കേരള ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള ഹൈക്കോടതി ഇടപെടല്‍. തിരഞ്ഞെടുപ്പ് നടപടികള്‍ ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ സ്‌റ്റേ ചെയ്തു. സുപ്രീം കോടതിയുടെയും ജസ്റ്റീസ് ആര്‍.എം.ലോധ സമിതിയുടെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി അയോഗ്യര്‍ തന്നെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളാവാന്‍ ശ്രമിക്കുന്നതിനെതിരെ കണ്ണൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറി ഗോകുല്‍ വിരാജ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഉത്തരവ്.
ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബി.സി.സി.ഐയിലും കെ.സി.എയിലും ഭാരവാഹികളാവാന്‍ അയോഗ്യതയുള്ളവരെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഇരുന്നുകൊണ്ട് കെ.സി.എയെയും അതുവഴി ബി.സി.സി.ഐയെയും നിയന്ത്രിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇതിനായി ലോധ സമിതി നിര്‍ദ്ദേശം മറികടക്കുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് ജില്ലാ അസോസിയേഷനുകളിലേക്ക് നടത്താന്‍ കെ.സി.എ. നിശ്ചയിച്ചിരിക്കുകയാണ്. ഓരോ ജില്ലാ അസോസിയേഷനിലും ആ ജില്ലാ അസോസിയേഷന്റെ ബൈ ലോ പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
ഓരോ ജില്ലാ അസോസിയേഷനിലും വെവ്വേറെ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഫലത്തില്‍ ലോധ സമിതി നിര്‍ദ്ദേശങ്ങളുടെ നിരാസമാണ്. ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാന്‍ കെ.സി.എയ്ക്കു ബാദ്ധ്യതയുണ്ട്. എന്നാല്‍, സുപ്രീം കോടതി വിധിയിലും ലോധ സമിതി റിപ്പോര്‍ട്ടിലും വെള്ളം ചേര്‍ക്കാനുള്ള നീക്കമാണ് കെ.സി.എ. നടത്തുന്നത്. അയോഗ്യരെ പുറത്താക്കുന്നതാണ് സുപ്രീം കോടതി നയമെങ്കില്‍ ഇവിടെ അയോഗ്യര്‍ പിന്‍സീറ്റ് ഡ്രൈവിങ്ങിനു ശ്രമിക്കുകയാണ്. ഇത് തടയുകയും സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് നടത്താന്‍ ഇടപെടുകയും വേണമെന്നാണ് ഗോകുല്‍ വിരാജിന്റെ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബി.സി.സി.ഐ., കെ.സി.എ., കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.