തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ അവസാന ദിനം ടാഗോര്‍ തിയേറ്ററിലേക്കു കടന്നു ചെല്ലുമ്പോള്‍ ഞെട്ടി. സാധാരണനിലയില്‍ കാര്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഒരു പ്ലാറ്റ്‌ഫോമും കുറെ ബള്‍ബുകളും. പുരാണത്തിലെ ഏതൊക്കെയോ കഥാപാത്രങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നു. അടുത്തേക്കു ചെന്നു നോക്കിയപ്പോള്‍ മനസ്സിലായി നാടകത്തിന് കലാകാരന്മാര്‍ മേക്കപ്പിടുകയാണ്.
‘നാടകം ഇന്ന് പുറത്താണോ?’ -നേരത്തേ അവിടുണ്ടായിരുന്ന സുഹൃത്തിനോട് ചോദിച്ചു. ‘ഹേയ് അല്ല, നാടകം അകത്തു തന്നെയാണ്. ചമയമിടുന്നത് നമ്മളെ കാണിക്കുകയാണ്’ -മറുപടി കേട്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അല്പനേരം അവരെത്തന്നെ നോക്കിനിന്നു. എത്ര സൂക്ഷ്മമായിട്ടാണ് അവര്‍ തയ്യാറെടുക്കുന്നത്. അണിയിക്കാന്‍ പ്രത്യേകിച്ചാരുമില്ല. അഭിനേതാക്കള്‍ സ്വയം ഒരുങ്ങുന്നു. ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുന്നുണ്ട്.
ആദ്യം മുഖത്ത് ചായം തേച്ചു. ആഭരണങ്ങള്‍ അണിഞ്ഞു. തലമുടിയും താടിയുമെല്ലാം ചീകിയൊതുക്കി നിറം പകര്‍ന്നു. താടിയും മുടിയും നരച്ച 2 കഥാപാത്രങ്ങളുണ്ട്. മുഖത്തും കൈയിലും പുറത്തു കാണുന്ന ഭാഗത്തു മുഴുവന്‍ നീലനിറമടിച്ച ഒരു നടന്‍ -ശ്രീകൃഷ്ണനാവണം. മുഖചമയം കഴിഞ്ഞ് വേഷമണിയല്‍. എത്ര രസകരമായിട്ടാണ് പാളത്താറൊക്കെ ഉടുത്ത് അവര്‍ തയ്യാറായത്.
സ്ത്രീ വേഷമണിയുന്നതും പുരുഷന്മാര്‍ തന്നെ. അവരും തുറന്ന സ്ഥലത്ത് വേഷം മാറുന്നതു കണ്ടപ്പോള്‍ അടുത്തു നിന്നയാള്‍ക്ക് വൈക്ലബ്യം -അദ്ദേഹം അല്പം വൈകിയാണ് വന്നത്. പാവം വിചാരിച്ചു മുന്നിലുള്ളത് യഥാര്‍ത്ഥ സ്ത്രീകളാണെന്ന്! അത്രയ്ക്കു മികച്ചതായിരുന്നു ചമയം. സ്ത്രീകള്‍ സാരിയുടുക്കുന്നതിനെക്കാള്‍ മനോഹരമായി അവര്‍ ഞൊറിഞ്ഞുടുത്തു. ഒരുങ്ങി വന്നപ്പോള്‍ യഥാര്‍ത്ഥ സ്ത്രീകള്‍ തോറ്റുപോകുന്ന ഭംഗി. ഒരുക്കം കഴിഞ്ഞു വേദിയിലേക്ക്.
മഹാരാഷ്ട്രയില്‍ നിലവിലുള്ള പ്രശസ്തമായ നാടന്‍ കലാരൂപമാണ് ദശാവതാര്‍. കര്‍ണ്ണാടകത്തില്‍ രൂപം കൊണ്ടുവെങ്കിലും ഈ കലാരൂപം മഹാരാഷ്ട്രത്തില്‍ വ്യാപിച്ച് ഒടുവില്‍ കൊങ്കണ്‍ പ്രദേശത്ത് വേരുറപ്പിച്ചു. ഈ കലാരൂപത്തിന് എഴുതപ്പെട്ട കൃതികളുടെ ശേഖരമില്ല. അതിനാല്‍ത്തന്നെ ഇതിലെ സംഭാഷണം അഭിനേതാക്കളുടെ മനോധര്‍മ്മം അനുസരിച്ചാണ് വരിക. ‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന രീതി. എന്നാല്‍, അത്ര ലാഘവബുദ്ധിയോടെ പറയാനുമാവില്ല.
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുടെ കഥയാണ് ദശാവതാര്‍. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍കി എന്നീ അവതാരങ്ങളെക്കുറിച്ച് അഭിനേതാക്കള്‍ക്ക് നല്ല ധാരണയുണ്ടാവും. ഈ അവതാരങ്ങളില്‍ നിന്ന് ഏതു ഭാഗം പ്രേക്ഷകര്‍ ആവശ്യപ്പെട്ടാലും അവര്‍ അവതരിപ്പിക്കും -തയ്യാറെടുപ്പിന് 30 മുതല്‍ 45 വരെ മിനിറ്റ് വേണമെന്നു മാത്രം.
അവരുടെ അവതരണത്തിന്റെ ഭാഗമാണ് ചമയവും. അതാണ് സാധാരണനിലയില്‍ സ്റ്റേജിനു പിന്നിലെ ഗ്രീന്‍ റൂമില്‍ നടക്കുന്ന ചമയം അവര്‍ എല്ലാവരും കാണ്‍കെ തുറന്ന വേദിയില്‍ വെച്ചു നടത്തിയത്. എല്ലാം ചിട്ടയായി മുന്നേറുന്ന സാധാരണ നാടകത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ് മനോധര്‍മ്മം. എന്നാല്‍, ദശാവതാറില്‍ എല്ലാം മനോധര്‍മ്മമാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഈ കലാകാരന്മാരോടുള്ള ബഹുമാനം കൂടി.
ശ്രീകൃഷ്ണാവതാരവുമായി ബന്ധപ്പെട്ട മഹാരഥി കര്‍ണ് എന്ന നാടകമാണ് തിയേറ്റര്‍ ഒളിമ്പിക്‌സില്‍ ലാത്തൂരില്‍ നിന്നുള്ള ശ്രീമന്ത് സസാനെ ലോക് കലാ മഞ്ച് അവതരിപ്പിച്ചത്. പാട്ടും നൃത്തവുമെല്ലാമുള്ള ബാലെ രൂപം. ഓരോ കഥാപാത്രങ്ങളും കഥാഗതിക്കനുസരിച്ച് അവരുടെ സ്വന്തം സംഭാഷണമാണ് പറഞ്ഞതെങ്കിലും ഒരിക്കലും ഒരാള്‍ പോലും വിക്കിയില്ല.
മഹാഭാരത യുദ്ധത്തിന്റെ 16-ാം നാളില്‍ കര്‍ണ്ണനാണ് നായകന്‍. ആ ദിവസത്തെ കഥയാണ് മഹാരഥി കര്‍ണ്. യുദ്ധത്തിന്റെ 15-ാം ദിനം രാത്രി കര്‍ണ്ണനെ സൈന്യാധിപനായി ദുര്യോധനന്‍ വാഴിക്കുന്നിടത്താണ് തുടക്കം. ശല്യരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഈ നടപടി. ഒടുവില്‍ കര്‍ണ്ണനെ എതിര്‍ത്ത ശല്യര്‍ അദ്ദേഹത്തിന്റെ സാരഥിയാവുന്നു.
സൂതപുത്രനായി അസ്തിത്വം തേടുന്ന കര്‍ണ്ണനോട് അദ്ദേഹം സൂര്യപുത്രനാണെന്ന വസ്തുത ശ്രീകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. അത് ഫലത്തില്‍ കര്‍ണ്ണനെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയാണ്. കര്‍ണ്ണന്‍ സേനാധിപനായ വിവരമറിഞ്ഞ കുന്തി ആകെ അസ്വസ്ഥയാവുന്നു. കര്‍ണ്ണന്‍ ജ്യേഷ്ഠ പാണ്ഡവനാണെന്ന സത്യം വെളിപ്പെടുത്തി തന്റെ മക്കള്‍ക്കൊപ്പം വരാന്‍ പ്രേരിപ്പിക്കണമെന്ന് കൃഷ്ണനോട് കുന്തി അഭ്യര്‍ത്ഥിക്കുന്നു.
ഇക്കാര്യം കുന്തി തന്നെ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു കൃഷ്ണന്റെ അഭിപ്രായം. ഇപ്രകാരം കര്‍ണ്ണനെ കുന്തി കാണാനെത്തുന്നതാണ് നാടകത്തിലെ ഏറ്റവും മികച്ച രംഗം. ദുര്യോധനനോട് ചേര്‍ന്നു നില്‍ക്കാമെന്നു നല്‍കിയ വാക്ക് ലംഘിക്കാനാവില്ലെന്നു തീര്‍ത്തു പറയുന്ന കര്‍ണ്ണന്‍ താന്‍ നിമിത്തം അര്‍ജ്ജുനനൊഴികെ മറ്റൊരു സഹോദരനും അപകടമുണ്ടാവില്ലെന്ന ഉറപ്പുനല്‍കുന്നു.
16-ാം ദിനത്തിലെ യുദ്ധത്തില്‍ ധര്‍മ്മപുത്രരെ കര്‍ണ്ണന്‍ തോല്‍പ്പിക്കുന്നുവെങ്കിലും വാക്കു പാലിക്കുന്നതിന്റെ ഭാഗമായി കര്‍ണ്ണന്‍ അദ്ദേഹത്തെ കൊല്ലാതെ വിടുന്നു. അപമാനിതനായ ധര്‍മ്മപുത്രന്‍ കര്‍ണ്ണന്റെ മരണം കാണണമെന്ന് അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നു. അര്‍ജ്ജുനനുമായുള്ള പോരാട്ടത്തിനിടെ കര്‍ണ്ണന്റെ തേര്‍ച്ചക്രം ചേറില്‍ പുതയുന്നു. പരശുരാമന്റെ ശാപത്താല്‍ ദിവ്യാസ്ത്ര മന്ത്രങ്ങളൊന്നും ഓര്‍മ്മ വരുന്നുമില്ല.
രഥം ശരിയാക്കാന്‍ തേരാളിയായ ശല്യരോട് കര്‍ണ്ണന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ സാരഥിയാണ്, ജോലിക്കാരനല്ല എന്നു പറഞ്ഞ് അദ്ദേഹം നിഷേധിക്കുന്നു. തേര്‍ച്ചക്രം ശരിയാക്കാന്‍ താഴെയിറങ്ങുന്ന കര്‍ണ്ണനെ അര്‍ജ്ജുനന്‍ അമ്പെയ്തു വീഴ്ത്തുന്നു. ഒടുവില്‍ അര്‍ജ്ജുന സാരഥയിയായ ശ്രീകൃഷ്ണന്റെ മടിയില്‍ തലചായ്ച്ച് കര്‍ണ്ണന്‍ അന്ത്യശ്വാസം വലിക്കുന്നിടത്ത് 70 മിനിറ്റ് നീണ്ട നാടകത്തിന് സമാപ്തി.
കഥാപാത്രങ്ങള്‍ എല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എന്നാല്‍, തീര്‍ത്തും അത്ഭുതപ്പെടുത്തിയത് സ്ത്രീവേഷമണിഞ്ഞ നടന്മാരാണ്. അവര്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുക മാത്രമല്ല, അതിമനോഹരമായി പാടുകയും ചെയ്തു. നാടകത്തിനു ശേഷം പ്രേക്ഷകരോട് അവരുടെ സ്വന്തം ശബ്ദത്തില്‍ സംസാരിച്ചപ്പോഴാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേളയിലെ വ്യത്യാസം ശരിക്കും മനസ്സിലായത്.
കുന്തിയെ അവതരിപ്പിച്ച ഓംപ്രകാശ് ചൗഹാന്‍ എന്ന നടനോട് അങ്ങേയറ്റത്തെ ബഹുമാനം തോന്നി. അദ്ദേഹത്തിന്റേത് എല്ലാ അര്‍ത്ഥത്തിലും അസാദ്ധ്യ പ്രകടനമായിരുന്നു. 25 വര്‍ഷമായി ദശാവതാര്‍ അവതരിപ്പിക്കുന്ന ചൗഹാന്‍ കൊങ്കണിലെ ബാലഗന്ധര്‍വ്വനായാണ് അറിയപ്പെടുന്നത്.
കര്‍ണ്ണനെ അവതരിപ്പിച്ച് ആനന്ദ് കൊറെഗാംക്കര്‍ രൂപത്തിലും ഭാവത്തിലും അവതരണത്തിലും സംസാരത്തിലുമെല്ലാം നമ്മുടെ സുരേഷ് ഗോപിയെ അനുസ്മരിപ്പിച്ചു. തീവ്രമായ വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നുവെങ്കിലും കര്‍ണ്ണന്‍ ഒരു നല്ല മനുഷ്യനായും മികച്ച പോരാളിയായുമാണ് വേദിയിലെത്തിയത് -ശരിക്കുമൊരു മഹാരഥി.
ശ്രീകൃഷ്ണനെ അവതരിപ്പിച്ച സഞ്ജയ് മെസ്ത്രി, അര്‍ജ്ജുനനായി വന്ന പാണ്ഡുരംഗ് തണ്ടേല്‍, ശകുനിയായ ബാബന്‍ കലിംഗ, വൃഷാലിയായി എത്തിയ ദേവേന്ദ്ര റൗള്‍ എന്നിവരും കൈയടി നേടി. ജീവിതത്തില്‍ സാധാരണനിലയില്‍ ഒരിക്കലും കാണാനിടയില്ലാത്ത ദശാവതാര്‍ അനുഭവിച്ചറിയാന്‍ അങ്ങനെ അവസരം ലഭിച്ചു.
800 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന കലാരൂപമാണ് ദശാവതാര്‍. ഓരോ കലാകാരനും സ്വയം ഇതിന്റെ ഭാഗമായി മാറുന്നതാണ്. വീടുകള്‍ക്കുള്ളില്‍ ഓരോ വ്യക്തിയും വെവ്വേറെയാണ് തയ്യാറെടുപ്പ് നടത്തുന്നത്. അപൂര്‍വ്വമായി മാത്രം ടീമംഗങ്ങള്‍ ഒരുമിച്ചു വരും. സാങ്കേതിക സംവിധാനങ്ങളോ വേദിയോ ഇല്ലാതെ തെരുവുകളിലും വെളിമ്പ്രദേശങ്ങളിലും ദശാവതാര്‍ അരങ്ങേറുന്നു.
വര്‍ഷത്തില്‍ നവംബര്‍ മുതല്‍ മെയ് വരെ മാത്രമാണ് ഇവര്‍ക്ക് കളിയുണ്ടാവുക. അപ്പോള്‍ത്തന്നെ, ഒരു കെട്ടിടനിര്‍മ്മാണ തൊഴിലാളിക്കു കിട്ടുന്ന വേതനം പോലും ഒരവതരണത്തിന് ഈ പാവം കലാകാരന്മാര്‍ക്ക് കിട്ടില്ല. എന്നിട്ടും കലയോടുള്ള സമര്‍പ്പണം നിമിത്തം അവര്‍ കലാകാരന്മാരായി തുടരുന്നു. ഇവരെയൊക്കെ കാണുമ്പോഴാണ് കലയോട് പുലബന്ധം പോലുമില്ലെങ്കിലും കലാകാരന്മാരായി മേനി നടിക്കുന്ന കള്ളന്മാരെ പൊക്കിയെടുത്ത് കടലില്‍ ഇടാന്‍ തോന്നുന്നത്.