Reading Time: 3 minutes

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആവേശം ഉച്ചസ്ഥായിയിലാണ്. ഒപ്പം ചില ആകുലതകളും ഉയരുന്നു. സിനിമകളെല്ലാം നിറഞ്ഞ സദസ്സിലാണ് പ്രദർശനം. 100 ശതമാനം പ്രവേശനവും റിസര്‍വേഷൻ വഴിയാണ്. ഈ റിസർവേഷൻ തന്നെയാണ് ആകുലതയ്ക്കുള്ള പ്രധാന കാരണം. സിനിമകൾക്ക് റിസർവ് ചെയ്യാൻ സാധിക്കുന്നില്ല, ഇഷ്ടമുള്ള സിനിമ കാണാൻ സാധിക്കുന്നില്ല എന്നാണ് പ്രധാന പരാതി. ചിലയിടത്തെങ്കിലും റിസർവ് ചെയ്തവരെ മറികടന്ന് റിസർവ് ചെയ്യാത്തവർ പ്രവേശനം തരപ്പെടുത്തുന്നുണ്ട്, കൈയൂക്ക് വഴി. ഇതിൻറെയെല്ലാം പഴി സംഘാടകർ കേൾക്കുന്നുണ്ട്. ചിലരൊക്കെ വികാരവിക്ഷോഭങ്ങൾ കാര്യമായി തന്നെ പ്രകടിപ്പിക്കുന്നുമുണ്ട്.

റിസർവേഷനിൽ എന്താണ് പ്രശ്നം? നിജസ്ഥിതി പരിശോധിച്ചേ മതിയാകൂ. ഓരോ ദിവസവും രാവിലെ 8 മണിക്കു തുടങ്ങുന്ന റിസർവേഷൻ വെറും 2 മിനിറ്റിനകം പൂർത്തിയാവുന്നു എന്നതാണ് പൊതുപരാതി. സാങ്കേതികത്തകരാറു നിമിത്തം റിസർവേഷൻ സാധിക്കുന്നില്ല എന്നു വേറൊരു പരാതി. വിദ്യാർത്ഥികളും ചെറുപ്പക്കാരും വേഗത്തിൽ റിസർവ് ചെയ്യുന്നതിനാൽ തങ്ങൾ പുറന്തള്ളപ്പെടുന്നു എന്ന് മുതിർന്ന പൗരന്മാർക്ക് പരാതി. മേളയുടെ ആദ്യ ദിനവും അവസാന ദിനവും റിസർവേഷൻ ഇല്ല. ഡിസംബർ 9, 16 തീയതികളിൽ റിസർവേഷൻ ഇല്ല എന്നർത്ഥം. നിശാഗന്ധിയിലെ പ്രവേശനത്തിനും റിസർവേഷൻ ആവശ്യമില്ല.

ഡിസംബർ 10 മുതലാണ് ചലച്ചിത്രമേളയിലെ റിസർവേഷൻ പ്രക്രിയ ആരംഭിച്ചത്. റിസർവേഷൻ സംബന്ധിച്ച പരാതികളിലെ നിജസ്ഥിതി പരിശോധിച്ചു ബോദ്ധ്യപ്പെടുന്നതിന് 10, 11, 12 തീയതികളിലെ കണക്കുകൾ പരതിയെടുത്തു. ഒരാൾക്ക് ഒരു ദിവസം 3 സിനിമകൾക്കാണ് സീറ്റ് റിസർവ് ചെയ്യാനാവുക. ഇതനുസരിച്ച് ഡിസംബർ 10നു നടന്ന പ്രദർശനങ്ങളിൽ 19974 സീറ്റുകളിലേക്കു റിസർവേഷൻ വന്നു. 11ന് വന്നത് 20845 സീറ്റുകളിലേക്ക്. 12നാകട്ടെ 20799 സീറ്റുകളിലേക്കും. അപ്പോൾ റിസർവേഷൻ നടക്കുന്നില്ല എന്ന വാദം ശരിയല്ല.

റിസർവ് ചെയ്തവരൊക്കെ കൃത്യമായി സിനിമ കാണുന്നുണ്ടോ? അവിടെയാണ് പ്രശ്നം. റിസർവ് ചെയ്യാൻ കാണിക്കുന്ന ആവേശം സിനിമ കാണുന്നതിൽ പ്രകടമാവുന്നില്ല. റിസർവ് ചെയ്യപ്പെടുന്ന സീറ്റുകളിൽ പകുതിയിൽ താഴെ മാത്രമേ ആളുകൾ എത്തുന്നുള്ളൂ. 10ന് വന്നത് വെറും 9797 പേർ! 11ന് വന്നത് 10341 പേർ!! 12ന് വന്നത് 9638 പേർ!!! പക്ഷേ, എല്ലായിടത്തും വൻ തിരക്കാണു താനും. അതെങ്ങനെ സംഭവിക്കുന്നു? റിസർവ് ചെയ്യുന്നവർ അതുപേക്ഷിച്ച് മറ്റു സിനിമകൾക്ക് കയറാൻ ശ്രമിക്കുന്നു. സ്വാഭാവികമായും തിക്കും തിരക്കുമുണ്ടാവുന്നു. കൈയൂക്കുള്ളവൻ കാര്യം നേടുന്നു. പരാതികൾ പ്രവഹിക്കുന്നു.

നൻപകൽ നേരത്ത് മയക്കത്തിൻറെ ആദ്യ പ്രദർശനം ടാഗോർ തിയേറ്ററിൽ അരങ്ങേറിയപ്പോൾ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച നൻപകൽ നേരത്ത് മയക്കമാണ് പരാതിക്ക് പ്രധാന കാരണമായ സിനിമ. ടാഗോർ തിയേറ്ററിൽ 12ന് ഉച്ചയ്ക്ക് 3.30നായിരുന്നു ചിത്രത്തിൻറെ ആദ്യ പ്രദർശനം. രാവിലെ 10 മുതൽ തന്നെ അവിടെ ആളുകൾ വരി നിന്നു തുടങ്ങി, റിസർവ് ചെയ്തവർ മാത്രമല്ല ചെയ്യാത്തവരും. ഒടുവിൽ സിനിമ തുടങ്ങാറായപ്പോൾ വൻ തിക്കും തിരക്കുമായി. റിസർവ് ചെയ്ത് വരി നിന്നവരെ പിന്നിലേക്കു തള്ളിമാറ്റി റിസർവ് ചെയ്യാതെ വരി നിന്നവർ അകത്തുകയറി. ഈ ചിത്രത്തിൻറെ രണ്ടാം പ്രദർശനം 13ന് ഏരീസ് പ്ലെക്സിൽ നടന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉച്ചയ്ക്ക് 12നുള്ള ഷോയ്ക്ക് രാവിലെ 6 മുതൽ വരി രൂപപ്പെട്ടു. ഒടുവിൽ വൻ തിരക്കായി.

നൻപകൽ നേരത്ത് മയക്കത്തിൻറെ രണ്ടാം പ്രദർശനത്തിനു മുന്നോടിയായി ഏരീസ് പ്ലെക്സിനു മുന്നിൽ രൂപമെടുത്ത നീണ്ട നിര

റിസർവ് ചെയ്തവർ എത്താത്തിടത്ത് റിസർവ് ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ആ നിലയിൽ ഓരോ ദിവസവും 7000ലേറെ സീറ്റുകളിലേക്ക് ആളെത്തുന്നുണ്ട്. ഡിസംബർ 10ന് റിസർവ് ചെയ്യാത്ത 7186 പേരും 11ന് 7295 പേരും 12ന് 7006 പേരും തിയേറ്ററിനകത്തു കടന്നിരുന്ന് സിനിമ കണ്ടു. എന്നിട്ടും ആകെ റിസർവേഷൻ ചെയ്യപ്പെട്ടതിൻറെ അത്രയും സീറ്റുകളിൽ ആളെത്തിയില്ല. 10ന് 19974ൽ 16983, 11ന് 20845ൽ 17536, 12ന് 20799ൽ 16644!! അപ്പോൾ റിസർവേഷൻ സംവിധാനം കാരണം സിനിമ കാണാനാവാതെ പോകുന്നു എന്ന വാദം നിലനിൽക്കുന്നില്ല.

ചെറുപ്പക്കാർ എല്ലാ സീറ്റുകളും കൈയടക്കുന്നു എന്ന ആക്ഷേപം കൂടി നോക്കണം. ആകെ 13000 ഡെലിഗേറ്റ് പാസുകൾ ഇത്തവണ വിതരണം ചെയ്തതിൽ 3500 മാത്രമാണ് വിദ്യാർത്ഥികൾ. ഈ 3500 പേർ മുഴുവൻ സീറ്റുകളും കൈയടക്കുന്നു എന്നു പറയുന്നത് ശരിയാവില്ലല്ലോ. ഡിസംബർ 10ന് 5180 സീറ്റുകളും 11ന് 5166 സീറ്റുകളും 12ന് 5012 സീറ്റുകളുമാണ് വിദ്യാർത്ഥികൾ റിസർവ് ചെയ്തത്. മുതിർന്ന പൗരന്മാരും റിസർവ് ചെയ്യുന്നുണ്ട് -10ന് 1014, 11ന് 1043, 12ന് 1217 എന്ന തോതിൽ. മറ്റു പ്രതിനിധികൾ 10ന് 12668, 11ന് 13205, 12ന് 13149 എന്നിങ്ങനെയാണ് സീറ്റ് റിസർവേഷൻ.

ഈ കണക്കുകൾ അത്ര ലാഘവബുദ്ധിയോടെ കാണേണ്ടതല്ല. ഒരാൾ റിസർവേഷനിലൂടെ സീറ്റ് ഉറപ്പാക്കുമ്പോൾ മറ്റൊരാളുടെ അവസരം ഇല്ലാതാക്കിയിട്ടാണ് അതു ചെയ്യുന്നത്. അങ്ങനെ പിടിച്ചുവാങ്ങുന്ന അവസരം പ്രയോജനപ്പെടുത്താതെ പോകുകയാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടണം. ഇത്തരത്തിൽ റിസർവ് ചെയ്തിട്ട് ആ സിനിമയ്ക്കു പോകാതിരിക്കുന്നവരുടെ റിസർവേഷൻ സൗകര്യം അടുത്ത ദിവസം ബ്ലോക്ക് ചെയ്യണം. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം തുറന്നുകൊടുക്കാം. അങ്ങനെ വരുമ്പോൾ റിസർവ് ചെയ്യുന്ന സിനിമ തന്നെ കാണാൻ കൃത്യമായി ആളെത്തും. അല്ലെങ്കിൽ അനാവശ്യ റിസർവേഷൻ ചെയ്യാതിരിക്കും. എന്തായാലും തിയേറ്ററുകളിൽ ഇപ്പോഴുള്ള പ്രശ്നം ഒഴിവാക്കാം.

ഒരു ചലച്ചിത്രമേളയുടെ വിജയം സംഘാടകരുടെ മാത്രം മികവുകൊണ്ട് സാദ്ധ്യമാവുന്നതല്ല. അതിൽ പങ്കാളികളാവുന്നർക്കും വലിയ പങ്കു വഹിക്കാനുണ്ട്. കൂടുതൽ പേർക്ക് ആയാസരഹിതമായി സിനിമ കാണുന്നതിന് ഏർപ്പെടുത്തിയ റിസർവേഷൻ സംവിധാനത്തെ ഡെലിഗേറ്റുകളിൽ പകുതിയോളം ലാഘവബുദ്ധിയോടെ സമീപിക്കുന്നത് പ്രശ്നങ്ങൾക്കു കാരണമാകുന്നു. പ്രതിനിധികൾ കുറച്ചുകൂടി ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചാൽ പരിഹരിക്കാവുന്ന ആകുലതകളേ ഇപ്പോൾ ചലച്ചിത്രമേളയിലുള്ളൂ എന്നു സാരം.

Previous articleതമസ്കരിക്കപ്പെടാൻ വിധിക്കപ്പെട്ടവർ
Next articleകടലാസ് പുലി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here