HomePOLITYരമേശിന്റെ ‘തൂ...

രമേശിന്റെ ‘തൂഫാൻ’ സതീശന്റെ കൂടാരത്തിൽ

-

Reading Time: 5 minutes

രാഷ്ട്രീയത്തിന് ചിലപ്പോൾ കഥയെഴുതാൻ അസാധാരണമായ പരിഹാസബോധമുണ്ട്. ലഹരിക്കെതിരെ കൊടിയെടുത്ത് നടന്നയാൾ തന്നെ എം.ഡി.എം.എ. കേസിൽ അറസ്റ്റിലാകുക. “ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന് അഭിമാനിക്കാം” എന്ന് രമേശ് ചെന്നിത്തലയെ പുകഴ്ത്തിയ പ്രവർത്തകനെ അതേ ആഭ്യന്തരമന്ത്രിയുടെ പൊലീസുതന്നെ പിടികൂടുക. അതിലേറെ, അറസ്റ്റിലായ പ്രധാനികളിലൊരാൾ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരിൽ പ്രവർത്തിക്കുന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററാണെന്ന വിവരം പുറത്തുവരിക. ‘ഓപ്പറേഷൻ തൂഫാൻ’ ഇപ്പോൾ വീശുന്നത് എവിടേക്കാണെന്ന ചോദ്യം അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിൽ കൗതുകകരമാകുന്നു.

പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശികളായ കെ.എച്ച്.മുഹമ്മദ് ഹുസൈൻ എന്ന ഹുസൈൻ മുസാഫിർ (28), പി.എ.അബ്ദുൾസലാം (27), പി.എ.അബ്ബാസ് (50) എന്നിവരാണ് കാസറഗോഡ് കാലിക്കടവിൽ 139.29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പിടിച്ചെടുത്ത ലഹരിക്ക് 7 ലക്ഷം രൂപയിലധികം വില വരുമെന്നാണ് റിപ്പോർട്ട്. പെരുമ്പാവൂരിൽനിന്ന് സ്വിഫ്റ്റ് കാറിൽ കാസറഗോഡേക്ക് പോകുന്നതിനിടെ ചന്തേര പൊലീസിന്റെ വാഹനപരിശോധനയിലാണ് മൂവരും പിടിയിലായത്.

ഇവരിൽ മുഹമ്മദ് ഹുസൈനാണ് രാഷ്ട്രീയമായി ഏറ്റവും വലിയ ചോദ്യം ഉയർത്തുന്നത്. ടിയാൻ ഒരു സാധാരണ കോൺഗ്രസ് അനുഭാവിയല്ല. ‘ടീം വി.ഡി.സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററാണ്. പെരുമ്പാവൂരിലെ യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. അതിനുമപ്പുറം, വി.ഡി.സതീശനുമായുള്ള ഇയാളുടെ അടുത്ത രാഷ്ട്രീയബന്ധം സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സതീശൻ മുഹമ്മദ് ഹുസൈന്റെ വീട്ടിലെത്തി വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്.

അതുകൊണ്ട് ഈ കേസ് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിലായ സംഭവമെന്ന ഒറ്റവരിയിൽ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയവലയത്തിലേക്ക് തന്നെയാണ് ചോദ്യങ്ങൾ എത്തുന്നത്.

ലഹരിവിരുദ്ധ ജാഥയുടെ ക്യാപ്റ്റൻ

കഥയിലെ ഏറ്റവും വലിയ വിരോധാഭാസം ഇതാണ്. 2025 ഒക്ടോബർ 19ന് യൂത്ത് കോൺഗ്രസ് അറയ്ക്കപ്പടി വലിയകുളം യൂണിറ്റ് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രഭാതനടത്തത്തിന്റെ മുദ്രാവാക്യം “ലഹരിക്കെതിരെ നാടുണരുന്നു” എന്നായിരുന്നു. ആ ജാഥയുടെ ക്യാപ്റ്റനായി പതാക ഏറ്റുവാങ്ങിയത് മുഹമ്മദ് ഹുസൈനാണ്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു മാത്താറയുടെ കൈയിൽനിന്നാണ് പതാക സ്വീകരിച്ചത്.

അന്ന് കൈയിൽ ലഹരിവിരുദ്ധ പതാക. ഇന്ന് എം.ഡി.എം.എ. കേസിലെ പ്രതിപ്പട്ടികയിൽ പേര്. കേസ് കോടതിയിൽ തെളിയേണ്ടതാണ്. അറസ്റ്റ് കുറ്റസ്ഥാപനമല്ല. ആ അടിസ്ഥാന നീതിനിയമം മറക്കേണ്ടതില്ല. എന്നാൽ രാഷ്ട്രീയ കാപട്യത്തിന്റെ ചോദ്യം ഇവിടെ പ്രസക്തമാണ്. ലഹരിവിരുദ്ധ പരിപാടികളുടെ മുൻനിരയിൽ നിർത്തിയ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ സംഘടനയ്ക്ക് അയാളെക്കുറിച്ച് എന്തറിയാമായിരുന്നു? യൂത്ത് കോൺഗ്രസ് സംവിധാനത്തിൽ അയാളുടെ സ്വാധീനം എത്രയായിരുന്നു? മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്താൻ അയാൾക്ക് കഴിഞ്ഞത് എങ്ങനെയാണ്? ഇവയ്ക്ക് കോൺഗ്രസ് മറുപടി പറയണം.

‘ടീം വി.ഡി.സതീശൻ’ എന്നു വെറുതെ പേരിട്ടതാണോ?

ഒരു രാഷ്ട്രീയനേതാവിനൊപ്പം ഒരാൾ ചിത്രമെടുത്തതുകൊണ്ടുമാത്രം അയാളുടെ എല്ലാ പ്രവൃത്തിക്കും നേതാവ് ഉത്തരവാദിയാകില്ല. പൊതുപ്രവർത്തകരോടൊപ്പം ദിവസേന നൂറുകണക്കിനാളുകൾ ചിത്രമെടുക്കാറുണ്ട്. പക്ഷേ ഇവിടെ വിഷയം ഒരു സെൽഫിയല്ല. ‘ടീം വി ഡി സതീശൻ’ പേജിന്റെ കോ–ഓർഡിനേറ്റർ ആണ്. സതീശൻ വീട്ടിലെത്തിയ ബന്ധമാണ് പറയുന്നത്. ഒന്നിലധികം കൂടിക്കാഴ്ചകളുടെ ചിത്രങ്ങളുണ്ട്. യൂത്ത് കോൺഗ്രസ് സംഘടനാപദവിയുണ്ട്. ലഹരിവിരുദ്ധ പരിപാടിയുടെ ക്യാപ്റ്റനുമായിരുന്നു. അപ്പോൾ “ഒരു ഫോട്ടോ എടുത്ത ആളെ മുഖ്യമന്ത്രിക്ക് എങ്ങനെ അറിയും” എന്ന പതിവ് രാഷ്ട്രീയമരുന്നുകൊണ്ട് ഈ ചോദ്യത്തിന് മറുപടി പറയാനാവില്ല.

‘ടീം വി.ഡി.സതീശൻ’ എന്ന പേരിലുള്ള സമൂഹമാധ്യമ സംവിധാനം ആരാണ് നടത്തിയിരുന്നത്? അതിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ രാഷ്ട്രീയസംഘത്തിനോ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? മുഹമ്മദ് ഹുസൈന്റെ ചുമതല കൃത്യമായി എന്തായിരുന്നു? ആരാണ് അദ്ദേഹത്തെ കോ–ഓർഡിനേറ്ററാക്കിയത്? മുഖ്യമന്ത്രി തുറന്നുപറയണം.

ലഹരി പെരുമ്പാവൂരിൽ; ചെന്നിത്തല നേരത്തേ എത്തിയിരുന്നു

ഇവിടെയാണ് കഥയ്ക്ക് മറ്റൊരു രാഷ്ട്രീയമാനം ലഭിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായ ശേഷം പ്രഖ്യാപിച്ച ഏറ്റവും വലിയ പൊലീസ് നടപടികളിലൊന്നാണ് ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’. ജൂൺ 1 മുതൽ സംസ്ഥാനവ്യാപകമായി ലഹരിശൃംഖല തകർക്കാനാണ് പദ്ധതി ആരംഭിച്ചത്.

പെരുമ്പാവൂർ പിന്നീട് ഓപ്പറേഷന്റെ പ്രധാന കേന്ദ്രമായി. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയും ആന്ധ്രപ്രദേശിൽനിന്ന് കഞ്ചാവും കേരളത്തിലെത്തുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പെരുമ്പാവൂരിൽ വ്യാപക പരിശോധന നടത്തി. ജൂലൈ 3ന് ചെന്നിത്തല നേരിട്ടെത്തി പെരുമ്പാവൂരിൽ ‘തൂഫാൻ ജാഗരൺ’ ലഹരിവിരുദ്ധ റാലി നയിച്ചു. പൊലീസ് മേധാവിയും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയായിരുന്നു അത്. “ലഹരി ശൃംഖലയിലുള്ളവർ നിരീക്ഷണത്തിലാണ്; നിർത്തിയില്ലെങ്കിൽ കൈവിലങ്ങ് ഉറപ്പ്” എന്നായിരുന്നു ചെന്നിത്തലയുടെ മുന്നറിയിപ്പ്.

ചെന്നിത്തലയുടെ ആ റാലിയിലും മുഹമ്മദ് ഹുസൈൻ പങ്കെടുത്തു. അതിലും രസകരമാണ് ഹുസൈൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വാചകം: “ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന് അഭിമാനിക്കാം. ആഭ്യന്തരമന്ത്രിയെ അഭിനന്ദിച്ച ആ ‘തൂഫാൻ പോരാളിയെ’ ഏതാനും ആഴ്ചകൾക്കുശേഷം എം.ഡി.എം.എ. കേസിൽ അതേ പൊലീസ് പിടികൂടിയെന്നതാണ് രാഷ്ട്രീയത്തിലെ കാവ്യനീതി.

ചെന്നിത്തല പണി കൊടുത്തതോ?

ഇവിടെയാണ് കോൺഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയം അറിയുന്നവർ ചെറുതായി ചിരിക്കേണ്ടിവരുന്നത്. ചെന്നിത്തല നേരിട്ട് സതീശന്റെ അനുയായിയെ ലക്ഷ്യമിട്ടു പൊലീസ് നടപടി എടുപ്പിച്ചു എന്ന് പറയാൻ ഇപ്പോൾ ഒരു തെളിവുമില്ല. അങ്ങനെ ആരോപിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാകും. പക്ഷേ രാഷ്ട്രീയമായി ചോദ്യം ചോദിക്കാൻ പാടില്ലെന്നില്ല. കാരണം രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തമ്മിലുള്ള സമീപകാല ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കോൺഗ്രസ് പോരാട്ടത്തിൽ സതീശന്റെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു ചെന്നിത്തല. കോൺഗ്രസ് ഹൈക്കമാൻഡ് ഒടുവിൽ സതീശനെ തെരഞ്ഞെടുത്തപ്പോൾ ചെന്നിത്തലയുടെയും കെ.സി.വേണുഗോപാലിന്റെയും അവകാശവാദങ്ങൾ മറികടക്കപ്പെട്ടു. തീരുമാനത്തിനു പിന്നാലെ ചെന്നിത്തലയുടെ അസന്തോഷവും പരസ്യമായി. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽനിന്ന് വിട്ടുനിന്നതും തനിക്ക് മന്ത്രിസഭയിൽ ചേരാനില്ലെന്ന് ആദ്യം അറിയിച്ചതുമടക്കം വലിയ ചർച്ചയായി. പക്ഷേ, പിന്നീട് അദ്ദേഹം ആഭ്യന്തരമന്ത്രിയായി.

ഇപ്പോൾ പൊലീസിന്റെ ലഹരിവേട്ട മുഖ്യമന്ത്രിയുടെ അടുത്ത രാഷ്ട്രീയവലയത്തിലേക്ക് എത്തിയിരിക്കുന്നു. അപ്പോൾ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചോദിക്കുന്നൊരു ചോദ്യമുണ്ടാകില്ലേ: “തൂഫാന്റെ കാറ്റിന്റെ ദിശ ചെന്നിത്തല തന്നെയാണോ നോക്കുന്നത്?” ഉത്തരം അറിയില്ല. പക്ഷേ ചോദ്യം രാഷ്ട്രീയമായി രസകരമാണ്. ഹുസൈൻ പിടിയിലായപ്പോൾ മുഖ്യമന്ത്രിയുടെ പേരാണ് ആദ്യം പറഞ്ഞത്. അത് സ്വാഭാവികമായും പൊലീസുകാർ ചെന്നിത്തലയെ അറിയിച്ചിട്ടുണ്ടാവും. ആഭ്യന്തര മന്ത്രിയുടെ അറിവോടും അനുമതിയോടും കൂടി തന്നെയാണ് തുടർനടപടികൾ ഉണ്ടായിട്ടുള്ളത് എന്നു സാരം. അതിനാൽ ചെന്നിത്തല പണി കൊടുത്തതോ എന്ന ചോദ്യം പ്രസക്തമാണ്.

ചെന്നിത്തലയുടെ പൊലീസ് എത്രദൂരം പോകും?

പൊലീസ് അന്വേഷണം യഥാർഥത്തിൽ സ്വതന്ത്രമാണെങ്കിൽ അടുത്ത ഘട്ടമാണ് നിർണായകം. ഈ സംഘത്തിന് എം.ഡി.എം.എ. കാസറഗോഡേക്ക് വിതരണത്തിനായി നൽകിയെന്ന ആരോപണത്തിൽ പെരുമ്പാവൂർ സ്വദേശി സൈനുൽ ആബിദ് (42) പിന്നീട് പിടിയിലായിട്ടുണ്ട്. ഇവരുടെ ഫോൺബന്ധങ്ങൾ അന്വേഷിക്കുമോ? പണമിടപാടുകൾ പരിശോധിക്കുമോ? എം.ഡി.എം.എ. വാങ്ങിയ ഉറവിടം കണ്ടെത്തുമോ? കേരളത്തിലെ വിതരണശൃംഖല മുഴുവൻ പുറത്തുകൊണ്ടുവരുമോ? ഈ പ്രതികളുടെ രാഷ്ട്രീയബന്ധം അന്വേഷണത്തെ മന്ദഗതിയിലാക്കുമോ? അതോ മുഖ്യമന്ത്രി ആരെന്നു പോലും നോക്കാതെ ചെന്നിത്തലയുടെ പൊലീസ് മുന്നോട്ടുപോകുമോ?

‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ചതുമുതൽ ആയിരക്കണക്കിന് അറസ്റ്റുകളും വലിയ തോതിലുള്ള മയക്കുമരുന്ന് പിടിച്ചെടുക്കലുകളും നടന്നതായി ആഭ്യന്തരമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്. ആദ്യ മാസത്തിൽത്തന്നെ 5,000ലധികം അറസ്റ്റ് നടന്നതായി ചെന്നിത്തല പറഞ്ഞിരുന്നു. അപ്പോൾ ‘ടീം വി.ഡി.സതീശൻ’ എന്ന പേരിന്റെ മുന്നിൽ തൂഫാൻ ശാന്തമാകാൻ പാടില്ല.

മുഖ്യമന്ത്രിയുടെ പഴയ മാനദണ്ഡം തിരിച്ചുവരുന്നു

വി.ഡി.സതീശന് ഇത് കൂടുതൽ അസൗകര്യമുണ്ടാക്കുന്ന മറ്റൊരു കാര്യമുണ്ട്. പ്രതിപക്ഷനേതാവായിരുന്നപ്പോൾ സി.പി.എം. ബന്ധമുള്ള ഒരാൾ ഏതെങ്കിലും ക്രിമിനൽ കേസിൽപ്പെട്ടാൽ സതീശൻ അതിനെ ആ വ്യക്തിയുടെ സ്വകാര്യ കുറ്റമായി മാത്രം കണ്ടിരുന്നില്ല. പാർട്ടി ബന്ധം, നേതാക്കളുമായുള്ള ചിത്രം, രാഷ്ട്രീയ സംരക്ഷണം, സംഘടനാപദവി—എല്ലാം ചേർത്തായിരുന്നു ആക്രമണം.

ഇപ്പോൾ അതേ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ വാതിലിലാണ്. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ ആരാണ്? ‘ടീം വി.ഡി.സതീശൻ’ പേജിൽ എന്തായിരുന്നു ചുമതല? മുഖ്യമന്ത്രിയുമായുള്ള ബന്ധം എത്രത്തോളം? വീട്ടിലെ വിരുന്നുവരെ എത്തുന്ന അടുപ്പം എങ്ങനെയുണ്ടായി? യൂത്ത് കോൺഗ്രസ് എന്തുകൊണ്ടാണ് അദ്ദേഹത്തെ ലഹരിവിരുദ്ധ ജാഥയുടെ ക്യാപ്റ്റനാക്കിയത്? പിടിയിലായ പി.എ.അബ്ദുൾസലാമിന്റെയും പി.എ.അബ്ബാസിന്റെയും സംഘടനാബന്ധം എന്താണ്? ഇവർ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെങ്കിൽ പാർടി അന്വേഷണം പ്രഖ്യാപിക്കുമോ?

ഈ ചോദ്യങ്ങൾക്ക് “നിയമം നിയമത്തിന്റെ വഴിക്ക് പോകും” എന്ന ഒറ്റവാക്യം മാത്രം പോരാ. നിയമം പോകട്ടെ. രാഷ്ട്രീയ ഉത്തരവാദിത്വവും പിന്നാലെ പോകണം.

കുഞ്ഞാലിക്കുട്ടിക്കൊപ്പവും ചിത്രം

മുഹമ്മദ് ഹുസൈന്റെ രാഷ്ട്രീയബന്ധം സതീശനിൽ മാത്രം അവസാനിക്കുന്നില്ല. വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള ചിത്രവും മറ്റ് കോൺഗ്രസ് നേതാക്കളോടൊപ്പമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതൊന്നും ആ നേതാക്കളെ ലഹരിക്കേസുമായി ബന്ധിപ്പിക്കുന്ന തെളിവല്ല. പക്ഷേ ഒരു കാര്യം വ്യക്തമാക്കുന്നു.

അറസ്റ്റിലായ യുവാവ് രാഷ്ട്രീയ സംവിധാനത്തിന്റെ അരികിൽ മാത്രം നിന്നിരുന്ന ഒരാളല്ല. നേതാക്കളുടെ അടുത്തെത്താനും സംഘടനാ പരിപാടികളിൽ പ്രധാനസ്ഥാനമെടുക്കാനും കഴിയുന്ന രാഷ്ട്രീയപ്രവർത്തകനായിരുന്നു എന്നാണ് പുറത്തുവരുന്ന ചിത്രങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് കേസ് രാഷ്ട്രീയപ്രാധാന്യം നേടുന്നത്.

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഫോട്ടോയും എം.ഡി.എം.എ. കേസിലെ ഫോട്ടോയും

ഇവിടെ 3 ചിത്രങ്ങൾ കേരളത്തിനു മുന്നിൽവെയ്ക്കാം. ആദ്യ ചിത്രത്തിൽ മുഹമ്മദ് ഹുസൈൻ ലഹരിവിരുദ്ധ ജാഥയുടെ പതാക ഏറ്റുവാങ്ങുന്നു. രണ്ടാമത്തെ ചിത്രത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനൊപ്പം നിൽക്കുന്നു. ഇപ്പോൾ മൂന്നാമത്തെ ചിത്രം വാർത്തകളിലാണ്—എം.ഡി.എം.എ. കേസിലെ പ്രതി.

കോടതി കുറ്റം തെളിയിക്കുന്നതുവരെ അയാൾ പ്രതി മാത്രമാണ്. ആ നിയമസത്യം പൂർണമായി അംഗീകരിക്കണം. പക്ഷേ രാഷ്ട്രീയമായി ഈ 3 ചിത്രങ്ങൾ ചേർന്നുയർത്തുന്ന ചോദ്യം ഒഴിവാക്കാനാകില്ല: കോൺഗ്രസിന്റെ ലഹരിവിരുദ്ധ രാഷ്ട്രീയം വെറും ഫോട്ടോ അവസരമായിരുന്നോ? ‘ലഹരിക്കെതിരെ നാടുണരുന്നു’ എന്ന് പതാകയേറ്റവരുടെ പശ്ചാത്തലം പരിശോധിക്കാൻ പോലും സംഘടനയ്ക്ക് സംവിധാനമില്ലേ?

തൂഫാൻ സ്വന്തം വീട്ടിലെത്തുമ്പോൾ

ഓപ്പറേഷൻ തൂഫാനെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ ഏറ്റവും പ്രസക്തം. ലഹരി ശൃംഖലയിലുള്ളവർ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ കൈവിലങ്ങിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ആ കൈവിലങ്ങ് എത്തിയത് മുഖ്യമന്ത്രിയുടെ പേരിലുള്ള സമൂഹമാധ്യമ സംഘത്തിലെ കോ–ഓർഡിനേറ്ററെന്നു പറയപ്പെടുന്ന ഒരാളിലേക്കാണ്. അതുകൊണ്ട് ചെന്നിത്തലയ്ക്കും പരീക്ഷയാണ്.

പിടിച്ചത് മാത്രം പോരാ. കേസ് എവിടെയെത്തിക്കുന്നു എന്നതാണ് പ്രധാനം. വിതരണശൃംഖലയുടെ അവസാന കണ്ണിവരെ പോകുമോ? രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ തടയുമോ? അതോ പഴയ ഗ്രൂപ്പ് എതിരാളിയുടെ ക്യാമ്പാണെന്ന കാരണത്താൽ പൊലീസ് കൂടുതൽ ആവേശം കാണിക്കുമോ?

രണ്ടാമത്തേത് സംഭവിച്ചാലും തെറ്റാണ്. ആദ്യത്തേത് സംഭവിച്ചാലും തെറ്റാണ്. പൊലീസ് രാഷ്ട്രീയമായി നിഷ്പക്ഷമായിരിക്കണം. എന്നാൽ കോൺഗ്രസിന്റെ ഗ്രൂപ്പ് ചരിത്രം കേരളത്തിന് അറിയാവുന്നതുകൊണ്ട് സംശയങ്ങൾക്ക് വാതിൽ തുറക്കുന്നത് അവർ തന്നെയാണ്.

സതീശന് മുന്നിൽ 2 വഴികൾ

മുഖ്യമന്ത്രി വി.ഡി.സതീശന് ഇപ്പോൾ 2 വഴികളുണ്ട്. ഒന്ന്, മുഹമ്മദ് ഹുസൈനുമായുള്ള രാഷ്ട്രീയബന്ധം തുറന്നുപറയുക. ‘ടീം വി.ഡി.സതീശൻ’ പേജുമായുള്ള ബന്ധം എന്തെന്ന് വിശദീകരിക്കുക. അന്വേഷണത്തിന് പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് ഉറപ്പുനൽകുക. രണ്ട്, പതിവുപോലെ “അറിയില്ല, ഒരു ഫോട്ടോ എടുത്തിട്ടുണ്ടാകും” എന്ന വഴിയിലേക്ക് പോകുക.

രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമാകില്ല. കാരണം ഒരു ഫോട്ടോയല്ല പുറത്തുള്ളത്. പല ചിത്രങ്ങളുണ്ട്. വീട്ടുസന്ദർശനത്തിന്റെ വിവരമുണ്ട്. സംഘടനാപദവിയുണ്ട്. സമൂഹമാധ്യമ കോ–ഓർഡിനേറ്റർ എന്ന ബന്ധമുണ്ട്. ലഹരിവിരുദ്ധ ജാഥയുടെ ക്യാപ്റ്റൻ എന്ന ചരിത്രമുണ്ട്. ‘തൂഫാൻ’ റാലിയിൽ പങ്കെടുത്ത കഥയുമുണ്ട്. അതിനാൽ ചോദ്യം വളരെ നേരെയാണ്: മുഖ്യമന്ത്രി, മുഹമ്മദ് ഹുസൈൻ ആരാണ്?

‘ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ട്’

അവസാനം രാഷ്ട്രീയത്തിലെ ഏറ്റവും മനോഹരമായ വിരോധാഭാസത്തിലേക്ക് തിരിച്ചുവരാം. രമേശ് ചെന്നിത്തലയുടെ തൂഫാൻ റാലിയിൽ പങ്കെടുത്തശേഷം മുഹമ്മദ് ഹുസൈൻ എഴുതിയ വാചകം: “ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന് അഭിമാനിക്കാം.”

ഇന്ന് ആ വാചകം വായിക്കുമ്പോൾ അതിന് പുതിയ അർഥമാണ്. ചെന്നിത്തലയുടെ പൊലീസ് അയാളെ പിടിച്ചു. ‘ടീം വി.ഡി.സതീശൻ’ കോ–ഓർഡിനേറ്ററെ. മുഖ്യമന്ത്രിക്കസേരയിലേക്കുള്ള മത്സരത്തിൽ സതീശനോട് തോറ്റ ചെന്നിത്തലയുടെ വകുപ്പാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് ചോദ്യം രാഷ്ട്രീയമായി ഒഴിവാക്കാനാകില്ല: ലഹരിക്കെതിരെയുള്ള ‘തൂഫാൻ’ മാത്രമാണോ ഇത്, അതോ കോൺഗ്രസിലെ പഴയ ഗ്രൂപ്പ് കണക്കുകൾക്കിടയിലൂടെയും കാറ്റ് വീശുന്നുണ്ടോ?

ചെന്നിത്തല “പണി കൊടുത്തു” എന്ന് പറയാൻ തെളിവില്ല. പക്ഷേ സതീശന് ഈ ‘തൂഫാൻ’ സുഖകരമല്ലെന്ന് പറയാൻ തെളിവ് വേണ്ട. കാരണം കാറ്റ് ഇപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂടാരത്തിനുള്ളിലാണ്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS