HomeGOVERNANCEവീടു വെയ്ക്കാ...

വീടു വെയ്ക്കാന്‍ ഇനി കുരുക്കില്ല

-

Reading Time: 2 minutes

“ഇനി ഓഫീസ് കയറിയിറങ്ങി ചെരുപ്പ് തേയില്ല” -ഈ വാചകം എന്നെ വല്ലാതാകര്‍ഷിച്ചു. ഈ വാചകത്തിന്റെ വിശദാംശങ്ങള്‍ കൗതുകപൂര്‍വ്വം അന്വേഷിച്ചു. മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാനുള്‍പ്പെടെ എല്ലാവരും ഇരുകൈയും നീട്ടി സ്വീകരിക്കും എന്നുറപ്പ്. പിണറായി 2.0 സര്‍ക്കാര്‍ ഇതുവരെ എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇതെന്നു ഞാന്‍ പറയും.

തല ചായ്ക്കാനൊരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. വീടു വെയ്ക്കുന്നതിന് പണമുണ്ടാക്കുന്നതു പോലെ തന്നെ ബുദ്ധിമുട്ടാണ് അതിനായുള്ള നിയമപരമായ നൂലാമാലകള്‍ പൂര്‍ത്തീകരിക്കുക എന്നത്. ഇതെല്ലാം എങ്ങനെയെങ്കിലും ഒന്നൊഴിവായെങ്കില്‍ എന്നാഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? നൂലാമാലകളും കുരുക്കുകളും ഒഴിവാക്കാനുള്ള നടപടി ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. തീര്‍ച്ചയായും ആഹ്ളാദിക്കാന്‍ വകയുണ്ട്.

ഒരു വീടു വെയ്ക്കാന്‍ ആദ്യം വേണ്ടത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റാണ്. അതു കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍, കെട്ടിട നിർമ്മാണ പെർമിറ്റിനായി ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വീടുകള്‍, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. ഇതു വഴി നിർമ്മാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും. എംപാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.

ലോ റിസ്‌ക് വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോറത്തിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്ന്, സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കേരളത്തിലെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമ്മാണ അപേക്ഷകളും ഗ്രമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുന്നവയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിലൂടെയും ഒരു സര്‍ക്കാരിന് ജനക്ഷേമം ഉറപ്പുവരുത്താനാകും.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks