HomeFRIENDSHIPവേലികൾ തകർത്ത...

വേലികൾ തകർത്തൊരു വീട്; വിജിത്തിന് വിലാസമായ മനുഷ്യസ്നേഹം

-

Reading Time: 9 minutes

മനുഷ്യർ ചുറ്റും വേലികൾ കെട്ടുന്ന കാലമാണിത്. മതത്തിന്റെ വേലി. ജാതിയുടെ വേലി. നിറത്തിന്റെ വേലി. സമ്പത്തിന്റെയും പദവിയുടെയും വേലി. സ്വന്തം ലോകത്തിലേക്ക് ചുരുങ്ങാനും അതിനപ്പുറത്തുള്ള മനുഷ്യനെ കാണാതിരിക്കാനും ഓരോ ദിവസവും പുതിയ കാരണങ്ങൾ കണ്ടെത്തുന്ന കാലം. എന്നിട്ടും ചില നേരങ്ങളിൽ ഈ വേലികൾ തകർന്നുവീഴും.

ആരും പ്രസംഗിച്ചിട്ടല്ല. ആരും നിർബന്ധിച്ചിട്ടുമല്ല. മുന്നിൽ നിൽക്കുന്ന മറ്റൊരു മനുഷ്യന്റെ കണ്ണിലെ നിസ്സഹായത തിരിച്ചറിയുന്ന നിമിഷത്തിൽ ഉള്ളിലെ സഹജീവിസ്നേഹം വേലിക്കപ്പുറത്തേക്ക് ഒരു വഴി തുറക്കും. ആ വഴിയിലൂടെ ചിലപ്പോൾ ഒരു ജോലി വരും. ചിലപ്പോൾ തലചായ്ക്കാനൊരു ഇടം. മറ്റൊരു ദിവസം സ്വന്തമായി ഒരു തുണ്ട് ഭൂമി. പിന്നെ അതിനു മുകളിൽ ഒരു വീട്. ഒടുവിൽ ഒരാൾക്ക് ഒരു വിലാസം. തിരുവനന്തപുരം പൂജപ്പുരയിൽനിന്ന് കാട്ടാക്കടയിലേക്കു നീളുന്ന ഈ കഥ അത്തരമൊരു വിലാസത്തിന്റെ കഥയാണ്. വിജിത്തിന്റെ വിലാസത്തിന്റെ.

ഈ കഥയിൽ ചിലർക്ക് പേരുണ്ട്. ചിലരുടെ പേര് മനഃപൂർവം പറയുന്നില്ല. കാരണം സ്വന്തം നന്മയ്ക്കു പേരും ചിത്രവും പ്രശസ്തിയും വേണ്ടെന്നു തീരുമാനിച്ച ഒരാളും ഈ കഥയിലുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു വീടിന്റെ നിർമാണകഥ മാത്രമല്ല. മനുഷ്യസ്നേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ കഥയാണ്.

ഈ കഥയിൽ എനിക്കൊരു റോളുണ്ട്. കാര്യങ്ങൾ തുടക്കം മുതൽ ഈ നിമിഷം വരെ അടുത്തുനിന്നു കണ്ട ഒരാളുടെ റോൾ -ഒരു കാഴ്ചക്കാരന്റെ റോൾ!!!

രഞ്ജിത്തിനൊപ്പം വന്ന ആ ചെറുപ്പക്കാരൻ

കുറച്ചുവർഷം മുമ്പ് തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹികനീതിയും വനിതാ–ശിശുവികസനവും വകുപ്പ് എംപ്ലോയീസ് സഹകരണസംഘം ഓഫീസിലേക്ക് 2 പേർ കയറിവന്നു. ഒരാൾ പൂജപ്പുരയിലെ ജുവനൈൽ ഹോമിന്റെ കെയർടേക്കർ രഞ്ജിത്ത്. കൂടെ ഒരു ചെറുപ്പക്കാരൻ -വിജിത്ത്. വലിയ ആവശ്യങ്ങളൊന്നുമായിരുന്നില്ല രഞ്ജിത്തിന്റെ വരവ്. വിജിത്തിന് ചെറിയൊരു വരുമാനം കിട്ടുന്ന ജോലി വേണം. രാത്രി തലചായ്ക്കാൻ സുരക്ഷിതമായൊരു ഇടവും വേണം. അത്രമാത്രം. പക്ഷേ ആ 2 ആവശ്യങ്ങൾക്കു പിന്നിൽ ഒരു ജീവിതം മുഴുവൻ ഉണ്ടായിരുന്നു.

വിജിത്തിന്റെ ബാല്യത്തിൽ സ്നേഹത്തോടെ ചേർത്തുനിർത്താൻ അടുത്തുണ്ടായിരുന്നത് മുത്തശ്ശിയായിരുന്നു. ജീവിതത്തിന്റെ കയ്പുകൾക്കിടയിൽ അവനുള്ള ചെറിയൊരു തണലും ആ മുത്തശ്ശി തന്നെ. ആ തണലും നഷ്ടപ്പെട്ടതോടെ മുന്നോട്ട് എവിടേക്കെന്നറിയാതെ ജീവിതം വഴിമുട്ടി. അപ്പോഴാണ് രഞ്ജിത്ത് അവന്റെ കൈപിടിച്ചത്. ആ കൈപിടിത്തം ഒരുനാൾ സ്വന്തം വീടിന്റെ വാതിൽ തുറക്കുന്ന താക്കോലിലേക്കെത്തുമെന്ന് അന്ന് വിജിത്തോ രഞ്ജിത്തോ അറിഞ്ഞിരുന്നില്ല.

ഒരു ഓഫീസ് വീടായി മാറുന്നു

വിജിത്തിന്റെ സ്ഥിതി കേട്ടപ്പോൾ സഹകരണസംഘത്തിന്റെ നേതൃത്വത്തിലുള്ളവർക്ക് അവനെ തിരിച്ചയക്കാനായില്ല. അവർ കൂടിയാലോചിച്ചു. സംഘം ഓഫീസിൽതന്നെ താൽക്കാലികമായി ചെറിയൊരു ജോലി നൽകി. അവിടെ താമസിക്കാനുള്ള സൗകര്യവും ഒരുക്കി. ജീവിതത്തിൽ ആദ്യമായി എന്തെങ്കിലും സ്ഥിരത ലഭിച്ചപ്പോൾ വിജിത്ത് അതിനെ മുറുകെപ്പിടിച്ചു.

അവന് കിട്ടിയ ജോലി വലുതായിരുന്നില്ല. പക്ഷേ അതിനോട് കാണിച്ച ആത്മാർത്ഥത വലുതായിരുന്നു. എല്ലാവരോടുമുള്ള മാന്യമായ പെരുമാറ്റവും ജോലിയോടുള്ള ഉത്തരവാദിത്വവും അധികം വൈകാതെ അവനെ അവിടെയുള്ളവരുടെ പ്രിയങ്കരനാക്കി. പിന്നെ പതിയെ ഒരു മാറ്റം സംഭവിച്ചു. സഹകരണസംഘം അവന്റെ ജോലി സ്ഥലമല്ലാതായി. അത് അവന്റെ വീടായി. അവിടെയുള്ളവർ സഹപ്രവർത്തകരല്ലാതായി. അവർ അവന്റെ വീട്ടുകാരായി. ഒരു മനുഷ്യനെ കുടുംബത്തിലേക്ക് ഉൾപ്പെടുത്താൻ ഒരേ രക്തം വേണമെന്നില്ലെന്ന് അവിടെ തെളിയുകയായിരുന്നു.

‘അവനുമൊരു ജീവിതമുണ്ടാകണ്ടേ?’

കാലം കടന്നുപോയി. ഓഫീസിലേക്കെത്തിയ ആ ചെറുപ്പക്കാരൻ വളർന്നു. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. ജോലി ചെയ്തു. എല്ലാവരുടെയും വിശ്വാസം നേടി. പക്ഷേ അവനെ സ്നേഹിച്ചവരുടെ മനസ്സിൽ മറ്റൊരു ചോദ്യം വളർന്നു. ‘വിജിത്തിനുമൊരു ജീവിതമുണ്ടാകണ്ടേ?’ താമസിക്കാൻ ഓഫീസിലെ സൗകര്യമുണ്ട്. ജോലി ഉണ്ട്. സ്നേഹത്തോടെ വിളിക്കാൻ ആളുകളുണ്ട്. പക്ഷേ ‘എന്റെ വീട്’ എന്ന് പറയാൻ സ്വന്തമായി ഒരു ഇടം? ആ ആഗ്രഹമാണ് ഒരു ദിവസം സഹകരണസംഘത്തിന്റെ ബോർഡ് യോഗത്തിലേക്ക് എത്തിയത്.

പതിവുപോലെ അജൻഡയിലെ കാര്യങ്ങൾ ചർച്ചചെയ്തു തീർന്നു. ഔദ്യോഗിക യോഗം അവസാനിക്കാനിരിക്കെ സംഘം പ്രസിഡന്റ് എസ്.ഷിബു ഒരു വിഷയം അനൗദ്യോഗികമായി മുന്നോട്ടുവച്ചു. വിജിത്തിനെക്കുറിച്ചായിരുന്നു അത്. “അവന് സ്വന്തമായി ഒരു വീട് ഉണ്ടാക്കണം. സുമനസ്സുള്ള ആരെങ്കിലും വീടുവയ്ക്കാൻ ഒരു തുണ്ട് സ്ഥലം നൽകിയാൽ ബാക്കി സംവിധാനം നമുക്ക് ഉണ്ടാക്കാമല്ലോ.” വലിയ പ്രതീക്ഷയോടെയായിരുന്നില്ല ആ വാക്കുകൾ. ഒരു ആഗ്രഹം പറഞ്ഞുവെന്നുമാത്രം. പക്ഷേ അത് കേട്ടിരുന്ന ഒരാൾക്ക് ആ വാക്കുകൾ അങ്ങനെ കടന്നുപോകാനായില്ല. ‘ഭൂമി ഞാൻ തരാം’ -ബോർഡിലുണ്ടായിരുന്ന ഒരു വനിതാ അംഗമായിരുന്നു അത്. ചർച്ച അവസാനിക്കുന്നതിനുമുമ്പ് അവർ പറഞ്ഞു: വിജിത്തിന്റെ വീടിനുള്ള ഭൂമി താൻ നൽകാം.

ഒരു നിമിഷംകൊണ്ട് ഒരു സ്വപ്നത്തിന് മണ്ണുകിട്ടി. മറ്റുള്ളവർക്ക് അത് അപ്രതീക്ഷിതമായിരുന്നു. അവർക്കാകട്ടെ തീരുമാനത്തിൽ സംശയമുണ്ടായിരുന്നില്ല. ഒരു നിബന്ധന മാത്രം. താൻ ഭൂമി നൽകിയതിന്റെ പേരിൽ ഒരു പരസ്യവും വേണ്ട. തന്റെ പേരിൽ പ്രശസ്തിയും വേണ്ട. അവിടെ മറ്റൊരു വേലി കൂടി വീണു. സ്വത്ത് എന്ന വേലി. ‘എന്റേത്’ എന്ന വാക്കിനു ചുറ്റും മനുഷ്യൻ ഉയർത്തുന്ന വേലി. നന്മ ചെയ്ത കൈ തന്നെ പിന്നോട്ടുമാറിയപ്പോൾ മുന്നിൽ വന്നത് വിജിത്തിന്റെ ജീവിതമായിരുന്നു.

കണ്ണുനീർ ആരും കാണാതിരിക്കാൻ…

ബോർഡ് യോഗം കഴിഞ്ഞു. വാർത്ത വിജിത്തിനെ അറിയിച്ചു. സ്വന്തമായി ഒരു തുണ്ട് ഭൂമി. അതിനു മുകളിൽ ഒരുനാൾ സ്വന്തം വീട്. അവന് ആദ്യം ഒന്നും പറയാനായില്ല. കണ്ണുകൾ നിറഞ്ഞു. തന്റെ കണ്ണുനീർ മറ്റാരെങ്കിലും കാണുമെന്ന തോന്നലുണ്ടായപ്പോൾ മുഖം കുനിച്ചു. പതിയെ ചുമരിന്റെ മറവിലേക്ക് മാറിനിന്നു.

ജീവിതം ചിലപ്പോൾ ഏറ്റവും വലിയ സന്തോഷം തരുമ്പോഴും മനുഷ്യന് വാക്കുകൾ കിട്ടാറില്ല. വിജിത്തിനും അന്ന് വാക്കുകളുണ്ടായിരുന്നില്ല. കണ്ണുനീർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആധാരത്തിൽ പതിഞ്ഞത് ഭൂമിയുടെ അളവുമാത്രമല്ല

പിന്നീട് കാര്യങ്ങൾ വേഗത്തിലായി. സ്ഥലം അളന്നു തിരിച്ചു. വീട്ടിലേക്ക് വഴി ഒരുക്കാനുള്ള നടപടികൾ പൂർത്തിയാക്കി. രേഖകൾ തയ്യാറാക്കി. ഒടുവിൽ ഭൂമി വിജിത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തു. ആധാരം രജിസ്റ്റർ ചെയ്യുന്ന ദിവസം സഹകരണസംഘം പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് അംഗങ്ങൾ എന്നിവർ സാക്ഷികളായി ഒപ്പിട്ടു.

ഒരു സാധാരണ രജിസ്ട്രേഷൻ രേഖയിൽ ഭൂമിയുടെ അതിരുകളും അളവും സർവേ നമ്പറും എഴുതപ്പെടും. പക്ഷേ വിജിത്തിന്റെ ആധാരത്തിൽ എഴുതപ്പെടാതെ പോയ മറ്റൊന്നുണ്ടായിരുന്നു. ഒരുപാട് മനുഷ്യരുടെ സ്നേഹം. ആ രേഖ ഒപ്പിട്ടതോടെ ഒരു ഘട്ടം പൂർത്തിയായി.

ഇനി ബാക്കിയുണ്ടായിരുന്നത് വീട്. സംഘത്തിലെ പ്രസിഡന്റ് അടക്കമുള്ള എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ കാര്യങ്ങൾ തങ്ങളുടെ സംഘടനയെ അറിയിച്ചു. എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിലായിരുന്നു ഭരണസമിതി. കാര്യമറിഞ്ഞതു മുതൽ കേരള എൻ.ജി.ഒ. യൂണിയൻ ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകി സംഘത്തിനൊപ്പം നിന്നു.

ഭൂമിയുടെ ആധാരം വിജിത്തിന്റെ പേരിൽ രജിസ്റ്റ‍ർ ചെയ്തപ്പോൾ

‘പാവപ്പെട്ടവന്റെ വീടും വ്യത്യസ്തമാകണം’

ലൈഫ് മിഷൻ ഭവനനിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ ഊർജിതമായി നടന്നിരുന്ന കാലമായിരുന്നു അത്. വിജിത്തിനായി ഒരു വീട് ഒരുക്കാനുള്ള ശ്രമത്തിന്റെ വിവരം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുമെത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. പ്രദീപ്‌കുമാർ മുഖേന സംഘത്തിന് ലഭിച്ച സന്ദേശം വീടിനെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറ്റുന്നതായിരുന്നു. “ചെയ്യുന്ന വീട് വ്യത്യസ്തമാകണം. സാധാരണ ഒരു പെട്ടിവീട് എന്നതിനപ്പുറം പാവപ്പെട്ടവനും വ്യത്യസ്തമായൊരു വീട്ടിൽ താമസിക്കാൻ കഴിയണം.” ദാരിദ്ര്യം ഒരാളുടെ സൗന്ദര്യബോധത്തിനും അന്തസ്സിനും പരിധിയാകേണ്ടതില്ലെന്ന ആശയം.

വീട് തലചായ്ക്കാനുള്ള 4 ചുവരുകൾ മാത്രമല്ല. അവിടെ താമസിക്കുന്ന മനുഷ്യനും സ്വപ്നങ്ങളുണ്ട്. വീടിന് ഭംഗിയുണ്ടാകണം. വെളിച്ചവും വായുവും ഇടവും ഉണ്ടായിരിക്കണം. ആ കാഴ്ചപ്പാടാണ് ആദ്യം മനസ്സിലുണ്ടായിരുന്ന രൂപകല്പനയിൽ കാതലായ മാറ്റം വരുത്തിയത്. മികച്ച ഒരു വാസ്തുശില്പിയുടെ സേവനം ലഭ്യമാക്കാൻ പ്രദീപ്‌കുമാർ സഹായിച്ചു. നിർമാണത്തിന്റെ പുരോഗതി അന്വേഷിക്കാനും പണി നടക്കുന്ന സ്ഥലം സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ആ സന്ദർശനങ്ങൾ വീടിനായി ഓടിനടക്കുന്നവർക്കും പണിയെടുക്കുന്നവർക്കും വലിയ പ്രചോദനമായി.

അടിത്തറയിൽ ഒരു നുള്ള് സ്വർണം

അങ്ങനെ കാട്ടാക്കട മടത്തുക്കോണത്ത് ആ സ്വപ്നത്തിന്റെ അടിത്തറ ഒരുക്കപ്പെട്ടു. വീടിന്റെ തറക്കല്ലിടാൻ എത്തിയത് കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ശശിധരൻ. ലളിതമായ ചടങ്ങായിരുന്നു. പക്ഷേ ആ ലാളിത്യത്തിനുള്ളിൽ മറ്റൊരു ഹൃദയസ്പർശിയായ നിമിഷമുണ്ടായി. വീടിന് കല്ലിടുമ്പോൾ അടിത്തറയിൽ ഒരു നുള്ള് സ്വർണം വയ്ക്കുന്ന പതിവുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. സ്വർണം എവിടെനിന്ന് കിട്ടും? അവിടെയും മറ്റൊരു കൈ നീണ്ടു. വിജിത്തിന് ഭൂമി നൽകിയ വനിതാ ബോർഡ് അംഗത്തിന്റെ അച്ഛൻ തന്നെ ആ സ്വർണം നൽകി.

മകൾ ഭൂമി നൽകി. അച്ഛൻ അടിത്തറയിൽ സ്വർണം നൽകി. ഒരു കുടുംബത്തിന്റെ നന്മ മറ്റൊരു ചെറുപ്പക്കാരന്റെ കുടുംബസ്വപ്നത്തിന് അടിത്തറയായി. ആ നുള്ള് സ്വർണത്തിന് വിപണിയിൽ എത്ര വിലയുണ്ടെന്നതല്ല പ്രധാനം. ആ വീടിന്റെ ചരിത്രത്തിൽ അതിനുള്ള വില അളക്കാനാവാത്തതാണ്.

കൈകോർത്തവർ

തറക്കല്ലിടൽമുതൽ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിരവധി പേർ ഒപ്പമുണ്ടായിരുന്നു. കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ, എംപ്ലോയീസ് സഹകരണസംഘം ഭാരവാഹികളായ എസ്.ഷിബു, സി. സതീഷ് സത്യനേശൻ, ആർ. വേണുനായർ, ടി. ചിത്ര എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒരാൾ ഭൂമി കൊടുത്തു. മറ്റൊരാൾ സ്വർണം കൊടുത്തു. ഒരാൾ രൂപകല്പനയ്ക്ക് വഴി തുറന്നു. ചിലർ പണം നൽകി. ചിലർ സാധനങ്ങൾ നൽകി. ചിലർ അധ്വാനവുമായി ചേർന്നു. ചിലർ നടപടിക്രമങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങി. ചിലർ ഒരു ഫോൺവിളിയുടെ അകലത്തിൽ നിന്നു. ഒരു വീട് ആരും ഒറ്റയ്ക്ക് പണിതതല്ല. ഒരുപാട് മനുഷ്യർ ചേർന്നാണ് ആ ചുവരുകൾ ഉയർത്തിയത്. എന്നാൽ ആ കൂട്ടായ്മയ്ക്കിടയിലും ഒരാൾക്ക് പ്രത്യേകമായി പറയേണ്ട ഒരു കഥയുണ്ട്.

