HomeSOCIETYആറ്റുകാലിലെ മ...

ആറ്റുകാലിലെ മദാമ്മപ്പെരുമ

-

Reading Time: 8 minutes

-ഞാന്‍ ദൈവവിശ്വാസിയാണ്.
-ആറ്റുകാലമ്മയുടെ ഭക്തനാണ്.
-ആറ്റുകാല്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്.
-വീട്ടിലുള്ള സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്.
-ഇന്നും പൊങ്കാലയ്ക്ക് അവരെ കൊണ്ടുവിട്ടു, തിരികെ വിളിക്കാനും പോകും.
ഇത്രയും സത്യം. ഇനി പറയുന്നതും സത്യങ്ങള്‍ മാത്രം.

ഇന്ന് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ഭഗവതിക്ക് ‘ഭക്തലക്ഷങ്ങള്‍’ പൊങ്കാലയിട്ടു എന്ന വാര്‍ത്ത ഇന്നുച്ചയോടെ വാര്‍ത്താചാനലുകളില്‍ നിറയും. നാളത്തെ തിരുവനന്തപുരം എഡിഷന്‍ പത്രങ്ങളിലും ഒന്നാം പേജില്‍ തന്നെ ഇത് വായിക്കാം. ഈ വര്‍ഷം ‘ലക്ഷം’ 35 തൊടുമെന്നാണ് സൂചന!!! അതോ 45 ആണോ? തീരുമാനം അറിയില്ല. ആരാണ് ‘ലക്ഷം’ തൊടുവിക്കുന്നത്. കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന ആറ്റുകാലിലെ ക്ഷേത്രഭാരവാഹികള്‍ തന്നെ. ഓരോ വര്‍ഷവും ഒരു നിശ്ചിത ‘ലക്ഷം’ ഇവരങ്ങ് കൂട്ടിവെയ്ക്കും. അതുകൊണ്ട് എന്താണ് നേട്ടമെന്ന് മനസ്സിലാക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല. ആറ്റുകാല്‍ ഭഗവതിക്ക് ഇതില്‍ ഒരു റോളുമില്ല എന്നത് പച്ചപ്പരമാര്‍ത്ഥം.

ഈ ലക്ഷക്കണക്കുകള്‍ ശരിയാണോ? അല്ല, എന്നു ഞാന്‍ ഉറപ്പിച്ചുപറയും. വര്‍ഷങ്ങളോളം പൊങ്കാലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്തിരുന്നയാള്‍ എന്ന നിലയ്ക്ക് എനിക്ക് ക്ഷേത്രഭാരവാഹികള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ കള്ളക്കളികള്‍ നന്നായറിയാം. 2009ലെ ആറ്റുകാല്‍ പൊങ്കാലയില്‍ 25 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന ലോക റെക്കോഡ് എങ്ങനെ വന്നു? ഗിന്നസുകാര്‍ എന്തായാലും ഇവിടെ വന്ന് എണ്ണിനോക്കിയിട്ടില്ലെന്ന് ഉറപ്പ്. ഈ ലോക റെക്കോഡ് ഒപ്പിച്ചുകൊടുത്തത് ഭക്തയായ ഒരു മദാമ്മയാണെന്ന് പലര്‍ക്കുമറിയില്ല. തിരുവനന്തപുരത്തെ പത്രക്കാരും അതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ് എന്ന അമേരിക്കക്കാരിയാണ് റെക്കോഡിനു പിന്നിലെ പ്രേരകശക്തി. എനിക്ക് അവരെ നന്നായറിയാം, 2000 മുതല്‍. വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് അവരെ പരിചയപ്പെട്ടത്. അത് വിശദമാക്കാം. 1999 ജൂണിലാണ് ഞാന്‍ തിരുവനന്തപുരം മാതൃഭൂമയില്‍ ലൈനര്‍ ആയി ജോലിക്കു കയറുന്നത്. 2000ലാണ് എന്റെ ആദ്യ പൊങ്കാല റിപ്പോര്‍ട്ടിങ് അനുഭവം. അതിന്റെ തുടക്കം ഒന്നാം പേജില്‍ അച്ചടിച്ചുവന്ന ബൈലൈന്‍ സ്റ്റോറിയിലൂടെയായിരുന്നു. ഒന്നാം പേജില്‍ പേര് വെച്ച് വാര്‍ത്ത വരിക എന്നത് അക്കാലത്ത് തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വ്വ സംഭവമാണ്. അതിനാല്‍ത്തന്നെ ആ തലക്കെട്ട് ഇന്നും ഓര്‍മ്മയിലുണ്ട് -പൊങ്കാലയില്‍ ഡോക്ടറേറ്റുമായി ഡയാന്‍ വീണ്ടും ആറ്റുകാലില്‍. അന്ന് അവരുമായി സ്ഥാപിച്ച ബന്ധം 18 വര്‍ഷമായി തുടരുന്നു.

ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ് ആറ്റുകാല്‍ ക്ഷേത്രത്തില്‍
-ഫോട്ടോ: ബി.പി.ദീപു / ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

എഴുതിയത് ഞാനാണെങ്കിലും ആ ‘എക്‌സ്‌ക്ലൂസീവ്’ വാര്‍ത്ത കണ്ടെത്തിയത് ഞാനായിരുന്നില്ല എന്ന സത്യം പറയാന്‍ ഒരു മടിയുമില്ല. മാതൃഭൂമിയില്‍ അന്ന് ഫോട്ടോ എഡിറ്ററായിരുന്ന ടി.രാജന്‍ പൊതുവാളാണ് വാര്‍ത്ത കൊണ്ടുവന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപികയായി വിരമിച്ച ഡോ.എം.എസ്.ഹേമയായിരുന്നു സ്രോതസ്സ്. ഹേമ ടീച്ചറിന്റെ സുഹൃത്താണ് ഡയാന്‍. പൊതുവാളും ടീച്ചറിന്റെ സുഹൃത്താണ്. ഡയാനെയും പൊതുവാളിനെയും ഹേമ ടീച്ചര്‍ മുട്ടിച്ചുകൊടുത്തു.

ടി.രാജന്‍ പൊതുവാള്‍

തത്സമയം ഒരു ‘എക്‌സ്‌ക്ലൂസീവ് പൊതുവാളിന് മണത്തു. അദ്ദേഹം മാതൃഭൂമിയില്‍ അന്നത്തെ ചീഫ് റിപ്പോര്‍ട്ടറും ഇപ്പോഴത്തെ തിരുവനന്തപുരം സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിനോടു വിവരം പറഞ്ഞു. ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന അദ്ദേഹം ഉടനെ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി -‘ശ്യാമേ.. പൊതുവാളിനൊപ്പം പോകൂ. ഒരു നല്ല സ്‌റ്റോറിയുണ്ട്.’ ഇത്രയേ പറഞ്ഞുള്ളൂ. പൊതുവാളാണ്. ചോദ്യവും ഉത്തരവും ഒന്നും അനുവദനീയമല്ല. കേട്ട പാതി കേള്‍ക്കാത്ത പാതി റൈറ്റിങ് പാഡും പേനയുമെടുത്ത് അദ്ദേഹത്തിനു പിന്നാലെ ഞാനിറങ്ങി -എന്താണെന്നോ ഏതിനാണെന്നോ എങ്ങോട്ടാണെന്നോ അറിയാതെ.

മാതൃഭൂമി പത്രത്തിനു വേണ്ടി റിപ്പോര്‍ട്ടിങ്ങിനു പോകാന്‍ വാഹനം അനുവദിക്കുന്ന പതിവ് അന്നില്ല. ഇന്നുമില്ല എന്നാണ് അറിവ്. അതിനാല്‍ പൊതുവാളിന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റിലായിരിക്കും യാത്ര എന്ന് ഉറപ്പിച്ചു. എന്നാല്‍, അന്ന് എന്റെ യാത്ര പൊതുവാളിനൊപ്പം കമ്പനി വക മഹീന്ദ്ര അര്‍മാഡ ജീപ്പിലായിരുന്നു. മോഹനേട്ടനായിരുന്നു സാരഥി എന്നാണോര്‍മ്മ. ജീപ്പ് മെയിന്‍ റോഡിലിറങ്ങിയപ്പോള്‍ തന്നെ പാതയോരത്ത് പൊങ്കാലക്കലങ്ങള്‍ വില്‍ക്കാന്‍ അടുക്കിവെച്ച് ഒരമ്മച്ചി ഇരിക്കുന്നത് കണ്ടു. അപ്പോള്‍ത്തന്നെ പൊതുവാള്‍ ജീപ്പ് നിര്‍ത്താന്‍ പറഞ്ഞു. നല്ലൊരു ഫോട്ടോ ആംഗിള്‍ കണ്ടിട്ടുണ്ടാകും എന്നു ഞാന്‍ കരുതി.

ജീപ്പ് നിര്‍ത്തിയപ്പോള്‍ പൊതുവാള്‍ ഇറങ്ങി. ക്യാമറ സീറ്റില്‍ വെച്ചു. എന്നോടും മോഹനേട്ടനോടും ഇറങ്ങാന്‍ പറഞ്ഞു. കാര്യം പിടികിട്ടാതെ ഞങ്ങള്‍ പിന്നാലെ ചെന്നു. പൊതുവാള്‍ 5 കലങ്ങള്‍ വാങ്ങി. രണ്ടെണ്ണം എന്റെ കൈയില്‍. രണ്ടെണ്ണം മോഹനേട്ടന്. ഒരെണ്ണം പൊതുവാളുമെടുത്തു. ജീപ്പില്‍ സുരക്ഷിതമായി വെച്ചു. ജീപ്പ് മുന്നോട്ട്. പോകുന്നവഴിക്ക് യാത്രാലക്ഷ്യം അദ്ദേഹം ചെറുതായി വിശദീകരിച്ചു തന്നു -പൊങ്കാലയില്‍ ഡോക്ടറേറ്റെടുത്ത ഒരു മദാമ്മയെക്കുറിച്ചാണ് വാര്‍ത്ത. ഒരു ഇരയെ കിട്ടിയ സിംഹത്തെപ്പോലെ വാര്‍ത്ത കടിച്ചുകീറാന്‍ ഞാന്‍ തയ്യാറെടുത്തു. പൊങ്കാലത്തലേന്ന് ചെയ്യാന്‍ പറ്റിയ പൊങ്കാല വാര്‍ത്ത!!

കുമാരപുരത്തെ ബര്‍മ്മ റോഡിലുള്ള ഒരു വലിയ വീട്ടിലാണ് 5 മദാമ്മമാരെ ഞാന്‍ കണ്ടത്. അതില്‍ ഒരാളാണ് ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ്. അന്നു ഡയാനൊപ്പം പരിചയപ്പെട്ടവരില്‍ ഒരാളുമായി കൂടി അടുത്ത കാലം വരെ ബന്ധമുണ്ടായിരുന്നു -കാലിഫോര്‍ണിയയിലെ സെര്‍പന്റീന എന്ന നൃത്തസംഘത്തിലെ പ്രധാന നര്‍ത്തകി സാന്ദ്ര റോഡ്‌സ്. പൊതുവാള്‍ നേരത്തേ വാങ്ങിയ പൊങ്കാലക്കലങ്ങള്‍ ഞങ്ങള്‍ അവര്‍ക്കു സമ്മാനിച്ചു. ആ മദാമ്മമാര്‍ പൊങ്കാലക്കലങ്ങളും പിടിച്ചുനില്‍ക്കുന്ന വര്‍ണ്ണാഭമായ സുന്ദരചിത്രം പൊതുവാളിന്റെ ക്യാമറയില്‍ പതിഞ്ഞു. അടുത്ത ദിവസത്തെ ഒന്നാം പേജ് ചിത്രം!!!

കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്‌പേഴ്‌സണല്‍ സൈക്കോളജിയില്‍ പ്രൊഫസറാണ് ഡയാന്‍. അവര്‍ ആദ്യമായി പൊങ്കാല കണ്ടത് 1993ല്‍. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്ന എര്‍ത്ത്‌വാച്ചിന്റെ അംഗമെന്ന നിലയില്‍ പഠനത്തിനാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്. വെള്ളനാട്ടുള്ള ഒരു കുടുംബത്തോടൊപ്പമായിരുന്നു താമസം. ആ കുടുംബം ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കാന്‍ പോയപ്പോള്‍ മദാമ്മയും ഒപ്പം കൂടി. സ്ത്രീകളുടെ ഇത്രയും വലിയ കൂട്ടം പൂര്‍ണ്ണ ആധിപത്യത്തോടെ വിരാജിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ആ അത്ഭുതവുമായി അവര്‍ മടങ്ങി.

അടുത്ത തവണ ഡയാന്‍ ഇന്ത്യയിലെത്തിയത് പൊങ്കാലയോടടുപ്പിച്ച ദിനങ്ങളിലാണ്. ആ പൊങ്കാലയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി സുഹൃത്തുക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊക്കെ പങ്കിട്ടു. എന്നാല്‍, ദൃശ്യങ്ങള്‍ കണ്ടവര്‍ ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഡയാനിനായില്ല. ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടുതല്‍ പഠിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമായി. ഹേമ ടീച്ചര്‍ ആവശ്യമായ സഹായമൊക്കെ ചെയ്തു. അറിവ് തേടിയുള്ള യാത്രകള്‍ ഒരു പഠനപ്രബന്ധമായി മാറി. അത് അവസാനിച്ചത് കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ സ്റ്റഡീസില്‍ നിന്ന് ആറ്റുകാലിനെ ആധാരമാക്കി സ്ത്രീകളുടെ ആത്മീയത എന്ന വിഷയത്തിലുള്ള ഡോക്ടറേറ്റിലാണ്.

1997ല്‍ ക്ഷേത്രപരിസരത്ത് ഡയാന്‍ ആദ്യമായി പൊങ്കാലയിട്ടു. അതിനുശേഷം ഓരോ വര്‍ഷവും പുതിയ കൂട്ടുകാരുമായി അവര്‍ പൊങ്കാലയ്ക്കു വന്നുതുടങ്ങി. നാലാമത്തെ തവണ പൊങ്കാലയിടാന്‍ വന്നപ്പോഴാണ് പൊതുവാളിന്റെ ക്യാമറയ്ക്കും എന്റെ പേനയ്ക്കും അവര്‍ ഇരയായത്. 2000 പൊങ്കാല ദിനത്തിലെ മാതൃഭൂമി തിരുവനന്തപുരം, കൊല്ലം എഡിഷനുകള്‍ ലൈബ്രറിയില്‍ നിന്ന് എടുത്തു നോക്കിയാല്‍ ഒന്നാം പേജില്‍ പൊതുവാളിന്റെ പേരിലുള്ള ചിത്രവും എന്റെ പേരിലുള്ള വാര്‍ത്തയും കാണാം.

അടുത്ത ദിവസം പൊങ്കാലയിടുമ്പോള്‍ ഹേമ ടീച്ചറിന്റെ വീട്ടില്‍ പോയി പടവും വാര്‍ത്തയുമെടുത്ത് ഫോളോ അപ്പ്. ഹേമ ടീച്ചറും ഞാനും പരിചയക്കാരാണെന്ന് അവരെ നേരില്‍ക്കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ ഇംഗ്ലീഷ് എം.എയ്ക്കു പഠിക്കുന്ന വേളയില്‍ എക്‌സ്പര്‍ട്ട് ലക്ചറിന്റെ ഭാഗമായി ക്ലാസ്സെടുക്കാന്‍ അവര്‍ വന്നിട്ടുണ്ട്. ഡയാനുമായുള്ള എന്റെ ബന്ധം ഉറച്ചത് ആ പരിചയത്തിന്റെ പേരിലാണ്. പിന്നെ എല്ലാ വര്‍ഷവും ഡയാന്റെ പൊങ്കാലയെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് അനുഷ്ഠാനം പോലെയായി. ഇക്കുറിയും ആരെങ്കിലുമൊക്കെ വാര്‍ത്ത ചെയ്തിട്ടുണ്ടാവും, ഞാന്‍ കണ്ടില്ല.

ഡയാന്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ആറ്റുകാലിനെ ഒടുവില്‍ ഗിന്നസ് താളില്‍ എത്തിച്ചത്. 2007ലോ മറ്റോ ഗിന്നസ് ബുക്കിന് അപേക്ഷ സമര്‍പ്പിച്ചതും അവര്‍ തന്നെ. ദൃശ്യങ്ങള്‍ക്കൊപ്പം അവര്‍ അനുബന്ധമായി സമര്‍പ്പിച്ചത് മാധ്യമവാര്‍ത്തകളാണ്. ലക്ഷങ്ങള്‍ പങ്കെടുത്തുവെന്ന കള്ളക്കണക്ക് നിരത്തിയ വാര്‍ത്തകളെല്ലാം സത്യമാണെന്ന് അക്കാലത്തെ മാധ്യമസ്ഥാപനങ്ങളുടെ തിരുവനന്തപുരം മേധാവിമാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ പത്രത്തില്‍ വന്ന വാര്‍ത്ത കള്ളമാണെന്ന് ഏതെങ്കിലും മേധാവി പറയുമോ?

എല്ലാവരും പറഞ്ഞ ഈ ‘സത്യം’ മുഖവിലയ്‌ക്കെടുത്ത ഗിന്നസുകാര്‍ ഇട്ടുകൊടുത്തു ഒരു റെക്കോഡ് -2009ല്‍ 25 ലക്ഷം പേര്‍ പൊങ്കാലയിട്ടു!! ക്ഷേത്രം ട്രസ്റ്റുകാര്‍ പറയുന്ന കണക്കനുസരിച്ച് തയ്യാറാക്കുന്നതാണ് വാര്‍ത്തയിലെ കണക്കുകളെല്ലാം. അവര്‍ക്കു താല്പര്യമില്ലാത്ത വാര്‍ത്ത വന്നാല്‍ വിവരമറിയും. ചെറുതായിട്ടാണെങ്കിലും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ട്രസ്റ്റിനെ എതിര്‍ത്തുകൊണ്ട് ഒരു പത്രവും ഇവിടെ ഒന്നും എഴുതില്ല. പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സ്റ്റാളുകള്‍ ഉത്സവകാലത്ത് ക്ഷേത്രപരിസരത്തു കിട്ടണമല്ലോ!

2000നു ശേഷം ഞാന്‍ തിരുവനന്തപുരം വിട്ടു. പിന്നെ തിരികെയെത്തുന്നത് 2006 ഓഗസ്റ്റിലാണ്. 2007 മുതല്‍ മാതൃഭൂമിയുടെ പൊങ്കാല റിപ്പോര്‍ട്ടിങ് വീണ്ടും എന്റെ ചുമലിലായി. ലോക റെക്കോഡ് അടക്കമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ തന്നെ. വാര്‍ത്ത വരുംപോലെ കൊടുത്തു, സ്വന്തം അഭിപ്രായം ഒന്നുമില്ല. ലോക റെക്കോഡ് ഒക്കെ വന്നതോടെ ആളുകള്‍ കൂടുതല്‍ ഗൗരവത്തോടെ പൊങ്കാല കണക്കുകള്‍ വിലയിരുത്തി തുടങ്ങി. അത്തരമൊരു വിലയിരുത്തലിനൊടുവില്‍ 2010ല്‍ ഞാന്‍ വാര്‍ത്തയെഴുത്ത് ചെറുതായൊന്നു പരിഷ്‌കരിച്ചു -പതിനായിരങ്ങള്‍ പൊങ്കാലയിട്ടു എന്നാക്കി. പതിനായിരങ്ങള്‍ വളര്‍ന്നാണല്ലോ ലക്ഷങ്ങളും കോടികളുമൊക്കെ ആവുന്നത്. വാര്‍ത്തയ്ക്ക് കൂടുതല്‍ ആധികാരികതയുമുണ്ടാവും.

ഞാന്‍ പിടിച്ചത് എത്രമാത്രം വലിയ പുലിവാലാണെന്ന് അടുത്ത ദിവസം രാവിലെയുള്ള ബ്യൂറോ മീറ്റിങ്ങിലാണ് മനസ്സിലായത്. മാതൃഭൂമിയിലെ മുതിര്‍ന്ന 2 മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഛന്നംപിന്നം വലിച്ചുകീറി. മെമോ വരെ എത്തിയില്ലെങ്കിലും വാക്കാലുള്ള താഡനം ആവശ്യത്തിലേറെ കിട്ടി. പതിനായിരങ്ങള്‍ എന്നെഴുതുന്നത് ഇത്ര വലിയ തെറ്റാണോ? പതിനായിരങ്ങള്‍ ചേര്‍ന്നല്ലേ ലക്ഷങ്ങള്‍ ആവുന്നത് ചേട്ടാ എന്ന് എന്റെ സംശയം വീണ്ടുമുയര്‍ത്തി. ലക്ഷങ്ങള്‍ എന്നു നേരിട്ടെഴുതിയാല്‍ എന്താ കുഴപ്പം എന്ന മറുചോദ്യം ആയിരുന്നു മറുപടി.

എന്നെ ചാടിക്കടിക്കാന്‍ വന്ന ചേട്ടന്മാരെ ഞാന്‍ കുറ്റം പറയില്ല. അതിരാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഭീഷണി നേരിട്ടത്തിന്റെ ക്ഷീണം എന്നോട് തീര്‍ത്തതാ. ബ്യൂറോ ചീഫായിരുന്ന ടി.അരുണ്‍കുമാര്‍ എന്നെ പിന്തുണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പക്കാ ‘തിരുവന്തോരം’ ആയ മറ്റേ 2 ചേട്ടന്മാര്‍ക്ക് അദ്ദേഹത്തിന്റെ ഇരട്ടി വീറുണ്ടായിരുന്നു. പൊങ്കാലയോടനുബന്ധിച്ച് മാതൃഭൂമിയില്‍ മാത്രമുള്ള രണ്ടോ മൂന്നോ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറികള്‍ ഉണ്ടായിരുന്നു. അതിന് പ്രശംസ പ്രതീക്ഷിച്ചു വന്ന എന്നെ ‘പതിനായിരങ്ങള്‍’ അടിച്ചുവീഴ്ത്തി. നല്ല വാര്‍ത്തകള്‍ ആരും കണ്ടതായി പോലും നടിച്ചില്ല. എന്തായാലും അതോടെ എന്റെ പൊങ്കാല റിപ്പോര്‍ട്ടിങ് അവസാനിച്ചു. 2012ല്‍ മാതൃഭൂമി വിട്ട് ഇന്ത്യാവിഷനിലെത്തിയ ശേഷവും പൊങ്കാലയില്‍ ഞാന്‍ കൈവെച്ചിട്ടില്ല.

ഡയാന്‍ എല്‍കിന്‍സ് ജന്നറ്റ് ആറ്റുകാല്‍ ക്ഷേത്രത്തില്‍
-ഫോട്ടോ: ബി.പി.ദീപു / ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

ഡയാന്‍ ഒരു തികഞ്ഞ ആറ്റുകാലമ്മ ഭക്തയാണ്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അമ്മ ഒപ്പമുള്ളതായി അനുഭവപ്പെട്ടുവെന്ന് അവര്‍ പറയുന്നു. ശരിയായിരിക്കാം. വിശ്വാസം, അതാണല്ലോ എല്ലാം. 1997നു ശേഷം എല്ലാ പൊങ്കാലയ്ക്കും – ഒരു തവണയൊഴികെ -ഡയാന്‍ വന്ന് നിവേദ്യം സമര്‍പ്പിച്ചിട്ടുണ്ട്. വരാനാവാത്ത വര്‍ഷം ആറ്റുകാലിലെ ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്ന അതേ സമയം കാലിഫോര്‍ണിയയിലെ വീട്ടിലൊരുക്കിയ അടുപ്പ് അവര്‍ തെളിയിച്ചു, പൊങ്കാലയിട്ടു. ജോലിയില്‍ നിന്നു വിരമിച്ച ശേഷം പൂര്‍ണ്ണമായി ആത്മീയ വഴിയിലായ ഡയാന്‍ ഇത്തവണയും പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ശ്രീകണ്‌ഠേശ്വരത്തെ ഹേമ ടീച്ചറിന്റെ വീട്ടില്‍ ചെന്നാല്‍ ആര്‍ക്കും അവരെ കാണാം.

ആറ്റുകാലമ്മയോടുള്ള ഭക്തിയുടെ പേരിലാണ് ഇത്രയധികം സ്ത്രീകള്‍ ഒത്തുചേരുന്നത് ഒരു റെക്കോഡല്ലേ എന്ന ചിന്ത ഡയാനില്‍ ഉടലെടുത്തത്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അതിന്റെ ഫലമോ? ലോക റെക്കോഡുള്ള ഒരു വിഷയത്തില്‍ ഡോക്ടറേറ്റുള്ള വ്യക്തി എന്ന ഖ്യാതി ഇപ്പോള്‍ ഡയാന് സ്വന്തം. പക്ഷേ, അവര്‍ പറയുന്ന കണക്കുകള്‍ ശരിയാണോ?

കണക്കു പരിശോധിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പൊങ്കാലയിടുന്ന സ്ഥലവിസ്തീര്‍ണ്ണം കണക്കാക്കുക. അടുത്തുനില്‍ക്കുന്ന ഒരാള്‍ക്ക് പൊള്ളലേല്‍ക്കാതെ ഒരടുപ്പ് വെയ്ക്കാന്‍ വേണ്ട സ്ഥലം നിര്‍ണ്ണയിക്കുക. ആകെ വിസ്തീര്‍ണ്ണത്തില്‍ എത്ര അടുപ്പ് ഉള്‍ക്കൊള്ളും എന്നു നോക്കിയാല്‍ പോരെ? തിരുവനന്തപുരം നഗരത്തിന് ഉള്‍ക്കൊള്ളാനാവുന്ന ജനങ്ങളെയും പരിഗണിക്കണം. ഒരു 3.5 ലക്ഷം അടുപ്പുകള്‍ നിരത്താന്‍ പറ്റിയേക്കും. യഥാര്‍ത്ഥത്തില്‍ പറയുന്നതിന്റെ പത്തിലൊന്ന്!! പരമാവധി 5 ലക്ഷം വരെ പോകാം. അതിലും കൂടുതല്‍ അസാദ്ധ്യമാണ്.

2011ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്. ഇതില്‍ സ്ത്രീകള്‍ 1,73,78,649. മൊത്തം ഹിന്ദുക്കള്‍ 1,82,82,492. സ്ത്രീകള്‍ ഇതിന്റെ പകുതി എന്നു കൂട്ടിയാല്‍ 92 ലക്ഷം വരും. ഇതില്‍ പകുതി -45 ലക്ഷം പേര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കു വരുമോ? അഥവാ 35 ലക്ഷം പേര്‍ വന്നാല്‍ തന്നെ ഇവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി തിരുവനന്തപുരം ജില്ലയ്ക്കുണ്ടോ? 2011ലെ കണക്കനുസരിച്ച് ജില്ലയിലെ ആകെ ജനസംഖ്യ 33,01,427 ആണ്. പൊങ്കാലയിടാന്‍ വരുന്ന 35 ലക്ഷത്തെക്കാള്‍ കുറവ്!!

തിരുവനന്തപുരം ജില്ലയിലുള്ളവരുടെ കണക്ക് മാത്രം നോക്കാം. 2011ല്‍ തിരുവനന്തപുരം ജില്ലയിലെ ഹിന്ദുക്കളുടെ എണ്ണം 21,94,057. ഇതില്‍ പകുതിയിലേറെ സ്ത്രീകളാണെന്നു കൂട്ടാം. അവര്‍ മുഴുവനും പൊങ്കാലയിടുന്നു (!!!) എന്നും വെയ്ക്കാം. എങ്കിലും പരമാവധി 11 ലക്ഷമേ വരൂ. മറ്റു ജില്ലകളില്‍ നിന്നു വരുന്നവരുടെ കണക്ക് എത്ര പെരുപ്പിച്ചാലും എല്ലാംകൂടി 15 ലക്ഷം വരെ പോകും. അത്രമാത്രം. ഈ 15 ലക്ഷം തികയണമെങ്കില്‍ കുറഞ്ഞത് ആറ്റിങ്ങല്‍ മുതല്‍ നെയ്യാറ്റിന്‍കര വരെ ഇടമുറിയാതെ അടുപ്പുകള്‍ നിരക്കണം!! അത്രയും അടുപ്പുകള്‍ ഉണ്ടോ?

35 അല്ലെങ്കില്‍ 45 ലക്ഷം പൊങ്കാലക്കലങ്ങള്‍ തളിച്ച് നിവേദിക്കണ്ടേ? അതിന് എത്ര പോറ്റിമാര്‍ വേണം? ഇത്തവണ ഔദ്യോഗികമായി നിയോഗിച്ചിട്ടുള്ളത് 250 പോറ്റിമാരെ എന്നാണ് അറിവായിട്ടുള്ളത്. ഇതിനു പുറമെ പ്രാദേശികമായി നിയോഗിക്കപ്പെട്ട പത്തിരട്ടി -2,500 പോറ്റിമാര്‍ കൂടിയുണ്ടെന്ന് കൂട്ടാം. ലക്ഷക്കണക്കിന് അടുപ്പുകളിലെ പായസം നിവേദിക്കുന്നതിന് 2,750 പോറ്റിമാര്‍ തികയുമോ? അവര്‍ എത്ര സമയം കൊണ്ട് നിവേദിച്ചു തീര്‍ക്കും?

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കേ എന്തിനാണ് കള്ളക്കണക്കുകള്‍ നിരത്തുന്നത്? ശരിക്കും ഈ പൊങ്ങച്ചം പറച്ചില്‍ ആറ്റുകാലമ്മയുടെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുകയല്ലേ ചെയ്യുന്നത്? 3 ലക്ഷം പേര്‍ പൊങ്കാലയിടുന്നതു തന്നെ വലിയൊരു കാര്യമല്ലേ? ഇതെന്തിന് കുറച്ചു കാണണം?

പൊങ്കാലയിലെ കണക്കുകള്‍ ചോദ്യം ചെയ്ത ഞാന്‍ കടുത്ത ദൈവനിന്ദയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എന്റെ അമ്മ അടക്കമുള്ളവര്‍ പറയുമായിരിക്കും. സാരമില്ല, ആറ്റുകാലമ്മ ഭക്തവത്സലയാണ്. ഞാന്‍ പോയി തൊഴുത് പ്രാര്‍ത്ഥിച്ചോളാം. സത്യം പറഞ്ഞതിന്റെ പേരില്‍ ദേവി എന്നെ ശപിച്ചു ഭസ്മമാക്കുകയൊന്നുമില്ല. മറിച്ച്, അനുഗ്രഹിക്കുകയേയുള്ളൂ. ആറ്റുകാലമ്മയോട് ട്രസ്റ്റുകാരെക്കാള്‍ ഭക്തി എനിക്കുണ്ടെന്ന് 101 ശതമാനം ഉറപ്പ്!!

ആറ്റുകാലമ്മയോട് ഈ നിമിഷത്തില്‍ എനിക്കൊരു പ്രാര്‍ത്ഥനയേ ഇപ്പോഴുള്ളൂ -‘ന്റെ ദേവീ.. ഈ തള്ള് വേന്ദ്രന്മാരുടെ ഇടയില്‍ നിന്ന് നിന്നെ നീ തന്നെ കാത്തോണേ!!’

LATEST insights

TRENDING insights

5 COMMENTS

  1. കൊള്ളാം ചേട്ടാ… തകർത്തു. ഞാനും ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷം ആയി. ഞാൻ മനസ്സിൽ ചിന്തിച്ച കുറച്ചു കാര്യങ്ങൾ ചേട്ടൻ ഇവിടെ എഴുതിയിട്ടുണ്ട്.. നേരിന്റെ വരികൾക്ക് അഭിനന്ദനങ്ങൾ…

  2. ഒരു പൊരുത്തക്കേട് കാണുന്നു… തുടക്കത്തിൽ സ്വയം ഒരു ആറ്റുകാലമ്മ ഭക്തനാണെന്ന് പറയുന്നു. പിന്നെയെന്തിനാണ് മദാമ്മയുടെ ആറ്റുകാലമ്മ ഭക്തിയെ തരംതാഴ്ത്തി ചിത്രീകരിച്ചത് … വിശ്വാസമല്ലേ എല്ലാം എന്നൊക്കെ കമന്റിയത്… എല്ലാവരുടെ ഭക്തിയും ഭക്തിയല്ലേ ചങ്ങാതീ… നിങ്ങൾ ജേണലിസ്റ്റുകൾ പൊലിപ്പിച്ചെഴുതുന്ന ഓരോ കഥക്കുമുണ്ടാകുമല്ലോ പിന്നിലുമുണ്ടാകുമല്ലോ ഇത്തരം ഉപാഖ്യാനങ്ങൾ … എല്ലാം ഇങ്ങിനെ തുറന്നെഴുത്തിന് യോഗ്യമല്ലായിരിക്കും. എന്തായാലും എഴുതിയതെല്ലാം സത്യമാണെന്ന് മനസ്സിലായി. പക്ഷേ സായിപ്പ് പറയുംപോലെ it smacks bad taste.

    • ഭക്തി നല്ലതാണ്. അതിന്റേതായ സ്ഥാനത്ത്. തലയ്ക്കു പിടിച്ച് ഭ്രാന്താവുമ്പോള്‍ പ്രശ്‌നമാണ്. ഞാന്‍ ഭക്തഭ്രാന്തനല്ല. ആറ്റുകാലമ്മയ്ക്ക് എതിരുമല്ല. ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ആറ്റുകാലമ്മയെ പല രൂപത്തില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ക്ഷേത്ര ഭാരവാഹികളോടാണ്.

      ഡയാന്റെ ഭക്തിയെ ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷേ, ആ ഭക്തയ്ക്കുണ്ടായ തോന്നല്‍ പൊലിപ്പിച്ചു കാട്ടി യാഥാര്‍ത്ഥ്യമാക്കാന്‍ കച്ചവടം മാത്രം ലക്ഷ്യമിടുന്ന ട്രസ്റ്റുകാര്‍ നടത്തിയ കുടിലനീക്കങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇപ്പോഴും അവര്‍ അതു തന്നെ ചെയ്തുകൊണ്ടിരിക്കുന്നു.

      3.5 ലക്ഷം പേര്‍ക്ക് സൗകര്യമൊരുക്കാനും 35 ലക്ഷം പേര്‍ക്ക് സൗകര്യമൊരുക്കാനും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ അജഗജാന്തര വ്യത്യാസമുണ്ടെന്നു മാത്രം മനസ്സിലാക്കുക.

      ഞാനൊന്നു തിരുത്തുന്നു –
      വിശ്വാസം, അതല്ല എല്ലാം..
      പണം, അതാണെല്ലാം..

  3. ഞാൻ പലപ്പോഴും ചോദിച്ചതാണ് ഈ കണക്കു എങ്ങിനെ ശരിയാവും എന്ന്, കിട്ടുന്ന ഉത്തരം ഗിന്നസ് റെക്കോർഡ് ഉണ്ടാലോ എന്നാണ്. വളരെ നന്നിയുണ്ട് ഇതിലെ തട്ടിപ്പു മനസിലാക്കിത്തന്നതിനു.

  4. Guinness certificate is stating that 2.5 million women gathered in event organized by Attukal Bhagavathy Temple Trust, they never said that they all offered Pongala.
    It is not practical to count them and the figure may not be accurate, but difficult to believe that no one from the Guinness World Recorders LTD has attended the event before issuing such certificate!!!

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks