അമേരിക്കന്‍ പ്രസിഡന്റ് ആ രാജ്യത്തെ മാത്രം ഭരണത്തലവനാണെങ്കിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ ലോകത്തെയാകെ ബാധിക്കുന്നവയാകും എന്നതാണ് പതിവ്. അതിനാല്‍ ആ സ്ഥാനത്ത് ആരു വരുന്നു എന്നത് അമേരിക്കക്കാര്‍ക്കു മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ളവര്‍ക്ക് താല്പര്യമുള്ള കാര്യമാണ്. കുറഞ്ഞപക്ഷം ആ സ്ഥാനത്തിരിക്കുന്നയാള്‍ നല്ലൊരു വ്യക്തിയെങ്കിലുമാവണം എന്ന് ആഗ്രഹിക്കുന്നത് അതിനാലാണ്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനെ പിന്തുണയ്ക്കാന്‍ വ്യക്തിപരമായി തീരുമാനിച്ചത് അദ്ദേഹം പിന്തുടരുന്ന നിലപാടുകളുടെയോ രാഷ്ട്രീയത്തിന്റെയോ പേരിലല്ല. മനുഷ്യനെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിനെ അപേക്ഷിച്ച് വളരെ വളരെ ഭേദമാണ് ബൈഡന്‍ എന്ന നിലയിലാണ്. ആ അഭിപ്രായം തന്നെയാണ് അമേരിക്കയിലെ വോട്ടര്‍മാര്‍ക്കും എന്നു തോന്നുന്നു. ട്രംപിന്റെ കാര്യത്തില്‍ ഏകദേശം തീരുമാനമായി എന്നു തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു മനസ്സിലാവുന്നത്.
അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമാണ് ഇലക്ടറല്‍ കോളേജ് അംഗത്വം. എല്ലാം സംസ്ഥാനങ്ങളും തുല്യരല്ല എന്നു സാരം. അതിനാല്‍ പിന്തുണയുടെ അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ ഭൂപടം നോക്കുമ്പോള്‍ ട്രംപിന്റെ ചുവന്ന നിറം വലുതായി കണ്ടേക്കാം. പക്ഷേ, അവിടങ്ങളെല്ലാം ആളില്ലായിടങ്ങളാണ്. ബൈഡന്റെ നീല കുറവാണെങ്കിലും ആളുകള്‍ കൂടുതലാണ്.
ജോര്‍ജ്യ, പെന്‍സില്‍വേന്യ, നോര്‍ത്ത് കരൊലൈന, നെവാഡ, അലാസ്‌ക എന്നിവിടങ്ങളിലെ ഫലമാണ് ഇനി വരാനുള്ളത്. ഇപ്പോഴത്തെ നില നോക്കുകയാണെങ്കില്‍ നാലിടത്ത് ട്രംപിനാണ് ലീഡ്. ബൈഡന് ഒരിടത്തു മാത്രം. പക്ഷേ, അതുകൊണ്ടു കാര്യമില്ല എന്നു തന്നെയാണ് കണക്കുകളും റിപ്പോര്‍ട്ടുകളും.
ജോര്‍ജ്യ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. കാരണം, അവിടം പരമ്പരാഗതമായി റിപ്പബ്ലിക്കന്മാരുടെ ശക്തികേന്ദ്രമാണ്. ട്രംപ് ജയമുറപ്പിച്ചിരുന്ന സ്ഥലം. അതനുസരിച്ച് ആദ്യ ഘട്ടത്തില്‍ ട്രംപിന് ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബൈഡന്‍ ശക്തി പ്രാപിക്കുന്നതാണ് കണ്ടത്. ആഫ്രോ അമേരിക്കന്‍ വംശജരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധന ഡെമോക്രാറ്റുകള്‍ക്ക് കരുത്താകുന്നു. ഇനി ഏതാണ്ട് 50,000 വോട്ടുകളാണ് ജോര്‍ജ്യയില്‍ എണ്ണാനുള്ളത്. ട്രംപിന്റെ ഭൂരിപക്ഷം ഇപ്പോള്‍ വെറും 1,775 വോട്ടുകള്‍ മാത്രം. ഇനി എണ്ണാനുള്ളത് ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങള്‍ എന്ന റിപ്പോര്‍ട്ട് കൂടി കണക്കിലെടുക്കുമ്പോള്‍ ട്രംപിന് ജോര്‍ജ്യ നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു. ജോര്‍ജ്യയിലെ 15 ഇലക്ടറല്‍ കോളെജ് വോട്ടുകള്‍ പോയാല്‍ ട്രംപിന് വൈറ്റ് ഹൗസ് നഷ്ടമായി എന്നര്‍ത്ഥം.
2016ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തേക്ക് കൂറുമാറിയ സംസ്ഥാനമാണ് പെന്‍സില്‍വേന്യ. 1992നു ശേഷം ആദ്യമായിട്ടായിരുന്നു ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റിന് പെന്‍സില്‍വേന്യക്കാര്‍ വോട്ടു ചെയ്യുന്നത്. ഇപ്പോള്‍ ട്രംപിന് അവിടെ 22,389 വോട്ടിന്റെ ലീഡുണ്ട്. പക്ഷേ, 3,49,000 വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ബൈഡന്‍ ശക്തിപ്രാപിച്ചു വരികയാണ്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പെന്‍സില്‍വേന്യയിലെ 20 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ബൈഡന്‍ കൊണ്ടുപോകും.
നോര്‍ത്ത് കരൊലൈന പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പക്ഷത്താണ്. പക്ഷേ, അടുത്തകാലത്തായി അവിടെ മത്സരം ശക്തമായിട്ടുണ്ട്. അവിടെ ഇപ്പോള്‍ നഗരപ്രദേശങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പവും ഗ്രാമങ്ങള്‍ റിപ്പബ്ലിക്കന്മാര്‍ക്കൊപ്പവും എന്നാണ് നില. അവിടെ ഇനി 6 ശതമാനം വോട്ട് എണ്ണാനുണ്ട് -3,48,000 വോട്ടുകള്‍. ട്രംപിന് ഇപ്പോള്‍ 76,701 വോട്ടിന്റെ ലീഡുണ്ട്. നോര്‍ത്ത് കാരലൈനയിലെ 15 വോട്ടും ട്രംപ് നേടാനാണ് സാദ്ധ്യത.
2016ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് വ്യക്തമായ ഭൂരിപക്ഷം നല്‍കിയ സംസ്ഥാനമാണ് നെവാഡ. അത് ഇത്തവണ ബൈഡനുള്ള പിന്തുണയായി ആവര്‍ത്തിക്കും എന്നു തന്നെയായായിരുന്നു തുടക്കം മുതലുള്ള വിലയിരുത്തലുകള്‍. കഴിഞ്ഞ രണ്ടു ദശകത്തിനിടെ നെവാഡയിലെ ജനസംഖ്യ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതില്‍ ലാറ്റിനമേരിക്കന്‍, ആഫ്രോ അമേരിക്കന്‍, ഏഷ്യന്‍ അമേരിക്കന്‍ ജനസമൂഹങ്ങളാണ് കൂടുതല്‍. ഇവരില്‍ വലിയ ഭാഗം ഡെമോക്രാറ്റിക് പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇത്തവണ തുടക്കം മുതല്‍ ബൈഡന്‍ മുന്‍തൂക്കം തുടരുന്നുണ്ട്. 2,33,000 വോട്ടുകള്‍ കൂടി അവിടെ എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ ബൈഡന് 11,438 വോട്ടിന്റെ ലീഡ്. ഈ ലീഡ് ക്രമമായി നിലനില്‍ക്കുന്നു. 6 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് നെവാഡയിലുള്ളത്.
അലാസ്ക ചെറു സംസ്ഥാനമാണ്. അവിടെ ഇനി പകുതിയോളം വോട്ടുകള്‍ -1,91,000 എണ്ണാനുണ്ട്. ഇപ്പോള്‍ത്തന്നെ 54,610 വോട്ടിന്റെ ലീഡ് ട്രംപിനുണ്ട്. അലാസ്കയിലെ 3 ഇലക്ടറല്‍ കോളേജ് വോട്ടും അദ്ദേഹം ഉറപ്പിച്ചിരിക്കുന്നു.
ഒരാള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ക്ക് ഒരവസരം കൂടി ലഭിക്കുന്ന സ്ഥിതി ഇത്തവണ മാറും, ട്രംപ് തോറ്റാല്‍. ട്രംപിന്റെ മുന്‍ഗാമി, 2008ല്‍ പ്രസിഡന്റായ ബരാക് ഹുസൈന്‍ ഒബാമ 2012ലും വിജയം ആവര്‍ത്തിച്ച് 8 വര്‍ഷം പൂര്‍ത്തിയാക്കിയാണ് പടിയിറങ്ങിയത്. 1981-89ല്‍ റൊണാള്‍ഡ് റീഗന്‍, 1993-2001ല്‍ ബില്‍ ക്ലിന്റണ്‍, 2001-2009ല്‍ ജോര്‍ജ്ജ് വാക്കര്‍ ബുഷ് എന്നിവരെല്ലാം സമീപകാലത്ത് ഒബാമയെപ്പോലെ 8 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവരാണ്. 1989-1993 കാലയളവില്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിനു മാത്രം രണ്ടാം തവണ മത്സരിച്ചപ്പോള്‍ അടിപതറി. പ്രസിഡന്റാവുന്നതിനു മുമ്പ് 1981-1989 കാലയളവില്‍ അദ്ദേഹം 8 വര്‍ഷം തുടര്‍ച്ചയായി വൈസ് പ്രസിഡന്റായിരുന്നു. അടുത്തിടെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പ്രസിഡന്റായ ഏക വ്യക്തിയും ജോര്‍ജ്ജ് ബുഷ് സീനിയര്‍ തന്നെ. ബില്‍ ക്ലിന്റണു കീഴില്‍ 8 വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോര്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍ പരാജയമായിരുന്നു വിധി, അതു കള്ളക്കളി ആയിരുന്നുവെങ്കിലും. പ്രസിഡന്റ് പദത്തില്‍ ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിനു നേടാന്‍ സാധിക്കാതെ പോയ 8 വര്‍ഷ കാലാവധി അദ്ദേഹത്തിന്റെ മകന്‍ ജോര്‍ജ്ജ് വാക്കര്‍ ബുഷ് സാധിച്ചു എന്നത് വേറെ കാര്യം.
പ്രസിഡന്റ് സ്ഥാനത്ത് എത്താന്‍ 270 ഇലക്ടറല്‍ കോളെജ് വോട്ടുകളാണ് വേണ്ടത്. ബൈഡന്‍ ഇതുവരെ 264 വോട്ടുകള്‍ നേടിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന് 214 വോട്ടുകളാണ് ഉറപ്പിക്കാനായിട്ടുള്ളത്. 270 തൊടാന്‍ ട്രംപിനെക്കാളേറെ ബൈഡനു തന്നെയാണ് സാദ്ധ്യത. എന്നാലും ട്രംപിന് ജയിക്കാം, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ മാതൃക പിന്തുടര്‍ന്നാല്‍ മതി. ഇലക്ടറല്‍ കോളെജ് വോട്ടര്‍മാരെ അടിച്ചുമാറ്റി റിസോര്‍ട്ടിലെത്തിച്ച് തനിക്കനുകൂലമാക്കാം. അതിനായി ഇഷ്ടം പോലെ റിസോര്‍ട്ടുകള്‍ അദ്ദേഹം തന്നെ കെട്ടിയിട്ടിട്ടുണ്ടല്ലോ!!
ഇനി ഇലക്ടറല്‍ വോട്ട് കടത്തുക മാത്രമേ രക്ഷയുള്ളൂ..
റിസോര്‍ട്ടൊക്കെ പുള്ളി തന്നെ കെട്ടിയിട്ടിട്ടുണ്ട്.
അവിടെ കാര്യം നടത്താന്‍ ആളു വേണം.
അയിനാണ്… pic.twitter.com/vcbInnofQQ— V S Syamlal (@VSSyamlal) November 5, 2020
അമേരിക്കയില്‍ എന്തും സംഭവിക്കാം. എന്റെ പത്രപ്രവര്‍ത്തനം 24-ാം വര്‍ഷത്തിലേക്കു കടക്കുകയാണ്. ഇതിനിടെ ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന കാലയളവില്‍ 2000, 2004, 2012 വര്‍ഷങ്ങളിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ വാര്‍ത്തയാക്കാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യത്തെ തവണ, 2000ല്‍ തന്നെ മനസ്സില്‍ കയറിക്കൂടിയ ആശയക്കുഴപ്പം ഇന്നും മാറിയിട്ടില്ല. ആ തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് ഞാനടക്കം എല്ലാവരും ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോര്‍, ഫ്‌ളോറിഡ എന്ന ഒറ്റ സംസ്ഥാനത്തെ ഫലത്തിലൂടെ പരാജിതനായി. അന്നു പ്രസിഡന്റായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് വാക്കര്‍ ബുഷിന്റെ സഹോദരന്‍ ജെബ് ബുഷ് ഫ്‌ളോറിഡയില്‍ ഗവര്‍ണ്ണറായിരുന്നു. സഹോദരനു വേണ്ടി ജെബ് നടത്തിയ അട്ടിമറിയാണ് അന്തിമ ഫലത്തെ സ്വാധീനിച്ചതെന്ന് വ്യക്തമാവുകയും ചെയ്തു. പക്ഷേ, കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ നേടി പ്രസിഡന്റായ ജോര്‍ജ്ജ് ബുഷ് 2004ല്‍ ഒരിക്കല്‍ക്കൂടി വിജയിച്ചു. ആ 8 വര്‍ഷങ്ങള്‍ കൊണ്ട് ടിയാന്‍ ലോകത്തെ കുട്ടിച്ചോറാക്കിയെന്നത് പില്‍ക്കാല ചരിത്രം.
ജനങ്ങളില്‍ നിന്ന് നേരിട്ട് കൂടുതല്‍ വോട്ടു നേടിയത് അല്‍ ഗോറാണ് -5,09,99,897. പോള്‍ ചെയ്തതിന്റെ 48.4 ശതമാനം വോട്ട്. ബുഷിന് കിട്ടിയത് 47.9 ശതമാനം വോട്ട് മാത്രം -5,04,56,002. ഗോര്‍ 5,43,895 വോട്ട് അധികം നേടിയിട്ടും തോറ്റു. കാരണം സാധാരണ ജനങ്ങള്‍ നേരിട്ടല്ല അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അവര്‍ ഇലക്ടറല്‍ കോളേജിനെയാണ് നിശ്ചയിക്കുന്നത്. അങ്ങനെ ബുഷിന് 271 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ കിട്ടിയപ്പോള്‍ ഗോറിന് 266 മാത്രം. 5 വോട്ട് ഭൂരിപക്ഷത്തില്‍ ബുഷ് ജയിച്ചു.
അന്തിമഫലത്തില്‍ ഫ്‌ളോറിഡയ്ക്കുണ്ടായിരുന്ന പ്രാധാന്യം പറയാം. ഫ്‌ളോറിഡയില്‍ അന്ന് 25 ഇലക്ടറല്‍ കോളേജ് വോട്ടുകളാണുണ്ടായിരുന്നത്. ജനങ്ങളില്‍ നിന്ന് നേരിട്ടുള്ള വോട്ടുകള്‍ കൂടുതല്‍ നേടുന്നവര്‍ക്ക് ആ വോട്ടുകള്‍ ലഭിക്കും. ബുഷിന് ജനങ്ങളുടെ 29,12,790 വോട്ട് ലഭിച്ചപ്പോള്‍ ഗോറിന് 29,12,253 വോട്ട് മാത്രം. ഫ്‌ളോറിഡയില്‍ അധികം നേടിയ വെറും 537 വോട്ടുകളാണ് ബുഷിനെ പ്രസിഡന്റാക്കിയത് എന്നര്‍ത്ഥം. അതിലൂടെ ഫ്‌ളോറിഡയിലെ 25 വോട്ടുകളും അന്തിമവിജയവും ബുഷ് കീശയിലാക്കി. 5,43,895ന്റെ ഭൂരിപക്ഷം വെറും 537നു മുന്നില്‍ മുങ്ങിപ്പോയി! ഇതിന്റെ ലോജിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. ഫ്ലോറിഡയില്‍ ഇത്തവണ 29 വോട്ടുകളുണ്ട്. അത് ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ചിരിക്കുന്നു.
എന്തിനാണ് ഇലക്ടറല്‍ കോളേജ്? ജനങ്ങള്‍ നേരിട്ടു ചെയ്യുന്ന വോട്ട് കൂട്ടിയാല്‍പ്പോരെ? ഇന്ത്യയിലൊക്കെ അങ്ങനെയല്ലേ? അതല്ലേ ശരി? ഇപ്പോഴത്തെ നിലയില്‍ ഇലക്ടറല്‍ കോളെജില്‍ മാത്രമല്ല, ജനമനസ്സിലും ജോ ബൈഡനാണ് ഭൂരിപക്ഷം. ബൈഡന്‍ ജനങ്ങളുടേതായി 7,34,81,482 വോട്ടുകള്‍ നേടിയിട്ടുണ്ട്. ട്രംപിനുള്ളത് 6,96,18,716 വോട്ടുകള്‍ മാത്രം. ,38,62,766 വോട്ടുകള്‍ ബൈഡന് കൂടുതല്‍. പക്ഷേ, ഫലം കൈയൂക്ക് തീരുമാനിക്കുന്ന സ്ഥിതിയാണെങ്കില്‍ ട്രംപ് പ്രസിഡന്റായി തുടരും. അമേരിക്ക അങ്ങനെയാണ്.
രണ്ടാം അവസരത്തിലെ തോല്‍വിയുടെ കാര്യത്തില്‍ ജോര്‍ജ്ജ് ബുഷ് സീനിയറിനു ശേഷം ഇപ്പോള്‍ ഡോണാള്‍ഡ് ട്രംപ്. അതുപോലെ 8 വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന ശേഷം പ്രസിഡന്റാവുന്ന കാര്യത്തില്‍ ജോര്‍ജ്ജ് ബുഷ് സീനിയറിനു ശേഷം ഇപ്പോള്‍ ജോ ബൈഡന്‍. ഇതെല്ലാം നടക്കുമോ?
പിന്‍കുറിപ്പ്: ഫോട്ടോഫിനിഷ് എന്നു തലക്കെട്ടില്‍ പറഞ്ഞത് കടുത്ത മത്സരം എന്ന ഉദ്ദേശത്തിലല്ല. ഫിനിഷിൽ എല്ലാം ഫോട്ടോയെടുത്ത് അഥവാ ചിത്രീകരിച്ചു വെയ്ക്കേണ്ടി വരും എന്നാണ്. അത്രമാത്രം ഉഡായ്പ്പുകൾ ട്രംപ് തയ്യാറാക്കുന്നുണ്ട്.