Reading Time: 3 minutes

കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. പാകിസ്താന്‍ എന്ന പോത്തിനോട് ഇത്രയും കാലം ഇന്ത്യ വേദമോതി. ഇപ്പോള്‍ അതിനു മാറ്റമുണ്ടായിരിക്കുന്നു. പോത്ത് കുത്തും മുമ്പ് മൂക്കുകയറില്‍ പിടിച്ച് നടുമുതുകത്ത് ഒരെണ്ണം പൊട്ടിച്ചു. ആ പൊട്ടിക്കലിന്റെ വേദനയില്‍ ഇപ്പോള്‍ പോത്ത് പിടയുകയാണ്. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് പോത്തിന് ബോദ്ധ്യമായിരിക്കുന്നു!

baloch 1

പാകിസ്താന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മുന്നറിയിപ്പ് ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ട് എന്നു തന്നെയാണ് പ്രാരംഭസൂചനകള്‍. കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ ആക്രമിക്കുന്ന പാകിസ്താന് ബലോചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടി അതേ രൂപത്തിലുള്ള മറുപടി അപ്രതീക്ഷിതമായ അടിയായിരുന്നു. മോദിയുടെ നിലപാടിന് പിന്തുണയുമായി ബലോച് നേതാക്കളും രംഗത്തുവന്നതോടെ പാകിസ്താന്റെ മുറിവില്‍ മുളകുപൊടി വിതറിയ പ്രതീതി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാകിസ്താനില്‍ ജയ് വിളി!!!!

‘ഞങ്ങള്‍, ബലോചിസ്ഥാനിലെയും പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ജനങ്ങള്‍ നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു -അങ്ങ് ഞങ്ങള്‍ക്കു നല്‍കിയ പിന്തുണയ്ക്ക്. ബലോചിസ്ഥാന്‍ ജനത ദുരിതത്തിലാണ്. സെപ്റ്റംബറില്‍ ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ മോദി ഇക്കാര്യമുന്നയിക്കും എന്നാണ് പ്രതീക്ഷ’ -ബലോച് വനിതാ ഫോറം അദ്ധ്യക്ഷ നൈല ഖാദ്രി ബലോചിന്റെ വാക്കുകള്‍. 1971ല്‍ ബംഗ്ലാദേശില്‍ ഇടപെട്ടപോലെ ബലോചിസ്ഥാനിലും ഇന്ത്യ ഇടപെടണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നേതാക്കളിലൊരാളാണ് നൈല ഖാദ്രി. ‘ബലോചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബലോച് ജനതയ്ക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. അതു വളരെ നിര്‍ണ്ണായകമായൊരു തീരുമാനമാണ്. ബലോച് ജനതയുടെ താല്പര്യങ്ങള്‍ ഇന്ത്യയുടേതിനു സമാനമാണ്. മതനിരപേക്ഷ സമൂഹമായ ഞങ്ങള്‍ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. സിന്ധിലെ രാഷ്ട്രീയ നേതാക്കളെ കശാപ്പു ചെയ്യുന്ന പാകിസ്താന്‍, ലോകത്തിനു തന്നെ ഭീഷണിയായ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്’ -ബലോച് ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ് ഹമ്മല്‍ ഹൈദര്‍ ബലോചിന്റെ വാക്കുകള്‍.

ബലോചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകശ്രദ്ധയിലെത്തിക്കാന്‍ കുറച്ചുകാലമായി അവിടത്തെ പ്രക്ഷോഭകാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ വിജയം കൈവരിക്കാനായിരുന്നില്ല. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലോചിസ്ഥാന്‍ വിഷയത്തിലുണ്ടായ പരാമര്‍ശം പൊടുന്നനെ അവിടേക്ക് ലോകശ്രദ്ധ എത്തിച്ചിരിക്കുന്നു. പാകിസ്താനെ ആശങ്കയിലാക്കിയിരിക്കുന്ന വസ്തുതയും ഇതു തന്നെയാണ്. പാകിസ്താനിലെ മുതിര്‍ന്ന ബലോച് നേതാവ് മാമ ഖദീര്‍ ബലോചിന്റെ വാക്കുകള്‍ ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു -‘മോദി എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടോ? പാകിസ്താന്‍ സൈന്യം ബലോചിസ്ഥാനില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്നത് സത്യം തന്നെയല്ലേ?’ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബലോചിസ്ഥാന്‍ വിമോചന പ്രവര്‍ത്തകരും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വന്‍ പ്രചാരണമാണ് നല്‍കുന്നത്. വാഷിങ്ടണില്‍ വൈറ്റ് ഹൗസിനു മുന്നിലടക്കം മോദിക്ക് നന്ദി അറിയിക്കാന്‍ പ്രകടനങ്ങളും അരങ്ങേറി.

കളി മാറുകയാണ്, വളരെ ബുദ്ധിപൂര്‍വ്വം ആലോചിച്ചുറപ്പിച്ച പുതിയ നീക്കങ്ങളിലൂടെ. ഇത്രയും കാലം പാകിസ്താന്‍ ഉന്നയിച്ചിരുന്ന ആരോപണം, അല്ലെങ്കില്‍ ഉയര്‍ത്തിയിരുന്ന കെട്ടുകഥ സര്‍വ്വാത്മനാ സ്വീകരിക്കുകയാണ് നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ആരോപണത്തെ വസ്തുതയാക്കി മാറ്റുകയും വിഷയത്തില്‍ ഇന്ത്യയും കക്ഷിയാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന നീക്കം. ചെസ്സിലെ ഗാംബിറ്റ് പോലെ -വിലയേറിയ കരുവിനെ ബലികൊടുത്ത് വിജയം നേടാനുള്ള ശ്രമം. പാകിസ്താനെ പ്രതിരോധത്തിലാക്കാന്‍ മോദി ബലികഴിച്ചത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ല എന്ന ഇന്ത്യയുടെ നിലപാടാണ്. നിങ്ങള്‍ ഇങ്ങോട്ട് ഇടപെട്ടാല്‍ ഞങ്ങള്‍ അങ്ങോട്ടും ഇടപെടും എന്നു തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞുവെയ്ക്കുന്നത്. ആഭ്യന്തരകാര്യമെന്ന് ഇന്ത്യ വിശ്വസിക്കുന്ന ഒരു പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കാന്‍ പാകിസ്താന്‍ കരുക്കള്‍ നീക്കുമ്പോള്‍ തികച്ചും തങ്ങളുടേതെന്ന് പാകിസ്താന്‍ കരുതുന്ന ഒരു പ്രശ്‌നം വലിച്ച് പുറത്തിട്ട് അലക്കിയിരിക്കുകയാണ് മോദി.

പക്ഷേ, ഈ കളി അത്ര എളുപ്പമല്ല എന്നതാണ് സത്യം. കശ്മീരി വിഘടനവാദികള്‍ക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ധാര്‍മ്മികമായും പാകിസ്താന്‍ പിന്തുണ നല്‍കിവരുന്നുണ്ട്. ഇന്ത്യ പറയുന്നതു പോലെയാണെങ്കില്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീകരത കയറ്റുമതി ചെയ്യുകയാണ്. എന്നാല്‍, ബലോച് പ്രക്ഷോഭകാരികള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണ വാക്കുകളില്‍ മാത്രമൊതുങ്ങുമോ, അതോ ക്രിയാത്മകമായ നടപടികള്‍ വല്ലതുമുണ്ടാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇത് ഏതു തലത്തിലേക്കു വളര്‍ന്നാലും അത് ഇന്ത്യയുടെ അന്താരാഷ്ട്ര വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഇത് ഇന്ത്യയുടെ പ്രതിബദ്ധത പരീക്ഷിക്കാനുള്ള അവസരമാണ്. മോദിയുടെ പ്രസ്താവന വെറും വാചാടോപം മാത്രമാണോ എന്ന് ഇന്ത്യക്കാര്‍ക്ക് പരിശോധിക്കാനുള്ള അവസരം കൂടിയാണിത്.

baloch 4

ബലോചിസ്ഥാന് ഇന്ത്യ പിന്തുണ നല്‍കുകയാണെങ്കില്‍ അത് മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥയാകെ മാറ്റിമറിക്കുമെന്നതില്‍ തര്‍ക്കമില്ല. പാകിസ്താന്റെ പ്രതികരണം മാത്രമാവില്ല പ്രശ്‌നമാവുക, വിഷയത്തിലേക്ക് ചൈനയും കടന്നുവരും. നിര്‍ദ്ദിഷ്ട പാക്-ചൈന സാമ്പത്തിക ഇടനാഴി ബലോചിസ്ഥാനിലൂടെയും പാക് അധീന കശ്മീരിലൂടെയുമാണ് കടന്നു പോകുന്നത്. അതിനാല്‍ത്തന്നെ മോദിയുടെ പ്രസ്താവന ഇസ്ലാമാബാദിനെയെന്ന പോലെ ബെയ്ജിങ്ങിനെയും തൊടുന്നതാണ്. ബലോചിസ്ഥാനില്‍ ഇന്ത്യന്‍ ഇടപെടല്‍ ഉണ്ടായാല്‍ ചൈന വെറുതെയിരിക്കില്ല എന്നുറപ്പ്.

ഇന്ത്യയുടെ ബലോചിസ്ഥാന്‍ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടത് അതിന്റെ ഉള്ളടക്കത്തെക്കാളുപരി പ്രസ്താവന വന്ന സന്ദര്‍ഭത്തിന്റെ പേരിലാണ്. ഇതൊരു തന്ത്രപരമായ നീക്കം മാത്രമായിരുന്നുവെങ്കില്‍ ഒരു സാധാരണ നയതന്ത്ര പ്രതിനിധിയുടെ വാക്കുകളോ, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയോ മതിയാകുമായിരുന്നു. പരമാവധി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വരെയാകാം. എന്നാല്‍, ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് വിഷയം ഉന്നയിച്ചത് എന്നു വരുമ്പോള്‍ ഇക്കാര്യത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയും പ്രകടമാവുന്നു. ഇതുവരെ ഇല്ലാതിരുന്നതാണ് ഈ പ്രതിബദ്ധത!

baloch 3

ഗാംബിറ്റിന് ഒരു പ്രത്യേകതയുണ്ട്. നീക്കങ്ങള്‍ കൃത്യമായാല്‍ അനായാസ ജയം. പക്ഷേ, ചെറിയൊരു അശ്രദ്ധ പോലും പരാജയം ഉറപ്പാക്കും. അതായത്, ഈ ചുഴിയിലേക്ക് നമ്മള്‍ എടുത്തുചാടിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. ഇനി സ്വന്തം ഇഷ്ടപ്രകാരം പുറത്തുകടക്കാനാവില്ല. ഈ കൈവിട്ട കളിയില്‍ ഇന്ത്യ ജയിക്കുമോ തോല്‍ക്കുമോ? കാത്തിരുന്ന് കാണാം.

Previous articleആക്രമണമാണ് മികച്ച പ്രതിരോധം
Next articleകടുവയും കിടുവയും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here