അവന് ആരാണ്?
അവനുമായി എനിക്കെന്ത് ബന്ധം?
അവനായി ഞാനെന്തിനു സംസാരിക്കണം?
അവനെപ്പോലെ ഞാനും ‘രാജ്യദ്രോഹിയാണ്’!
അവനൊപ്പം നിന്നതിനാല്‍ ഞാനും രാജ്യദ്രോഹി
അവനെപ്പോലെ ‘രാജ്യദ്രോഹി’ ആകുന്നത് അഭിമാനം
അവനാണ് ശരിയെന്ന് ഇപ്പോള്‍ തെളിയുന്നു
ശരിയുടെ പ്രകാശം തെറ്റെന്ന ഇരുളിനെ വിഴുങ്ങുന്നു.
അവനെ അധികമാര്‍ക്കും അറിയുമായിരുന്നില്ല
അറിയപ്പെടാനുള്ള കാരണം ഉണ്ടായിരുന്നില്ല
പക്ഷേ, ഇന്നവനെ എല്ലാരുമറിയുന്നു
പ്രതീക്ഷതന്‍ തിരിനാളമായി തെളിയുന്നു.
അവന്റെ സംസാരം ഹൃദയത്തിന്റെ ഭാഷയില്‍
അവന്റെ വാക്കുകള്‍ എത്തുന്നത് നമ്മുടെ ഹൃദയങ്ങളില്‍
അവന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാനാവാത്തവര്‍ ഹൃദയശൂന്യര്‍
അവന്‍ അവര്‍ക്ക് രാജ്യദ്രോഹിയാകുന്നു.
അവന്റെ വാക്കുകള്‍ ആയിരങ്ങള്‍ക്ക് പ്രചോദനം
അവന്റെ നാവിനാല്‍ അധികാരികള്‍ക്ക് മുറിവ്
അവനായി എങ്ങും ഹര്‍ഷാരവം മുഴങ്ങുന്നു
പുത്തന്‍ താരോദയത്തിന്റെ വെള്ളിവെളിച്ചം.
കാരാഗ്രഹവാസം അവനെ കരുത്തനാക്കി
അവന്റെ എതിരാളികള്‍ ഭയക്കുന്ന കരുത്ത്
ഇനിയും അനേകം കനയ്യമാര്‍ ഉദിക്കട്ടെ
അവര്‍ക്കായി ഭാരതം കാത്തിരിക്കുന്നു.
കനയ്യ കുമാറിന്റെ വാക്കുകള്‍ക്കായി രാജ്യം കാതോര്‍ത്തു. അവന്‍ നിരാശരാക്കിയില്ല. പുത്തനുണര്‍വ്, പുത്തന്‍ ഊര്‍ജ്ജം, പുതുപ്രതീക്ഷ പകരുന്ന അവന്റെ വാക്കുകള്‍ ഇതാ…
സുഹൃത്തുക്കളെ..
ജെ.എന്‍.യുവിലെ എല്ലാവര്‍ക്കും, അവര്‍ വിദ്യാര്‍ത്ഥികളോ ജീവനക്കാരോ അദ്ധ്യാപകരോ വ്യാപാരികളോ വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, എല്ലാവര്‍ക്കും ജെ.എന്‍.യു.എസ്.യു. പ്രസിഡന്റ് എന്ന നിലയില്‍ എന്റെ വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. ഈ രാജ്യത്തെ മുഴുവനാളുകള്‍ക്കും ലോകത്തെമ്പാടുനിന്നും ജെ.എന്‍.യുവിനൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മാധ്യമങ്ങള്‍ മുഖേന നന്ദിയും അഭിവാദ്യവും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും രാഷ്ട്രീയ അരാഷ്ട്രീയവാദികള്‍ക്കും, ജെ.എന്‍.യുവിനെ സംരക്ഷിക്കാനും രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാനും പോരാടിയ മറ്റെല്ലാവര്‍ക്കും ഞാനീ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ചിലര്‍ക്ക് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. പാര്‍ലമെന്റിലിരുന്നു ശരിതെറ്റുകള്‍ നിര്‍ണയിച്ച മഹാനുഭാവന്മാര്‍ക്ക് നന്ദി. അവരുടെ പോലീസിനും നന്ദി. ആ ചാനലുകള്‍ക്കും നന്ദി. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് -ചീത്തപ്പേരാണെങ്കിലെന്താ പേരു കേള്‍പ്പിച്ചല്ലോ എന്ന്. ജെ.എന്‍.യുവിനെ ചീത്ത പറയാനാണെങ്കിലും അവര്‍ നമുക്ക് പ്രൈം ടൈമില്‍ സമയം നല്‍കിയല്ലോ.
ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല. വിശേഷിച്ചും എ.ബി.വി.പിയോട് അശേഷം വെറുപ്പില്ല. എന്താന്നുവെച്ചാല്‍, ജെ.എന്‍.യുവിലെ എ.ബി.വി.പി, പുറത്തുള്ള എ.ബി.വി.പിയെക്കാള്‍ യുക്തിയുള്ളവരാണ്. ഇവിടെ രാഷ്ട്രീയവിചക്ഷണരെന്നു സ്വയം നടിക്കുന്നവരോട് ഒരു കാര്യം പറയാം. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ എ.ബി.വി.പി. സ്ഥാനാര്‍ഥിക്ക് എന്താണ് സംഭവിച്ചതെന്ന് അതിന്റെ വീഡിയോ ഒന്നു കണ്ടു നോക്കണം. ഏറ്റവും ബുദ്ധിയുള്ള എ.ബി.വി.പിക്കാര്‍ ജെ.എന്‍.യുവിലാണെന്നിരിക്കെ അവനെ ഞങ്ങള്‍ വെള്ളംകുടിപ്പിച്ചതു കണ്ടാല്‍ രാജ്യത്തെ ബാക്കി സ്ഥലങ്ങളില്‍ അവരുടെ നിലവാരമെന്താണെന്ന് നന്നായി മനസ്സിലാവും. അതുകൊണ്ട് ഞങ്ങള്‍ക്ക് എ.ബി.വി.പിയോട് വെറുപ്പില്ല. ഞങ്ങള്‍ ശരിക്കും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഭരണഘടനയില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ എ.ബി.വി.പിയെ ശത്രുക്കളായല്ല, മറിച്ച് പ്രതിപക്ഷമായിട്ടാണ് കാണുന്നത്. പ്രിയ സുഹൃത്തുക്കളെ, അതുകൊണ്ട് ഞാന്‍ നിങ്ങളെ പിന്തുടര്‍ന്ന് പീഡിപ്പിക്കുകയില്ല. കാരണം, ഒരാളെ വേട്ടയാടണമെങ്കില്‍ അവന് വേട്ടയാടപ്പെടാനുള്ള യോഗ്യതയെങ്കിലുമുണ്ടാവണം.
ജെ.എന്‍.യു. ഈ രാജ്യത്ത് ഉറച്ചുനിന്ന രീതി, ശരിയെ ശരിയായും തെറ്റിനെ തെറ്റായും കണ്ട ജെ.എന്‍.യുവിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഈ പ്രതികരണം സ്വാഭാവികമായിരുന്നു. രസകരമായ കാര്യം എന്താണെന്നുവെച്ചാല്‍, അവരുടേതെല്ലാം ആസൂത്രിതമായിരുന്നു; നമ്മുടേതെല്ലാം സ്വാഭാവികവും. ഈ രാജ്യത്തെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലും നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നു. അതോടൊപ്പം ഒരു കാര്യം കൂടി വിശ്വസിക്കുന്നു -മാറ്റം സത്യമാണ്. മാറ്റമുണ്ടാവുക തന്നെ ചെയ്യും. നമ്മള്‍ മാറ്റത്തിന്റെ പക്ഷത്തുനില്‍ക്കുന്നു. ഈ രാജ്യവും ഇവിടത്തെ ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാത്തിലും -ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നിങ്ങനെ എല്ലാത്തിലും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു.
ഞാന്‍ വീണ്ടും പറയുന്നു, ഞാന്‍ ഇന്ന് പ്രസംഗിക്കില്ല. ഇന്നു ഞാന്‍ എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ. നേരത്തേ ധാരാളം വായിക്കുമായിരുന്നുവെങ്കിലും സംവിധാനത്തോടു മുട്ടുന്നത് കുറവായിരുന്നു. ഇക്കുറി കുറച്ചേ വായിച്ചുള്ളൂവെങ്കിലും കൂടുതല്‍ മുട്ടി. ജെ.എന്‍.യുവില്‍ ധാരാളം പേര്‍ ഗവേഷണം നടത്തുന്നുണ്ട്. എന്റെ കൈവശമുള്ളത് പ്രാഥമിക വിവരമാണ്. ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫര്‍മേഷന്‍! കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. പക്ഷേ, ഈ രാജ്യത്തെ ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ക്ക്, ബാബാ സാഹിബിന്റെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഞാന്‍ എന്താണുദ്ദേശിക്കുന്നതെന്ന് ആംഗ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമായിട്ടുണ്ടാവും.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നു ‘സത്യമേവ ജയതേ’ എന്ന്. എനിക്ക് അങ്ങയോടു പലകാര്യങ്ങളിലും വിജയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു. എനിക്കു പറയാനുള്ളതും അതു തന്നെയാണ്. ‘സത്യമേവ ജയതേ’. അതെ, സത്യം മാത്രമേ ജയിക്കുകയുള്ളൂ. ഈ പോരാട്ടത്തില്‍ പങ്കാളികളായവരോട് ഒരു കാര്യം മാത്രം പറഞ്ഞുകൊണ്ട് എന്റെ അനുഭവം പങ്കുവെയ്ക്കാം. ഇവിടെ കുറച്ചുവിദ്യാര്‍ത്ഥികള്‍ക്കു മേല്‍ ഒരു രാഷ്ട്രീയ ഉപകരണം പോലെ രാജ്യദ്രോഹക്കുറ്റം ചുമത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. ഞാനിത് മുമ്പും പറഞ്ഞിട്ടുള്ളതാണ്.
ഞാന്‍ ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ കുടുംബാംഗങ്ങള്‍ പ്രശസ്തരായതിനാല്‍ ഇതിനകം നിങ്ങളെ അവരെക്കുറിച്ചെല്ലാം അറിഞ്ഞിട്ടുണ്ടാവും! എന്റെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍, അവിടെ അതിനെ ‘ടീഷന്‍’ എന്നാണ് പറയുന്നത്, ജാലവിദ്യകള്‍ നടക്കാറുണ്ട്. അവിടെ മാന്ത്രികന്‍ ജാലവിദ്യ കാണിക്കും. അതിനിടെ മോതിരം വില്പനയും നടക്കും. നമ്മളെന്താഗ്രഹിച്ചാലും ഈ മോതിരം അത് പൂര്‍ത്തീകരിക്കുമെന്നാണ് മാന്ത്രികന്‍ പറയുന്നത്. ഇതുപോലെയാണ് ഇവിടെ ചില ഭരണകര്‍ത്താക്കള്‍ പറയുന്നത് -കള്ളപ്പണം തിരികെ വരും. ഹര്‍ ഹര്‍ മോദി. വിലക്കയറ്റം കുറയും. എല്ലാവരും ഒരുമിച്ചാല്‍ എല്ലാവര്‍ക്കും വികസനം. ഈ പറഞ്ഞതെല്ലാം നമുക്കിപ്പോഴും ഓര്‍മ്മയുണ്ട്. നമ്മള്‍ ഇന്ത്യക്കാരുടെ ഒരു കുഴപ്പം നമ്മള്‍ എന്തും പെട്ടെന്ന് മറക്കുമെന്നുള്ളതാണ്. എന്നാല്‍ ഇക്കുറി വളരെയധികം നാടകങ്ങളുണ്ടായതിനാല്‍ മറക്കാന്‍ കഴിയുന്നില്ല.
ഇപ്പോഴത്തെ ശ്രമം വാഗ്ദാനങ്ങളൊക്കെ മറക്കാന്‍ എങ്ങനെ പ്രേരിപ്പിക്കാമെന്നതാണ്. എന്തൊക്കെ ചെയ്യാം? ഈ രാജ്യത്ത് എത്രമാത്രം ഗവേഷണ വിദ്യാര്‍ത്ഥികളുണ്ടോ അവരുടെയെല്ലാം ഫെല്ലോഷിപ്പ് നിര്‍ത്തിവെയ്ക്കുക. അപ്പോള്‍ എന്തു ചെയ്യും, ഫെല്ലോഷിപ്പ് തരൂ ഫെല്ലോഷിപ്പ് തരൂ എന്നു നിലവിളിക്കും. അപ്പോള്‍ അയ്യായിരവും എണ്ണായിരവും കിട്ടിയിരുന്നത് തരാമെന്നു സമ്മതിക്കും. അതിനര്‍ത്ഥം ഫെല്ലോഷിപ്പ് കൂട്ടുന്ന കാര്യം സ്വാഹ. ആരാണ് പറയുക? ജെ.എന്‍.യു. നിങ്ങള്‍ക്ക് പുലഭ്യം കേള്‍ക്കേണ്ടി വരികയാണെങ്കില്‍ വിഷമിക്കരുത്. നിങ്ങള്‍ എന്താണോ സമ്പാദിച്ചത് അതാണ് തിന്നുന്നത്.
ഈ രാജ്യത്തൊരു ജനവിരുദ്ധ സര്‍ക്കാരുണ്ട്. ആ ജനവിരുദ്ധ സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍ അവരുടെ സൈബര്‍ സെല്‍ എന്തു ചെയ്യുമെന്നറിയാമോ? അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജവീഡിയോകള്‍ നിര്‍മ്മിക്കും. നിങ്ങള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തും. മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍ എത്ര ഗര്‍ഭനിരോധന ഉറകളുണ്ടെന്നു വരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷെ, ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ സമയത്ത് വളരെ പ്രാധാന്യത്തോടെ ചില കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാനുണ്ട്. ജെ.എന്‍.യുവിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ അധിനിവേശം ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ളതാണ്. യു.ജി.സി. പിടിച്ചടക്കല്‍ സമരത്തെ താറടിച്ചു കാണിക്കാനുള്ളതാണ്. രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കാനുള്ള സമരത്തെ അവസാനിപ്പിക്കാനുള്ളതാണ്. ഈ വിഷയം പ്രൈംടൈമില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയ മുന്‍ ആര്‍.എസ്.എസ്. സുഹൃത്തേ, നിങ്ങള്‍ക്ക് വേണ്ടത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുക വഴി ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന്റെ കാര്യം ഓര്‍മ്മയില്‍ നിന്നു മായ്ച്ചുകളയുക.
പക്ഷേ, ജെ.എന്‍.യുവിലുള്ളവരുടെ ഓര്‍മ്മയില്‍ നിന്ന് എന്തെങ്കിലും മായ്ച്ചുകളയാനും ബുദ്ധിമുട്ടാണ്. ഞങ്ങള്‍ മറക്കണമെന്നാഗ്രഹിക്കുന്നവരെ ഒരു കാര്യം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ ജെ.എന്‍.യുവില്‍ നിന്ന് പ്രതിഷേധസ്വരം ഉയര്‍ന്നിട്ടുണ്ട്. ആ പാരമ്പര്യം തുടരുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഭരണകൂടത്തെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പോരാട്ടവീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്കൊരിക്കലും കഴിയില്ല.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്നാണ് പറയുന്നത്. എല്ലാ ബഹുമാനത്തോടും കൂടി ഞാന്‍ ആ സൈനികരെ സല്യൂട്ട് ചെയ്യുന്നു. ജയിലില്‍ ഞാനൊരു കാര്യം പഠിച്ചു. പോരാട്ടം ആശയപരമാണെങ്കില്‍ ആവശ്യമില്ലാതെ വ്യക്തികള്‍ക്ക് പബ്ലിസിറ്റി നല്‍കരുത്. അതുകൊണ്ട് ഞാന്‍ ആ നേതാവിന്റെ പേരു പറയുന്നില്ല. ബി.ജെ.പിയുടെ ഒരു നേതാവ് ലോക്‌സഭയില്‍ പറഞ്ഞത് യുവാക്കള്‍ അതിര്‍ത്തികളില്‍ മരിച്ചുവീഴുന്നു എന്നാണ്. ഞാന്‍ ചോദിക്കാനാഗ്രഹിക്കുകയാണ്, അത് അങ്ങയുടെ സഹോദരനാണോ? ഈ രാജ്യത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന, നമുക്കും ഈ സൈനികര്‍ക്കും ഭക്ഷണം നല്‍കുന്ന, പല സൈനികരുടെയും പിതാക്കന്മാര്‍ തന്നെയായ കര്‍ഷകരെക്കുറിച്ചു നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്. അവരാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ രക്തസാക്ഷികള്‍.
എന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്, എന്റെ സഹോദരനാണ് സൈന്യത്തില്‍ പോകുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്യുന്നത്. ദയവു ചെയ്ത് നിങ്ങള്‍ ദേശസ്‌നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ ഉണ്ടാക്കി ഒരു പൊള്ളയായ സംവാദം തുടങ്ങിവെയ്ക്കരുത്. രാജ്യത്തിനകത്തു മരിക്കുന്നവരും രാജ്യത്തിനുവേണ്ടിയാണ് ജീവന്‍ നല്‍കുന്നത്. അതിര്‍ത്തിയില്‍ മരിക്കുന്നവരും ജീവന്‍ നല്‍കുന്നത് രാജ്യത്തിനു വേണ്ടിത്തന്നെ. പാര്‍ലമെന്റിലിരുന്നു കൊണ്ട് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഈ മരിച്ചു വീഴുന്നവരുടെ ഉത്തരവാദിത്വം ആരേറ്റെടുക്കും? മരിക്കുന്നവരല്ല ഉത്തരവാദികള്‍. അവരെക്കൊണ്ട് യുദ്ധം ചെയ്യിക്കുന്നവരാണ് ഇതിനുത്തരവാദികള്‍. എന്റെ അച്ഛന്‍ മരിക്കുന്നതിന് ആരാണുത്തരവാദി? എന്റെ സഹോദരന്‍ മരിക്കുന്നതിന് ആരാണുത്തരവാദി. രാജ്യത്ത് വിഭജനം സൃഷ്ടിക്കുന്ന പ്രൈംടൈമിലെ വൃത്തികെട്ട ചര്‍ച്ചക്കാരോട് ഞാന്‍ ചോദിക്കുകയാണ്.
രാജ്യത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം വേണമെന്ന് പറയുന്നത് തെറ്റാണോ? അവര്‍ പറയുന്നത് ആരുടടുത്ത് നിന്നാണ് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതെന്നാണ്. നിങ്ങള്‍ തന്നെ പറയൂ ഭാരതം ആരെയെങ്കിലും അടിമയാക്കി വെച്ചിട്ടുണ്ടോ? ഇല്ല. സ്വാഭാവികമായും ഭാരതത്തില്‍ നിന്നല്ല സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്. എന്റെ സഹോദരന്മാരെ, ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യയ്ക്കകത്താണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്. നിന്ന് എന്നതിനും അകത്ത് എന്നതിനും വ്യത്യാസമുണ്ട്. ഇംഗ്ലീഷുകാരില്‍ നിന്നല്ല സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്. ആ സ്വാതന്ത്ര്യം ഇന്നാട്ടുകാര്‍ പൊരുതി നേടിയിട്ടുണ്ട്.
ഇനി ഞാനെന്റെ അനുഭവത്തിലോട്ട് വരാം. പോലീസ് എന്നോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് ഇടയ്ക്കിടെ ലാല്‍ സലാം എന്ന് പറയുന്നത്? ഇത് അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലായിരുന്നില്ല. ചിലപ്പോള്‍ ഭക്ഷണം നല്‍കാന്‍, ചിലപ്പോള്‍ വൈദ്യപരിശോധനയ്ക്ക് അങ്ങനെയെല്ലാം കൊണ്ടുപോകുമായിരുന്നു. നമ്മള്‍ ജെ.എന്‍.യുക്കാര്‍ എങ്ങനെയാണ് മിണ്ടാതിരിക്കുക. അതിനാല്‍ ഞാന്‍ അവരോടു സംസാരിച്ചുതുടങ്ങി. സംസാരിച്ചപ്പോഴാണ് മനസ്സിലായത് ആ മനുഷ്യനും എന്നെപ്പോലെ തന്നെ.
ഈ രാജ്യത്ത് ആരാണ് പോലീസ് ജോലി ചെയ്യുന്നത്? ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കള്‍. ഞാനും അവരെപ്പോലെയാണ്. ഈ രാജ്യത്തെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാനും ദരിദ്ര കുടുംബാംഗമാണ്. കര്‍ഷക കുടുംബാംഗങ്ങമാണ്. പോലീസില്‍ ദരിദ്രകുടുംബാംഗങ്ങള്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഞാന്‍ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരുടെ കാര്യമാണ് പറയുന്നത്. ഐ.പി.എസ്സുകാരോട് ആശയവിനിമയം നടത്താന്‍ എനിക്കു പറ്റിയില്ല.
സലാം എന്നാല്‍ എന്താണെന്നായിരുന്നു ചോദ്യം. ഞാന്‍ അവരോട് പറഞ്ഞു. ലാല്‍ എന്നാല്‍ വിപ്ലവം. സലാം എന്നാല്‍ ആ വിപ്ലവത്തിന് അഭിവാദ്യം. അര്‍ത്ഥം മനസ്സിലായില്ല. അപ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എന്നാലോ? വിപ്ലവത്തിനു തന്നെയാണ് ഉറുദുവില്‍ ഇന്‍ക്വിലാബ് എന്നു പറയുന്നത്. പോലീസുകാരന്‍ അപ്പോള്‍ എന്നോട് പറഞ്ഞത് ഈ മുദ്രാവാക്യം എ.ബി.വി.പിയും വിളിക്കുന്നുണ്ട് എന്നാണ്. ഇപ്പോള്‍ കാര്യം മനസ്സിലായില്ലേ, അവര്‍ വ്യാജ വിപ്ലവകാരികളും ഞങ്ങള്‍ യഥാര്‍ത്ഥ വിപ്ലവകാരികളുമാണെന്ന്. അടുത്ത ചോദ്യം നിങ്ങള്‍ക്കെല്ലാം വളരെ കുറഞ്ഞ നിരക്കിലാണല്ലോ ജെ.എന്‍.യുവില്‍ ലഭിക്കുന്നത്. ഞാന്‍ ചോദിച്ചു ഒരു കാര്യം പറയട്ടെ. പറയൂ എന്ന് അയാളുടെ മറുപടി. നിങ്ങള്‍ക്കെന്താ ഇതു കിട്ടാത്തെ? പലപ്പോഴും 48 മണിക്കൂര്‍ അയാള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഓവര്‍ടൈം കിട്ടുന്നുണ്ടോ? ഇല്ല. പിന്നെവിടന്നാ കിട്ടുന്നേ. ഇതിനെയാണ് നിങ്ങള്‍ അഴിമതിയെന്നു പറയുന്നത്. അയാള്‍ക്ക് യൂണിഫോമിന് 110 രൂപയാണ് ബാറ്റ കിട്ടുന്നത്. അതില്‍ അടിവസ്ത്രം പോലും കിട്ടില്ല, പിന്നല്ലേ യൂണിഫോം. ഇതാ പോലീസുകാരന്‍ തന്നെയാണ് പറയുന്നത്. ഞാന്‍ പറഞ്ഞു, ഇതില്‍ നിന്നുള്ള മോചനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പട്ടിണിയില്‍ നിന്ന്, അഴിമതിയില്‍ നിന്ന്.
ഈ സമയത്ത് ഹരിയാണയില്‍ ഒരു സമരം തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്കറിയാം ഡല്‍ഹി പോലീസില്‍ കൂടുതലാളുകളും ഹരിയാണയില്‍ നിന്നാണ് വരുന്നത്. ഞാനവരെ അഭിവാദ്യം ചെയ്യുന്നതു, കാരണം അവര്‍ നന്നായി അദ്ധ്വാനിക്കുന്നവരാണ്. ഈ പ്രക്ഷോഭം, ഈ ജാതിവാദം നല്ലതല്ല. ഞാന്‍ പറഞ്ഞു ഈ ജാതിവാദത്തില്‍ നിന്നുള്ള മോചനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ തെറ്റൊന്നുമില്ലല്ലോ. ഇതില്‍ രാജ്യദ്രോഹവുമില്ല. ഞാന്‍ ചോദിച്ചു, നമ്മുടെ സംവിധാനത്തില്‍ ഏറ്റവും ശക്തി ആര്‍ക്കാണ്. ഉടനെ മറുപടി വന്നു, എന്റെ ലാത്തിക്ക്. ശരിയാണ്, പക്ഷേ നിങ്ങള്‍ ഈ ലാത്തി സ്വന്തം ഇഷ്ടപ്രകാരം പ്രയോഗിക്കാന്‍ പറ്റുമോ? ഇല്ല. അതിനുള്ള അധികാരം ആര്‍ക്കാണ്? വ്യാജ ട്വീറ്റുകള്‍ നടത്തുന്നവരുടെ പക്കലാണ് അധികാരം. ഞാന്‍ പറഞ്ഞു, ഇങ്ങനെ വ്യാജ ട്വീറ്റുകള്‍ നടത്തുന്ന സംഘികളില്‍ നിന്നുള്ള മോചനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരുമിച്ചുനില്‍ക്കുകയാണ്, പോലീസുകാരന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ചെറിയൊരു പ്രശ്‌നമുണ്ട്. എല്ലാ മാധ്യമപ്രവര്‍ത്തകരെയുമല്ല പറയുന്നത്. എല്ലാ മാധ്യമപ്രവര്‍ത്തകരും ‘അവിടെ’ നിന്നല്ല ശമ്പളം പറ്റുന്നത്. എന്നാല്‍ ചിലര്‍ ‘അവിടെ’ നിന്ന് ശമ്പളം പറ്റുന്നുണ്ട്. പാര്‍ലമെന്റില്‍ റിപ്പോര്‍ട്ടിങ് നടത്തി നടത്തി അകത്തു കടന്നിരിക്കാനുള്ള ശ്രമത്തിലാണ്. നമ്മള്‍ രണ്ടുപേരും മുഖാമുഖം നടത്തുന്ന ചര്‍ച്ചയെ അവര്‍ ബ്രേക്കിങ് ന്യൂസാക്കും, ഗൂഢാലോചനയാണെന്നു പറഞ്ഞ്. ആ പോലീസുകാരന്‍ പറഞ്ഞു, നിന്റെ പേര് എഫ്.ഐ.ആറില്‍ വന്നപ്പോള്‍ ആദ്യം വിചാരിച്ചത് നിന്നെ ശരിക്ക് തല്ലണമെന്നാണ്. ഇപ്പോള്‍ നീയുമായി സംസാരിച്ച ശേഷം എനിക്ക് അവന്മാര്‍ക്കിട്ട് രണ്ടു പൊട്ടിക്കാനാണ് തോന്നുന്നത്. ഞാന്‍ പറഞ്ഞു, എഫ്.ഐ.ആറില്‍ ഞങ്ങളുടെ പേര് വന്നത് പിന്നീടാണ്. ആദ്യമതു വന്നത് എ.ബി.വി.പിയുടെ കുറിപ്പിലാണ്. ആ കുറിപ്പാണ് പിന്നീട് എഫ്.ഐ.ആറാക്കി മാറ്റിയത്.
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഞാന്‍ പറയുന്നത്. ഇവിടെയുള്ള മാധ്യമങ്ങളിലൂടെ ഇക്കാര്യം രാജ്യത്തെല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. ദരിദ്രചുറ്റുപാടില്‍ നിന്ന് വന്ന് പഠിക്കണമെന്ന ജെ.എന്‍.യുവില്‍ പ്രവേശനം നേടാന്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. അതിനു കഴിയാതെ വന്നപ്പോഴാണ് പോലീസില്‍ ചേര്‍ന്നത്. ഇവിടെയാണ് ജെ.എന്‍.യു. ഉയര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് ജെ.എന്‍.യുവില്‍ ദുര്‍ബലവിഭാഗക്കാരന്‍ ഗവേഷണം നടത്തരുത് എന്നാണ്. വിദ്യാഭ്യാസ കച്ചവടം നടത്തുന്നിടത്ത് ലക്ഷക്കണക്കിനു രൂപ ഫീസ് കൊടുക്കാനില്ലാത്തതിനാല്‍ അവന്‍ പി.എച്ച്.ഡി. ചെയ്യരുത്. പാടത്ത് പണിയെടുക്കുന്ന കര്‍ഷകനായാലും, നമുക്ക് വേണ്ടി സൈന്യത്തില്‍ യുദ്ധം ചെയ്യുന്ന ആളായാലും ജെ എന്‍ യുവില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ആളായാലും ഞങ്ങള്‍ അവര്‍ക്ക് വേണ്ടി പൊരുതിക്കൊണ്ടേയിരിക്കും. ഞങ്ങള്‍ സമത്വത്തിന് വേണ്ടിയാണ് പൊരുതുന്നത്. ബാബാ സാഹിബ് പറഞ്ഞത് രാഷ്ട്രീയ ജനാധിപത്യം പോരാ, സാമൂഹികമായ ജനാധിപത്യവും വേണമെന്നാണ്. അതുപോലെ ലെനിന്‍ പറഞ്ഞു, ‘ജനാധിപത്യം സോഷ്യലിസത്തിനു ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്’. ഇതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ഒരു ശിപായിയുടെ മകനും രാഷ്ട്രപതിയുടെ മകനും ഒരുമിച്ച് ഒരു സ്‌കൂളില്‍ പഠിക്കുന്ന സാഹചര്യം വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതിനുവേണ്ടി പോരാടുന്നത്.
ഈ ശബ്ദങ്ങള്‍ അമര്‍ത്തിവെയ്ക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ യാദൃച്ഛികമായി ശാസ്ത്രത്തില്‍ പറയുന്നത് അമര്‍ത്തുമ്പോള്‍ മര്‍ദ്ദം കൂടുമെന്നാണ്. നിങ്ങള്‍ക്കെന്ത് ശാസ്ത്രം അല്ലേ? കാരണം ശാസ്ത്രം പഠിക്കുന്നത് ഒരു കാര്യം. ശാസ്ത്രജ്ഞനാവുന്നത് മറ്റൊരു കാര്യമാണ്. ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റ് വഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!! ഇതാണ് ഞങ്ങളുടെ സ്വപ്നം. ഇതായിരുന്നു ബാബാ സാഹിബ് അംബേദ്കറിന്റെ സ്വപ്നം. ഇത് തന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ.
ജയിലിലായിരുന്നപ്പോഴുള്ള ഒരു അനുഭവം കൂടി പറയാം. ഞാന്‍ അല്പം സ്വയം വിമര്‍ശനം നടത്തി. അതു നിങ്ങളോട് പങ്കുവെയ്ക്കാം. നമ്മള്‍ ജെ.എന്‍.യുക്കാര്‍ മനോഹരമായി സംസാരിക്കുന്നവരാണ്. പക്ഷേ. ഉപയോഗിക്കുന്നത് കടുകട്ടി പ്രയോഗങ്ങളാണ്. എന്നാല്‍ നമ്മള്‍ പറയുന്നത് സാധാരണക്കാര്‍ക്ക് മനസിലാവില്ല, അതവര്‍ക്ക് ബുദ്ധിയില്ലാത്തതു കൊണ്ടല്ല. ഈ വാചകമടി അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണ്. പക്ഷെ ഇതിനുപകരം അവരുടെ കയ്യില്‍ എത്തുന്നതെന്താണ്? ഒരു ആധികാരികതയുമില്ലാത്ത ഒരു കൂട്ടം വാട്‌സാപ്പ് ഫോര്‍വേര്‍ഡുകള്‍. പെട്ടെന്നു ഫോര്‍വേര്‍ഡ് ചെയ്താല്‍ ആഗ്രഹിക്കുന്നത് നടക്കുമെന്നാണ് പറയുക. പരമാവധി ഗ്രൂപ്പുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാനായിരിക്കും നിര്‍ദ്ദേശം.
ജയിലില്‍ നിന്ന് എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്ന് നീല നിറത്തില്‍, രണ്ടാമത്തേത് ചുവന്ന നിറത്തിലും. ഞാന്‍ പലവട്ടം ചിന്തിച്ചു. എനിക്ക് വിധിയില്‍ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുക പോലുമില്ല. പക്ഷേ, ഈ രാജ്യത്ത് നല്ലതെന്തോ നടക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങി. പാത്രം ഭാരതമാണെന്ന് എനിക്കു തോന്നി. ആ നീലനിറമുള്ള പാത്രത്തില്‍ ഞാന്‍ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ് കണ്ടത്. ചുവന്ന പാത്രത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും. ഇതും രണ്ടും യോജിപ്പിക്കാനായാല്‍ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ എല്ലാവരും ഒരുമിച്ച് എല്ലാവര്‍ക്കും വികസനം നമ്മള്‍ കൊണ്ടുവരും.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്ന് സ്റ്റാലിനെ കുറിച്ചും ക്രൂഷ്‌ചേവിനെക്കുറിച്ചും പറയുന്നത് കേട്ടു. ടിവിക്കകത്തേക്ക് കയറി അദ്ദേഹത്തിന്റെ കുപ്പായത്തില്‍ പിടിച്ചു പറയണമെന്നു തോന്നി. മോദീജീ, ഹിറ്റലറെ കുറിച്ച് കൂടി വല്ലപ്പോഴും സംസാരിക്കൂ. അല്ലെങ്കില്‍ ഹിറ്റ്‌ലറെ വിട്ടേക്കൂ. നിങ്ങള്‍ അണിയുന്ന കറുത്ത തൊപ്പിയുടെ ഉടമയായ മുസ്സോളിനിയെ കുറിച്ച്. പറയൂ. നിങ്ങളുടെ ഗുരുജി ഗോള്‍വാര്‍ക്കര്‍ സാഹിബ് മുസോളിനിയെ സന്ദര്‍ശിച്ചിരുന്നല്ലോ. ഭാരതീയതയുടെ അര്‍ത്ഥം ജര്‍മ്മനിയില്‍ നിന്നു പഠിക്കാനായിരുന്നു ഉപദേശം. പ്രധാനമന്ത്രി മനസ്സിലുള്ള കാര്യം പറയുകയേയുള്ളൂ. ഒന്നും കേള്‍ക്കില്ല.
വളരെ വ്യക്തിപരമായ ഒരു കാര്യം. ഞാന്‍ എന്റെ അമ്മയോട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സംസാരിച്ചു. ജെ.എന്‍.യുവില്‍ ആയിരുന്നപ്പോള്‍ അവരോട് ഞാന്‍ അധികം സംസാരിച്ചിരുന്നില്ല. ജയിലില്‍ പോയതിന് ശേഷമാണ് അവരോട് സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്. നിങ്ങളും വീട്ടുകാരോടു സംസാരിക്കൂ. അമ്മ മോദിയെ നന്നായി കളിയാക്കിയല്ലോ എന്നു ഞാന്‍ ചോദിച്ചു. എന്റെ അമ്മ പറഞ്ഞു, ‘ഞാന്‍ മോദിയെ കളിയാക്കിയിട്ടില്ല. കളിയാക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് അവരുടെ ജോലിയാണ്. ഞാന്‍ വേദന പങ്കിടുക മാത്രമാണ് ചെയ്തത്. മനസ്സിലാവുന്നവര്‍ കരയും. മനസ്സിലാവാത്തവര്‍ ചിരിക്കും. ഇതെന്റെ വേദനയാണ്. അതാണ് പറഞ്ഞത് മോദിജിയും ഒരമ്മയുടെ മകനാണ്. എന്റെ മകനെ രാജ്യദ്രോഹക്കുറ്റത്തില്‍ കുടുക്കിയിരിക്കുന്നു. ഇടയ്ക്കിടെ മനസ്സിലുള്ളത് പങ്കിടുന്നയാള്‍ വല്ലപ്പോഴും അമ്മയുടെ കാര്യം കൂടി പറയൂ.’ ഇതിന് എനിക്ക് മറുപടിയുണ്ടായില്ല.
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് വളരെ അപകടകരമായ കാര്യങ്ങളാണ്. ഞാന്‍ സംസാരിക്കുന്നത് ഒരു പാര്‍ട്ടിയെ കുറിച്ചോ ഒരു മാധ്യമത്തെ കുറിച്ചോ അല്ല. ഞാന്‍ സംസാരിക്കുന്നത് സൈനികരെ കുറിച്ചും മാത്രവുമല്ല. ഞാന്‍ പറയുന്നത് മുഴുവന്‍ രാജ്യത്തെ കുറിച്ചുമാണ്. ഇവിടെ ജനങ്ങളില്ലെങ്കില്‍ പിന്നെ അത് എന്ത് തരത്തിലുള്ള രാജ്യമാവും? ജെ.എന്‍.യുവിനൊപ്പം നിന്നവരെ വീണ്ടും വീണ്ടും നമസ്‌കരിക്കണം. കാരണം അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു.
ജെ.എന്‍.യുവില്‍ പഠിക്കുന്നവരില്‍ 60 ശതമാനം പെണ്‍കുട്ടികളാണ്. സംവരണനയം നടപ്പാക്കുന്ന, ഇനി അതിലെന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അതു നേടിയെടുക്കാന്‍ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ഒരു മാതൃകാ വിദ്യാഭ്യാസകേന്ദ്രമാണ് ജെ.എന്‍.യു. ഇവിടെ വരുന്ന പല വിദ്യാര്‍ത്ഥികളും സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്നവരാണ്. ഞാന്‍ ഈ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, നിങ്ങള്‍ക്കാര്‍ക്കും അറിയാനും വഴിയില്ല, എന്റെ കുടുംബം മുഴുവന്‍ ഒരു മാസം ജീവിക്കുന്നത് 3000 രൂപ കൊണ്ടാണ്. എനിക്ക് മറ്റുള്ള വലിയ യൂണിവേഴ്‌സിറ്റികളില്‍ പി.എച്ച്.ഡി. ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഇങ്ങനെയുള്ള ഒരു സര്‍വ്വകലാശാലയ്ക്കു നേരെ ആക്രമണം വന്നപ്പോള്‍ അതോടൊപ്പം നിന്ന എല്ലാവര്‍ക്കുമെതിരെയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പക്ഷം പിടിച്ചല്ല ഞാനിതു പറയുന്നത്. എനിക്ക് എന്റേതായ പ്രത്യയശാസ്ത്രമുണ്ട്. സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിക്കും ഡി.രാജയ്ക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ കേസ് എടുത്തിരിക്കുന്നു. ജെ.എന്‍.യുവിനു വേണ്ടി സംസാരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ, ഇവരൊന്നും ജെ.എന്‍.യുവിന്റെ പക്ഷം പിടിച്ചവരല്ല. മറിച്ച് ശരിയെ ശരി എന്നും തെറ്റിനെ തെറ്റെന്നുതന്നെയും വിവേചിച്ചറിഞ്ഞവരാണ്. ഇവര്‍ക്കെതിരെ പുലഭ്യം പറച്ചിലുകള്‍ തുടരുന്നു. വധഭീഷണികള്‍ കൂടിവരുന്നു. ഇതെന്തുതരം സ്വയംപ്രഖ്യാപിത ദേശീയതയാണ് സുഹൃത്തുക്കളെ?
2014 ലോകസഭാ തെരെഞ്ഞെടുപ്പില്‍ രാജ്യത്തെ 69 ശതമാനവും ഈ സര്‍ക്കാരിന് എതിരായാണ് വോട്ട് ചെയ്തത്. വെറും 31 ശതമാനമാണ് നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തത്. അതില്‍ പലരും നിങ്ങളുടെ പ്രഖ്യാപനങ്ങളില്‍ മയങ്ങിപ്പോയവരുമാണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കാതിരിക്കാനായി അവര്‍ ഇന്ന് ജനങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമത്തിലാണ്. ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ജെ.എന്‍.യുവിനെ കുറിച്ച് കവര്‍ സ്റ്റോറിയും ചെയ്തിരിക്കുന്നു. ‘ഹര്‍ ഹര്‍’ എന്ന് പറഞ്ഞാണ് നിങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഇന്ന് ജനങ്ങള്‍ അര്‍ഹര്‍ അഥവാ പരിപ്പ് കാരണം വിഷമത്തിലും ദേഷ്യത്തിലുമാണ്. ജെ.എന്‍.യു നാലു മാസത്തേക്ക് അടച്ചിടണമെന്ന് അവര്‍ക്ക് ഒരു സംവാദത്തിലൂടെ തെളിയിക്കാമെങ്കില്‍ ഞാന്‍ അവരോട് യോജിക്കാം. നിങ്ങള്‍ക്ക് നുണകളെ സത്യമാക്കാന്‍ കഴിയില്ല. ഈ രാജ്യത്ത് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ച് വിടാനോ ജെ.എന്‍.യുവില്‍ നിന്ന് ഉയരുന്ന ശബ്ദത്തെ ഇല്ലാതാക്കാനോ കഴിയില്ല. നിങ്ങള്‍ക്ക് ഈ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. എത്രത്തോളം നിങ്ങള്‍ ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം കരുത്തോടെ ഞങ്ങള്‍ പൊരുതിക്കൊണ്ടിരിക്കും.
ഈ രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കൂന്ന ആര്‍.എസ്.എസ്സിനും എ.ബി.വി.പിക്കുമെതിരെ ജെ.എന്‍.യു. നിലകൊള്ളും. ഇതൊരു വലിയ യുദ്ധമാണ്. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും. ജെ.എന്‍.യു വിന് സമയം തരൂ.
നന്ദി..ഇങ്ക്വിലാബ് സിന്ദാബാദ്
ഒരിക്കല്‍ കൂടി സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാം. ഇത് രാജ്യത്തെ എല്ലാ ജനങ്ങളും അറിയേണ്ടതുണ്ട്. ഈ മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറയേണ്ടതുണ്ട്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നാണ് വേണ്ടത്.
തോ ഹം ക്യാ ചാഹ്‌തെ ആസാദി
സോര്‍ സെ ബോലോ ആസാദി
അരെ ഊംഛാ ബോലെ ആസാദി
അരെ മൈ ഭി ബോലൂം ആസാദി
തോ തും ഭി ബോലോ ആസാദി
തോ ആഗെ സെ ബോലോ ആസാദി
തോ പീഛെ സെ ബോലോ ആസാദി
തോ മില്‍കര്‍ ബോലോ ആസാദി
തോ ഹോലോ ബോലോ ആസാദി
തോ സോര്‍ സെ ബോലോ ആസാദി
തോ ആര്‍.എസ്.എസ്. സെ ആസാദി
തോ സംഘ്‌വാദ് സെ ആസാദി
തോ ജാതിവാദ് സെ ആസാദി
തോ മനുവാദ് സെ ആസാദി
തും കുഛ് ഭി കര്‍ ലോ ആസാദി
ഹം ലേക്കെ രഹേംഗേ ആസാദി
ഹൈ ഹക്ക് ഹമാരി ആസാദി
ഹൈ ജാന്‍ സെ പ്യാരി ആസാദി
ഹൈ പ്യാരി പ്യാരി ആസാദി
തൊ മൈ ഭി മാംഗൂം ആസാദി
തോ തും ഭി മാഗോ ആസാദി
തോ ജെ.എന്‍.യു. മാംഗേ ആസാദി
തോ ഡി.യു. മാംഗേ ആസാദി
തോ അലിഗഢ് സെ ആസാദി
തോ പി.യു ബോലെ ആസാദി
തോ പട്‌ന ബോലെ ആസാദി
തോ കേരള്‍ ബോലെ ആസാദി
തോ മണിപുര്‍ സെ ആസാദി
തോ ഗുജറാത്ത് സെ ആസാദി
ഹം ലേക്കെ രഹേംഗെ ആസാദി
തോ ഹാം കര്‍നെ കി ആസാദി
തോ നാ കര്‍നെ കി ആസാദി
തോ സുന്‍ലെ മോദി ആസാദി
ഹൈ ഹക്ക് ഹമാരി ആസാദി
അവന്‍ ഇടതുപക്ഷത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കേരളത്തിലെത്തുമെന്ന് പറഞ്ഞിട്ടുണ്ട്.
അവന്റെ വരവിനായി, അവന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കൊപ്പം ഞാനും…