Reading Time: 5 minutes

പ്രഭാ വര്‍മ്മയുടെ ‘ശ്യാമമാധവം’ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്റെ പ്രാരംഭ കൂടിയാലോചനകളിലാണ് സച്ചിന്‍ മന്നത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. സംഗീത വിഭാഗത്തിന്റെ ചുമതല സച്ചിനെ ഏല്പിക്കാം എന്നു നിര്‍ദ്ദേശിച്ചത് സംവിധായകനായ പ്രശാന്ത് നാരായണന്‍ തന്നെയാണ്. പ്രശാന്ത് ഇത്ര കൂടി പറഞ്ഞു -‘എ.ആര്‍.റഹ്മാന്റെ അസോഷ്യേറ്റാണ്’. സച്ചിന്റെ പേര് അവിടെ ഉറയ്ക്കാന്‍ വേറെന്തു വേണം. ‘മദ്രാസ് മൊസാര്‍ട്ടി’ന്റെ പ്രിയശിഷ്യന്‍ മോശക്കാരനാവില്ലല്ലോ.

സച്ചിന്‍ ശങ്കര്‍ മന്നത്ത്‌

പിന്നെയും പലതവണ സച്ചിന്റെ പേര് കേട്ടു. അങ്ങനെ കേട്ട് കേട്ട് പരിചയമായി. ‘ലേക്ക് ഓഫ് ഫയര്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഗാനത്തിന് ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദ്ദേശ സാദ്ധ്യതാ പട്ടികയില്‍ ഇടം നേടിയതോടെ ഒന്നു കാണണമെന്ന ആഗ്രഹം കലശലായി. ഒടുവില്‍ ആ ആഗ്രഹം ഇന്ന് സഫലമായി -പ്രശാന്തിന്റെ വീട്ടില്‍ വെച്ച്.

താടി വെച്ച ആ ചെറുപ്പക്കാരനെ കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖം. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ‘മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ടോ’ എന്ന ചോദ്യം ഞാന്‍ സച്ചിനോട് ചോദിച്ചില്ല. എങ്കിലും ചിരപരിചിതരെപ്പോലെ ഞങ്ങള്‍ സംസാരിച്ചു. ഒടുവില്‍ പ്രശാന്തിനെയും സച്ചിനെയും കൂട്ടി കാറില്‍ കയറി വളയം പിടിക്കുമ്പോഴും എന്റെ ചിന്ത എവിടെയാണ് സച്ചിനെ മുമ്പ് കണ്ടത് എന്നതായിരുന്നു.

സച്ചിന്‍ മന്നത്തിനൊപ്പം ഞാന്‍

വീട്ടിലെത്തിയ ശേഷവും ചിന്ത സച്ചിനെപ്പറ്റിയായിരുന്നു. തിരിച്ചും മറിച്ചും ആ മുഖം ഞാന്‍ പരിശോധിച്ചു. ഒപ്പമെടുത്ത ചിത്രമെടുത്ത് ആ മുഖത്തെ താടിയും മീശയും ഒഴിവാക്കി നോക്കി. ശരീരത്തിന്റെ വണ്ണം അല്പം കുറച്ചു. ഒടുവില്‍ 12 വര്‍ഷം പിന്നോട്ടു പോകേണ്ടി വന്നു ആളെ പിടികിട്ടാന്‍. ഈ ചെറുപ്പക്കാരനെ ഞാന്‍ നേരത്തേ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് -2006ല്‍!!

യുവജനോത്സവങ്ങള്‍ എല്ലാ കാലത്തും ഹരമായിരുന്നു. കോളേജ് പഠന കാലത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ പിന്നണിയില്‍ ഏറെക്കാലം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. പഠനം കഴിഞ്ഞ് ജോലിക്കു കയറിയപ്പോഴും യുവജനോത്സവം വിട്ടില്ല. അപ്പോള്‍ പണി സംഘാടനത്തില്‍ നിന്ന് റിപ്പോര്‍ട്ടിങ്ങിലേക്കു മാറി എന്നു മാത്രം.

2006 ഡിസംബറിലാണെന്നാണ് ഓര്‍മ്മ. മാതൃഭൂമിയില്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം. വ്യക്തിപരമായ ഒരാവശ്യത്തിന് സുഹൃത്തിനൊപ്പം ആലപ്പുഴയിലെത്തിയതാണ്. അത് വേഗം കഴിഞ്ഞു. കേരള സര്‍വ്വകലാശാല യുവജനോത്സവം മാരാരിക്കുളത്തു നടക്കുന്നു. അതറിഞ്ഞ് വേദിയിലെത്തി. എത്തിയപ്പോള്‍ ചെറിയൊരു ഏണി. റിപ്പോര്‍ട്ടിങ് ചുമതലയുള്ള സുഹൃത്തിന് (ആരാണെന്നു ചോദിക്കരുത്, പറയില്ല. പാവത്തിന് മുന്‍കാല പ്രാബല്യത്തോടെ മെമോ കിട്ടും) വീട്ടില്‍ ഉടനെ പോകേണ്ട ചെറിയൊരത്യാവശ്യം. അവന്‍ പോയി വരുന്നതു വരെ മത്സരങ്ങള്‍ ഒന്നു നോക്കണം. വേറെ പണിയൊന്നുമില്ലാത്തതിനാല്‍ സമ്മതിച്ചു.

അങ്ങനെ കാണാന്‍ എത്തിയ എനിക്ക് പതിവുപോലെ എഴുതാന്‍ തന്നെ വിധി. നേരെ മുന്നില്‍ കണ്ട വേദിയിലേക്ക് നടന്നു. വെയിലത്ത് കൂടുതല്‍ നടക്കാന്‍ മെനക്കെട്ടില്ല എന്നും പറയാം. അവിടെ ആണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീത മത്സരം നടക്കുന്നു. പാട്ടിനോട് താല്പര്യമുള്ളതിനാല്‍ അവിടെ ഇരുന്നു. നല്ല മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ പാട്ടു കഴിയുമ്പോഴും ആ പാടിയയാളിന് ഒന്നാം സമ്മാനം ലഭിക്കും എന്നു തോന്നിക്കുന്ന മത്സരം.

ഒടുവില്‍ ഫലം വന്നപ്പോള്‍ ശ്രീ സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ നജീം അര്‍ഷാദിന് മൂന്നാം സ്ഥാനം. അതെ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവെന്ന നിലയില്‍ പിന്നീട് താരമായി മാറിയ ചലച്ചിത്ര പിന്നണി ഗായകന്‍ നജീം അര്‍ഷാദ് തന്നെ. രണ്ടാം സ്ഥാനം ഗവ. ലോ കോളേജിലെ വിമല്‍ കുമാറിന്. തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ എഞ്ചിനീയറിങ് കോളേജിലെ സച്ചിന്‍ ശങ്കര്‍ മന്നത്ത് എന്ന പയ്യന്‍സിന് ഒന്നാം സ്ഥാനം. സംസാരിച്ചു കുറിപ്പെടുത്തു. ‘ദേവരാജന്‍ മാഷിന്റെ പ്രിയ ശിഷ്യന്‍ പാട്ടില്‍ മുമ്പന്‍’ എന്നോ മറ്റോ ഒരു വാര്‍ത്തയെഴുതി കൈമാറിയത് ഓര്‍ക്കുന്നു. ആ സച്ചിനാണ് ഇന്ന് എന്റെ മുന്നില്‍ വീണ്ടുമെത്തിയത്!!!

വിഖ്യാത സംഗീത സംവിധായകന്‍ ദേവരാജന്‍ മാഷിനു മുന്നില്‍ അഞ്ചാം വയസ്സില്‍ ആരംഭിച്ചതാണ് സച്ചിന്റെ സംഗീതപഠനം. പിന്നീട് അച്ഛന്‍ ഡോ.ബാലശങ്കര്‍ മന്നത്തിന്റെ മേല്‍നോട്ടത്തില്‍ പ്രൊഫ.നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍, വര്‍ക്കല ജയറാം, പാറശ്ശാല പൊന്നമ്മാള്‍ എന്നിവരില്‍ നിന്നെല്ലാം കര്‍ണ്ണാടക സംഗീതം പഠിച്ചു. രാംപുര്‍ ഘരാനയിലെ പ്രശസ്തനായ ഉസ്താദ് ഗുലാം അക്ബര്‍ ഖാനില്‍ നിന്ന് ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. ഈ ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍ കൂടുതല്‍ പ്രണയിച്ചത് സംഗീതത്തിലെ സങ്കേതങ്ങളെയാണ്.

പാശ്ചാത്യ സംഗീത പഠനത്തിന് മിഡില്‍സെക്‌സ് സര്‍വ്വകലാശാലയില്‍ നിന്ന് സച്ചിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍

പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തില്‍ ലണ്ടനിലെ മിഡില്‍സെക്‌സ് സര്‍വ്വകലാശാലയില്‍ നിന്ന് ഓണേഴ്‌സ് ബിരുദം നേടിയ ആദ്യ മലയാളിയാണ് സച്ചിന്‍. ചെന്നൈയില്‍ എ.ആര്‍.റഹ്മാന്‍ ആരംഭിച്ച കെ.എം. മ്യൂസിക് കണ്‍സര്‍വേറ്ററിയിലായിരുന്നു ആദ്യ രണ്ടു വര്‍ഷത്തെ പഠനം. റഹ്മാനെ ആദരിക്കുന്നതിന് മിഡില്‍സെക്‌സ് സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ 4 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് തുടര്‍ന്ന് സച്ചിന് ലഭിക്കുകയായിരുന്നു.

റഹ്മാന്റെ ഖവ്വാലി സംഘത്തില്‍ സച്ചിന്‍

ലോകത്തെ ആദ്യ ഫിലിം ഓര്‍ക്കസ്ട്രയായ ജര്‍മ്മന്‍ സാബിള്‍സ്ബര്‍ഗ് ഫിലിം ഓര്‍ക്കസ്ട്ര എ.ആര്‍.റഹ്മാനെ ആദരിക്കുന്നതിന് ഇന്ത്യയിലും ജര്‍മനിയിലും അവതരിപ്പിച്ച പരിപാടികളില്‍ ഗായകനായി സച്ചിനുമുണ്ടായിരുന്നു. ഇന്ത്യയിലും ജര്‍മ്മനിയിലും റഹ്മാന്‍ നടത്തിയ ‘ക്ലാസിക് ഇന്‍കാന്റേഷന്‍സ്’ എന്ന ഈ സംഗീത പര്യടനത്തിന്റെ ഭാഗമാവാന്‍ ലഭിച്ച അവസരം സച്ചിനിലെ ഗായകന് കൂടുതല്‍ പൂര്‍ണ്ണത നല്‍കി. സൂഫി സംഗീതത്തിന് പ്രാധാന്യം നല്‍കി റഹ്മാന്‍ തന്നെ രൂപം നല്‍കിയ ഖവ്വാലി സംഘത്തിലെ പ്രധാന ഗായകനും സച്ചിന്‍ തന്നെയായിരുന്നു.

സച്ചിന്‍ സംഗീതസംവിധാന നിര്‍വ്വഹിച്ച ‘സ്വയം’ ആദ്യ സിഡി എ.ആര്‍.റഹ്മാന് കൈമാറിയപ്പോള്‍

2015ല്‍ ഉണര്‍വ്, 2017ല്‍ സ്വയം എന്നിവയാണ് സച്ചിന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച മലയാള ചിത്രങ്ങള്‍. ഒടുവില്‍ 2017ല്‍ ലേക്ക് ഓഫ് ഫയറിലൂടെ ഹോളിവുഡിലുമെത്തി. അതിലെ പശ്ചാത്തല സംഗിതത്തിനൊപ്പം ഒരു പാട്ടും സച്ചിന്‍ ഒരുക്കി. അതാണ് ഇപ്പോള്‍ ഓസ്‌കറിന് പരിഗണിക്കപ്പെടുന്നത്. ഒട്ടേറെ ആല്‍ബങ്ങളും ഇതിനിടെ സച്ചിന്‍ പുറത്തിറക്കി. കര്‍ണ്ണാടക സംഗീതം, ഓപറ എന്നിവയ്‌ക്കൊപ്പം ഗസലിലും സച്ചിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗസല്‍ സംരക്ഷണത്തിനായി ഗ്ലോബല്‍ ഗസല്‍ പ്രൊജക്ടിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. ഇതിനൊപ്പം ഞങ്ങളുടെ കൂടെ നാടകവുമുണ്ട്.

നാടകരംഗവുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് സച്ചിന്‍ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. പ്രശാന്ത് നാരായണന്‍ കളത്തില്‍ ഫെബ്രുവരി 10, 11 തീയതികളിലായി ദ്വിദിന സംഗീതശില്പശാല -സംഗീതക്കളം -സച്ചിന്‍ നയിക്കും. സ്വീഡിഷ്-ഇറ്റാലിയന്‍ സംഗീതരൂപങ്ങള്‍ സമന്വയിക്കുന്ന ബെല്‍ കാന്റോ ശൈലി, ഓപറ ശൈലി എന്നിവയുടെയെല്ലാം വിവിധ സങ്കേതങ്ങള്‍ സംബന്ധിച്ച അറിവുകള്‍ അദ്ദേഹം പകരും.

ശബ്ദനിയന്ത്രണം, ശ്വാസനിയന്ത്രണം, ശബ്ദവ്യായാമം, ശരീര-ശാരീര ഘടന എന്നിവയെല്ലാം പ്രതിപാദ്യവിഷയങ്ങളാവും. പാശ്ചാത്യരീതികള്‍ എങ്ങനെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാംശീകരിക്കാനാവും എന്നതിന്റെ സോദാഹരണ പ്രഭാഷണവുമുണ്ടാവും. ഇതിനായി രാംപുര്‍ സഹസ്വന്‍ ഘരാനയുമായുള്ള താരതമ്യപഠനം ആധാരമാക്കും.

പാശ്ചാത്യസംഗീതത്തിന്റെ താളലയങ്ങളെ നമ്മുടെ തനതു രാഗങ്ങളുമായി താരതമ്യം ചെയ്യുകയും സംയോജനം എത്രമാത്രം സാദ്ധ്യമാണെന്നു പരിശോധിക്കുകയും ചെയ്യാന്‍ ശില്പശാല സച്ചിന്‍ പ്രയോജനപ്പെടുത്തും. സംഘഗീതത്തില്‍ അവലംബിക്കേണ്ട വിവിധ രീതികളെക്കുറിച്ചും സച്ചിന്‍ വിശദീകരിക്കും. ഒരു സദസ്സിനു മുന്നില്‍ സംഗീതം അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കും.

സച്ചിനെ ഓസ്‌കര്‍ നാമനിര്‍ദ്ദേശം സാദ്ധ്യതാ പട്ടികയിലെത്തിച്ച ഗാനം

നാടകത്തെ സംബന്ധിച്ചിടത്തോളം സംഗീതം വളരെ പ്രധാനപ്പെട്ടതാണ്. രംഗത്തിന് നിറം പകരാന്‍ സംഗീതത്തിന് സാധിക്കും. ആ സംഗീതം എങ്ങനെ വിനിയോഗിക്കണമെന്നാണ് സച്ചിന്‍ പറയുക. അതില്‍ തീര്‍ച്ചയായും പുതുമയുണ്ട്. ആ പുതുമ സ്വാംശീകരിക്കാന്‍ കാത്തിരിക്കുന്നു.

Previous articleഎന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’
Next articleഡോക്ടര്‍മാര്‍ പറഞ്ഞ കഥ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here