HomePOLITYകൈക്കൂലി 1,00...

കൈക്കൂലി 1,000 കോടി!!!

-

Reading Time: 4 minutes

2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവര്‍ പറ്റിക്കുകയാണെന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ക്ലിഫ് ഹൗസില്‍ പോയത്. രഹസ്യ ചര്‍ച്ചയായിരുന്നു.

വീടിന്റെ മുകളില്‍ വെക്കുന്ന ചെറിയ സോളാര്‍ പദ്ധതിയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടി കരുതിയത്. പിന്നീടാണ് വലിയ പ്രൊജക്ട് ആണെന്ന് മനസ്സിലായത്. അപ്പോഴാണ് ഡിറ്റെയ്ല്‍സ് ചോദിക്കുന്നത്.

4-5 കോടി വരുമോ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. 4,000 കോടി യു.കെ. കണ്‍സോര്‍ഷ്യമാണ് ഇന്‍വെസ്റ്റ് ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. 25 ശതമാനം തുക തരികയാണെങ്കില്‍ എല്ലാ ക്ലിയറന്‍സും തരാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

1,000 കോടി രൂപ വേണമെന്നാണ് പറഞ്ഞത്. എനിക്കത് തരാന്‍ കഴിയില്ലെന്ന് പറഞ്ഞു. യു.കെ. കണ്‍സോര്‍ഷ്യമാണല്ലോ ഇന്‍വെസ്റ്റ് ചെയ്യുന്നത്. 3-4 അക്കൗണ്ടുകള്‍ തരാം അതിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കാമെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

4,000 കോടി മുടക്കുന്ന കമ്പനിയോട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 1,000 കോടി രൂപ നല്‍കാന്‍ പറഞ്ഞാല്‍ അവര്‍ എന്റെ മുഖത്തടിക്കുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. വേണമെങ്കില്‍ പ്രൊഫിറ്റിന്റെ 15 ശതമാനം നല്‍കാന്‍ ശ്രമിക്കാം എന്നും പറഞ്ഞു.

-ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിളയുടെ വാക്കുകളാണിത്. ഏതാനും മാസങ്ങള്‍ക്കു മുമ്പു വരെ നമ്മുടെ സംസ്ഥാനം ഭരിച്ചിരുന്ന മുഖ്യമന്ത്രി ചോദിച്ച കൈക്കൂലി -1,000 കോടി രൂപ. കേരളം പുരോഗമിക്കുന്നില്ലെന്ന് ആരാണ് ഹേ പറഞ്ഞത്? മുന്‍ മുഖ്യമന്ത്രിയെ തട്ടിപ്പുകേസില്‍ ശിക്ഷിച്ചു എന്നതല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്, അദ്ദേഹം ചോദിച്ച കൈക്കൂലിയുടെ അളവാണ്!!

Oommen_Chandy dig.jpg

കൊടുത്ത കേസും ഉന്നയിച്ച ആരോപണങ്ങളും ശരിയാണെന്നു കോടതിയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ കുരുവിളയുടെ ഈ വാക്കുകളും നമുക്ക് വിശ്വസിക്കേണ്ടി വരികയാണ്. അങ്ങനെയാണെങ്കില്‍ ബംഗളൂരുവില്‍ നിന്ന് ഇപ്പോള്‍ വന്ന വിധി വാര്‍ത്ത ഇനിയും വരാനിരിക്കുന്ന ഒട്ടേറെ വിധികളില്‍ ആദ്യത്തേതാണ്. പക്ഷേ, ഒരു കാര്യമോര്‍ക്കണം. ബംഗളൂരുവില്‍ ഉമ്മന്‍ ചാണ്ടി മറ്റൊരു ‘മല്ലു’ മാത്രമാണ്. ഉഗ്രപ്രതാപമുള്ള ജയലളിതയ്ക്കു പോലും അവിടെ രക്ഷയുണ്ടായില്ല, പിന്നല്ലേ ചാണ്ടിച്ചന്‍. കേരളത്തിലെ ജഡ്ജിമാര്‍ തെളിവുകള്‍ മാത്രം വിലയിരുത്തി മുഖം നോക്കാതെ നടപടിക്ക് തയ്യാറാവുമോ എന്നതാണ് ഇനി അറിയാനുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. പി.കെ.ജയലക്ഷ്മി ഒഴികെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മുഴുവന്‍ പേരും അഴിമതിക്കേസുകളില്‍ പ്രതിയാണെന്ന വി.എസ്സിന്റെ ആരോപണമായിരുന്നു മാനനഷ്ടക്കേസിനാധാരം. അഴിമതിക്കേസില്ല എന്നതുകൊണ്ട് പി.കെ.ജയലക്ഷ്മി അഴിമതിക്കാരി അല്ലാതാവുന്നില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നത് വേറെ കാര്യം. ഏതായാലും വി.എസ്സിന്റെ ആരോപണത്തിനെതിരെ ഉമ്മന്‍ ചാണ്ടി രൂക്ഷമായി പ്രതികരിച്ചു. തന്റെ പേരില്‍ ഒരു കേസെങ്കിലുമുണ്ടെങ്കില്‍, ഒരു കീറക്കടലാസെങ്കിലുമുണ്ടെങ്കില്‍ കാണിച്ചു തരൂ എന്ന് വെല്ലുവിളിച്ചു. മറുപടിയായി വി.എസ്. വലിയൊരു പട്ടിക തന്നെ പുറത്തിറക്കി. വെറുതെ ഒരു കൗതുകത്തിന് ആ പട്ടിക ഇപ്പോള്‍ ഒന്നെടുത്തു നോക്കി. അതില്‍ ഇപ്പോഴത്തെ ബംഗളൂരു കേസിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാനനഷ്ടക്കേസ് സ്വാഹ!!! ശരിക്കും പറഞ്ഞാല്‍ മാനനഷ്ടക്കേസിനെപ്പറ്റി പരസ്യമായി പറയുമ്പോള്‍, ഈ തട്ടിപ്പ് കേസിന്റെ വിവരം ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു എന്നു സാരം.

troll.jpg

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണെങ്കിലും ഇതില്‍ സരിതയില്ല. കോടികള്‍ വെട്ടിക്കാന്‍ ലക്ഷ്യമിട്ട ഈ തട്ടിപ്പ് കളത്തിലെ വെറുമൊരു കരു മാത്രമാണ് സരിത എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുന്നു. കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. എറണാകുളം ആസ്ഥാനമായുള്ള സോസ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ബിനു നായര്‍, ഡയറക്ടര്‍ ആന്‍ഡ്രൂസ്, ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ദില്‍ജിത്ത് എന്നിവര്‍ 1 മുതല്‍ 4 വരെ പ്രതികള്‍. സോസ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് ആറാം പ്രതി.

കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസിലെ ആദ്യ വിധി പുറപ്പെടുവിക്കാനുള്ള ഭാഗ്യമുണ്ടായത് ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ആര്‍.ചെന്നകേശവയ്ക്ക്. ബ്രിട്ടനില്‍ നിന്ന് സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭ്യമാക്കാമെന്നും ഇതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി ലഭ്യമാക്കാമെന്നും പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും സംഘവും 1.35 കോടി രൂപ കുരുവിളയില്‍ നിന്ന് പല ഘട്ടങ്ങളിലായി വാങ്ങിയിരുന്നു. ഇതിപ്പോള്‍ 1,60,85,700 രൂപയായി കുരുവിളയ്ക്ക് പ്രതികള്‍ 6 മാസത്തിനകം നല്‍കണം, 12 ശതമാനം പലിശയടക്കം!! അടിപൊളി!!! രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കാശ് കടലില്‍ കായം കലക്കിയപോലെ എന്നാണ് പൊതുധാരണ. കടലില്‍ നിന്ന് കുരുവിള കായം തിരികെ കുറുക്കിച്ചു!!

തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് പങ്കുവഹിച്ചു എന്നാണ് ആരോപണം. 2012 ഒക്ടോബര്‍ 11ന് ക്ലിഫ് ഹൗസില്‍ വെച്ച് താനുമായി 40 മിനിറ്റ് ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയെന്ന് കുരുവിള പറയുന്നു. 4,000 കോടി രൂപയില്‍ കേന്ദ്ര സബ്‌സിഡി 40 ശതമാനമാണ് -1,600 കോടി രൂപ. ഇതില്‍ 1,000 കോടി വേണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്, മൊത്തം പദ്ധതിച്ചെലവിന്റെ 25 ശതമാനം. ഇത്രയും വലിയ തുക നല്‍കാനാവില്ലെന്ന് താന്‍ അപ്പോള്‍ത്തന്നെ പറഞ്ഞുവെന്നാണ് കുരുവിള കോടതിയില്‍ വ്യക്തമാക്കിയത്.

നേരിട്ട് ഹാജരാവാതിരുന്നാല്‍ കേസ് അനന്തമായി നീളുമെന്ന് ഉമ്മന്‍ ചാണ്ടി കരുതി. അവിടെ പിഴച്ചു. ഇപ്പോള്‍ വന്നത് തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ വിധിയാണെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അതേ ഉമ്മന്‍ ചാണ്ടി തന്നെ കേസ് നടത്താന്‍ അഡ്വ.രവീന്ദ്രനാഥിനെ ഏല്പിച്ചിരുന്നു എന്നും പറയുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെയെന്ന് മുന്‍ മുഖ്യമന്ത്രി തന്നെ വിശദീകരിക്കേണ്ടി വരും.

oc-release

പലരും കിടന്ന് ചാടുന്ന പോലെ ഇതൊരു ക്രിമിനല്‍ കോടതി വിധിയല്ല, മറിച്ച് സിവില്‍ കോടതി വിധി മാത്രമാണ് എന്ന് വാദവുമായി ഉമ്മന്‍ ചാണ്ടി ഭക്തസഭയും രംഗത്തിറങ്ങിയിട്ടുണ്ട്. സോസ എന്ന കമ്പനിയുടെ പേരില്‍ സോളാര്‍ പാനലിന് സബ്‌സിഡി തരപ്പെടുത്തിക്കൊടുക്കാം എന്നു പറഞ്ഞ് ബിനു നായര്‍, ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്നു വാങ്ങിയ പണം തിരികെ കൊടുത്തില്ല എന്നതു മാത്രമാണ് കേസ്. ആ പണം തിരികെ ലഭിക്കാന്‍ ബംഗളൂരു സിവില്‍ കോടതിയില്‍ കൊടുത്ത അന്യായത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി സബ്‌സിഡി തരപ്പെടുത്താമെന്ന് പ്രതികള്‍ പറഞ്ഞതായി കാണിച്ച് ഉമ്മന്‍ ചാണ്ടിയെ അന്യായത്തില്‍ എതിര്‍കക്ഷിയാക്കി എന്നേയുള്ളൂ!!! കോടതി വിധിയില്‍ ഒരിടത്തും ഉമ്മന്‍ ചാണ്ടിക്ക് ഇടപാടുമായോ പണം കൈമാറലുമായോ ബന്ധമുള്ളതായി പറയുന്നില്ലെന്നും അവര്‍ വിശദീകരിക്കുന്നു. ഈ വിശദീകരണത്തിന് ഒരു മറുപടിയേ ഉള്ളൂ -മുകളില്‍ കുരുവിളയുടേതായി ചേര്‍ത്തിരിക്കുന്ന വാക്കുകള്‍ നോക്കുക. ആ വാക്കുകള്‍ വിധി പുറപ്പെടുവിച്ച കോടതിയും ശരിവെച്ചിട്ടുണ്ട്.

പിന്നെ നിയമവശം നന്നായി അറിയാവുന്ന ഒരു അഭിഭാഷക സുഹൃത്ത് ചൂണ്ടിക്കാട്ടിയ കാര്യം കൂടി പറയാം. കേസില്‍ തനിക്കുവേണ്ടി അഡ്വ.രവീന്ദ്രനാഥിനെ ചുമതലപ്പെടുത്തി എന്ന് ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുണ്ട്. അത്തരത്തില്‍ വക്കാലത്ത് സമര്‍പ്പിച്ച ശേഷം വക്കീലോ പ്രതിയോ ഹാജരാവാത്ത പക്ഷം സാധാരണനിലയില്‍ കോടതി സ്വീകരിക്കുന്ന ചില നടപടിക്രമങ്ങളുണ്ട്. വക്കീലിന് നേരിട്ടോ ബാര്‍ അസോസിയേഷന്‍ വഴിയോ കോടതി വാക്കാല്‍ താക്കീത് നല്‍കും. അതും ഫലിച്ചില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കും. സാധാരണനിലയില്‍ വക്കീലിന് നേരിട്ട് വാറന്റ് ഒപ്പിട്ടു വാങ്ങാനാവില്ല. വ്യക്തിപരമായി ഹാജരാവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ എക്‌സംപ്ഷന്‍ പെറ്റീഷന്‍ കൊടുത്ത് ഉത്തരവാക്കണം. ഇതൊന്നും ഈ കേസില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ ഉമ്മന്‍ ചാണ്ടി ഇപ്പോഴും കള്ളം പറയുന്നു എന്ന് നിയമബോധമുള്ള എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവും.

സരിതയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി വരാന്‍ കിടക്കുന്നതേയുള്ളൂ. സരിത ഉള്‍പ്പെടാത്ത സോളാര്‍ കേസുകളിലും ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ടെന്ന് ബംഗളൂരുവില്‍ നിന്നുള്ള വിധി തെളിയിക്കുന്നു. മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടി പറഞ്ഞതെല്ലാം കളവാണെന്നു ജനം ആവര്‍ത്തിച്ചുറപ്പിക്കും. കുരുവിള കൊണ്ടുവന്നത് 4,000 കോടി രൂപയുടെ പദ്ധതിയാണെങ്കില്‍ സരിത അവതരിപ്പിച്ചത് 10,000 കോടി രൂപയുടെ പദ്ധതിയാണ്. 25 ശതമാനം വെച്ച് കൈക്കൂലി ഒന്ന് കണക്കാക്കി നോക്കൂ!! കേരളത്തെ മൊത്തം വിറ്റു തിന്നാല്‍ ഉമ്മന്‍ ചാണ്ടിക്കും ടീമിനും കഴിയാതെ പോയത് ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ അല്പമൊക്കെ നേരും നെറിയും അവശേഷിക്കുന്നതിനാലാണ്. അതും കൂടി ഇല്ലാതാവാന്‍ അധികകാലമൊന്നും പോകേണ്ടി വരില്ല എന്നത് വേറെ കാര്യം.

ബംഗളൂരു കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവസരമുണ്ട്. പക്ഷേ, ശിക്ഷിക്കപ്പെട്ട പ്രതി എന്ന നിലയില്‍ കൂട്ടില്‍ നിന്നു വേണം അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍.

തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി!! ജയലളിതയെ പുച്ഛിച്ച നമുക്ക് ഇങ്ങനെ തന്നെ വേണം!!!!

train.jpg

ലെ പൊതുജനം – ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണം.

ലെ ഉമ്മന്‍ ചാണ്ടി – ഞാന്‍ മുഖ്യമന്ത്രി സ്ഥാനം എന്നേ രാജിവെച്ചു. അതിനു ശേഷമല്ലേ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയത്. എപ്പോഴുമെപ്പോഴും രാജിവെയ്ക്കാന്‍ പറ്റുമോ?

ലെ പൊതുജനം എന്നും കഴുതകള്‍!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights