HomeSPORTSതോൽക്കാൻ മനസ്...

തോൽക്കാൻ മനസ്സില്ലാത്തവർ

-

Reading Time: 5 minutes

‘തോൽക്കാൻ മനസ്സില്ലാത്തവർ’ -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ ‘തോല്പിക്കാനാവാത്തവർ’ എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും അവർ തോൽക്കാൻ മനസ്സില്ലാത്തവർ ആയിരുന്നില്ല. ഇപ്പോൾ വിരാട് കോഹ്ലിയെയും സംഘത്തെയും അങ്ങനെ വിശേഷിപ്പിക്കാൻ എന്താണ് കാരണം? തോറ്റെന്ന് മറ്റുള്ളവർ ഉറപ്പിച്ച മത്സരങ്ങളും അവർ തിരിച്ചുവന്ന് ജയിച്ചുകയറുന്നു എന്നതു തന്നെ കാരണം.

ട്വന്റി 20 പരമ്പരയിലെ ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വീകരിച്ചപ്പോൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. 7 ടെസ്റ്റുകൾ തുടർച്ചയായി കോഹ്ലിപ്പട ജയിച്ചിരിക്കുന്നു. അതിൽ അവസാന നാലെണ്ണം ഇന്നിങ്സ് വിജയങ്ങളാണ്. ഏകദിന പരമ്പരകളിൽ അവർ വിൻഡീസിനെയും ഓസ്ട്രേലിയയെയുമെല്ലാം തോല്പിച്ചു. ഇപ്പോഴിതാ 8 ട്വന്റി 20 മത്സരങ്ങളും തുടർച്ചയായി ജയിച്ചിരിക്കുന്നു. ഇതിൽ ന്യൂസീലൻഡിനെതിരായ രണ്ടെണ്ണം തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചടിച്ച് സൂപ്പർ ഓവറിൽ നേടിയ വിജയങ്ങളാണ് -വൈറ്റ് വാഷ്!

വിജയം ഇന്ത്യൻ ടീമിന്റെ സ്വഭാവമായി മാറിയിരിക്കുന്നു. ന്യൂസീലൻഡിനെ ന്യൂസീലൻഡിൽ വൈറ്റ് വാഷിനു വിധേയരാക്കുമെന്ന് ഇന്ത്യയുടെ ഏറ്റവും കടുത്ത ആരാധകർ പോലും -എന്തിന് വിരാട് കോഹ്ലി പോലും -കരുതിയിട്ടുണ്ടാവില്ല. ഒരു ട്വന്റി 20 പരമ്പര 5-0 എന്ന മാർജിനിൽ ഏതെങ്കിലും ടീം ജയിക്കുന്നത് ചരിത്രത്തിലാദ്യം. ലോക റെക്കോഡ് എന്നു പറയാം. അതിനാലാണ് ഇത് കോഹ്ലിക്കു പോലും അവിശ്വസനീയമായിരിക്കും എന്നു പറഞ്ഞത്.

24 ജനുവരി, 2020
ന്യൂസീലൻഡ് 203/5 (20)
ഇന്ത്യ 204/4 (19)
6 വിക്കറ്റ് ജയം
26 ജനുവരി, 2020
ന്യൂസീലൻഡ് 132/5 (20)
ഇന്ത്യ 135/3 (17.3)
7 വിക്കറ്റ് ജയം
29 ജനുവരി, 2020
ഇന്ത്യ 179/5 (20) & 20/0 (1)
ന്യൂസീലൻഡ് 179/6 (20) & 17/0 (1)
സൂപ്പർ ഓവറിൽ ജയം
31 ജനുവരി, 2020
ഇന്ത്യ 165/8 (20) & 16/1 (0.5)
ന്യൂസീലൻഡ് 165/7 (20) & 13/1 (1)
സൂപ്പർ ഓവറിൽ ജയം
2 ഫെബ്രുവരി, 2020
ഇന്ത്യ 163/3 (20)
ന്യൂസീലൻഡ് 156/9 (20)
7 റൺസ് ജയം

ഇന്ത്യൻ ടീമിൽ ഇപ്പോൾ കാണുന്ന വിജയതൃഷ്ണ വളർത്തിയെടുക്കുന്നതിൽ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്ലി വഹിക്കുന്ന പങ്ക് ചെറുതല്ല. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും അദ്ദേഹം നായകനാണ് എന്നത് മൊത്തത്തിൽ ടീമിന് വലിയ ഗുണമാണ്. തന്റെ ചെയ്തികളിലൂടെ ടീമംഗങ്ങളുടെയാകെ ബഹുമാനത്തിന് പാത്രമാവാൻ കോഹ്ലിക്കു സാധിച്ചിരിക്കുന്നു. തോൽവിയുടെ നീരാളിപ്പിടിത്തം വിടുവിച്ച് ജയം പിടിച്ചു വാങ്ങുന്ന ഈ നായകന് ജാലവിദ്യ വശമുണ്ടെന്ന ചിന്ത ഓരോ കളിക്കാരന്റെയും ഉപബോധ മനസ്സിൽ പതിഞ്ഞിരിക്കുന്നു. കോഹ്ലി ഒപ്പമുണ്ടെങ്കിൽ എല്ല ശരിയാണെന്ന ചിന്ത അവരിൽ ശക്തിപ്പെടുന്നു. ഇത്തരമൊരു മാനസികാവസ്ഥയിൽ അവർക്ക് തോൽക്കാൻ മനസ്സുണ്ടാവില്ല എന്നതുറപ്പല്ലേ?

വിരാട് കോഹ്ലി

മൂന്നു ഫോർമാറ്റുകളിലും താരങ്ങളെ മാറ്റിമറിച്ച് പരീക്ഷണത്തിനു മുതിരുന്നുണ്ട് ടീം ഇന്ത്യ. ഈ മാറ്റങ്ങൾക്കപ്പുറവും ജയം സ്വഭാവമാകുന്നത് ചെറിയ കാര്യമല്ല. ടീമിലെ ഈ വൈവിധ്യം വിദേശ പിച്ചുകളിലെ പ്രകടനമികവിന് കാരണമായിരിക്കുന്നു. ഇപ്പോൾ ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പര വിജയത്തിൽ കണ്ടത് അതാണ്. ഇന്ത്യ ട്വന്റി 20യിൽ 8 തുടർവിജയങ്ങളുമായി തിളങ്ങി നിൽക്കുമ്പോൾ മറുഭാഗത്ത് കരുത്തരായ ന്യൂസീലൻഡ് 8 തുടർപരാജയങ്ങളുമായി പതുങ്ങി നിൽക്കുകയാണ്. ഈ താരതമ്യത്തിലാണ് ഇന്ത്യയുടെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാവുക.

കായികക്ഷമതയിലും ഫീൽഡിങ് മികവിലും ക്യാപ്റ്റൻ പുലർത്തുന്ന നിഷ്കർഷ ടീമിന്റെയാകെ പ്രകടനം ഒരു പടി ഉയർത്തുന്നതിനു കാരണമായിട്ടുണ്ട്. തന്റെ ബാറ്റിങ് മികവിലൂടെ ഒട്ടേറെ മത്സരങ്ങളിൽ വിജയത്തിലേക്കു നയിക്കുക വഴി ആ രീതിയിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കോഹ്ലിക്കു സാധിക്കുന്നു. ട്വന്റി 20 പരമ്പരവിജയം ഉറപ്പാക്കിയ മൂന്നാം മത്സരത്തിലെ സൂപ്പർ ഓവറിലെ അവസാന 2 പന്തുകൾ രോഹിത് ശർമ്മയ്ക്ക് അനായാസം സിക്സർ പറത്താനായത് ടീമിലെ ഓരോ കളിക്കാരനും ആർജ്ജിച്ചിരിക്കുന്ന ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം വികാസമുണ്ടായത് പേസ് ബൗളിങ്ങ് വിഭാഗത്തിലാണ്. ജസ്പ്രീത് ബുംറ ഒഴിച്ച് ഒരു ബൗളർക്കും ടീമിലെ സ്ഥാനം സ്ഥിരമല്ല. അത് ആരുടെയെങ്കിലും പ്രകടനം മോശമായതു കൊണ്ടല്ല. കൂടുതൽ മികവ് തെളിയിച്ച് വരുന്നവർ പിന്നിൽ നിന്നു തള്ളിമാറ്റുന്നതാണ്. ബുംറയുടെ ഉറപ്പിനു കാരണം അദ്ദേഹം ലോകത്തു തന്നെ ഒന്നാമനാണ് എന്നതാണ്. അത്രയ്ക്കുണ്ട് ഇന്ത്യൻ പേസർമാർക്കിടയിലെ മത്സരവീര്യം.‌ സ്പിന്നർമാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ടീമിലെ സ്ഥാനത്തിനായി യൂസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും രവീന്ദ്ര ജഡേജയും തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നു.

ജസ്പ്രീത് ബുംറ

ബാറ്റിങ്ങിലും ഫീൽഡിങ്ങിലും പ്രകടിപ്പിക്കുന്ന മികവിലൂടെ ഓൾറൗണ്ടറുടെ തലത്തിലേക്ക് എല്ലാ വിഭാഗത്തിലും അവിഭാജ്യ ഘടകമാവാൻ ജഡേജ പരിശ്രമിക്കുന്നുണ്ട്. ഓൾറൗണ്ടർ എന്ന ഗണത്തിൽ കൃത്യമായി പെടുത്താവുന്ന ഹാർദിക് പാണ്ഡ്യ കൂടി വരുമ്പോൾ ടീമിന് കരുത്തേറും. വാഷിങ്ടൺ സുന്ദർ, ശിവം ദുബെ എന്നിവരും ഓൾറൗണ്ടർ എന്ന ഗണത്തിൽ പെടാൻ അദ്ധ്വാനിക്കുന്നവരാണ്.

പുതിയതായി കടന്നുവരുന്നവർ വേഗത്തിൽ പക്വത കൈവരിക്കുന്നു എന്നതാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ സവിശേഷത. കെ.എൽ.രാഹുലും ശ്രേയസ് അയ്യരും മനീഷ് പാണെഡെയുമെല്ലാം ഉദാഹരണങ്ങൾ. ഇവർക്കെല്ലാം കോഹ്ലിയാണ് മാതൃക. കോഹ്ലിയുടെ നിലവാരത്തിന് ഒപ്പമെത്താൻ മറ്റുള്ളവർ ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ മികവ് സ്വാഭാവികമായി കൈവരുന്നു.

ട്വന്റി 20 പരമ്പരയിൽ ഇന്ത്യ ജയിച്ചു എന്നതിനെക്കാളുപരി ന്യൂസീലൻഡ് തോറ്റു എന്നു പറയുന്നതാവും കൂടുതൽ ശരി. അവസാന 3 മത്സരങ്ങളും ജയം ഉറപ്പിച്ച അവസ്ഥയിൽ നിന്നാണ് കിവികൾ തകർന്നടിഞ്ഞത്. മൂന്നാം മത്സരത്തിലേതായിരുന്നു ഏറ്റവും അവിശ്വസനീയ തോൽവി. ന്യൂസീലൻഡിന് ജയിക്കാൻ 4 പന്തില്‍ വേണ്ടിയിരുന്നത് 2 റൺസ്. ക്രീസില്‍ ക്യാപ്റ്റൻ കെയ്ൻ വില്യംസണും പരിചയസമ്പന്നനായ റോസ് ടെയ്ലറും. പക്ഷേ, ന്യൂസീലൻഡ് ജയിച്ചില്ല. മുഹമ്മദ് ഷമിയുടെ മാസ്മരിക ബൗളിങ്. മത്സരം ടൈ. തുടർന്നുള്ള സൂപ്പർ ഓവറിൽ ഇന്ത്യ ജയിച്ചു. അതും ടിം സൗത്തിക്കെതിരെ അവസാന 2 പന്തിൽ രോഹിത് ശർമ്മ തുടർച്ചയായി പായിച്ച 2 സിക്സറുകളുടെ പിൻബലത്തിൽ!!

അഞ്ചാം ട്വന്റി 20യിൽ വിശ്രമത്തിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും അതിർത്തിവരയ്ക്കരികിൽ

നാലാം മത്സരത്തിൽ അവസാന രണ്ടോവറിൽ ന്യൂസീലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്. 19-ാം ഓവറിൽ നവദീപ് സെയ്നി നൽകിയത് വെറും 4 റൺസ് .7 വിക്കറ്റുകളും കൈയിലിരിക്കെ അവസാന ഓവറിൽ വേണ്ടത് 7 റൺസ്. എന്നാൽ ഷാർദുൽ ഠാക്കൂർ എറിഞ്ഞ ഓവറിൽ 2 റണ്ണൗട്ടുകളടക്കം 4 വിക്കറ്റുകളാണ് കടപുഴകിയത്. അതോടെ ആ മത്സരവും ടൈ. പിന്നീട് നടന്ന സൂപ്പർ ഓവറിൽ ഇന്ത്യ പാട്ടും പാടി ജയിച്ചു.

അഞ്ചാം മത്സരത്തിൽ അനായാസ ജയത്തിലൂടെ ന്യൂസീലൻഡ് വൈറ്റ് വാഷ് ഒഴിവാക്കുമെന്നു കരുതി. 164 എന്ന അത്ര വലുതല്ലാത്ത വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസീലൻഡ് 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 116 വരെയെത്തി. എന്നാൽ തുടർന്നുള്ള 7 ഓവറുകളിൽ അവർ 40 റൺസ് മാത്രം നേടിയപ്പോൾ നഷ്ടപ്പെടുത്തിയത് 6 വിക്കറ്റുകളാണ്. 7 റൺസിന് വൃത്തിയായി തോറ്റു. തന്റെ 100-ാം ട്വന്റി 20ക്കിറങ്ങിയ റോസ് ടെയ്ലർ നേടിയ അർദ്ധസെഞ്ച്വറിക്കും പരാജയം ഒഴിവാക്കാനായില്ല. വെറും 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ബുംറ മാൻ ഓഫ ദ മാച്ചായില്ലെങ്കിലേ അത്ഭുതമുള്ളൂ.

കെ.എൽ.രാഹുൽ

പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയത് കെ.എൽ.രാഹുലാണ് -5 കളികളിൽ 2 അർദ്ധസെഞ്ച്വറിയടക്കം 224 റൺസ്. വിക്കറ്റ് കീപ്പറുടെ അധിക ജോലിക്കിടെയായിരുന്നു ഈ നേട്ടം. ഇതുവഴി രാഹുൽ മാൻ ഓഫ് ദ സിരീസുമായി. കോഹ്ലി വിശ്രമിച്ച അഞ്ചാം മത്സരത്തിൽ ക്യാപ്റ്റനായ രോഹിത് ശർമ്മയ്ക്കു പരിക്കേറ്റതിനെ തുടർന്ന് ന്യൂസീലൻഡ് ഇന്നിങ്സിൽ ഇന്ത്യയെ നയിച്ചതും രാഹുൽ തന്നെ.

ഇതിനു മുമ്പ് 3 മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 2 തവണ സമ്പൂർണ്ണ വിജയം നേടിയിട്ടുണ്ട്. 2016ൽ ഓസ്ട്രേലിയയെയും 2019ൽ വിൻഡീസിനെയും ഇന്ത്യ 3-0ന് തോല്പിച്ചിരുന്നു. ഇപ്പോൾ 2020ല്‍ ന്യൂസീലൻഡിനെ 5-0നും തോല്പിച്ചു. ഇനി ന്യൂസീലൻഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾ. ഇന്ത്യയ്ക്ക് വിജയം ശീലമാകുമ്പോൾ ന്യൂസീലൻഡിന് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks