HomeENTERTAINMENTതോമയും കറിയയു...

തോമയും കറിയയും …പിന്നെ ശ്യാമും

-

Reading Time: 6 minutes

എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍ എന്നെ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്‍ ഒന്നാം ഗ്രൂപ്പില്‍ ചേര്‍ത്തു. ഫിസിക്‌സും കെമിസ്ട്രിയും നന്നായി പഠിച്ചുവെങ്കിലും മാത്തമാറ്റിക്‌സ് എന്ന പേരുള്ള ഭീകരന്‍ കണക്കുമായി ഞാന്‍ മുന്നാളായിരുന്നു. അതിനാല്‍ത്തന്നെ എഞ്ജിനീയറിങ് വിദൂരസ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. പ്രിഡിഗ്രിക്കു ശേഷം എന്ത് എന്ന ചിന്തയുമായി നടന്ന എനിക്ക് ഇംഗ്ലീഷില്‍ കിട്ടിയ മാര്‍ക്ക് വന്‍ തിരിച്ചറിവായിരുന്നു. അങ്ങനെ ഇംഗ്ലീഷ് സാഹിത്യം പിന്തുടര്‍ന്ന ഞാന്‍ അതില്‍ ബി.എയും എം.എയും മോശമല്ലാത്ത നിലയില്‍ പാസായി. ജേര്‍ണലിസം കൂടി പഠിച്ച് മാധ്യമപ്രവര്‍ത്തകനായി.

ശ്യാംകൃഷ്ണ

പ്രിഡിഗ്രിക്ക് ഇംഗ്ലീഷില്‍ ഉണ്ടായ മികച്ച വിജയം എന്റെ കഴിവാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. അതിന്റെ എല്ലാ മേന്മയും ഞാന്‍ പ്രൊഫ.ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന അദ്ധ്യാപകനു കൊടുക്കും. ഞാന്‍ പഠിച്ച ഗവണ്മെന്റ് ആര്‍ട്‌സ് കോളേജിലെ അദ്ധ്യാപകനായിരുന്നില്ല അദ്ദേഹം. എന്നാല്‍, അവിടെ സഹപാഠിയായിരുന്ന, സുഹൃത്തായിരുന്ന മറ്റൊരു ശ്യാമിന്റെ അച്ഛനായിരുന്നു. ശ്യാംലാല്‍ എന്ന എന്നെയും ശ്യാംകൃഷ്ണ എന്ന അവനെയും ബാലകൃഷ്ണന്‍ സാര്‍ പിടിച്ചിരുത്തി ഇംഗ്ലീഷ് പഠിപ്പിച്ചു. സാര്‍ പഠിപ്പിച്ചാല്‍ ഏതു മരമണ്ടനും ഇംഗ്ലീഷ് പരീക്ഷ പാസാവും. അല്പമൊക്കെ ധാരണയുള്ളവനാണെങ്കില്‍ നല്ല മാര്‍ക്കും കിട്ടും. അങ്ങനെ കിട്ടിയതാണ് എന്റെ മാര്‍ക്ക്.

പ്രിഡിഗ്രിക്കാലത്ത് തുടങ്ങിയതാണ് 2 ശ്യാമുമാര്‍ തമ്മിലുള്ള സൗഹൃദം. ഞങ്ങളുടെ ആര്‍ട്‌സ് കോളേജ് കാലം രാഷ്ട്രീയ കാരണങ്ങളാല്‍ കലാപ കലുഷിതമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന എന്നെ തേടി ചില ‘ചേട്ടന്മാര്‍’ കോളേജിനു പുറത്തുള്ള ഇടവഴികളില്‍ കാത്തുനില്‍ക്കുക പതിവായിരുന്നു. എന്റെ ഭാഗ്യം കൊണ്ട് ഒരു തവണ മാത്രമേ ഞാന്‍ അവരുടെ വായില്‍ച്ചെന്നു ചാടിയിട്ടുള്ളൂ. എന്നാല്‍, ശ്യാംലാലിനു പകരം പാവം ശ്യാംകൃഷ്ണ ഒന്നിലേറെ പല തവണ അവരുടെ വലയില്‍ വീണിട്ടുണ്ട്. രൂപത്തിലുള്ള സാദൃശ്യവും പേരിലെ സാമ്യവും അവനു പ്രശ്‌നമായിരുന്നു. കോളേജ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് പേര് ബോദ്ധ്യപ്പെടുത്തിയാണ് ശ്യാംകൃഷ്ണ രക്ഷപ്പെട്ടത്. പലപ്പോഴും എന്റെ തടി കേടാകാതെ രക്ഷിച്ച ഈ ‘അപരന്‍’ കടപ്പാട് അവനോട് ഇന്നുമുണ്ട്.

