളത്തിൻ്റെ ജി.എസ്.ഡി.പി. 2016–17ൽ 6.34 ലക്ഷം കോടി രൂപയായിരുന്നു. 2024–25ൽ അത് 12.49 ലക്ഷം കോടിയായി. 2025–26ൽ 14.2 ലക്ഷം കോടിയും 2026–27ൽ 16.3 ലക്ഷം കോടിയും ആകുമെന്നാണ് ബജറ്റ് രേഖകൾ സൂചിപ്പിക്കുന്നത്. 10 വർഷത്തിനുള്ളിൽ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം ഇരട്ടിയായി എന്നതാണ് ഇതിൻ്റെ അർത്ഥം.

പ്രതിശീർഷ വരുമാനത്തിലും വലിയ വളർച്ചയുണ്ട്. 2011–12ൽ 97,912 രൂപയായിരുന്ന പ്രതിശീർഷ വരുമാനം 2024–25ൽ 3,08,338 രൂപയായി. 14 വർഷത്തിനിടെ 3.15 ഇരട്ടി വർധനയാണിത്. കേരളം സാമ്പത്തികമായി തകർന്നുവെന്ന വാദവുമായി ഈ കണക്കുകൾ പൊരുത്തപ്പെടുന്നില്ല.

യു.ഡി.എഫ്. കാലത്തെ കാർഷിക തകർച്ച

മേഖലാതല കണക്കുകൾ നോക്കിയാലും യു.ഡി.എഫ്. കാലത്തെ ചിത്രം ആശ്വാസകരമല്ല. ആകെ ജി.വി.എ. വളർച്ച 5.18 ശതമാനമായിരുന്നെങ്കിലും കൃഷിമേഖലയിൽ -5.89 ശതമാനം തകർച്ചയുണ്ടായി. പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിലെ വലിയ കാർഷിക ഇടിവുകളിൽ ഒന്നായിരുന്നു അത്. കൃഷിയുടെ വിഹിതം 6.9 ശതമാനത്തിൽനിന്ന് 4.4 ശതമാനമായി താഴ്ന്നു.

സേവനമേഖല വളർന്നെങ്കിലും അതിൻ്റെ അടിസ്ഥാനം ഗൾഫ് പണത്തെ ആശ്രയിച്ച ഉപഭോഗവളർച്ചയായിരുന്നു. നിർമ്മാണമേഖലയുടെ വളർച്ച 1.98 ശതമാനത്തിൽ ഒതുങ്ങി. അതായത് ഉൽപ്പാദന അടിത്തറ ശക്തിപ്പെടുത്തുന്ന വളർച്ചയല്ല അന്നുണ്ടായത്.

പ്രതിസന്ധിക്കിടയിലും എൽ.ഡി.എഫ്. കാലത്തെ അതിജീവനം

2016–25 കാലഘട്ടം കേരളത്തിന് എളുപ്പമുള്ള കാലമായിരുന്നില്ല. 2018ലെ മഹാപ്രളയം, 2019ലെ വീണ്ടും പ്രളയം, നിപാ ബാധകൾ, കോവിഡ് മഹാമാരി, പ്രവാസിപ്പണത്തിൽ വന്ന കുറവ് — ഇതെല്ലാം സംസ്ഥാനത്തെ കനത്തമായി ബാധിച്ചു. എന്നിട്ടും എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ച നിലനിർത്താൻ കേരളത്തിന് കഴിഞ്ഞു.

കൃഷി -5.89 ശതമാനത്തിൽനിന്ന് +0.96 ശതമാനമായി മെച്ചപ്പെട്ടു. 2018ലെ പ്രളയത്തിൽ 40,000 ഹെക്ടർ കൃഷി നശിക്കുകയും 10 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മാറ്റം. നിർമ്മാണമേഖല 1.98 ശതമാനത്തിൽനിന്ന് 4.10 ശതമാനമായി ഉയർന്നു. കിഫ്ബി, റോഡുകൾ, പാലങ്ങൾ, സ്കൂൾ നവീകരണം, പ്രളയാനന്തര പുനർനിർമ്മാണം, കെ-ഫോൺ, വിഴിഞ്ഞം, ദേശീയപാത വികസനം എന്നിവ ഈ വളർച്ചയ്ക്ക് സഹായമായി. കോവിഡ് ബാധിച്ച സേവനമേഖലയും 2023–24ൽ പ്രീപാൻഡമിക് നിലയേക്കാൾ 13.67 ശതമാനം മുകളിലെത്തി.

പ്രവാസിപ്പണത്തിൻ്റെ പങ്ക്

കേരളത്തെ വിലയിരുത്തുമ്പോൾ പ്രവാസി സമ്പദ്വ്യവസ്ഥയെ മറക്കാനാവില്ല. 2023–24ൽ പ്രവാസികൾ വഴിയുള്ള പണമൊഴുക്ക് ഏകദേശം 2,17,000 കോടി രൂപയായിരുന്നു. ഇത് നിലവിളയിലുള്ള ജി.എസ്.ഡി.പിയുടെ 19 ശതമാനത്തോളം വരും.

യു.ഡി.എഫ്. കാലം ഗൾഫ് പണത്തിൻ്റെ നല്ല കാലവുമായി ഒത്തുചേർന്നിരുന്നു. എന്നാൽ 2014ന് ശേഷം എണ്ണവില ഇടിഞ്ഞു. ഗൾഫ് തൊഴിൽവിപണി ചുരുങ്ങി. പ്രവാസികളുടെ മടങ്ങിവരവ് വർധിച്ചു. ഈ പ്രതികൂല സാഹചര്യത്തിലാണ് ഇടതുസർക്കാർ പ്രവർത്തിച്ചത്. കിഫ്ബി വഴിയുള്ള പൊതുനിക്ഷേപം, ക്ഷേമപെൻഷൻ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയിലൂടെ ഈ കുറവ് മറികടക്കാനാണ് ശ്രമിച്ചത്.

പൊതുമേഖലയും വ്യവസായരംഗവും

2015–16ൽ യു.ഡി.എഫ്. ഭരണം അവസാനിക്കുമ്പോൾ സംസ്ഥാനത്ത് 113 പൊതുമേഖലാസ്ഥാപനങ്ങളാണ് പ്രവർത്തിച്ചിരുന്നത്. അവയിൽ 1.27 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. ആകെ വിറ്റുവരവ് 19,878 കോടി രൂപയായിരുന്നു. 50 സ്ഥാപനങ്ങൾ ലാഭത്തിലായിരുന്നപ്പോൾ 56 സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. സഞ്ചിതനഷ്ടം 3,137 കോടി രൂപ. 96 സ്ഥാപനങ്ങളിൽ 1 മുതൽ 20 വർഷംവരെ ഓഡിറ്റ് കുടിശ്ശികയുണ്ടായിരുന്നു. ബിസിനസ് റീഫോം ആക്ഷൻ പ്ലാൻ സ്കോർ വെറും 22.8 ശതമാനമായിരുന്നു.

ഇടതുകാലത്ത് ഈ സ്ഥിതി മാറി. 2024ൽ ബിസിനസ് സൗഹൃദ സ്കോർ 99.3 ശതമാനമായി. സംരംഭക വർഷം പദ്ധതിയിലൂടെ 4,09,383 പുതിയ സംരംഭങ്ങളും 8,72,225 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. 2025ലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ 1.80 ലക്ഷം കോടി രൂപയുടെ 449 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. 54,908 കോടി രൂപയുടെ 115 പദ്ധതികൾ ഇതിനകം യാഥാർത്ഥ്യമാക്കാനായി. സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും പൊതുമേഖലയും പൊതുസേവന സ്ഥാപനങ്ങളും സ്വകാര്യ കുത്തകകൾക്ക് വിൽക്കില്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.

കടത്തെക്കുറിച്ചുള്ള ഭീതിനിർമ്മിതി

യു.ഡി.എഫ്. റിപ്പോർട്ടിലെ ഏറ്റവും വലിയ ഭീതിനിർമ്മിതികളിലൊന്ന് കടത്തെക്കുറിച്ചാണ്. പൊതുകടവും മൊത്തം കടബാധ്യതയും തമ്മിലുള്ള വ്യത്യാസം പോലും വ്യക്തമായി കാണിക്കുന്നില്ല. 2025–26ലെ എ.ജിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം പൊതുകടം ജി.എസ്.ഡി.പി.യുടെ 24.3 ശതമാനമാണ്. ആകെ കടവും ബാധ്യതകളും ചേർന്നാൽ 33.6 ശതമാനം. പൊതുകടം 3.47 ലക്ഷം കോടി രൂപയും മൊത്തം കടവും ബാധ്യതകളും 4.79 ലക്ഷം കോടി രൂപയുമാണ്.

എന്നാൽ യു.ഡി.എഫ്. റിപ്പോർട്ട് 5.07 ലക്ഷം കോടി രൂപയും 35.5 ശതമാനവും എന്ന ബജറ്റ് എസ്റ്റിമേറ്റ് കണക്കുകൾ എടുത്തുകാട്ടിയാണ് ഭയം സൃഷ്ടിക്കുന്നത്. ലഭ്യമായ പുതുക്കിയ കണക്കുകൾ മറച്ചുവെച്ച് പഴയ അനുമാനങ്ങൾ ഉപയോഗിക്കുന്നത് സത്യസന്ധമായ വിശകലനം അല്ല.

പബ്ലിക് അക്കൗണ്ട് ബാധ്യതയുടെ യാഥാർത്ഥ്യം

പബ്ലിക് അക്കൗണ്ട് ബാധ്യതകൾ സർക്കാരിൻ്റെ നയപരമായ വായ്പയല്ല. ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ അവരുടെ സ്വന്തം സമ്പാദ്യങ്ങളാണ് അതിൽ ഉൾപ്പെടുന്നത്. സർക്കാർ അത് കൈകാര്യം ചെയ്യുന്നു എന്നതു കൊണ്ട് അത് വികസനത്തിനായി എടുത്ത കടമായി കാണാനാവില്ല.

സാധാരണയായി കേരളത്തിൻ്റെ കടം അഞ്ചുവർഷം കൂടുമ്പോൾ ഇരട്ടിക്കുന്ന പ്രവണതയുണ്ടായിരുന്നു. എന്നാൽ 2025–26ലെ കണക്കുകൾ പ്രകാരം ഈ ഇരട്ടിക്കൽ തടഞ്ഞുനിർത്താൻ ഇടതുസർക്കാരിന് കഴിഞ്ഞു. അതുകൊണ്ട് ആറുലക്ഷം കോടി കടഭാരം എന്ന പ്രചാരണം കണക്കുകളിൽ നിലനിൽക്കുന്നില്ല.

ധനകമ്മിയും യഥാർത്ഥ സ്ഥിതിയും

ധനകമ്മിയെയും പശ്ചാത്തലത്തോടെ വായിക്കണം. 2016–21 കാലത്തെ ശരാശരി ധനകമ്മി 3.7 ശതമാനമായിരുന്നു. എന്നാൽ അതിൽ കോവിഡ് വർഷമായ 2020–21ലെ 4.6 ശതമാനം ഉൾപ്പെട്ടതാണ് കണക്ക് ഉയരാൻ കാരണം. ആ അസാധാരണ വർഷം മാറ്റിയാൽ ശരാശരി 3.6 ശതമാനം മാത്രമാണ്.

2021–26 കാലത്ത് ശരാശരി ധനകമ്മി 3.3 ശതമാനമാണ്. കോവിഡ് വർഷം മാറ്റിയാൽ അത് 3.1 ശതമാനമാകും. എന്നാൽ വലിയ പ്രതിസന്ധികളൊന്നുമില്ലായിരുന്ന 2011–16 യു.ഡി.എഫ്. കാലത്തെ ശരാശരി ധനകമ്മി 3.52 ശതമാനമായിരുന്നു. അതിനാൽ ഇടതുകാലത്തെ ധനകമ്മിയെ മാത്രം വലിയ കുറ്റമായി പറയാൻ കഴിയില്ല.

കടം സുസ്ഥിരമാണോ?

കടം സുസ്ഥിരമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണ് ഡോമർ കണ്ടീഷൻ. സാമ്പത്തിക വളർച്ച നിരക്ക് കടത്തിൻ്റെ പലിശനിരക്കിനേക്കാൾ കൂടുതലാണെങ്കിൽ കടം സുസ്ഥിരമാണെന്ന് കണക്കാക്കാം. കോവിഡ് കാലത്തെ അസാധാരണ സാമ്പത്തിക മുരടിപ്പ് ഒഴിച്ചാൽ കേരളത്തിൻ്റെ ഡോമർ ഗ്യാപ് സുരക്ഷിതമാണെന്നാണ് രേഖ വ്യക്തമാക്കുന്നത്. അതായത് കേരളത്തിൻ്റെ കടം നിയന്ത്രണാതീതമായ പാതയിൽ അല്ല.

കേന്ദ്ര വിവേചനമാണ് പ്രധാന പ്രശ്നം

കേരളത്തിൻ്റെ ധനപ്രശ്നത്തിൻ്റെ ഹൃദയം കേന്ദ്ര–സംസ്ഥാന ധനബന്ധത്തിലാണ്. 2016–26 കാലം കേന്ദ്ര സർക്കാരുമായുള്ള തുടർച്ചയായ സാമ്പത്തിക പോരാട്ടങ്ങളുടെ കാലമായിരുന്നു. കേന്ദ്ര നികുതി പിരിവ് 11 മടങ്ങ് വർധിച്ചപ്പോൾ കേരളത്തിനുള്ള നികുതിവിഹിതം 8.8 മടങ്ങ് മാത്രമാണ് വർധിച്ചത്.

വായ്പാപരിധി കാരണമില്ലാതെ വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ജി.എസ്.ടി. നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് 14 ശതമാനം വാർഷിക വരുമാനവളർച്ച ഉറപ്പുനൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാരം പെട്ടെന്ന് നിർത്തി. ഇതുവഴി കേരളത്തിന് പ്രതിവർഷം ഏകദേശം 12,000 കോടി രൂപ നഷ്ടമായി. രണ്ട് സ്ലാബുകളുള്ള പുതിയ ജി.എസ്.ടി. ഘടന കേരളത്തിന് വർഷം 8,000 മുതൽ 10,000 കോടി രൂപവരെ നഷ്ടമുണ്ടാക്കുമെന്ന മുന്നറിയിപ്പും അവഗണിക്കപ്പെട്ടു.

ജി.എസ്.ടി. പ്രതീക്ഷയും തിരിച്ചടിയും

കേരളം ജി.എസ്.ടിയെ വലിയ പ്രതീക്ഷയോടെയാണ് വരവേറ്റത്. പുറംസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്ന ഉപഭോക്തൃ സംസ്ഥാനമായതിനാൽ ഡെസ്റ്റിനേഷൻ പ്രിൻസിപ്പിൾ കേരളത്തിന് ഗുണം ചെയ്യും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ യാഥാർത്ഥ്യമായില്ല.

അരവിന്ദ് സുബ്രഹ്മണ്യൻ കമ്മിറ്റി നിർദേശിച്ച 15–15.5 ശതമാനം റവന്യൂ ന്യൂട്രൽ റേറ്റ് സ്വീകരിച്ചില്ല. പകരം 5, 12, 18, 28 ശതമാനം എന്ന സങ്കീർണ്ണ സ്ലാബ് സംവിധാനം നടപ്പാക്കി. തിരഞ്ഞെടുപ്പുകൾ മുൻനിർത്തിയുള്ള നിരക്കുവെട്ടിക്കുറപ്പുകളും സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിച്ചു.

ഐ.ജി.എസ്.ടി. ചോർച്ച

ഐ.ജി.എസ്.ടി. സെറ്റിൽമെൻ്റിലെ സുതാര്യതയില്ലായ്മ കേരളത്തിന് വലിയ തിരിച്ചടിയായി. ഇ-കൊമേഴ്സ് വ്യാപാരികൾ വിതരണസ്ഥലം കൃത്യമായി രേഖപ്പെടുത്താത്തതിനാൽ കേരളത്തിന് ലഭിക്കേണ്ട നികുതി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ആശുപത്രികൾ, സർക്കാർ കോളേജുകൾ, ഐ.എസ്.ആർ.ഒ. പോലുള്ള നികുതി ബാധ്യതയില്ലാത്ത സ്ഥാപനങ്ങൾ പുറത്തുനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. അതിനാൽ ഐ.ജി.എസ്.ടി. ശൃംഖല മുറിയുകയും കേരളത്തിന് കിട്ടേണ്ട നികുതി നഷ്ടപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ ഏപ്രിലിൽ മാത്രം കേരളത്തിൻ്റെ ഐ.ജി.എസ്.ടി. പൂളിൽനിന്ന് 965 കോടി രൂപ വിശദീകരണമില്ലാതെ വെട്ടിക്കുറച്ചു. 2020–21 മുതൽ 2022–23 വരെ ലഭിച്ചിരുന്ന 28,813 കോടി രൂപയുടെ ജി.എസ്.ടി. നഷ്ടപരിഹാരം അവസാനിപ്പിച്ചതും വലിയ ആഘാതമായി.

ജി.എസ്.ടി. കൗൺസിലിലെ കേരളത്തിൻ്റെ ഇടപെടൽ

ഈ സാഹചര്യത്തിൽ ജി.എസ്.ടി. കൗൺസിലിൽ സാമ്പത്തിക ഫെഡറലിസത്തിനായി ശക്തമായി വാദിച്ച സംസ്ഥാനമായിരുന്നു കേരളം. 1.5 കോടി രൂപയ്ക്കു താഴെ വിറ്റുവരവുള്ള ചെറുകിട നികുതിദായകരുടെ ഭരണനിയന്ത്രണം സംസ്ഥാനങ്ങൾക്കുതന്നെ വേണമെന്ന് കേരളം ആവശ്യപ്പെട്ടു. അത് നേടിയെടുക്കാനും കഴിഞ്ഞു.

കൗൺസിലിന് വൈസ് ചെയർപേഴ്സൺ, സ്വതന്ത്ര സെക്രട്ടേറിയറ്റ്, ഫലപ്രദമായ തർക്കപരിഹാര സംവിധാനം എന്നിവ വേണമെന്നും കേരളം ആവശ്യപ്പെട്ടു. ഇ-കൊമേഴ്സ് വ്യാപാരത്തിൽ വിതരണസംസ്ഥാനം നിർബന്ധമായി രേഖപ്പെടുത്തണമെന്ന നിയമഭേദഗതിക്കും കേരളത്തിൻ്റെ ഇടപെടൽ സഹായിച്ചു. സംസ്ഥാന ജി.എസ്.ടി. വകുപ്പിനെ ഡിജിറ്റൽ കാലത്തിനനുസരിച്ച് പുനഃസംഘടിപ്പിച്ച ആദ്യസംസ്ഥാനവും കേരളമാണ്. ഡാറ്റാ അനലിറ്റിക്സ് വിഭാഗവും ഫേസ്ലെസ് അഡ്ജുഡിക്കേഷൻ സംവിധാനവും നടപ്പാക്കിയതും വലിയ ഭരണപരിഷ്കാരങ്ങളാണ്.

കിഫ്ബിക്കെതിരായ ആക്രമണം

യു.ഡി.എഫ്. റിപ്പോർട്ടിൻ്റെ പ്രധാന ആക്രമണം കിഫ്ബിക്കെതിരെയാണ്. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും കിഫ്ബിക്ക് നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വാദം റിപ്പോർട്ട് ഉയർത്തുന്നു. എന്നാൽ ഈ തുക ധനവിനിയോഗ ബില്ലിൽ ഉൾപ്പെടുത്തി, നിയമസഭയുടെ അംഗീകാരത്തോടെ സംസ്ഥാന സഞ്ചിതനിധിയിൽ ഉൾപ്പെടുത്തിയശേഷമാണ് കിഫ്ബിക്ക് നൽകുന്നത്. അതിനാൽ ഇതിൽ ഭരണഘടനാ ലംഘനമില്ല.

കിഫ്ബിയുടെ കടം സംസ്ഥാനത്തിൻ്റെ കടമാണെന്ന് സി.എ.ജി. അന്തിമമായി പറഞ്ഞുവെന്ന വാദവും ശരിയല്ല. സി.എ.ജി. പരാമർശം അന്തിമമാകാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അംഗീകാരം വേണം. 2021 ജനുവരി 22ന് കേരള നിയമസഭ തന്നെ ആ അഭിപ്രായം തള്ളിയിട്ടുണ്ട്. വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയിലാണ്.

കിഫ്ബി വരുമാനം ചോർത്തുന്നില്ല

കിഫ്ബി സംസ്ഥാനത്തിൻ്റെ വരുമാനം ചോർത്തുന്നു എന്ന വാദവും തെറ്റാണ്. നിയമപരമായി വകയിരുത്തിയ വരുമാനം പൊതുവികസനത്തിനായി ഉപയോഗിക്കുകയാണ് കിഫ്ബി ചെയ്യുന്നത്. മോട്ടോർവാഹന നികുതിയും പെട്രോളിയം സെസ്സും ഒരു സ്വകാര്യസ്ഥാപനം കൈവശപ്പെടുത്തുന്നില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക സംവിധാനമാണ് അത് പൊതുപദ്ധതികൾക്ക് ഉപയോഗിക്കുന്നത്.

സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയ ആസ്തികൾ കിഫ്ബി വഴിയാണ് സൃഷ്ടിക്കപ്പെട്ടത്. കിഫ്ബിക്ക് മുമ്പ് കേരളത്തിൻ്റെ മൂലധനച്ചെലവ് ജി.എസ്.ഡി.പിയുടെ 1.24 ശതമാനം മാത്രമായിരുന്നു. അത്തരമൊരു അവസ്ഥയിൽ നിന്ന് പുറത്തുവരാനുള്ള ഉപാധിയായിരുന്നു കിഫ്ബി. അതിനെ പ്രശ്നമായി കാണേണ്ടതല്ല; പരിഹാരമായി കാണണം.

കിഫ്ബി രണ്ടാമത്തെ സർക്കാരല്ല

കിഫ്ബിയെ “രണ്ടാമത്തെ സർക്കാർ” എന്ന് വിളിക്കുന്നതും ശരിയല്ല. കിഫ്ബിയുടെ ബാധ്യതകൾ വർഷംതോറും ബജറ്റ് രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ഫിസ്കൽ റിസ്ക് സ്റ്റേറ്റ്മെൻ്റ്, കണ്ടിൻജൻ്റ് ലയബിലിറ്റി സ്റ്റേറ്റ്മെൻ്റ്, ഗ്യാരണ്ടി സ്റ്റേറ്റ്മെൻ്റ് എന്നിവയിൽ ഈ വിവരങ്ങൾ വരുന്നു. ഇക്കണോമിക് റിവ്യൂ ഓരോ വർഷവും പദ്ധതികളുടെ വിവരങ്ങൾ നൽകുന്നു.

ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്കും വിവരങ്ങൾ നൽകിയിട്ടുണ്ട്. കിഫ്ബി ബോണ്ടുകൾക്ക് വിപണിയിൽ നല്ല സ്വീകാര്യതയും ലഭിച്ചു. നിയമസഭയാണ് കിഫ്ബി നിയമവും അതിൻ്റെ ഭേദഗതികളും പാസാക്കിയത്. അതുകൊണ്ട് നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കുന്നില്ല.

കിഫ്ബി വായ്പകളുടെ ചെലവ്

കിഫ്ബിയുടെ കടമെടുക്കൽ ചെലവ് സർക്കാരിൻ്റെ സാധാരണ കടപ്പത്ര പലിശയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. സർക്കാർ കടമെടുക്കുന്നത് പൊതുവായ കടപ്പത്രങ്ങൾ വഴിയാണ്. കിഫ്ബി കടമെടുക്കുന്നത് പ്രത്യേക പദ്ധതികൾക്കായി ഉപയോഗിക്കുന്ന പ്രോജക്ട് ഫിനാൻസ് ഉപകരണങ്ങളിലൂടെയാണ്. മസാല ബോണ്ടുകൾ, ടേം ലോണുകൾ, ആഭ്യന്തര ബോണ്ടുകൾ എന്നിവ അതിലുണ്ട്.

ഇവയെ സംസ്ഥാന സർക്കാരിൻ്റെ സാധാരണ കടപ്പത്രങ്ങളുമായി താരതമ്യം ചെയ്യാതെ, സമാനമായ ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളോടാണ് താരതമ്യം ചെയ്യേണ്ടത്. കിഫ്ബി ഇല്ലായിരുന്നെങ്കിൽ പല പദ്ധതികൾക്കും പണം കണ്ടെത്താൻ കഴിയുമായിരുന്നില്ല. കേന്ദ്രം വായ്പാപരിധി കുറച്ച സാഹചര്യത്തിൽ വികസനം തുടരാൻ കേരളം കണ്ടെത്തിയ വഴിയാണ് കിഫ്ബി.

മസാല ബോണ്ട് ചെലവും യാഥാർത്ഥ്യവും

മസാല ബോണ്ട് ചെലവിനെക്കുറിച്ചും വിമർശനമുണ്ട്. പക്ഷേ ഇത് ഒരു ഇന്ത്യൻ സംസ്ഥാനം പുറത്തിറക്കിയ ആദ്യ സബ്-സോവറിൻ മസാല ബോണ്ടായിരുന്നു. നിയമഫീസ്, റേറ്റിങ് ഫീസ്, ലിസ്റ്റിങ് ഫീസ്, വിദേശ റോഡ്‌ഷോകൾ തുടങ്ങിയ ചെലവുകൾ ഇത്തരം ആദ്യ അന്താരാഷ്ട്ര ബോണ്ടുകൾക്ക് സാധാരണമാണ്. 2,150 കോടി രൂപ സമാഹരിച്ചപ്പോൾ ചെലവ് ഏകദേശം 0.5 ശതമാനം മാത്രമായിരുന്നു. അതിനെ വലിയ ക്രമക്കേടായി ചിത്രീകരിക്കുന്നത് ശരിയല്ല.

കിഫ്ബി പദ്ധതികളുടെ ജില്ലാ വിതരണം

കിഫ്ബി പദ്ധതികളിൽ കണ്ണൂർ, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകൾക്ക് കൂടുതൽ തുക ലഭിച്ചുവെന്ന വിമർശനവും ഉയർത്തുന്നു. പക്ഷേ വെറും ജില്ലാവിതരണം നോക്കി വിധി പറയാനാവില്ല. പദ്ധതികളുടെ സ്വഭാവവും ആവശ്യവും നോക്കണം.

കാസറഗോഡ്–കണ്ണൂർ കോറിഡോർ, മെഡിക്കൽ കോളേജ്, തീരദേശ ഹൈവേ, വടക്കൻ കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ പിന്നാക്കാവസ്ഥ എന്നിവ കാരണം കണ്ണൂരിലെ നിക്ഷേപം സ്വാഭാവികമാണ്. തിരുവനന്തപുരം ഭരണതലസ്ഥാനവും എറണാകുളം വാണിജ്യകേന്ദ്രവുമാണ്. അവിടങ്ങളിലെ നിക്ഷേപങ്ങൾ സംസ്ഥാനത്തുടനീളം ഗുണഫലം സൃഷ്ടിക്കും.

പട്ടികജാതി–പട്ടികവർഗ വിഹിതത്തിലെ സത്യം

പട്ടികജാതി–പട്ടികവർഗ ക്ഷേമത്തെക്കുറിച്ചുള്ള യു.ഡി.എഫ്. വാദങ്ങളും കണക്കിൽ തകരുന്നു. 2017–18 മുതൽ 2025–26 വരെ എല്ലാ വർഷങ്ങളിലും സംസ്ഥാന പ്ലാൻ അടങ്കലിൻ്റെ 9.81 ശതമാനം പട്ടികജാതി ഉപപദ്ധതിക്കും 2.83 ശതമാനം പട്ടികവർഗ ഉപപദ്ധതിക്കും വകയിരുത്തിയിട്ടുണ്ട്. 2011 സെൻസസ് പ്രകാരം കേരളത്തിൽ പട്ടികജാതിക്കാർ 9.10 ശതമാനവും പട്ടികവർഗക്കാർ 1.45 ശതമാനവുമാണ്. അതായത് വകയിരുത്തൽ ജനസംഖ്യാനുപാതത്തേക്കാൾ കൂടുതലാണ്.

യു.ഡി.എഫ്. റിപ്പോർട്ട് ഇവിടെ കണക്കുകൾ കൂട്ടിക്കുഴയ്ക്കുന്നു. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി., ന്യൂനപക്ഷ വകുപ്പുകളുടെ ചെലവുകൾ ഒന്നിച്ച് ചേർത്ത് എസ്.സി.–എസ്.ടി. ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുന്നു. ഒ.ബി.സി., ന്യൂനപക്ഷ പദ്ധതികൾ എസ്.സി.–എസ്.ടി. സബ് പ്ലാൻ പോലെ ജനസംഖ്യാനുപാതികമായി വകയിരുത്തുന്നതല്ല. തദ്ദേശസ്ഥാപനങ്ങൾ വഴി ചെലവഴിക്കുന്ന വലിയൊരു തുകയും ഔദ്യോഗിക വകുപ്പുകണക്കുകളിൽ കാണില്ല. ഇതെല്ലാം മറച്ചുവെച്ചാണ് വെട്ടിക്കുറവെന്ന പ്രചാരണം.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള ഇടപെടലുകൾ

ഇടതുസർക്കാരുകൾ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കി. ഭൂരഹിതർക്കു ഭൂമി, ലൈഫ് മിഷനിലൂടെ വീടുകൾ, സേഫ് പദ്ധതിയിലൂടെ പഴയ വീടുകളുടെ നവീകരണം, വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി, ട്രൈബൽ റീസെറ്റിൽമെൻ്റ് ആൻഡ് ഡെവലപ്‌മെൻ്റ് മിഷൻ വഴി വീടുകൾ എന്നിവ അതിൽപ്പെടുന്നു.

വിദ്യാഭ്യാസരംഗത്തും വലിയ ഇടപെടലുകൾ നടന്നു. ഇ-ഗ്രാൻ്റ്സ് വഴി ലക്ഷക്കണക്കിന് പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഇതിനായി 5,326 കോടി രൂപ ചെലവഴിച്ചു. പഠനമുറികൾ, വിദേശപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ്പ്, പലിശരഹിത വിദ്യാഭ്യാസ വായ്പ, ലാപ്‌ടോപ്പുകൾ, മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്റ്റെതസ്കോപ്പുകൾ, മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ ‘ത്രൈവ്’ പദ്ധതി, സിവിൽ സർവീസ് കോച്ചിംഗ്, കുടുംബശ്രീ ബ്രിഡ്ജ് കോഴ്സുകൾ എന്നിവയും ഈ ഇടപെടലുകളുടെ ഭാഗമാണ്.

ആരോഗ്യം, തൊഴിൽ, അടിസ്ഥാനസൗകര്യം, ഭക്ഷ്യസുരക്ഷ, നിയമപരിരക്ഷ എന്നീ മേഖലകളിലും വിപുലമായ പ്രവർത്തനങ്ങളുണ്ടായി. സമഗ്ര ആദിവാസി ആരോഗ്യപരിരക്ഷ, അരിവാൾ രോഗികൾക്കും ഗർഭിണികൾക്കും സഹായം, മൊബൈൽ മെഡിക്കൽ ക്യാമ്പുകൾ, അട്ടപ്പാടിയിലെ ‘ഊരിൻ്റെ താരാട്ട്’, സ്കിൽ പരിശീലനം, ഉന്നതി കേരള എംപവർമെൻ്റ് സൊസൈറ്റി, ‘വിങ്സ്’ പദ്ധതി, അംബേദ്കർ ഗ്രാമം, ഐശ്വര്യ ഗ്രാമം, ഇടമലക്കുടി പാക്കേജ്, ഹരിതരശ്മി, മില്ലറ്റ് വില്ലേജ്, കമ്മ്യൂണിറ്റി കിച്ചണുകൾ, കേരള ട്രൈബൽ പ്ലസ്, ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താനുള്ള പ്രത്യേക റിക്രൂട്ട്മെൻ്റ് എന്നിവ ഇതിൽപ്പെടുന്നു.

യു.ഡി.എഫ്. ബജറ്റ് തന്നെ വാദം പൊളിക്കുന്നു

യു.ഡി.എഫ്. പുതുക്കിയ ബജറ്റ് തന്നെ സാമ്പത്തിക തകർച്ചാ വാദത്തെ ചോദ്യം ചെയ്യുന്നു. 2026–27ൽ സർക്കാർ തന്നെ 1,69,646 കോടി രൂപ തനത് വരുമാനവും 2,27,567 കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്നു. 2024–25ൽ ആകെ ചെലവ് 1,73,808 കോടി രൂപയും 2025–26ൽ 1,92,456 കോടി രൂപയുമായി ഉയർന്നുവെന്നും രേഖ പറയുന്നു. സാമ്പത്തിക തകർച്ചയാണെങ്കിൽ ഇത്രയും വരുമാനവും ചെലവും എങ്ങനെ പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിന് യു.ഡി.എഫ്. മറുപടി പറയേണ്ടതുണ്ട്.

പ്രതിസന്ധിക്കഥയുടെ യഥാർത്ഥ ലക്ഷ്യം

ധവളപത്രം സൃഷ്ടിക്കുന്ന പ്രതിസന്ധിക്കഥയുടെ പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുക, അടിസ്ഥാന ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ കുറയ്ക്കുക, പൊതുമേഖലയെ ദുർബലപ്പെടുത്തുക, പൊതുവിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറുക, കരിമണൽ ഉൾപ്പെടെയുള്ള പ്രകൃതിസമ്പത്ത് സ്വകാര്യകുത്തകകൾക്ക് തുറന്നുകൊടുക്കുക — ഇതിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.

സംസ്ഥാന പദ്ധതി വിഹിതത്തിൽ 5,380 കോടി രൂപയുടെ കുറവ് വരുത്തിയതും, പട്ടികജാതി ഉപപദ്ധതിയിൽ 236.70 കോടിയും പട്ടികവർഗ ഉപപദ്ധതിയിൽ 35.45 കോടിയും കുറച്ചതും, തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ 1,533.55 കോടി രൂപ കുറച്ചതും ഈ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. സ്ത്രീസുരക്ഷാ പെൻഷൻ, കണക്ട് ടു വർക്ക് പോലുള്ള പദ്ധതികൾ ബജറ്റ് പ്രസംഗത്തിൽ കാണാതായത് ഈ ആശങ്ക വർധിപ്പിക്കുന്നു.

യഥാർത്ഥ തിരഞ്ഞെടുപ്പ് എന്ത്?

കേരളത്തിന് മുന്നിലുള്ള തിരഞ്ഞെടുപ്പ് സാമ്പത്തിക അച്ചടക്കവും സാമ്പത്തിക അരാജകത്വവും തമ്മിലല്ല. വിപണിയുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള സാമ്പത്തിക ചട്ടക്കൂടും ജനങ്ങളുടെ ജീവിതസുരക്ഷയെ കേന്ദ്രമാക്കുന്ന വികസന ചട്ടക്കൂടും തമ്മിലാണ് യഥാർത്ഥ തിരഞ്ഞെടുപ്പ്.

ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്നത് സാമൂഹികസുരക്ഷ, അടിസ്ഥാനസൗകര്യ നിക്ഷേപം, ഉത്പാദന സമ്പദ്വ്യവസ്ഥ എന്നീ മൂന്ന് തൂണുകളിലാണ്. ക്ഷേമപെൻഷൻ ശക്തിപ്പെടുത്തൽ, ഗിഗ് തൊഴിലാളികളെയും അനൗപചാരിക തൊഴിലാളികളെയും നിയമപരിരക്ഷയുടെ ഭാഗമാക്കൽ, കുടിവെള്ളം, നഗരഗതാഗതം, പുനരുപയോഗ ഊർജം, തീരസംരക്ഷണം, ചെറുകിട നിർമ്മാണം, സഹകരണസംരംഭങ്ങൾ, വിജ്ഞാനമേഖല എന്നിവയ്ക്കുള്ള പൊതുനിക്ഷേപം — ഇതാണ് കേരളത്തിൻ്റെ മുന്നോട്ടുള്ള വഴി.

അവസാന വാക്ക്

യു.ഡി.എഫ്. ധവളപത്രം സാങ്കേതിക നിഷ്പക്ഷതയുടെ ഭാഷയിൽ അവതരിപ്പിച്ച ഒരു രാഷ്ട്രീയ രേഖയാണ്. അതിൻ്റെ ലക്ഷ്യം കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം മുന്നോട്ടുവച്ച വികസന–ക്ഷേമ ചെലവുകളെ ചോദ്യം ചെയ്യുകയും ചെലവുചുരുക്കലിനെ സ്വാഭാവികമാക്കുകയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽനിന്ന് പിൻമാറാൻ വഴിയൊരുക്കുകയും ചെയ്യുന്നതാണ്.

“വസ്തുതകളുടെ ധവളപത്രം” ഈ പ്രചാരണത്തിന് മറുപടി പറയുന്നു. കേരളത്തിൻ്റെ ധനഞെരുക്കം കെടുകാര്യസ്ഥതയുടെ ഫലമല്ല. ഫെഡറൽ വിവേചനത്തെയും ജി.എസ്.ടി. ആഘാതത്തെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടുകൊണ്ട് വികസനവും സാമൂഹികസുരക്ഷയും ഒന്നിച്ച് പിടിച്ചുനിറുത്തിയ ഒരു രാഷ്ട്രീയത്തിൻ്റെ വിലയാണ് അത്.

കേരളത്തിൻ്റെ ഭാവി ധനകാര്യ ഉത്തരവാദിത്തവും പൊതുസുരക്ഷയും കൂട്ടിച്ചേർക്കുന്നതിലാണ്. സാമ്പത്തിക വളർച്ചയെ ജനാധിപത്യ ആസൂത്രണവുമായി ബന്ധിപ്പിക്കുന്നതിലാണ്. ഉത്പാദനപരമായ വളർച്ചയെ സാമൂഹികസുരക്ഷയുമായി ചേർക്കുന്നതിലാണ്. അതുകൊണ്ട് കേരളമാതൃകയെ പിറകോട്ട് വലിക്കുന്ന വലതുപക്ഷ ധവളപത്രത്തെ കേരളം തിരിച്ചറിയണം, ചോദ്യം ചെയ്യണം, തള്ളിക്കളയണം എന്നു പറയുന്നത്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS