HomeSCITECHഐഫോൺ ഇനി മടക്...

ഐഫോൺ ഇനി മടക്കാം; ആപ്പിളിന്റെ ‘ഡ്യുവോ’ കാലം തുടങ്ങി

-

Reading Time: 6 minutes

ഒരു ഐഫോൺ പോക്കറ്റിൽനിന്നെടുത്ത് തുറന്നാൽ അത് ചെറിയൊരു ടാബ്‌ലറ്റായി മാറുന്നു. കൈയിൽ കെട്ടിയ വാച്ച് ഇന്ന് വ്യായാമത്തിന് തയ്യാറാണോ വിശ്രമിക്കണോ എന്നു പറയുന്നു. ചെവിയിലെ എയർപോഡ്സ് മുന്നിലുള്ളയാൾ മറ്റൊരു ഭാഷയിൽ പറയുന്നത് വിവർത്തനം ചെയ്തു കേൾപ്പിക്കുന്നു. ക്യാമറയിൽ വെളിച്ചത്തിന്റെ അളവ് ലെൻസ് തന്നെ ക്രമീകരിക്കുന്നു. 2026ലെ ആപ്പിൾ വേദിയുടെ കഥ ചുരുക്കിയാൽ ഇതാണ്.

കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ പരിപാടി പുതിയ ഐഫോണുകളുടെ അവതരണം മാത്രമായിരുന്നില്ല. ടിം കുക്കിൽനിന്ന് ചുമതലയേറ്റ പുതിയ സി.ഇ.ഒ. ജോൺ ടെർനസ് നയിച്ച ആദ്യത്തെ വലിയ ഉത്പന്നാവതരണവും ആപ്പിളിന്റെ ഫോൾഡബിൾ കാലത്തിന്റെ തുടക്കവുമായിരുന്നു അത്. പരിപാടിയുടെ അവസാനഘട്ടത്തിൽ പഴയ സ്റ്റീവ് ജോബ്സ് കാലത്തെ ഓർമിപ്പിക്കുന്ന “One more thing…” പ്രഖ്യാപനത്തിനു പിന്നാലെ ടെർനസ് പോക്കറ്റിൽനിന്നെടുത്തത് ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ—iPhone Duo.

ഫോൾഡബിൾ ഫോണുകളുടെ ലോകത്ത് ആപ്പിൾ നേരത്തേ എത്തിയിട്ടില്ല. എതിരാളികൾ വർഷങ്ങളായി ഈ വിഭാഗത്തിൽ പരീക്ഷണം നടത്തുന്നതിനുശേഷമാണ് പ്രവേശനം. പക്ഷേ പതിവുപോലെ, “ആദ്യം എത്തുക” എന്നതിനേക്കാൾ “എത്തുമ്പോൾ സ്വന്തം രീതിയിൽ എത്തുക” എന്ന സമീപനമാണ് ഡ്യുവോയിലും ആപ്പിൾ സ്വീകരിച്ചിരിക്കുന്നത്.

ഫോൺ അടച്ചാൽ ഐഫോൺ; തുറന്നാൽ ചെറിയ ടാബ്‌ലെറ്റ്

iPhone Duo അടച്ചിരിക്കുമ്പോൾ മുന്നിൽ 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്.ഡി.ആർ. സ്ക്രീൻ. തുറക്കുമ്പോൾ 7.6 ഇഞ്ച് മടക്കാവുന്ന സ്ക്രീൻ. ഐഫോൺ 18 പ്രോ മാക്‌സിനേക്കാൾ ഏകദേശം 50 ശതമാനം അധിക സ്ക്രീൻ വിസ്തൃതിയാണിതെന്ന് ആപ്പിൾ പറയുന്നു. 2 സ്ക്രീനിലും 120 ഹെർട്സ് വരെ പ്രോമോഷൻ, ആൾവേയ്‌സ് ഓൺ സൗകര്യങ്ങളും പുറത്തുപയോഗിക്കുമ്പോൾ 3,000 നിറ്റ് വരെ തെളിച്ചവുമുണ്ട്. അകത്തെ സ്ക്രീനിലെ നാനോ-ടെക്‌സ്ചർ പൂശൽ പ്രതിഫലനം കുറയ്ക്കുന്നതിനൊപ്പം മടക്കരേഖ കണ്ണില്പെടുന്നത് കുറയ്ക്കാനും സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

തുറന്നിരിക്കുമ്പോൾ വെറും 5.2 മില്ലിമീറ്റർ കനമാണ് ഡ്യുവോയ്ക്ക്. അടച്ചാൽ 11.3 മില്ലിമീറ്റർ. ഭാരം 254 ഗ്രാം. ഗ്രേഡ്-5 ടൈറ്റാനിയമാണ് ഫ്രെയിമിലും ഹിഞ്ച് കവറിലും. നൂറിലേറെ ഘടകങ്ങളുള്ള ഹിഞ്ച് സംവിധാനമാണ് മടക്കത്തിന്റെ പ്രധാന എൻജിനിയറിങ്. സെറാമിക് ഷീൽഡ് സംരക്ഷണവും ഐ.പി.68 ജല-പൊടി പ്രതിരോധവും നൽകിയിട്ടുണ്ട്.

എന്നാൽ പഴയ ഐഫോൺ ശീലങ്ങളിൽ ചിലത് ഡ്യുവോ ഉപേക്ഷിക്കുന്നു. Face ID ഇല്ല. പകരം വശത്തെ പവർ ബട്ടണിലാണ് Touch ID. ഫിസിക്കൽ സിം ട്രേയുമില്ല; ലോകമെമ്പാടും ഇ-സിം മാത്രം. ആക്ഷൻ ബട്ടണും ഇല്ല. ക്യാമറ കൺട്രോൾ ബട്ടൺ തുടരുന്നു. അതായത് പുതിയ ഐഫോൺ വാങ്ങിയിട്ട് “മുഖം കാണിച്ചാൽ തുറക്കും” എന്ന് കൂട്ടുകാരനെ കാണിക്കാൻ ശ്രമിക്കേണ്ട; ഈ മോഡലിൽ വീണ്ടും വിരലാണ് താരം.

ഒരേസമയം 2 ആപ്പുകൾ; ഐഫോണിൽ ആദ്യമായി യഥാർഥ മൾട്ടിടാസ്കിങ്

വലിയ സ്ക്രീൻ മാത്രം കൊടുത്തിട്ട് കഥ അവസാനിപ്പിക്കുന്നില്ല ആപ്പിൾ. ഡ്യുവോയ്ക്കായി iOS 27.1 തന്നെ പുനഃക്രമീകരിച്ചിട്ടുണ്ട്. സ്ക്രീൻ തുറന്നാൽ 2 ആപ്പുകൾ ചേർത്ത് ഉപയോഗിക്കുന്ന Split View ലഭിക്കും. ഒരു വശത്ത് യുട്യൂബ്, മറുവശത്ത് സന്ദേശം; ഒരു വശത്ത് കുറിപ്പുകൾ, മറ്റെവശത്ത് സഫാരി; ഒരേ ആപ്പിന്റെ 2 വിൻഡോകൾ പോലും ഒരേസമയം തുറക്കാം. ഇഷ്ടപ്പെട്ട 2 ആപ്പുകൾ ‘ജോഡി’യായി സൂക്ഷിച്ച് പിന്നീട് ഒറ്റതവണ തുറക്കാനും കഴിയും.

ഫോൺ പകുതി മടക്കി ചെറിയ ലാപ്ടോപ്പുപോലെ വെക്കാം. ‘ടെന്റ്’ രൂപത്തിൽ നിർത്താം. മേശപ്പുറത്ത് തുറന്നുവെച്ചാൽ ചാർജിങ് ഇല്ലാതെയും സ്റ്റാൻഡ്ബൈ സ്ക്രീനായി ഘടികാരം, ഫോട്ടോ, വിഡ്ജറ്റുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാം. ഈ വർഷം പിന്നീട് USB-C Apple Pencil പിന്തുണയും എത്തും. അതോടെ വിദ്യാർഥികൾക്ക് കുറിപ്പെഴുതാനും, ഡിസൈനർമാർക്ക് സ്കെച്ച് ചെയ്യാനും, പി.ഡി.എഫിൽ അടയാളപ്പെടുത്താനും ഫോൺ തന്നെ ചെറിയ നോട്ട്ബുക്കായി മാറും.

ഒരാൾ ഫോട്ടോയെടുക്കുമ്പോൾ മറ്റൊരാൾക്കും സ്വന്തം മുഖം കാണാം

ഡ്യുവോയുടെ രൂപം ക്യാമറയ്ക്കും പുതിയ കളികൾ നൽകുന്നു. പിന്നിലെ 48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയും 48 മെഗാപിക്സൽ അൾട്രാവൈഡുമാണ് പ്രധാന സംവിധാനം. പ്രത്യേക ടെലിഫോട്ടോ ലെൻസ് ഇല്ല; മെയിൻ സെൻസറിൽനിന്നുള്ള രണ്ടിരട്ടി ക്രോപ്പ് സൂം മാത്രമാണ്. അതുകൊണ്ട് ഫോട്ടോഗ്രഫിയിൽ 18 പ്രോയാണ് കൂടുതൽ സമ്പൂർണമായ മോഡൽ.

എന്നാൽ ഡ്യുവോയ്ക്ക് മറ്റുചില രസകരമായ സൗകര്യങ്ങളുണ്ട്. Duo Preview ഉപയോഗിക്കുമ്പോൾ ഫോട്ടോ എടുക്കപ്പെടുന്ന വ്യക്തിക്ക് പുറത്തെ സ്ക്രീനിൽ തന്നെ ഫ്രെയിം കാണാം. കുട്ടികളെ ക്യാമറയിലേക്ക് നോക്കിക്കാൻ പുറത്തെ സ്ക്രീനിൽ ആനിമേഷൻ കാണിക്കുന്ന Kid Cue, എല്ലാവരും പോസ് ചെയ്ത നിമിഷം തിരിച്ചറിഞ്ഞ് സ്വയം ചിത്രം പകർത്തുന്ന Smart Take, പുറത്തെ സ്ക്രീനിലൂടെ അടുത്തിരിക്കുന്ന ഒരാളെ ഫേസ്‌ടൈം കോളിൽ പങ്കെടുപ്പിക്കുന്ന Duo FaceTime എന്നിവയും ഉൾപ്പെടുന്നു. പ്രധാന ക്യാമറയിൽ ഡോൾബി വിഷനിൽ സെക്കൻഡിൽ 120 ഫ്രെയിംവരെ 4കെ വീഡിയോ എടുക്കാം. സോഷ്യൽ മീഡിയയിൽ ജീവിതത്തിന്റെ പകുതി ചെലവഴിക്കുന്ന തലമുറയ്ക്കായി പറഞ്ഞാൽ — വ്ലോഗ് ചെയ്യുമ്പോൾ സ്വയം എങ്ങനെയുണ്ടെന്ന് കാണാൻ ഇനി കണ്ണാടി തേടേണ്ട.

എ20 പ്രോ; അകത്ത് 2 ബാറ്ററി

ഡ്യുവോയ്ക്കും ഐഫോൺ 18 പ്രോയ്ക്കും കരുത്ത് നൽകുന്നത് 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച A20 Pro ചിപ്പാണ്. 6 കോർ സി.പി.യു., 7 കോർ ജി.പി.യു., 16-കോർ ന്യൂറൽ എൻജിനുകൾ രണ്ടെണ്ണം എന്നിവ ഉൾപ്പെടുന്നു. മുൻ തലമുറയായ എ19 പ്രോയേക്കാൾ സി.പി.യു. 20 ശതമാനവും ജി.പി.യു. 40 ശതമാനവും വരെ വേഗമേറിയതാണെന്നാണ് ആപ്പിളിന്റെ അവകാശവാദം. ചൂട് നിയന്ത്രിക്കാൻ വേപ്പർ ചേംബറുമുണ്ട്.

മടക്കാവുന്ന ഫോണിന്റെ 2 ഭാഗത്തുമായി ഓരോ ബാറ്ററിയാണുള്ളത്. രണ്ടും ഒരൊറ്റ ബാറ്ററി സംവിധാനമായി പ്രവർത്തിക്കും. പുറത്തെ സ്ക്രീൻ മാത്രം ഉപയോഗിച്ച് വീഡിയോ കാണുമ്പോൾ 44 മണിക്കൂർവരെയും അകത്തെ വലിയ സ്ക്രീനിൽ 31 മണിക്കൂർവരെയും പ്ലേബാക്ക് ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു. അനുയോജ്യമായ ചാർജറിൽ ഏകദേശം 20 മിനിറ്റിൽ 50 ശതമാനം വരെ ചാർജ് ചെയ്യാം.

വില കേട്ടാൽ ഫോൺ അല്ല, പോക്കറ്റാണ് മടങ്ങുക

ഇന്ത്യയിൽ ഐഫോൺ ഡ്യുവോയുടെ വില തുടങ്ങുന്നത് 2,99,900 രൂപയിലാണ്.

    • 256 ജി.ബി. — 2,99,900 രൂപ
    • 512 ജി.ബി. — 3,24,900 രൂപ
    • 1 ടി.ബി. — 3,74,900 രൂപ
    • 2 ടി.ബി. — 4,49,900 രൂപ

സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ നിറങ്ങളിൽ ലഭിക്കും. ഒക്ടോബർ 16ന് വൈകിട്ട് 5.30 മുതൽ മുൻകൂർ ബുക്കിങ്. വില്പന ഒക്ടോബർ 23ന്. അതായത് 2 ടി.ബി. ഡ്യുവോ വാങ്ങുമ്പോൾ ഫോൺ മടക്കാൻ എളുപ്പമാണ്; ബാങ്ക് ബാലൻസ് തുറന്ന് നോക്കാനാണ് അല്പം ധൈര്യം വേണ്ടത്.

18 പ്രോ: ക്യാമറക്കാർക്കാണ് ആപ്പിളിന്റെ മറ്റൊരു മറുപടി

ഡ്യുവോ വേദിയിലെ താരം ആയിരുന്നെങ്കിലും ഫോട്ടോഗ്രഫിയും വീഡിയോയും പ്രധാനമാക്കുന്നവർക്ക് ആപ്പിളിന്റെ യഥാർഥ ഫ്ലാഗ്ഷിപ്പ് ഇപ്പോഴും ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ തന്നെയാണ്. 6.3 ഇഞ്ചാണ് പ്രോയുടെ സ്ക്രീൻ; പ്രോ മാക്‌സിന് 6.9 ഇഞ്ച്. രണ്ടിലും A20 Pro. ഏറ്റവും വലിയ മാറ്റം 48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയിലെ വേരിയബിൾ അപ്പർച്ചർ ആണ്. ലെൻസിലൂടെ കടന്നുവരുന്ന വെളിച്ചത്തിന്റെ അളവ് സാഹചര്യത്തിനനുസരിച്ച് മാറ്റാൻ കഴിയും. ഫോട്ടോയിലെ പശ്ചാത്തല മങ്ങലും വെളിച്ചവും കൂടുതൽ സൃഷ്ടിപരമായി നിയന്ത്രിക്കാൻ ഇത് സഹായിക്കും. 48 എം.പി. അൾട്രാവൈഡ്, 48 എം.പി. ടെലിഫോട്ടോ എന്നിവയും ചേർന്നതാണ് പ്രോ ക്യാമറ സംവിധാനം.

ക്യാമറ ആപ്പിൽ കൂടുതൽ മാനുവൽ നിയന്ത്രണങ്ങൾ, ചെറിയ ഡൈനാമിക് ഐലൻഡ്, മെച്ചപ്പെടുത്തിയ വേപ്പർ ചേംബർ എന്നിവയുമുണ്ട്. പ്രോ മാക്‌സിൽ 43 മണിക്കൂർവരെ വീഡിയോ പ്ലേബാക്കാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക്, സിൽവർ, ഗ്ലേസിയർ, പുതിയ ബർഗണ്ടി എന്നീ നിറങ്ങളുണ്ട്. ഇന്ത്യയിൽ ഐഫോൺ 18 പ്രോ 1,64,900 രൂപ മുതലും പ്രോ മാക്സ് 1,79,900 രൂപ മുതലുമാണ്. 256 ജി.ബി. മുതൽ 2 ടി.ബി. വരെയാണ് സംഭരണശേഷി. സെപ്റ്റംബർ 12ന് മുൻകൂർ ബുക്കിങ്; സെപ്റ്റംബർ 18ന് വില്പന.

‘സാധാരണ’ ഐഫോൺ 18 എവിടെ?

ഈ വർഷത്തെ ഏറ്റവും വിചിത്രമായ കാര്യം ഐഫോൺ 18 പ്രോ വന്നിട്ടും ഐഫോൺ 18 എന്ന അടിസ്ഥാന മോഡൽ വന്നിട്ടില്ല എന്നതാണ്. ആപ്പിൾ വേദിയിൽ അത് അവതരിപ്പിച്ചില്ല. അതോടെ ഇത്തവണത്തെ സെപ്റ്റംബർ നിര വ്യക്തമായി പ്രീമിയം ഉപഭോക്താക്കളെ കേന്ദ്രീകരിക്കുന്നു.

ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ ആപ്പിളിന്റെ ഔദ്യോഗിക നിരയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ പഴയ മോഡലുകൾക്ക് സാധാരണ ഉണ്ടാകുന്ന വിലക്കുറവിനു പകരം മറിച്ചാണ് സംഭവിച്ചത്. നിലവിലെ ആപ്പിൾ ഇന്ത്യ സ്റ്റോറിൽ ഐഫോൺ 17 99,900 രൂപ, ഐഫോൺ എയർ 1,49,900 രൂപ, ഐഫോൺ 17ഇ 79,900 രൂപ, ഐഫോൺ 16 89,900 രൂപ മുതലാണ്. 2025ൽ 82,900 രൂപയ്ക്ക് അവതരിപ്പിച്ച iPhone 17 ഇപ്പോൾ 99,900 ആയി. 17,000 രൂപയുടെ വർധന. പുതിയ ഐഫോൺ വാങ്ങാൻ പണം കൂട്ടിവച്ചവർക്കുള്ള ഈ വർഷത്തെ ആപ്പിൾ ‘സർപ്രൈസ്’ ഇതുമാകാം.

സിരി ഇനി വെറും ‘ഹേ സിരി’ അല്ല

ഇത്തവണത്തെ എല്ലാ ഉത്പന്നങ്ങളെയും ബന്ധിപ്പിക്കുന്ന അദൃശ്യ നൂൽ Apple Intelligence, Siri AI എന്നിവയാണ്. iOS 27ലെ പുതിയ സിരിക്ക് സന്ദേശങ്ങൾ, മെയിൽ, ഫോട്ടോകൾ തുടങ്ങിയവയിലെ വ്യക്തിഗത പശ്ചാത്തലം മനസ്സിലാക്കി കൂടുതൽ പ്രസക്തമായ മറുപടി നൽകാനും ആപ്പുകൾക്കുള്ളിൽ നടപടികൾ ചെയ്യാനും കഴിയുമെന്നാണ് ആപ്പിൾ പറയുന്നത്. കൂടുതൽ ജോലികൾ ഉപകരണത്തിൽ തന്നെ നടത്തുകയും വലിയ കണക്കുകൂട്ടൽ ആവശ്യമായപ്പോൾ ‘Private Cloud Compute’ ഉപയോഗിക്കുകയും ചെയ്യുന്നതാണ് സ്വകാര്യതയ്ക്കുള്ള കമ്പനിയുടെ വാഗ്ദാനം.

ഡ്യുവോയിൽ ഒരു വശത്ത് വെബ്സൈറ്റ് തുറന്നുവെച്ചുകൊണ്ട് മറുവശത്ത് സിരിയുമായി സംവദിക്കാം. പുതിയ ക്യാമറ മോഡിൽ ഫോൺ കാണുന്നതിനെക്കുറിച്ചും സിരിയോട് ചോദിക്കാം. ഇംഗ്ലീഷിലുള്ള Siri AI ബീറ്റ സെപ്റ്റംബർ 14 മുതൽ ലഭ്യമാക്കാനാണ് പദ്ധതി. ഭാഷയും പ്രദേശവും അനുസരിച്ച് എല്ലാ സവിശേഷതകളും ഒരേസമയം ലഭിക്കണമെന്നില്ല.

കൈയിലെ വാച്ച് ചോദിക്കും: ‘ഇന്ന് റെഡിയാണോ?’

ഫോണുകൾക്കൊപ്പം Apple Watch Series 12ലും വലിയ മാറ്റമുണ്ട്. ഇത് പ്രധാനമായും ആരോഗ്യ നിരീക്ഷണത്തിലാണ്. പുതിയ Health Sensing System, S11 ചിപ്പ് എന്നിവ ഹൃദയമിടിപ്പും ഹാർട്ട് റേറ്റ് വേരിയബിലിറ്റിയും കൂടുതൽ ഇടവേളകളിൽ അളക്കും. ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ശരീരത്തിന്റെ വീണ്ടെടുക്കൽ തുടങ്ങിയ വിവരങ്ങൾ ചേർത്ത് ഓരോ ദിവസവും Readiness Score നൽകും. അർഥം ലളിതം: “ഇന്ന് കഠിനമായി വ്യായാമം ചെയ്യണോ അതോ ശരീരത്തിന് വിശ്രമം കൊടുക്കണോ?” എന്ന ചോദ്യത്തിന് വാച്ച് ഒരു സൂചന നൽകും. ഐഫോണിലെ പുതുക്കിയ ഹെൽത്ത് ആപ്പിൽ പിന്നീട് Longevity വിഭാഗവും Health Age വിവരവും എത്തും. നിങ്ങളുടെ യഥാർഥ വയസ്സിനോട് താരതമ്യം ചെയ്യുമ്പോൾ ആരോഗ്യസൂചികകൾ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് കാണിക്കുകയാണ് ലക്ഷ്യം.

42, 46 മില്ലിമീറ്റർ വലിപ്പങ്ങളിൽ അലുമിനിയം, ടൈറ്റാനിയം, സെറാമിക് പതിപ്പുകളുണ്ട്. ഇന്ത്യയിൽ വില 56,900 രൂപ മുതൽ. സെപ്റ്റംബർ 18ന് വില്പന തുടങ്ങും. ഇന്ത്യയിൽ ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്. Series 12ലെ രക്തസമ്മർദ മുന്നറിയിപ്പ് ഇന്ത്യയിൽ ഉടൻ ലഭിക്കില്ല. നിയന്ത്രണാനുമതി കാത്തിരിക്കുന്നതിനാൽ അടുത്ത വർഷത്തേക്കാണ് അത് മാറ്റിയതെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.

മല കയറുന്നവർക്കും മാരത്തൺ ഓടുന്നവർക്കും Ultra 4

Series 12 നഗരജീവിതത്തിനാണെങ്കിൽ Apple Watch Ultra 4 സാഹസികർക്കാണ്. 49 മില്ലിമീറ്റർ ടൈറ്റാനിയം ബോഡി, 3,000 നിറ്റ് വരെ തെളിച്ചം, ഡ്യുവൽ-ഫ്രീക്വൻസി ജി.പി.എസ്., 100 മീറ്റർ ജലപ്രതിരോധം, 40 മീറ്റർ വരെ ആഴം അളക്കാനുള്ള സംവിധാനം എന്നിവയുണ്ട്. സ്വാഭാവിക ടൈറ്റാനിയം, കറുപ്പ് എന്നീ നിറങ്ങളിൽ ലഭിക്കും.

സാധാരണ ഉപയോഗത്തിൽ 50 മണിക്കൂർവരെയും ലോ പവർ മോഡിൽ 84 മണിക്കൂർവരെയും പ്രവർത്തിക്കുമെന്നാണ് ഇന്ത്യയിലെ ഉത്പന്നവിവരം. ദീർഘകാല ഔട്ട്ഡോർ വ്യായാമം രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക മോഡിൽ 45 മണിക്കൂർ വരെ ട്രാക്കിങ് ലഭിക്കും. വില 1,09,900 രൂപ മുതൽ. സെപ്റ്റംബർ 18ന് വില്പന.

ചെവിയിൽ നിർമിതബുദ്ധി: AirPods 5

സ്മാർട്ട്ഫോണോ വാച്ചോ വാങ്ങാനില്ലാത്തവരെയും ആപ്പിൾ വെറുതെ വിട്ടിട്ടില്ല. AirPods 5ന്റെ പ്രധാന മാറ്റം ഓപ്പൺ-ഇയർ രൂപകല്പനയിലും ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ലഭിക്കുന്നു എന്നതാണ്. AirPods 4 ANCയെക്കാൾ ഒന്നരമടങ്ങ് വരെ കൂടുതൽ പുറംശബ്ദം കുറയ്ക്കുമെന്നാണ് ആപ്പിൾ പറയുന്നത്. പുതിയ അകൂസ്റ്റിക് രൂപകല്പന, Adaptive EQ, Transparency Mode എന്നിവയുണ്ട്. IP57 പൊടി-വിയർപ്പ്-ജല പ്രതിരോധവും നൽകിയിട്ടുണ്ട്.

യുവാക്കളെ ഏറ്റവും ആകർഷിക്കാൻ സാധ്യതയുള്ളത് Live Translation ആണ്. അനുയോജ്യമായ ഐഫോണിനൊപ്പം ഉപയോഗിക്കുമ്പോൾ പിന്തുണയ്ക്കുന്ന ഭാഷകളിൽ സംഭാഷണം തത്സമയം വിവർത്തനം ചെയ്യാം. തലകുലുക്കി സിരിക്ക് മറുപടി പറയാനും പുതിയ Siri AI കൈകളില്ലാതെ ഉപയോഗിക്കാനും കഴിയും. സാധാരണ AirPods 5ന് ഇന്ത്യയിൽ 14,900 രൂപയാണ്. വയർലെസ് ചാർജിങ് കേസ്, സ്റ്റം ഉപയോഗിച്ചുള്ള ശബ്ദനിയന്ത്രണം, കൂടുതൽ ബാറ്ററി എന്നിവയുള്ള പതിപ്പിന് 17,900 രൂപ. സെപ്റ്റംബർ 18 മുതൽ ലഭിക്കും.

ഈ ആപ്പിൾ തലമുറ പറയുന്നത് എന്ത്?

2026ലെ ആപ്പിൾ ഉത്പന്നങ്ങളിൽ 3 കാര്യങ്ങൾ വ്യക്തമാണ്. ഒന്നാമത്, ഫോൺ ഇനി ഒരൊറ്റ രൂപത്തിലുള്ള ഉപകരണമല്ല. മടക്കാം, നിവർത്താം, നിർത്താം, 2 സ്ക്രീനായി ഉപയോഗിക്കാം. രണ്ടാമത്, എഐയെ ഒരു പ്രത്യേക ആപ്പായി കാണുന്നതിനു പകരം ക്യാമറയിലും വാച്ചിലും എയർപോഡ്സിലും സിരിയിലും ചേർക്കുകയാണ് ആപ്പിൾ. മൂന്നാമത്, വിലയിൽ കമ്പനി കൂടുതൽ മുകളിലേക്കാണ് പോകുന്നത്. iPhone Duoയുടെ തുടക്കവില തന്നെ 2.99 ലക്ഷം രൂപ. അതേസമയം അടിസ്ഥാന iPhone 18 പോലും ഈ വേദിയിൽ ഇല്ല. പഴയ iPhone 17ന്റെ വിലയും താഴേക്ക് വന്നിട്ടില്ല—മുകളിലേക്കാണ് പോയത്. ഫോൾഡബിൾ ഫോണുകൾ ഇപ്പോഴും ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ ചെറിയ വിഭാഗം മാത്രമാണെങ്കിലും, ഡ്യുവോയിലൂടെ ആ വിഭാഗത്തെ കൂടുതൽ മുഖ്യധാരയിലേക്ക് കൊണ്ടുവരാമെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടൽ.

2007ൽ സ്റ്റീവ് ജോബ്സ് ആദ്യ ഐഫോൺ ഉയർത്തിക്കാട്ടിയപ്പോൾ ഫോൺ, സംഗീതോപകരണം, ഇന്റർനെറ്റ് ഉപകരണം എന്നീ 3 ലോകങ്ങളെയാണ് ഒരുമിപ്പിച്ചത്. 19 വർഷത്തിനുശേഷം ഐഫോൺ തന്നെ രണ്ടായി മടക്കുകയാണ് ആപ്പിൾ. സ്ക്രീൻ മടങ്ങി. സിരി കൂടുതൽ ബുദ്ധിയുള്ളതായി. വാച്ച് കൂടുതൽ ശ്രദ്ധാലുവായി. എയർപോഡ്സ് വിവർത്തകനായി. ഒപ്പം വിലയും പുതിയ ഉയരത്തിലെത്തി. പുതിയ തലമുറയ്ക്ക് ആപ്പിളിന്റെ 2026 സന്ദേശം അത്രയേയുള്ളൂ: പോക്കറ്റിൽ ഇടാം; പക്ഷേ പോക്കറ്റിന്റെ ശേഷി ആദ്യം നോക്കണം.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ജി-ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS