Reading Time: 2 minutes

? ഇങ്ങോട്ടു വരാന്‍ തിരക്കുകൂട്ടുന്നതെന്തിനാ?
= ഞങ്ങളുടെ ജിവിതം സുരക്ഷിതമാക്കാന്‍.

? എങ്ങനാണ് നിങ്ങള്‍ സുരക്ഷിതരാകുന്നത്?
= സുരക്ഷയുള്ള കേരളത്തില്‍ വന്നാല്‍ ഞങ്ങളും സുരക്ഷിതരാവും.

? എങ്ങനാണ് കേരളം സുരക്ഷിതമായത്?
= സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ചു ശ്രമിച്ചതുകൊണ്ട്.

? അവര്‍ എങ്ങനെയാണ് ശ്രമിച്ചത്?
= സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സഹകരിച്ചു.

? കേരളത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണ് അല്ലേ?
= അതെ, സര്‍ക്കാരിന്റെ കൃത്യമായ സംവിധാനത്തോടു സഹകരിച്ച ജനങ്ങള്‍ സുരക്ഷിതരായി.

? സുരക്ഷയെങ്ങനെ നിലനിര്‍ത്തും?
= ഈ സംവിധാനം നിലനിര്‍ത്തണം.

? സംവിധാനമെങ്ങനെ നിലനിര്‍ത്തും?
= സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണം.

? ഈ സംവിധാനം തകര്‍ന്നാലോ?
= കേരളത്തിലെ സുരക്ഷ ഇല്ലാതാവും.

? സുരക്ഷ ഇല്ലാത്തിടത്തേക്കു വന്നിട്ടു വല്ല കാര്യവുമുണ്ടോ?
= ഒരു കാര്യവുമില്ല.

ഇത്രേയുള്ളൂ കാര്യം.
കേരളത്തില്‍ ഇപ്പോഴുള്ള സുരക്ഷ അപകടത്തിലായാല്‍ അതു ബാധിക്കുന്നത് ഇങ്ങോട്ടു വരുന്നവരെ കൂടിയാണ്.
അതുകൊണ്ടാണ് കേരളത്തിന്റെ സുരക്ഷയുള്ള അന്തരീക്ഷം സംരക്ഷിക്കണം എന്നു പറയുന്നത്.
അതുകൊണ്ടാണ് സര്‍ക്കാരിനെ അറിയിച്ച ശേഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു വരണമെന്നു പറയുന്നത്.
നിങ്ങള്‍ വെറുതെയിങ്ങ് ഇടിച്ചുകയറി വന്ന് ഇവിടെല്ലാം കുളമാക്കിയാല്‍ പിന്നെ വന്നിട്ടെന്താണ് കാര്യം?
നിങ്ങള്‍ കുഴപ്പത്തിലാവും, ഇവിടുള്ളവരെയും കുഴപ്പത്തിലാക്കും.

ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ പാസെടുക്കുന്നത് എന്തിന്?
ആരോഗ്യപ്രവര്‍ത്തകര്‍ വാര്‍ഡുതലത്തില്‍ അപേക്ഷകരുടെ വീടുകളില്‍ പോയി ക്വാറന്റൈന്‍ സൗകര്യമുണ്ടോ എന്നു നോക്കും.
സ്വന്തം വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.
ഓരോ ആളെയും വൈദ്യ പരിശോധന നടത്തി അവര്‍ എത്തേണ്ടിടത്ത് എത്തി എന്നുറപ്പിച്ചാണ് സര്‍ക്കാര‍് സുരക്ഷ ഉറപ്പാക്കുന്നത്.
അതിനാണ് പാസ്.
അതാണ് സംവിധാനം.

ഇതുവരെ 97247 പ്രവാസികള്‍ റോഡ്, റെയില്‍, കടല്‍, വായു മാര്‍ഗ്ഗങ്ങളില്‍ എത്തിക്കഴിഞ്ഞു.
വാഹനത്തില്‍ 82678, വിമാനത്തില്‍ 8390, ട്രെയിനില്‍ 4558, കപ്പലില്‍ 1621.
അവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
വളരെ കുറച്ച് എന്നു പറഞ്ഞാല്‍ വളരെ വളരെ കുറച്ച് -0.5 ശതമാനത്തിലും താഴെ.
അവരെയെല്ലാം ചികിത്സിച്ചു ഭേദമാക്കാനാവും എന്ന ആത്മവിശ്വാസവും കേരളത്തിനുണ്ട്.
ഇവര്‍ വന്നത് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ ആയതിനാലാണ് തിരിച്ചറിയാനും പ്രതിരോധം ചമയ്ക്കാനും കഴിഞ്ഞത്.

പ്രവാസികളോടു സംസാരിക്കുന്നവരെ പോലും ക്വാറന്റൈന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ചില രാഷ്ട്രീയ നേതാക്കളാണ്.
അത് അവരുടെ രാഷ്ട്രീയ താല്പര്യം നടത്തിയെടുക്കാനുള്ള ശ്രമമായിരുന്നു.
അതിവിടെ ആരും മൈന്‍ഡ് ചെയ്യുന്നില്ല.

നിങ്ങള്‍ തീര്‍ച്ചയായും വരണം.
നിങ്ങളെ ഞങ്ങള്‍ക്കു ഭയമില്ല.
പക്ഷേ, ഇവിടുള്ള സുരക്ഷ നിലനിര്‍ത്താനുള്ള ബാദ്ധ്യത നിങ്ങളുടേതു കൂടിയാണെന്ന് മറക്കാതിരിക്കുക.

Previous articleഇടപെടൽ
Next articleസത്യമെവിടെ വാര്‍ത്തയെവിടെ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here