HomeSOCIETYഒരു സംസ്ഥാന മ...

ഒരു സംസ്ഥാന മുഖ്യമന്ത്രി ‘മണ്ണിൻ്റെ മക്കൾ വാദം’ ഉയർത്തുമ്പോൾ

-

Reading Time: 3 minutes

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമിക്കപ്പെടുന്ന വാക്കാണ് ‘റെമിറ്റൻസ്’. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ കുടുംബങ്ങൾക്കായി നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് കേരളത്തിൻ്റെ ഉപഭോഗ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്ന്. വർഷംതോറും ഏകദേശം രണ്ടര ലക്ഷം കോടി രൂപയുടെ വിദേശ റെമിറ്റൻസ് കേരളത്തിലെത്തുന്നുവെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ‘റെമിറ്റൻസി’നെക്കുറിച്ച് കേരളം അഭിമാനത്തോടെ സംസാരിക്കാറുണ്ട്. പ്രവാസിയുടെ വിയർപ്പിനെ കേരളത്തിൻ്റെ വികസനത്തിൻ്റെ അടിത്തറയായി അംഗീകരിക്കുകയും ചെയ്യുന്നു.

എന്നാൽ അതേ കേരളത്തിൽ കഠിനാധ്വാനം ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അവരുടെ കുടുംബങ്ങളിലേക്ക് പണം അയയ്ക്കുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന തരത്തിലുള്ള അഭിപ്രായം കേരളത്തിൻ്റെ മുഖ്യമന്ത്രി തന്നെ ഉയർത്തുമ്പോൾ അത് സാമ്പത്തികമായും രാഷ്ട്രീയമായും ധാർമ്മികമായും ഗൗരവമായ ചോദ്യങ്ങൾക്കു വഴിവെയ്ക്കുന്നു. മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ‘റിവേഴ്സ് റെമിറ്റൻസ്’ എന്ന ആശയം അവതരിപ്പിച്ചാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. കേരളത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വളരെ കുറച്ച് മാത്രം ചെലവഴിക്കുന്നു, ശമ്പളം ലഭിക്കുന്ന മുറയ്ക്ക് ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ വഴി സ്വന്തം സംസ്ഥാനങ്ങളിലേക്ക് പണം അയയ്ക്കുന്നു, ഇതുമൂലം കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വലിയ തോതിൽ പണം പുറത്തേക്ക് ഒഴുകുകയാണ് എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ഈ പ്രവണത ഭാവിയിൽ കേരളത്തിൻ്റെ പണലഭ്യതയെ ബാധിക്കുമെന്നും പഠനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രസംഗത്തിലെ ഏറ്റവും വലിയ പ്രശ്നം ‘റിവേഴ്സ് റെമിറ്റൻസ്’ എന്ന സാമ്പത്തിക പദം ഉപയോഗിച്ച രീതിയിലാണ്. സാമ്പത്തികശാസ്ത്രത്തിലും കുടിയേറ്റ പഠനങ്ങളിലും ‘റിവേഴ്സ് റെമിറ്റൻസ്’ എന്നതിന് വ്യക്തമായ ഒരു നിർവചനമുണ്ട്. സാധാരണ ‘റെമിറ്റൻസ്’ എന്നത് വിദേശത്ത് ജോലി ചെയ്യുന്നവർ സ്വന്തം നാട്ടിലേക്ക് പണം അയയ്ക്കുന്നതാണ്. ‘റിവേഴ്സ് റെമിറ്റൻസ്’ എന്നത് അതിൻ്റെ വിപരീതമാണ്. അതായത്, നാട്ടിലുള്ള കുടുംബാംഗങ്ങൾ വിദേശത്തോ മറ്റൊരു പ്രദേശത്തോ കഴിയുന്ന കുടിയേറ്റക്കാരന് സാമ്പത്തിക സഹായം അയയ്ക്കുന്ന പ്രവണത. കുടിയേറ്റത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ജോലി ഉറപ്പാകാത്തതോ ജീവിതച്ചെലവ് കൂടുതലായതോ പോലുള്ള സാഹചര്യങ്ങളിൽ കുടുംബം കുടിയേറ്റക്കാരനെ സഹായിക്കുന്ന സാമ്പത്തിക പ്രവാഹത്തെയാണ് അക്കാദമിക് സാഹിത്യം ‘റിവേഴ്സ് റെമിറ്റൻസ്’ എന്ന് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്ന ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിഷ, അസം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ സ്വന്തം കുടുംബങ്ങൾക്ക് ശമ്പളത്തിൻ്റെ ഒരു ഭാഗം അയയ്ക്കുന്നതിനെ ‘റിവേഴ്സ് റെമിറ്റൻസ്’ എന്ന് വിശേഷിപ്പിക്കുന്നത് സാമ്പത്തികശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട നിർവചനവുമായി പൊരുത്തപ്പെടുന്നില്ല.

ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. ഒരു മലയാളി ദുബായിലോ ദോഹയിലോ റിയാദിലോ ജോലി ചെയ്യുമ്പോൾ അദ്ദേഹം എന്താണ് ചെയ്യുന്നത്? പരമാവധി ചെലവ് ചുരുക്കുന്നു. ചെറിയ താമസസൗകര്യങ്ങളിൽ കഴിയുന്നു. കുടുംബത്തെ കൂടെ കൊണ്ടുപോകാതെ വർഷങ്ങളോളം ഒറ്റയ്ക്ക് ജീവിക്കുന്നു. കിട്ടുന്ന വരുമാനത്തിൻ്റെ വലിയൊരു പങ്ക് കേരളത്തിലെ കുടുംബത്തിലേക്ക് അയയ്ക്കുന്നു. ആ പണം ഉപയോഗിച്ചാണ് ഇവിടെ വീടുകൾ പണിയപ്പെടുന്നത്, കുട്ടികൾ പഠിക്കുന്നത്, വായ്പകൾ അടയ്ക്കുന്നത്, ചെറുകിട വ്യാപാരങ്ങൾ ആരംഭിക്കുന്നത്.

അതുതന്നെയാണ് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളും ചെയ്യുന്നത്. അവർ കേരളത്തിൽ സമ്പാദിക്കുന്ന വരുമാനത്തിൽ നിന്ന് പരമാവധി മിച്ചം പിടിച്ച് സ്വന്തം കുടുംബങ്ങൾക്ക് അയയ്ക്കുന്നു. അവരുടെ മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കും വേണ്ടിയാണ് ആ പണം പോകുന്നത്. അതിൽ ധാർമ്മികമായോ സാമ്പത്തികമായോ അസ്വാഭാവികമായി ഒന്നുമില്ല. ലോകമെമ്പാടുമുള്ള കുടിയേറ്റ തൊഴിലാളികളുടെ സ്വാഭാവിക ജീവിതരീതിയാണത്.

ഇവിടെ ചോദിക്കേണ്ടത് മറ്റൊരു ചോദ്യമാണ്. കേരളത്തിലെ പ്രവാസി പണം അയയ്ക്കുമ്പോൾ അതിനെ ‘റെമിറ്റൻസ് ഇക്കോണമി’ എന്ന് വിശേഷിപ്പിക്കുകയും, ഇതരസംസ്ഥാന തൊഴിലാളി സ്വന്തം കുടുംബത്തിന് പണം അയയ്ക്കുമ്പോൾ അതിനെ സാമ്പത്തിക ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്?

ഈ സമീപനം അപകടകരമായ മറ്റൊരു രാഷ്ട്രീയ സന്ദേശവും സൃഷ്ടിക്കുന്നു.ഒരു സംസ്ഥാനത്ത് തൊഴിൽ ചെയ്യാൻ വരുന്ന ഇന്ത്യൻ പൗരന്മാരെ സാമ്പത്തിക ഭാരമായി അവതരിപ്പിക്കുന്ന ഭാഷ, “മണ്ണിൻ്റെ മക്കൾ” എന്ന ആശയത്തിലേക്ക് സമൂഹത്തെ നയിക്കാനുള്ള സാധ്യതയുണ്ട്. ഒരു ഇന്ത്യൻ സംസ്ഥാനത്ത് ജോലി ചെയ്യുന്ന മറ്റൊരു സംസ്ഥാനക്കാരൻ അവിടുത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശത്രുവാണെന്ന ആശയം ഭരണഘടനയുടെ ആത്മാവുമായി പൊരുത്തപ്പെടുന്നതല്ല. 1960കളിൽ മഹാരാഷ്ട്രയിൽ ബാൽ താക്കറെ ഉയർത്തിയ “മണ്ണിൻ്റെ മക്കൾ” വാദം സൃഷ്ടിച്ച പ്രശ്നങ്ങൾ നമ്മൾ മറക്കാറായിട്ടില്ല. മുംബൈയിൽ മറാത്തി ജനതയുടെ തൊഴിൽ, സംസ്കാരം, രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് മാർമിക് മാസികയിലൂടെ താക്കറെ വാദിച്ചു. “മണ്ണിൻ്റെ മക്കൾ” വാദം ഉയർത്തിയ താക്കറെയുടെ ശിവസേന എന്ന പാർട്ടി മറുനാട്ടുകാർക്കെതിരെ, പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാരും പിന്നീട് ഉത്തരേന്ത്യക്കാരും അടങ്ങുന്ന സമൂഹത്തിനെതിരെ, നിലപാട് സ്വീകരിച്ചു. ഈ വാദം ശിവസേന എന്ന പാർട്ടിയുടെ പ്രാദേശിക ശക്തി ഉറപ്പിച്ചുവെങ്കിലും മഹാരാഷ്ട്രക്കാരല്ലാത്തവർ നല്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

ഇപ്പോൾ കേരളത്തിൽ ഈ നാട്ടിലെ മുഖ്യമന്ത്രി തന്നെ “മണ്ണിൻ്റെ മക്കൾ” വാദം പറയുന്നു. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും രാജ്യത്തിൻ്റെ ഏത് ഭാഗത്തും താമസിക്കാനും തൊഴിൽ ചെയ്യാനും അവകാശം നൽകുന്നു. ഫെഡറലിസം എന്നത് സംസ്ഥാനങ്ങൾ തമ്മിലുള്ള മതിലുകൾ കെട്ടിപ്പടുക്കുകയല്ല; മനുഷ്യവിഭവവും തൊഴിലും മൂലധനവും രാജ്യത്തിനകത്ത് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സംവിധാനമാണ്.

ഇന്ന് കേരളത്തിൽ കെട്ടിടങ്ങൾ ഉയരുന്നത് ആരുടെ അധ്വാനത്താലാണ്? റോഡുകൾ നിർമ്മിക്കുന്നത് ആരാണ്? പാലങ്ങൾ പണിയുന്നത് ആരാണ്? വീടുകൾ നിർമ്മിക്കുന്നത് ആരാണ്? കാർഷിക മേഖല മുതൽ മത്സ്യബന്ധന അനുബന്ധ മേഖലകൾ വരെ ആരാണ് താങ്ങിനിർത്തുന്നത്? ഇവിടുത്തെ യുവാക്കൾ പല മേഖലകളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ ഈ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നമ്മൾ ‘അതിഥികൾ’ എന്നു തന്നെ വിശേഷിപ്പിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നിർണായക പങ്കുവഹിക്കുന്നുവെന്നത് നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്.

അവർ ഇവിടെ തൊഴിൽ ചെയ്യുന്നു. വസ്തുക്കൾ വാങ്ങുന്നു. വാടക നൽകുന്നു. ഗതാഗതം ഉപയോഗിക്കുന്നു. ആരോഗ്യമേഖലയും ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നു. അവർ നൽകുന്ന പരോക്ഷ നികുതികളും അവർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളും സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്. അവരുടെ ചെലവ് മലയാളികളുടെ ചെലവിൻ്റെ മാതൃകയിലല്ലെന്ന കാരണത്താൽ അവർ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് നിഗമനം ചെയ്യുന്നത് യുക്തിസഹമല്ല.

കേരളം പതിറ്റാണ്ടുകളായി മറ്റൊരു നൈതിക നിലപാടിൻ്റെ പ്രതീകമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന മാന്യതയും അംഗീകാരവും കേരളത്തിൽ തൊഴിൽ ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കും ലഭിക്കണമെന്നാണ് ആ നിലപാട്. പ്രവാസി മലയാളിക്ക് വിദേശരാജ്യങ്ങൾ “ഇവിടെ സമ്പാദിക്കുന്ന പണം ഇവിടെ തന്നെ ചെലവഴിക്കണം; നാട്ടിലേക്ക് അയയ്ക്കരുത്” എന്ന് പറഞ്ഞാൽ നാം അത് അംഗീകരിക്കുമോ? ഇല്ല. കാരണം അത് മനുഷ്യാവകാശവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ സമീപനമായിരിക്കും. അതുപോലെതന്നെ കേരളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സ്വന്തം കുടുംബത്തെ സഹായിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്നതും അംഗീകരിക്കാനാവില്ല.

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് യഥാർഥ വെല്ലുവിളികൾ വേറെയാണ്. ഉൽപാദന നിക്ഷേപം വർധിപ്പിക്കുക, തൊഴിൽസൃഷ്ടി ശക്തിപ്പെടുത്തുക, വ്യവസായ വളർച്ച ഉറപ്പാക്കുക, ആഭ്യന്തര ആവശ്യകത വികസിപ്പിക്കുക, ഉയർന്ന മൂല്യവർധിത മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദീർഘകാല പരിഹാരങ്ങൾ. അതിന് പകരം അധ്വാനിക്കുന്ന തൊഴിലാളികളുടെ കുടുംബച്ചെലവിനെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി അവതരിപ്പിക്കുന്നത് പ്രശ്നത്തിൻ്റെ യഥാർഥ സ്വഭാവത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനേ ഉപകരിക്കൂ.

കേരളത്തിൻ്റെ ചരിത്രം പ്രവാസിയുടെ അധ്വാനത്തെ ആദരിച്ച ചരിത്രമാണ്. അതേ ആദരം ഇവിടെ വന്ന് വിയർപ്പൊഴുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കും ലഭിക്കണം. ഒരു വിഭാഗത്തിൻ്റെ റെമിറ്റൻസിനെ വികസനത്തിൻ്റെ പ്രതീകമായും മറ്റൊരു വിഭാഗത്തിൻ്റെ റെമിറ്റൻസിനെ ഭീഷണിയായും ചിത്രീകരിക്കുന്ന ഇരട്ടത്താപ്പ്, കേരളം ഉയർത്തിപ്പിടിച്ച മാനവിക മൂല്യങ്ങൾക്കും ഭരണഘടനാപരമായ ഫെഡറൽ ബോധത്തിനും യോജിച്ചതല്ല.

 

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS

LATEST insights