കരുത്തായി എന്റെ കൂട്ടുകാരൻ

ഒരു പദ്ധതി മനസ്സിൽ ജനിപ്പിക്കുന്നത് എളുപ്പമാണ്. അതിനെക്കുറിച്ച് യോഗത്തിൽ സംസാരിക്കാനും തീരുമാനമെടുക്കാനും കഴിയും. പക്ഷേ ഒരു സ്വപ്നത്തെ യാഥാർഥ്യമാക്കാൻ തീരുമാനത്തിനും തറക്കല്ലിനും ഉദ്ഘാടനത്തിനുമിടയിൽ ഒരാൾ നിരന്തരം ഓടിനടക്കണം. പണം കണ്ടെത്തണം. ഇഷ്ടികയും സിമന്റും കമ്പിയും തടിയും എത്തിക്കണം. പണിക്കാരെ കൂട്ടണം. വാഗ്ദാനം ചെയ്ത സഹായം എത്താത്തപ്പോൾ മറ്റൊരു വാതിൽ മുട്ടണം. പണം തീരുമ്പോൾ അടുത്ത ദിവസം പണി മുടങ്ങാതിരിക്കാനുള്ള വഴി കണ്ടെത്തണം. വിജിത്തിന്റെ വീടിന് അങ്ങനെ പിന്നാലെ മെനക്കെട്ടുനടന്ന ഒരാളുണ്ടായിരുന്നു. കോളേജ് കാലം മുതൽ ഒപ്പമുള്ള സുഹൃത്ത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്ത് തുടങ്ങിയ ബന്ധം. പേരു വെളിപ്പെടുത്തരുതെന്ന് അവനും നിർബന്ധം. ഞാൻ ഇതെഴുതാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോഴേ അവൻ പറഞ്ഞു -‘എന്റെ പേര് വരരുത്.’

പക്ഷേ വിജിത്തിന്റെ വീട് പണിയുമ്പോൾ ഉത്തരവാദിത്വം നിറവേറ്റുന്ന ഒരാളായിരുന്നില്ല അവൻ. സ്വന്തം വീട് പണിയുന്ന ഒരാളായിരുന്നു. പണം കണ്ടെത്താൻ ഓടി. നിർമാണസാമഗ്രികൾ സംഘടിപ്പിക്കാൻ ഓടി. ഒരിടത്ത് സഹായം ചോദിച്ചു. മറ്റൊരിടത്ത് കടം പറഞ്ഞു. സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകാൻ കഴിയാതെ വന്നപ്പോൾ കടക്കാരുടെ മുന്നിൽ അവധി ചോദിച്ചു. പഴയ പണം തീരാതെ വീണ്ടും സാധനം വാങ്ങേണ്ടിവന്നപ്പോൾ വിശ്വാസത്തിന്റെ പേരിൽ കൈ നീട്ടി. ഇതെല്ലാം അടുത്തുനിന്ന് കണ്ടവരാണ് ഞാനടക്കമുള്ള കൂട്ടുകാർ.

പണം നൽകാമെന്ന് ഉറപ്പുപറഞ്ഞ പലരുടെയും വാഗ്ദാനം ഇനിയും പൂർണമായി എത്തിയിട്ടില്ല. പക്ഷേ അതിന്റെ പേരിൽ വീടിന്റെ പണി നിർത്താൻ അവൻ തയ്യാറായില്ല. ‘വിജിത്തിന്റെ വീട് ആദ്യം പൂർത്തിയാകട്ടെ’ എന്നായിരുന്നു അവന്റെ നിലപാട്. കിട്ടുമെന്നു പ്രതീക്ഷിച്ച പണം വൈകിയപ്പോൾ സ്വന്തം കീശയിൽനിന്നെടുത്തു. അതും മതിയാകാതെ വന്നപ്പോൾ കടം വാങ്ങി. ഒരു ഘട്ടത്തിലും വിജിത്തിന്റെ വീടിന്റെ ചുവരുകൾ പണമില്ലായ്മ കൊണ്ട് പാതിവഴിയിൽ നിൽക്കരുതെന്നൊരു നിർബന്ധം അവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ വീട്ടിലെ ചില ഇഷ്ടികകൾക്കുപോലും അവന്റെ ഉറക്കമില്ലാത്ത രാത്രികളുടെ കഥ പറയാനുണ്ടാകും. ചില സിമന്റ് ചാക്കുകൾക്കു കടത്തിന്റെ കഥ. ചില ജനലുകൾക്കു വാഗ്ദാനം കാത്തിരുന്ന ദിവസങ്ങളുടെ കഥ. എന്നിട്ടും ആരെക്കുറിച്ചും ഒരു പരാതിയുമില്ല അവന്.

വാഗ്ദാനം ചെയ്ത സഹായങ്ങൾ കിട്ടാതിരുന്നതിനെക്കുറിച്ച് ഞങ്ങൾ നിരാശപ്പെടുമ്പോഴും അവന്റെ മറുപടി ലളിതമാണ്: “തരാമെന്ന് പറഞ്ഞവരൊക്കെ തരും ശ്യാമേ…” ആ വാക്കിൽ കുറ്റപ്പെടുത്തലില്ല. പരിഭവമില്ല. പ്രതീക്ഷ മാത്രം. അതാണവൻ. സ്വന്തം ബാധ്യത കൂട്ടിയിട്ടും മറ്റൊരാളുടെ വീട് പൂർത്തിയാകുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാൾ. സഹായം ചോദിച്ച് ഫോൺ ചെയ്തതിന്റെ എണ്ണമോ എത്രവട്ടം ആരുടെയെങ്കിലും വാതിൽ കയറിയിറങ്ങിയെന്നതോ അവൻ കണക്കുവച്ചിട്ടില്ല. പക്ഷേ അവനോടൊപ്പം നിന്ന സുഹൃത്തുക്കൾക്കറിയാം, വിജിത്തിന് കിട്ടുന്ന ആ താക്കോലിന് പിന്നിൽ അവന്റെ വലിയൊരു ബാധ്യത കൂടി ബാക്കിനിൽക്കുന്നുണ്ടെന്ന്.

അതുകൊണ്ടാണ് ഈ വീടിന്റെ താക്കോൽ കൈമാറ്റത്തോടെ കഥ അവസാനിക്കുന്നില്ലെന്ന് ഞങ്ങൾ കരുതുന്നത്. ഇനിയൊരു കൈകോർക്കൽ കൂടി വേണ്ടിവരും. വിജിത്തിന്റെ വീടിനായി സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകളിൽനിന്ന് അവനെ മോചിപ്പിക്കാൻ സുമനസ്സുകൾ മുന്നോട്ടുവരുമെന്ന പ്രതീക്ഷ. കാരണം വിജിത്തിന്റെ വീടിന്റെ ഏറ്റവും വലിയ അടിത്തറ കോൺക്രീറ്റല്ല. വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ മറ്റൊരു രൂപമാണവൻ.

വീട് പൂർത്തിയായി

ഇപ്പോൾ കാത്തിരിപ്പ് അവസാനിക്കുകയാണ്. കല്ലിട്ട അടിത്തറയ്ക്കുമുകളിൽ ചുവരുകൾ ഉയർന്നു. മേൽക്കൂര വന്നു. വാതിലുകളും ജനലുകളും സ്ഥാപിച്ചു. ഒരിക്കൽ സംഘം ഓഫീസിലെ ഒരു മുറി സ്വന്തം വീടായി കണ്ടിരുന്ന വിജിത്തിന് ഇപ്പോൾ സ്വന്തമായി തുറക്കാനും അടയ്ക്കാനും ഒരു വാതിലുണ്ട്. സ്വന്തം മുറിയുണ്ട്. സ്വന്തം മേൽക്കൂരയുണ്ട്. സ്വന്തമായി പറയാൻ ഒരു വിലാസമുണ്ട്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

സെപ്റ്റംബർ 24ന് വൈകിട്ട് 5ന് കാട്ടാക്കട വീരണകാവിൽ നടക്കുന്ന ചടങ്ങിൽ ആ വീടിന്റെ താക്കോൽ വിജിത്തിന്റെ കൈകളിലെത്തും. കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറുന്നത്.

ഒരു ‘അടയാളവും’ ഇല്ലാത്ത വീട്

ഈ വീടിന് മറ്റൊരു പ്രത്യേകതയുണ്ട്. അതിന്റെ ചുവരിൽ ആരുടെയെങ്കിലും ഔദാര്യത്തിന്റെ വലിയ ബോർഡ് തൂങ്ങില്ല. ഭൂമി നൽകിയവരുടെ പേര് കൊത്തിവെയ്ക്കില്ല. സഹായിച്ചവരുടെ ചിത്രങ്ങൾ നിരത്തില്ല. ആരുടെയെങ്കിലും പേരിൽ വിജിത്ത് ജീവിതകാലം മുഴുവൻ കടപ്പെട്ടവനാണെന്ന ഓർമപ്പെടുത്തലും അവിടെ ഉണ്ടാകില്ല. അതുകൊണ്ടാണ് സംഘത്തിലുള്ളവർ അതിനെ ‘യാതൊരു അടയാളപ്പെടുത്തലുമില്ലാത്ത സ്വപ്നഭവനം’ എന്നു വിശേഷിപ്പിക്കുന്നത്. സഹായത്തിന് ചിലപ്പോൾ ഏറ്റവും വലിയ സൗന്ദര്യം ലഭിക്കുന്നത് അതിന് സ്വന്തം പേര് മായ്ച്ചുകളയാൻ കഴിയുമ്പോഴാണ്.

വിജിത്തിന് നൽകിയ ഭൂമിക്ക് ഒരു ഉടമയുണ്ടായിരുന്നു. വീട് പണിയാൻ സഹായിച്ച ഓരോ രൂപയ്ക്കും ഒരിടത്തുനിന്ന് ഉറവിടമുണ്ടായിരുന്നു. ഓരോ ഇഷ്ടികയ്ക്കും പിന്നിൽ ആരുടെയെങ്കിലും അധ്വാനമുണ്ടായിരുന്നു. എന്നാൽ വീട് പൂർത്തിയായപ്പോൾ അവരെല്ലാം സ്വയം പിന്നോട്ടുമാറുന്നു. മുന്നിൽ ഒരാൾ മാത്രം. വിജിത്ത്. അവന്റെ ജീവിതം. അവന്റെ വീട്. അവന്റെ അന്തസ്സ്.

വീടിനേക്കാൾ വലുതായൊരു താക്കോൽ

സെപ്റ്റംബർ 24ന് വിജിത്തിന്റെ കൈയിൽ കിട്ടുന്നത് ഒരു വീടിന്റെ താക്കോൽ മാത്രമല്ല. ഒരിക്കൽ ജീവിതം വഴിമുട്ടിയപ്പോൾ രഞ്ജിത്ത് പിടിച്ച കൈയുടെ തുടർച്ചയാണത്. ഒരു ജോലി കൊടുത്ത സഹകരണസംഘത്തിന്റെ കരുതലിന്റെ തുടർച്ച. അവനെ സഹപ്രവർത്തകനല്ല, സ്വന്തം വീട്ടിലെ ഒരാളായി കണ്ട മനുഷ്യരുടെ സ്നേഹത്തിന്റെ തുടർച്ച. ബോർഡ് യോഗത്തിൽ പറഞ്ഞ ഒരു ചെറിയ ആഗ്രഹത്തെ സ്വന്തം ഉത്തരവാദിത്വമാക്കി ഭൂമി നൽകിയ ഒരാളുടെ മനസ്സിന്റെ തുടർച്ച. അടിത്തറയിൽ ഒരു നുള്ള് സ്വർണം നൽകിയ അച്ഛന്റെ സ്നേഹത്തിന്റെ തുടർച്ച. കേരള എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എയും സഹകരണസംഘവും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ തുടർച്ച. ഒരു വാസ്തുശില്പിയുടെ വരകളുടെയും തൊഴിലാളികളുടെ വിയർപ്പിന്റെയും പേരുപറയാതെ സഹായിച്ച അനേകരുടെയും തുടർച്ച. എല്ലാറ്റിനുമുപരി, പണം മുടങ്ങിയപ്പോഴും പണി മുടക്കാതെ, സ്വന്തം കീശയും കടവും മുന്നോട്ടുവച്ച്, ‘ആ വീട് ആദ്യം പൂർത്തിയാകട്ടെ’ എന്നു തീരുമാനിച്ച എന്റെ കൂട്ടുകാരന്റെ ഓട്ടത്തിന്റെ തുടർച്ച. അതുകൊണ്ടാണ് ഈ താക്കോൽ വീടിനേക്കാൾ വലുതാകുന്നത്. അത് ഒരാളെ ‘ആരുടെയെങ്കിലും കരുണയിൽ കഴിയുന്ന ഒരാൾ’ എന്ന നിലയിൽനിന്ന് ‘സ്വന്തം വീട്ടിൽ ജീവിക്കുന്ന ഒരാൾ’ എന്ന അന്തസ്സിലേക്കെത്തിക്കുന്ന താക്കോലാണ്.

ഇനിയും പ്രതീക്ഷിക്കാം

നമുക്ക് ചുറ്റും വേലികൾ ഇനിയും ധാരാളമുണ്ട്. മതം മനുഷ്യനെ വേർതിരിക്കും. ജാതി വേർതിരിക്കും. സമ്പത്ത് വേർതിരിക്കും. രാഷ്ട്രീയം വേർതിരിക്കും. പദവിയും ഭാഷയും നിറവും പ്രദേശവും വരെ മനുഷ്യർക്കിടയിൽ വര വരയ്ക്കും. പക്ഷേ പൂജപ്പുരയിൽ തുടങ്ങിയ ഈ കഥ പറയുന്നത് മറ്റൊന്നാണ്. മനുഷ്യൻ വരയ്ക്കുന്ന ഓരോ വരയ്ക്കുമപ്പുറം മറ്റൊരു മനുഷ്യന് കടന്നുപോകാൻ കഴിയുമെന്ന്. അതിനൊരു വലിയ സിദ്ധാന്തം വേണ്ട. മുന്നിലുള്ള മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സ് മതി.

രഞ്ജിത്ത് അങ്ങനെ കണ്ടു. സഹകരണസംഘത്തിലെവർ അങ്ങനെ കണ്ടു. ഭൂമി നൽകിയ വനിത അങ്ങനെ കണ്ടു. അവരുടെ അച്ഛൻ അങ്ങനെ കണ്ടു. എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എയും ഒപ്പമെത്തിയവരും അങ്ങനെ കണ്ടു. എന്റെ കൂട്ടുകാരൻ അതിനെ സ്വന്തം ഉത്തരവാദിത്വമായി കണ്ടു. ഒരുപാട് പേരുടെ ആ കാഴ്ചയാണ് ഇപ്പോൾ കാട്ടാക്കടയിൽ ഒരു വീടായി നിൽക്കുന്നത്. സെപ്റ്റംബർ 24ന് അതിന്റെ വാതിൽ ആദ്യമായി വിജിത്തിനായി തുറക്കുമ്പോൾ ആ വീടിനുള്ളിലേക്ക് ഒരാൾ മാത്രമല്ല പ്രവേശിക്കുന്നത്. നമ്മൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഒരു മൂല്യം കൂടിയാണ് അകത്തേക്ക് കടക്കുന്നത്. മനുഷ്യസ്നേഹം.

ഒരു കാലത്ത് തലചായ്ക്കാനൊരു ഇടം തേടിയാണ് വിജിത്ത് പൂജപ്പുരയിലെ ആ ഓഫീസിലെത്തിയത്. ഇന്ന് അവന് സ്വന്തമായി ഒരു മേൽക്കൂരയുണ്ട്. അന്ന് കൂടെയുണ്ടായിരുന്നത് ഒരാളുടെ കൈയായിരുന്നു. ഇന്ന് അവനൊപ്പം ഒരു സമൂഹമുണ്ട്. അന്ന് മുന്നിൽ വഴിയറിയില്ലായിരുന്നു. ഇന്ന് അവന്റെ കൈയിൽ സ്വന്തം വാതിൽ തുറക്കാനുള്ള താക്കോലുണ്ട്. ആ താക്കോലിൽ ഭൂമി നൽകിയ ഒരാളുടെ നന്മയുണ്ട്. ഒരു അച്ഛൻ നൽകിയ നുള്ള് സ്വർണമുണ്ട്. സഹപ്രവർത്തകരുടെ കരുതലുണ്ട്. സംഘടനകളുടെ കൂട്ടൂണ്ട്. തൊഴിലാളികളുടെ വിയർപ്പുണ്ട്. പലരുടെയും ചെറിയ ചെറിയ സഹായങ്ങളുണ്ട്. എന്റെ കൂട്ടുകാരന്റെ കടവും അധ്വാനവും ഉറക്കമില്ലാത്ത ഓട്ടവുമുണ്ട്.

അതുകൊണ്ട് ഈ കഥയുടെ അവസാനം ഒരു വീടല്ല. ഒരു പ്രതീക്ഷയാണ്. വേലികൾ ഉയരുന്ന കാലത്തും അവ തകർത്തെറിയാൻ മനുഷ്യരുണ്ടെന്ന പ്രതീക്ഷ. പേരെഴുതാതെ നന്മ ചെയ്യാൻ മനുഷ്യരുണ്ടെന്ന പ്രതീക്ഷ. സ്വന്തം കീശ ശൂന്യമാകുമ്പോഴും മറ്റൊരാളുടെ സ്വപ്നം പാതിയിൽ നിൽക്കാതിരിക്കാൻ ഓടുന്ന മനുഷ്യരുണ്ടെന്ന പ്രതീക്ഷ. ആരോരുമില്ലെന്നു കരുതുന്ന ഒരാളോട് ‘നിനക്ക് ഞങ്ങളുണ്ട്’ എന്നു പറയാൻ ഇനിയും മനുഷ്യരുണ്ടെന്ന പ്രതീക്ഷ. അതാണ് കാട്ടാക്കടയിൽ ഉയർന്ന ഈ ചെറിയ വീടിന്റെ ഏറ്റവും വലിയ അർഥം.

ഒരു ജീവിതത്തിന് മേൽക്കൂര പണിതപ്പോൾ മനുഷ്യസ്നേഹം സ്വന്തം വിലാസവും ഇവിടെ എഴുതിവച്ചു. ആ വിലാസത്തിന്റെ ചുവരുകൾക്കുള്ളിൽ വിജിത്തിന്റെ സ്വപ്നമുണ്ട്. അതിന്റെ അടിത്തറയിൽ ഒരുപാട് മനുഷ്യരുടെ നന്മയുണ്ട്. അതിനിടയിൽ, ആരോടും പരിഭവമില്ലാതെ ഇപ്പോഴും ഒരേയൊരു വാക്ക് ആവർത്തിക്കുന്ന ഒരാളുമുണ്ട്: “തരാമെന്ന് പറഞ്ഞവരൊക്കെ തരും ശ്യാമേ…” ആ പ്രതീക്ഷയും നമ്മൾ കൈവിടരുത്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ജി-ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS