HomeENTERTAINMENTടൊവിനോ... നീ ...

ടൊവിനോ… നീ അടിപൊളിയല്ലേ!!

-

Reading Time: 4 minutes

മായാനദി കാണാത്തവരായി ഈ നാട്ടില്‍ ആരും ബാക്കിയില്ലെന്നു തോന്നുന്നു. കണ്ടവര്‍ തന്നെ വീണ്ടും കാണുന്ന അവസ്ഥ. എങ്കിലും സിനിമ കാണാത്തയാളായി ഞാനുണ്ടായിരുന്നു. തിയേറ്ററിലെ തിരക്കൊന്നൊഴിയട്ടെ എന്നു കരുതിയാണ് ആദ്യം പോകാതിരുന്നത്. തിയേറ്ററിലെ തിരക്കൊഴിയാറായപ്പോള്‍ ഞാന്‍ തിരക്കിലായി. ഒടുവില്‍, മായാനദി കണ്ടവരുടെ കൂട്ടത്തിലേക്ക് ഞാനും കൂടി.

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും മായാനദിയില്‍

ചില സിനിമകള്‍ നല്ലതല്ല എന്ന് അഭിപ്രായമുണ്ടായാലും ആ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആരുമായിട്ടെങ്കിലുമുള്ള സൗഹൃദത്തിന്റെ പേരില്‍ തിയേറ്ററില്‍ പോകാറുണ്ട്. അത്തരമൊരു പരിഗണന ഞാന്‍ ആദ്യമേ നല്‍കിയിരുന്ന സിനിമയാണ് മായാനദി. നല്ലതല്ലെങ്കിലും കാണുമായിരുന്നു എന്നു സാരം. ടൊവിനോ തോമസ് എന്ന സുഹൃത്താണ് കാരണം. മറ്റെല്ലാ കാരണങ്ങള്‍ക്കുമപ്പുറം അവനു വേണ്ടിയാണ് സിനിമ കണ്ടത്. ‘ചേട്ടാ പടം കാണണം, അഭിപ്രായം പറയണം’ എന്ന് ആദ്യമേ അവന്‍ പറഞ്ഞിരുന്നു. വൈകിയാണെങ്കിലും സിനിമ കണ്ടു. കണ്ടിറങ്ങിയ ശേഷം ടൊവിനോയോട് നേരിട്ടു തന്നെ അഭിപ്രായവും പറഞ്ഞു. മായാനദി മോശമാക്കിയില്ല, ടൊവിനോയും.

ഒരു ആസ്വാദനം എഴുതാനുള്ള പ്രേരണ മായാനദിയുടെ തിയേറ്റര്‍ അനുഭവം നല്‍കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ ടൊവിനോയുടെ മാത്തനും ഐശ്വര്യ ലക്ഷ്മിയുടെ അപര്‍ണയും തന്നെയാണ് മായാനദിയുടെ കരുത്ത്. ജീവിക്കാന്‍ പാടുപെടുന്ന യുവാവാണ് മാത്തന്‍. അവനെ ആദ്യം കാണുന്നത് കൊടൈക്കനാലില്‍ കുഴല്‍പ്പണ ഇടപാട് നടത്തുന്ന സംഘത്തിലെ വിദ്യാസമ്പന്നനായ ഡ്രൈവറായാണ്. ഇടപാട് പാളുകയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാത്തന്റെ കൂട്ടുകാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഹോട്ടലില്‍ നിന്ന് ഡോളറുമായി രക്ഷപ്പെടാനുള്ള മാത്തന്റെ ശ്രമത്തിനിടെ ഉണ്ടാവുന്ന വാഹനാപകടത്തില്‍ ഒരു പൊലീസുകാരന്‍ മരിക്കുന്നു. അതിനു ശേഷം മാത്തന്‍ കൊച്ചിയിലേക്ക് രക്ഷപ്പെടുകയാണ്.

ഇതേസമയം കൊച്ചിയില്‍ ഒരു നടിയായി വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് അപര്‍ണ. മാത്തനുമായി അവള്‍ക്ക് നേരത്തേയുണ്ടായിരുന്ന ബന്ധം ഇപ്പോള്‍ അത്ര സുഖത്തിലല്ല എന്നു നമുക്കു മനസ്സിലാവും. അപര്‍ണയെ തിരികെപ്പിടിക്കാന്‍ മാത്തന്‍ നടത്തുന്ന ശ്രമങ്ങള്‍ കഥയെ മുന്നോട്ടു നയിക്കുന്നു. ഇതിനിടെ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തിനു കാരണക്കാരനായവനെ പിടിക്കാന്‍ തമിഴ്‌നാട് പൊലീസില്‍ നിന്നുള്ള മൂന്നുദ്യോഗസ്ഥര്‍ എത്തുന്നതോടെ കഥ ഉദ്വേഗജനകമാവുകയാണ്. അവസാനം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു പൂര്‍ണ്ണത അനുഭവപ്പെടും.

രണ്ടു ധാരകള്‍ മായാനദിയെ മുന്നോട്ടു നയിക്കുന്നു. ഒന്ന് വികാരഭരിതമായ പ്രണയകഥയുടെ ആര്‍ദ്രത. രണ്ടാമത്തേത് കുറ്റാന്വേഷണത്തിന്റേതായ ചടുലത. വലിയ അത്ഭുതങ്ങളൊന്നും സിനിമയിലില്ല. പക്ഷേ, അവതരണരീതി ഇതിനെ വ്യത്യസ്തമാക്കുന്നു. പതിയെയാണ് സിനിമ തുടങ്ങുന്നത്. നായകനും നായികയും തമ്മിലുള്ള വ്യത്യസ്തമായ പ്രണയത്തിന്റെ അവതരണം ക്രമേണ കസേരയില്‍ പിടിച്ചിരുത്തുന്ന ഒരു ത്രില്ലറിലേക്കു വളരുകയാണ്. കഥയുടെ വളര്‍ച്ചയ്‌ക്കൊപ്പം കഥാപാത്രങ്ങളും വളരുന്നുണ്ടെങ്കില്‍ അതിന്റെ കൈയടി കിട്ടേണ്ടത് രചയിതാക്കളായ ദിലീഷ് നായര്‍ക്കും ശ്യാം പുഷ്‌കരനും തന്നെ. രംഗങ്ങളിലെ യാഥാര്‍ത്ഥ്യം നമുക്ക് അനുഭവപ്പെടും. ചിത്രത്തിലെ ചുംബനരംഗങ്ങളും പ്രണയരംഗങ്ങളും വേറിട്ടു നില്‍ക്കാതെ കഥയുടെ ഒഴുക്കിനൊപ്പിച്ച് മനോഹരമായി ഇഴുകിച്ചേരുന്നുണ്ട്.

മാത്തന്റെ നിഷ്‌കളങ്കതയും വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് അയ്യോ പറ്റിപ്പോയല്ലോ എന്ന നിലയിലുള്ള പതിഞ്ഞ നോട്ടവുമെല്ലാം ടൊവിനോ ഭംഗിയാക്കി. ഓരോ തവണ അപര്‍ണ നിരസിക്കുമ്പോഴും മാത്തന്റെ മുഖത്ത് മിന്നിമറയുന്ന നിരാശയും വീണ്ടും ശ്രമിച്ചുനോക്കാമെന്നുള്ള പ്രതീക്ഷയും ടൊവിനോ അവതരിപ്പിച്ചത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ശരിക്കും അനുഭവപ്പെട്ടു. ‘നിനക്കെന്നോട് ഒരു തരി പോലും സ്‌നേഹമില്ലേ’ എന്ന മാത്തന്റെ ചോദ്യം അപര്‍ണയോടാണെങ്കിലും നമ്മുടെ മനസ്സിലാണ് കൊളുത്തുക. അടുത്ത സൂപ്പര്‍ താരമായി ടൊവിനോ പടിപടിയായി വളരുന്നതില്‍ ഏറെ ആഹ്ലാദം.

അപര്‍ണയെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. എല്ലാ വികാരങ്ങളും വളരെ അനായാസം മുഖത്ത് പ്രതിഫലിപ്പിക്കുന്ന ഈ പെണ്‍കുട്ടി തന്റെ രണ്ടാമത്തെ മാത്രം സിനിമയിലാണ് അഭിനയിക്കുന്നതെന്ന് തോന്നിപ്പിച്ചേ ഇല്ല. ഉറപ്പായും മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് ഈ നടി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ച ഇളവരശ്, ഹരീഷ് ഉത്തമന്‍ എന്നിവരും വേഷങ്ങള്‍ ഭംഗിയാക്കി. ബേസില്‍ ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരി, അപര്‍ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അതിഥി വേഷങ്ങളിലൂടെ ഞെട്ടിച്ചു.

ജയേഷ് മോഹന്റെ ഛായാഗ്രഹണം, റെക്‌സ് വിജയന്റെ സംഗീതം എന്നിവയെല്ലാം സിനിമയുടെ പൂര്‍ണ്ണതയില്‍ വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്. ആഷിഖ് അബു എന്ന സംവിധായകന്‍ ഇന്നു വരെ ചെയ്ത സിനിമകളില്‍ ഏറ്റവും മികച്ചതാണ് മായാനദി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

തിരുവനന്തപുരം ന്യൂ തിയേറ്ററില്‍ നിന്ന് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഫാന്‍സുകാര്‍ എന്തോ ആഘോഷത്തിന് തയ്യാറെടുക്കുന്നത് കണ്ടു. ഇറങ്ങിയപാടെ ടൊവിനോയെ വിളിച്ചു സിനിമ കണ്ട കാര്യം പറഞ്ഞു. മറുപടി -‘ചേട്ടന്‍ തിയേറ്ററിലുണ്ടോ? ഞാനിതാ പട്ടത്തുണ്ട്. 10 മിനിറ്റിനകം എത്തും. നില്‍ക്കണേ..’ താരം വന്നിറങ്ങുന്ന വലിയ കാര്‍ കാത്ത് തിയേറ്ററിനു മുന്നില്‍ ഭാര്യ ദേവികയ്‌ക്കൊപ്പം ഞാന്‍ നിന്നു. എന്നാല്‍, പൊരിവെയിലത്ത് ടൊവിനോ നടന്നു വന്നതു കണ്ട് ഞങ്ങള്‍ ഞെട്ടി. മായാനദിയിലെ തൊപ്പി തലയിലുണ്ടെന്നു മാത്രം. പലരും താരത്തെ തിരിച്ചറിഞ്ഞു പോലുമില്ല. സഹസംവിധായകനും ഞങ്ങള്‍ രണ്ടു പേരുടെയും സുഹൃത്തുമായ ജിതിന്‍ ലാലായിരുന്നു കൂട്ട്.

ടൊവിനോയും ഞാനും

വന്നപാടെ അവന്‍ എന്നെ കെട്ടിപ്പിടിച്ചു. സ്‌നേഹത്തിന്റെ ഊഷ്മളത എനിക്ക് അനുഭവപ്പെട്ടു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം പ്രധാന ചോദ്യം വന്നു -‘പടം എങ്ങനുണ്ട്.’ എന്റെ മറുപടി -‘നന്നായി. എനിക്കിഷ്ടമായി’. ‘ഞാനോ?’ -നിഷ്‌കളങ്കമായ ചോദ്യം. ‘മാത്താ നീ അടിപൊളിയല്ലേ’ -സിനിമയില്‍ അപര്‍ണയുടെ ഡയലോഗ് ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ നിറഞ്ഞ ചിരി. മാത്തന്‍ ചിരിച്ച അതേ ചിരി. അപ്പോഴേക്കും ആരാധകര്‍ ചുറ്റും കൂടി. സെല്‍ഫിയുടെ ബഹളം. അതിനിടയില്‍ നിന്ന് എന്റെ കൈപിടിച്ച് അവന്‍ പുറത്തുചാടി. ടൊവിനോയും ഞാനും ദേവികയും തിയേറ്റര്‍ മാനേജരുടെ മുറിക്കകത്ത് 5 മിനിറ്റ്.

സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്തിന്റെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ടൊവിനോ എത്തിയപ്പോള്‍

സിനിമയിലെ ഭാവി പദ്ധതികളും സെക്രട്ടേറിയറ്റിനു മുന്നിലെ ശ്രീജിത്തിന്റെ സമരവുമെല്ലാം ആ 5 മിനിറ്റിനുള്ളില്‍ ചര്‍ച്ചാവിഷയമായി. ശ്രീജിത്തിന് അഭിവാദ്യമര്‍പ്പിച്ചിട്ടാണ് വരവ് -‘ന്യായമായ ആവശ്യമാണെന്നു തോന്നി, പോയി.’ ആ സമരത്തിനു വേണ്ടി ഇനിയെന്താണ് ചെയ്യാനാവുകയെന്നു ചോദിച്ചു. കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചത് വിശദമായി കേട്ടു, മനസ്സിലാക്കി. ഇതിനിടയില്‍ ക്യാമറയുടെ ഫ്‌ളാഷുകള്‍ തുരുതുരാ മിന്നുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പവും ഒരു ക്ലിക്ക് വന്നു.

ടൊവിനോയ്‌ക്കൊപ്പം ദേവികയും ഞാനും

ഒടുവില്‍ യാത്ര പറഞ്ഞ് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ ടൊവിനോ തിയേറ്ററിനുള്ളില്‍ കാത്തുനിന്ന ആരാധകര്‍ക്കിടയിലേക്ക് ഊളിയിട്ടു. അല്പം കഴിഞ്ഞപ്പോള്‍ അവന്‍ ഉയര്‍ന്നു വരുന്നതു കണ്ടു. ആരോ എടുത്തുയര്‍ത്തിയതാവണം. പക്ഷേ, ടൊവിനോ നിലത്ത് കാലുറപ്പിച്ചു തന്നെയാണ് നില്‍ക്കുന്നത്. കാല്‍ നിലത്തുറപ്പിച്ചാല്‍ മാത്രമേ ഉയരങ്ങളിലേക്കു നടന്നു കയറാനാവൂ എന്ന് അവന് നന്നായറിയാം.

LATEST insights

TRENDING insights

6 COMMENTS

  1. ശ്യാമേട്ടാ എഴുത്തിഷ്ടപ്പെട്ടു
    മുന്നേം പലതും വയിച്ചിട്ടുണ്ട് എന്നാലും ഇതിന് എന്തോ പ്രത്യേകത. നന്ദി

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights