Reading Time: 6 minutes

നവംബര്‍ 22, 2021

രാഷ്ട്രപതി ഭവനിലെ അശോക ഹാള്‍. 2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച സേനാ മെഡലുകള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുകയാണ്. കോവിഡ് മഹാമാരി കാരണമാണ് ചടങ്ങ് ഇത്രയും വൈകിയത്. ശൗര്യ ചക്ര പുരസ്കാരം സ്വീകരിക്കാനായി ആ പേര് മുഴങ്ങി -വിങ് കമാന്‍ഡര്‍ വിശാഖ് നായര്‍. അങ്ങേയറ്റം പ്രതികൂല സാഹചര്യത്തിലും തന്റെ കര്‍ത്തവ്യത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ ജനങ്ങളുടെ ജീവനും സ്വജീവനും രാഷ്ട്രത്തിന്റെ സ്വത്തും ഏറെ കരുതലോടെ രക്ഷിച്ചെടുത്തതിനുള്ള പുരസ്കാരം. യന്ത്രത്തകരാര്‍ നേരിട്ട വിമാനത്തില്‍ നിന്നു ചാടി രക്ഷപ്പെടാനുള്ള അവസരമുണ്ടായിട്ടും അതിനു മുതിരാതെ സമചിത്തതയോടെ ആ വിമാനത്തെയും ഒട്ടേറെ പേരുടെ ജീവനെയും രക്ഷിക്കാന്‍ നടത്തിയ സമര്‍പ്പണം ശൗര്യമല്ലാതെ മറ്റെന്താണ്! ഉറച്ച കാലടികളോടെ മുന്നോട്ടു നടന്നു നീങ്ങി കമാന്‍ഡര്‍ വിശാഖ് ആ പുരസ്കാരം ഏറ്റുവാങ്ങി.

നവംബര്‍ 13, 2000

My dearest Nimmy…
I am sorry…
I love you very much…
Chippy and Naveen…
If I die, don’t worry…
Have a happy life…
God bless you all…

2000 നവംബര്‍ 13ന് ഗുജറാത്ത് റണ്‍ ഓഫ് കച്ചിലെ അനന്തമായ ചതുപ്പില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണം കാത്തുകിടക്കുമ്പോള്‍ അതിര്‍ത്തി രക്ഷാ സേനയിലെ കമാന്‍ഡന്റായ വി.രാധാകൃഷ്ണന്‍ നായര്‍ കൈയിലുണ്ടായിരുന്ന സ്‌ക്രിബ്ലിങ് പാഡില്‍ തന്റെ ഭാര്യക്കും മക്കള്‍ക്കുമായി അങ്ങനെ കുറിച്ചിട്ടു. അക്ഷരങ്ങള്‍ പിന്നെ അവ്യക്തമായി. രക്ഷാപ്രവര്‍ത്തകര്‍ക്കായി മണിക്കൂറുകളോളം കാത്തുകിടന്ന് ധീരനായ ആ ഓഫീസര്‍ പതുക്കെ മരണത്തിലേക്കു വീണു. അന്ത്യമുഹൂര്‍ത്തത്തിലെ ഹതാശമായ കാത്തുകിടപ്പില്‍ എഴുതിയ വാക്കുകള്‍ പിന്നീട് സത്യമാവുമ്പോഴേക്കും രാധാകൃഷ്ണന്‍ നായരുടെ കുടുംബത്തോട് വിധി അതിന്റെ കരാളത മുഴുവന്‍ അവിശ്വസനീയമായ പല രൂപങ്ങളില്‍ പുറത്തെടുത്തു കഴിഞ്ഞിരുന്നു. ഭൂകമ്പനത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും രൂപങ്ങളില്‍ അത് അവശേഷിച്ചവരുടെ ജീവിതങ്ങളില്‍ വന്നു വീണു. നിമ്മി എന്ന നിര്‍മ്മല അതിന്റെ ഇരയായി. നവീന്റെയും ചിപ്പിയുടെയും കൗമാരങ്ങളെ അത് അനാഥമാക്കി…

* * *

ജൂണ്‍ 17, 2006

ഹൈദരാബാദിനടുത്തുള്ള ഹക്കിംപേട്ട് വ്യോമസേനാ താവളം. പരിശീലനം പൂര്‍ത്തിയാക്കിയ 135 ഫ്ലൈയിങ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടക്കുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി.ത്യാഗി അഭിവാദ്യം സ്വീകരിക്കുന്ന പരേഡില്‍ തലയുയര്‍ത്തിപ്പിച്ച് ഉറച്ച ചുവടുകളുമായി മറ്റുള്ളവരെ നയിക്കുന്നത് വിശാഖ് നായര്‍. അക്കാദമിയിലെ 177 പൈലറ്റ് കോഴ്‌സുകളിലും ഒന്നാമനായതിന്റെ പേരിലാണ് ഈ മലയാളിക്ക് അതിനുള്ള അവസരം ലഭിച്ചത്. പരേഡിന്റെ ഒടുവില്‍ മികച്ച ഫ്ലൈയിങ് ഓഫീസര്‍ക്കുള്ള രാഷ്ട്രപതിയുടെ ഫലകം വിശാഖ് ഏറ്റുവാങ്ങി. ഒപ്പം വ്യോമസേനാ മേധാവിയുടെ ബഹുമതി ഖഡ്ഗവും.

ഫ്ലൈയിങ് ഓഫീസര്‍ വിശാഖ് നായരെ നാമറിയും, മറ്റൊരു വിധത്തില്‍. കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരുടെ പ്രിയപ്പെട്ട ‘ചിപ്പി’. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന കൗമാരക്കാരന്‍. തളരാത്ത നിശ്ചയദാര്‍ഢ്യം അവനെ ഇപ്പോള്‍ ഉയരങ്ങളിലെത്തിച്ചിരിക്കുന്നു.

സൈനിക ക്യാമ്പുകളിലാണ് ചിപ്പി വളര്‍ന്നത്. കുട്ടിക്കാലത്തുതന്നെ സൈന്യം മനസ്സില്‍ ഒരു വികാരമാകുന്നതിന് ഇതു കാരണമായി. മഹാമേരു പോലെ നിന്ന അച്ഛന്റെ സ്വാധീനം കൂടിയായപ്പോള്‍ ആ ബാലന്‍ ഉറപ്പിച്ചു -വളരുമ്പോള്‍ താനും രാജ്യരക്ഷയ്ക്കായി ആയുധമേന്തും. ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല. സാധാരണ ഒരു മനുഷ്യനു നേരിടേണ്ടി വരുന്നതിനെക്കാള്‍ എത്രയോ ഇരട്ടി പ്രതിബന്ധങ്ങള്‍. ചിപ്പി തളര്‍ന്നില്ല. അച്ഛനെയും അമ്മയെയും സദാ മനസ്സില്‍ ധ്യാനിച്ചു മുന്നേറി. എല്ലാ ഉയരങ്ങളും കീഴടക്കി.

* * *

ബി.എസ്.എഫ്. ബറ്റാലിയന്‍ കമാന്‍ഡന്റ് വി.രാധാകൃഷ്ണന്‍ നായര്‍. അതിര്‍ത്തി രക്ഷാ സൈനികര്‍ എന്നും ആദരവോടെ ഓര്‍ക്കുന്ന നാമം. കന്യാകുമാരിക്കടുത്ത് നെയ്യൂര്‍ സ്വദേശി. നാട്ടുകാരുടെ സ്വന്തം ‘കൃഷ്ണപ്പന്‍’. ഭാര്യ നിര്‍മ്മല തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശിനി. ഇവര്‍ക്ക് രണ്ടു മക്കള്‍ -വിനായക് നായര്‍ എന്ന നവീനും വിശാഖ് നായര്‍ എന്ന ചിപ്പിയും. തെളിനീരുറവ പോലൊഴുകുന്ന കുടുംബ നദി. എന്നാല്‍, മലവെള്ളപ്പാച്ചില്‍ പോലെ ദുരന്തങ്ങളെത്തിയപ്പോള്‍ നദി കലങ്ങിമറിഞ്ഞു.

കമാന്‍ഡന്റ് വി.രാധാകൃഷ്ണന്‍ നായര്‍ (ഫയല്‍ ചിത്രം)

21 വര്‍ഷം മുമ്പത്തെ ആ ശപിക്കപ്പെട്ട ദിനം ഇപ്പോഴും ചിപ്പിയുടെ ഓര്‍മ്മയിലുണ്ട്. തന്റെ നെറുകയില്‍ പതിവു മുത്തം നല്‍കി അച്ഛന്‍ പോവുമ്പോള്‍ ഇനിയൊരിക്കലും മടങ്ങിവരാത്ത യാത്രയായിരിക്കും അതെന്ന് അവനും അമ്മയും അറിഞ്ഞിരുന്നില്ല.

റണ്‍ ഓഫ് കച്ചിലെ ചതുപ്പിലൂടെ നുഴഞ്ഞുകയറ്റക്കാരെ പാകിസ്താന്‍ പതിവായി കടത്തിവിടുന്ന ഒരു മേഖലയുണ്ട്. ‘ഹരാമി നള്ള’ എന്നാണ് ഈ പ്രദേശത്തെ ഇന്ത്യന്‍ സൈനികര്‍ വിശേഷിപ്പിക്കുന്നത്. അതിര്‍ത്തി രക്ഷാ സേനയിലെ ഡി.ഐ.ജി. എസ്.സി.യാദവിന്റെയും കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരുടെയും നേതൃത്വത്തില്‍ വ്യോമസേനയുടെ എം.ഐ-8 ഹെലികോപ്റ്ററില്‍ 12 സൈനികര്‍ ‘ഹരാമി നള്ള’യില്‍ നിരീക്ഷണപ്പറക്കലിനിറങ്ങി. സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ചു ബോട്ടുകള്‍ അവര്‍ കണ്ടു. കോപ്റ്റര്‍ താഴ്ത്തി ബോട്ടിലെന്താണെന്നു നോക്കാന്‍ ഡി.ഐ.ജി. നിര്‍ദ്ദേശം നല്‍കി. താഴ്ന്നു പറന്ന കോപ്റ്ററില്‍ എന്തോ വന്നിടിച്ചു. നിമിഷാര്‍ദ്ധത്തില്‍ ആ യന്ത്രപ്പക്ഷി പൊട്ടിച്ചിതറി.

കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും ചതുപ്പില്‍ തെറിച്ചുവീണു. മരണവുമായി മണിക്കൂറുകള്‍ നീണ്ട മല്‍പ്പിടിത്തത്തിന്റെ തുടക്കം. അവരുടെ രോദനങ്ങളും ഞരക്കങ്ങളും അനന്തതയില്‍ ലയിച്ചടങ്ങി. അപകടത്തിലേറ്റ പരിക്കിനൊപ്പം പൊള്ളുന്ന വെയിലില്‍ ദാഹവും വിശപ്പും. തൊണ്ട വരണ്ടു പൊട്ടുമെന്ന അവസ്ഥയായപ്പോള്‍ അപരന്റെ മൂത്രം അവര്‍ ആശ്രയമാക്കി. സൈനികപരിശീലനത്തിലൂടെ ലഭിച്ച നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു തുണ. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും നീണ്ട 25 മണിക്കൂറുകള്‍ കടന്നുപോയിരുന്നു. മരണവുമായുള്ള പോരാട്ടത്തില്‍ ഡി.ഐ.ജിയും കമാന്‍ഡന്റുമടക്കം ഏഴു പേര്‍ കീഴടങ്ങി. ജീവനോടെ രക്ഷപ്പെട്ടത് അഞ്ചു പേര്‍.

മരണവുമായി മുഖാമുഖം കണ്ട നിമിഷങ്ങളിലാണ് രാധാകൃഷ്ണന്‍ നായര്‍ ഭാര്യക്കും മക്കള്‍ക്കുമുള്ള സന്ദേശം അക്ഷരങ്ങളില്‍ കോറിയിട്ടത്. താന്‍ രക്ഷപ്പെടുമെന്ന് അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു. ‘ഗണപതി എന്നെ രക്ഷിക്കും’ എന്ന കുറിപ്പ് ഇതിനു തെളിവാണ്.

മരണവാര്‍ത്ത വീട്ടിലെത്തുമ്പോള്‍ അമ്മയ്ക്കു കൂട്ടായി ഭുജിലെ വീട്ടിലുണ്ടായിരുന്നത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചിപ്പി മാത്രം. ജ്യേഷ്ഠന്‍ നവീന്‍ അപ്പോള്‍ വൈദ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് മംഗലാപുരത്തായിരുന്നു. അവര്‍ രാധാകൃഷ്ണന്‍ നായരുടെ ഭൗതികശരീരം തച്ചോട്ടുകാവില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ വിലാസം തമിഴ്‌നാട്ടിലേതായിരുന്നതിനാല്‍ മൃതദേഹം തിരുവനന്തപുരത്തു കൊണ്ടുവരുന്നതിന് ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. പ്രതിസന്ധി മറികടക്കാന്‍ ചിപ്പിക്കും നവീനും മലയാളിയായ ബി.എസ്.എഫ്. ഐ.ജി. രാംമോഹന്റെ സഹായം തുണയായി.

നിര്‍മ്മലയുടെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് അതിന് ഒന്നര മാസം മുമ്പാണ് ആ കുടുംബം നാട്ടില്‍ വന്നുപോയത്. രാധാകൃഷ്ണന്‍ നായര്‍ അവസാനമായി നാട്ടില്‍ വന്നതും അപ്പോള്‍ത്തന്നെ. അന്നു മടങ്ങുമ്പോള്‍ ഇത്ര പെട്ടെന്നൊരു തിരിച്ചുവരവുണ്ടാകുമെന്നു നിര്‍മ്മലയും മക്കളും കരുതിയിരുന്നില്ല. തലചായ്ക്കാനൊരിടം സ്വന്തമാക്കാനുള്ള സ്വപ്‌നവുമായി തച്ചോട്ടുകാവില്‍ വാങ്ങിയ 30 സെന്റിലെ ആറടി മണ്ണ് ആ വീരസൈനികന് അന്ത്യവിശ്രമ സ്ഥാനമായി. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം അമ്മയും മക്കളും മടങ്ങി -നിര്‍മ്മലയും ചിപ്പിയും ഭുജിലേക്കും നവീന്‍ മംഗലാപുരത്തേക്കും.

* * *

ജനുവരി 26, 2001

ഭുജിലെ ബി.എസ്.എഫ്. ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയ നിര്‍മ്മലയും ചിപ്പിയും വേദന കടിച്ചമര്‍ത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, വിധിനിശ്ചയം മറ്റൊന്നായിരുന്നു. രാജ്യം 51-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു പൊട്ടിത്തെറി. എല്ലാവരും ആദ്യം വിചാരിച്ചത് പടക്കത്തിന്റെ ശബ്ദമായിരിക്കുമെന്നാണ്. പിന്നീട് വന്‍ മുഴക്കത്തോടെ സര്‍വവും കുലുങ്ങിമറിഞ്ഞു. എന്താണെന്നു മനസ്സിലാവുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഭൂമിദേവിയുടെ മാറിടം പിളര്‍ന്നു പുറത്തുചാടിയ ദുരന്തം അപഹരിച്ചത് പതിനായിരക്കണക്കിനു ജീവന്‍.

നിര്‍മ്മല (ഫയല്‍ ചിത്രം)

എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ നിര്‍മ്മലയും ചിപ്പിയുമുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന വീട് നിശ്ശേഷം തകര്‍ന്നു. പട്ടാളക്കാര്‍ തീര്‍ത്ത താല്‍ക്കാലിക ക്യാമ്പ് അമ്മയ്ക്കും മകനും ആശ്രയമായി. പ്രിയപ്പെട്ടവന്റെ മരണത്തോടൊപ്പം പ്രകൃതി താണ്ഡവം കൂടിയായപ്പോള്‍ നിര്‍മ്മലയ്ക്കു പിടിച്ചുനില്‍ക്കാനായില്ല. അവര്‍ രോഗബാധിതയായി. തങ്ങളുടെ കമാന്‍ഡന്റിന്റെ ഭാര്യയെ ബി.എസ്.എഫുകാര്‍ തന്നെ ശുശ്രൂഷിച്ചു.

* * *

ഫെബ്രുവരി 2, 2001

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മലയെ ജയ്പുര്‍ സൈനിക ആസ്പത്രിയിലാക്കി. അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. അമ്മയുടെ പീഡകള്‍ക്കു സാക്ഷിയായി ചിപ്പി നിന്നു, മനസ്സാന്നിദ്ധ്യം കൈവെടിയാതെ.

രോഗനില വീണ്ടും വഷളായതിനെത്തുടര്‍ന്ന് നിര്‍മ്മലയെ നാട്ടിലേക്കു കൊണ്ടുപോകുന്നതാണു നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അവര്‍ക്ക് അര്‍ബുദമാണെന്നു പരിശോധനയില്‍ വ്യക്തമായി. അവസാന ആശയായ തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ അവരെ പ്രവേശിപ്പിച്ചു. ഡോ.വി.പി.ഗംഗാധരനു കീഴില്‍ ഒന്നരമാസത്തെ ചികിത്സ. കുറച്ച് ആശ്വാസമുണ്ടായെങ്കിലും താമസിയാതെ പഴയ സ്ഥിതിയിലായി. ‘അമ്മ രക്ഷപ്പെടുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, ഞാന്‍ മംഗലാപുരത്തു നിന്നെത്തിയപ്പോള്‍ സ്ഥിതി ആകെ ദയനീയമായിരുന്നു. മുടിയൊക്കെ മൊട്ടയടിച്ച്, സൗന്ദര്യം നശിച്ച് അമ്മ…’ -ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ നവീനിന്റെ വാക്കുകള്‍ ഇടറി.

* * *

നവംബര്‍ 26, 2001

രാധാകൃഷ്ണന്‍ നായര്‍ അന്ത്യശ്വാസം വലിച്ചിട്ട് ഒരു വര്‍ഷവും 13 ദിവസവും തികയുന്നു. അന്ന്, നിര്‍മ്മലയും യാത്രയായി. വെറും ഒരു വര്‍ഷത്തിനിടെ സനാഥത്വത്തിന്റെ സംരക്ഷണത്തില്‍ നിന്ന് അനാഥത്വത്തിന്റെ അനിശ്ചിതത്ത്വത്തിലേക്ക് നവീനും ചിപ്പിയും എടുത്തെറിയപ്പെട്ടു. അച്ഛന്റെ കുഴിമാടത്തിനരികെ മക്കള്‍ അമ്മയ്ക്കും ചിതയൊരുക്കി.

* * *

നിര്‍മ്മലയുടെ സഹോദരന്‍ ജഗദീഷ് ബി.നായരും സഹോദരി ഉഷ ബി.നായരും കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. രാധാകൃഷ്ണന്‍ നായരുടെ സഹോദരിമാരായ ഭാമയ്ക്കും കമലയ്ക്കും നവീനും ചിപ്പിയും മക്കള്‍ തന്നെയായിരുന്നു. ഈ സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്ന ആത്മവിശ്വാസവുമായി നവീന്‍ ബാംഗ്ലൂരില്‍ വൈദ്യശാസ്ത്ര ഉപരിപഠനത്തിനു പുറപ്പെട്ടു. ചിപ്പി തിരുവനന്തപുരത്ത് പഠനം തുടര്‍ന്നു.

ഡോ.വിനായക് നായര്‍ (ഫയല്‍ ചിത്രം)

പ്ലസ് ടു പഠനം പൂര്‍ത്തിയായപ്പോള്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശനത്തിനുള്ള അറിയിപ്പു വന്നു. തന്റെ ഭാവി എന്താവണമെന്ന് ചിപ്പി നേരത്തേ നിശ്ചയിച്ചിരുന്നു. സി.ആര്‍.പി.എഫ്. കമാന്‍ഡന്റായിരുന്ന മുത്തച്ഛന്റെയും ബി.എസ്.എഫ്. കമാന്‍ഡന്റായിരുന്ന അച്ഛന്റെയും സൈനിക പാരമ്പര്യം നിലനിര്‍ത്താനുള്ള തീരുമാനത്തിന് അച്ഛനു നേരിട്ട ദുരന്തവും അമ്മയുടെ മരണവുമൊന്നും വരുത്തിയില്ല. ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനത്തിന് അവന്‍ അപേക്ഷിച്ചു. പരീക്ഷയെഴുതി, മുഖാമുഖത്തിനു തിരഞ്ഞെടുക്കപ്പെട്ടു. ‘പരീക്ഷ പാസായി. ചേട്ടനുമൊത്താണ് മൈസൂരില്‍ ഇന്റര്‍വ്യൂവിന് പോയത്. കായികക്ഷമതാ പരിശോധനയും കഴിഞ്ഞ് ഫലം വന്നപ്പോള്‍ എനിക്ക് ഇരുപത്തഞ്ചാം റാങ്ക്. മൂന്നു വര്‍ഷം ഡിഫന്‍സ് അക്കാദമിയില്‍ പഠനം. വ്യോമസേനയില്‍ ചേരാനായിരുന്നു എനിക്കാഗ്രഹം. പൈലറ്റ്‌സ് കോഴ്‌സിനു ചേര്‍ന്നു. ബാക്കിയെല്ലാം ദൈവാനുഗ്രഹം…’ -ചിപ്പിയുടെ വാക്കുകള്‍. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഔദ്യോഗിക ജീവിതത്തിനു തുടക്കം കര്‍ണാടകത്തിലെ ബിദാര്‍ വ്യോമസേനാ താവളത്തില്‍ ഫ്ലൈയിങ് ഓഫീസറായി.

* * *

രാധാകൃഷ്ണന്‍ നായരുടെ ദുരന്തത്തിനു കാരണമായ ഹെലികോപ്റ്ററിന് സാങ്കേതികത്തകരാറുണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. കോപ്റ്റര്‍ തകരുന്നതിനു മുമ്പ് എന്തോ ശക്തിയായി വന്നിടിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. പാക് ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതാണെന്ന സൂചനയിലേക്കാണ് ഇതു വിരല്‍ചൂണ്ടിയത്. എന്നാല്‍, ഇതു സംബന്ധിച്ച അന്വേഷണം നയതന്ത്ര ബന്ധത്തില്‍ കുരുങ്ങി. ഏഴു വീരസൈനികരുടെ ജീവന്‍ നഷ്ടമാക്കിയ അപകടത്തെക്കുറിച്ചുള്ള ദുരൂഹതയുടെ പുകമറ ഇപ്പോഴും നിലനില്‍ക്കുന്നു.

* * *

വാശിയുണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്ന പക്ഷക്കാരാണ് ഡോ.വിനായക് നായരും വിങ് കമാന്‍ഡര്‍ വിവേക് നായരും. സ്വന്തമായി വീടുവെയ്ക്കണമെന്ന രാധാകൃഷ്ണന്‍ നായരുടെ ആഗ്രഹം മക്കള്‍ സാക്ഷാത്കരിച്ചു. തച്ചോട്ടുകാവില്‍ നവീനും ചിപ്പിയും ചേര്‍ന്നു പണിതുയര്‍ത്തിയ ഇരുനില മാളികയ്ക്കു പേരായത് അച്ഛന്റെ ജന്മനക്ഷത്രം -കാര്‍ത്തിക. ഇടവേളകളില്‍ വിനായകും വിവേകും തച്ചോട്ടുകാവില്‍ ഓടിയെത്തും -അവിടെ അന്തിയുറങ്ങുന്ന അച്ഛനമ്മമാരുടെ അടുത്തേക്ക്.

വിങ് കമാന്‍ഡര്‍ വിശാഖ് നായര്‍

രാധാകൃഷ്ണന്‍ നായരുടെ കുഴിമാടത്തില്‍ വെച്ചുപിടിപ്പിച്ച ചെന്തെങ്ങ് കായ്ച്ചു. നിര്‍മ്മലയുടെ അന്ത്യവിശ്രമ സ്ഥാനത്തെ റോസാച്ചെടി പൂത്തുനില്‍ക്കുന്നു. അവയുടെ ഇതളുകള്‍ നീലാകാശത്തേക്കു തലയുയര്‍ത്തി നോക്കുകയാണ് -തങ്ങളുടെ ചിപ്പി വിഹായസ്സില്‍ പറന്നുനടക്കുന്നതു കാണാന്‍…

 


പിന്‍കുറിപ്പ്: ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷമാണിത്. ചിപ്പിയെ ഞാന്‍ പരിചയപ്പെടുന്നത് 15 വര്‍ഷം മുമ്പ്, 2006ല്‍ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്യുന്ന കാലത്ത്. അന്ന് മാതൃഭൂമിയില്‍ സഹപ്രവര്‍ത്തകനായിരുന്ന ഡോ.പി.കെ.രാജശേഖരനാണ് എന്നോട് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മലയാളിപ്പയ്യനെക്കുറിച്ചു പറഞ്ഞത്. രാജശേഖരന്റെ ഭാര്യ രാധിക സി.നായരുടെ അടുത്ത ബന്ധുവായിരുന്നു ഈ പയ്യന്‍സ്. മലയാളിയുടെ നേട്ടത്തില്‍ ഒരു വാര്‍ത്ത മണത്തപ്പോള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. രാധികച്ചേച്ചി പറഞ്ഞതനുസരിച്ച് അന്ന് യൂണിവേഴ്സിറ്റി കോളേജ് ഹിന്ദി വിഭാഗത്തില്‍ അദ്ധ്യാപികയായിരുന്ന ഉഷ ടീച്ചറിനോട് -ഉഷ ബി.നായര്‍ -സംസാരിച്ചപ്പോഴാണ് ചിപ്പിയുടെ അപൂര്‍വ്വ ജീവിത പോരാട്ടത്തിന്റെ കഥ എന്റെ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത്. പ്രാദേശിക പേജിലെ ഒരു വാര്‍ത്തയായി ഞാന്‍ ആദ്യം ആസൂത്രണം ചെയ്ത ആ കുറിപ്പ് വളര്‍ന്നുപടര്‍ന്ന് ഒടുവില്‍ 2006 നവംബര്‍ 19ന് മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ കവര്‍ സ്റ്റോറിയായി ലക്ഷക്കണക്കിനാളുകള്‍ വായിച്ചു -ഫീനിക്സ് എന്ന പേരില്‍ തന്നെ. 15 വര്‍ഷത്തിനിപ്പുറം അതേ പേരില്‍ ചിപ്പിയെക്കുറിച്ചുള്ള കുറിപ്പ് വീണ്ടും അവതരിപ്പിക്കുന്നത് മറ്റൊരു നിയോഗം. അനന്തവിഹായസ്സില്‍, കൂടുതല്‍ ഉയരങ്ങളില്‍ ചിപ്പി പറന്നുനടക്കട്ടെ…

Previous articleചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍…
Next articleപാട്ടിലെ കൂട്ട്…

വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

Donate to support FAIR JOURNALISM

COMMENTS