‘അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ?’ -ആ ഹാളില്‍ കൂടിയിരുന്ന ഒരുപാട് പേര്‍ക്ക് ആ സംശയമുണ്ടായിരുന്നു. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ.ദിനേശ് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു -‘അതിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.’ രാവിലെ എങ്ങനെയെങ്കിലും നല്ല സ്വപ്‌നം കണ്ട് അതൊക്കെ സഫലമാക്കാന്‍ കാത്തിരുന്ന എല്ലാവരും നിരാശരായി, ഞാനും.
ഞങ്ങളുടേതായി ഒരു കൂട്ടുണ്ട് -മനുഷ്യരുടെ കൂട്ട്. അതിനാല്‍ HUMANS എന്നാണ് പേര്. ആ കൂട്ടിലാണ് ദിനേശ് സ്വപ്‌നത്തെക്കുറിച്ച് സംസാരിച്ചത്. ആദ്യം കൂട്ടിനെക്കുറിച്ച് പറയാം. പിന്നെ ദിനേശിന്റെ സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ചും പറയാം.
മനുഷ്യരായി പിറന്ന നമ്മെ ജാതിയും മതവും രാഷ്ട്രീയവുമെല്ലാം തിരിച്ച വേര്‍തിരിവുകള്‍ മറ്റെന്തൊക്കെയോ ആക്കി മാറ്റിയിരിക്കുന്നു. അങ്ങനെ ഇപ്പോള്‍ മറ്റെന്തൊക്കെയോ ആയവര്‍ തിരികെ മനുഷ്യരാവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂട്ടിന് രൂപം നല്‍കിയത്. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം അവിടെത്തന്നെയുണ്ട്. അവഗണിക്കാനാവില്ലെന്ന് സമ്മതിക്കുന്നു.
പക്ഷേ, ഈ കുട്ടിലുള്ള മനുഷ്യര്‍ വ്യത്യസ്തരാവാന്‍ പരിശ്രമിക്കുന്നവരാണ്. ജാതിക്കപ്പുറത്തേക്കു വളര്‍ന്ന മനുഷ്യര്‍. മതത്തിനതീതമായി ചിന്തിക്കുന്ന മനുഷ്യര്‍. രാഷ്ട്രീയത്തില്‍ ഒതുങ്ങാത്ത മനുഷ്യര്‍. പരിസ്ഥിതിക്കായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍. മനുഷ്യരായി ജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍. അതാണ് HUMANS!! ഞങ്ങളുടെ ഈ കൂട്ടിലേക്ക് മനുഷ്യര്‍ക്ക് കടന്നുവരാം. മനുഷ്യര്‍ക്ക് മാത്രം സ്വാഗതം.
ഈ കൂട്ടിലെ മനുഷ്യര്‍ മാസത്തിലൊരിക്കല്‍ ഒത്തുചേര്‍ന്ന് ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്തും, പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കും. ആ ശ്രമത്തിന്റെ ഭാഗമായാണ് ഡോ.ദിനേശ് സ്വപ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത്. തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ദിനേശിനെപ്പോലെ സ്വപ്‌നങ്ങളെ അറിഞ്ഞ മറ്റൊരാള്‍ ഞങ്ങളുടെ കൂട്ടില്‍ ഇല്ല തന്നെ.
സ്വപ്‌നങ്ങള്‍ എത്ര തരം? സ്വപ്‌നം ഉണ്ടാവുന്നതെങ്ങനെ? ദുഃസ്വപ്‌നം കാണുന്നത് എന്തുകൊണ്ട്? ചര്‍ച്ചയ്ക്കുള്ള വിഷയം സ്വപ്‌നമാണെന്ന് തീരുമാനിച്ചപ്പോള്‍ മുതല്‍ ദിനേശിനു നേരെ ചെന്ന ചോദ്യങ്ങള്‍ക്ക് അവസാനമുണ്ടായിരുന്നില്ല. ആ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായി, ലളിതമായിത്തന്നെ.
സ്വപ്നം എന്നത് എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ഒരു കാര്യമാണ്. ചിലര്‍ക്കത് സന്തോഷമാണ്. ചിലര്‍ക്ക് ദുഃഖമാണ്. ചിലര്‍ക്ക് പ്രതീക്ഷയാണ്. ഇനിയും ചിലര്‍ക്കത് ഉത്കണ്ഠയാണ്. എന്തായാലും സ്വപ്‌നം ഒരു സ്വകാര്യ അനുഭവമാണ്. ഗ്രീക്കുകാര്‍ക്ക് സ്വപ്‌നത്തിന് ഒരു ദൈവമുണ്ട് -മോര്‍ഫിയസ്. ചിറകുള്ള ദൈവം. ഹിപ്‌നോസ് എന്നു പേരുള്ള ഉറക്കത്തിന്റെ ദൈവത്തിന്റെ മകന്‍. മോര്‍ഫിയസിന്റെ കൈകളില്‍ കിടക്കുന്നവര്‍ നന്നായി ഉറങ്ങും, നന്നായി സ്വപ്‌നം കാണും എന്നു വിശ്വാസം.
ദൈവമോ ബാഹ്യമായ ഏതെങ്കിലും ശക്തിയോ മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ സ്വപ്‌നങ്ങളെ ഉപയോഗിക്കുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അങ്ങനെയാണ് സ്വപ്‌നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന രീതിയില്‍ ചര്‍ച്ചകള്‍ വന്നത്. ആറ്റമിഡോറസ് എന്നു പറയുന്നയാള്‍ എ.ഡി. 2-ാം നൂറ്റാണ്ടില്‍ അലക്‌സാണ്ടറുടെയൊക്കെ സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ചിരുന്നതായി സിഗ്മണ്ട് ഫ്രോയ്ഡ് തന്നെ ‘Interpretation of Dreams’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. സാഹിത്യരചനകളിലും കാണാം ഇത്തരം സ്വപ്‌നവ്യാഖ്യാനങ്ങള്‍.
എന്താണ് സ്വപ്നം? അതു വളരെ സങ്കീര്‍ണ്ണമായൊരു മാനസികപ്രവര്‍ത്തനമാണ്. അതിന് മതിഭ്രമത്തിന്റെ ഒരു സ്വഭാവമുണ്ട്. ഇല്ലാത്തത് കാണുന്നതാണത് -Hallucination. ഉള്ളത് കണ്ട് വേറെ ചെറുതായി കാണുന്നതിനെ Illusion എന്നും ഇല്ലാത്ത ചിന്തകളെ നമ്മള്‍ ഉണ്ടെന്നു വിശ്വസിക്കുന്നതിനെ Delusion എന്നും പറയും. സ്വപ്‌നത്തില്‍ നേരിട്ടുള്ളൊരു വിഷയമല്ല നമ്മള്‍ കാണുന്നത്.
സ്വപ്‌നങ്ങള്‍ പലവിധത്തിലുള്ള സൃഷ്ടിപരമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. പല പ്രശസ്ത സാഹിത്യകാരന്മാര്‍ക്കും തങ്ങളുടെ രചനയ്ക്കുള്ള കനല്‍ ലഭിച്ചത് സ്വപ്‌നങ്ങളില്‍ നിന്നാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാനൊരു ചിത്രത്തെ സ്വപ്‌നം കാണും, എന്നിട്ട് ആ സ്വപ്നത്തെ ഞാന്‍ ചിത്രമാക്കും’ എന്നാണ് വിഖ്യാതനായ വിന്‍സെന്റ് വാന്‍ഗോഗ് പറഞ്ഞിട്ടുള്ളത്. അകിരോ കുറസോവയുടെ കുട്ടിക്കാലത്തെ സ്വപ്‌നങ്ങളാണ് പില്‍ക്കാലത്ത് ‘Dreams’ എന്ന പ്രശസ്ത സിനിമയായി മാറിയത്.
സ്വപ്‌നത്തിന് നിയന്ത്രണങ്ങളില്ല. ഒരാള്‍ക്ക് എന്തൊക്കെ സങ്കല്പിക്കാന്‍ സാധിക്കുമോ അതെല്ലാം സ്വപ്‌നത്തിലും കാണാം. സ്വപ്‌നം കാഴ്ചയുടെ മായാലോകമാണ്. അതിന് പരിധിയില്ല. ഉണര്‍ന്നിരുന്ന് സങ്കല്പിക്കുന്ന കാഴ്ചകളെക്കാള്‍ വ്യക്തമായിരിക്കും സ്വപ്‌നക്കാഴ്ചകള്‍. മറ്റുള്ളവര്‍ സംസാരിക്കുന്നതും അവര്‍ തൊടുന്നതുമെല്ലാം സ്വപ്‌നത്തില്‍ അനുഭവിക്കാം. മണം, നാറ്റം ഇവയെല്ലാം സ്വപ്‌നത്തിലുമുണ്ട്. എന്നാല്‍, പ്രധാന വശം കാഴ്ചയാണെന്നു മാത്രം. കാഴ്ചയില്ലാത്ത വ്യക്തിയുടെ സ്വപ്‌നങ്ങളില്‍ ദൃശ്യങ്ങള്‍ക്കാകില്ല, മറ്റു വികാരങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം.
സ്വപ്‌നം യഥാസമയമാണ് ഓടുന്നത്. സ്വപ്‌നത്തില്‍ 10 മിനിറ്റാണ് സംഭവങ്ങള്‍ക്ക് ദൈര്‍ഘ്യമെങ്കില്‍ യഥാര്‍ത്ഥത്തിലും അത് 10 മിനിറ്റ് തന്നെയായിരിക്കും. അക്കാര്യത്തില്‍ ബോധാവസ്ഥയും സ്വപ്‌നവും തമ്മില്‍ സാമ്യമുണ്ട്. സ്വപ്‌നത്തില്‍ വികാരങ്ങള്‍ യഥാതഥമായി അനുഭവപ്പെടും. സന്തോഷിക്കുകയും സങ്കടപ്പെടുകയും ഭയക്കുകയുമൊക്കെ ചെയ്യുന്നത് അതിനാലാണ്. വികാരങ്ങള്‍ താങ്ങാനാവാതെ പോകുമ്പോഴാണ് ചിലര്‍ ഞെട്ടി ഉണരുന്നത്.
സ്വപ്‌നത്തിലെ കാര്യങ്ങള്‍ എന്തുകൊണ്ടു സംഭവിക്കുന്നു എന്നു നമുക്ക് മനസ്സിലാക്കാന്‍ പറ്റില്ല. സ്വപ്നത്തെ നിയന്ത്രിക്കാന്‍ -ഇങ്ങനെ സ്വപ്‌നം കാണുന്നത് ശരിയല്ല എന്നപോലെ -സാധിക്കില്ല. ഒരു ഒഴുക്കാണ് സ്വപ്നം. അവിടെ ഓര്‍മ്മ വളരെ കുറവായിരിക്കും. സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങള്‍ ഉണര്‍ന്നാല്‍ മാത്രമേ നമ്മള്‍ ഓര്‍ക്കാറുള്ളൂ. ഓര്‍ക്കുന്നില്ല എന്നതിനാല്‍ സ്വപ്‌നം കാണുന്നില്ല എന്നു പറയാനാവില്ല.
രാവിലെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമോ എന്ന ചിന്ത വന്നത് എന്തുകൊണ്ടാണ്? അവ മാത്രം ഓര്‍മ്മയില്‍ നില്‍ക്കുന്നു എന്നതിനാലാവാം. രാത്രിയില്‍ പല ഘട്ടങ്ങളില്‍ ഒന്നിലേറെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍, രാവിലെയോടടുപ്പിച്ച് കാണുന്ന സ്വപ്‌നങ്ങളേ ഓര്‍ത്തിരിക്കാറുള്ളൂ. ഉണരുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഭാഗം ഓര്‍ക്കുന്നു എന്നേയുള്ളൂ.
ഉറക്കത്തിന് 2 തലങ്ങളുണ്ട്. ഇത് മാറി മാറി വന്നുകൊണ്ടിരിക്കും. ഉറക്കം തുടങ്ങുമ്പോള്‍ കണ്ണിലെ കൃഷ്ണമണികളുടെ ചലനം കുറഞ്ഞ Non Rapid Eye Movement -NREM sleep ആയിരിക്കും. അതിനു ശേഷം കൃഷ്ണമണികള്‍ക്ക് ചലനവേഗമുള്ള Rapid Eye Movement -REM sleep വരും. കുറച്ചു സമയത്തിനു ശേഷം NREM, വീണ്ടും REM -ഇങ്ങനെ ഒരു ചക്രം പോലെ ഉറക്കം ആവര്‍ത്തിക്കും.
ഉറക്കത്തിന്റെ ഓരോ ഘട്ടത്തിനും ഓരോ ചുമതലയുണ്ട്. ഉറക്കത്തിന്റെ തുടക്കത്തില്‍ NREM sleep ദൈര്‍ഘ്യമേറിയതും REM sleep ദൈര്‍ഘ്യം കുറഞ്ഞതുമായിരിക്കും. ക്രമേണ NREM sleep ദൈര്‍ഘ്യം കുറഞ്ഞുവരികയും REM sleep ദൈര്‍ഘ്യം കൂടുകയും ചെയ്യും. രാവിലെ ആകുമ്പോവേക്കും NREM sleep വളരെ ചെറുതും REM sleep വളരെ നീളമുള്ളതുമാകും.
REM sleepല്‍ ഉള്ള ഒരാളെ വിളിച്ചുണര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് പേശികള്‍ക്ക് ഒട്ടും ബലമുണ്ടാവില്ല, സ്വപ്‌നങ്ങള്‍ കാണും. പേശികളുടെ ബലക്ഷയം ഒരു തരത്തില്‍ സംരക്ഷണമാണ്. സ്വപ്‌നം കാണുന്നതെല്ലാം ശരീരം പ്രവര്‍ത്തിച്ചാലോ? അപകടത്തില്‍പ്പെടും. അതൊഴിവാക്കാന്‍ ശരീരത്തിന്റെ പ്രതിരോധമാണ് ബലക്ഷയം. REM sleep ഘട്ടത്തില്‍ മാത്രമാണ് സ്വപ്‌നങ്ങളുണ്ടാവുന്നത് എന്നായിരുന്നു അടുത്ത കാലം വരെയുള്ള വിശ്വാസം. എന്നാല്‍, ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം NREM sleep ഘട്ടത്തിലും സ്വപ്‌നമുണ്ട്.
REM sleepന് തകരാര്‍ സംഭവിക്കാം. പാര്‍കിന്‍സോണിസം പോലുള്ള അവസ്ഥകള്‍ REM sleepന് തകരാര്‍ സംഭവിച്ച അവസ്ഥകളാണ്. ഇത്തരം ഘട്ടങ്ങളില്‍ REM sleepല്‍ നമ്മള്‍ സ്വപ്‌നങ്ങള്‍ പ്രവര്‍ത്തിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗം വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസ്ഥയാണ് REM sleep disorder. സ്വപ്‌നങ്ങളില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് രോഗലക്ഷണമാണ്. ഉറക്കത്തില്‍ നടക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതുമെല്ലാം NREM sleep തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്.
സ്വപ്‌നം പോലെയാണ് ദിവാസ്വപ്നം. ചെറിയൊരു മയക്കത്തില്‍ ദിവാസ്വപ്‌നം കാണാം. എന്നാല്‍, നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന, താല്പര്യമുള്ളതൊക്കെ കാണാന്‍ പറ്റുന്ന സ്വപ്‌നമുണ്ട് -സ്വപ്‌നമെന്ന് അറിയാവുന്ന സ്വപ്നം. Lucid Dreaming എന്നു പറയും. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ.
സ്വപ്‌നങ്ങള്‍ക്ക് പലതരം വ്യാഖ്യാനങ്ങളുണ്ട്. സിഗ്മണ്ട് ഫ്രോയ്ഡിന്റേതാണ് ഏറ്റവും പ്രശസ്തം. ആഗ്രഹങ്ങള്‍ വേഷം മാറി വരുന്നതാണ് സ്വപ്‌നങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വപ്‌നം ആഗ്രഹസഫലീകരണമൊന്നുമല്ല, മറിച്ച് തലച്ചോറിന്റെ വികാസത്തിന്റെ പ്രതിഫലനമാണ് എന്ന് ഡേവിഡ് ഫോക്‌സ് പറഞ്ഞു. മനഃശാസ്ത്രപരമായും ശാരീരികമായും ഒട്ടേറെ വ്യാഖ്യാനങ്ങള്‍ പിന്നീട് വന്നു. തലച്ചോറിന്റെ മുന്‍ഭാഗമാണ് സ്വപ്‌നങ്ങള്‍ക്കു കാരണമെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു.
സ്വപ്‌നങ്ങള്‍ക്ക് കാവ്യാത്മകമായ അര്‍ത്ഥം കൂടിയുണ്ടെന്നാണ് ഫ്രോയ്ഡിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളായ എറിക് ഫ്രോമിന്റെ പക്ഷം. ഫ്രോയ്ഡിന്റെ സ്വപ്‌നവ്യാഖ്യാനങ്ങളില്‍ കാണുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ദൂഷ്യങ്ങളാണെന്നും ഫ്രോം പറഞ്ഞുവെച്ചു. സത്യം കണ്ടുപിടിക്കാനുള്ള ഫ്രോയ്ഡിന്റെ വഴികള്‍ പുതിയ അജ്ഞതകള്‍ക്കു വഴിവെച്ചുവെന്ന് Activation Synthesis Hypothesis എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ജോണ്‍ അലന്‍ ഹോബ്‌സണും വിമര്‍ശിക്കുന്നു.
സ്വപ്‌നത്തെ 2 രീതിയില്‍ വ്യാഖ്യാനിച്ചു കാണാറുണ്ട്. ഒന്ന് ചിഹ്നങ്ങളുടെ രൂപത്തില്‍ കണ്ട് വ്യാഖ്യാനിക്കുന്നതാണ്. രണ്ട് സ്വപ്‌നങ്ങളെ ഡീകോഡ് ചെയ്യുകയെന്നു പറയും. ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഉദാഹരണമായി ഈജിപ്തില്‍ പ്രചാരമുള്ള കഥ പറയാം. അവിടത്തെ ഫറോവ ആദ്യം 7 കൊഴുത്ത കാളകളും പിന്നാലെ 7 മെലിഞ്ഞ കാളകളും പോകുന്നത് സ്വപ്‌നം കണ്ടു. അതിന്റെ വ്യാഖ്യാനം വന്നത് 7 വര്‍ഷം സമൃദ്ധിയും അതിനു ശേഷമുള്ള 7 വര്‍ഷം ക്ഷാമവുമായിരിക്കും എന്നാണ്.
സ്വപ്നത്തെ പൂര്‍ണ്ണമായി അവലോകനം ചെയ്ത് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന രീതിയാണ് ഈജിപ്തിലെ കഥയിലെ ഉദാഹരണത്തില്‍ കണ്ടത്. ഇതിനു വിപരീതമായി സ്വപ്നത്തെ വിവിധ ഭാഗങ്ങളായി വിഭജിച്ച ശേഷം അതിലെ ഓരോ ഭാഗത്തിനും വെവ്വേറെ വ്യാഖ്യാനം ചമയ്ക്കുന്നതാണ് ഡീകോഡിങ്. സ്വപ്‌നവ്യാഖ്യാനത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം ചിഹ്നങ്ങളും മതപരവും സാംസ്‌കാരികപരമായുമൊക്കെ നമുക്ക് ചിരപരിചിതമായവ തന്നെയാണ്. തീര്‍ത്തും വ്യക്തിപരമായ ചിഹ്നങ്ങളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.
തലച്ചോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ ഭാഗത്ത് രക്തയോട്ടം കൂടും. ഓക്‌സിജന്റെയും ഗ്ലൂക്കോസിന്റെയുമൊക്കെ ആവശ്യം കൂടുന്നതിനാലാണിത്. ഇത് നിര്‍ണ്ണയിച്ച് മാനസിക രോഗാവസ്ഥകളും മറ്റും പഠിക്കുന്നതിന് Functional MRA പരിശോധന നടത്താറുണ്ട്. സ്വപ്‌ന പഠനത്തിനും ഇത് സഹായകരമാണ്. മനുഷ്യന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ മുന്‍ഭാഗമാണ്. എന്നാല്‍, സ്വപ്‌നത്തിന്റെ സമയത്ത് മുന്‍ഭാഗത്ത് കാര്യമായ പ്രവര്‍ത്തനമില്ല. അതുകൊണ്ടാണ് സ്വപ്‌നത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പറ്റാത്തത്.
ഉറക്കം എന്നത് പൂര്‍ണ്ണമായ അബോധാവസ്ഥയല്ല. ഉറങ്ങുമ്പോള്‍ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു പറയാനാവില്ല. ആ സമയത്തും തലച്ചോര്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് FMRA പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അതാണ് നമ്മള്‍ സ്വപ്‌നം കാണുന്ന മേഖലകള്‍. തലച്ചോറിന് 2 സ്വപ്‌നകേന്ദ്രങ്ങളുണ്ട്. Parieto-occipital junction എന്നും Frontal area എന്നും പറയുന്ന മേഖലകള്‍. Parieto-occipital ആണ് മായക്കാഴ്ചകള്‍ സൃഷ്ടിക്കുന്നത്. Frontalന്റെ കടമ സ്വപ്‌നത്തിനുള്ളിലെ ചിന്തകളെ ഉണര്‍ത്തുക എന്നതാണ്.
സ്വപ്‌നവേളയില്‍ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന മേഖലകള്‍ സജീവമായി നില്‍ക്കുന്നതു കാണാം. സന്തോഷവും സങ്കടവും ഭയവുമെല്ലാം ഉണ്ടാവുന്നത് അതിനാലാണ്. തലച്ചോറിന്റെ മുകള്‍ഭാഗത്ത് മായക്കാഴ്ചകള്‍ക്കു കാരണമാവുന്ന മേഖലകളും സജീവം തന്നെ. സ്വപ്‌നം തീരെ കാണാത്ത അവസ്ഥ വളരെ കുറവാണ്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തിന് തകരാറുണ്ടെങ്കിലാണ് സ്വപ്‌നം നമ്മളില്‍ നിന്ന് ദൂരെപ്പോകുക. പ്രായമേറി വരുന്തോറും സ്വപ്‌നങ്ങള്‍ നഷ്ടപ്പെടും. സ്വപ്‌നം കാണാറില്ല എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് കാണാത്തതുകൊണ്ടാവില്ല, മറിച്ച് ഓര്‍ക്കാത്തതിനാലാവും.
4 വയസ്സിനു മുകളിലാണ് ഒരു മനുഷ്യന്റെ സ്വപ്‌നയാത്രകള്‍ തുടങ്ങുകയെന്ന് ദിനേശിന്റെ പക്ഷം. എന്നാല്‍, മൂന്നര വയസ്സുള്ള എന്റെ മകന്‍ കണ്ണന്‍ ഉറക്കത്തില്‍ ചിരിക്കുകയും കരയുകയുമൊക്കെ ചെയ്യാറുണ്ട്. സ്വാഭാവികമായും സ്വപ്‌നം കാണുന്നതായിക്കൂടെ എന്ന ചോദ്യം അദ്ദേഹം നിഷേധിച്ചുമില്ല. സ്വപ്‌നങ്ങള്‍ കാണുന്നുണ്ടാവാമെങ്കിലും അത് സങ്കീര്‍ണ്ണമാവില്ല എന്ന് വിശദീകരണം.
കഥകള്‍ പറയാനും കാഴ്ചകള്‍ തിരിച്ചറിയാനുമുള്ള കഴിവ് നേടുന്നതനുസരിച്ചാണ് സ്വപ്‌നങ്ങള്‍ വരുന്നത്. 4 വയസ്സിനു താഴെ എന്തായാലും അതു സംഭവിക്കാന്‍ സാദ്ധ്യതയില്ലല്ലോ. ഗര്‍ഭപാത്രത്തില്‍ ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ കാണാറുണ്ട്. അതും സ്വപ്‌നം കാണുന്നതാവാം. തലച്ചോറിന്റെ വികാസത്തിന് അനുഗണമായാണ് സ്വപ്‌നത്തിന്റെ വരവ് എന്നു പറയാമെന്ന് ദിനേശ്.
സ്വപ്‌നങ്ങള്‍ കാണുന്നത് വളരെ ആരോഗ്യകരമായ ഒരു കാര്യമാണ് എന്ന് മനസ്സിലായി.
നല്ല മനസ്സുള്ളവര്‍ക്ക് നല്ല സ്വപ്‌നങ്ങള്‍ കാണാം എന്ന് എന്റെ പക്ഷം.
നിങ്ങള്‍ നല്ല മനസ്സുള്ള നല്ല മനുഷ്യരാണോ?
സ്വപ്‌നം വിലയിരുത്തൂ, സ്വയം തീരുമാനിക്കൂ…