HomePOLITYഅമ്പു കൊള്ളാത...

അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…

-

Reading Time: 8 minutes

പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നതായുള്ള സംശയം ശക്തമായ സാഹചര്യത്തിലാണ് ഈ ആരോപണമുയര്‍ന്നത്. സരിതയെക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ലല്ലോ എന്നും അനുബന്ധമായി ചോദിച്ചും കേട്ടു. ഈ ആക്ഷേപത്തിന് ശക്തമായ ഒരു മറുപടി തന്നെയാണ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നടപടി രാഷ്ട്രീയപ്രേരിതമാണോ അല്ലയോ എന്നുള്ള ചര്‍ച്ചകള്‍ക്കിടയിലും യു.ഡി.എഫ്. പ്രതിരോധത്തിലായി എന്നു പറയാതെ വയ്യ. ‘അമ്പു കൊള്ളാത്തവരായി ആരുമില്ല കുരുക്കളില്‍’ എന്നു പറഞ്ഞ പോലുള്ള അവസ്ഥ!!

commision (2)
സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റീസ് ജി.ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

പ്രമാദമായ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റീസ് ജി.ശിവരാജനെ കമ്മീഷനായി 2013 ഒക്ടോബര്‍ 28ന് നിയോഗിച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ്. 4 വര്‍ഷത്തിനു ശേഷം ഇങ്ങനൊരു ചെയ്ത്ത് അന്ന് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിച്ചുണ്ടാവില്ല എന്നുറപ്പ്. കമ്മീഷന്റെ തെളിവെടുപ്പ് 4 വര്‍ഷത്തോളം നീണ്ടു. 353 തവണ തെളിവെടുത്തു. 214 സാക്ഷികളെ വിസ്തരിച്ചു. സാക്ഷിമൊഴികള്‍ മാത്രം 8,463 പേജുകളുണ്ട്. 927 രേഖകളിലായി 7,998 പേജുകള്‍ വേറെയും. ഒരു ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ 15 മണിക്കൂര്‍ തുടര്‍ച്ചയായി മൊഴികൊടുത്ത ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറി. കേരളത്തില്‍ ആദ്യമായി ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതും സോളാര്‍ അന്വേഷണത്തിലൂടെ കണ്ടു. സരിതയുടെ പേരിലായിരുന്നു വാറന്റ്!

oc depose (2)
സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റീസ് ജി.ശിവരാജനു മുന്നില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മൊഴി നല്‍കാനെത്തിയപ്പോള്‍

ഒടുവില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ 4 വാള്യം, 1073 പേജ്! റിപ്പോര്‍ട്ട് ജസ്റ്റീസ് ശിവരാജന്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഒരു തരത്തിലും റിപ്പോര്‍ട്ട് ചോരാതിരിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക നിഷ്ഠ പുലര്‍ത്തിയപ്പോള്‍ തന്നെ സംശയമുയര്‍ന്നതാണ്, എന്തോ വലുത് വരാനുണ്ടെന്ന്. റിപ്പോര്‍ട്ട് ചോരരുതെന്ന് തന്റെ ഓഫീസില്‍ മാത്രമല്ല, അന്വേഷണ കമ്മീഷന്‍ ഓഫീസിലും പിണറായി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശമില്ല’ എന്ന ഊഹാപോഹ വാര്‍ത്തകള്‍ നല്‍കി പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്. പിന്നീട് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി നിയമോപദേശം എന്നും വാര്‍ത്ത വന്നു. എന്തുകൊണ്ടോ അത് വിശ്വസിക്കാന്‍ തോന്നിയിരുന്നില്ല. ആ തോന്നല്‍ ശരിയായിരുന്നു. റിപ്പോര്‍ട്ട് വാര്‍ത്ത പച്ചക്കള്ളമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.

fake news

ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് എന്നിവരുടെ നിയമോപദേശം ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ തേടി. കൃത്യം ഒരാഴ്ചയ്ക്കു ശേഷം ഒക്ടോബര്‍ 10ന് നിയമോപദേശം വന്നു. റിപ്പോര്‍ട്ട് പരിശോധിച്ച അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സും വെവ്വേറെ നിയമോപദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ചാണ് മന്ത്രിസഭ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുള്ള പ്രധാനികള്‍

-ഉമ്മന്‍ ചാണ്ടി
-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
-ആര്യാടന്‍ മുഹമ്മദ്
-അടൂര്‍ പ്രകാശ്
-കെ.സി.വേണുഗോപാല്‍
-എ.പി.അനില്‍കുമാര്‍
-ഹൈബി ഈഡാന്‍
-പി.സി.വിഷ്ണുനാഥ്
-മോന്‍സ് ജോസഫ്
-ജോസ് കെ.മാണി
-എ.പി.അബ്ദുള്ളക്കുട്ടി
-എന്‍.സുബ്രഹ്മണ്യന്‍
-എസ്.എസ്.പളനിമാണിക്യം
-ബെന്നി ബെഹന്നാന്‍
-തമ്പാനൂര്‍ രവി

കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ആറു മാസത്തിനുള്ളില്‍ നിയമസഭയില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിറവേറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലേക്ക് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഭൂരിഭാഗവും നടപ്പാക്കാനുള്ള ചുമതല ഈ സംഘത്തിനാണ്. വിജിലന്‍സ് അന്വേഷണം സമാന്തരമായി നടക്കും. മന്ത്രിസഭാ തീരുമാനമനുസരിച്ച് എന്തു നടപടികള്‍ സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു കഴിഞ്ഞു.

ഉമ്മന്‍ ചാണ്ടി

‘ജനകീയ കോടതി വിധി പറയട്ടെ, മനസ്സാക്ഷിക്കു മുന്നില്‍ തെറ്റുകാരനല്ല, സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ല’ -സോളാര്‍ കേസ് സര്‍ക്കാരിനെ ആസകലം പിടിച്ചുകുലുക്കിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതായി വന്ന മൊഴിമുത്തുകളാണ്. റിപ്പോര്‍ട്ട് സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനം വരുമ്പോഴും ഉമ്മന്‍ ചാണ്ടി അതു തന്നെ പറയുന്നു -‘മനസ്സാക്ഷിക്കു മുമ്പില്‍ തെറ്റു ചെയ്തിട്ടില്ല’. ഒരു കേസില്‍ ഒരു സര്‍ക്കാര്‍ ഒന്നടങ്കം ആരോപണത്തിന്റെ നിഴലിലാവുന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു. ചില സമരങ്ങള്‍ ഇടതുമുന്നണി സംഘടിപ്പിച്ചുവെങ്കിലും വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി നിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തെക്കാള്‍ വലിയ പങ്കുവഹിച്ചത് മാധ്യമങ്ങളാണ് എന്നു തന്നെ പറയേണ്ടി വരും. അവസാനം മുഖം രക്ഷിക്കാനെന്നവണ്ണം എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിനൊടുവിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്. അതു തന്നെ ഒത്തുതീര്‍പ്പാണെന്ന ആക്ഷേപമുണ്ടായി. എന്തായാലും അന്തിമഫലം ഒത്തുതീര്‍പ്പല്ലെന്ന് ഇപ്പോള്‍ വ്യക്തമായി.

commision (1)
സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റീസ് ജി.ശിവരാജന്‍

അന്വേഷണ കമ്മീഷന്‍ പരിഗണിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷവുമായി ആലോചിച്ച് നിശ്ചയിക്കാമെന്ന് ആദ്യം യു.ഡി.എഫ്. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ആ വാഗ്ദാനത്തില്‍ നിന്ന് പിന്നീട് സര്‍ക്കാര്‍ പിന്മാറി. ഏകപക്ഷീയമായി തന്നെ ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചു. അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു സോളാര്‍ അഴിമതിക്കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയമായത്. എന്നാല്‍, മുഖ്യമന്ത്രി അന്വേഷണപരിധിയില്‍ വരാതിരിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. ഇപ്പോള്‍ കമ്മീഷനു മുന്നില്‍ വന്ന തെളിവുകളും വസ്തുതകളും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ തട്ടിപ്പുകേസില്‍ പ്രധാന ഉത്തരവാദികളാണെന്ന് വ്യക്തമാക്കാന്‍ പോന്നതാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതും അതു തന്നെ.

കമ്മീഷന്റെ പ്രധാനപ്പെട്ട നിഗമനങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കുകയും അതിനുമേല്‍ ലഭിച്ച നിയമോപദേശം അനുസരിച്ചുള്ള നടപടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവരും ടീം സോളാര്‍ കമ്പനിയെയും ഉടമയായ സരിത എസ്.നായരെയും വഴിവിട്ട രീതിയില്‍ സഹായിച്ചിട്ടുണ്ട്. തന്റെ ഇടപാടുകാരെ വഞ്ചിക്കുന്നതിനാണ് സരിത ഈ സഹായം പ്രയോജനപ്പെടുത്തിയത്. മാത്രമല്ല, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഓഫീസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി.

calls (1)

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ അഴിമതിക്കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിത നായരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7-ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാം എന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍, സരിത ജയിലില്‍ കഴിയുമ്പോള്‍ 2013 ജൂലൈ 19ന് എഴുതിയ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താം. ഫലത്തില്‍ ഇത് ബലാത്സംഗകുറ്റം തന്നെയാണ്. ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ചു എന്നല്ല, അതിലും കടുത്ത വാക്കുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുകയും ചെയ്തു.

saritha letter (1)

താന്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടതു സംബന്ധിച്ച് സരിത എഴുതിയ കത്ത് കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുമുണ്ട്. കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍, സരിതയ്‌ക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സരിതയുടെ കത്തില്‍ 14 പേരുകള്‍

-ഉമ്മന്‍ ചാണ്ടി (എം.എല്‍.എ. -മുന്‍ മുഖ്യമന്ത്രി)
-ആര്യാടന്‍ മുഹമ്മദ് (മുന്‍ മന്ത്രി)
-അടൂര്‍ പ്രകാശ് (എം.എല്‍.എ. -മുന്‍ മന്ത്രി)
-എ.പി.അനില്‍കുമാര്‍ (എം.എല്‍.എ. -മുന്‍ മന്ത്രി)
-എസ്.എസ്.പളനിമാണിക്കം (മുന്‍ കേന്ദ്ര മന്ത്രി)
-കെ.സി.വേണുഗോപാല്‍ (എം.പി. -മുന്‍ കേന്ദ്ര മന്ത്രി)
-ഹൈബി ഈഡന്‍ (എം.എല്‍.എ.)
-മോന്‍സ് ജോസഫ് (എം.എല്‍.എ.)
-എ.പി.അബ്ദുള്ളക്കുട്ടി (മുന്‍ എം.എല്‍.എ.)
-പി.സി.വിഷ്ണുനാഥ് (മുന്‍ എം.എല്‍.എ.)
-ജോസ് കെ.മാണി (എം.പി.)
-എന്‍.സുബ്രഹ്മണ്യന്‍ (കെ.പി.സി.സി. സെക്രട്ടറി)
-കെ.പത്മകുമാര്‍ (എ.ഡി.ജി.പി.)
-പ്രതീഷ് (രമേശ് ചെന്നിത്തലയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം)

അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം. 2012-13 കാലയളവില്‍ ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയെ സരിത നായര്‍ 205 തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായ സലിം രാജുമായി സരിത ഇതേ കാലയളവില്‍ സംസാരിച്ചത് 416 തവണയാണ്. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനുള്ളിലേക്ക് അനായാസം കടന്നുകയറാനാവും വിധം സരിത സ്വാധീനവലയം സൃഷ്ടിച്ചതിന്റെ തെളിവായാണ് കമ്മീഷന്‍ ഈ ഫോണ്‍വിളികളെ വിലയിരുത്തിയിരിക്കുന്നത്. തോമസ് കുരുവിള മുഖേന ഉമ്മന്‍ ചാണ്ടിക്ക് 1.90 കോടി രൂപ കൈക്കൂലി നല്‍കിയതായി സരിത ആരോപിച്ചത് ഈ സാഹചര്യത്തില്‍ കമ്മീഷന്‍ മുഖവിലയ്‌ക്കെടുത്തു എന്നാണ് സൂചന.

saritspec

ഉമ്മന്‍ ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും വലിയ തുകകള്‍ കൈക്കൂലിയായി സരിതയില്‍ നിന്നും അവരുടെ കമ്പനിയില്‍ നിന്നും വാങ്ങിയതായി കണ്ടെത്തിയതിനാല്‍ അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 13 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണ് എന്നാണ് ഈ വിഷയത്തില്‍ ലഭിച്ച നിയമോപദേശം. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ നിന്നും ഒഴിവാക്കുന്നതിനായി തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുഖേന നടത്തിയ ശ്രമങ്ങളുടെയും എടുത്ത നടപടികളുടെയും പേരില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താം. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 368/2013, കോന്നി പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 656/2013 എന്നീ കേസുകളില്‍ ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും എതിരെ ഉള്ള കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളും, കുറ്റകൃത്യത്തിലുള്ള സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനല്‍ നടപടി ചട്ടം 173(8) പ്രകാരം തുടരന്വേഷണം നടത്താമെന്നും ഉപദേശം ലഭിച്ചു.

ഇതുപ്രകാരം ഉമ്മന്‍ ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എല്ലാവരുടെയും പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടി, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്ബ്, സലിം രാജ് എന്നിവര്‍ക്കെതിരെ തുടരന്വേഷണത്തിനു വേണ്ടി ക്രിമിനല്‍ നടപടി നിയമ പ്രകാരം ബന്ധപ്പെട്ട കോടതികളില്‍ നിയമാനുസൃതം ഹര്‍ജി നല്‍കും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയും വേണമെന്നും തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഈ കേസില്‍ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിതയെയും സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ എന്നിവരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി തന്നെ സ്വീകരിക്കാം എന്നാണ് നിയമോപദേശം. ഇതുപ്രകാരം ആര്യാടനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.

പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. കൂടാതെ, പ്രത്യേക അന്വേഷണ സംഘം സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എം.എല്‍.എമാര്‍, സോളാര്‍ കേസുകള്‍ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് സി.ഡി.ആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിഗൂഢമായ പദ്ധതികള്‍ ഒരുക്കിയതിനും മറ്റു സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടത്താതിരുന്നതിനും പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാമെന്നാണ് നിയമോപദേശം. എ.ഡി.ജി.പി. കെ.പത്മകുമാര്‍, ഡി.വൈ.എസ്.പി. കെ.ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാമെന്നും ഉപദേശം ലഭിച്ചു.

കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് മാറ്റുകയും വകുപ്പുതല നടപടി സ്വീകരിക്കുകയും വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. പത്മകുമാര്‍, ഹരികൃഷ്ണന്‍ എന്നീ ഉദ്യോസ്ഥര്‍ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡി.ജി.പി. എ.ഹേമചന്ദ്രന്‍ അടക്കമുള്ള മറ്റ് ഉദ്യോസ്ഥരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും മന്ത്രിസഭ നിര്‍ദ്ദേശിച്ചു.

saritha custody (1)
റിമാന്‍ഡിലായിരുന്ന വേളയില്‍ സരിതയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍

ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും സരിത നായരുടെ ടീം സോളാര്‍ കമ്പനിയുടെ സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത എം.എല്‍.എമാരും അവരുടെ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവി, ബെന്നി ബെഹന്നാന്‍ തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചതായി കമ്മീഷന്‍ കണ്ടെത്തി. സോളാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വ്വമായി ഇടപെട്ടതിനും ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തമ്പാനൂര്‍ രവി, ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാവമെന്ന നിയമോപദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിന്റെയും ചുമതല പ്രത്യേക അന്വേഷണ സംഘത്തിനാണ്.

കേരള പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ജി.ആര്‍.അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് ശക്തമായ നടപടി വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ പി.സി.ആക്ട് ഉപയോഗിക്കാനാകുമോ എന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേരള പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രത്യേകിച്ച് അതിന്റെ ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത്ത് 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ സംബന്ധിച്ച് ഇവര്‍ക്കെതിരെ ബാധകമായ സര്‍വ്വീസ് ചട്ടം പ്രകാരം വകുപ്പുതല നടപടി സ്വീകരിക്കുകയും അഴിമതി നിരോധന നിയമ പ്രകാരം ക്രിമിനല്‍ കേസടുെത്ത് അന്വേഷണം നടത്തുകയും വേണമെന്നാണ് നിയമോപദേശം. വകുപ്പുതല നടപടിയും വിജിലന്‍സ് അന്വേഷണവും മന്ത്രിസഭ അംഗീകരിച്ചു.

പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നു വ്യക്തമായ സാഹചര്യത്തില്‍ പൊലീസ് സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ അനുയോജ്യമായ കാര്യക്ഷമതയുള്ള ഒരു ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇതുപോലെ തന്നെ ജയില്‍ അധികാരികളും ബന്ധപ്പെട്ട പൊലീസ് വകുപ്പും ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് ശരിയായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും കണ്ടെത്തി. ജയില്‍ അധികൃതരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ആവശ്യമായ പൊലീസ് അകമ്പടി ഇത്തരം കാര്യങ്ങളില്‍ നല്‍കേണ്ടതുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ പൊലീസ് അന്വേഷണ സംവിധാനത്തെ ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവും ആക്കുന്നതിനെ സംബന്ധിച്ചും പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളേയും പരിധിയേയും സംബന്ധിച്ചും ജയിലില്‍ നിന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ഈ വിഷയത്തില്‍ നിയമോപദേശം ലഭിച്ചത്. ഇതിലേക്കായി ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി അദ്ധ്യക്ഷനായി കമ്മീഷനെ നിയോഗിക്കുവാന്‍ മന്ത്രിസഭയില്‍ ധാരണയായി.

സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അവിടെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ചുരുങ്ങിയത് ഒരു വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ആവശ്യമായ സംഭരണ സംവിധാനമൊരുക്കുകയോ 15 ദിവസത്തിലൊരിക്കല്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയോ വേണം. ഇക്കാര്യം പരിശോധിച്ച് നടപടി നിര്‍ദ്ദേശിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനര്‍ട്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതോടെ ഇനിയും പരാതികള്‍ ലഭിക്കാനും പഴയ പരാതികളില്‍ പുതിയ തെളിവുകള്‍ ലഭിക്കാനും സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പുതിയ പരാതികള്‍ ലഭിച്ചാല്‍ അതു സംബന്ധിച്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. പുതിയ രേഖകളോ തെളിവോ ലഭിച്ചാല്‍ പഴയ കേസില്‍ തുടരന്വേഷണം നടത്തും. പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുക.

കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത മന്ത്രിസഭ തിരുത്തല്‍ നടപടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. ഡി.ജി.പി. എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നു മാറ്റി കെ.എസ്.ആര്‍.ടി.സി. എം.ഡിയാക്കി. ഈ തസ്തികയില്‍ ആദ്യമായാണ് ഡി.ജി.പി. റാങ്കിലുള്ളയാള്‍ വരുന്നത്. ഇതുവരെ ഐ.ജി. തസ്തികയിലുള്ളവര്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. തലപ്പത്തു വന്നത്. എ.ഡി.ജി.പി. കെ.പത്മകുമാറിനെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡിയായി മാറ്റിനിയമിച്ചു. ഇരുവര്‍ക്കും പൊലീസിനു പുറത്തേക്ക് തരംതാഴ്ത്തല്‍ തന്നെ.

pv
പിണറായി വിജയന്‍

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള നടപടി രാഷ്ട്രീയപ്രേരിതമാണോ അല്ലയോ എന്നുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചുകഴിഞ്ഞു. ഏതായാലും ഉമ്മന്‍ ചാണ്ടി തന്നോട് ചെയ്തതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് പിണറായി വിജയനെന്ന് പറയാതെ വയ്യ. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പോകുന്നതിനു തൊട്ടുമുമ്പുള്ള അവസാന മന്ത്രിസഭാ യോഗത്തിലാണ് പിണറായി എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാന്‍ ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് തീരുമാനമെടുപ്പിച്ചത്. 11 വര്‍ഷങ്ങള്‍ക്കു ശേഷം ആ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ തിരിച്ചടി നല്‍കിയിരിക്കുന്നു. രാഷ്ട്രീയ എതിരാളിയെ കുടുക്കി എന്നതിനൊപ്പം പിണറായി പ്രതികാരത്തിന്റെ മാധുര്യവും നുകരുകയാണിവിടെ!!

LATEST insights

TRENDING insights

1 COMMENT

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks