HomeENTERTAINMENT81 വയസ്സായ ജയ...

81 വയസ്സായ ജയൻ

-

Reading Time: 6 minutes

41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ…
അദ്ദേഹം മരിച്ചിട്ട് 40 വർഷമായി…
എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ…
81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ…
ആ നടന് എന്തോ പ്രത്യേകതയില്ലേ???

ജയൻ (ജൂലൈ 25, 1939 – നവംബർ 16, 1980)

പുതിയ തലമുറയ്ക്ക് ജയനെ പരിചയം മിമിക്രിക്കാരുടെ ട്രോളുകളിലൂടെയാണ്. ആ ട്രോളുകൾ ഹിറ്റായത് എന്തുകൊണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രോളാൻ മാത്രം മേന്മ ജയനുണ്ടായിരുന്നു എന്നതു തന്നെയാണ് കാരണം. ജയന്റെ വേഷവിതാനങ്ങൾ കാണുമ്പോൾ ഇന്ന് ചിരിക്കുന്നവരുണ്ടാകാം. പക്ഷേ, അദ്ദേഹമണിഞ്ഞിരുന്ന എൽവിസ് ബെൽബോട്ടം പാന്റ്സൊക്കെ അക്കാലത്തെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തന്നെയായിരുന്നു. ഇന്നത്തെ നമ്മുടെ അത്യാധുനികമെന്നു കരുതപ്പെടുന്ന വേഷവിതാനങ്ങൾ നാളത്തെ തലമുറയിലും ചിരിയുണർത്തില്ലേ എന്നു ചിന്തിച്ചാൽ മാത്രം മതി അതു ബോദ്ധ്യപ്പെടാൻ. തന്റെ തലമുറയിലെ ഏറ്റവും സ്റ്റൈലിഷായ നടൻ -അതാണ് ജയൻ. ജയനെ അനുകരിക്കാൻ അന്നത്തെ യുവതലമുറ മത്സരിച്ചു. ഇതുപോലെ ആസ്വാദകരിൽ സ്വാധീനം ചെലുത്തിയ മറ്റൊരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല തന്നെ.

ജയൻ തിയേറ്ററിൽ വില്ലന്മാരെ ഇടിച്ചു പപ്പടമാക്കുന്നതു കണ്ട് സീറ്റിലിരുന്ന് ‘ഡിഷ്യൂം ഡിഷ്യൂം’ എന്നു കൈവീശിയ കുട്ടിക്കാലം എനിക്കുണ്ട്. പിന്നീട് കൂട്ടുകാരുമായി കള്ളനും പൊലീസും കളിക്കുമ്പോൾ ആ ‘ഡിഷ്യൂം ഡിഷ്യൂം’ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ചന്തി തല്ലി വീണിട്ടുമുണ്ട്. അതുവരെ ‘ഠപ്പേ ഠപ്പേ’ നാടനടിയിൽ കുടുങ്ങിക്കിടന്നിരുന്ന മലയാള സിനിമാ സംഘട്ടന രംഗങ്ങളെ ‘ഡിഷ്യൂം ഡിഷ്യൂം’ നിലവാരത്തിലേക്കുയർത്തി ജനകീയവത്കരിച്ചത് ജയനാണ്. തീർത്തും ഒരു ആക്ഷൻ സ്റ്റാർ. മലയാളത്തിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ.

കൃത്യമായി പറഞ്ഞാൽ 124 സിനിമകളിലാണ് ജയൻ അഭിനയിച്ചത്. ഇതിൽ പഞ്ചപാണ്ഡവർ പുറത്തിറങ്ങിയില്ല. ജയൻ മരിച്ച ശേഷം അദ്ദേഹത്തിന്റേതായി 10 സിനിമകൾ പുറത്തിറങ്ങിയതും അവയെല്ലാം സൂപ്പർ ഹിറ്റായതും ചരിത്രം! 1980ൽ മരിച്ച ജയന്റെ സിനിമ 1983ലും സൂപ്പർ ഹിറ്റായി. ഒന്നു സങ്കല്പിച്ചു നോക്കൂ!! കഴിഞ്ഞ ദിവസം ഏതോ ചാനലിൽ ശരപഞ്ജരം സിനിമ കണ്ടപ്പോൾ കരുതിയതാണ് ജയനെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്. എങ്ങനെ എന്ന് ഒരു രൂപമില്ലാതെ ഇരിക്കുമ്പോഴാണ് ഇന്നിതാ ജയന്റെ ജന്മദിന പോസ്റ്റർ പ്രളയം. ജയന്റെ 81-ാം പിറന്നാൾ. അതു സൃഷ്ടിച്ച അത്ഭുതത്തിന്റെ ഫലമാണ് ജയനു പിന്നാലെയുള്ള എന്റെയീ അക്ഷരപ്രയാണം.

ശരപഞ്ജരം എന്ന സിനിമയെ പരിചയപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാവില്ല. തുള്ളിത്തുളുമ്പുന്ന മാംസപേശികൾ പ്രകടിപ്പിച്ച് കുതിരയെ ഉഴിയുന്ന സീനുള്ള ആ സിനിമയില്ലേ, അതു തന്നെ. കേന്ദ്ര കഥാപാത്രം ജയനാണെങ്കിലും ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമയിൽ ജയൻ യഥാർത്ഥത്തിൽ വില്ലനാണ്. ബാസിഗറിൽ ഷാരൂഖ് ഖാൻ നായക-വില്ലൻ ആവുന്നതിനു മുമ്പു തന്നെ മലയാളത്തിൽ ജയൻ അത്തരം വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നു സാരം. ഇപ്പോഴത്തെ തലമുറയിൽ എത്രപേർക്കറിയാം ഇത്? തന്റെ കാലഘട്ടത്തില്‍ പൗരുഷത്തിന്റെ പ്രതീകമായിരുന്നു ജയൻ.

നായകനെന്നോ വില്ലനെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം നല്ല വേഷങ്ങൾ സ്വീകരിച്ചു. അഭിനയിക്കാൻ വകുപ്പുണ്ടാവണം എന്നതു മാത്രമായിരുന്നു വേഷങ്ങൾ സ്വീകരിക്കാനുള്ള ജയന്റെ മാനദണ്ഡം. ഇന്ന് മിമിക്രിക്കാർ അനുകരിച്ചു വികലമാക്കിയെങ്കിലും തന്റേതായ ഒരു അഭിനയശൈലി അദ്ദേഹം വാർത്തെടുത്തു. അതിസങ്കീർണ്ണമായ സംഘട്ടന രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം പരിഗണിക്കാതെ അഭിനയിക്കാനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും സാധിച്ചതാണ് ജയനെ യുവാക്കളുടെ ഹരമാക്കി മാറ്റിയത്. 1970കളുടെ രണ്ടാം പകുതിയിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനും മലയാളത്തിലെ ആദ്യ ആക്ഷൻ ഹിറോയുമൊക്കെ ആയി ജയൻ മാറി.

നാവിക സേനയിൽ മാസ്റ്റർ ചീഫ് പെറ്റി ഓഫീസറായിരുന്ന കൊല്ലം സ്വദേശി കൃഷ്ണൻ നായരാണ് പിൽക്കാലത്ത് മലയാള സിനിമയിലെ താരരാജാവ് ജയനായി മാറിയത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 41-ാം വയസ്സിൽ അദ്ദേഹം ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞു. 1980 നവംബർ 16ന് ചെന്നൈയ്ക്കടുത്ത ഷോളവരത്ത് പി.എൻ.സുന്ദത്തിന്റെ സംവിധാനത്തിൽ കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. ഒരു മോട്ടോർ സൈക്കിളിൽ നിന്ന് ഹെലികോപ്റ്ററിലേക്കു തൂങ്ങിക്കയറുന്ന ആ രംഗം ആദ്യ മൂന്നു ഷോട്ടുകൾ ഓക്കെ ആയിരുന്നുവെങ്കിലും ജയൻ തൃപ്തനായില്ല. ഒന്നുകൂടി നോക്കാം എന്നു പറഞ്ഞത് അദ്ദേഹം തന്നെയാണ്. ആ റീ-ടേക്കിൽ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തകരുകയും ചെയ്തു. കോപ്റ്ററിന്റെ ലാൻഡിങ് സ്കിഡിൽ തൂങ്ങിക്കിടക്കുകയായിരുന്ന ജയന് ഗുരുതരമായി പരിക്കേറ്റു. കാൽമുട്ട് രണ്ടും തകർന്നുപോയി. തല തറയിലടിച്ച് തലച്ചോറിനും സാരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് ചെന്നൈ ജനറൽ ആസ്പത്രിയിൽ അന്ത്യശ്വാസം വലിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ബാലൻ കെ.നായരുടെ കാലും കൈയുമൊടിഞ്ഞു. എന്നാൽ പൈലറ്റ് സമ്പത്ത് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് ഈ അപകടം സംബന്ധിച്ച് ഗൂഢാലോചനാ സിദ്ധാന്തമൊക്കെ ഉയർന്നുവരുന്നതിനു കാരണമായി. പിന്നീടത് കെട്ടടങ്ങി.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് മാധവവിലാസം മാധവൻ പിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും മകനായി കൃഷ്ണൻ നായർ ജനിച്ചത്. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു മാധവൻ പിള്ള. അദ്ദേഹം നാട്ടിൽ സത്രം മാധവൻ പിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലായിരുന്നു കൃഷ്ണൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂളിലെത്തി. പഠനത്തിലും കലാകായികരംഗങ്ങളിലും മിടുക്കനായിരുന്നു അദ്ദേഹം. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പിന്നീടുള്ള 16 വർഷം നാവിക സേവനം. അതിനാൽ പഠനം പത്താം തരത്തിൽ അവസാനിച്ചു.

ജയന്റെ ജന്മസ്ഥലമായ കൊല്ലം ഓലയിലിലെ സ്മാരകം

നേവിയിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ വിവിധ പരിപാടികളുമായി അനുബന്ധിച്ചു സംഘടിപ്പിക്കുന്ന നാടകങ്ങളിൽ കൃഷ്ണൻ നായർ സ്ഥിരം അഭിനേതാവായി. അവിടെ കൂട്ടുകാരിലും സഹപ്രവർത്തകരിലും നിന്നു ലഭിച്ച പ്രോത്സാഹനം സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ അദ്ദേഹത്തിന് ധൈര്യമേകി. അതിന്റെ ഭാഗമായി ചില സിനിമകളിലൊക്കെ കൃഷ്ണൻ നായർ മുഖം കാണിച്ചിരുന്നു. നേവിയിൽ നിന്ന് അവധിക്കെത്തുമ്പോഴായിരുന്നു ഈ സിനിമാപരീക്ഷണങ്ങൾ. 1972ൽ വന്ന പോസ്റ്റ്മാനെ കാണ്മാനില്ല എന്നതായിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. പിന്നയും കുറെ ചെറിയ വേഷങ്ങൾ.

നാവിക ജീവിത അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം കൊച്ചിയിൽ എന്തെങ്കിലും ജീവിതമാർഗ്ഗം തട്ടിക്കൂട്ടാനുള്ള ശ്രമത്തിലായിരുന്നു കൃഷ്ണൻ നായർ. കൊച്ചിൻ ടൂറിസ്റ്റ് ഹോമായിരുന്നു സ്ഥിരം താമസകേന്ദ്രം. അവിടെ നടൻ ജോസ് പ്രകാശിന്റെ മകൻ രാജൻ പ്രകാശുമായി പരിചയപ്പെട്ടു. ആ ബന്ധമാണ് ശാപമോക്ഷത്തിലേക്കു വഴിതുറന്നത്. കൃഷ്ണൻ നായരുടെ അമ്മാവന്റെ മകളായിരുന്നു പ്രശസ്ത നടി ജയഭാരതി. അവരും സിനിമാരംഗത്തു പിന്തുണ നൽകി. കൃഷ്ണൻ നായർക്ക് ജേതാവ് എന്നർത്ഥം വരുന്ന ‘ജയൻ’ എന്ന പേര് സമ്മാനിച്ചത് ജോസ് പ്രകാശാണ്, ശാപമോക്ഷത്തിന്റെ സെറ്റിൽ. അങ്ങനെ 1974ൽ വന്ന ശാപമോക്ഷം ജയന്റെ ആദ്യ സിനിമയായി!

ശാപമോക്ഷത്തിനു ശേഷം ചെറിയ വേഷങ്ങൾ ജയനെ തേടിയെത്തിത്തുടങ്ങി. അരങ്ങേറി രണ്ടു വർഷത്തിനു ശേഷം 1976ൽ പുറത്തിറങ്ങിയ പഞ്ചമിയിലെ ഫോറസ്റ്റ് റേഞ്ചറുടെ വില്ലൻ വേഷം ജയനെ ശ്രദ്ധേയനാക്കി. ജയന്റെ ശരീരസൗന്ദര്യം ആദ്യമായി ശ്രദ്ധിക്കപ്പെട്ടതും ആ സിനിമയിലാണ്. 1978ൽ പുറത്തിറങ്ങിയ തച്ചോളി അമ്പുവിലായിരുന്നു ശ്രദ്ധ നേടിയ അടുത്ത വേഷം. ആ വർഷം തന്നെ ശ്രീകുമാരൻ തമ്പിയുടെ ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ അഭിനയം നിരൂപകപ്രശംസ പിടിച്ചുപറ്റി. പക്ഷേ, ശരപഞ്ജരത്തിലെ കുതിരക്കാരനായ ചന്ദ്രശേഖരൻ എന്ന നായക-വില്ലനാണ് ജയനെ സൂപ്പർ സ്റ്റാറാക്കിയത്.

മലയാളം സിനിമയിൽ അന്നുവരെയുള്ള എല്ലാ ബോക്സോഫീസ് റെക്കോഡുകളും തകർത്ത ശരപഞ്ജരം 1979ൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമയായി. ഐ.വി.ശശിയുടെ സംവിധാനത്തിൽ 1980ൽ പുറത്തുവന്ന അങ്ങാടി ജയന്റെ സൂപ്പർതാര പദവി അരക്കിട്ടുറപ്പിച്ചു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഈ ചിത്രവും മുൻകാല കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ചു. അഭ്യസ്ഥവിദ്യനായ കൂലിയുടെ രൂപത്തിലെത്തിയ ജയന്റെ ഇംഗ്ലീഷ് ഡയലോഗുകൾ കേട്ട് ഇംഗ്ലീഷറിയാത്തവർ പോലും മതിമറന്നു കൈയടിച്ചു. ഈ ഡയലോഗുകൾ ഇന്നും മലയാളി ഉരുവിട്ടുകൊണ്ടിരിക്കുന്നു.

അഭിനയത്തിലെ പ്രത്യേക ശൈലിയിലൂടെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയൻ തന്റേതായ മുദ്ര പതിപ്പിച്ചു. ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിന്റെ ഭാഗമായപ്പോൾ അത് ജയൻ സ്റ്റൈലായി. ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ കണ്ണാടിപ്പാളികൾ തകർത്തു മുന്നേറാനോ വലിയ ഉയരത്തിൽ നിന്നു താഴേക്കു ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ഈ സാഹസികത പ്രയോജനപ്പെടുത്താൻ മത്സരിച്ച സംവിധായകർ ജയനുവേണ്ടി മലയാള സിനിമ അതുവരെ പിന്തുടർന്നിരുന്ന കഥാഗതി തിരുത്തിയെഴുതി.

മനുഷ്യമൃഗം, ആവേശം എന്നി ചിത്രങ്ങൾ ജയൻ ഇരട്ടവേഷങ്ങളിലെത്തി. ജയൻ അനേകം ബഹുതാര ചിത്രങ്ങളിലും വേഷം ചെയ്തു -അവസാനം അഭിനയിച്ച കോളിളക്കം ഉൾപ്പടെ. പ്രേം നസീറിനൊപ്പമായിരുന്നു ജയന്റെ ബഹുതാര ചിത്രങ്ങളിലേറെയും. നായാട്ട്, ലവ് ഇൻ സിംഗപ്പൂർ, ചന്ദ്രഹാസം, തച്ചോളി അമ്പു, കണ്ണപ്പനുണ്ണി, പാലാട്ട് കുഞ്ഞിക്കണ്ണൻ, മാമാങ്കം, പ്രഭു, ഇരുമ്പഴികൾ തുടങ്ങിയ നസീർ -ജയൻ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി. ആ കാലത്തെ പ്രധാന നടന്മാരായ സോമൻ, സുകുമാരൻ, മധു എന്നിവരും ജയന്റെ സഹതാരങ്ങളായി. നസീറും ജയനും അടുത്ത സുഹൃത്തുക്കളായിരുന്നു. നായാട്ട് എന്ന സിനിമയിൽ സൂപ്പർ സ്റ്റാറായ നസീർ ജയന്റെ സഹനടനായി എത്തിയത് ആ സൗഹൃദത്തിന്റെ പേരിലാണ്. ജയൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈയിൽ നിന്നു നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതും നസീർ മുൻകൈയെടുത്തു തന്നെ. ജയന്റെ അടുപ്പക്കാരായി നടിച്ചിരുന്ന പലരും പിൻവലിഞ്ഞു നിന്നപ്പോഴാണ് നസീർ ഈ ചുമതലയേറ്റതെന്ന് പ്രത്യേകമോർക്കണം.

ശരപഞ്ജരം, അങ്ങാടി, വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം എന്നിവയാണ് ജയന്റെ മികച്ച ചിത്രങ്ങളായി കണക്കാക്കപ്പെടുന്നത്. ഇതിൽ അങ്ങാടിയിലെ വിദ്യാസമ്പന്നനായ കൂലി ബാബു തന്നെയാണ് ഏറ്റവും ജനപ്രിയ കഥാപാത്രം. ഏതോ ഒരു സ്വപ്നത്തിലെ സംന്യാസി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു എന്നിവയിലെ സഹനട വേഷങ്ങൾ, പഞ്ചമിയിലെ വില്ലൻ റേഞ്ചർ, കാന്തവലയത്തിലെ ബലാൽസംഗ വീരൻ എന്നിവയും ശ്രദ്ധേയ വേഷങ്ങൾ തന്നെ. ഇടിമുഴക്കം, ഇത്തിക്കര പക്കി, മാമാങ്കം, കരിമ്പന, അറിയപ്പെടാത്ത രഹസ്യം, കഴുകൻ, ചാകര എന്നിവയും ജയന്റെ ജനപ്രിയ വേഷങ്ങളാണ്.

ചെറിയ വില്ലൻ വേഷങ്ങളിൽ നിന്നു പ്രധാന വില്ലൻ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ശരപഞ്ജരം തന്നെയാണ് അദ്ദേഹത്തിനു പ്രധാന വേഷം നൽകിയ ആദ്യ ചിത്രം. 1974 മുതൽ 1980 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് പൂട്ടാത്ത പൂട്ടുകൾ എന്ന തമിഴ് ചിത്രമുൾപ്പെടെ 124 ചിത്രങ്ങളിൽ ജയൻ വേഷമിട്ടു എന്നത് ചെറിയ കാര്യമല്ല. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ മഹാഭൂരിപക്ഷം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. സാഹസികതയെ പ്രണയിച്ച ഈ നടൻ കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം തീർത്തത്. മറ്റു നടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു.

പുതിയ വെളിച്ചത്തിൽ അതിവേഗത്തിലോടുന്ന ചരക്കുതീവണ്ടിയിൽ ജയൻ ചാടിക്കയറുന്നതും ചാടിയിറങ്ങുന്നതും കണ്ട് ജനം അന്തംവിട്ടു. ആവേശത്തിന്റെ ക്ലൈമാക്സ് സീനിൽ ഒരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ അപകടകരമായ ഹൊഗ്ഗനയ്ക്കൽ വെള്ളച്ചാട്ടത്തിലൂടെ നീന്തി അത്ഭുതപ്പെടുത്തി. ശരപഞ്ജരവും തടവറയും ജയന്റെ അതിശയിപ്പിക്കുന്ന അശ്വാഭ്യാസ മികവ് പ്രകടമാക്കി. വന്യമൃഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളാൽ സമ്പുഷ്ടമായിരുന്നു മാമാങ്കം. അറിയപ്പെടാത്ത രഹസ്യത്തിൽ പോരാട്ടം ആനയുമായിട്ടായി. ജയൻ ഒരു ബുള്ളറ്റിൽ പാഞ്ഞു വന്ന് മതിൽക്കെട്ട് ഇടിച്ചുതകർക്കുന്നതും ഉയരത്തിൽ വലിച്ചുകെട്ടിയ കയറിൽ തൂങ്ങിയാടുന്നതുമെല്ലാം മൂർഖനിൽ കണ്ടു. ചന്ദ്രഹാസത്തിൽ കപ്പൽ ക്രെയ്നിൽ 200 മീറ്റർ ഉയരത്തിൽ തൂങ്ങിയാടുന്നതാണ് ജയന്റെ ഏറ്റവും പ്രശസ്തമായ സംഘട്ടനരംഗം. അതിരുകടന്ന സാഹസികത തന്നെയാണ് ഒടുവിൽ ഈ നടന്റെ ജീവനെടുത്തത്.

ജയൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ പൂർത്തിയായ ചിത്രങ്ങളിൽ ശബ്ദം കൊടുക്കാനുള്ള ഉത്തരവാദിത്വം മിമിക്രി താരമായ ആലപ്പി അഷ്റഫിനായിരുന്നു. അഷ്റഫിന്റെ ശബ്ദബലത്തിൽ ജയൻ മരണത്തിനു ശേഷം മൂന്നു വർഷത്തോളം മലയാള സിനിമ വാണു. 1981ൽ തടവറ, കോളിളക്കം, ആക്രമണം, അഭിനയം, അഗ്നിശരം, സഞ്ചാരി, അറിയപ്പെടാത്ത രഹസ്യം, 1982ൽ കോമരം, എന്റെ ശത്രുക്കൾ, 1983ൽ അഹങ്കാരം എന്നിവ ജയന്റെ മരണശേഷം പുറത്തുവന്ന ജയൻ ചിത്രങ്ങളാണ്. എന്തായാലും മലയാളത്തിലെ ഏറ്റവുമധികം വിജയശരാശരിയുള്ള സൂപ്പർതാരം ജയനാണെന്നു പറയാതെ വയ്യ. അദ്ദേഹം അഭിനയിച്ച 90 ശതമാനം സിനിമകളും വൻ ഹിറ്റുകളായിരുന്നു. 1979, 1980, 1981 വർഷങ്ങൾ മലയാള സിനിമയിലെ ജയൻ വർഷങ്ങളാണ്. 1979ൽ ശരപഞ്ജരം, 1980ൽ അങ്ങാടി, 1981ൽ കോളിളക്കം -വർഷത്തിൽ ജയന്റേതായി വന്ന ഏറ്റവും വലിയ കാശുവാരിപ്പടങ്ങൾ.

ജയൻ അഭിനയിച്ചിട്ട് പുറത്തിറങ്ങാത്ത ഒരു സിനിമയുണ്ട് -പഞ്ചപാണ്ഡവർ. 40 വർഷമായി അത് ചെന്നൈ പ്രസാദ് കളർ ലാബിലെ പെട്ടിയിലുറങ്ങുകയാണ്. സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ എ.നടരാജന്റെ നടരാജ അസോഷ്യേറ്റ്സും വിതരണക്കാരായ സഫയർ ഫിലിംസും തമ്മിലുള്ള നിയമപോരാട്ടമാണ് കാരണം. സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ ഈ ചിത്രം റിലീസ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഇന്നും ഫിലിം പെട്ടിയിലാണ്. മുംബൈയിൽ ചിത്രീകരിച്ച വളരെ ശ്രദ്ധേയമായ ബൈക്ക് റേസിങ്ങും അതിവേഗ സ്റ്റണ്ടുകളുമുള്ള ഈ സിനിമ എന്നെങ്കിലും വെളിച്ചം കാണുമെന്നു തന്നെയാണ് ജയൻ ആരാധകർ വിശ്വസിക്കുന്നത്.

പഞ്ചപാണ്ഡവർ ഗ്രാമഫോൺ റെക്കോഡ് കവർ

ജയൻ എന്ന സാഹസികനായ നടനൊപ്പം നിഴൽ പോലെ മരണം എന്നുമുണ്ടായിരുന്നു. ജയനെ കീഴ്പ്പെടുത്തുന്നതിൽ മരണം വിജയിക്കാതിരുന്നുവെങ്കിൽ മലയാള സിനിമയുടെ ചരിത്രം തന്നെ മറ്റൊന്നായിപ്പോയേനേ. ജയൻ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ വലിപ്പത്തിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഉണ്ടാവുമായിരുന്നോ എന്നതു പോലും സംശയമാണ്. അതിനാൽത്തന്നെ ജയൻ ഓർമ്മിക്കപ്പെടുന്നത് അദ്ദേഹം ചെയ്ത വേഷങ്ങളെക്കാൾ ചെയ്യാതെ പോയ വേഷങ്ങളുടെ പേരിലാണ്. അത്രയും വലിയ വിജയമായിരുന്നു ജയൻ -ജോസ് പ്രകാശിട്ട പേര് അന്വർത്ഥമാക്കിയ ജേതാവ്. പക്ഷേ, ജയനെ കൂട്ടിക്കൊണ്ടുപോയി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മരണത്തിന് ജയിക്കാനായിട്ടില്ല. ആരാധകഹൃദയങ്ങളിലെ കെടാത്ത സാന്നിദ്ധ്യമായി ജയൻ മരണത്തെ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. മരിച്ച് 40 വർഷം പിന്നിടുമ്പോഴും ജനമനസ്സുകളിൽ പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി സ്ഥാനം നിലനിർത്താനാവുന്നത് ഒരു പക്ഷേ, ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാദ്ധ്യമായ അപൂർവ്വതയാണ്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks