ബീനേച്ചി യാത്രയായി.
ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നുവെങ്കിലും ദേവികയുടെ ചേച്ചി എന്ന സ്ഥാനത്തിൻ്റെ പേരിൽ അവർ എനിക്കും ചേച്ചിയായി.
ചേച്ചി എന്നതിലുപരി എനിക്കൊരു നല്ല സുഹൃത്തായിരുന്നു.
എൻ്റെ പല സുഹൃത്തുക്കളും അവരുടെയും സുഹൃത്തുക്കളായിരുന്നു എന്നത് ബന്ധം ഊട്ടിയുറപ്പിച്ചു.
ബീനേച്ചിയുടെ ഭർത്താവ് രാജുവേട്ടൻ എന്നെ ശരിക്കുമൊരു അനിയനായി കണ്ടു.
എങ്ങനെ ഞങ്ങൾ ഇത്ര അടുത്തു എന്നത് ഇന്നും എനിക്ക് അത്ഭുതമാണ്.
അവരുടെ മകൻ വിച്ചു എൻ്റെ കൺമുന്നിലാണ് വളർന്ന് യുവാവായത്.
എപ്പോഴും ചിരിച്ചു മാത്രമേ ബീനേച്ചിയെ ഞാൻ കണ്ടിട്ടുള്ളൂ.
എനിക്കും അവർക്കും കൂട്ടുകാരായവരെല്ലാം അതു തന്നെ പറഞ്ഞു.
അവരുടെ രോഗികൾക്കെല്ലാം പ്രിയങ്കരിയായ ചിരിക്കുന്ന ഡോക്ടറായി.
ചികിത്സിക്കുന്നതിന് സമയവും കാലവുമൊന്നും നോക്കിയില്ല.
സദാ സേവനസന്നദ്ധയായിരുന്ന അവർ രോഗികൾക്കായി തൻ്റെ എല്ലാ കാര്യങ്ങളും മാറ്റിവെച്ചു.
ബീനേച്ചിയെപ്പോലൊരാൾ വിടവാങ്ങുന്നത് സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ്.
രോഗപീഡകളുമായി തനിക്കരികിലേക്കു വരുന്നവർക്ക് സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ തന്നെ പകുതി ആശ്വാസമേകിയിരുന്ന ഡോക്ടർ.
ഇനിയുമേറെ രോഗികൾക്ക് ആശ്വാസമേകേണ്ടിയിരുന്ന ഡോക്ടർ.
പൂമ്പാറ്റയെപ്പോലെ പാറിനടന്ന അവർ പെട്ടെന്ന് പറന്നകന്നു.
രണ്ടു ദിവസം മുമ്പ് മാത്രമാണ് രോഗം സ്ഥിരീകരിച്ച് അവർ ആശുപത്രിയിലെത്തിയത്.
അപ്പോഴേക്കും ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു.
ദേവികയുടെ അമ്മ ബീനേച്ചിയെ കാണാനായി ആശുപത്രിയിലുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്കു ശേഷം സേതുവമ്മയുടെ ഫോൺ വന്നു.
ഒരു വാക്കു മാത്രമേ അമ്മ പറഞ്ഞുള്ളൂ -‘പോയെടാ..’
കണ്ണനെയും കൂട്ടി ഞാൻ ഓടിച്ചെല്ലുമ്പോൾ ആശുപത്രിക്കിടക്കയിൽ ബീനേച്ചി ശാന്തമായി ഉറങ്ങുകയായിരുന്നു.
ഇനിയൊരിക്കലും ഉണരാത്ത ഉറക്കം.
ചേച്ചിയമ്മയുടെ കട്ടിലിനരികിൽ നിറഞ്ഞ കണ്ണുമായി കണ്ണൻ നിന്നു.
ചുറ്റും ഈറനണിഞ്ഞ കണ്ണുകളുമായി വേറെയും ധാരാളം പേർ.
അവരിൽ ബന്ധുക്കളായിരുന്നില്ല കൂടുതൽ.
ബീനേച്ചി ആശുപത്രിയിലായ വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വലിയ കൂട്ടമായിരുന്നു.
തിരക്കുകൾക്കിടയിൽ ബീനേച്ചി സ്വന്തം കാര്യം ശ്രദ്ധിക്കാതെ പോയതാണോ?
ഒരു ഡോക്ടർക്ക് സ്വന്തം രോഗം തിരിച്ചറിയാനായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
അതോ, തിരിച്ചറിഞ്ഞിട്ടും ആരെയും അറിയിക്കാതിരുന്നതോ?
വിട ബീനേച്ചി..









