കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബി.ജെ.പിക്കാര്‍ക്ക് ഇപ്പോള്‍ വല്ലാത്ത സ്നേഹമാണ്. ഈ സ്നേഹം കണ്ട് കുറെ ക്രൈസ്തവ പ്രമാണിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിട്ടുമുണ്ട്. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. നേതൃത്വം നല്കുന്ന സംഘപരിവാര്‍ ക്രൈസ്തവര്‍ക്കു മുന്നില്‍ പ്രകടമാക്കുന്നത് മുഖംമൂടി മാത്രമാണെന്ന് അവര്‍ അറിയുന്നില്ല.
ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നാലു കന്യാസ്ത്രീകള്‍ക്കു നേരെ ഹിന്ദുത്വ തീവ്രവാദികള്‍ കഴിഞ്ഞ ദിവസം നടത്തിയ കൈയേറ്റം ചിലരുടെയെങ്കിലും കണ്ണു തുറപ്പിച്ചിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം. അതാണ് പരിവാറിന്റെ യഥാര്‍ത്ഥ മുഖം.
തിരുഹൃദയ സംന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ നാലു കന്യാസ്ത്രീകള്‍ക്കുനേരെ മാർച്ച് 19നാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ രണ്ടു യുവകന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പെടെ മറ്റു രണ്ടുപേർ കൂടെ പോയത്. ഇവരിൽ രണ്ടുപേർ സാധാരണ വേഷത്തിലായിരുന്നു.
ഝാൻസിയിൽ ട്രെയിൻ എത്തിയപ്പോൾ മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച് ഒരു കൂട്ടം ബജ്രംഗ്ദൾ പ്രവർത്തകർ ബഹളമുണ്ടാക്കി. അവര്‍ വിളിച്ചുവരുത്തിയ പൊലീസ് കന്യാസ്ത്രീകളോട് ട്രെയിനില്‍ നിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. വനിതാ പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത കന്യാസ്ത്രീകളെ ബലംപ്രയോഗിച്ച് പുറത്തിറക്കി. ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും യോഗി ആദിത്യനാഥിന്റെ പൊലീസും അവരോടു വളരെ മോശമായാണ് പെരുമാറിയത്.
ട്രെയിനില്‍ നിന്നിറക്കിയ ഈ കന്യാസ്ത്രീകളെ ആര്‍പ്പുവിളികളോടെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. മതംമാറ്റ നിരോധന നിയമം ഉപയോഗിച്ച് കേസില്‍ കുടുക്കാനും നീക്കമുണ്ടായി. ഡൽഹിയിൽനിന്ന് അഭിഭാഷകർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് കന്യാസ്ത്രീകളെ മോചിപ്പിച്ചത്. രാത്രി 11ഓടെയാണ് ഇവര്‍ക്ക് സ്റ്റേഷൻ വിടാനായത്. പിന്നീട് സഭാവേഷം ഉപേക്ഷിച്ച ശേഷം സാധാരണ വേഷം ധരിച്ചാണ് അവര്‍ യാത്ര തുടർന്നത്.
പറയുന്നതിനെക്കാള്‍ ഭീകരമാണ് യഥാര്‍ത്ഥത്തിലുള്ള അനുഭവം. അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. ആ സംഭവത്തിന്റെ വീഡിയോ കാണേണ്ടതാണ്. ബി.ജെ.പി. എന്താണെന്ന് ശരിക്കു മനസ്സിലാക്കാന്‍ ഇതുപകരിക്കും. എത്ര ഭീകരമായാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും മനസ്സിലാകും.
കേരളത്തിലെ ക്രൈസ്തവര്‍ അറിയുന്നില്ല ഹിന്ദുത്വ തീവ്രവാദം മറച്ചുപിടിച്ച് ബി.ജെ.പി. അവരോട് സ്നേഹം അഭിനയിക്കുന്നത് വോട്ടിനു വേണ്ടി മാത്രമാണെന്ന്! തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇവിടെയും അവര്‍ തനിനിറം പുറത്തെടുക്കുക തന്നെ ചെയ്യും. കുറുക്കന് നീലച്ചായത്തില്‍ മുങ്ങിയാലും ഓരിയിടാന്‍ മറക്കില്ലല്ലോ!!
മതനിരപേക്ഷ പക്ഷത്ത് ഉറച്ചുനില്ക്കുക. സ്വയം സുരക്ഷിതരാവുക. എല്ലാ ജാതിമതസ്ഥരും സുരക്ഷിതരായി സഹവസിക്കുന്ന ഏക സ്ഥലം കേരളമാണെന്നു മറക്കരുത്. ഇവിടെ വിഷം കലക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.