കേരളത്തിൻ്റെ സാമ്പത്തിക ഭൂപടം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും രാഷ്ട്രീയ പോരാട്ടങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ശേഷം യാഥാർഥ്യമായ ഈ പദ്ധതി, ഒരു തുറമുഖം മാത്രമല്ല; കേരളത്തിൻ്റെ ഭാവി വികസനത്തിൻ്റെ കവാടമാണ്. ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി ഇന്ത്യയെ ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ശക്തമായി അടയാളപ്പെടുത്താൻ കഴിയുന്ന അപൂർവ പദ്ധതിയെന്ന നിലയിലാണ് വിഴിഞ്ഞത്തെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ വിഴിഞ്ഞത്തിൻ്റെ ഉടമസ്ഥാവകാശ ഘടനയിലോ പ്രവർത്തന മാതൃകയിലോ ഉണ്ടാകുന്ന ഏത് മാറ്റവും ഒരു വാണിജ്യ ഇടപാടായി മാത്രം കാണാൻ കഴിയില്ല. അത് കേരളത്തിൻ്റെ സാമ്പത്തിക, വ്യവസായ, സുരക്ഷാ താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്.
ഈ സാഹചര്യത്തിലാണ് ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എം.എസ്.സിക്ക് വിഴിഞ്ഞം തുറമുഖത്തിൻ്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നത്. ഈ വാർത്തകൾ ശരിയാണെങ്കിൽ അത് ഒരു സാധാരണ ഓഹരി കൈമാറ്റമല്ല. ഏകദേശം 13,000 കോടി രൂപ മൂല്യമുള്ള ഓഹരികളുമായി ബന്ധപ്പെട്ട നിർണായക തീരുമാനമായിരിക്കും അത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ പൂർണ സുതാര്യതയും പൊതുചർച്ചയും അനിവാര്യമാണ്.
വിഴിഞ്ഞം പദ്ധതിയുടെ കൺസഷൻ എഗ്രിമെൻ്റ് ഈ വിഷയത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നുണ്ട്. അതനുസരിച്ച് 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അതായത്, സർക്കാരിൻ്റെ വ്യക്തമായ അംഗീകാരമില്ലാതെ ഇത്തരമൊരു കൈമാറ്റം നിയമപരമായി സാധ്യമല്ല. മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതുപോലെ ഇതുവരെ അത്തരമൊരു അപേക്ഷ സർക്കാരിന് ലഭിച്ചിട്ടില്ലെങ്കിൽ അത് സ്വാഗതാർഹമായ വിശദീകരണമാണ്. എന്നാൽ ഇത്തരമൊരു നീക്കം ഭാവിയിൽ സർക്കാരിൻ്റെ പരിഗണനയ്ക്ക് വന്നാൽ അത് അതീവ ജാഗ്രതയോടെയും പൊതുതാൽപര്യം മുൻനിർത്തിയും മാത്രമേ തീരുമാനിക്കാവൂ.
വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തെക്കുറിച്ച് കേരളം ആദ്യം മുതൽ മുന്നോട്ടുവച്ച ആശയം വ്യക്തമായിരുന്നു. ലോകോത്തര നിലവാരത്തിലുള്ള മൾട്ടി ഓപ്പറേറ്റർ പോർട്ട് എന്ന മാതൃകയാണ് വിഭാവനം ചെയ്തത്. വിവിധ ഷിപ്പിങ് കമ്പനികൾക്കും ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന തുറന്ന മത്സരാധിഷ്ഠിത സംവിധാനമായിരുന്നു ലക്ഷ്യം. എന്നാൽ ഒരു ആഗോള ഷിപ്പിങ് കമ്പനി തന്നെ വലിയ ഓഹരി പങ്കാളിയായി മാറുകയാണെങ്കിൽ ആ മാതൃകയ്ക്ക് അടിസ്ഥാനപരമായ മാറ്റം സംഭവിക്കുമെന്ന ആശങ്ക ന്യായമാണ്.
ഒരു ഷിപ്പിങ് കമ്പനി തന്നെ തുറമുഖത്തിൻ്റെ നിർണായക ഓഹരി കൈവശപ്പെടുത്തുമ്പോൾ, ആ തുറമുഖത്തിൻ്റെ വ്യാപാര നയങ്ങളിലും പ്രവർത്തന രീതികളിലും സ്വാഭാവികമായ സ്വാധീനം ചെലുത്താൻ കഴിയും. അത് ക്രമേണ മറ്റ് ഷിപ്പിങ് കമ്പനികളുടെ സാന്നിധ്യം കുറയുന്നതിനും, മൾട്ടി ഓപ്പറേറ്റർ മാതൃക ദുർബലമാകുന്നതിനും ഇടയാക്കുമെന്ന ആശങ്ക വിദഗ്ധരും പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ വിഴിഞ്ഞം ഒരു തുറന്ന ആഗോള വ്യാപാരകേന്ദ്രമല്ലാതെ ഒരു കമ്പനിയുടെ താൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന തുറമുഖമായി മാറാനുള്ള സാധ്യത നിഷേധിക്കാനാവില്ല.
ഇതിൻ്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കേണ്ടിവരിക കേരളത്തിലെ കയറ്റുമതിക്കാരും ഇറക്കുമതിക്കാരുമായിരിക്കും. മത്സരിക്കുന്ന നിരവധി ഷിപ്പിങ് കമ്പനികളുടെ സേവനം ലഭിക്കുന്നതിനുപകരം ഒരു പ്രധാന കമ്പനിയുടെ ശൃംഖലയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യം വന്നാൽ ചരക്കുകൂലി മുതൽ സേവന നിലവാരം വരെ പല മേഖലകളിലും മത്സരം കുറയാം. വിപണിയുടെ അടിസ്ഥാന തത്വം മത്സരമാണ്. മത്സരം ഇല്ലാതാകുമ്പോൾ നിരക്കുകൾ, സേവന നിലവാരം, ഉപഭോക്തൃ സ്വാതന്ത്ര്യം എന്നിവയെല്ലാം ബാധിക്കപ്പെടും.
ഈ വിഷയത്തിന് സാമ്പത്തിക വശം മാത്രമല്ല, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വശവും ഉണ്ട്. വിഴിഞ്ഞം ഒരു സാധാരണ തുറമുഖമല്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന തുറമുഖമാണ് അത്. അതുകൊണ്ടുതന്നെ ഉടമസ്ഥാവകാശ ഘടനയിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ ദേശീയ സുരക്ഷയുടെ കാഴ്ചപ്പാടിലും സൂക്ഷ്മമായി വിലയിരുത്തപ്പെടണം. ലോകത്തിലെ പ്രധാന സമുദ്രവ്യാപാര പാതകളുമായി ബന്ധപ്പെട്ട ഇത്തരമൊരു അടിസ്ഥാനസൗകര്യത്തിൽ ഒരു ആഗോള കോർപ്പറേറ്റിന് വലിയ നിയന്ത്രണം ലഭിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോയെന്ന ചോദ്യവും പരിശോധിക്കേണ്ടതുണ്ട്.
സാമ്പത്തികമായും മറ്റൊരു ആശങ്ക ഉയരുന്നുണ്ട്. നിലവിലെ കരാർ പ്രകാരം 2035 മുതൽ സംസ്ഥാന സർക്കാരിന് തുറമുഖത്തിൽ നിന്ന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും. എന്നാൽ ഓഹരി ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഭാവിയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനം കുറയുന്ന തരത്തിലുള്ള സാമ്പത്തിക ക്രമീകരണങ്ങൾക്ക് സാധ്യതയുണ്ടോയെന്നതും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. ഇത്തരം ഇടപാടുകൾ വെറും ഉടമസ്ഥാവകാശ മാറ്റമല്ല; ഭാവിയിലെ വരുമാന മാതൃകകളെയും സ്വാധീനിക്കാൻ സാധ്യതയുള്ളവയാണ്.
വിഴിഞ്ഞം തുറമുഖത്തെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ലോജിസ്റ്റിക്സ് ശൃംഖലയും കേരളത്തിൻ്റെ വികസന പദ്ധതിയിലെ പ്രധാന ഘടകമാണ്. കോൺകോർ, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. തുറമുഖത്തെ ആധാരമാക്കി വൻ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ ഒരു കമ്പനിയുടെ കുത്തക സ്വഭാവമുള്ള നിയന്ത്രണം വർധിച്ചാൽ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനികൾക്കും തുല്യ അവസരം ലഭിക്കുമോയെന്ന ചോദ്യവും ഉയരുന്നു.
വിഴിഞ്ഞം ഒരു കമ്പനിയുടെ വിജയകഥയാകേണ്ട പദ്ധതിയല്ല. കേരളത്തിൻ്റെ സമഗ്ര സാമ്പത്തിക വളർച്ചയുടെ എൻജിനായി മാറേണ്ട അടിസ്ഥാനസൗകര്യമാണ് അത്. അതിനാൽ അതിൻ്റെ ഭാവി ഏതെങ്കിലും ഒരു കോർപ്പറേറ്റിൻ്റെ വ്യാപാര താൽപര്യങ്ങൾ മാത്രം മുൻനിർത്തി നിർണയിക്കപ്പെടരുത്. സംസ്ഥാനത്തിൻ്റെ വ്യവസായ നയം, തുറമുഖ നയം, ദേശീയ സുരക്ഷ, പൊതുമേഖലയുടെ പങ്കാളിത്തം, കേരളത്തിലെ സംരംഭകരുടെ താൽപര്യം, ഭാവിയിലെ നിക്ഷേപ സാധ്യതകൾ എന്നിവയെല്ലാം ഒരുപോലെ പരിഗണിച്ചുള്ള സമീപനമാണ് ആവശ്യം.
ഇതിനാൽ 49 ശതമാനം ഓഹരി എം.എസ്.സിക്ക് കൈമാറുന്ന തരത്തിലുള്ള ഏതെങ്കിലും നിർദേശം സർക്കാരിൻ്റെ പരിഗണനയ്ക്ക് വന്നാൽ അത് വെറും ഭരണപരമായ അനുമതിയായി കാണാൻ പാടില്ല. കേരളത്തിൻ്റെ ഭാവി വികസന മാതൃകയെ നിർണയിക്കുന്ന നയപരമായ തീരുമാനമായിരിക്കും അത്. വിഴിഞ്ഞം തുറമുഖം ഒരു മൾട്ടി ഓപ്പറേറ്റർ, മൾട്ടി ക്ലയൻ്റ്, മത്സരാധിഷ്ഠിത ആഗോള തുറമുഖമായി നിലനിൽക്കണമോ, അതോ ക്രമേണ ഒരു കോർപ്പറേറ്റിൻ്റെ നിയന്ത്രണത്തിലേക്ക് നീങ്ങണമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ആ തീരുമാനത്തിലായിരിക്കും.
കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തലമുറകൾക്ക് ഗുണം ചെയ്യുന്ന പൊതുസമ്പത്തായി നിലനിൽക്കണമെങ്കിൽ, അതിൻ്റെ ഉടമസ്ഥാവകാശത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഓരോ നീക്കവും അതീവ ജാഗ്രതയോടെയും പൂർണ സുതാര്യതയോടെയും പൊതുതാൽപര്യം മുൻനിർത്തിയും മാത്രമേ മുന്നോട്ടുകൊണ്ടുപോകാവൂ.









