HomePOLITY‘മിസ’യിലെ നഗ്...

‘മിസ’യിലെ നഗ്നസത്യം കാണാൻ സദാചാരക്കണ്ണട പോരാ

-

Reading Time: 6 minutes

1 മണിക്കൂറും 10 മിനിറ്റുമാണ് ‘മിസ’ എന്ന നാടകത്തിന്റെ ദൈർഘ്യം. എന്നാൽ തിരശ്ശീല വീണാൽ അവസാനിക്കുന്ന നാടകമല്ല അത്. കണ്ടിറങ്ങിയ ശേഷവും മനസ്സിനെ പിന്തുടരുന്നു. വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു കലാസൃഷ്ടിയുടെ വിജയം അളക്കേണ്ടതും ഒരുപക്ഷേ അവിടെയാണ്. അരങ്ങിൽ അവസാനിച്ചിട്ടും പ്രേക്ഷകന്റെ ഉള്ളിൽ അത് തുടരുന്നുണ്ടോ എന്നിടത്ത്.

‘മിസ’ അവസാനിക്കുമ്പോൾ പ്രേക്ഷകർക്കു നേരെ ഒരു ചോദ്യം ഉയരുന്നു: അടിയന്തരാവസ്ഥ അവസാനിച്ചോ?

1977ൽ ഒരു നിയമപരമായ അവസ്ഥ അവസാനിച്ചു എന്ന ചരിത്രപാഠത്തിൽ ആ ചോദ്യത്തിന് ഉത്തരം കിട്ടില്ല. ചോദ്യം ചോദിക്കുന്നവനെ ഭയപ്പെടുത്തുന്ന അധികാരം അവസാനിച്ചോ, വിയോജിക്കുന്നവനെ രാജ്യദ്രോഹിയാക്കുന്ന രാഷ്ട്രീയം അവസാനിച്ചോ, പ്രതിഷേധിക്കുന്നവനെ നിരീക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യാനുള്ള ഭരണകൂടത്തിന്റെ ആഗ്രഹം അവസാനിച്ചോ എന്നതാണ് നാടകം അന്വേഷിക്കുന്നത്. അവിടെയാണ് ‘മിസ’ ഇന്നിന്റെ നാടകമായി മാറുന്നത്.

ഒറ്റ രംഗമല്ല ‘മിസ’

തൃശ്ശൂരിലെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശനവേദിയിൽ നാടകം അവതരിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം. നാടകത്തിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സദാചാരത്തിന്റെ അളവുകോലുമായി ഒരു വിഭാഗം രംഗത്തെത്തി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ഉൾപ്പെടെയുള്ളവർ വിമർശമുന്നയിച്ചു. നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചിലങ്ക അതിന് നൽകിയ മറുപടി വളരെ ലളിതമാണ്: “8 വേദികളിൽ ഇതേ നാടകം അവതരിപ്പിച്ചു; 9ാമത്തെ വേദിയായ ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിലെത്തിയപ്പോഴാണ് ചിലരുടെ സദാചാരബോധം പെട്ടെന്ന് ഉണർന്നത്.” അതാണ് ഈ വിവാദത്തിന്റെ രസകരമായ ഭാഗവും.

ഒരു നാടകത്തെ വിലയിരുത്തേണ്ടത് അതിന്റെ കഥയും രാഷ്ട്രീയവും രംഗഭാഷയും ചേർത്താണ്. ഒരു രംഗത്തിന്റെ ഏതാനും സെക്കൻഡ് മുറിച്ചെടുത്ത് അതിനെ സാമൂഹികമാധ്യമത്തിലെ ‘ക്ലിപ്പ്’ ആക്കി മാറ്റിയാൽ നാടകം കാണാനാവില്ല. അങ്ങനെ കാണാൻ കഴിയുന്നത് സ്വന്തം മുൻവിധി മാത്രമാണ്. ‘മിസ’യെക്കുറിച്ചുള്ള ഇപ്പോഴത്തെ വിമർശനങ്ങളിൽ സംഭവിച്ചതും അതാണ്.

ചോരയും ചൂഷണവും നിറഞ്ഞ ഇന്ത്യയിൽനിന്നാണ് തുടക്കം

സ്നേഹലത റെഡ്ഡിയുടെ ജയിൽജീവിതത്തിലേക്ക് നേരെ ചാടുന്ന നാടകമല്ല ‘മിസ’. ഇന്ത്യൻ സമൂഹത്തിലെ ചൂഷണത്തിന്റെ പല മുഖങ്ങളിലൂടെയാണ് അതിന്റെ യാത്ര ആരംഭിക്കുന്നത്.

കരിമ്പുപാടങ്ങളിൽ പണിയെടുക്കാൻ വേണ്ടി സ്വന്തം ശരീരത്തിന്റെ സ്വാഭാവിക അവകാശങ്ങൾവരെ നഷ്ടപ്പെടുന്ന സ്ത്രീത്തൊഴിലാളികൾ. തൊഴിൽസ്ഥലങ്ങളിൽ സുരക്ഷയില്ലാതെ വെന്തുമരിക്കുന്ന മനുഷ്യർ. വികസനത്തിന്റെ പേരിൽ മണ്ണിൽനിന്ന് പിഴുതെറിയപ്പെടുന്ന ആദിവാസികൾ. തൊഴിലും സ്ത്രീശരീരവും പ്രകൃതിയും ഒരുപോലെ ലാഭത്തിനുള്ള അസംസ്കൃത വസ്തുവായി മാറുന്ന ഇന്ത്യ.

അവിടുന്നാണ് നാടകം അധികാരത്തിന്റെ മറ്റൊരു മുഖത്തേക്ക് നീങ്ങുന്നത്. അടിയന്തരാവസ്ഥയിലേക്ക്.

സ്നേഹലത റെഡ്ഡി

സ്നേഹലത റെഡ്ഡിയെ അറിയണം

‘മിസ’ മനസ്സിലാക്കണമെങ്കിൽ സ്നേഹലത റെഡ്ഡിയെ അറിയണം. നടിയും നാടകപ്രവർത്തകയും നിർമാതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു അവർ. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിരോധവുമായി ബന്ധപ്പെട്ട് 1976ൽ അറസ്റ്റിലായി. ബറോഡ ഡൈനാമൈറ്റ് കേസുമായി ബന്ധപ്പെടുത്തി തടവിലാക്കിയെങ്കിലും അവരുടെ പേര് അന്തിമ കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും മാസങ്ങളോളം ബംഗളൂരു സെൻട്രൽ ജയിലിൽ കഴിഞ്ഞു.

കടുത്ത ആസ്ത്മ രോഗിയായിരുന്നു സ്നേഹലത. ജയിലിൽ ആരോഗ്യനില തകർന്നു. അവരുടെ ജയിൽ അനുഭവങ്ങളുടെ കുറിപ്പുകൾ പിന്നീട് ‘എ പ്രിസൺ ഡയറി’യായി പ്രസിദ്ധീകരിക്കപ്പെട്ടു. ഏകാന്തതയും ഭയവും രോഗവും ജയിൽജീവിതത്തിന്റെ അപമാനങ്ങളും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യം ഗുരുതരമായി തകർന്നതിനെ തുടർന്ന് 1977 ജനുവരിയിൽ അവർ പുറത്തുവന്നു. ജനുവരി 20ന് മരിച്ചു. തടവിന്റെ അനുഭവങ്ങളും ആരോഗ്യനിലയുടെ തകർച്ചയും അവരുടെ മരണത്തെ അടിയന്തരാവസ്ഥയുടെ ഏറ്റവും വേദനാജനകമായ ഓർമകളിലൊന്നാക്കി. അതുകൊണ്ടാണ് സ്നേഹലതയുടെ കഥ ഒരു വ്യക്തിയുടെ കഥയിൽ ഒതുങ്ങാത്തത്. അത് അധികാരത്തിന് ചോദ്യം ഇഷ്ടമില്ലാതാകുമ്പോൾ ഒരു മനുഷ്യന്റെ ശരീരത്തിൽ എന്തെല്ലാം സംഭവിക്കാമെന്ന ചരിത്രമാണ്.

ചിന്നു ചിലങ്ക

സ്ത്രീശരീരത്തിനുമേൽ അധികാരം

നാടകത്തിന്റെ രണ്ടാംപകുതിയിലാണ് സ്നേഹലതയുടെ ലോകം കൂടുതൽ തീവ്രമാകുന്നത്. തടവറ. ചോദ്യംചെയ്യൽ. അപമാനം. സ്ത്രീശരീരത്തിനുമേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ക്രൂരത. ആ രംഗങ്ങളെ ‘സഭ്യത’യുടെ കണ്ണടയിട്ട് കാണാനാകില്ല. കാരണം അവ സഭ്യമായ ഒരു കാലത്തിന്റെ കഥയല്ല പറയുന്നത്.

സ്ത്രീയുടെ ശരീരം ഇവിടെ കാഴ്ചയ്ക്കുള്ള വസ്തുവല്ല. അധികാരം ആക്രമിക്കുന്ന ഇടമാണ്. വേദനയുടെ രേഖയാണ്. പ്രതിഷേധത്തിന്റെ ഭാഷയാണ്. “അഭിനേതാവിന്റെ ശരീരവും ശബ്ദവുമാണ് ആവിഷ്കാരത്തിനുള്ള ഉപകരണങ്ങൾ” എന്ന് ചിന്നു ചിലങ്ക പറഞ്ഞത് അതുകൊണ്ടാണ്. ശരീരത്തിലൂടെയും ശബ്ദത്തിലൂടെയുമാണ് നാടകപ്രവർത്തകൻ പ്രേക്ഷകനോട് സംസാരിക്കുന്നത്; അതിനെ സദാചാര പൊലീസിങ്ങിന്റെ കണ്ണിലൂടെ കാണുന്നത് കലയുടെ ഭാഷയെ തന്നെ നിഷേധിക്കലാണെന്നാണ് അവരുടെ നിലപാട്.

അപ്പോൾ ചോദിക്കേണ്ടത് ഒരു രംഗത്തിൽ ഒരു അഭിനേതാവിന്റെ ശരീരം എത്രമാത്രം കാണപ്പെട്ടു എന്നല്ല. ആ ശരീരത്തോട് അധികാരം എന്താണ് ചെയ്തത് എന്നാണ്. അതാണ് ‘മിസ’യിലെ രാഷ്ട്രീയം.

തടവറയിൽ ജനിക്കുന്ന ‘മിസ’

നാടകത്തിൽ ഒരു തടവറയിൽ കുഞ്ഞ് ജനിക്കുന്നു. ആ കുഞ്ഞിന് നൽകുന്ന പേര് ‘മിസ’. അത് കേവലം ഒരു കഥാപാത്രത്തിന്റെ പേരല്ല. മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് — ‘മിസ’ — അടിയന്തരാവസ്ഥയുടെ ഓർമയിൽ ഭയത്തിന്റെ മറ്റൊരു പേരാണ്. വിചാരണയുടെ സാധാരണ സുരക്ഷകളിൽനിന്ന് മനുഷ്യരെ അകറ്റി തടവിലാക്കാൻ ഉപയോഗിക്കപ്പെട്ട നിയമത്തിന്റെ പേര്.

നാടകത്തിലെ കുഞ്ഞ് അതുകൊണ്ട് ഒരു കാലത്തിന്റെ മുറിവായി മാറുന്നു. അവൾ ജനിക്കുന്നതുതന്നെ ഒരു ചോദ്യമായാണ്: ഭയത്തിന്റെ കാലം അവസാനിച്ചോ?

ചങ്ങലയിട്ട ജോർജ് ഫെർണാണ്ടസിന്റെ ചോദ്യം

അടിയന്തരാവസ്ഥയുടെ ഏറ്റവും ശക്തമായ ചിത്രങ്ങളിലൊന്നാണ് ചങ്ങലയണിഞ്ഞ ജോർജ് ഫെർണാണ്ടസ്. ബറോഡ ഡൈനാമൈറ്റ് കേസിൽ തടവിലായിരുന്ന ഫെർണാണ്ടസിനെ ചങ്ങലയിട്ട് കോടതിയിൽ ഹാജരാക്കിയ ചിത്രങ്ങൾ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമായി. 1977ലെ തിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുമ്പോഴാണ് അദ്ദേഹം മുസഫർപൂരിൽനിന്ന് മത്സരിച്ച് ജയിച്ചത്.

‘മിസ’യിൽ ആ ചരിത്രം അരങ്ങിലെത്തുമ്പോൾ ചോദ്യം ഭൂതകാലത്തോട് മാത്രമല്ല. ഇന്നത്തെ പ്രേക്ഷകനോടാണ്. അധികാരം നിങ്ങളുടെ വാതിലിൽ എത്തുന്നതുവരെ നിങ്ങൾ നിശ്ശബ്ദനായിരിക്കുമോ? മറ്റൊരാളെ കൊണ്ടുപോകുമ്പോൾ നോക്കിനിൽക്കുമോ? ചോദ്യം ചോദിക്കുന്നവന്റെ ശ്വാസം മുട്ടിക്കുമ്പോൾ സ്വന്തം ശ്വാസം സുരക്ഷിതമാണെന്ന് കരുതുമോ? ഈ ചോദ്യങ്ങളാണ് നാടകത്തെ അസ്വസ്ഥമാക്കുന്നത്.

അടിയന്തരാവസ്ഥ ഒരു തീയതിയാണോ?

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലമാണ് ചരിത്രപുസ്തകത്തിൽ അടിയന്തരാവസ്ഥ. പക്ഷേ ‘മിസ’ പറയുന്നത് ഒരു തീയതിയെക്കുറിച്ചല്ല.

റോണ വിൽസൺ മുതൽ സ്റ്റാൻ സ്വാമിവരെയുള്ള പേരുകൾ നാടകത്തിൽ കടന്നുവരുന്നു. ഭീമ കൊറേഗാവ് കേസ്, രാഷ്ട്രീയ തടവുകാർ, പെഗാസസ് നിരീക്ഷണ വിവാദം, ഡിജിറ്റൽ നിരീക്ഷണം, കോർപറേറ്റ് വികസനത്തിനുവേണ്ടിയുള്ള കുടിയൊഴിപ്പിക്കൽ — ചരിത്രത്തെയും വർത്തമാനത്തെയും നാടകം ഒരേ അരങ്ങിൽ കൊണ്ടുവരുന്നു.

ഇത് “1975 വീണ്ടും അതേപടി ആവർത്തിക്കുന്നു” എന്ന ലളിത സമവാക്യമല്ല. മറിച്ച് അധികാരത്തിന് ചോദ്യം ഇഷ്ടമില്ലാതാകുന്ന എല്ലാ കാലത്തും ജനാധിപത്യം ജാഗ്രതയിലായിരിക്കണമെന്ന മുന്നറിയിപ്പാണ്.

ഇന്നത്തെ ഡൽഹിയിലും പ്രതിഷേധവും നിരീക്ഷണവും വീണ്ടും വലിയ ജനാധിപത്യ ചോദ്യമാകുന്നു. ജന്തർ മന്തറിലെ പ്രതിഷേധങ്ങളിൽ മുഖപരിചയ സാങ്കേതികവിദ്യ ഉപയോഗിച്ചതായി ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ കൂട്ടമായി നിരീക്ഷിച്ചിട്ടില്ലെന്നും കുറ്റകൃത്യ പശ്ചാത്തലമുള്ളവരെ തിരിച്ചറിയാൻ മാത്രമാണ് അത് ഉപയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നിരുന്നാലും പ്രതിഷേധവേദിയിൽ ഇത്തരമൊരു സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ പരിധിയെക്കുറിച്ചുള്ള ചർച്ച തന്നെ ‘മിസ’ ഉയർത്തുന്ന ചോദ്യത്തിന് ഇന്നത്തെ പ്രസക്തി നൽകുന്നു.

നിയമപരമായ അടിയന്തരാവസ്ഥ അവസാനിച്ചേക്കാം. അധികാരത്തെ ഭയക്കാതെ ചോദ്യം ചെയ്യാനുള്ള പൗരന്റെ സ്വാതന്ത്ര്യം എല്ലാ ദിവസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

റോണ വിൽസണും സ്റ്റാൻ സ്വാമിയും എന്തിന് അരങ്ങിലെത്തുന്നു

‘മിസ’ ഒരു ജീവചരിത്രനാടകമായി സ്നേഹലത റെഡ്ഡിയിൽ അവസാനിച്ചിരുന്നെങ്കിൽ അത് ചരിത്രത്തിന്റെ പുനരാവിഷ്കാരമാകുമായിരുന്നു. പക്ഷേ നാടകം അവിടെ നിൽക്കുന്നില്ല.

അതുകൊണ്ടാണ് റോണ വിൽസണും സ്റ്റാൻ സ്വാമിയും അതിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വരുന്നത്. അതുകൊണ്ടാണ് നിരീക്ഷണവും രാഷ്ട്രീയ തടവും കുടിയൊഴിപ്പിക്കലും ഇന്നത്തെ ലോകവും അരങ്ങിലേക്ക് വരുന്നത്.

ഭരണകൂടങ്ങൾ മാറും. നിയമങ്ങളുടെ പേരുകൾ മാറും. സാങ്കേതികവിദ്യ മാറും. പക്ഷേ അധികാരത്തിനോട് ചോദ്യം ചോദിക്കുന്ന മനുഷ്യനും ആ ചോദ്യം കേൾക്കാൻ ഇഷ്ടമില്ലാത്ത അധികാരവും തമ്മിലുള്ള സംഘർഷം അവസാനിച്ചിട്ടില്ല എന്നാണ് നാടകം പറയുന്നത്.

ദീപികയുടെ അടിവസ്ത്രത്തിന് കലാസ്വാതന്ത്ര്യം; നാടകത്തിന് സദാചാരം?

ഇപ്പോഴത്തെ വിവാദത്തിൽ മറ്റൊരു വിരോധാഭാസവുമുണ്ട്. ദീപിക പദുക്കോണിന്റെ സിനിമയിലെ വസ്ത്രത്തിന്റെ നിറംപോലും ദേശീയ രാഷ്ട്രീയ വിവാദമാക്കിയ കാലത്ത്, അതിനെതിരെ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ശരിയായ നിലപാട് സ്വീകരിച്ച വലിയൊരു വിഭാഗമുണ്ടായിരുന്നു.

ഒരു സിനിമയിലെ വസ്ത്രം രാഷ്ട്രീയമാക്കി ആക്രമിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ അതേ പൊതുസമൂഹത്തിലെ ചിലർ ഒരു രാഷ്ട്രീയ നാടകത്തിലെ രംഗം മുറിച്ചെടുത്ത് ഇന്ന് സദാചാരവിധി പറയുന്നത് വിചിത്രമാണ്. ആവിഷ്കാരസ്വാതന്ത്ര്യം ഇഷ്ടമുള്ള കലയ്ക്കു മാത്രമുള്ളതല്ല. നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കലയ്ക്കും അതുണ്ട്. പ്രത്യേകിച്ച് ആ അസ്വസ്ഥത സൃഷ്ടിക്കുകയാണ് കലാസൃഷ്ടിയുടെ ലക്ഷ്യമെങ്കിൽ.

കോട്ടയത്തിന് സ്നേഹലതയുടെ മറ്റൊരു ഓർമ

സ്നേഹലത റെഡ്ഡിയുമായി കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിനും ഒരു ഓർമയുണ്ട്. 1978–79 കാലത്ത് കേരള സർവകലാശാലയുടെ ആദ്യ എസ്.എഫ്.ഐ. ചെയർമാനായി സുരേഷ് കുറുപ്പ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കോട്ടയത്ത് നടന്ന സർവകലാശാല കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്‌ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു.

നന്ദനയെ കോട്ടയത്ത് കാലുകുത്തിക്കില്ലെന്ന് അവിടത്തെ കോൺഗ്രസ് പ്രവർത്തകർ പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളികൾ നാഗമ്പടത്ത്‌ ഒത്തുകൂടി, “തടയാൻ ധൈര്യമുള്ളവർ വരിക” എന്ന് വെല്ലുവിളിയോടെ. പിന്നാലെ നന്ദന വരികയും ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് അടിയന്തരാവസ്ഥയുടെ ഓർമ കോൺഗ്രസിന് സുഖകരമായ ചരിത്രമല്ലെന്ന രാഷ്ട്രീയ വിമർശനവും ഇപ്പോഴത്തെ ‘മിസ’ വിവാദത്തിനൊപ്പം ഉയരുന്നത്. ചരിത്രം മറക്കണമെന്ന് ആഗ്രഹിക്കുന്നവരെ നാടകം ഓർമിപ്പിക്കും. അതാണ് കലയുടെ മറ്റൊരു ജോലി.

8 വേദികളിൽ പ്രശ്നമില്ല; 9ാമത്തെ വേദിയിൽ സദാചാരം

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ‘മിസ’ ഇതിനുമുമ്പും വിവിധ വേദികളിൽ അവതരിപ്പിച്ചിരുന്നു. കർഷക സംഘടനകളുടെയും ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനങ്ങളുടെയും പരിപാടികൾ ഉൾപ്പെടെ 8 വേദികളിൽ നാടകം അരങ്ങേറി. അവിടെയൊന്നും ഈ സദാചാരപ്രളയം ഉണ്ടായില്ല. ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിലെ 9ാമത്തെ അവതരണത്തിനു ശേഷമാണ് ഒരു രംഗം പെട്ടെന്ന് കേരളത്തിന്റെ ‘സദാചാര പ്രശ്ന’മായി മാറിയത്.

അപ്പോൾ പ്രശ്നം നാടകത്തിലെ രംഗമാണോ? അതോ അത് അവതരിപ്പിച്ച വേദിയുടെ രാഷ്ട്രീയമാണോ? ആ ചോദ്യം ഒഴിവാക്കാനാവില്ല. വിവാദത്തിനു പിന്നാലെ നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ അവതരിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. പ്രഖ്യാപിച്ചിട്ടുമുണ്ട്. കലാസൃഷ്ടിക്ക് നൽകാവുന്ന ശരിയായ മറുപടിയും അതാണ്. കാണുക. പൂർണമായി കാണുക. എന്നിട്ട് വിമർശിക്കുക.

കവിതയും ശരീരവും പ്രതിഷേധവും

‘മിസ’യുടെ ശക്തി അതിന്റെ വിഷയത്തിൽ മാത്രമല്ല. രംഗഭാഷയിലുമുണ്ട്. ഇത് പരമ്പരാഗത അർഥത്തിലുള്ള സംഭാഷണനാടകത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്നില്ല. കവിതയുണ്ട്. സംഗീതമുണ്ട്. സാക്ഷ്യമുണ്ട്. ശരീരമുണ്ട്. ചരിത്രരേഖകളുണ്ട്. പ്രതിഷേധത്തിന്റെ ഭാഷയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകന് സുരക്ഷിതമായി കസേരയിൽ ഇരുന്ന് കഥ കണ്ടുതീർക്കാനാകില്ല.

നാടകം അയാളെ സാക്ഷിയാക്കുന്നു. “അന്ന് എന്താണ് സംഭവിച്ചത്?” എന്ന ചോദ്യത്തിൽനിന്ന് “ഇന്ന് സംഭവിക്കുമ്പോൾ ഞാൻ എന്തു ചെയ്യുന്നു?” എന്ന ചോദ്യത്തിലേക്ക് അയാളെ തള്ളിവിടുന്നു. അതാണ് രാഷ്ട്രീയ നാടകത്തിന്റെ ശക്തി.

“ഇനി നിങ്ങളുടെ ഊഴമാണ്”

‘മിസ’യുടെ അവസാനം പ്രേക്ഷകനു നേരെ വരുന്നത് മറ്റൊരു വാചകമാണ്: “ഇനി നിങ്ങളുടെ ഊഴമാണ്.” അവിടെയാണ് യഥാർഥത്തിൽ നാടകം തുടങ്ങുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് നമുക്ക് ധാരാളം പറയാം. ഇന്ദിരാ ഗാന്ധിയെ വിമർശിക്കാം. മിസയെ കരിനിയമമെന്ന് വിളിക്കാം. സെൻസർഷിപ്പും അറസ്റ്റുകളും പൊലീസ് പീഡനങ്ങളും ചരിത്രത്തിലെ തെറ്റുകളാണെന്ന് സമ്മതിക്കാം.

പക്ഷേ സ്വന്തം കാലത്തെ അധികാരദുർവിനിയോഗത്തിനു മുന്നിൽ നിശ്ശബ്ദരായാൽ ആ ചരിത്രപാഠത്തിന് എന്തു വില? മറ്റൊരു മനുഷ്യന്റെ സ്വാതന്ത്ര്യം ഇല്ലാതാകുമ്പോൾ സ്വന്തം സ്വാതന്ത്ര്യം സുരക്ഷിതമാണെന്ന് കരുതുന്ന നിമിഷത്തിലാണ് ജനാധിപത്യം ദുർബലമാകുന്നത്. ആ മുന്നറിയിപ്പാണ് ‘മിസ’.

സദാചാര ചർച്ചയിൽ ചരിത്രത്തെ മുക്കരുത്

നാടകത്തിലെ ഒരു രംഗം ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കാം. അതിന്റെ രംഗഭാഷയോട് വിയോജിക്കാം. സംവിധായകന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാം. കലാവിമർശനത്തിന് അതിരുകളില്ല. പക്ഷേ 1 മണിക്കൂറും 10 മിനിറ്റുമുള്ള രാഷ്ട്രീയ നാടകത്തിൽനിന്ന് ഏതാനും നിമിഷം മാത്രം മുറിച്ചെടുത്ത് അത് അശ്ലീലമാണോ അല്ലയോ എന്ന ചർച്ചയായി മാറ്റുന്നത് കലാവിമർശനമല്ല. അത് രാഷ്ട്രീയത്തെ മറയ്ക്കാനുള്ള എളുപ്പവഴിയാണ്.

അങ്ങനെ മുറിച്ചുമാറ്റപ്പെടുന്നത് ഒരു രംഗം മാത്രമല്ല. സ്നേഹലത റെഡ്ഡിയുടെ തടവറയാണ്. അടിയന്തരാവസ്ഥയുടെ പീഡനമാണ്. ചങ്ങലയിട്ട ജോർജ് ഫെർണാണ്ടസാണ്. മിസ തടവുകാരാണ്. ചോദ്യം ചോദിച്ചതിന് ജയിലിലായ മനുഷ്യരാണ്. ചരിത്രത്തിൽനിന്ന് ഇന്നുവരെ അധികാരത്തിന്റെ മുന്നിൽ നിവർന്നുനിന്ന മനുഷ്യരാണ്.

ആ ചോദ്യം കേരളവും കേൾക്കണം

‘മിസ’ കേവലം ഒരു നാടകമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്വാസകോശത്തിൽ ഇപ്പോഴും മുഴങ്ങുന്ന ഒരു മുന്നറിയിപ്പാണ്. അത് പറയുന്നത് വളരെ ലളിതമായ കാര്യമാണ്. ഭരണകൂടം ആരുടേതായാലും അതിനോട് ചോദ്യം ചോദിക്കാൻ പൗരന് കഴിയണം. ചോദ്യം ചോദിച്ചതിന് ജയിലാകരുത്. വിയോജിച്ചതിന് ശത്രുവാകരുത്. കലാകാരന്റെ ശരീരം സദാചാര പൊലീസിന്റെ സ്വത്താകരുത്. പ്രതിഷേധിക്കുന്നവൻ നിരീക്ഷിക്കപ്പെടേണ്ട കുറ്റവാളിയാകരുത്. ചരിത്രം മറക്കാൻ ആവശ്യപ്പെടുമ്പോൾ ഓർമിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതുകൊണ്ട് ‘മിസ’യിലെ ഒറ്റ രംഗത്തെക്കുറിച്ച് മാത്രം സംസാരിച്ച് അവസാനിപ്പിക്കരുത്.

നാടകം മുഴുവൻ കാണണം. സ്നേഹലത റെഡ്ഡിയെ അറിയണം. അടിയന്തരാവസ്ഥയെ ഓർക്കണം. അവസാനം നാടകം ചോദിക്കുന്ന ആ ചോദ്യം സ്വന്തം കാലത്തോട് വീണ്ടും ചോദിക്കണം: അടിയന്തരാവസ്ഥ അവസാനിച്ചോ? ഉത്തരം പറയേണ്ടത് അരങ്ങിലെ അഭിനേതാക്കളല്ല. ഇനി നമ്മുടെ ഊഴമാണ്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS