HomeSPORTSഇതിഹാസങ്ങള്‍ ...

ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല

-

Reading Time: 6 minutes

മനം മയക്കുന്ന ശബ്ദത്തില്‍ മുകേഷിന്റെ ഗാനം ഒഴുകിയെത്തി. സാഹിര്‍ ലുധ്യാന്‍വിയുടെ വരികള്‍. ഖയ്യാമിന്റെ ഈണം. യാഷ് ചോപ്ര സംവിധാനം ചെയ്ത കഭി കഭി എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. സ്ക്രീനില്‍ അമിതാഭ് ബച്ചനെ നോക്കിയപ്പോള്‍ വന്നത് മഹേന്ദ്ര സിങ് ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ സ്ലൈഡ് ഷോ.

मैं पल दो पल का शायर हूँ
पल दो पल मेरी कहानी है
पल दो पल मेरी हस्ती है
पल दो पल मेरी जवानी है

ഞാന്‍ ഈ നിമിഷത്തിന്റെ പാട്ടുകാരന്‍
എന്റെ കഥയ്ക്ക് നിമിഷത്തിന്റെ ആയുസ്സ് മാത്രം
എന്റെ ചിരിക്ക് നിമിഷത്തിന്റെ ആയുസ്സ് മാത്രം
എന്റെ യൗവ്വനത്തിന് നിമിഷത്തിന്റെ ആയുസ്സ് മാത്രം..

ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ചോദ്യത്തിനുള്ള ഉത്തരം ഏതാനും വാക്കുകളില്‍ ധോണി അവിടെ കോറിയിട്ടിരുന്നു –“നന്ദി -ഉടനീളം നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതല്‍ എന്നെ വിരമിച്ചയാളായി കണക്കാക്കാം.”

കളത്തിനകത്തും പുറത്തും ധോണിയുടെ ഉറ്റ സുഹൃത്തായ സുരേഷ് റെയ്നയുടെ വകയായി അടുത്ത ഞെട്ടിക്കല്‍. “നിനക്കൊപ്പം കളിക്കുന്നത് തീര്‍ത്തും ആസ്വാദ്യകരമായിരുന്നു മഹി. ഹൃദയം നിറഞ്ഞു തുളുമ്പുന്ന അഭിമാനത്തോടെ, ഈ യാത്രയില്‍ നിനക്കൊപ്പം ചേരാന്‍ ഞാനും തീരുമാനിക്കുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്!” തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിലും വ്യത്യസ്തത പുലര്‍ത്തിയ രണ്ടു താരങ്ങള്‍. നാട്യങ്ങളേതുമില്ലാതെ സലാം പറഞ്ഞു പിരിഞ്ഞുപോയി.

റെയ്നയും ധോണിയും ഇന്ത്യക്കായി ക്രീസില്‍

ഏറ്റവും മികച്ച നായകന്‍

വല്ലാത്തൊരു ശൂന്യത തോന്നുന്നത് എനിക്കു മാത്രമാണോ? ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ആ നമ്പര്‍ 7 DHONI എന്ന് ഇനി നമ്മള്‍ കാണില്ല. അതാണ് ഈ 2020 ഓഗസ്റ്റ് 15ലെ 74-ാം സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് വൈകുന്നേരം 7.29ന് ഇല്ലാതായത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍, പരിമിത ഓവര്‍ ക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതായി ആകെയുള്ള മൂന്നു കിരീടങ്ങളും -ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി -നേടിയ ഏക നായകന്‍. മാത്രമല്ല, ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിന്റെ തലപ്പത്തേക്കും ധോണി ഇന്ത്യയെ നയിച്ചു.

 

View this post on Instagram

 

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on

ധോണിക്ക് ഇപ്പോള്‍ 39 വയസ്സായിരിക്കുന്നു. എന്നിട്ടും ധോണിയെക്കാള്‍ കായികക്ഷമതയുള്ള ഒരു താരം ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുണ്ടായിരുന്നോ എന്നതു സംശയം. തന്റെ 350-ാം ഏകദിനം അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരമായി ധോണി അംഗീകരിച്ചിരിക്കുകയാണ്. 2019 ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ട സെമിഫൈനല്‍ അങ്ങനെ ധോണിയുടെ മംഗളം പാടലായി. അവിടെയും അര്‍ദ്ധസെഞ്ച്വറി മികവില്‍ തലയുയര്‍ത്തിയായിരുന്നു മടക്കം. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും അന്താരാഷ്ട്ര രംഗത്തു നിന്നു മാത്രമാണ് ധോണി വിരമിക്കുന്നത് എന്നു വിശ്വസിക്കാം. ഐ.പി.എല്ലില്‍ തുടരുമെന്നുറപ്പാണ്. ആഭ്യന്തര ക്രിക്കറ്റിന്റെ കാര്യം അറിയാനിരിക്കുന്നതേയുള്ളൂ.

2004 ഡിസംബറില്‍ തുടങ്ങിയ കരിയറില്‍ 350 ഏകദിനങ്ങള്‍ക്കു പുറമെ 90 ടെസ്റ്റ് മത്സരങ്ങളും 98 ട്വന്റി20 മത്സരങ്ങളും എം.എസ്.ധോണി കളിച്ചു. ആരും അസൂയപ്പെടുന്ന കണക്കുകള്‍ ഈ മനുഷ്യനു സ്വന്തം. ടെസ്റ്റില്‍ 4876, ഏകദിനത്തില്‍ 10773, ടി20യില്‍ 1617 എന്നിങ്ങനെ എല്ലാം കൂടി 17,266 അന്താരാഷ്ട്ര റണ്‍സ്, 16 സെഞ്ച്വറികള്‍, വിക്കറ്റ് കീപ്പറെന്ന നിലയില്‍ 33 റണ്ണൗട്ടുകളടക്കം 862 ഇരകള്‍. പക്ഷേ, ധോണി എന്ന കളിക്കാരന്റെ സ്ഥാനം ഈ കണക്കുകള്‍ക്കെല്ലാം അപ്പുറത്താണ്. പരമ്പരാഗത ശൈലികളെ വെല്ലുവിളിച്ച കളിക്കാരനും ക്യാപ്റ്റനും, കടുത്ത സമ്മര്‍ദ്ദത്തിനു മുന്നിലും അടിപതറാത്ത മിസ്റ്റര്‍ കൂള്‍. ഈ സ്വഭാവം ഒട്ടേറെ വലിയ മത്സരങ്ങള്‍ ഇന്ത്യക്കനുകൂലമാക്കുന്നതിന് ധോണിയെ പ്രാപ്തനാക്കിയിട്ടുണ്ട്. മുംബൈയില്‍ നടന്ന 2011 ലോകകപ്പ് ഫൈനലില്‍ അപരാജിതനായി 91 റണ്‍സ് നേടി അവസാനം സിക്സറടിച്ച് വിജയവും കിരീടവും സ്വന്തമാക്കിയത് ഏറ്റവും വലിയ ഉദാഹരണം. തന്റെ കരിയറിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നില്‍, 2007ലെ ആദ്യ ടി20 ലോക കപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരെ അവസാന ഓവര്‍ എറിയാന്‍ പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങ്ങിനു പകരം ജോഗീന്ദര്‍ ശര്‍മ്മയെ നിയോഗിക്കാനുള്ള തീരുമാനം മറ്റൊരുദാഹരണം.

സംഭവബഹുലമാണ് മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം. അദ്ദേഹത്തിന്റെ ജീവചരിത്രം സിനിമയായി മാറിയത് വെറുതെയല്ല. ചില പ്രധാന സംഭവങ്ങള്‍ സിനിമ വിട്ടുപോയി എന്നത് വേറെ കാര്യം. റാഞ്ചിയിലെ ക്രിക്കറ്റ് പിന്നാമ്പുറങ്ങളില്‍ നിന്നു വന്ന, റെയില്‍വേയില്‍ ടിക്കറ്റ് ഇന്‍സ്പെക്ടറായി ജോലി നോക്കിയിരുന്ന, മുടിനീട്ടിവളര്‍ത്തിയ, ഭയരഹിതനായ, കൂറ്റനടിക്കാരനായ ചെറുപ്പക്കാരന്‍ ഒരു വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്കു കടന്നുവന്നത്. കടന്നുവന്നു രണ്ടു വര്‍ഷത്തിനകം ആദ്യ ടി20 ലോകകപ്പില്‍ ദുര്‍ബലമായ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടു. ബി.സി.സി.ഐ. കാര്യമാക്കാതിരുന്ന ആ ടൂര്‍ണ്ണമെന്റില്‍ കിരീടമണിഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ചത് പില്‍ക്കാല ചരിത്രം. ഈ വിജയമാണ് കുട്ടിക്രിക്കറ്റിന്റെ വിപണി സാദ്ധ്യത തുറന്നിട്ട ഐ.പി.എല്ലിന് വഴിമരുന്നിട്ടതും ബി.സി.സി.ഐയെ ക്രിക്കറ്റ് രംഗത്തെ മുടിചൂടാ മന്നന്മാരായി പെട്ടെന്നു തന്നെ മാറ്റിയതും.

എം.എസ്.ധോണി

താമസിയാതെ ധോണി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ നായകനായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കി എന്നതു മാത്രമല്ല ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ തുടര്‍വിജയങ്ങള്‍ ആരാധകരെ കളിയോട് കൂടുതല്‍ അടുപ്പിച്ചു. വളരെ ശാന്തമായ, കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന തലച്ചോറായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഏറ്റവും വലിയ സമ്പത്ത്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മത്സരതന്ത്രങ്ങളെ സ്വാധീനിക്കാന്‍ ഒരിക്കലും ധോണി അനുവദിച്ചില്ല. കോച്ചായെത്തിയ ഗ്യാരി കേസ്റ്റനോടൊപ്പം ചേര്‍ത്ത് ആവിഷ്കരിച്ച തന്ത്രങ്ങളില്‍ മുതിര്‍ന്ന കളിക്കാരെ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കി ഉയര്‍ത്തിനിര്‍ത്തി. ഇതിനു പകരമായി അവര്‍ ധോണിക്കു നല്‍കിയത് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ചില വര്‍ഷങ്ങളായിരുന്നു.

ധോണിയുടെ കരിയറിന്റെ ഔന്നത്യം 2011 ലോകകപ്പ് വിജയമാണെന്നു ഞാന്‍ പറയും. പ്രായമേറുന്ന താരങ്ങളുടെ ടീമിനൊപ്പം അദ്ദേഹത്തിന് കാര്യങ്ങള്‍ ദുഷ്കരമാക്കി. വിശ്രമമില്ലാതെയുള്ള ക്രിക്കറ്റ് ധോണിയുടെ ശരീരത്തെയും ബാധിച്ചു. പൊട്ടിത്തെറിക്കുന്ന ബാറ്റിങ് ശൈലിക്കു മാറ്റം വന്നു. വളരെ കണക്കുകൂട്ടിയായി ക്രീസിലെ നീക്കങ്ങള്‍, വിശേഷിച്ചും വാലറ്റത്തോടൊപ്പം ബാറ്റു ചെയ്യുമ്പോള്‍. അവസാനഘട്ടത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് വലിയ വിമര്‍ശത്തിനു വഴിവെച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലേറ്റ പരാജയം തന്നെ ഉദാഹരണം. അവിടെ 5 വിക്കറ്റുകള്‍ കൈയിലുണ്ടായിരുന്നിട്ടും ഇന്ത്യ 31 റണ്‍സിനു തോറ്റു.

ധോണിയെക്കുറിച്ചു പറയുമ്പോള്‍ ഐ.പി.എല്ലിനെക്കുറിച്ചു പറയാതിരിക്കാനാവില്ല. ആരെയും അസൂയപ്പെടുത്തുന്ന റെക്കോഡാണ് ഐ.പി.എല്ലില്‍ ധോണിയുടേത്. അവിടെ അദ്ദേഹം തുടരുന്നുണ്ട് എന്നുള്ളത് തീര്‍ച്ചയായും ആശ്വാസകരമാണ്, ആവേശകരമാണ്. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ മുഖം തന്നെ ധോണിയാണല്ലോ. രണ്ടു വര്‍ഷം വിലക്കു നേരിട്ടിട്ടും ചെന്നൈ ടീമിന്റെ അലമാരയില്‍ ജേതാക്കള്‍ക്കുള്ള നാലു ട്രോഫികളും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള നാലു പ്ലേറ്റുകളും ഇരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ചെന്നൈ ഇന്ന് ധോണിക്ക് രണ്ടാം വീടാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈ ടീമിന്റെ സഹഉടമകളില്‍ ഒരാളായി ധോണി മാറിയതും വെറുതെയല്ല.

തളരാത്ത പോരാളി

2020 ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെക്കു പോകുന്നതിനു മുന്നോടിയായുള്ള ക്യാമ്പിനായി എം.എസ്.ധോണി ചെന്നൈയിലുണ്ട്. സുരേഷ് റെയ്നയും അവിടെത്തന്നെയുണ്ട്. ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അതിനോടുള്ള പ്രതികരണം എന്നവണ്ണം റെയ്നയും വിടവാങ്ങി. രണ്ടു പേരും ആലോചിച്ചെടുത്ത തീരുമാനമാവാം.

ധോണിയുടെ അന്താരാഷ്ട്ര കരിയര്‍ 16 വര്‍ഷമാണെങ്കില്‍ റെയ്നയ്ക്കുമുണ്ട് 13 വര്‍ഷം. ട്വന്റി20 മത്സരത്തില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് റെയ്ന. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും -ടെസ്റ്റ്, ഏകദിനം, ട്വന്റി20 -സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരന്‍. റെയ്നയുടെ ടെസ്റ്റ് കരിയറിന് വലിയ ദൈര്‍ഘ്യമുണ്ടായിരുന്നില്ല -ആകെ 18 എണ്ണം മാത്രം. 226 ഏകദിനങ്ങിലും 78 ടി20കളിലും കളിച്ചു. ടെസ്റ്റില്‍ 768, ഏകദിനത്തില്‍ 5615, ടി20ല്‍ 1605 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര റണ്‍സ് സമ്പാദ്യം. ഇടയ്ക്ക് ഓഫ് സ്പിന്നറുകള്‍ പറത്തി ഏകദിനത്തില്‍ 36 വിക്കറ്റുകളും ടെസ്റ്റിലും ടി20യിലും 13 വിക്കറ്റുകള്‍ വീതവും കീശയിലാക്കിയിട്ടുണ്ട്.

2004ലെ അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ ടീമംഗം എന്ന നിലയിലാണ് റെയ്നയുടെ രംഗപ്രവേശം. 2005 ജൂലൈയില്‍ 19-ാം വയസ്സില്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറി. എന്നാല്‍ ടെസ്റ്റിലെ അരങ്ങേറ്റത്തിനായി റെയ്നയ്ക്ക് പിന്നെയും അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, 2010 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ തന്നെ. അരങ്ങേറ്റത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയയാളാണ് റെയ്ന. 2011ല്‍ ലോകകിരീടം ധോണി ഉയര്‍ത്തുമ്പോള്‍ റെയ്ന ഒപ്പമുണ്ടായിരുന്നു.

സുരേഷ് റെയ്ന

ഷോര്‍ട്ട് പിച്ച് പന്തുകളെ നേരിടുന്നതിലെ പാളിച്ചയായിരുന്നു റെയ്നയുടെ ടെസ്റ്റ് കരിയര്‍ പുഷ്പിക്കാതിരിക്കാന്‍ കാരണം. ടെസ്റ്റില്‍ നിന്നു ധോണി വിരമിച്ച ശേഷം 2014-15ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ടീമിലേക്ക് റെയ്നയെ തിരികെ വിളിച്ചിരുന്നു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങിയ ഈ പരമ്പരയിലായിരുന്നു റെയ്നയുടെ അവസാന ടെസ്റ്റ് മത്സരം. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2016ല്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലേക്ക് റെയ്നയെ സെലക്ടര്‍മാര്‍ തിരികെ വിളിച്ചുവെങ്കിലും ചിക്കുന്‍ഗുനിയ കാരണം കളിക്കാനായില്ല. ഇന്ത്യക്കായി ഏകദിന, ടി20 മത്സരങ്ങളില്‍ റെയ്ന അവസാനമായി പാഡണിഞ്ഞത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. അതിനു മുമ്പ് 2017ല്‍ തന്നെ ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

പക്ഷേ, റെയ്ന ഓര്‍ക്കപ്പെടുക ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ എന്ന നിലയിലായിരിക്കും. മികച്ച ഫീല്‍ഡിങ്ങിലൂടെ പിടിച്ചുനിര്‍ത്തുന്ന റണ്‍സിലൂടെ മത്സരം ജയിപ്പിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചു. ഇടയ്ക്ക് ക്യാപ്റ്റന്‍ വേഷമണിഞ്ഞപ്പോഴെല്ലാം ഭാഗ്യദേവത റെയ്നയ്ക്കൊപ്പം നിന്നിട്ടുണ്ട്. 2011 ലോകകപ്പ് കഴിഞ്ഞയുടനെ വിന്‍ഡീസുമായി നടന്ന ഏകദിന പരമ്പരയില്‍ റെയ്നയായിരുന്നു ക്യാപ്റ്റന്‍. 3-2ന് ഇന്ത്യ ജയിച്ചു. ലോകകപ്പിനു ശേഷം ധോണി വിശ്രമത്തിലായിരുന്നതും പകരക്കാരന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് പരിക്കുമൂലം കളിക്കാനാവാതെ പോയതുമാണ് റെയ്നയെ ക്യാപ്റ്റനാക്കിയത്. 2014ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്കു മുഴുവന്‍ വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ റെയ്ന വീണ്ടും ക്യാപ്റ്റനായി. അവിടെയും 2-0ന് ഇന്ത്യ ജയിച്ചു.

റെയ്നയും ധോണിയും ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍

ഇന്ത്യന്‍ ടീമില്‍ റെയ്നയ്ക്കു പകരക്കാരനെ ലഭിക്കാന്‍ ബുദ്ധിമുട്ടാവില്ലെങ്കിലും ധോണിയുടെ ഷൂസിന് അനുയോജ്യമായ പാദങ്ങള്‍ കണ്ടെത്താന്‍ അല്പം ബുദ്ധിമുട്ടേണ്ടിവരും. വരുന്ന സെപ്റ്റംബര്‍ 19ന് യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജേഴ്സിയണിഞ്ഞ് ധോണിയും റെയ്നയുമുണ്ടാവും. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തലയും ചിന്നത്തലയുമായി അവര്‍ കളത്തില്‍ നിറയും. ഐ.പി.എല്ലില്‍ ഇതുവരെ ധോണി 4432 റണ്‍സും റെയ്ന 5368 റണ്‍സും നേടിക്കഴിഞ്ഞു.

ഇത് എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ മുന്നിലെ ടെലിവിഷന്‍ സ്ക്രീനില്‍ സ്റ്റാര്‍ ഗോള്‍ഡ് 2 ചാനലില്‍ ഓടിയിരുന്ന സിനിമ അവസാന രംഗത്തിലേക്ക് എത്തിയിരുന്നു. എം.എസ്.ധോണി -ദി അണ്‍ടോള്‍ഡ് സ്റ്റോറി. ഇഷ്ടമുള്ള രണ്ടു പേര്‍ എന്റെ കണ്ണിനെ ഈറനണിയിച്ചോ എന്നു സംശയം -മഹേന്ദ്ര സിങ് ധോണിയും സുശാന്ത് സിങ് രാജ്പുതും. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ധോണിക്കായുള്ള കാത്തിരിപ്പ് ഇനിയില്ല! പ്രായമേറുന്തോറും ശീലങ്ങള്‍ മാറുക സ്വാഭാവികമാണല്ലോ.

പുതുനാമ്പുകള്‍ക്കായി വഴിമാറാമെന്നു പാടുന്ന മുകേഷിന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നു..

कल और आएंगे नग़मों की
खिलती कलियाँ चुनने वाले
मुझसे बेहतर कहने वाले
तुमसे बेहतर सुनने वाले
कल कोई मुझको याद करे
क्यूँ कोई मुझको याद करे
मसरूफ़ ज़माना मेरे लिये
क्यूँ वक़्त अपना बरबाद करे…

നാളെ വീണ്ടും വരും പാട്ടിന്റെ
വിരിയുന്ന മൊട്ടുകള്‍ തിരയുന്നവര്‍
എന്നെക്കാള്‍ നന്നായി പാടുന്നവര്‍
നിങ്ങളെക്കാള്‍ നന്നായി കേള്‍ക്കുന്നവര്‍
നാളെ ആരെങ്കിലും എന്നെ ഓര്‍ക്കുമോ
അവര്‍ എന്നെ എന്തിനോര്‍ക്കണം
തിരക്കുപിടിച്ച സമൂഹം എനിക്കുവേണ്ടി
അവരുടെ സമയം എന്തിനു പാഴാക്കണം…

മഹേന്ദ്ര സിങ് ധോണിയെ ഇനി നീലക്കുപ്പായത്തില്‍ കാണില്ലായിരിക്കാം. പക്ഷേ, നീലക്കുപ്പായമണിഞ്ഞ് ധോണി കാഴ്ചവെച്ച പ്രകടനങ്ങളും നേടിത്തന്ന വിജയങ്ങളും എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കും. അതെ, ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല.

 


എം.എസ്.ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ എഴുതിയത്.

യുഗാന്ത്യം

 

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks