Reading Time: 3 minutes

സ്ഥലം തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫീസ്. സമയം വെള്ളിയാഴ്ച ഉച്ചയൂണിന്റെ ഇടവേള. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷമെത്തിയ മന്ത്രി ഓഫീസിലുണ്ട്. ഓഫീസിലെ ലാന്‍ഡ് ഫോണ്‍ മണിയടിച്ചു. മന്ത്രിയുടെ ഡ്രൈവര്‍ മിഥുനാണ് ഫോണെടുത്തത്. മറുഭാഗത്തു നിന്നുള്ള സംസാരം വളരെ ഗൗരവത്തോടെ കേള്‍ക്കുന്നതു കണ്ട് അപ്പോള്‍ ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ ശ്രദ്ധിച്ചു. മുന്നില്‍ കിട്ടിയ കടലാസില്‍ അയാള്‍ എന്തൊക്കെയോ കുറിക്കുന്നുമുണ്ട്.

ഫോണ്‍ തിരികെവെച്ച ശേഷം മിഥുന്‍ പറഞ്ഞു -‘കോഴിക്കോട് മാവൂരില്‍ നിന്നൊരു സ്ത്രീയാണ് വിളിച്ചത്. അവരും മകനും ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായെന്നു പറയുന്നു. നമ്മുടെ മന്ത്രിയെ വിളിച്ചു പറഞ്ഞാല്‍ സഹായം കിട്ടുമെന്നാണ് അവരുടെ വിശ്വാസം. എന്തു ചെയ്യണം?’ ഓഫീസ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല. നിയമനങ്ങള്‍ നടക്കുന്നതേയുള്ളൂ. മന്ത്രിയുടെ ചില സഹായികള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അവരിലാര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല -മന്ത്രിയെ വിവരമറിയിക്കുക. വിവരം രാധാകൃഷ്ണനെ അറിയിച്ചു. മിഥുന്‍ കുറിച്ചെടുത്ത വിലാസവും കൈമാറി.

‘അവിടത്തെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ വിളിക്കൂ’ -മന്ത്രിയുടെ നിര്‍ദ്ദേശം. അല്പസമയത്തിനകം കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ.അരുണ്‍ മറുതലയ്ക്കല്‍. തന്റെ ഓഫീസില്‍ കിട്ടിയ സന്ദേശത്തിന്റെ വിശദാംശങ്ങള്‍ രാധാകൃഷ്ണന്‍ ആ ഉദ്യോഗസ്ഥനു കൈമാറി. ആദ്യം ഭക്ഷണമെത്തിക്കാനും മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അന്വേഷിച്ച് വിവരമറിയിക്കാനും നിര്‍ദ്ദേശം നല്‍കി.

മന്ത്രിയുടെ ഓഫീസില്‍ വിളിച്ച സ്ത്രീ കൈമാറിയ വിവരമനുസരിച്ച് അവര്‍ താമസിക്കുന്നത് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഡയമണ്ട് ജംഗ്ഷനു സമീപമാണ്. അതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍, മെമ്പര്‍മാരായ എം.പി.അബ്ദുള്‍ കരീം, മോഹന്‍ദാസ്, ഗീതാമണി, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എന്‍.രാജേഷ് ശങ്കര്‍ എന്നിവര്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു തന്നെ സ്ഥലത്തെത്തി. അവിടെ ‘സൈക്കസ്’ എന്ന പാര്‍പ്പിടസമുച്ചയത്തിന്റെ മുകളിലത്തെ നിലയിലാണ് അവരും മകനും വാടകയ്ക്കു താമസിക്കുന്നത്. 4,000 രൂപയാണ് പ്രതിമാസ വാടക.

ശ്രീദേവി എന്നാണ് അവരുടെ പേര്. മകന്‍ കെ.എസ്.ശ്രീക്കുട്ടന്‍. മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് മകന്‍ പറഞ്ഞത് മടിച്ചുമടിച്ചാണ്. പാചകവാതകം തീര്‍ന്നുപോയി. പതിമൂന്നാം വാര്‍ഡിലെ മെമ്പറായ അബ്ദുള്‍ കരീമിന് ശ്രീദേവിയെ നേരത്തേ പരിചയമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലാണ് അവരും മകനും നേരത്തേ വാടകയ്ക്കു താമസിച്ചിരുന്നത്. അഭിമാനബോധം കാരണം ഇവര്‍ മെമ്പറോട് ബുദ്ധിമുട്ടുകള്‍ ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തോടു മാത്രമല്ല, ആരോടും സ്വന്തം ബുദ്ധിമുട്ടുകള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത രീതിയാണ് അവരുടേത് എന്ന് അന്വേഷിച്ചെത്തിയവര്‍ക്ക് മനസ്സിലായി.

വാടകയ്ക്കു താമസിക്കുന്ന വീടിനു മുന്നില്‍ ശ്രീക്കുട്ടന്‍

കൂടുതല്‍ സംസാരിച്ചപ്പോഴാണ് ശ്രീദേവിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്. അവിടെയാണ് ട്വിസ്റ്റ്!! മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന പി.എസ്.നാരായണ അയ്യരുടെ പേരക്കുട്ടിയാണ് ശ്രീദേവി -മകളുടെ മകള്‍! ആ പ്രൗഢിയില്‍ നിന്നെല്ലാം തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ അമ്മയും മകനും. അവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പുറന്തള്ളപ്പെട്ടു. പിന്നീട് ചെറിയ ജോലികള്‍ ചെയ്ത് വാടക വീടുകളില്‍ മാറി മാറി താമസിച്ചു. ഇപ്പോഴത്തെ വീട്ടില്‍ എത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. അവിടെത്തന്നെ ഒരു മാസത്തെ വാടക കുടിശ്ശികയാണ്.

പഞ്ചായത്ത് അധികൃതര്‍ അങ്ങോട്ടു പോകുമ്പോള്‍ ജനകീയ ഹോട്ടലില്‍ നിന്നു വാങ്ങിയ ഭക്ഷണം കൈയില്‍ കരുതിയിരുന്നു. അത് അവര്‍ക്കു കൊടുത്തു. കൂടാതെ മുന്നോട്ടുള്ള ദിവസങ്ങളില്‍ മൂന്നു നേരവും ഭക്ഷണം നല്‍കാന്‍ ജനകീയ ഹോട്ടലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പാചകവാതകം മുടങ്ങാതെ ലഭ്യമാക്കാന്‍ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ ഏര്‍പ്പാടാക്കി. പഞ്ചായത്തിലെ ഡ്രൈവര്‍ ദിലീപ് കുമാറിന്റെ വകയായി 10 കിലോ അരി അപ്പോള്‍ത്തന്നെ വീട്ടിലെത്തിച്ചു. മറ്റു ഭക്ഷ്യവസ്തുക്കളും പച്ചക്കറിയുമെല്ലാം പല ഭാഗത്തുനിന്നും സംഭാവനയായി ലഭ്യമായത് ‘കൂട്ടായ്മ’ എന്ന സംഘടന ശ്രീദേവിയുടെ വീട്ടിലെത്തിച്ചു നല്‍കി. ആവശ്യമെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്കാമെന്ന് അഗ്നിസേന മേഖലാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.

അമ്മയുടെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വളര്‍ന്നതിനാലാവം ശരിക്കും മറ്റുള്ളവരോട് നേരെ ചൊവ്വേ സംസാരിക്കാന്‍ പോലുംശ്രീക്കുട്ടന് മടിയാണ്. അങ്ങേയറ്റം നിരാശ ബാധിച്ച പ്രതീതിയിലായിരുന്നു അമ്മയും മകനും. ശ്രീക്കുട്ടന് ജീവിക്കാന്‍ ഒരു ജോലിയില്ല എന്നതാണ് ശ്രീദേവിയുടെ പ്രധാന പ്രശ്നം. തന്റെ കാലം കഴിഞ്ഞാല്‍ മകന്‍ ശരിക്കും പ്രശ്നത്തിലാവും എന്ന് അവര്‍ ഭയപ്പെടുന്നു. ശ്രീക്കുട്ടന്‍ ബി.കോം കോ-ഓപറേഷന്‍ കോഴ്സ് കഴിഞ്ഞതാണ്. മകന് ഒരു ജോലി കണ്ടെത്താന്‍ സഹായിക്കണം എന്ന് ആ അമ്മ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ സെക്രട്ടറിയെ സമീപിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. അവിടെ സ്വകാര്യമേഖലയില്‍ ഉള്ള ഏതെങ്കിലും കമ്പനിയില്‍ താല്‍ക്കാലികമായി ഒരു ജോലി ശ്രീക്കുട്ടന് ലഭ്യമാക്കാനാവുമോ എന്നു പരിശോധിക്കാമെന്നും ഉറപ്പുനല്കി. പ്രസിഡന്റ് ഉമ്മര്‍ മാസ്റ്ററും മെമ്പര്‍ അബ്ദുള്‍ കരീമും വ്യക്തിപരമായി തന്നെ ശ്രമിക്കാം എന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. വല്ലാത്ത നിരാശാബോധത്തില്‍ കഴിയുന്ന അവര്‍ക്ക് താല്‍ക്കാലികമായെങ്കിലും ഒരു പ്രതീക്ഷയുണ്ടാവുന്നത് ജീവിതം മുന്നോട്ടു നീക്കാന്‍ അവരെ പ്രേരിപ്പിക്കും എന്നു കണ്ടായിരുന്നു ആ നടപടി.

ഈ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ശ്രീദേവിയും ശ്രീക്കുട്ടനും താമസിക്കുന്നത്

കാര്യങ്ങള്‍ എങ്ങനെയെന്നു വിലയിരുത്താന്‍ പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കറും ക്ലാര്‍ക്ക് സാജനും ശനിയാഴ്ച വീണ്ടും അവരുടെ വീട്ടിലെത്തി. നിരാശ വിട്ടൊഴിഞ്ഞ് അല്പം പ്രതീക്ഷയുള്ള ഭാവത്തിലായിരുന്നു അമ്മയും മകനും. ഇനിയും വരാം എന്ന ഉറപ്പുനല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി. അതിനുശേഷം സ്വീകരിച്ച നടപടികള്‍ മന്ത്രിയെ അറിയിച്ചു. തുടര്‍നടപടികള്‍ അറിയിക്കണമെന്ന് മന്ത്രിയുടെ അടുത്ത നിര്‍ദ്ദേശം.

അയല്‍ക്കാര്‍ ഉള്‍പ്പെടെ ആരോടും സ്വന്തം ബുദ്ധിമുട്ടുകള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത രീതിയാണ് ശ്രീദേവിയുടേത്. എന്നിട്ടും അവര്‍ക്ക് മന്ത്രി രാധാകൃഷ്ണന്റെ ഓഫീസിലേക്കു നേരിട്ടു വിളിക്കാന്‍ മടിയുണ്ടായില്ല. രാധാകൃഷ്ണനെക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ അദ്ദേഹത്തില്‍ അവര്‍ക്കുണ്ടാക്കിയ വിശ്വാസമായിരിക്കാം കാരണം. ആ വിശ്വാസം ശരിയായിരുന്നു എന്ന് ഇപ്പോള്‍ ആ അമ്മയ്ക്കും മകനും ബോദ്ധ്യമായിരിക്കുന്നു. തന്നെ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ച ഒരു സ്ത്രീക്ക് ഉടനെ അതെത്തിക്കാന്‍ തന്നെക്കൊണ്ടാവുന്നത് ചെയ്യുക എന്നതായിരുന്നു രാധാകൃഷ്ണന്റെ തീരുമാനം. അന്വേഷിച്ചു ചെന്നപ്പോള്‍ ആ സ്ത്രീ മുന്‍ പ്രധാനമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ ചെറുമകളായി!

Previous articleമാധ്യമപ്രവര്‍ത്തനത്തിലെ അച്ചടക്കം
Next articleഅടി ലക്ഷദ്വീപിന്, വേദന കേരളത്തിന്
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

1 COMMENT

  1. വളരെ കൃത്യതയോടെയും പക്വതയോടെയുമുള്ള പത്രപ്രവർത്തനം.
    ആശംസകൾ

COMMENTS