HomeGOVERNANCEകേരളത്തെ കേള്...

കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍

-

Reading Time: 3 minutes

കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -“അതിരുകളില്ലാത്ത പഠനം” എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം. പങ്കെടുത്തവരെല്ലാം ആഗോള തലത്തില്‍ പ്രഗത്ഭര്‍.

പങ്കെടുത്തവര്‍

    • ഡോ.വിശാഖ കെ.കുമാര്‍ (സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍)
    • ഡോ.രാഹുല്‍ കശ്യപ് (അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് അനസ്തേഷ്യോളജി, മയോ ക്ലിനിക്ക്)
    • പ്രൊഫ.ജോസഫ് നാറ്റ്സ് (ഡെപ്യൂട്ടി ചീഫ് ഓഫ് ക്രിട്ടിക്കല്‍ കെയര്‍, എം.ഡി.ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്റര്‍)
    • ജൊവാന്‍ ബോര്‍ജന്‍ (ക്ലിനിക്കല്‍ ഫാര്‍മസി സ്പെഷലിസ്റ്റ്, എം.ഡി.ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്റര്‍)
    • ഡോ.അബ്ദു ഷര്‍ക്കാവി (അസിസ്റ്റന്റ് പ്രൊഫസര്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് യൂണിവേഴ്സിറ്റി ഒഫ് ടൊറന്റോ, യു.എച്ച്.എന്‍.)
    • ഡോ.കെ.ആര്‍.രാമനാഥന്‍ (ഡയറക്ടര്‍, ഐ.സി.യു. ഫെല്ലോഷിപ്പ് പ്രോഗ്രാം, നാഷണല്‍ യൂണിവേഴ്സിറ്റ് ഹാര്‍ട്ട് സെന്റര്‍, സിംഗപ്പോര്‍)
    • പ്രൊഫ.പരമേശ്വരന്‍ ഹരി (ചീഫ് ഓഫ് ഹെമറ്റോളജി മെഡിക്കല്‍ കോളേജ്, വിസ്കോന്‍സിന്‍)
    • പ്രൊഫ. നിക്കോള കൊപ്പോള (പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്, യൂണിവേഴ്സിറ്റി ഓഫ് കമ്പാന്യ, ഇറ്റലി)
    • ഡോ.വിനോദ് രവി (ക്ലിനിക്കല്‍ മെഡിക്കല്‍ ഡയറക്ടര്‍, ഡിപാര്‍ട്ട്മെന്റ് ഓഫ് ജിനോമിക് മെഡിസിന്‍, എം.ഡി.ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്റര്‍)
    • ഡോ.എരിന്‍ വുള്‍ഫ്ഡേല്‍ (റൂമറ്റോളജി ആന്‍ഡ് പള്‍മണറി ക്രിട്ടിക്കല്‍, വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി)

ചര്‍ച്ച നിയന്ത്രിച്ചത്

    • ഡോ. നൈജില്‍ ഹാറൂണ്‍ (ക്ലിനിക്കല്‍ ഇമ്മ്യൂണളോജിസ്റ്റ് ആന്‍ഡ് റൂമറ്റോളജിസ്റ്റ്, യു.എച്ച്.എന്‍. / അസോഷ്യേറ്റ് പ്രൊഫസര്‍, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ)

ഈ സമ്മേളനം ഉദ്ഘാടനം ചെയ്തതും മുഖ്യപ്രഭാഷണം നടത്തിയതും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വിഷയം “The Successful Kerala Model”. കേരള മാതൃകയുടെ വിജയവഴിയെക്കുറിച്ച് ലോകം കാതോര്‍ക്കുന്നു. അതിനാല്‍ത്തന്നെ മുഖ്യമന്ത്രി വിശദമായിത്തന്നെ സംസാരിച്ചു.

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ശക്തിയാണ് കോവിഡ്-19 വ്യാപനം തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകം. സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു പോലെ ഊന്നല്‍ നല്‍കുന്ന കേരളത്തിന്‍റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനമാണ് ഉയര്‍ന്ന മാനവവികസന സൂചികകള്‍ നേടാന്‍ കേരളത്തെ സഹായിച്ചത്.

രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളില്‍ ജനുവരിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതു മുതല്‍ കേരളം ത്രിതല തന്ത്രത്തിലൂടെ ഇതിനെ നേരിടുകയാണ്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ രോഗവ്യാപനത്തിന്‍റെ സാദ്ധ്യത സാധാരണഗതിയില്‍ കൂടുതലാണ്. മാത്രമല്ല, കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ രാജ്യത്തിനു പുറത്ത് ജോലി ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തന്നെ പ്രായാധിക്യമള്ളവരുടെയും രോഗസാധ്യത കൂടുതലുള്ളവരുടെയും സംരക്ഷണത്തിന് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ നല്‍കി. മാനസികാരോഗ്യ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു.

പൊതുജനാരോഗ്യ സംവിധാനത്തില്‍ കേരളത്തില്‍ കൂടുതലായി മുതല്‍മുടക്കുന്നുമുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം ആവിഷ്കരിച്ച ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ജീവിതശൈലീ രോഗങ്ങളും മൂന്നാം തലമുറ രോഗങ്ങളും നേരിടുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും കേരളം ശ്രദ്ധിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് ടെക്നോളജി സ്ഥാപിച്ചത് ഇതിന് തെളിവാണ്. ലോകപ്രശസ്തരായ വിദഗ്ദ്ധര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നു എന്നത് അഭിമാനകരമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ സാമൂഹിക സന്നദ്ധ സേനയും രംഗത്തുണ്ട്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് സഹായത്തിന് എത്തുന്നതിനാണ് 3 ലക്ഷത്തിലധികം അംഗങ്ങളുള്ള സാമൂഹിക സേനയ്ക്കു രൂപം നല്‍കിയത്. സേനാംഗങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രശംസനീയമായ സാമൂഹികസേവനവും ദുരിതാശ്വാസവുമാണ് നടത്തുന്നത്.

സംസ്ഥാനത്ത് രോഗബാധ കണ്ടതുമുതല്‍ കേരളത്തിന്‍റെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആരോഗ്യവകുപ്പിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രതിരോധത്തിന്‍റെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ പ്രചാരണം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും സന്നദ്ധ ഗ്രൂപ്പുകളും മാസ്കുകളും സാനിറ്റൈസറുകളും ഉണ്ടാക്കാന്‍ തുടങ്ങി. മുന്‍കരുതല്‍ എന്ന നിലയ്ക്ക് കൂടുതല്‍ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിവെച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും നിര്‍ദേശങ്ങളും ഉപദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല എന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ട് നിതാന്ത ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തിന്‍റെ ഉല്‍പാദന മേഖലകള്‍ എല്ലാം സ്തംഭിച്ചുകിടക്കുകയാണ്. അതുകൊണ്ടു തന്നെ വലിയ വിഭാഗം ജനങ്ങള്‍ ജീവനോപാധിയില്ലാതെ പ്രയാസപ്പെടുകയാണ്. ഈ പ്രശ്നവും കൂടി നേരിടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്‍റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മാര്‍ച്ച് 19 ന് 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സൗജന്യ റേഷന്‍, സൗജന്യ ഭക്ഷണ സാധനങ്ങള്‍, പലിശരഹിത വായ്പ, തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍, അഡ്വാന്‍സായി ക്ഷേമ പെന്‍ഷനുകള്‍ എന്നിവ ഇതിന്‍റെ ഭാഗമായി നടപ്പാക്കി. അതിഥിതൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രത്യേകം നടപടികള്‍ സ്വീകരിച്ചു. ഈ തരത്തില്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ജാഗ്രതപ്പെടുത്തിയുമാണ് മഹാമാരിയെ നേരിടുന്നത്.

ആരോഗ്യപ്രവര്‍ത്തകരും പോലീസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നുവെന്നത് കോവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ കേരളം വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലുള്ള ശസ്ത്രജ്ഞരുടെയും പ്രവാസികളായ വിദഗ്ധരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുണ്ട്.

ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവല്ല. മറിച്ച് കോവിഡ് -19നെ പിടിച്ചു കെട്ടുന്നതില്‍ ഒരു പരിധി വരെയെങ്കിലും വിജയിച്ചിരിക്കുന്നു എന്ന് ലോകം വിലയിരുത്തുന്ന പിണറായി വിജയന്‍ എന്ന ഭരണതന്ത്രജ്ഞനാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് അദ്ദേഹം ഇതിലേക്കു ക്ഷണിക്കപ്പെട്ടതും പങ്കെടുത്തതും. ഇത് ഓരോ കേരളീയനും അഭിമാന നിമിഷമാണ്. കാരണം അദ്ദേഹം വിജയം വരിച്ച ജനതയുടെ നായകനാണ്, കേരളീയരുടെയാകെ മുഖ്യമന്ത്രിയാണ്. അദ്ദേഹം പ്രതിനിധീകരിച്ചത് കേരള ജനതയുടെ വിജയത്തെയാണ്.

മലയാളികളായ ഡോ.എസ്.എസ്.ലാല്‍, ഡോ.സുള്‍ഫി നൂഹു, ഡോ.എ.എസ്.അനൂപ് കുമാര്‍ എന്നിവരും കേരളത്തിന്റെ അനുഭവം പങ്കുവെയ്ക്കാന്‍ ചര്‍ച്ചയില്‍ സന്നിഹിതരായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധര്‍ ഈ ചര്‍ച്ച കാണാനും വിലയിരുത്താനും ഒത്തുചേര്‍ന്നിരുന്നു.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights