HomeECONOMYപണക്കാരന്റെ ക...

പണക്കാരന്റെ കടം മാഞ്ഞുപോകും, പാവപ്പെട്ടവന്റെ വീട് ലേലത്തിൽ പോകും

-

Reading Time: 7 minutes

ഒരു കുടുംബം ജീവിതകാലം മുഴുവൻ സമ്പാദിച്ചതുകൊണ്ട് ചെറിയൊരു വീട് നിർമിക്കുന്നു. ബാക്കി പണം ബാങ്കിൽനിന്ന് വായ്പയെടുക്കുന്നു. ജോലി നഷ്ടപ്പെടുകയോ രോഗം വരികയോ കച്ചവടം തകരുകയോ ചെയ്താൽ ഏതാനും ഗഡുക്കൾ മുടങ്ങും. പിന്നാലെ ബാങ്കിന്റെ നോട്ടീസ് എത്തും. വീട്ടുവാതിലിൽ ഉദ്യോഗസ്ഥരെത്തും. ജപ്തി അറിയിപ്പ് പതിക്കും. ഒടുവിൽ സ്വന്തം കിടപ്പാടം ലേലത്തിനുവെയ്ക്കുന്നതു നോക്കിനിൽക്കേണ്ടിവരും.

അതേസമയം, ആയിരക്കണക്കിന് കോടിയുടെ വൻവായ്പകൾ കിട്ടാക്കടമാകുമ്പോൾ മറ്റൊരു ഭാഷയാണ് ഉപയോഗിക്കുന്നത്. അവിടെ ജപ്തിയുടെ ദൃശ്യങ്ങളില്ല. പകരം “സാങ്കേതിക എഴുതിത്തള്ളൽ”, “പ്രുഡൻഷ്യൽ റൈറ്റ് ഓഫ്”, “ബാലൻസ് ഷീറ്റ് ശുദ്ധീകരണം” തുടങ്ങിയ വാക്കുകളാണ് കേൾക്കുന്നത്.

ചെറിയ വായ്പക്കാരനുമുന്നിൽ ബാങ്ക് നിയമത്തിന്റെ മുഴുവൻ ശക്തിയോടെയും നിൽക്കുന്നു. വലിയ വ്യവസായ വായ്പകളുടെ കാര്യത്തിൽ കടം ബാങ്കിന്റെ കണക്കുപുസ്തകത്തിൽനിന്ന് മാറ്റിവെയ്ക്കുന്നു. കടക്കാരന്റെ ബാധ്യത നിയമപരമായി അവസാനിക്കുന്നില്ലെന്നത് ശരിയാണ്. എന്നാൽ പണം യഥാർഥത്തിൽ എത്ര തിരിച്ചുകിട്ടുന്നു, വലിയ കുടിശ്ശികക്കാരുടെ വിവരങ്ങൾ എത്രത്തോളം പൊതുജനത്തിന് ലഭിക്കുന്നു, എഴുതിത്തള്ളലിന്റെ ഭാരം ആരാണ് വഹിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല.

2026 ഓഗസ്റ്റ് 4ന് രാജ്യസഭയിൽ നൽകിയ 2 മറുപടികൾ ഈ വൈരുധ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. എ.എ.റഹീമിന്റെ ചോദ്യത്തിന് നൽകിയ മറുപടി സർഫാസി നിയമപ്രകാരമുള്ള വായ്പാ തിരിച്ചുപിടിത്തത്തിന്റെ കണക്കുകളാണ് പുറത്തുകൊണ്ടുവന്നത്. അതേ ദിവസം സന്ത് ബൽബീർ സിങ്ങിന്റെ ചോദ്യത്തിനുള്ള മറുപടി വലിയ വ്യവസായ–സേവന മേഖലയുടെയും കാർഷിക മേഖലയുടെയും വായ്പ എഴുതിത്തള്ളലുകൾ തമ്മിലുള്ള വലിയ അന്തരം വെളിപ്പെടുത്തി.

എന്താണ് സർഫാസി?

സർഫാസി നിയമത്തിന്റെ പൂർണപേര് Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002 എന്നാണ്. വായ്പയ്ക്ക് ഈടായി നൽകിയ വസ്തു തിരിച്ചുപിടിക്കാൻ ബാങ്കുകൾക്കും മറ്റ് അംഗീകൃത ധനകാര്യസ്ഥാപനങ്ങൾക്കും വലിയ അധികാരം നൽകുന്ന നിയമമാണിത്.

ഈടുള്ള വായ്പ തിരിച്ചടയ്ക്കാതെ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിച്ചാൽ ബാങ്കിന് കടക്കാരനോട് 60 ദിവസത്തിനുള്ളിൽ കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകാം. പണം അടച്ചില്ലെങ്കിൽ പണയംവെച്ച വീട്, കടമുറി, ഭൂമി, വാഹനം തുടങ്ങിയവയുടെ കൈവശാവകാശം ഏറ്റെടുത്ത് വില്പന നടത്താനുള്ള നടപടികളിലേക്ക് കടക്കാം. നടപടിയെ ചോദ്യംചെയ്യാൻ കടക്കാരന് ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കാം. എന്നാൽ, ബാങ്ക് ആദ്യം സാധാരണ സിവിൽ കോടതിയിൽ കേസ് നടത്തി വിധി നേടണമെന്നില്ല. അതാണ് ഈ നിയമത്തിന്റെ ശക്തിയും കുടിലതയും.

നോട്ടീസ്, സമയപരിധി, എതിർപ്പറിയിക്കാനുള്ള അവസരം എന്നിവ നിയമത്തിലുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. കാർഷികഭൂമിയിൽ സൃഷ്ടിച്ച സുരക്ഷാതാല്പര്യത്തിന് നിയമം ബാധകമല്ല. 1 ലക്ഷം രൂപയിൽ കവിയാത്ത സുരക്ഷിതവായ്പകൾക്കും ആകെ കുടിശ്ശിക മുതലിന്റെയും പലിശയുടെയും 20 ശതമാനത്തിൽ താഴെയാണെങ്കിൽ അതിനും ഒഴിവുണ്ട്. പണയംവെയ്ക്കാത്ത സ്വത്ത് പിടിച്ചെടുക്കാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നിയമത്തിൽ നടപടിക്രമമുണ്ടെന്നു പറയുന്നതു മാത്രം സാമൂഹികനീതി ഉറപ്പാക്കുന്നില്ല. നോട്ടീസ് കിട്ടുന്നയാൾക്ക് അഭിഭാഷകനെ ഏർപ്പെടുത്താൻ പണമുണ്ടോ, ട്രിബ്യൂണലിലേക്ക് പോകാൻ കഴിയുമോ, തൊഴിൽ നഷ്ടപ്പെട്ട കുടുംബത്തിന് തിരിച്ചടവ് പുനഃക്രമീകരിക്കാൻ അവസരം ലഭിച്ചോ, വീടിന്റെ ലേലം കുടുംബത്തെ തെരുവിലാക്കുമോ തുടങ്ങിയ ചോദ്യങ്ങളും പരിഗണിക്കണം.

എ.എ.റഹീം

3 വർഷം; 6.19 ലക്ഷം കേസുകൾ

രാജ്യസഭയിൽ റഹീമിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടിപ്രകാരം 2022–23ൽ സർഫാസി നിയമപ്രകാരം 1,87,340 കേസുകൾ ആരംഭിച്ചു. അതിൽ ഉൾപ്പെട്ട തുക 1,11,359 കോടി രൂപ. ആ വർഷം തിരിച്ചുപിടിച്ചതായി രേഖപ്പെടുത്തിയ തുക 30,957 കോടി രൂപയാണ്.

2023–24ൽ കേസുകളുടെ എണ്ണം 2,16,571 ആയി. ഉൾപ്പെട്ട തുക 1,19,554 കോടി രൂപയും തിരിച്ചുപിടിച്ചത് 30,416 കോടി രൂപയും. 2024–25ലെ താൽക്കാലിക കണക്കുപ്രകാരം 2,15,709 കേസുകളിലായി 1,03,180 കോടി രൂപ ഉൾപ്പെട്ടപ്പോൾ തിരിച്ചുപിടിച്ചത് 32,466 കോടി രൂപയാണ്.

3 വർഷത്തെ കണക്കുകൾ കൂട്ടിയാൽ സർഫാസി നടപടികൾ ആരംഭിച്ചത് 6,19,620 കേസുകളിലാണ്. ഇവയിൽ ഉൾപ്പെട്ട മൊത്തം തുക 3,34,093 കോടി രൂപ. ഈ കാലയളവിൽ തിരിച്ചുപിടിച്ചതായി രേഖപ്പെടുത്തിയ തുക 93,839 കോടി രൂപ.

എന്നാൽ ഇതിനെ നേരിട്ട് 28 ശതമാനം തിരിച്ചുപിടിത്തനിരക്കായി വായിക്കുന്നത് പൂർണമായി കൃത്യമല്ല. ഒരു വർഷം തിരിച്ചുപിടിച്ച തുക ആ വർഷം ആരംഭിച്ച കേസുകളിൽനിന്നുമാത്രമാകണമെന്നില്ല; മുൻവർഷങ്ങളിലെ കേസുകളിൽനിന്നുള്ള പണവും അതിൽ ഉൾപ്പെടാമെന്ന് രാജ്യസഭാ മറുപടിതന്നെ വ്യക്തമാക്കുന്നു. എന്നിരുന്നാലും നടപടികളുടെ വലിപ്പം മനസ്സിലാക്കാൻ ഈ കണക്കുകൾ മതിയാകും. 3 വർഷത്തിനുള്ളിൽ 6 ലക്ഷത്തിലേറെ കേസുകൾ എന്നത് സർഫാസി സാധാരണ ജനജീവിതത്തിലേക്ക് എത്ര ആഴത്തിൽ കടന്നുവെന്നതിന്റെ സൂചനയാണ്.

ആരുടെ വീടാണ് നഷ്ടപ്പെടുന്നത് എന്നറിയാത്ത സർക്കാർ

റഹീം ഉന്നയിച്ച ചോദ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കേസുകളുടെ എണ്ണം മാത്രമായിരുന്നില്ല. നടപടികൾ നേരിട്ടവരിൽ എത്രപേർ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരാണ്, എത്രപേർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവയിൽപ്പെടുന്നു എന്നായിരുന്നു ചോദ്യം. സർഫാസി നടപടി താഴ്ന്ന വരുമാനക്കാരിൽ സൃഷ്ടിക്കുന്ന സാമൂഹിക–സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്നും ചോദിച്ചു.

കേന്ദ്രത്തിന്റെ മറുപടി ഞെട്ടിക്കുന്നതാണ്. സർഫാസി നിയമം ബാധിച്ചവരുടെ ആകെ എണ്ണമോ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരമോ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ, പട്ടികജാതി, പട്ടികവർഗം, പിന്നാക്കവിഭാഗങ്ങൾ എന്നിവരുടെ കണക്കുകളോ റിസർവ് ബാങ്ക് സൂക്ഷിക്കുന്നില്ല.

അതായത് ഓരോ വീടിന്റെയും വാതിലിൽ ജപ്തിനോട്ടീസ് പതിക്കാൻ ബാങ്കിന് കൃത്യമായ വിലാസമുണ്ട്. പക്ഷേ ആ വീട്ടിൽ കഴിയുന്നത് വിധവയാണോ, കർഷകത്തൊഴിലാളിയാണോ, ദളിത് കുടുംബമാണോ, രോഗബാധിതനായ തൊഴിലാളിയാണോ എന്നറിയാൻ സർക്കാരിന് സംവിധാനമില്ല.

ആഘാതപഠനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രത്യേക പഠനത്തിന്റെ വിവരങ്ങൾ നൽകിയിട്ടില്ല. പകരം നിയമത്തിലെ ഒഴിവുകളും നടപടിക്രമങ്ങളും ആവർത്തിക്കുകയാണ് ചെയ്തത്. “1 ലക്ഷം രൂപയ്ക്കുമുകളിലുള്ള വായ്പകൾക്കേ നിയമം ബാധകമാകൂ; അതിനാൽ കുറഞ്ഞ വരുമാനക്കാർ ഒഴിവാകുന്നു” എന്നാണ് മറുപടിയുടെ സാരം.

2026ലെ ഇന്ത്യയിൽ 1 ലക്ഷം രൂപ വലിയ സമ്പത്തിന്റെ അടയാളമാണോ? വീട് അറ്റകുറ്റപ്പണിക്ക്, ചെറിയ കട തുടങ്ങാൻ, ഓട്ടോറിക്ഷ വാങ്ങാൻ, കുട്ടിയുടെ പഠനത്തിന്, ചികിത്സയ്ക്ക് എന്നിവയ്ക്കായി 1 ലക്ഷം രൂപയിൽ കൂടുതൽ വായ്പയെടുത്താൽ ഒരാൾ സമ്പന്നനാകുമോ?

കുറഞ്ഞ വരുമാനമുള്ളവരെ നിയമം ഒഴിവാക്കുന്നുവെന്ന കേന്ദ്രത്തിന്റെ അവകാശവാദം അതുകൊണ്ടുതന്നെ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല. കാർഷികഭൂമിക്ക് സംരക്ഷണമുണ്ടെങ്കിലും കർഷകന്റെ വീടോ മറ്റൊരു ഭൂമിയോ ഈടായി നൽകിയിട്ടുണ്ടെങ്കിൽ അത് സ്വയമേവ സംരക്ഷിക്കപ്പെടില്ല. ചെറിയ കച്ചവടക്കാരൻ സ്വന്തം വീട് പണയംവച്ചാണ് വായ്പയെടുത്തതെങ്കിൽ കുടുംബത്തിന്റെ ഏക കിടപ്പാടംതന്നെ അപകടത്തിലാകാം.

ആരാണ് ബാധിക്കപ്പെടുന്നതെന്ന് കണക്കെടുക്കാതെ “പാവങ്ങൾക്ക് സംരക്ഷണമുണ്ട്” എന്നു പറയുന്നത് കരുണയല്ല. കണക്കില്ലാത്ത അവകാശവാദമാണ്.

സന്ത് ബൽബീർ സിങ്

കണക്കുപുസ്തകത്തിൽ മായുന്ന വൻവായ്പകൾ

ഇതേ ദിവസം രാജ്യസഭയിൽ നൽകിയ മറ്റൊരു മറുപടിയാണ് കേന്ദ്രത്തിന്റെ വായ്പാനയത്തിലെ മറുവശം വെളിപ്പെടുത്തുന്നത്. 2021–22 മുതൽ 2025–26 വരെയുള്ള 5 വർഷത്തിൽ ബാങ്കുകൾ വലിയ വ്യവസായ–സേവന മേഖലയിലും കാർഷിക–അനുബന്ധ മേഖലയിലും എഴുതിത്തള്ളിയ വായ്പകളുടെ വിവരമാണ് പുറത്തുവന്നത്.

ഇവിടെ ഒരു സാങ്കേതികവ്യക്തത ആവശ്യമാണ്. റിസർവ് ബാങ്ക് “കോർപറേറ്റ് വായ്പ” എന്ന പ്രത്യേക വിഭാഗത്തിലുള്ള കണക്ക് സൂക്ഷിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. പകരം Large Industries and Services എന്ന വിഭാഗത്തിന്റെ കണക്കാണ് നൽകിയത്. അതിനാൽ ഈ തുകയെ മുഴുവൻ ഒരേ തരത്തിലുള്ള സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങളുടെ കടമാണെന്ന് പറയാനാകില്ല. എന്നിരുന്നാലും വൻവ്യവസായ–സേവന വായ്പകളുടെ പൊതുവായ ചിത്രം ഈ വിഭാഗം നൽകുന്നു.

പൊതുമേഖലാ ബാങ്കുകൾ ഈ 5 വർഷത്തിൽ വലിയ വ്യവസായ–സേവന വിഭാഗത്തിൽ എഴുതിത്തള്ളിയത് 2,42,896 കോടി രൂപ. കാർഷിക–അനുബന്ധ മേഖലയിൽ എഴുതിത്തള്ളിയത് 75,591 കോടി രൂപ മാത്രം. അതായത് പൊതുമേഖലാ ബാങ്കുകളിൽ വൻവ്യവസായ–സേവന വായ്പകളുടെ എഴുതിത്തള്ളൽ കാർഷിക മേഖലയിലേതിന്റെ 3.2 ഇരട്ടിയിലധികമാണ്.

സ്വകാര്യ ബാങ്കുകൾ, ചെറുധനകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയും ചേർത്താൽ വലിയ വ്യവസായ–സേവന മേഖലയിലെ 5 വർഷത്തെ എഴുതിത്തള്ളൽ 3,20,481 കോടി രൂപ. കാർഷിക–അനുബന്ധ മേഖലയിലേത് 1,18,984 കോടി രൂപ. വൻവ്യവസായ–സേവന മേഖലയിലെ തുക കാർഷിക മേഖലയിലേതിന്റെ ഏകദേശം 2.7 ഇരട്ടി വരും. ഈ മൊത്തങ്ങൾ രാജ്യസഭാ മറുപടിയിലെ ഓരോ ബാങ്ക് വിഭാഗത്തിന്റെയും 5 വർഷത്തെ കണക്കുകൾ ചേർത്താണ് ലഭിക്കുന്നത്.

2025–26ലെ താൽക്കാലിക കണക്കിൽ മാത്രം കാർഷിക–അനുബന്ധ മേഖലയിലെ എഴുതിത്തള്ളൽ വലിയ വ്യവസായ വിഭാഗത്തേക്കാൾ കൂടുതലാണ്. എന്നാൽ 5 വർഷത്തെ മൊത്തം കണക്കിൽ വൻവ്യവസായ മേഖലയിലേക്കുള്ള വലിയ ചായ്വ് വ്യക്തമാണ്.

എഴുതിത്തള്ളൽ വായ്പാമുക്തിയല്ല; പക്ഷേ കഥ അവിടെ തീരുന്നില്ല

കേന്ദ്രസർക്കാർ ആവർത്തിക്കുന്ന വിശദീകരണം ഇതാണ്: എഴുതിത്തള്ളൽ എന്നത് വായ്പാമുക്തിയല്ല. ബാങ്കിന്റെ ബാലൻസ് ഷീറ്റിൽനിന്ന് കിട്ടാക്കടം മാറ്റുന്ന അക്കൗണ്ടിങ് നടപടിയാണ്. കടക്കാരന്റെ തിരിച്ചടവ് ബാധ്യത തുടരും. ബാങ്കുകൾ ജപ്തി, ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണൽ, സർഫാസി, പാപ്പരത്തനിയമം തുടങ്ങിയ മാർഗങ്ങളിലൂടെ പണം തിരിച്ചുപിടിക്കാൻ ശ്രമിക്കും.

ഇത് നിയമപരമായി ശരിയാണ്. എഴുതിത്തള്ളിയ നിമിഷം കടക്കാരൻ മോചിതനാകുന്നില്ല. എന്നാൽ ഈ വിശദീകരണംകൊണ്ട് രാഷ്ട്രീയവും സാമ്പത്തികവുമായ ചോദ്യം അവസാനിക്കുന്നില്ല.

കടം കണക്കിൽനിന്ന് മാറ്റിയിട്ടും വർഷങ്ങളോളം തിരിച്ചുകിട്ടുന്നില്ലെങ്കിൽ നഷ്ടം ആരുടേതാണ്? പൊതുമേഖലാ ബാങ്കുകളുടെ മൂലധനം പൊതുജനത്തിന്റെ പണവുമായി ബന്ധപ്പെട്ടതാണ്. പണം തിരിച്ചുപിടിക്കുന്നതുവരെ “ബാധ്യത തുടരുന്നു” എന്ന വാചകം ബാങ്കിന്റെ നഷ്ടം നികത്തുന്നില്ല.

2020–21 മുതൽ 2024–25 വരെയുള്ള 5 വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ മൊത്തം 5,80,550 കോടി രൂപ വായ്പ എഴുതിത്തള്ളി. ഇതേ കാലയളവിൽ എഴുതിത്തള്ളിയ അക്കൗണ്ടുകളിൽനിന്ന് തിരിച്ചുപിടിച്ചതായി രേഖപ്പെടുത്തിയ തുക 1,64,830 കോടി രൂപ മാത്രമാണ്. ഇവയെ നേരിട്ട് ഒരേ വായ്പകളുടെ തിരിച്ചുപിടിത്ത ശതമാനമായി കാണാനാകില്ല; ഒരു വർഷത്തെ തിരിച്ചുപിടിത്തത്തിൽ പഴയ എഴുതിത്തള്ളലുകളും ഉൾപ്പെടാം. എന്നിരുന്നാലും എഴുതിത്തള്ളലിന്റെ വലിപ്പത്തിനും യഥാർഥ പണമായി ബാങ്കിലേക്കു മടങ്ങിയെത്തുന്ന തുകയ്ക്കുമിടയിലെ വലിയ വിടവ് കണക്കുകളിൽ വ്യക്തമാണ്.

വലിയ വ്യവസായ–സേവന വിഭാഗത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ഔദ്യോഗിക വാർഷിക കണക്കനുസരിച്ചുള്ള തിരിച്ചുപിടിത്ത അനുപാതം 2021–22ൽ 49.09 ശതമാനമായിരുന്നു. 2023–24ൽ അത് 21.90 ശതമാനമായും 2024–25ൽ 18.25 ശതമാനമായും കുറഞ്ഞു. ഓരോ വർഷത്തെ തിരിച്ചുപിടിത്തം മുൻകാല എഴുതിത്തള്ളലുകളെയും ഉൾക്കൊള്ളാമെന്ന മുന്നറിയിപ്പോടെയാണ് സർക്കാർ ഈ കണക്ക് നൽകിയിരിക്കുന്നത്. എന്നിരുന്നാലും വൻവായ്പകളിലെ തിരിച്ചുപിടിത്തത്തിന്റെ ദൗർബല്യം അവഗണിക്കാനാകില്ല.

പേരുകൾ ചോദിച്ചാൽ ‘വിവരം സൂക്ഷിക്കുന്നില്ല’

കേന്ദ്രത്തിന്റെ മറുപടികളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു വാചകമുണ്ട്: “വിവരം സൂക്ഷിക്കുന്നില്ല.”

സർഫാസി ബാധിച്ചവരിൽ എത്രപേർ ദരിദ്രരാണ് എന്ന വിവരം സൂക്ഷിക്കുന്നില്ല. സാമൂഹികവിഭാഗം തിരിച്ചുള്ള വിവരമില്ല. കോർപറേറ്റ്–കർഷക വായ്പ എഴുതിത്തള്ളലിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സമഗ്രവിവരമില്ല. പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ ഏറ്റവും വലിയ 20 വായ്പാ അക്കൗണ്ടുകളുടെ പട്ടികയും റിസർവ് ബാങ്ക് സൂക്ഷിക്കുന്നില്ലെന്നാണ് മറ്റൊരു രാജ്യസഭാ മറുപടി.

പാവപ്പെട്ട കടക്കാരന്റെ വീടിന്റെ സർവേ നമ്പറും വസ്തുവിന്റെ വിപണിവിലയും തിരിച്ചടവ് മുടങ്ങിയ ദിവസവും ബാങ്കിന്റെ കംപ്യൂട്ടറിലുണ്ട്. പക്ഷേ പൊതുപണമുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കിട്ടാക്കടക്കാരുടെ സംയോജിത വിവരങ്ങൾ പാർലമെന്റ് ചോദിക്കുമ്പോൾ “സൂക്ഷിക്കുന്നില്ല” എന്ന മറുപടി വരുന്നു. ഇത് വെറും വിവരസാങ്കേതിക പോരായ്മയല്ല. രാഷ്ട്രീയമായ സുതാര്യതയുടെ പ്രശ്നമാണ്.

എഴുതിത്തള്ളലിന്റെ പേരിൽ ബാധ്യത അവസാനിക്കുന്നില്ലെങ്കിൽ ഓരോ വലിയ അക്കൗണ്ടിൽനിന്നും എത്ര പണം തിരിച്ചുപിടിച്ചുവെന്ന് പ്രസിദ്ധീകരിക്കാൻ മടിയെന്തിന്? മനഃപൂർവം വായ്പ തിരിച്ചടയ്ക്കാത്തവരെയും വിപണിമാന്ദ്യംമൂലം തകർന്ന സ്ഥാപനങ്ങളെയും വേർതിരിച്ച കണക്കെന്തുകൊണ്ടില്ല? പൊതുമേഖലാ ബാങ്കുകളുടെ വൻവായ്പകൾക്ക് ആരാണ് അനുമതി നൽകിയത്, എന്തായിരുന്നു ഈട്, ഈടിന്റെ വില എത്ര കുറഞ്ഞു തുടങ്ങിയ വിവരങ്ങൾക്ക് ശക്തമായ പാർലമെന്ററി പരിശോധന എന്തുകൊണ്ടില്ല?

2015–16 മുതൽ 2024–25 വരെയുള്ള 10 വർഷത്തിൽ പൊതുമേഖലാ ബാങ്കുകൾ ആകെ 12,08,828 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി കേന്ദ്രം 2025 ജൂലൈയിൽ രാജ്യസഭയിൽ അറിയിച്ചിരുന്നു. കടക്കാരുടെ ബാധ്യത തുടരുമെന്ന് അന്നും സർക്കാർ ആവർത്തിച്ചു. എന്നാൽ 12 ലക്ഷം കോടിയിലേറെ തുക ബാങ്കുകളുടെ കണക്കുപുസ്തകത്തിൽനിന്ന് മാറ്റപ്പെട്ടിട്ടും സുതാര്യമായ അക്കൗണ്ട് അടിസ്ഥാനത്തിലുള്ള തിരിച്ചുപിടിത്ത ചിത്രം പൊതുജനത്തിനു ലഭിക്കുന്നില്ല.

പാവത്തിന് നിയമപ്രഭാഷണം; വൻകിടയ്ക്ക് അക്കൗണ്ടിങ് ഭാഷ

ഇവിടെയാണ് കേന്ദ്ര വായ്പാനയത്തിന്റെ കുടിലത. ചെറിയ കടക്കാരന്റെ കാര്യത്തിൽ സർക്കാർ നിയമത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. വായ്പ എടുത്തു, തിരിച്ചടച്ചില്ല, അതിനാൽ സ്വത്ത് പിടിക്കും. കുടുംബത്തിന്റെ വരുമാനം നഷ്ടപ്പെട്ടോ, ചികിത്സാച്ചെലവ് വന്നോ, പ്രകൃതിക്ഷോഭത്തിൽ കച്ചവടം തകർന്നോ എന്നത് രണ്ടാം പ്രശ്നമാണ്.

വൻവായ്പയുടെ കാര്യത്തിൽ ഭാഷ മാറുന്നു. അത് വായ്പാമുക്തിയല്ല, സാങ്കേതിക എഴുതിത്തള്ളലാണ്; ബാധ്യത തുടരുന്നു; ബാങ്കിന്റെ ബാലൻസ് ഷീറ്റ് വൃത്തിയാക്കുകയാണ് എന്നൊക്കെയാണ് വിശദീകരണം.

വൻകിട കടക്കാരന് നിയമനടപടി ഇല്ലെന്നല്ല. സർഫാസിയും പാപ്പരത്തനിയമവും ട്രിബ്യൂണലുകളും അവർക്കെതിരെയും പ്രയോഗിക്കാം. എന്നാൽ ചോദ്യം നടപടിയുടെ സ്വഭാവത്തിലും സുതാര്യതയിലുമാണ്. ചെറിയ കടക്കാരന്റെ ഈടുവസ്തു പെട്ടെന്ന് തിരിച്ചറിയുകയും ലേലത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ വൻവായ്പകൾ വർഷങ്ങളോളം പുനഃക്രമീകരണത്തിലും നിയമവ്യവഹാരത്തിലും എഴുതിത്തള്ളലിലും തുടരുന്നു.

ഒരു കുടുംബത്തിന്റെ വീട് വിറ്റാൽ ബാങ്കിന് ഏതാനും ലക്ഷം രൂപ ലഭിക്കും. വൻകിട അക്കൗണ്ടിൽ ആയിരക്കണക്കിന് കോടി മുടങ്ങിയാൽ അതിനെ ബാലൻസ് ഷീറ്റിൽനിന്ന് നീക്കാൻ അക്കൗണ്ടിങ് സംവിധാനമുണ്ട്. ഈ വ്യത്യാസമാണ് ജനങ്ങളിൽ അനീതിക്കിരയാകുന്നു എന്ന ബോധം സൃഷ്ടിക്കുന്നത്.

കർഷകന്റെ കടം ധാർമികപ്രശ്നം, കോർപറേറ്റിന്റേത് ബിസിനസ് പ്രശ്നം

കർഷകവായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാൽ ഉടൻ “സാമ്പത്തിക അച്ചടക്കം തകരും”, “തിരിച്ചടവ് സംസ്കാരം ഇല്ലാതാകും”, “ബാങ്കുകൾക്ക് നഷ്ടമുണ്ടാകും” തുടങ്ങിയ വാദങ്ങളാണ് ഉയരുന്നത്. എന്നാൽ വലിയ വ്യവസായ വായ്പകൾ ലക്ഷക്കണക്കിന് കോടി രൂപയായി എഴുതിത്തള്ളുമ്പോൾ അതിനെ ബാങ്കിങ് മേഖലയിലെ സാധാരണ അക്കൗണ്ടിങ് നടപടിയായി അവതരിപ്പിക്കുന്നു.

കർഷകൻ കടം തിരിച്ചടയ്ക്കാത്തതിന് പിന്നിൽ വരൾച്ചയും വെള്ളപ്പൊക്കവും വിളനാശവും വിലത്തകർച്ചയും ഉണ്ടാകാം. തൊഴിലാളിയുടെ വായ്പ മുടങ്ങുന്നത് ജോലി നഷ്ടപ്പെട്ടതുകൊണ്ടാകാം. ചെറിയ വ്യാപാരിയുടെ അക്കൗണ്ട് കിട്ടാക്കടമാകുന്നത് വിപണി തകർന്നതുകൊണ്ടാകാം. ഇവരുടെ പ്രതിസന്ധിയെ വ്യക്തിപരമായ പരാജയമായി കാണുന്ന ഭരണകൂടം, വലിയ വ്യവസായ വായ്പകളുടെ പരാജയത്തെ സംവിധാനപരമായ പ്രശ്നമായി പരിഗണിക്കുന്നു.

വായ്പയെടുത്ത എല്ലാവരുടെയും കടം നിരുപാധികം ഒഴിവാക്കണമെന്നല്ല ഇതിന്റെ അർഥം. മനഃപൂർവം തിരിച്ചടയ്ക്കാത്തവർക്കെതിരെ ശക്തമായ നടപടിവേണം. പൊതുപണം സംരക്ഷിക്കണം. പക്ഷേ നടപടി വായ്പയുടെ വലിപ്പം കുറഞ്ഞവരോടു മാത്രം വേഗത്തിലും ക്രൂരമായും നടപ്പാക്കരുത്.

സർക്കാർ ആദ്യം എണ്ണേണ്ടത് മനുഷ്യരെയാണ്

ബാങ്കിങ് കണക്കുകളിൽ അക്കൗണ്ടുകളുണ്ട്. എന്നാൽ അക്കൗണ്ടുകൾക്കു പിന്നിൽ മനുഷ്യരുണ്ട്. സർഫാസി നടപടി നേരിട്ടവരുടെ സാമൂഹിക–സാമ്പത്തിക നിലയെക്കുറിച്ച് രാജ്യവ്യാപക പഠനം നടത്തണം. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ, പട്ടികജാതി–പട്ടികവർഗ കുടുംബങ്ങൾ, സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾ, വയോധികർ, ഭിന്നശേഷിക്കാർ, പ്രകൃതിക്ഷോഭം ബാധിച്ചവർ എന്നിവരെക്കുറിച്ചുള്ള പ്രത്യേകം കണക്ക് പ്രസിദ്ധീകരിക്കണം.

ചെറിയ വായ്പകളിൽ കുടുംബത്തിന്റെ ഏക കിടപ്പാടം ലേലം ചെയ്യുന്നതിനുമുമ്പ് നിർബന്ധിത പുനഃക്രമീകരണം, ന്യായമായ മൊറട്ടോറിയം, പലിശ ഇളവ്, സ്വതന്ത്ര പരാതി പരിഹാര സംവിധാനം എന്നിവ ഉറപ്പാക്കണം. ബാങ്ക് നോട്ടീസ് കിട്ടിയശേഷം നിയമസഹായത്തിന് പണമില്ലാത്തവർക്ക് സൗജന്യ നിയമസഹായം നൽകണം.

വലിയ വ്യവസായ–സേവന വായ്പകളുടെ എഴുതിത്തള്ളലിൽ സ്ഥാപനാടിസ്ഥാനത്തിലുള്ള തുക, തിരിച്ചുപിടിച്ച പണം, ലഭിച്ച ഈട്, ശേഷിക്കുന്ന കുടിശ്ശിക, നടപടിയുടെ നിലവിലെ സ്ഥിതി എന്നിവ പാർലമെന്റിനു മുന്നിൽ വയ്ക്കണം. വാണിജ്യരഹസ്യത്തിന്റെ മറവിൽ പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം മറച്ചുവയ്ക്കരുത്.

ബാങ്കിങ് അച്ചടക്കം താഴേക്കുമാത്രം വീഴുന്ന വടിയാകരുത്

രാജ്യത്തിന് ശക്തമായ ബാങ്കിങ് സംവിധാനം വേണം. വായ്പ തിരിച്ചുപിടിക്കണം. നിക്ഷേപകരുടെ പണം സംരക്ഷിക്കണം. മനഃപൂർവം കുടിശ്ശിക വരുത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കണം. എന്നാൽ ബാങ്കിങ് അച്ചടക്കം താഴേക്കുമാത്രം വീഴുന്ന വടിയാകരുത്.

പാവപ്പെട്ട കുടുംബത്തിന്റെ വാതിലിൽ ജപ്തിനോട്ടീസ് പതിക്കുമ്പോൾ അതേ ബാങ്കിന്റെ കണക്കുപുസ്തകത്തിൽ ആയിരക്കണക്കിന് കോടിയുടെ വൻവായ്പകൾ മായ്ച്ചെഴുതപ്പെടുന്നുവെങ്കിൽ ജനങ്ങൾ ചോദ്യംചെയ്യും. എഴുതിത്തള്ളൽ വായ്പാമുക്തിയല്ലെന്ന സാങ്കേതിക വിശദീകരണം മാത്രം ആ ചോദ്യം അവസാനിപ്പിക്കില്ല.

യഥാർഥ ചോദ്യം ഇതാണ്: എത്ര പണം തിരിച്ചുകിട്ടി? ആരിൽനിന്ന് തിരിച്ചുകിട്ടി? ആരുടെ സ്വത്താണ് പിടിച്ചെടുത്തത്? ആരുടെ കടമാണ് വർഷങ്ങളോളം കണക്കിന്റെ മറവിൽ കിടക്കുന്നത്?

രാജ്യസഭയിലെ 2 മറുപടികൾ നൽകുന്ന ചിത്രം വ്യക്തമാണ്. പാവപ്പെട്ടവർക്കെതിരായ നടപടികളുടെ എണ്ണവും തുകയും സർക്കാരിന്റെ കൈവശമുണ്ട്. എന്നാൽ ആ നടപടികൾ തകർക്കുന്ന കുടുംബങ്ങളുടെ സാമൂഹികമുഖം സർക്കാരിന് അറിയില്ല. മറുവശത്ത്, വലിയ വ്യവസായ–സേവന വായ്പകളുടെ ലക്ഷക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്നു; പക്ഷേ പ്രധാന അക്കൗണ്ടുകളുടെ സമഗ്രവിവരവും സാമൂഹിക–സാമ്പത്തിക താരതമ്യവും ലഭ്യമല്ല.

ഇതാണ് മോദി സർക്കാരിന്റെ വായ്പാനയം. പാവപ്പെട്ടവനോട് കണക്കും നിയമവും. വൻകിടക്കാരന്റെ കാര്യത്തിൽ സാങ്കേതികപദങ്ങളും രഹസ്യവും. ബാങ്കിന്റെ പണം പൊതുജനത്തിന്റെ പണമാണെങ്കിൽ, നീതിയും എല്ലാവർക്കും ഒരുപോലെയായിരിക്കണം.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS