വി.എസ്.അച്യുതാനന്ദനും സി.പി.ഐ.എമ്മും രണ്ടു വഴിക്കാണെന്നു വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടോ?
മുന്പ് അങ്ങനെയൊരു ധാരണ പരന്നിരുന്നു എന്നത് ശരി തന്നെ. പാര്‍ട്ടി സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങള്‍ തന്നെ താഴ്ത്തിക്കെട്ടാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി വി.എസ്സിന് പരാതിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെയും പാര്‍ട്ടിയുടെയും പ്രതികരണങ്ങളില്‍ നിന്ന് ഞാനടക്കമുള്ള പൊതുസമൂഹത്തിന് മനസ്സിലാക്കാനായ കാര്യമാണത്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം സ്ഥിതിഗതികള്‍ മാറി. വി.എസ്സിനോട് സോഫ്ട് കോര്‍ണര്‍ ഉള്ളതായി പറയപ്പെടുന്ന സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. വി.എസ്സിനെ ഒപ്പം കൊണ്ടുപോകാന്‍ സംസ്ഥാന പാര്‍ട്ടി ശ്രമിച്ചു. പാര്‍ട്ടിക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വി.എസ്സും തയ്യാറായി. ഏറെക്കാലത്തിനു ശേഷം വി.എസ്സും പിണറായിയും ഒരേ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി. സി.പി.ഐ.എമ്മിന് ചില ശുഭസൂചനകള്‍.
പിണറായി വിജയന്‍ ഇപ്പോള്‍ വി.എസ്. ഗ്രൂപ്പായെന്നാണ് യു.ഡി.എഫ്. ആഭിമുഖ്യമുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അടുത്തിടെ പറഞ്ഞത്. തമാശയായിട്ടാണ് അദ്ദേഹം പറഞ്ഞതെങ്കിലും ആ വാക്കുകളില്‍ സമീപകാല യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്. പ്രതിസന്ധിയിലാണ് എന്ന് എല്ലാവരും വിലയിരുത്തുന്പോഴും ഈ യോജിപ്പിന്‍റെ അന്തരീക്ഷം ആ പാര്‍ട്ടിക്കു പകരുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റു പലരെയും ഇത് ഭയപ്പെടുത്തുന്നുണ്ട്.
മൂന്നാര്‍ സമരത്തിന്‍റെ പേരില്‍ വി.എസ്സിനെയും പാര്‍ട്ടിയെയും വേര്‍തിരിച്ചു കാണാനാണ് ഇപ്പോള്‍ ചിലരുടെ ശ്രമം. സ്വതസിദ്ധമായ ശൈലിയിലായിരുന്നു മൂന്നാറില്‍ വി.എസ്സിന്‍റെ ഇടപെടലെന്നത് ശരി തന്നെ. പക്ഷേ, പാര്‍ട്ടിയുടെ ഭാഗമാണ് താനെന്നു ബോദ്ധ്യപ്പെടുത്താനും അദ്ദേഹം തയ്യാറായി. രാജേന്ദ്രന്‍ എം.എല്‍.എയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചതു മാത്രം മതി ഇതിനു തെളിവായി. ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന പലരും കാര്യങ്ങള്‍ മാറിമറിയുന്നത് കണ്ട് ആശങ്കയിലായിരിക്കുന്നു. ഇപ്പോഴത്തെ പ്രചാരവേല വെറുതെയല്ല എന്നു സാരം.
ഫിദല്‍ കാസ്ട്രോ കഴിഞ്ഞാല്‍ സ്വന്തം നാട്ടില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്.അച്യുതാനന്ദനാണെന്നാണ് അന്താരാഷ്ട്ര തലത്തിലെ റിപ്പോര്‍ട്ട്. സി.പി.ഐ.എമ്മില്‍ നിന്നാണ് വി.എസ്. അങ്ങനെയായത്. അതിനാല്‍ നേതാവിനെയും പാര്‍ട്ടിയെയും വേര്‍തിരിച്ചു കാണേണ്ടതില്ല.
ഇതെന്‍റെ അഭിപ്രായം.. എന്‍റെ മാത്രം അഭിപ്രായം…