HomeLIFEഗോപിയങ്കിളും ...

ഗോപിയങ്കിളും യാത്രയായി

-

Reading Time: 3 minutes

ദേവിയുടെ അച്ഛൻ പെട്ടെന്ന് പോയതിൻ്റെ ആഘാതം മാറുന്നതിനു മുമ്പ് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടി… ഗോപിയങ്കിൾ…

ഓടി നടന്നിട്ട് ഓടിയങ്ങ് പോയ പോലെയാണ് അച്ഛൻ പോയതെന്ന് എല്ലാവരും പറയുന്നു. അത്രയ്ക്ക് സജീവമായി, എല്ലാ കാര്യങ്ങളിലും ഇടപെട്ടായിരുന്നു മരിക്കുന്നതിൻ്റെ തലേന്നാൾ വരെ അച്ഛൻ്റെ ജീവിതം.

ഗോപിയങ്കിളും അതേ പോലായിരുന്നു. അതിനാൽ തന്നെയാണ് അവരിരുവരുടെയും മരണം ഞങ്ങൾക്ക് അവിശ്വസനീയമാവുന്നതും.

ഒരു യാത്രയ്ക്കിടെ നിലമ്പൂരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗോപിയങ്കിൾ ഇന്നു പുലർച്ചെ അന്തരിച്ചു. 1980കളുടെ അവസാന പകുതിയിലും 1990കളുടെ ആദ്യ പകുതിയിലുമായി കാസറഗോഡ് ഗവ. കോളേജിൽ ദീർഘകാലം സഹപ്രവർത്തകരായിരുന്നു പ്രൊഫ.ഇ.വി.നാരായണ പണിക്കരും പ്രൊഫ.വി.ഗോപിനാഥനും. അടുത്തടുത്ത ക്വാർട്ടേഴ്സുകളിൽ പണിക്കർ മാഷും ഗോപി മാഷും വർഷങ്ങളോളം അയൽക്കാരായി. ഇവിടെ ദേവികയും രാധികയും പോലെ അവിടെ ശ്രുതിയും ശ്വേതയും. സേതുവമ്മയും ശ്രീമതിയാൻ്റിയും അവർക്ക് അമ്മമാരായി.

ഇക്കണോമിക്സ് അധ്യാപകനായ പണിക്കർ മാഷ് പിന്നീട് തിരുവനന്തപുരത്തെത്തി ഇവിടെ ഉറച്ചു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വിരമിച്ചു. ജിയോളജി അധ്യാപകനായ ഗോപി മാഷ് കാസറഗോഡ് തന്നെ തുടർന്നു. കാസറഗോഡ് ഗവ. കോളേജിൽ പ്രിൻസിപ്പലും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുമെല്ലാമായി.

വടക്കേയറ്റത്തും തെക്കേയറ്റത്തുമായിട്ടും അവരുടെ സൗഹൃദനദി പക്ഷേ, തടസ്സങ്ങളൊന്നുമില്ലാതെ ഒഴുകി. ഔട്ട് സ്റ്റേഷൻ സർവീസിനായി കാസറഗോഡ് ഗവ. കോളേജ് തന്നെ ദേവിക തിരഞ്ഞെടുക്കാൻ കാരണം കുട്ടിക്കാലത്തെ ഈ ബന്ധങ്ങളായിരുന്നു. വർഷങ്ങളോളം അച്ഛൻ പഠിപ്പിച്ച കോളേജിൽ തന്നെ പഠിപ്പിക്കണമെന്ന മകളുടെ ആഗ്രഹം.
ദേവികയ്ക്ക് കാസറഗോഡേക്ക് മാറ്റമായി ഉത്തരവ് വന്നപ്പോൾ അച്ഛൻ ആദ്യം വിളിച്ചത് ഗോപിയങ്കിളിനെ തന്നെ. “ഗോപി മാഷേ.. ദേവിക ഗവ. കോളേജിലേക്കു വരുന്നുണ്ട്”. കൂടുതലൊന്നും പറയേണ്ടി വന്നില്ല, ദേവിക കാസറഗോഡ് കാലുകുത്തുമ്പോഴേക്കും സ്വാഗതസംഘം തയ്യാർ.

കോളേജിൽ ജോയിൻ ചെയ്യാൻ ദേവിക എത്തുമ്പോൾ ‘പണിക്കര് മാഷിൻ്റെ മകൾ’ വരുന്ന കാര്യം അറിയാത്തതായി അവിടെ ആരുമുണ്ടായിരുന്നില്ല. എന്തിനുമേതിനും ഗോപിയങ്കിൾ മുന്നിലുണ്ടായിരുന്നു. തങ്ങളുടെ പഴയ സഹപ്രവർത്തകനായിരുന്ന, അന്തരിച്ച രാമചന്ദ്രൻ മാഷിൻ്റെ വീട്ടിൽ ദേവികയ്ക്ക് താമസം ശരിയാക്കിയതും ഗോപിയങ്കിൾ തന്നെ. രാമചന്ദ്രൻ മാഷും പഴയ ക്വാർട്ടേഴ്സ് വാസികളിൽ ഒരാൾ. രാമചന്ദ്രൻ മാഷിൻ്റെ ഭാര്യ സാവിത്രിയാൻ്റി ദേവികയ്ക്ക് അമ്മയെ പോലെയാണെന്നത് ഞങ്ങൾക്ക് പകർന്ന ആശ്വാസം ചെറുതായിരുന്നില്ല.

അച്ഛൻ്റെ ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും ദേവികയ്ക്കൊപ്പം കാസറഗോഡ് ചെല്ലുമ്പോഴാണ് ഞാൻ ഗോപിയങ്കിളിനെ നേരിട്ട് പരിചയപ്പെടുന്നത്. വളരെ പെട്ടെന്നു തന്നെ ഞങ്ങൾക്കിടയിൽ ഒരാത്മബന്ധം ഉടലെടുത്തു. പിന്നീട് കാസറഗോഡ് ഞാനും കണ്ണനും ചെല്ലുമ്പോഴെല്ലാം ഗോപിയങ്കിളും ശ്രീമതിയാൻ്റിയും ഞങ്ങളുടെ ആതിഥേയരായി. അവരുടെ ചെറുമകൻ്റെ പേരും പ്രണവ് ആണെന്നത് സന്തോഷം വർധിപ്പിച്ചു.

അച്ഛൻ്റെ മരണവേളയിൽ കാസറഗോഡുള്ള സുഹൃത്തുക്കളെ എല്ലാവരെയും അറിയിക്കാനും അവിടത്തെ പത്രങ്ങളിൽ വാർത്ത നല്കാനുമൊക്കെ മുന്നിൽ നിന്നത് ഗോപിയങ്കിളായിരുന്നു. ജീവിതത്തിൽ ഇത്രയും കാലം വിളിച്ചതിനും എത്രയോ ഇരട്ടി തവണ ഒക്ടോബർ 1നു ശേഷമുള്ള 21 ദിവസങ്ങളിൽ അദ്ദേഹം എന്നെ വിളിച്ചു. “സേതുവേച്ചി ഇപ്പോൾ എങ്ങനെയുണ്ട്? നോർമൽ ആയോ? ദേവികയും രാധികയും എന്തു പറയുന്നു?” -അദ്ദേഹം അന്വേഷിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ 22-ാം ദിവസം പുലർച്ചെ അദ്ദേഹം യാത്രയായി, വിളികൾ അവസാനിപ്പിച്ചുകൊണ്ട്. കാസറഗോഡ് എല്ലാ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു ഗോപിയങ്കിൾ. അക്കാദമിക പണ്ഡിതന്മാരുടെ ജാഡകൾ ഒട്ടുമില്ലാതിരുന്ന അദ്ദേഹം സാധാരണക്കാരുടെയിടയിൽ ജീവിച്ചു. പ്രകൃതി പഠനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ മലപ്പുറത്തേക്ക് യാത്ര തിരിച്ചതും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ.

കാസറഗോഡ് ട്രാവൽ ക്ലബ്ബിൻ്റെ പഠനയാത്രാ സംഘത്തോടൊപ്പമാണ് ഗോപിയങ്കിളും ശ്രീമതിയാൻ്റിയും നിലമ്പൂരെത്തിയത്. ഇന്നു രാവിലത്തെ പഠന സന്ദർശനത്തിനുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി 12 മണിയോടെ ഗോപിയങ്കിളിന് കടുത്ത ശ്വാസതടസ്സമുണ്ടായി.

ഒപ്പമുണ്ടായിരുന്നവർ ഉടൻ വണ്ടൂർ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്കള ഇ.കെ.നായനാർ ആശുപത്രിയിലെ ഫ്രീസർ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിക്കുക. അവിടെ സന്ദർശനസൗകര്യമുണ്ടാവും.
കാസറഗോഡ് ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി തന്നെ വിരമിച്ചയാളാണ് ശ്രീമതിയാൻ്റി. ശ്രുതി അമേരിക്കയിൽ എൻജിനീയറാണ്. ശ്വേത കണ്ണൂരിൽ ഡോക്ടറും. ശ്രുതി എത്തുന്നതനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിക്കുക. അപ്പോൾ മാത്രമേ വിദ്യാനഗർ ചിന്മയ കോളനിയിലെ വസതിയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂ.

ശ്രീമതിയാൻ്റിക്കും ശ്രുതിക്കും ശ്വേതയ്ക്കും താങ്ങാനാവാത്ത നഷ്ടമാണിത്. അവരുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു. ഗോപിയങ്കിൾ എന്നും ഞങ്ങളുടെ ഓർമകളിലുണ്ടാവും.

You would know the secret of death..
But how shall you find it unless you seek it in the heart of life?

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ജി-ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS