HomePOLITYഅയ്യേ... നാറ്...

അയ്യേ… നാറ്റിച്ച്!!!!

-

Reading Time: 5 minutes

ഉച്ചയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലെത്തിയപ്പോള്‍ വലിയൊരാള്‍ക്കൂട്ടം. അകത്തോട്ടു കടക്കാന്‍ നന്നേ ക്ലേശിച്ചു. കുമാരന്മാരാണ് ഏറെ. ചിലരുടെ കൈയില്‍ ബാഗുമുണ്ട്. അപ്പോഴാണ് ചാരിവെച്ചിരിക്കുന്ന കൊടി ശ്രദ്ധയില്‍പ്പെട്ടത്. പന്തം ആലേഖനം ചെയ്ത നീലപ്പതാക. കൂടിനില്‍ക്കുന്നവര്‍ കെ.എസ്.യുക്കാരാണെന്ന് അതോടെ മനസ്സിലായി. വിദ്യാഭ്യാസ ബന്ദ് കഴിഞ്ഞുള്ള വരവാണ്.

ഭയഭക്തി ബഹുമാനങ്ങളോടെ യുവരക്തങ്ങള്‍ക്കിടയിലൂടെ നൂഴ്ന്നു കയറാന്‍ ശ്രമിക്കുന്നതിനിടെ വലിയൊരു വയറിനു മുന്നില്‍ ഇടിച്ചുനിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ആശ്വാസമായി -എം.എ.ലത്തീഫ്. നല്ല സുഹൃത്ത്. ഡി.സി.സി. ട്രഷറര്‍ ആണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എന്നു പരിചയപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. പണ്ടേ അങ്ങനെയാണ്. തിരുവനന്തപുരം നഗരത്തില്‍ കോണ്‍ഗ്രസ്സിന്റേതായി എന്തു സമരം നടന്നാലും അതിന്റെ ആസൂത്രകന്‍ ലത്തീഫാണ്. ലത്തീഫ് സൗഹൃദത്തില്‍ സംസാരിക്കുന്നതു കണ്ടതോടെ പിന്നെ പ്രസ് ക്ലബ്ബിലേക്കുള്ള എന്റെ പ്രവേശനം എളുപ്പമായി. ഭഗവാന്‍ ശ്രീകൃഷ്ണനെയും കുട്ടയില്‍ ചുമന്നുവന്ന വസുദേവര്‍ക്കു മുന്നില്‍ കാളിന്ദി രണ്ടായി പിളര്‍ന്നു വഴിമാറിയതു പോലെ അണികള്‍ എന്റെ മുന്നിലും വഴി തെളിച്ചു.

ക്ലബ്ബിലെ ചെറിയ ജോലി തീര്‍ത്ത് പുറത്തിറങ്ങുമ്പോഴും ചെറുപ്പക്കാരുടെ കൂട്ടം അവിടെയുണ്ട്. പ്രകടനം തുടങ്ങാനുള്ള പുറപ്പാടിലാണ്. ടെലിഫോണ്‍ ബില്ലടയ്ക്കണം. സ്റ്റാച്യുവിലെ ബി.എസ്.എന്‍.എല്‍. ഓഫീസിലേക്കു നടന്നു. എം.ജി. റോഡില്‍ ഈ ഓഫീസിന്റെ നേരെ എതിര്‍ഭാഗത്താണ് സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം കിടക്കുന്ന പന്തല്‍. എവിടെത്തിരിഞ്ഞാലും പോലീസുകാര്‍ മാത്രം. ഹെല്‍മറ്റും പരിചയും ലാത്തിയുമടക്കമുള്ള സര്‍വ്വസന്നാഹങ്ങളുമുണ്ട്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവിനാണ് നേതൃത്വം. പ്രകടനം അവിടേക്കാണ്. സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം ശയനപ്രദക്ഷിണവും സംഘര്‍ഷവുമൊക്കെ ഉണ്ടായതാണ്. ഞാന്‍ പരമാവധി വേഗത്തില്‍ നടന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷും നിരാഹാരം ആരംഭിച്ചിട്ട് ഒരാഴ്ചയിലേറെയായി. തങ്ങള്‍ അവശരാണെന്ന് അവര്‍ തന്നെ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ പറയുന്നുണ്ടെങ്കിലും സമരവീര്യത്തിന് കുറവില്ല. യൂത്ത് കോണ്‍ഗ്രസ്സിന് പിന്തുണയേകാനാണ് കെ.എസ്.യുക്കാര്‍ വിദ്യാഭ്യാസ ബന്ദ് നടത്തിയതു തന്നെ. ഫോണ്‍ ബില്‍ അടച്ചിട്ട് ഇറങ്ങിയപ്പോഴേക്കും പ്രകടനമെത്തി. വെറുതെ ഇറങ്ങിപ്പോയി അടിയും ഏറും വാങ്ങണ്ടല്ലോ എന്നു കരുതി തല്‍ക്കാലം അവിടെത്തന്നെ എല്ലാം കണ്ടുനില്‍ക്കാന്‍ തീരുമാനിച്ചു. നേരത്തേ കരുതിയതു പോലെ തന്നെ പോലീസുമായി പ്രകടനക്കാര്‍ ഉന്തലും തള്ളലുമായി. ജലപീരങ്കിയില്‍ വെള്ളം ചീറി. ലാത്തി വായുവില്‍ ഉയര്‍ന്നു. സമരപ്പന്തലില്‍ ഇരിക്കാന്‍ നിരത്തിയിരുന്ന കസേരകള്‍ മാത്രമായിരുന്നു സമരക്കാരുടെ ആയുധം. അവര്‍ പോലീസിനു നേരെ കസേര വലിച്ചെറിഞ്ഞു. ദോഷം പറയരുതല്ലോ, കുട്ടിക്കോണ്‍ഗ്രസ്സുകാര്‍ പൊതുമുതല്‍ നശിപ്പിച്ചില്ല. നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യം കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ പറ്റൂ എന്ന് അവര്‍ക്ക് നന്നായറിയാം.

അല്പ സമയത്തിനു ശേഷം ബഹളം ഒന്നടങ്ങി. ജലപീരങ്കിയില്‍ നിന്ന് ശക്തിയായി വെള്ളമേറ്റിട്ടാണെന്നു തോന്നുന്നു ഒരു യുവാവിന് ശ്വാസതടസ്സം. അവനെ ആസ്പത്രിയിലേക്കു ചുമന്നുകൊണ്ടു പോകാന്‍ മത്സരം. അതു കാണേണ്ട കാഴ്ച തന്നെയായിരുന്നു. 5 അടി ഉയരമുള്ള പയ്യന്‍സിനെ നിരന്നു നടന്ന് ചുമക്കാന്‍ 10 പേര്‍. ആ ചുമട്ടുകാരെ നയിക്കാന്‍ വേറെയും 4 പേര്‍. എല്ലാം ഫോക്കസ് ചെയ്യുന്ന ക്യാമറ ലെന്‍സുകള്‍ക്കു മുന്നില്‍. അപ്പോഴാണ് യാദൃച്ഛികമായി ഒരു സംഗതി കണ്ണില്‍പ്പെട്ടത് -ചുവന്ന പോസ്റ്റര്‍ കളര്‍ കുപ്പി. നേരത്തേ കണ്ട ഒരു ദൃശ്യം മനസ്സില്‍ ഫ്‌ളാഷ് പോലെ മിന്നിമാഞ്ഞു. സമരക്കാരില്‍ ഒരാളുടെ വെള്ള ഷര്‍ട്ടിന്റെ പിന്നില്‍ ചോരചീറ്റിത്തെറിച്ച പോലെ ചുവന്ന നിറം കണ്ടിരുന്നു. ആര്‍ക്കോ ലാത്തിയടിയില്‍ ഗുരുതര പരിക്കേറ്റു എന്നാണ് കരുതിയത്. ആ ചുവപ്പിന്റെ ഗുട്ടന്‍സ് ഈ കുപ്പി കണ്ടപ്പോള്‍ പിടികിട്ടി.

ചായക്കുപ്പിയുമായി മുന്‍ കൗണ്‍സിലര്‍ ഹരികുമാറും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഭിലാഷ് ചിതറയും
ചായക്കുപ്പിയുമായി മുന്‍ കൗണ്‍സിലര്‍ ഹരികുമാറും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഭിലാഷ് ചിതറയും

ഏതാണ്ട് 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ദൃശ്യവും ഒപ്പം മനസ്സിലെത്തി. പാലക്കാട് സി.പി.എമ്മിന്റെ ഒരു സമരത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജുണ്ടായി. മുതിര്‍ന്ന നേതാവ് ടി.ശിവദാസ മേനോന്റെ തല അടിയേറ്റ് പൊട്ടി. നിലത്തുവീണു കിടക്കുന്ന മേനോന്റെ തലയില്‍ നിന്നൊഴുകിയ ചോര സമീപത്തിരുന്ന് വടിച്ചെടുത്ത് തന്റെ ഉടുപ്പില്‍ തേയ്ക്കുന്ന എന്‍.എന്‍.കൃഷ്ണദാസിന്റെ വിവാദ ചിത്രം അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. ഒഴുകിയെത്തിയ ചോര തന്റെ ഉടുപ്പിലല്ലാതെ തറയില്‍ തേയ്ക്കാനാവുമോ എന്ന ചോദ്യം പിന്നീട് കൃഷ്ണദാസ് ഉയര്‍ത്തിയെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തില്ല. സെക്രട്ടേറിയറ്റിനു മുന്നിലെ ചുവന്ന കളര്‍ കുപ്പിയെയും ആ വിവാദഗണത്തില്‍ പെടുത്താം.

നേതാവാകാനും ശ്രദ്ധിക്കപ്പെടാനും കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന തട്ടിപ്പുകള്‍ എല്ലാവര്‍ക്കുമറിയാം. പല സിനിമകളിലും ഇത് തമാശരൂപത്തില്‍ വന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച അയ്മനം സിദ്ധാര്‍ത്ഥന്‍ എന്ന യുവനേതാവിന്റെ നമ്പരുകള്‍ നമ്മള്‍ കണ്ടതാണ്. ഇന്ന് സമരത്തിനു വന്നവരുടെ കൂട്ടത്തില്‍ ഏതോ ‘അയ്മനം സിദ്ധാര്‍ത്ഥന്‍’ ഉണ്ടായിരുന്നിരിക്കണം. ചുവന്ന കളര്‍ ദേഹത്തൊഴിച്ച് ‘രക്താഭിഷിക്തനായി’ പത്രങ്ങളുടെ ഒന്നാം പേജുകളിലും ചാനല്‍ ഫ്രെയിമുകളിലും നിറഞ്ഞാല്‍ പുനഃസംഘടന വരുമ്പോള്‍ രക്ഷപ്പെടാമല്ലോ. ഒരു ലക്ഷ്യത്തിനായുള്ള സമരത്തിന്റെ പേരില്‍ പട്ടിണി കിടക്കുന്ന പാവം ഡീനിനെയും മഹേഷിനെയും കൂടി ആ വിരുതന്‍ നാറ്റിച്ചു. മറ്റൊരു പരിപാടിക്കായി കൊണ്ടു വന്ന കളര്‍ കുപ്പി അവിടെ കിടന്നതാണ് എന്നൊക്കെ വിശദീകരണം വന്നു. ഇനി എന്തു ന്യായം പറഞ്ഞിട്ടും കാര്യമില്ല തന്നെ. സമരക്കാരില്‍ ഒരാളുടെ ഉടുപ്പിനു പിന്നിലെ ‘ചോരക്കറ’ ഞാന്‍ നേരിട്ടു കണ്ടതാണ്. അതിനാല്‍ ന്യായങ്ങളൊന്നും ഞാന്‍ വിശ്വസിക്കില്ല.

ഇനി സമരത്തെപ്പറ്റി. സ്വാശ്രയ പ്രശ്‌നത്തില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, ഇനിയൊന്നും ചെയ്യാനില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സമരം ഒത്തുതീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി നടന്ന ചര്‍ച്ച വിജയിക്കാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. മുഖം രക്ഷിക്കുന്ന ഒരു ധാരണയുണ്ടാക്കി സമരം ഒത്തുതീര്‍ക്കുക എന്നത് യൂത്ത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ബാലികേറാ മലയാകാനാണ് സാദ്ധ്യത. കാരണം കഴിഞ്ഞ വര്‍ഷം വരെ ചെയ്തുവെച്ചിരുന്ന കാര്യങ്ങള്‍ തന്നെ. അതു വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ സ്വാശ്രയ പ്രശ്‌നം എന്താണെന്നറിയണം.

കൃത്രിമ ചോരക്കറയുടെ തെളിവ് ഇതാ
കൃത്രിമ ചോരക്കറയുടെ തെളിവ് ഇതാ

യു.ഡി.എഫ്. സര്‍ക്കാര്‍ പോയി എല്‍.ഡി.എഫ്. വന്നപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ചില മാറ്റങ്ങളുണ്ടായി. മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് കൂടി എന്നതാണ് പ്രധാന മാറ്റം. ഈ വര്‍ദ്ധന ഒഴിവാക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്ത് മറ്റൊരു ന്യായമുണ്ട്. 50 ശതമാനം മെരിറ്റ് സീറ്റ് സര്‍ക്കാരിനു വിട്ടുകൊടുത്ത കോളേജുകളുടെ എണ്ണം ഇക്കുറി വര്‍ദ്ധിച്ചു. ഇക്കാര്യങ്ങള്‍ മനസ്സിലാവണമെങ്കില്‍ വിശദമായ പരിശോധന വേണം.

ഈ വര്‍ഷം 20 സ്വാശ്രയ മെഡിക്കല്‍ കോളേജുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തയത്. ഇതു വഴി കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന സീറ്റുകളുടെ എണ്ണം 1,150 ആയി കൂടി. ഇത് 1,225 ആയി ഉയരാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. സര്‍ക്കാരിന്റെ കൈവശമുള്ള 50 ശതമാനത്തില്‍ 20 ശതമാനം പാവപ്പെട്ട കുട്ടികള്‍ക്കാണ് -25,000 രൂപ ഫീസ്. ബാക്കി 30 ശതമാനം ജനറല്‍ മെരിറ്റില്‍ 2,50,000 രൂപ ഫീസ്. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത 50 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 11,00,000 രൂപ ഫീസ്.

കഴിഞ്ഞ തവണ 13 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സര്‍ക്കാരുമായി കരാറുണ്ടാക്കിയത്. അതിലൂടെ സര്‍ക്കാരിന് ലഭിച്ചത് 750 മെരിറ്റ് സീറ്റുകള്‍. സംസ്ഥാന പ്രവേശന പരീക്ഷാ റാങ്ക് പട്ടികയെ മറികടന്നായിരുന്നു കരാറുണ്ടാക്കാത്ത മാനേജ്‌മെന്റുകളുടെ പ്രവേശനം. തോന്നിയ പോലെ തലവരി പിരിച്ചു. 80 ലക്ഷം രൂപ വരെ പ്രവേശനത്തിന് ഈടാക്കി. സര്‍ക്കാരുമായി കരാറുണ്ടാക്കിയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. 1,200 കോടിയോളം രൂപ തലവരിയിനത്തില്‍ മാനേജ്‌മെന്റുകള്‍ പിരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. ഈ വര്‍ഷം തലവരി ഒഴിവായി, നിയമവിരുദ്ധവുമായി. നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു മാത്രമേ പ്രവേശനം സാദ്ധ്യമാകൂ. തലവരി ഒഴിവായപ്പോള്‍ മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് ഉയര്‍ന്നു. ഫീസ് വര്‍ദ്ധന മാത്രമായി പരിഗണിക്കാനാവില്ല എന്നര്‍ത്ഥം. യൂത്ത് കോണ്‍ഗ്രസ് പറയുന്ന വര്‍ദ്ധനയുടെ കണക്കിനെപ്പറ്റി അവര്‍ക്കു തന്നെ വലിയ ധാരണയുണ്ടെന്നു തോന്നുന്നില്ല.

2001ല്‍ അധികാരത്തിലേറിയ എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ നിലവില്‍ വന്നത്. രണ്ട് സ്വാശ്രയ കോളേജുകളിലെ പകുതി മെരിറ്റ് സീറ്റുകള്‍ ചേര്‍ത്താല്‍ ഒരു സര്‍ക്കാര്‍ കോളേജിന് തുല്യം എന്ന പ്രഖ്യാപനവുമായാണ് വന്നതെങ്കിലും അത് പ്രഖ്യാപനം മാത്രമായി ഒതുങ്ങി. 2005 വരെ മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഒരേ ഫീസ് തന്നെയായിരുന്നു -1,13,000 രൂപ. 2006ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ഈ അവസ്ഥ മാറി. മാനേജ്‌മെന്റ് സീറ്റിലെ ഫീസ് ഉയര്‍ത്തി നിര്‍ത്താന്‍ അനുവദിച്ചുകൊണ്ട് 50 ശതമാനം മെരിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് -12,225 രൂപ -നടപ്പാക്കി. 2007ല്‍ മെരിറ്റ് സീറ്റിലെ ഫീസ് 35,000 രൂപയായി വര്‍ദ്ധിച്ചുവെങ്കിലും മാനേജ്‌മെന്റ് സീറ്റിലേതിനെ അപേക്ഷിച്ച് കുറഞ്ഞു തന്നെ നിന്നു.

2008ല്‍ ഫീസിന്റെ ചട്ടക്കൂട് വീണ്ടും മാറി. മെരിറ്റ് സീറ്റിനെ മൂന്നായി വിഭജിക്കുന്ന ഡിഫറന്‍സീവ് ഫീസ് സ്ട്രക്ചര്‍ നിലവില്‍ വന്നു. ബി.പി.എല്‍. വിഭാഗത്തിന് ഏറ്റവും കുറഞ്ഞ ഫീസ്, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അല്പം കൂടി ഉയര്‍ന്ന ഫീസ്, ജനറല്‍ മെരിറ്റ് സീറ്റില്‍ അതിലും ഉയര്‍ന്ന ഫീസ്. ഇതു നടപ്പാക്കിയിട്ടും മെരിറ്റിലെ ഏറ്റവും ഉയര്‍ന്ന ജനറല്‍ വിഭാഗത്തിലെ ഫീസ് 1,32,000 രൂപ മാത്രമായിരുന്നു. മെരിറ്റിലെ മറ്റു രണ്ടു വിഭാഗങ്ങളിലും ഫീസ് ഇതിലും താഴെയായിരുന്നു എന്നു സാരം.

2011ല്‍ സര്‍ക്കാര്‍ മാറിയെങ്കിലും ഈ ഘടന തുടര്‍ന്നു. എന്നാല്‍, 2012 ആയപ്പോഴേക്കും സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരുമായുള്ള കരാറില്‍ നിന്ന് പതിയെ പിന്മാറിത്തുടങ്ങി. 2015 ആയപ്പോഴേക്കും മെരിറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലും ഒരേ ഫീസ് ഈടാക്കുന്ന ഏകീകൃത ഫീസ് സ്ട്രക്ചര്‍ തിരിച്ചെത്തി. 2005ലേക്ക് സ്വാശ്രയ വിദ്യാഭ്യാസം തിരിച്ചുപോയപ്പോള്‍ ചില കോളേജുകളില്‍ മുഴുവന്‍ സീറ്റുകളിലും 7,00,000 രൂപ വരെ ഫീസ് ഉയര്‍ന്നു. ഇതില്‍ നിന്നൊരു മാറ്റമാണ് പകുതി സീറ്റുകള്‍ ഏറ്റെടുക്കുക വഴി സര്‍ക്കാര്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസ് കഴിഞ്ഞ വര്‍ഷത്തെക്കാളും അല്പം ഉയര്‍ത്തിയപ്പോള്‍ പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ ഫീസ് ഏര്‍പ്പെടുത്തി. എം.ഇ.എസ്സിലെ ഉദാഹരണം നോക്കിയാല്‍ കാര്യം എളുപ്പം മനസ്സിലാവും. എന്റെ അറിവനുസരിച്ച് കഴിഞ്ഞ വര്‍ഷം 5 ലക്ഷം രൂപയോളമായിരുന്നു മുഴുവന്‍ സീറ്റുകളിലും അവിടെ ഫീസ്. അത് ഇപ്പോള്‍ 20 ശതമാനം സീറ്റുകളില്‍ 25,000 രൂപയായി കുറഞ്ഞു. 30 ശതമാനം സീറ്റുകളില്‍ 2,50,000 രൂപയാണ് ഫീസ്. ബാക്കി മാത്രമേ മാനേജ്‌മെന്റിനുള്ളൂ.

കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയുക എന്നത് ന്യായമായ ആവശ്യമാണ്. അതിനുവേണ്ടി സമരം ചെയ്യുന്നതും തെറ്റല്ല. പഠനം കഴിയുമെങ്കില്‍ സൗജന്യമാക്കണം എന്നാണ് എന്റെ അഭിപ്രായം. സ്വാശ്രയ കോളേജുകളില്‍ അത് പറ്റില്ലല്ലോ. പക്ഷേ, സമരത്തിനിറങ്ങുമ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒരു ലക്ഷ്യം മുന്നില്‍ക്കാണണം. അത്തരമൊരു ലക്ഷ്യമില്ലെങ്കില്‍ സമരം പൊളിയും. നാറി നാശകോടാലിയാവും. ഡീനിനും മഹേഷിനും ആ ഗതി വരാതിരിക്കണമെങ്കില്‍ അവര്‍ നന്നായി ഗൃഹപാഠം ചെയ്‌തേ മതിയാകൂ. ഫീസ് കുറയ്ക്കണം എന്ന ആവശ്യം പൊതുവായി ഉന്നയിക്കുന്നതല്ലാതെ നടപ്പാകുന്ന ഒരു ക്രിയാത്മക നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സിനായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചുപോക്ക് ആണ് അവര്‍ നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അത് വിദ്യാര്‍ത്ഥി സമൂഹത്തിന് ഗുണകരമല്ലെന്നുറപ്പ്. ഇപ്പോഴത്തെ കരാര്‍ എങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗുണകരമാക്കാം എന്നതു മാത്രമാണ് ചിന്തിക്കാനാവുക. അതിനവര്‍ തയ്യാറല്ല എന്നു തന്നെയാണ് ഇതുവരെയുള്ള നിലപാട് വ്യക്തമാക്കുന്നത്. ഈ സമരം വെറും രാഷ്ട്രീയം മാത്രമാണെന്ന സംശയം ഉയരുന്നതും അതിനാല്‍ത്തന്നെ. ജനങ്ങളോടുള്ള പ്രതിബദ്ധതയെക്കാള്‍ വലിയ ലക്ഷ്യം സംഘടനാ തിരഞ്ഞെടുപ്പ് ആണെങ്കില്‍ ഇപ്പോഴത്തെ രീതികള്‍ ധാരാളം.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

COMMENTS

Enable Notifications OK No thanks