HomeSPORTSസുവര്‍ണ്ണസിന്...

സുവര്‍ണ്ണസിന്ധു

-

Reading Time: 3 minutes

പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -‘എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.’ അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ -പി.വി.സിന്ധു.

ഇന്ത്യയില്‍ നിന്ന് ലോക ചാമ്പ്യനായ ആദ്യ ഷട്ടില്‍ താരം -അതാണ് സിന്ധു. 2 തവണ ഫൈനലില്‍ തോറ്റ സിന്ധുവിനെ മൂന്നാം തവണ ഭാഗ്യം അനുഗ്രഹിച്ചു. 2013ല്‍ വെങ്കലം, 2014ല്‍ വെങ്കലം, 2017ല്‍ വെങ്കലം, 2018ല്‍ വെള്ളി, 2019ല്‍ സ്വര്‍ണ്ണം. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മെഡലുകളും നേടിയ -സ്വര്‍ണ്ണം, വെള്ളി, വെങ്കലം -നാലാമത്തെ മാത്രം താരമായി അവര്‍ മാറി. വെറും 6 തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോഴാണ് അതിലെ 5 മെഡലുകള്‍ സിന്ധുവിന്റെ ഷോകേസിലെത്തിയത് എന്നറിയുമ്പോഴാണ് മികവ് മനസ്സിലാവുക.

2017ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പോരാളികള്‍ തന്നെയാണ് ഇക്കുറി ബാസലിലെ ഫൈനലിലും മുഖാമുഖം വന്നത്. ഫലം മാത്രം നേരെ തിരിച്ചായി. ഇക്കുറി മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ ജപ്പാന്റെ നൊസോമി ഒകുഹാരയെ വെറും 38 മിനിറ്റിനകം അഞ്ചാം സീഡായ സിന്ധു കെട്ടുകെട്ടിച്ചു. 2017ലെ ഗ്ലാസ്‌ഗോ ഫൈനല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരുന്നു -110 മിനിറ്റ്. അന്ന് സിന്ധു കൈമെയ് മറന്ന് പൊരുതിയെങ്കിലും ഒകുഹാര അവരെ കോര്‍ട്ട് മുഴുവന്‍ ഓടിച്ചു. ഒടുവില്‍ 21-19, 20-22, 22-20 എന്ന സ്‌കോറിന് ജയിച്ച ജപ്പാന്‍ താരം ലോക ചാമ്പ്യനായി.

എന്നാല്‍, ഇക്കുറി ഒന്നു പൊരുതാനുള്ള അവസരം പോലും ഒകുഹാരയ്ക്ക് സിന്ധു നല്‍കിയില്ല. എതിരാളിക്ക് നിലയുറപ്പിക്കാനാവും മുമ്പ് 21-7, 21-7 എന്ന നിലയില്‍ സിന്ധു മത്സരവും കിരീടവും കീശയിലാക്കി. ആക്രമണോത്സുകത നിറഞ്ഞ പോരാട്ടമാണ് ഇന്ത്യന്‍ താരം കാഴ്ചവെച്ചത്. പ്രധാന ഫൈനലുകളുടെ തുടക്കത്തില്‍ ഒരു മന്ദത പ്രകടിപ്പിക്കുന്ന പതിവ് സിന്ധുവിനുണ്ട്. എന്നാല്‍, ഞായറാഴ്ച ആ മന്ദത ലവലേശമുണ്ടായിരുന്നില്ല.

ഒകുഹാരയ്‌ക്കെതിരെ മികച്ച ഫോമിലായിരുന്നു സിന്ധു. പ്രതിരോധത്തില്‍ പോലും എതിരാളിക്ക് അവസരമൊന്നും ലഭിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ കോര്‍ട്ടിന്റെ 4 മൂലകളും വിദഗ്ദ്ധമായി ഉപയോഗിച്ച സിന്ധു, ഒകുഹാരയെ ബാക്ക് കോര്‍ട്ടില്‍ തളച്ചിട്ടു. ആദ്യ ഗെയിമിന്റെ ഇടവേളയില്‍ തന്നെ സിന്ധുവിന് 9 പോയിന്റ് ലീഡുണ്ടായിരുന്നു. മികച്ച വിന്നറുകള്‍ പായിക്കാന്‍ അവര്‍ക്കു സാധിച്ചു. ഓരോ വിന്നറിനു ശേഷവും ആവേശപൂര്‍വ്വമുള്ള സിന്ധുവിന്റെ വിളി പഴയ തോല്‍വിയുടെ ഓര്‍മ്മകള്‍ മറികടക്കാനുള്ള ശ്രമമാണെന്നു തോന്നി. ആ ശ്രമത്തില്‍ സിന്ധു വിജയിക്കുക തന്നെ ചെയ്തു, ആധികാരികമായി.

ബാസല്‍ സെന്റര്‍ കോര്‍ട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒകുഹാരയ്ക്ക് ഒരു പിടിയും കിട്ടിയില്ല. എല്ലാം പെട്ടെന്നു കഴിഞ്ഞു. ആക്രമണത്തിന്റെ ടെംപോ ഒരിക്കല്‍പ്പോലും കുറയ്ക്കാന്‍ സിന്ധു തയ്യാറായില്ല. മറുവശത്ത് ഒകുഹാരയ്ക്ക് നിലയുറപ്പിക്കാന്‍ പോലും സാധിച്ചുമില്ല. ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞപോലെ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനല്‍.

പ്രധാനപ്പെട്ട ഫൈനലില്‍ തോല്‍ക്കുന്ന പെണ്‍കുട്ടി എന്ന ചീത്തപ്പേരിനുടമയായിരുന്നു സിന്ധു, അടുത്തകാലം വരെ. പല പത്രസമ്മേളനങ്ങളിലും അഭിമുഖത്തിനും ഈ കുറവ് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞ് അവര്‍ മടുത്തിട്ടുണ്ടാവണം. കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ ഗ്വാങ്ചൗവില്‍ നടന്ന ബി.ഡബ്ല്യു.എഫ്. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ജേത്രിയായതോടെയാണ് ചീത്തപ്പേരിന് ചെറിയൊരു കുറവുണ്ടായത്. അവിടെയും തോല്പിച്ചത് നൊസോമി ഒകുഹാരയെ തന്നെ, 21-19, 21-17 എന്ന നിലയില്‍. ഇപ്പോള്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേത്രി ലോക ചാമ്പ്യനായി, സ്റ്റൈലില്‍ തന്നെ.

2019ല്‍ സിന്ധുവിന്റെ ആദ്യ കിരീടമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ഫൈനലിലെ പോലെ എളുപ്പമായിരുന്നില്ല അതിനു മുമ്പുള്ള മത്സരങ്ങള്‍. സ്ഥിരം എതിരാളി തായ് ചു യിങ് ക്വാര്‍ട്ടറില്‍ സിന്ധുവിനെ നന്നായി ബുദ്ധിമുട്ടിച്ചു. 12-21 എന്ന നിലയില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും സിന്ധു പൊരുതിക്കയറി. പിന്നിലായ ശേഷം തിരികെ വന്ന സിന്ധു ഈ ടൂര്‍ണ്ണമെന്റില്‍ ജയിച്ചത് 3 മത്സരങ്ങളിലാണ്. സിന്ധുവിന് ഏറ്റവും വലിയ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട ചൈനയുടെ ചെന്‍ യു ഫെയ് സെമി ഫൈനലില്‍ പറന്നു പോയി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ചൈനീസ് താരത്തോട് തോറ്റിട്ടില്ലെന്ന റെക്കോഡ് സിന്ധു അവിടെ നിലനിര്‍ത്തി. അതിനു ശേഷമായിരുന്നു ഒകുഹാരയുമായുള്ള കലാശപ്പോരാട്ടത്തിലെ കൊടുങ്കാറ്റ്.

അടുത്തത് ടോക്യോ ഒളിമ്പിക്‌സാണ്. ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണത്തിനായി സിന്ധു എത്രമാത്രം ആഗ്രഹിച്ചുവെന്നും അതിനുവേണ്ടി എത്രമാത്രം പരിശ്രമിച്ചുവെന്നും എതിരാളികള്‍ കണ്ടുകഴിഞ്ഞു. ഒളിമ്പിക്‌സില്‍ സിന്ധു എത്തുന്നത് നിലവിലുള്ള ലോക ചാമ്പ്യന്‍ എന്ന നിലയിലാണ്!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights