പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിന്ധു നദീജല കരാറാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള പോരിലെ നിർണായക ഘടകമായി മാറിയിരിക്കുന്നത്. മുംബൈയിലും ഇന്ത്യൻ പാർലമെൻ്റിലും പുൽവാമയിലുമെല്ലാം ഭീകരാക്രമണങ്ങൾ ഉണ്ടായപ്പോൾ ഈ കരാറിൽ തൊടാതിരുന്ന ഇന്ത്യ പക്ഷേ ഇക്കുറി ക്ഷമിച്ചില്ല. പാകിസ്താൻ ഭീകരവാദത്തിൽനിന്ന് പിന്നോട്ട് പോകുന്നത് വരെ സിന്ധൂനദീജല കരാർ മരവിപ്പിക്കുകയാണ് എന്നാണ് സുരക്ഷാസമിതി യോഗത്തിനു ശേഷം ഇന്ത്യ പ്രഖ്യാപിച്ചത്. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണെന്ന് പ്രഖ്യാപിച്ച പാകിസ്താൻ പിന്നാലെ എല്ലാ സമാധാന ശ്രമങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഷിംല കരാറ്‍ മരവിപ്പിക്കുകയാണെന്നും അറിയിച്ചു.
1971ലെ ഇന്ത്യാ–പാകിസ്താൻ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ നിലവിൽ വരുന്നത്. ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ആയിരുന്നു അന്ന് ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാർ. പാകിസ്താൻ –ബംഗ്ലദേശ് തർക്കത്തിൽ ഇന്ത്യ ബംഗ്ലദേശിനെ പിന്തുണച്ചതായിരുന്നു അന്നത്തെ യുദ്ധത്തിൻ്റെ പ്രകോപനം. ഇന്ത്യ വിജയിച്ച ആ യുദ്ധത്തിനു ശേഷം ഹിമാചൽ പ്രദേശിൽ വച്ച് ഒപ്പുവച്ച കരാർ ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം.
1971ൽ ഷിംല കരാർ നിലവിൽ വന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ തുടർന്നു. സിയാച്ചിൻ മോഖലയിൽ പാക് സൈന്യം പിടിമുറുക്കുന്നുവെന്നും ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നുമുള്ള വിവരത്തെത്തുടർന്നാണ് ഇന്ത്യ 1984ൽ ഓപറേഷൻ മേഘദൂതിലൂടെ ആ മേഖല പിടിച്ചെടുത്തത്. ലോകത്തെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സൈനിക ഓപ്പറേഷനുകളിലൊന്നായിരുന്നു അത്. അന്ന് ഇന്ത്യ സിയാച്ചിൻ മേഖല പിടിച്ചെടുത്തത് ഷിംല കരാറിൻ്റെ ലംഘനമായാണ് പാകിസ്താൻ വ്യാഖ്യാനിച്ചത്.
1999ലെ കാർഗിൽ യുദ്ധവും പുൽവാമയിലെ ഭീകരാക്രമണവും ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ സാധാരണക്കാരുടെയും സൈനികരുടെയും ജീവനെടുത്തുകൊണ്ട് ഇന്ത്യ–പാക് അതിർത്തിയിൽ നടക്കുന്ന ആക്രമണങ്ങൾ ഷിംല കരാർ പാലിക്കപ്പെടുന്നില്ല എന്നതിൻ്റെ തെളിവാണ്. പഹൽഗാമിലെ ആക്രമണത്തിലടക്കം പലതിലും പാക് ഭരണകൂടത്തിൻ്റെ പങ്ക് പുറത്തുവരികയും ചെയ്തിരുന്നു. പക്ഷേ, ഒരുഘട്ടത്തിലും പാകിസ്താനിലെ ജനങ്ങളുടെ കുടിവെള്ളം നിഷേധിക്കുന്ന നടപടിയിലേക്ക് ഇന്ത്യ കടന്നിട്ടില്ല. ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണ് എന്ന പ്രഖ്യാപനവുമായാണ് ഷിംല കരാർ റദ്ദാക്കുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷിംല കരാർ നിലനിൽക്കെത്തന്നെ ഉഭയകക്ഷി ചർച്ചയിലൂടെ സമാധാനമായി പരിഹരിക്കാൻ ശ്രമം കാണാതെ നിരന്തരം സംഘർഷങ്ങൾ തുടരുന്നതാണ് സ്ഥിതി. അതിനാൽത്തന്നെ കരാർ മരവിപ്പിക്കാനോ റദ്ദാക്കാനോ ഏതെങ്കിലും കക്ഷി എടുക്കുന്ന തീരുമാനം സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടാക്കില്ല എന്നു തന്നെയാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഷിംല കരാർ
- ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും. കശ്മീരിൽ നിരന്തരം തുടരുന്ന സംഘർഷങ്ങൾ കുറയ്ക്കുക എന്നതായിരുന്നു അതിൽ പ്രധാനം.
- 1947ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനൊടുവില്‍ 1948 ഓഗസ്റ്റ് 13ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ ഇന്ത്യ-പാകിസ്താൻ അതിര്‍ത്തിയില്‍ 1945 ജനുവരി 5ന് ഒരു വെടിനിർത്തല്‍ രേഖ നിലവില്‍ വന്നിരുന്നു. ഷിംല കരാര്‍ യാഥാര്‍ഥ്യമായതോടെ ഈ വെടിനിറുത്തല്‍ രേഖ നിയന്ത്രണരേഖയായി ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണുണ്ടായത്.
- ഷിംല കരാറിനു ശേഷം യുദ്ധത്തിൽ പിടിച്ചെടുത്ത 13,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂമി പാകിസ്താന് ഇന്ത്യ തിരികെ കൊടുത്തു. പക്ഷേ, തുര്‍ത്തുക്ക്, ധോതങ്ങ്, ത്യാക്ഷി, ചലൂങ്ക തുടങ്ങിയ ചില തന്ത്രപരമായ പ്രദേശങ്ങള്‍ നിലനിർത്തുകയും ചെയ്തു. ഇത് ഏകദേശം 883 ചതുരശ്ര കിലോമീറ്റർ വരും.
- ബംഗ്ലദേശിനെ ഒരു പുതിയ രാജ്യം എന്ന നിലയിൽ നയതന്ത്രപരമായി പാകിസ്താനെക്കൊണ്ട് അംഗീകരിപ്പിക്കുക എന്ന ചുമതലയും ഷിംല കരാർ നിർവഹിച്ചു. അതിർത്തി രാജ്യമെന്ന നിലയിൽ ഇന്ത്യക്കും ഇത് നിർണായകമായിരുന്നു.









