HomeSPORTSവീരുവിന്റെ വഴ...

വീരുവിന്റെ വഴിയേ ആര്യവീർ

-

Reading Time: 2 minutes

ക്രിക്കറ്റിലെ വെടിക്കെട്ടു വീരനായ അച്ഛന്റെ വഴിയേ മകന്റെ വെടിക്കെട്ട്. വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കാണികളുടെ മനം കവർന്നത്.

ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റായ കൂച്ച് ബിഹാർ ട്രോഫിയിൽ പിതാവിന്റെ പാരമ്പര്യത്തിനൊപ്പം പടനയിച്ച ആര്യവീർ തന്റെ പകിട്ടു മുഴുവൻ ക്രിക്കറ്റ് ലോകത്തിനു മുമ്പാകെ പുറത്തെടുത്തു. മേഘാലയക്കെതിരെ ഡൽഹിക്കുവേണ്ടി കളത്തിലിറങ്ങിയ മിടുക്കൻ ഒന്നാമിന്നിങ്‌സിൽ 297 റൺസ് അടിച്ചുകൂട്ടി. 309 പന്തുകൾ നേരിട്ട് 51 ഫോറും മൂന്നു സിക്‌സറുമുതിർത്തായിരുന്നു ആ മാസ്മരിക ഇന്നിങ്‌സ്.

ആര്യവീറിന്റെ പ്രഹരശേഷി 96.12 ആയിരുന്നു. ആ മികവിൽ ഒന്നാമിന്നിങ്‌സിൽ ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 623 റൺസെടുത്ത് ഡിക്ലയർ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റെക്കോർഡ് സ്‌കോറായ 319 റൺസ് മറികടന്നാൽ മക്കൾക്ക് ഫെരാറി കാർ സമ്മാനിക്കുമെന്ന് വീരേന്ദർ സെവാഗ് ഒമ്പതു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അന്ന് ആര്യവീറിന് പ്രായം ആറു വയസ്സ്. ഷില്ലോങ്ങിലെ എം.സി.എ സ്റ്റേഡിയത്തിൽ 15-ാം വയസ്സിൽ സെവാഗിന്റെ മൂത്ത പുത്രനായ ആര്യവീർ ആ ഫെരാറിയുടെ വിളിപ്പാടകലെ എത്തി. മൂന്നു റൺസിന് ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായ ആര്യവീർ പിതാവിന്റെ റെക്കോഡിന് 23 റൺസകലെയാണ് പുറത്തായത്.

ഫെരാറിയുടെ കാര്യം വീരേന്ദർ സെവാഗ് തന്നെയാണ് എക്‌സ് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചത്. ‘നന്നായി കളിച്ചു ആര്യവീർ. ഫെരാറി നഷ്ടമായത് 23 റൺസിനാണ്. എന്നാലും നീ മികവുറ്റ പ്രകടനം പുറത്തെടുത്തു. ഈ തീ അണയാതെ സൂക്ഷിക്കുക. ഇനിയും കൂടുതൽ സെഞ്ച്വറികളും ഡബ്ൾ സെഞ്ച്വറികളും ട്രിപ്പ്ൾ സെഞ്ച്വറികളുമൊക്കെ നേടാൻ കഴിയട്ടെ. കളിച്ച് മുന്നേറൂ..’ -സെവാഗ് കുറിച്ചു.

ബുധനാഴ്ച ആരംഭിച്ച ചതുർദിന മത്സരത്തിൽ ഒന്നാമിന്നിങ്‌സിൽ മേഘാലയ 260 റൺസെടുത്ത് പുറത്തായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി രണ്ടാം ദിവസമായ വ്യാഴാഴ്ച സ്റ്റംപെടുക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 468 റൺസെന്ന അതിശക്തമായ നിലയിലായിരുന്നു. പിതാവിനെപ്പോലെ ഓപണറായിറങ്ങിയ ആര്യവീർ വ്യാഴാഴ്ച 229 പന്തിൽ 200 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിൽ അർണവ് എസ്.ബഗ്ഗയുമൊത്ത് 180 റൺസ് കൂട്ടുകെട്ടിൽ ആര്യവീർ പങ്കാളിയായിരുന്നു. വെള്ളിയാഴ്ച 200 റൺസിൽ ബാറ്റിങ് തുടർന്ന താരം ട്രിപ്പ്ൾ സെഞ്ച്വറി തികക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ആർ.എസ്.റാത്തോറിന്റെ പന്തിൽ ക്ലീൻബൗൾഡായത്. അർണവ് ബഗ്ഗയും (114) ധന്യ നക്‌റയും (130) ഡൽഹി ഇന്നിങ്‌സിൽ സെഞ്ച്വറി നേടി.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS