HomePOLITYഅതിവേഗം ബഹുദൂ...

അതിവേഗം ബഹുദൂരം!!!

-

Reading Time: 2 minutes

ഫെബ്രുവരി 29.
നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക.
ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്.
മാസചരിത്രം പറയാനല്ല ഈ തീയതി എടുത്തു പറഞ്ഞത്.
ജനുവരി 29 കഴിഞ്ഞ് 1 മാസം തികയുന്ന ദിവസമാണ് ഫെബ്രുവരി 29.

എന്താണ് കഴിഞ്ഞ ജനുവരി 29ന് സംഭവിച്ചത്? കോവളത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ ആദ്യ ദിനം. ഈ സംഗമത്തിന്റെ ലക്ഷ്യത്തോട് എതിര്‍പ്പുള്ള എസ്.എഫ്.ഐ. എന്ന വിദ്യാര്‍ത്ഥി സംഘടന സമ്മേളനവേദി ഉപരോധിക്കുന്നു. സംഘര്‍ഷസാദ്ധ്യത ഉള്ളതിനാല്‍ പ്രമുഖ വ്യക്തികള്‍ സമ്മേളന സ്ഥലത്തേക്ക് ചെല്ലരുതെന്ന് പോലീസ് ഉപദേശിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നു. പോലീസ് നിര്‍ദ്ദേശം മറികടന്ന് സമ്മേളന വേദിയിലേക്കു പോകാനായി സമരക്കാര്‍ക്കിടയിലേക്ക് നടന്നുകയറിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന് കൈയേറ്റം ചെയ്യപ്പെടുന്നു. ഒടുവില്‍ അദ്ദേഹത്തെ അടിച്ചുവീഴ്ത്തുന്നു.

ശ്രീനിവാസനെപ്പോലെ സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ള ഒരു ബഹുമാന്യ വ്യക്തിക്കെതിരെ നടന്ന കൈയേറ്റത്തിനും കാട്ടാളത്തത്തിനുമെതിരെ വ്യാപക പ്രതിഷേധമുയരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇതു സംബന്ധിച്ച ഒരു പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആധാരമാക്കി ഞാന്‍ ഒരു വിവരം പുറത്തുകൊണ്ടുവരുന്നു -ശ്രീനിവാസന്‍ നടത്തിയ അണ്‍പാര്‍ലമെന്ററി പദപ്രയോഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെ ശരത് എന്ന വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത് എന്ന വിവരം. ഇതിന്റെ പേരില്‍ നാട്ടുകാര്‍ എന്റെ നെഞ്ചില്‍ പൊങ്കാലയിടുന്നു. കഴിഞ്ഞ ദിവസം ഞാന്‍ എഴുതിയ ഒരു കുറിപ്പിനു താഴെ അഭിപ്രായമെഴുതിയ ഒരാള്‍ എന്റെ ‘പാളിപ്പോയ എക്‌സ്‌ക്ലൂസീവ്’ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ശ്രീനിവാസന്‍ അണ്‍പാര്‍ലമെന്ററി പദപ്രയോഗം നടത്തിയിട്ടില്ലെന്നും ഞാന്‍ പറഞ്ഞ പ്രകാരമൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ലെന്നും ഏറ്റവും ശക്തമായി വാദിച്ചത് തിരുവനന്തപുരത്തെ തന്നെ പ്രമുഖരായ ചില മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കളാണ്. വളരെ സജീവമായി രംഗത്തുനില്‍ക്കുന്നവരാണ് അവര്‍. ഞാന്‍ ഇപ്പോള്‍ അത്രയൊന്നും സജീവമായി രംഗത്തില്ലാത്ത ഒരാളും. സംഭവം കഴിഞ്ഞ് ഒരു മാസം തികയുമ്പോള്‍ അവര്‍ ഉള്‍പ്പെടെ എന്നെ വിമര്‍ശിച്ചവരോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ചോദ്യം, ഉത്തരം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പക്ഷേ, ഞാന്‍ ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ ചോദിക്കുന്നു.

3

ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സംഭവം മനുഷ്യാവകാശ ലംഘനമാണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമാണെന്നും പറഞ്ഞത് ബഹുമാന്യനായ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ തന്നെയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായിരുന്നു പോലീസ് മേധാവിയുടെ വിമര്‍ശനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തു.

ഇനി എന്റെ ചോദ്യങ്ങള്‍. ഇതിന് എനിക്ക് നേരിട്ട് ഉത്തരം തരേണ്ടതില്ല. ഉത്തരങ്ങള്‍ കണ്ടെത്തി വാര്‍ത്ത നല്‍കിയാലും മതിയാകും.

  1. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്ക് വിശദീകരണം നല്‍കിയോ?
  2. ആ വിശദീകരണം ലഭിച്ചുവെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്തു?
  3. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണ് എന്നാണോ?
  4. വിശദീകരണം തൃപ്തികരമാണെങ്കില്‍ കോവളത്ത് മനുഷ്യാവകാശ ലംഘനവും കൃത്യവിലോപവും ഉണ്ടായിട്ടില്ല എന്നാണോ?
  5. താഴേത്തട്ടിലുള്ള 5 പാവങ്ങളെ ദുര്‍ഗുണ പരിഹാര പാഠശാല അഥവാ കേരളാ പോലീസ് അക്കാദമിയിലേക്ക് പരിശീലനത്തിനയച്ച് കൈ കഴുകിയതല്ലാതെ മറ്റാര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
  6. ശ്രീനിവാസനെപ്പോലെ ഉന്നതനും സര്‍ക്കാരില്‍ വലിയ സ്വാധീനവുമുള്ള ഒരു വ്യക്തിയുടെ പരാതി ചുരുട്ടിക്കൂട്ടി കുട്ടയിലിട്ടു എന്നാണോ അര്‍ത്ഥം?
  7. മറുഭാഗത്ത്, എത്ര ഉന്നതന്‍ സമ്മര്‍ദ്ദം ചെലുത്തിയാലും നീതിപൂര്‍വ്വമായിട്ടു മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന ഡി.ജി.പിയുടെ നിശ്ചയദാര്‍ഢ്യത്തിനു തെളിവാണോ ഈ സംഭവം?

അല്ല, അതിവേഗം ബഹുദൂരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതുകൊണ്ടു ചോദിച്ചു പോകുന്നതാണ് സര്‍…

ടി.പി.ശ്രീനിവാസനും കൊള്ളാം!!
ടി.പി.സെന്‍കുമാറും കൊള്ളാം!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks