HomeINTERNATIONALട്രംപ് ഇനിയെന...

ട്രംപ് ഇനിയെന്തു ചെയ്യും?

-

Reading Time: 3 minutes

ഡൊണാള്‍ഡ് ട്രംപ് ഇനിയെന്തു ചെയ്യും? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തുറിച്ചുനോക്കുന്ന പരാജയത്തെ വിജയമാക്കി മറിച്ചിടാന്‍ ട്രംപ് എന്തു ചെയ്യും എന്ന ചോദ്യം അമേരിക്കക്കാര്‍ക്കു മാത്രമല്ല ഉള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതിനു മുമ്പു തന്നെ ട്രംപ് സൂചന നല്‍കിയിരുന്നല്ലോ ഫലം ചിലപ്പോള്‍ താന്‍ അംഗീകരിക്കില്ലെന്ന്. പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരമുപയോഗിച്ച് ഫലം അസാധുവാക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോ? ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പോലെ എന്തെങ്കിലും പ്രയോഗിച്ചാലോ?

“ഇല്ല” എന്നു തന്നെയാണ് ഉത്തരം. അങ്ങനൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏറെ താമസിയാതെ ട്രംപ് അവഗണിക്കപ്പെടും, അത്ര തന്നെ. കാരണം വളരെ ലളിതമാണ്. ഇന്ത്യയിലും കാനഡയിലുമൊക്കെ ഉള്ളതു പോലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഒരു കേന്ദ്രീകൃത സംവിധാനം അഥവാ തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലൊരു സ്ഥാപനം അമേരിക്കയില്‍ ഇല്ല. അതിനാല്‍ അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു തിരഞ്ഞെടുപ്പല്ല. 51 സംസ്ഥാനങ്ങളില്‍ വെവ്വേറെ 51 തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഈ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ പ്രസിഡന്റിന് ഒരു റോളുമില്ല. അതിനാല്‍ ട്രംപിന് ഒരു തരത്തിലും ഇടപെടാനാവില്ല.

ട്രംപിന് സൈന്യത്തെ ഉപയോഗിക്കാനാവുമോ എന്നതാണ് അടുത്ത ചോദ്യം. അമേരിക്കന്‍ സേനാ തലവന്‍ എന്ന സ്ഥാനം പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതു വരെ ട്രംപ് തന്നെ വഹിക്കും. പക്ഷേ, അതുകൊണ്ടു മാത്രം സേനയെ തന്റെ ഇംഗിതത്തിനൊത്തു പ്രവര്‍ത്തിപ്പിക്കാന്‍ ട്രംപിനാവില്ല. നിയമപരം എന്നു തോന്നിപ്പിക്കുന്ന ഉത്തരവുകള്‍ മാത്രമേ സൈന്യം സാധാരണനിലയില്‍ പാലിക്കാറുള്ളൂ. സമാധാനപരമായ അധികാരക്കൈമാറ്റം തടസ്സപ്പെടുത്തുന്ന ഒരുത്തരവ് പുറപ്പെടുവിക്കാന്‍ പ്രസിഡന്റിനാവില്ല. മാത്രവുമല്ല, അത്തരമൊരുത്തരവ് പാലിക്കപ്പെടുകയുമില്ല.

നിയമവിരുദ്ധമായ ഉത്തരവ് പാലിക്കപ്പെടരുത് എന്നുള്ളത് സൈനികോദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്, ചട്ടമാണ്. ഇനി ഏതെങ്കിലും തരത്തില്‍ ഒരുത്തരവ് ട്രംപ് പുറപ്പെടുവിച്ചാല്‍ തന്നെ അതിനുമേല്‍ നടപടി സ്വീകരിക്കും മുമ്പ് നിയമപരമായി കീറിമുറിച്ചുള്ള പരിശോധന ഉണ്ടാവുമെന്നുറപ്പ്. മാത്രവുമല്ല യു.എസ്. സംയുക്ത സേനാ മേധാവിയായ ജനറല്‍ മാര്‍ക്ക് മില്ലി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടില്ലാന്ന്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കുന്നതില്‍ യു.എസ്. സൈന്യത്തിന് ഒരു റോളുമില്ല എന്നു വ്യക്തമാക്കിയ അദ്ദേഹം ഇതുകൂടി പറഞ്ഞു -തര്‍ക്കം വല്ലതുമുണ്ടെങ്കില്‍ അതു സംബന്ധിച്ച തീരുമാനമുണ്ടാവേണ്ടത് കോടതികളിലും യു.എസ്. കോണ്‍ഗ്രസ്സിലുമാണെന്ന്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസ്. സംയുക്ത സേനാ മേധാവിയായ ജനറല്‍ മാര്‍ക്ക് മില്ലിക്കൊപ്പം

പക്ഷേ, ട്രംപ് വഴിമുടക്കിയാവില്ലെന്ന് ഇതൊക്കെക്കൊണ്ട് ഉറപ്പിക്കാനാവില്ല. അവിടെയാണ് നിയമപോരാട്ടവും കുരുക്കുകളും വരുന്നത്. ഡെമോക്രാറ്റുകള്‍ തന്റെ വിജയം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച ട്രംപ് തന്റെ ടീം ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ നിയമപോരാട്ടങ്ങള്‍ക്കുള്ള പണം എവിടെ നിന്നാണ് ട്രംപ് കണ്ടെത്തുക എന്ന ചോദ്യം ബൈഡന്‍ പക്ഷം ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. രാഷ്ട്രിയ സംഭാവനയായി ലഭിച്ച തുക ഉപയോഗിച്ചാണ് സാധാരണനിലയില്‍ തിരഞ്ഞെടുപ്പ് നിയമപോരാട്ടം നടക്കുക. പക്ഷേ, നിയമസഹായത്തിനുള്ള ഫണ്ടിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കോ തൊഴിലാളി സംഘടനകള്‍ക്കോ ബാങ്കുകള്‍ക്കോ വിദേശികള്‍ക്കോ സംഭാവന നല്‍കാനാവില്ല. ട്രംപിന്റെ ഫണ്ട് കൂടുതലും ഈ ഗണത്തില്‍പ്പെട്ടവയാണ്.

ട്രംപിന്‍റെ ടീം ആവശ്യപ്പെടുന്നപോലെ വോട്ടെണ്ണല്‍ വീണ്ടും നടത്തുന്നതിലും സാമ്പത്തിക പ്രശ്നമുണ്ട്. ഇതിനുള്ള ചെലവ് ആരു വഹിക്കുന്നു എന്നത് ഓരോ സംസ്ഥാനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ജയിച്ചയാളും തോറ്റയാളും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതാണെങ്കിലും പല സംസ്ഥാനങ്ങളിലും ഒരു വട്ടം കൂടി വോട്ടെണ്ണല്‍ സ്വമേധയാ തന്നെ നടക്കും. അതിനുള്ള ചെലവും സംസ്ഥാനം തന്നെ വഹിക്കും. പക്ഷേ, ട്രംപ് വീണ്ടും വോട്ടെണ്ണിക്കാന്‍ ലക്ഷ്യമിടുന്ന നെവാഡ പോലുള്ള സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. വ്യത്യാസം എത്രയാണെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് അവിടെ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെടാം. എന്നാല്‍, അതിനുള്ള ചെലവ് ആവശ്യമുന്നയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പ്രചാരണസമിതി വഹിക്കണം എന്നു മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു ചെലവേറിയ പരിപാടിയാണ്.

വ്യാപക തിരിമറി നടന്നു എന്നു ട്രംപ് പറയുന്നതില്‍ കഴമ്പുണ്ടോ? ഇല്ല എന്നു തന്നെയാണ് വിദഗ്ദ്ധമതം. അമേരിക്കന്‍ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാനെത്തിയിട്ടുള്ള അന്താരാഷ്ട്ര പ്രതിനിധി സംഘം ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ് (ഒ.എസ്.സി.ഇ.) തലവനായ ജര്‍മ്മന്‍ നിയമവിദഗ്ദ്ധന്‍ മൈക്കല്‍ ജോര്‍ജ്ജ് ലിങ്ക് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന ഒരു തെളിവും തങ്ങളുടെ മുന്നിലെത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

“ട്രംപിന്റെ ആരോപണങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് ദിവസം തന്നെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു തരത്തിലുള്ള ക്രമവിരുദ്ധ പ്രവര്‍ത്തനവും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല” -ലിങ്ക് പറഞ്ഞു. ട്രംപ് തട്ടിപ്പ് ആരോപിക്കുന്ന തപാല്‍ ബാലറ്റ് സംവിധാനം 19-ാം നൂറ്റാണ്ടു മുതല്‍ തന്നെ അമേരിക്കയില്‍ നിലവിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.എസ്.സി.ഇ. തങ്ങളുടെ അംഗരാജ്യങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിരീക്ഷകരെ നിയോഗിക്കാറുണ്ട്. അമേരിക്ക ഒ.എസ്.സി.ഇ. അംഗരാജ്യമാണ്. ഒ.എസ്.സി.ഇയുടെ ഈ നിലപാട് ട്രംപിന്റെ നിയമപോരാട്ടങ്ങളില്‍ പരോക്ഷമായെങ്കിലും തിരിച്ചടിയാകുമെന്നുറപ്പ്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks