കേരളത്തിലെ ഏതെങ്കിലും മാധ്യമം ഈ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ കണ്ടിട്ടില്ല. ആരും വാര്‍ത്ത നല്‍കാനിടയില്ല എന്നു തന്നെയാണ് വിശ്വാസം. കാരണം ഈ കഥയിലെ നായകന്‍ -അതോ വില്ലനോ? -എം.എ.യൂസുഫലിയാണ്. ഒരു സുഹൃത്ത് വാട്ട്‌സാപ്പില്‍ അയച്ചു തന്നെ വീഡിയോയിലൂടെ തീര്‍ത്തും യാദൃച്ഛികമായാണ് രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞത്. ഇത് എല്ലാവരുമറിയണം.
ജന്മനാടായ നാട്ടികയ്ക്ക് സമ്മാനമായി തൃപ്രയാറില്‍ 4.50 ഏക്കറില്‍ 2.50 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ 250 കോടി രൂപ ചെലവിട്ട് വൈ മാള്‍ എം.എ.യുസുഫലി സ്ഥാപിച്ചു. യൂസുഫലിയുടെ പേരക്കുട്ടി അയാന്‍ അലിയാണ് കഴിഞ്ഞ ഡിസംബര്‍ 30ന് വൈ മാള്‍ ഉദ്ഘാടനം ചെയ്തത്. നാട്ടുകാരെ സഹായിക്കാന്‍ തുടങ്ങിയ ഈ മാള്‍ ഒരു നാടിനെയാകെ മുക്കിക്കളയുന്നതാണ് പിന്നീട് കണ്ടത്. ഇതിനെതിരെ സംഘടിച്ചെത്തിയ നാട്ടുകാര്‍ ‘മഹാനായ’ യൂസുഫലിയെ മുട്ടുകുത്തിച്ചു.

ഇടപ്പള്ളിയില്‍ തോട് നികത്തി ലുലു മാളും ബോള്‍ഗാട്ടിയില്‍ തീരദേശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കണ്‍വെന്‍ഷന്‍ സെന്ററുമൊക്കെ നിര്‍മ്മിച്ച യൂസുഫലി തൃപ്രയാറില്‍ അതു ചെയ്യാതിരിക്കുമോ? വൈ മാള്‍ നിര്‍മ്മിച്ചത് തണ്ണീര്‍ത്തടത്തില്‍. മാളിന്റെ പാര്‍ക്കിങ് ഏരിയയ്ക്കു വേണ്ടി അങ്ങാടിത്തോട് നികത്തി. ഈ നികത്തല്‍ തൃപ്രയാര്‍ മേഖലയില്‍ പ്രളയത്തിനു വഴിവെച്ചു. നാട്ടുകാര്‍ കൈവെച്ചു!
കഴിഞ്ഞ പ്രളയകാലത്ത് തൃപ്രയാര്‍ മേഖലയില്‍ 300ഓളം വീടുകളും 100ഓളം വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. 70ഓളം കുടുംബങ്ങള്‍ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിലായി. പെട്ടെന്നു വന്ന ഈ പ്രളയത്തിന്റെ കാര്യം നാട്ടുകാര്‍ക്ക് പിടികിട്ടിയില്ല. എന്നാല്‍, ഇത്തവണയും പ്രളയം ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ കാരണം തേടിയിറങ്ങി, കണ്ടെത്തി. യൂസുഫലിയുടെ തോട് നികത്തലാണ് പ്രളയകാരണമെന്നു ബോദ്ധ്യപ്പെട്ടു. തങ്ങളുടെ പ്രശ്‌നത്തിന് നാട്ടുകാര്‍ തന്നെ പരിഹാരമുണ്ടാക്കുകയും ചെയ്തു. യൂസുഫലി തോട് നികത്തി കെട്ടിയടച്ചത് പഞ്ചായത്ത് അധികൃതരെക്കൊണ്ട് നാട്ടുകാര്‍ ബലമായി പൊളിപ്പിച്ചു.
പൊളിക്കല്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകാര്‍ പരമാവധി ശ്രമിച്ചു. നിങ്ങള്‍ പൊളിച്ചില്ലെങ്കില്‍ ഞങ്ങള്‍ പൊളിക്കുമെന്നായി നാട്ടുകാര്‍. ഗത്യന്തരമില്ലാതെ പൊള്ളിക്കാന്‍ അധികൃതരെത്തി. കുറച്ചു പൊളിച്ചതിന് ശേഷം സൂത്രത്തില്‍ അത് നിര്‍ത്തിവെയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ വിട്ടില്ല. പാതിരാത്രി വരെ സ്ഥലത്ത് നിന്നു പൊളിക്കാന്‍ മേല്‍നോട്ടം വഹിച്ചതിന് ശേഷം മാത്രമേ അവര്‍ പിന്‍വാങ്ങിയുള്ളൂ.
വൈ മാളുകാര്‍ അങ്ങാടിത്തോട് മൂടിയതിനെതിരെ നാട്ടുകാര്‍ നേരത്തേ പലതവണ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ലുലു ഗ്രൂപ്പിനെ സഹായിക്കുന്ന തരത്തിലായിരുന്നു അധികൃതര്‍ നിന്നത്. പ്രളയം രൂക്ഷമായി നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയപ്പോഴും ബോധപൂര്‍വ്വമുള്ള തണുപ്പന്‍ മട്ടായിരുന്നു പഞ്ചായത്തിന്. ഒരു മാസത്തെയെങ്കിലും സാവകാശം വൈ മാളിന് കൊടുക്കണം, അവര്‍ പൊളിച്ചോളും എന്നായിരുന്നു അധികൃതരുടെ നിലപാട്. കാലവാസ്ഥ മാറുമ്പോള്‍ വെള്ളം സ്വാഭാവികമായി ഇറങ്ങുന്നതോടെ പ്രതിഷേധച്ചൂട് തണുപ്പിക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ട91ല്‍.

എന്നാല്‍, നാട്ടുകാര്‍ വഴങ്ങിയില്ല. കഴിഞ്ഞ തവണ തന്നെ ഇതു ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കില്‍ ഇത്തവണ ഈ മേഖലയില്‍ പ്രളയമേ വരില്ലായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നാട്ടികയില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ ആവശ്യം തന്നെ വരില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. നിലപാട് കടുപ്പിച്ച നാട്ടുകാരുടെ പ്രതികരണം കൈവിട്ടുപോകുമെന്ന അവസ്ഥയിലായപ്പോള്‍ പഞ്ചായത്തുകാര്‍ വഴങ്ങി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരക്കുഗതാഗതം നടന്നിരുന്ന ജലപാതയാണ് അങ്ങാടിത്തോട്. അക്കാലത്ത് എട്ടടിയോളം വീതി തോടിനുണ്ടായിരുന്നു. കാലക്രമത്തില്‍ നികന്നു വന്നെങ്കിലും നിലവില്‍ അഞ്ചരയടിയോളം വീതിയുള്ള അങ്ങാടിത്തോട്, നാട്ടിക പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ വെള്ളം ഒഴുകി പോയിരുന്ന മാര്‍ഗമായിരുന്നു. അങ്ങാടിത്തോടിലൂടെ കനോലി കനാലില്‍ എത്തി, അവിടെ നിന്നു കടലിലേക്ക് ചേരുന്നതായിരുന്നു വെള്ളത്തിന്റെ വഴി. ഈ സ്വഭാവിക സഞ്ചാരമാണ് വൈ മാള്‍ വന്നതോടെ കഴിഞ്ഞ വര്‍ഷം തടയപ്പെട്ടത്.
തോട് പോകുന്ന തൃപ്പയാര്‍ പുഞ്ചപ്പാടം നികത്തിയാണ് വൈ മാളിന്റെ പാര്‍ക്കിങ് ഏരിയ കെട്ടിയിരിക്കുന്നത്. പുഞ്ചപ്പാടം പ്രധാനപ്പെട്ടൊരു തണ്ണീര്‍ത്തടമായിരുന്നു. വെള്ളം നില്‍ക്കുന്ന പ്രദേശത്ത് ആദ്യം ചരലിട്ട് ഉയര്‍ത്തി അതിനു മുകളില്‍ കരിങ്കല്‍ കെട്ടി പാറപ്പൊടി വീതറി മുകളില്‍ ടൈല്‍ പാകിയാണ് വൈ മാള്‍ പാര്‍ക്കിങ് ഏരിയ സജ്ജമാക്കിയത്. വൈ മാള്‍ സ്ഥാപിക്കാന്‍ തണ്ണീര്‍ത്തടത്തിന്റെ ഭാഗമായ 2.5 ഏക്കര്‍ ഭൂമി നികത്തിയെടുത്തതിനു പുറമെയാണിത്.

തോട് തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം തയാന്‍ വൈ മാളുകാര്‍ പരമാവധി ശ്രമിച്ചു. പാര്‍ക്കിങ് ഏരിയ പൊളിക്കേണ്ട കാര്യമില്ല, വെള്ളം ഒഴുകി പോകുന്നുണ്ടല്ലോ എന്നാണ് അവസാനം വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ജനങ്ങള്‍ ശക്തമായി പ്രതികരിച്ചതുകൊണ്ടു മാത്രം വൈ മാളുകാരുടെ വാക്കു കേട്ട് തിരിച്ചുപോകാന്‍ പഞ്ചായത്തധികൃതര്‍ക്ക് സാധിച്ചില്ല. ജനം വൈ മാളുകാരെ മാത്രമല്ല, പഞ്ചായത്തുകാരെയും പൊളിച്ചടുക്കി.
പണം നല്‍കി വിലയ്‌ക്കെടുക്കുന്ന അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്ന ചിന്തയ്ക്ക് ശക്തമായ പ്രഹരമാണ് തൃപ്രയാറുകാര്‍ ഏല്പിച്ചിരിക്കുന്നത്. ഈ കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചാല്‍ ആവര്‍ത്തിക്കുന്ന പ്രളയത്തിന് വലിയൊരളവു വരെ പരിഹാരമാകും. കാരണം ഈ പ്രളയത്തിന്റെ വലിയൊരു ഭാഗം മനുഷ്യരുടെ ദുരയുടെ ഫലമാണല്ലോ. പക്ഷേ, തൃപ്രയാറുകാരുടെ വിജയത്തിന്റെ വിവരം കേരളത്തില്‍ ആരറിഞ്ഞു എന്ന വലിയ ചോദ്യം അവശേഷിക്കുന്നു.
പിന്‍കുറിപ്പ്: ഒരു മാധ്യമമുതലാളിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനും ഈ വാര്‍ത്ത നല്‍കില്ല. അവന് ആ തീരുമാനമെടുക്കാന്‍ അധികാരമില്ല. കാരണം മാധ്യമ മുതലാളിയെക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകന്‍.
മാധ്യമസ്വാതന്ത്ര്യം എന്നത് മാധ്യമമുതലാളിയുടെ സ്വാതന്ത്ര്യമാണ്. അത് യൂസുഫലിയെ പോലുള്ള വലിയമുതലാളിമാരുടെ കീശയിലുമാണ്.