പ്രിഡിഗ്രിക്കു ശേഷം യൂണിവേഴ്‌സിറ്റി കോളേജിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഞാന്‍ ബി.എ. ഇംഗ്ലീഷിനു ചേര്‍ന്നപ്പോള്‍ അവന്‍ ബി.എസ്.സി. സുവോളജി. ബിരുദത്തിനു ശേഷം ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ എം.എയ്ക്കു തുടര്‍ന്നപ്പോള്‍ അവന്‍ എം.എസ്.സി. മറൈന്‍ ബയോളജി പഠിക്കാന്‍ കുസാറ്റില്‍ പോയി. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന ജോലി സാദ്ധ്യതയുള്ള പഠനം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും അവന്‍ സമ്പാദിക്കാനൊന്നും നിന്നില്ല. ഞാന്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവനും എനിക്കൊപ്പം വന്നു കയറി. ഞാന്‍ പത്രത്തില്‍, അവന്‍ ഓണ്‍ലൈനില്‍. മറൈന്‍ ബയോളജിസ്റ്റിന് പത്രസ്ഥാപനത്തില്‍ എന്തു കാര്യമെന്ന് ഞാന്‍ ചോദിച്ചില്ല. ചോദിച്ചിട്ട് കാര്യമില്ല. ഉത്തരം പുഞ്ചിരിയിലൊതുങ്ങും.

മാതൃഭൂമിയില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് ഞാന്‍. പിന്നാലെ അവനുമിറങ്ങി. ഞാന്‍ ഇന്ത്യാവിഷനിലെത്തിയപ്പോള്‍ അവന്‍ എങ്ങും പോയില്ല. ഇപ്പോള്‍ 28 വര്‍ഷമാവുന്നു ഞങ്ങളുടെ സൗഹൃദം. വര്‍ഷം കഴിയുന്തോറും അതു ശക്തി പ്രാപിച്ചിട്ടേയുള്ളൂ. ശ്യാമിനെക്കുറിച്ച് ഈ പരിചയപ്പെടുത്തലിന് പ്രത്യേകിച്ചൊരു കാരണമുണ്ട്. അവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന്റെ സന്തോഷം. അതൊരു മികച്ച കലാസൃഷ്ടിക്കു കാരണമായിരിക്കുന്നു. മനുഷ്യരുടെ ആഗ്രഹം പിന്തുടരുന്നതിനെക്കുറിച്ച് പൗളോ കൊയ്‌ലോ പറഞ്ഞ, ബാക്കിയെല്ലാവരും പറഞ്ഞു തേഞ്ഞ വാചകം ഞാന്‍ ആവര്‍ത്തിക്കുന്നില്ല. മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചിറങ്ങുമ്പോള്‍ അവന്‍ മുന്നില്‍ക്കണ്ട ലക്ഷ്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒരു എഴുത്തുകാരനാവുക, നാടകക്കാരനാവുക. അങ്ങനെ അവന്‍ സൃഷ്ടിച്ച തോമയെയും കറിയയെയും ഞാന്‍ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടപ്പെട്ടു… ഇപ്പോള്‍ സ്‌നേഹിക്കുന്നു. ശ്യാമിനെ സ്‌നേഹിക്കുംപോലെ തന്നെ.

ഈ ചെറിയ കാലയളവിനുള്ളില്‍ ശ്യാം 6 നാടകങ്ങള്‍ -4 മലയാളത്തിലും 2 ഇംഗ്ലീഷിലും -എഴുതിക്കഴിഞ്ഞു. വില്‍പ്പത്രം, ഇടങ്കയ്യന്റെ മരണം, ശ്യാമരേഖ, തോമ കറിയ കറിയ തോമ എന്നിവ മലയാളത്തില്‍. ഡെത്ത് ഓഫ് എ സൗത്ത് പാ, എക്‌സറ്റെറ എന്നിവ ഇംഗ്ലീഷില്‍. ഗ്രീന്‍ റൂം എന്നൊരു നോവലുമെഴുതി. ദൂരദര്‍ശനു വേണ്ടി കേരളത്തിലെ താളവാദ്യങ്ങള്‍ എന്നൊരു ഹ്രസ്വചിത്രം എഴുതി സംവിധാനം ചെയ്തു. ശ്യാം എഴുതിയ നാടകങ്ങളില്‍ ആദ്യമായി ഒരെണ്ണം ഇപ്പോള്‍ വേദിയിലെത്തിയിരിക്കുന്നു -തോമ കറിയ കറിയ തോമ. സൗഹൃദത്തിന്റെ ആഘോഷമാണ് ഈ നാടകം. അതിനാല്‍ത്തന്നെ ഈ നാടകം എല്ലാവരും നെഞ്ചിലേറ്റുമെന്ന് എനിക്കുറപ്പ്.

ഷിജിനാഥ്‌

ശ്യാമിന്റെ അടുത്ത സുഹൃത്തായിരുന്നു ഷിജിനാഥ്. ശ്യാമിന്റെ മാത്രമല്ല, മറ്റു പലരുടെയും. നാടകത്തെയും സിനിമയെയും സൗഹൃദങ്ങളെയും അതിരില്ലാതെ സ്‌നേഹിച്ച മനുഷ്യന്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദികളിലൂടെ എനിക്കും ഷിജിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയില്‍ ഷിജി പെട്ടെന്ന് ഞങ്ങളെയെല്ലാം വിട്ടുപോയി. കരള്‍രോഗം അവനെ സുഹൃത്തുക്കളില്‍ നിന്ന് തട്ടിയെടുത്തു. ആ സുഹൃത്തുക്കള്‍ ഷിജിയെ ഓര്‍ക്കാന്‍ സ്മാരകം പണിയുകയോ റീത്തു വെയ്ക്കുകയോ അനുസ്മരണ പ്രഭാഷണം നടത്തുകയോ അല്ല ചെയ്തത്. പകരം ഒരു നാടകം കളിക്കാന്‍ തീരുമാനിച്ചു.

അമല്‍ രാജ്‌ദേവും ജോസ് പി.റാഫേലും

ഷിജിയുടെ പേരില്‍ ഒരു നാടകം ചെയ്യണമെന്ന ആശയം മുന്നോട്ടു വെച്ചത് അമല്‍ രാജ്‌ദേവാണ്. നാടകത്തിലും സിനിമയിലുമുള്ള സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഷിജിനാഥും അമലും ‘ടേക്ക് ഓഫ്’ എന്ന സിനിമയുടെ സംവിധായകനെന്ന നിലയില്‍ പില്‍ക്കാലത്ത് ശ്രദ്ധേയനായ മഹേഷ് നാരായണനും ചേര്‍ന്ന് രൂപം കൊടുത്ത പോസിറ്റീവ് ഫ്രെയിംസ് എന്നൊരു കൂട്ടുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഷിജിയുമായി ഏറ്റവും അടുപ്പവും അമലിനും മഹേഷിനും തന്നെയായിരുന്നു. നാടകം പ്രാണനായി കണ്ട ഷിജിയെ സ്മരിക്കാന്‍ നാടകമൊരുക്കണമെന്ന് അമല്‍ പറഞ്ഞതും ഈ അടുപ്പത്തിന്റെ തുടര്‍ച്ചയായി തന്നെ.

ഷിജിയുടെ സ്മരണയ്ക്കായുള്ള നാടകം ചെയ്യാന്‍ അമലിനൊപ്പം ജോസ് പി.റാഫേലും തയ്യാറായിരുന്നു. അതിനു ശേഷമാണ് ഷിജിയുടെ പഴയ കൂട്ടുകാരനായ ശ്യാമുമായി ഈ ആശയം അമല്‍ പങ്കുവെയ്ക്കുന്നത്. മരണവും മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട വിഷയം നാടകത്തിനായി ശ്യാം നിര്‍ദ്ദേശിച്ചു. അമലിനത് നന്നേ ബോധിച്ചു. അങ്ങനെ ശ്യാം നാടകം എഴുതിത്തുടങ്ങി. പൂര്‍ണ്ണമായി മനോധര്‍മ്മത്തിലൂടെയാണ് നാടകം രൂപമെടുത്തത്. സംവിധായകനില്ല. നടന്മാരായ അമലും ജോസും നാടകം ചെയ്ത് ചെയ്ത് രൂപപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ പരിശ്രമം ഒടുവില്‍ ഇപ്പോള്‍ വേദിയിലെത്തിയിരിക്കുന്നു.

വലിയ നാട്യങ്ങളോ ജാഡകളോ ഇല്ലാത്ത ഒരു നാടകം -തോമ കറിയ കറിയ തോമ കണ്ടിറങ്ങുമ്പോള്‍ എനിക്കു തോന്നിയത് അതാണ്. നാട്യങ്ങളും ജാഡകളും പകരുന്ന അമിതപ്രതീക്ഷകളില്ല എന്നത് ആസ്വാദനം അനായാസമാക്കി. പ്രേക്ഷകനുമായി അനായാസം സംവദിക്കുന്നതില്‍ തോമയും കറിയയും വിജയിച്ചു. അല്പം കടുപ്പിച്ചു പറഞ്ഞാല്‍, തോമയ്ക്കും കറിയയ്ക്കുമിടയില്‍ സര്‍ഗ്ഗാത്മക അന്തര്‍ധാരയുടെ ‘ദഹനീയമല്ലാത്ത ശിലാഖണ്ഡങ്ങള്‍’ ഒന്നും തന്നെയില്ല. നാടകകൃത്തിന്റെ ലളിതവ്യക്തിത്വം നാടകത്തില്‍ പ്രകടം. അതേ ലാളിത്യത്തോടെ തന്നെ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ നടന്മാരും പൂര്‍ണ്ണവിജയം.

വട്ടിപ്പലിശക്കാരനായ തോമ, അയാളുടെ മകന്‍ നീതിമാനായ കറിയ, കറിയയുടെ മകന്‍ തൊഴില്‍രഹിതനായ ജോയല്‍ -ഇവരാണ് 3 കാലഘട്ടങ്ങളുടെ പ്രതിപുരുഷന്മാര്‍. അവരുടെ മോഹവലയങ്ങളുടെ കഥയാണ് ഈ നാടകം. അച്ഛനായ തോമ മരിച്ച ശേഷം മകനായ കറിയയെ കാണാനെത്തുന്നതാണ് നാടകം. അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു തവണ പോലും തന്നെ എടുത്തിട്ടില്ല, താലോലിച്ചിട്ടില്ല, ഉമ്മ വെച്ചിട്ടില്ല എന്ന് കറിയ ഓര്‍മ്മിപ്പിക്കുന്നു. അപ്പോഴാണ് തോമാ മനസ്സിലാക്കുന്നത്, ശരിയാണ് താന്‍ ജീവിച്ചിരുന്നപ്പോള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന്. എന്നാല്‍ കറിയ അയാളുടെ മകന്‍ ജോയലിനെ സ്‌നേഹിക്കുകയും അവനു വേണ്ടി കൂട്ടിരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ഒരു സുഹൃത്തിനെപ്പോലെയാണ് ജോയലിനെ കറിയ കാണുന്നത്. മകനും ചെറുമകനുമായുള്ള സ്‌നേഹം കാണുമ്പോള്‍ തോമയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നുണ്ട്.

അനായാസേന മരണം അതിഥിയായി എത്തുംവരെയും സൂക്ഷ്മതയോടെ ജീവിതം ആഘോഷിച്ചവരാണ് തോമയും കറിയയും. കറിയ ജീവിതത്തില്‍ സ്‌നേഹസുഗന്ധം പരത്തിയപ്പോള്‍ തോമ ജീവിതത്തിനു ശേഷമാണ് സ്‌നേഹം തിരിച്ചറിയുന്നത്. എന്നാല്‍ കറിയയുടെ മകന്‍ ജോയല്‍ ജീവിതത്തിന്റെ പ്രായോഗികതയുടെ സ്‌നേഹസാഗരമാണ്. 3 തലമുറകള്‍ അവരുടെ വേറിട്ട ജീവിത ദര്‍ശനങ്ങള്‍. സമ്പന്നതയുടെ അര്‍ത്ഥശൂന്യത, മതങ്ങളുടെ ഭോഷ്‌ക്, ജീവിതബന്ധങ്ങളുടെ പ്രാധാന്യം, ദയാനുകമ്പയുടെ ആവശ്യത എന്നിവയെക്കുറിച്ചൊക്കെ ജീവിതത്തിന്റെയും മരണത്തിന്റെയും വക്കിലിരുന്ന് തോമയും കറിയയും സംവദിക്കുന്നു.

മരണാനന്തര ജീവിതത്തില്‍ നിന്നു വരുന്ന അച്ഛനോട് മകന്‍ ചോദിക്കുന്നു മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും. ദൈവം ഉണ്ടോ, മതങ്ങള്‍ ദൈവസൃഷ്ടിയാണോ മനുഷ്യസൃഷ്ടിയാണോ എന്നൊക്കെ ചോദ്യങ്ങള്‍ വരുന്നുണ്ട്. താത്വികമായ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികള്‍. പ്രണയത്തെക്കുറിച്ച് അച്ഛനും മകനും തമ്മിലുള്ള ആശയവിനിമയം ചിരിയും ചിന്തയും പടര്‍ത്തും. നവലോക സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകള്‍ എങ്ങനെയൊക്കെ മനുഷ്യന്റെ സ്വസ്ഥതയെ ഹനിക്കുന്നുവെന്ന വെളിപാടുകള്‍ കടന്നുവരുന്നു. ചാരായനിരോധനം മുതല്‍ ആധാര്‍ വരെ ഇതിലുള്‍പ്പെടും. ജീവിതം മരണത്തിനോട് എങ്ങനെ കടപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടല്‍ കൂടി സംഭവിക്കുന്നുണ്ട്.

മരിച്ചാല്‍ പിന്നെന്തോന്ന് സ്വര്‍ഗ്ഗവും നരകവും? എല്ലാം ഒരുപോലെ.
ചത്തു ചാരമായി തെങ്ങിനു വളമാകുമ്പോള്‍ എന്തോന്ന് സ്വര്‍ഗ്ഗം, എന്തോന്ന് നരകം?
മരണവും പ്രണയവും ഒരുപോലെ -എല്ലാം വ്യാമോഹം.

എല്ലാ മനുഷ്യരുടെയും ജീവിതം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം. മരണം എപ്പോള്‍ നമ്മളെ തേടിയെത്തുമെന്നറിയില്ല. പക്ഷേ, അതൊന്നും വിചാരിക്കുന്നില്ല, അന്യോന്യം കലഹിക്കുകയും ചെറിയ ചെറിയ കാര്യങ്ങളില്‍ പിണങ്ങുകയും വഴക്കുകളുണ്ടാക്കുകയും
ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതു ശരിയാണോ, അങ്ങനെയാണോ വേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ ഈ നാടകമുയര്‍ത്തുന്നു. ജീവിതമെന്തെന്നും എങ്ങനെയാവണമെന്നും വെറും 70 മിനിറ്റു കൊണ്ട് ഇവര്‍ പറഞ്ഞുവെച്ചു.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ട സ്‌നേഹമെന്ന പരമവികാരത്തെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്താനുള്ള ശ്രമമാണ് വേദിയില്‍ കണ്ടത്. മരണമൊരു നേരായി തലയ്ക്കു മേല്‍ തൂങ്ങുമ്പോഴും പരസ്പരം സ്‌നേഹിക്കാന്‍ മറന്ന് വെറുതെ ജീവിക്കുന്നവരാണ് നമ്മളെന്ന തിരിച്ചറിവ് ഈ നാടകം സമ്മാനിക്കുന്നു. ചിന്തിപ്പിക്കുന്നുണ്ട് ഈ നാടകം, നിറയെ ചിരിപ്പിക്കുന്നുമുണ്ട്. എന്നാല്‍, ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വിമര്‍ശിക്കാനുള്ള സങ്കേതം കൂടിയാണ് നാടകം എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച ഈ കൂട്ടിന് നിറഞ്ഞ കൈയടി.

നടന്‍, സംവിധായകന്‍, അഭിനയപരിശീലകന്‍, നാടകസംഘാടകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച, 2015ല്‍ കേരള സംഗീത നാടക അക്കാദമി മികച്ച നടനായി തിരഞ്ഞെടുത്ത അമല്‍ രാജ്‌ദേവും 27 വര്‍ഷമായി നടന്‍, സംഘാടകന്‍, പരിശീലകന്‍ എന്നീ നിലകളിലെല്ലാം നാടക രംഗത്ത് സജീവമായ ജോസ് പി.റാഫേലും ഒത്തുചേരുമ്പോള്‍ മികച്ച നാടകം രൂപമെടുക്കുക സ്വാഭാവികം. അമലാണ് കറിയ. തോമയ്‌ക്കൊപ്പം ജോയല്‍, കറിയയുടെ ആദ്യകാമുകി മേരിക്കുട്ടി എന്നീ കഥാപാത്രങ്ങളെക്കുടി ജോസ് വേദിയിലെത്തിച്ചു. ലളിതമായ രംഗസംവിധാനവും മുഴച്ചുനില്‍ക്കാത്ത ചമയവും രംഗത്തിന്റെ താളത്തിനൊപ്പിച്ച പതിഞ്ഞ സംഗീതവുമെല്ലാം നാടകത്തിന്റെ മികവില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

നാടകപ്രവര്‍ത്തകര്‍ ആദ്യ അവതരണത്തിനു ശേഷം

ഷിജിനാഥ് തന്നെ തുടക്കം കുറിച്ച പോസിറ്റീവ് ഫ്രെയിംസാണ് നിര്‍മ്മാണം. സംഗീതം ചന്ദ്രന്‍ വയ്യാട്ടുമലും രംഗപടം ആര്‍ട്ടിസ്റ്റ് സുജാതനും രംഗോപകരണങ്ങള്‍ പ്രേംജിത് സുരേഷ് ബാബുവും സജ്ജീകരിച്ചു. വസ്ത്രാലങ്കാരം സ്മിത പി.അമ്പുവും സാങ്കേതിക സഹായം സി.ഗാഥ, എസ്.അനൂപ് എന്നിവരും നിര്‍വ്വഹിച്ചു. ഈ നാടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഓരോരുത്തരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പരമാവധി ഭംഗിയാക്കി. നാടകത്തിന്റെ ആദ്യ അവതരണത്തിന് വേദിയും ശബ്ദവും വെളിച്ചവും ഏര്‍പ്പെടുത്തി നല്‍കിയ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പിന്തുണ എടുത്തുപറയണം. ഷിജി അദ്ദേഹത്തിനൊപ്പവും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.

ഈ നാടകമെന്തെന്ന് ശ്യാം ചുരുക്കത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.

കുതിര കളിച്ചു നടന്നൊരു തോമ
കതിരായ് പൂത്തു വിടര്‍ന്നൊരു കറിയ
പതിരായ് ചത്തുമലര്‍ന്നൊരു തോമ
ചാവാന്‍ കൂട്ടാക്കാത്തൊരു കറിയ

കബഡി കളിച്ചും വേഷം മാറിയും
രോഷം കൊണ്ട് ഷോ കാണിച്ചും
തോമ വലഞ്ഞു കറിയ കുഴഞ്ഞു
കറിയ ഞെളിഞ്ഞു തോമ തളര്‍ന്നു

നാടകമെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കിടയില്‍ തോമ കറിയ കറിയ തോമ വലിയൊരാശ്വാസമാണ്. ഒരു മികച്ച നാടകകൃത്തിനെ മലയാള നാടകവേദിക്ക് ഇതിലൂടെ കിട്ടിയിരിക്കുന്നു. അവന്‍ ഉറ്റസുഹൃത്താണെന്നതില്‍ എനിക്ക് ഇരട്ടിഅഭിമാനം.

മാര്‍ച്ച് 24, 25 തീയതികളില്‍ തിരുവനന്തപുരം തൈയ്ക്കാടുള്ള ഗണേശം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30ന് തോമ കറിയ കറിയ തോമ അരങ്ങേറും. കാണുക, ആസ്വദിക്കുക, പിന്തുണയ്ക്കുക.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks