രാഷ്ട്രീയത്തിൽ നിലപാട് മാറാം. കാലം മാറുമ്പോൾ അഭിപ്രായവും മാറാം. പക്ഷേ ഒരേ ദിവസം രാവിലെ ബംഗളൂരുവിൽ പറഞ്ഞത് വൈകിട്ട് തിരുവനന്തപുരത്ത് എത്തുമ്പോൾ തലകീഴായി മാറുന്ന അത്ഭുതവിദ്യയ്ക്ക് മറ്റൊരു പേരുണ്ട് — യു.ഡി.എഫ്. രാഷ്ട്രീയം.
കർണാടകത്തിലേക്ക് പോയാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമാണ്. കോൺഗ്രസ് നേതാക്കളെയും എം.എൽ.എമാരെയും മന്ത്രിമാരെയും സമ്മർദത്തിലാക്കി സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെന്നാണ് അവിടത്തെ കോൺഗ്രസ് നേതാക്കളുടെ പരാതി. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഇതേ ആരോപണം ആവർത്തിക്കുന്നു. എം.എൽ.എമാരും മന്ത്രിമാരും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
കേരളത്തിലേക്ക് എത്തുമ്പോൾ കഥ മാറും. അതിർത്തിയിലെ മുത്തങ്ങ കടന്നതോടെ ഇ.ഡിയുടെ സ്വഭാവത്തിൽ അത്ഭുതകരമായൊരു പരിണാമം സംഭവിക്കും. കർണാടകത്തിൽ രാഷ്ട്രീയ വേട്ട നടത്തുന്ന ഏജൻസി കേരളത്തിലെത്തുമ്പോൾ സത്യാന്വേഷണത്തിന്റെ തിരുവസ്ത്രം ധരിക്കും.
അവിടെ സംശയിക്കണം. ഇവിടെ വിശ്വസിക്കണം. അവിടെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പീഡനം. ഇവിടെ ചോദ്യം ചെയ്യൽ കുറ്റം തെളിഞ്ഞതിന്റെ ആദ്യഘട്ടം. അവിടെ റെയ്ഡ് ജനാധിപത്യത്തിനെതിരായ ആക്രമണം. ഇവിടെ റെയ്ഡ് നടത്തിയാൽ വൈകുന്നേരംതന്നെ ടെലിവിഷനിൽ ശിക്ഷാവിധി. ഇതിലും മനോഹരമായ ഫെഡറലിസം മറ്റെവിടെയുണ്ട്?
ഇ.ഡിക്കും സംസ്ഥാന അതിർത്തിയുണ്ടോ?
ഇ.ഡിയുടെ ഓഫീസിൽ ഇന്ത്യയുടെ ഭൂപടത്തിനൊപ്പം മറ്റൊരു ഭൂപടം കൂടി തൂക്കിയിട്ടുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. അതിൽ കർണാടകത്തിന് മുകളിൽ “രാഷ്ട്രീയ ആയുധം”, കേരളത്തിന് മുകളിൽ “സ്വതന്ത്ര അന്വേഷണ ഏജൻസി” എന്ന് എഴുതിയിട്ടുണ്ടാകണം. അല്ലെങ്കിൽ ഒരേ ഏജൻസിയെക്കുറിച്ച് ഒരേ പാർട്ടിക്ക് 2 സംസ്ഥാനങ്ങളിൽ 2 സിദ്ധാന്തം എങ്ങനെയുണ്ടാകും?
കർണാടകത്തിൽ കോൺഗ്രസ് നേതാവിനെ ഇ.ഡി. വിളിച്ചാൽ കോൺഗ്രസ് പറയും “കേന്ദ്രസർക്കാരിന്റെ പകപോക്കൽ.” കേരളത്തിൽ സി.പി.എം. നേതാവിനെയോ കുടുംബാംഗത്തെയോ ഇ.ഡി. വിളിച്ചാൽ അതേ കോൺഗ്രസ് പറയും “എന്തെങ്കിലും ഇല്ലാതെ ഇ.ഡി. വിളിക്കുമോ?” അതാണ് യഥാർഥ അത്ഭുതം. ഇ.ഡിക്ക് തെളിവുണ്ടോ എന്ന ചോദ്യം പോലും പിന്നെയാണ്. സമൻസ് വന്നോ? മതി. റെയ്ഡ് നടന്നോ? പിന്നെ എന്തിനാണ് കോടതി!
രാവിലെ ‘ജനാധിപത്യവേട്ട’; വൈകിട്ട് ‘നിയമത്തിന്റെ വിജയം’
ബംഗളൂരുവിൽ ഒരു കോൺഗ്രസ് നേതാവ് വാർത്താസമ്മേളനം നടത്തുന്നു “കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ തകർക്കുകയാണ്.” തിരുവനന്തപുരത്ത് അതേ പാർട്ടിയുടെ നേതാവ് ക്യാമറയ്ക്കുമുന്നിൽ “ഇ.ഡി. അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.”
സത്യം പുറത്തുവരുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ ഒരു ചെറിയ ചോദ്യം മാത്രം — ആ സത്യം കർണാടകത്തിലും പുറത്തുവരേണ്ടതല്ലേ? അവിടെ അന്വേഷണം തുടങ്ങിയാൽ അത് രാഷ്ട്രീയവേട്ടയാകുന്നത് എങ്ങനെ? ഇവിടെ തുടങ്ങിയാൽ അത് ധർമയുദ്ധമാകുന്നത് എങ്ങനെ? ഇ.ഡിയുടെ ഡയറക്ടർ പോലും ഇത്ര ആത്മവിശ്വാസത്തോടെ സ്വന്തം ഏജൻസിയെ വിലയിരുത്തുന്നുണ്ടാകില്ല; കേരളത്തിലെ ചില കോൺഗ്രസ്-ലീഗ് വക്താക്കൾക്ക് അതിലും വലിയ ഉറപ്പാണ്. അവർക്ക് കേസ് ഡയറി കാണേണ്ട. കുറ്റപത്രം കാണേണ്ട. കോടതി വിധി വരേണ്ട. ടെലിവിഷൻ സ്ക്രീനിന്റെ താഴെ “BREAKING” എന്നു വന്നാൽ മതി. കുറ്റവും പ്രതിയും ശിക്ഷയും ഒരുമിച്ച് തയ്യാറാകും.
കേരളത്തിലെത്തുമ്പോൾ ഇ.ഡിക്ക് പാപമുക്തി
ഇതിനെ രാഷ്ട്രീയ രസതന്ത്രം എന്നു വിളിക്കാം. ബംഗളൂരുവിൽനിന്ന് പാലക്കാട് അതിർത്തി കടന്നാൽ ഇ.ഡിയുടെ പഴയ പാപങ്ങൾ ഒക്കെ കഴുകിപ്പോകുന്നു. കർണാടകത്തിൽ കേന്ദ്രസർക്കാരിന്റെ വേട്ടപ്പട്ടി. പാലക്കാട് എത്തിയാൽ കുളി. തൃശ്ശൂരിൽ ചന്ദനം. എറണാകുളത്ത് പൂമാല. തിരുവനന്തപുരം എത്തുമ്പോൾ — വിശുദ്ധപശു. ഗോമാതാ എന്നും പറയാം. പിന്നെ ഇ.ഡിക്കെതിരെ ചോദ്യം ചോദിക്കുന്നതുപോലും മഹാപാപം.
“തെളിവെവിടെ?” എന്നു ചോദിച്ചാൽ മറുപടി “ഇ.ഡി. അന്വേഷിക്കുന്നില്ലേ?” “കോടതി എന്തു പറഞ്ഞു?” എന്നു ചോദിച്ചാൽ “അത് പിന്നീട് നോക്കാം.” “കുറ്റം തെളിഞ്ഞോ?” എന്നു ചോദിച്ചാൽ “ഇത്രയും വാർത്ത വന്നില്ലേ?” ഇതാണ് പുതിയ നിയമശാസ്ത്രം.
ലീഗിനും കിട്ടി സൗജന്യ പ്രവേശനപാസ്
ഈ കളിയിൽ കോൺഗ്രസ് ഒറ്റയ്ക്കല്ല. മുസ്ലിം ലീഗിനും നല്ലൊരു സീറ്റ് ഉണ്ട്. ഇ.ഡിയെ തുണയ്ക്കുന്ന കാര്യത്തിൽ ഇവിടെ കോൺഗ്രസുമായി ലീഗ് മത്സരത്തിലാണ്. ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിമർശം ഉയരുമ്പോൾ ലീഗും സാധാരണയായി അതിനൊപ്പം നിൽക്കും. പക്ഷേ കേരളത്തിലെത്തുമ്പോൾ ഇ.ഡി. പ്രസ്താവനകളെക്കുറിച്ചുള്ള ലീഗ് നേതാക്കളുടെയും അണികളുടെയും ആവേശം ചിലപ്പോൾ ബി.ജെ.പി. വക്താക്കൾക്കുപോലും അസൂയയുണ്ടാക്കുന്ന തരത്തിലാകും. അന്വേഷണം നടക്കട്ടെ എന്നത് ഒരു കാര്യം. അന്വേഷണ ഏജൻസി പറയുന്നതെല്ലാം കോടതി വിധിപോലെ ഏറ്റുപിടിക്കുന്നത് വേറെ കാര്യം. ഈ വ്യത്യാസം മനസ്സിലായാൽ മാത്രമേ രാഷ്ട്രീയം വിശ്വാസ്യത നേടൂ.
പ്രശ്നം ഇ.ഡി.യല്ല; നിലപാടിന്റെ ജി.പി.എസാണ്
ഇവിടെ ചോദ്യം ഇ.ഡി. നല്ല ഏജൻസിയാണോ മോശം ഏജൻസിയാണോ എന്നതല്ല. ഒരു അന്വേഷണ ഏജൻസിയുടെ നടപടി തെളിവിന്റെയും നിയമത്തിന്റെയും കോടതിപരിശോധനയുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. അതാണ് ജനാധിപത്യരീതി. പക്ഷേ സ്വന്തം പാർട്ടിക്കെതിരെ അന്വേഷണം വന്നാൽ “രാഷ്ട്രീയ പകപോക്കൽ.” എതിരാളിക്കെതിരെ വന്നാൽ “നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.” ഇതാണ് പ്രശ്നം. ഇവിടെ യു.ഡി.എഫിന്റെ നിലപാടിന് ഒരു ജി.പി.എസ്. ഘടിപ്പിച്ചാൽ അത് ഇങ്ങനെ സംസാരിച്ചേക്കും: “നിങ്ങൾ ഇപ്പോൾ കർണാടകത്തിലാണ്. ഇ.ഡി.യെ വിമർശിക്കുക.” അൽപസമയം കഴിഞ്ഞ്: “കേരളത്തിലേക്ക് സ്വാഗതം. മുമ്പത്തെ നിലപാട് പുനഃക്രമീകരിക്കുന്നു.” അതും വളരെ വേഗത്തിൽ.
ഏജൻസി മാറുന്നില്ല; രാഷ്ട്രീയമാണ് മാറുന്നത്
കർണാടകത്തിലെ ഡി.കെ.ശിവകുമാറിന്റെ ആരോപണം ശരിയോ തെറ്റോ എന്നു തെളിയിക്കേണ്ടത് വസ്തുതകളാണ്. കേരളത്തിലെ ഇ.ഡി. അന്വേഷണവും അങ്ങനെ തന്നെ. ആരോപണം ഏതു പാർട്ടിക്കെതിരെയായാലും ഒരേ മാനദണ്ഡം വേണം. ഇ.ഡി. രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഏജൻസിയാണെങ്കിൽ അത് കർണാടകത്തിൽ മാത്രം അങ്ങനെ ആയിരിക്കില്ല. ഇ.ഡി. പൂർണമായും സ്വതന്ത്രവും വിശ്വാസയോഗ്യവുമായ ഏജൻസിയാണെങ്കിൽ കേരളത്തിൽ മാത്രം അങ്ങനെ ആകുകയും ഇല്ല.
സംസ്ഥാന അതിർത്തി കടക്കുമ്പോൾ ഏജൻസി മാറുന്നില്ല. മാറുന്നത് രാഷ്ട്രീയ സൗകര്യമാണ്. അതുകൊണ്ട് യു.ഡി.എഫിന്റെ പുതിയ മുദ്രാവാക്യം ഇങ്ങനെ എഴുതാം: “കർണാടകത്തിൽ ഇ.ഡിയെ സൂക്ഷിക്കുക. കേരളത്തിൽ ഇ.ഡിയെ പൂജിക്കുക. ” അല്ലെങ്കിൽ അതിലും ചുരുക്കി: “അവിടെ വേട്ടപ്പട്ടി; ഇവിടെ വിശുദ്ധപശു. ” ഇരട്ടത്താപ്പിന് ഇതിലും ലളിതമായ മലയാളം വേറെയുണ്ടോ?







