എൻ്റെ അച്ഛനെക്കാളേറെ പ്രായമുണ്ട് ഈ മനുഷ്യന്.
പക്ഷേ, ഞാൻ ദാസേട്ടാ എന്നാണ് വിളിച്ചിരുന്നത്.
ഞങ്ങൾ മാതൃഭൂമിയിൽ അദ്ദേഹത്തിൻ്റെ ജൂനിയറായിരുന്നവർ എല്ലാവരും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്.
മാതൃഭൂമിയിൽ ‘സാർ’ സംസ്കാരം വരുന്നതിനു മുമ്പുള്ള, എല്ലാവരും ചേട്ടന്മാരും ചേച്ചിമാരും അനിയന്മാരും അനിയത്തിമാരുമായിരുന്ന ആ നല്ല കാലം.
തിരുവനന്തപുരം മാതൃഭൂമിയിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷം പത്രപ്രവർത്തനത്തിലെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ബംഗളൂരുവിലേക്കു പോയ ഞാൻ ആ സ്ഥാപനത്തിൽ തിരികെ ജോലിക്കു കയറുന്നത് 2001 മാർച്ച് 19ന് കോഴിക്കോട് സെൻട്രൽ ഡെസ്കിലാണ്.
അന്നവിടെ കോ-ഓർഡിനേഷൻ ചുമതലയുള്ള ഡെപ്യൂട്ടി എഡിറ്ററാണ് എം.പി.കൃഷ്ണദാസ് എന്ന ദാസേട്ടൻ.
പത്രത്തിൻ്റെ ഏറ്റവും ഉയർന്ന തട്ടിലുള്ള മൂന്നോ നാലോ പേരിൽ ഒരാൾ.
പക്ഷേ, അതിൻ്റെ യാതൊരു ഭാവവുമില്ല.
പ്രഗത്ഭന്മാരായിരുന്നു അന്ന് മാതൃഭൂമി വാർത്താ വിഭാഗത്തിൻ്റെ തലപ്പത്ത്.
ഉഗ്രപ്രതാപിയായ ഗോപാൽജി എന്ന കെ.ഗോപാലകൃഷ്ണൻ പത്രാധിപർ.
‘ചീഫ്’ എന്നു ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന വി.രാജഗോപാൽ ഡെപ്യൂട്ടി എഡിറ്റർ.
കെ.രാധാകൃഷ്ണൻ നമ്പി എന്ന രാധാകൃഷ്ണേട്ടൻ സെൻട്രൽ ഡെസ്കിൻ്റെ ഡെപ്യൂട്ടി എഡിറ്റർ.
പി.ബാലകൃഷ്ണൻ എന്ന ബാലകൃഷ്ണേട്ടൻ എഡിറ്റ് പേജിൻ്റെ ഡെപ്യൂട്ടി എഡിറ്റർ.
സെൻട്രൽ ഡെസ്കിലെ ന്യൂസ് എഡിറ്റർമാർ എൻ.പി.ആർ എന്നും രാജേന്ദ്രേട്ടൻ എന്നും ഞങ്ങൾ മാറി മാറി വിളിച്ചിരുന്ന എൻ.പി.രാജേന്ദ്രനും നിർമ്മലേച്ചി എന്ന പി.എസ്.നിർമ്മലയും.
ജോണിച്ചായൻ എന്ന സി.എം.ജോണി ആയിരുന്നു കോഴിക്കോട് യൂണിറ്റ് ന്യൂസ് എഡിറ്റർ.
‘യമഹ’ എന്ന വിളിപ്പേരുള്ള, എം.ഹരികുമാർ എന്ന ഹരിയേട്ടൻ കോഴിക്കോട് ബ്യൂറോ ചീഫ്.
പില്ക്കാലത്ത് ആക്ഷേപഹാസ്യത്തിലൂടെ ടെലിവിഷൻ വാർത്താലോകത്തെ സൂപ്പർ താരമായി മാറിയ ജോർജ് പുളിക്കൻ, പി.കെ.രവീന്ദ്രൻ, ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണർ ടി.കെ.രാമകൃഷ്ണൻ, കുറച്ചുകാലം മുമ്പ് അന്തരിച്ച കെ.സുധാകരൻ പിള്ള എന്ന സു പി ചേട്ടൻ, എം.സുധീന്ദ്ര കുമാർ തുടങ്ങിവരെല്ലാം ചീഫ് സബ് എഡിറ്റർമാർ.
ഇത്രയും പേരാണ് ഞങ്ങളെ നയിച്ചിരുന്നത്.

സെൻട്രൽ ഡെസ്കിലെ ഏറ്റവും ജൂനിയർ പടയിൽപ്പെട്ടയാളായ ഞാൻ -ഞങ്ങൾ എന്നു പറയുന്നതാവും ശരി -വേഗത്തിൽ ചങ്ങാത്തം കൂടിയ രണ്ടു സീനിയർമാരിൽ ഒരാൾ ദാസേട്ടനായിരുന്നു. മറ്റൊരാൾ ഞങ്ങളുടെ പ്രിയപ്പെട്ട ചീഫ്. ബാക്കിയെല്ലാരും പാവങ്ങൾ തന്നെയായിരുന്നുവെങ്കിലും ദാസേട്ടനും ചീഫും പെട്ടെന്ന് ഞങ്ങളുടെ ‘കൂട്ടുകാരായി’. പ്രായഭേദമന്യേ അവരോട് എന്തും പറയാമായിരുന്നു, ചോദിക്കാമായിരുന്നു.
ഡൽഹിയുൾപ്പെടെ എല്ലാ ബ്യൂറോകളിലും വിളിച്ച് വരാൻ സാദ്ധ്യതയുള്ള വാർത്തകളുടെ പട്ടികയുമായാണ് ദാസേട്ടൻ ദിവസവും എഡിറ്റോറിയൽ മീറ്റിങ്ങിനെത്തുക. പത്രാധിപരുടെ നേതൃത്വത്തിൽ വാർത്തയുടെ മുൻഗണനാക്രമം തീരുമാനിച്ചു കഴിയുമ്പോൾ അതു ലിസ്റ്റായി എല്ലാ യൂണിറ്റിലുമെത്തും, ദാസേട്ടൻ്റെ കൈപ്പടയിൽ തന്നെ. അതുവെച്ചാണ് ഓരോ യൂണിറ്റിലും പത്രം തയ്യാറാക്കുക. യാതൊരു സമ്മർദ്ദവുമില്ലാതെ ശാന്തനായി അദ്ദേഹം തൻ്റെ ജോലി ചെയ്തു. സെൻട്രൽ ഡെസ്കിലെ ചില വാർത്തകളുടെ കാര്യങ്ങൾ ദാസേട്ടനെ അറിയിക്കാനുള്ള ചുമതല ഇടയ്ക്കൊക്കെ എനിക്കാണ് ലഭിക്കുക. മുറിയുടെ പുറത്തു നിന്ന് വാതിലിലൂടെ അകത്തോട്ട് തലയിട്ട് ഞാൻ കാര്യം പറയുമ്പോൾ അദ്ദേഹമത് ശ്രദ്ധാപൂർവ്വം കേട്ട് കുറിച്ചെടുക്കും. അദ്ദേഹത്തിൻ്റെ പരിധിയിൽ നില്ക്കുന്നതല്ല എന്നു തോന്നിയാൽ അപ്പോൾ പറയും -‘ശ്യാം, എഡിറ്ററോടു കൂടിയൊന്നു പറഞ്ഞോളൂ കേട്ടോ..’
വേൾഡ് ട്രേഡ് സെൻ്ററിലും പെൻ്റഗണിലുമുണ്ടായ ഭീകരാക്രമണം, അമേരിക്കയുടെ ഇറാഖ് അധിനിവേശം, സദ്ദാമിൻ്റെ വധശിക്ഷ, അഫ്ഗാൻ യുദ്ധം, സൗരവ് ഗാംഗുലിയുടെയും സച്ചിൻ തെണ്ടുൽക്കറുടെയും നേതൃത്വത്തിൽ ക്രിക്കറ്റിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ, ലോക അത്ലറ്റിക്സിൽ അഞ്ജു ബോബി ജോർജിൻ്റെ മെഡൽ നേട്ടം, ഒളിമ്പിക്സുകൾ, ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ.. അങ്ങനെ വിവിധ മേഖലകളിലായി സൗമ്യനായ ദാസേട്ടനൊപ്പം എനിക്കു കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച അസംഖ്യം വാർത്തകൾ. പലതും പ്രിൻ്റിങ്ങ് വൈകിപ്പിച്ചും നിർത്തിവെച്ചുമൊക്കെ നല്കിയ വാർത്തകൾ. ആ മനുഷ്യനിൽ നിന്ന് ഞാൻ സ്വായത്തമാക്കാൻ ശ്രമിച്ചിട്ടുള്ള ഗുണം അദ്ദേഹത്തിൻ്റെ സൗമ്യത തന്നെയായിരുന്നു. എത്ര വലിയ വാർത്തയുടെ സമ്മർദ്ദമുണ്ടെങ്കിലും ദാസേട്ടൻ കൂൾ കൂൾ. അത് പകർത്താൻ എനിക്കു സാധിച്ചിട്ടില്ല എന്ന് സ്വയം വിമർശനപരമായി വിലയിരുത്തട്ടെ. എനിക്കെന്നല്ല, മറ്റാർക്കും അതുപോലെയാവാൻ കഴിയുമെന്നു തോന്നുന്നില്ല.
2006 മെയിലാണ് ദാസേട്ടൻ മാതൃഭൂമിയുടെ പടിയിറങ്ങുന്നത്. മൂന്നു മാസം കൂടി കഴിഞ്ഞപ്പോൾ ഞാൻ കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വന്നു. അവിടെ നിന്ന് 2012 സെപ്റ്റംബർ 1ന് മാതൃഭൂമിക്കു പുറത്തേക്കും. പിന്നെ ഞാൻ ദാസേട്ടനെ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ, മാതൃഭൂമി കുടുംബത്തിൽപ്പെട്ട ചില വിവാഹവേളകളിൽ. പക്ഷേ, എപ്പോൾ കണ്ടാലും അദ്ദേഹമെന്നെ തിരിച്ചറിഞ്ഞിരുന്നു, പേരോർത്തെടുത്തിരുന്നു.
മാതൃഭൂമി ഇന്ന് ഒരുപാട് മാറി. പത്രത്തിൻ്റെ ഉള്ളടക്കത്തിലും സ്ഥാപനത്തിൻ്റെ നടത്തിപ്പിലുമെല്ലാം ഒട്ടേറെ മാറ്റങ്ങൾ വന്നു. മാതൃഭൂമിയുടെ ഏറ്റവും വലിയ ഗുണം അവിടെ നിലനിന്നിരുന്ന മാനുഷിക മൂല്യങ്ങളായിരുന്നു. അത് എങ്ങോ പോയിമറഞ്ഞുവെന്ന് അവിടെ നിന്ന് അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന അസുഖകരമായ വാർത്തകൾ തെളിയിക്കുന്നു. പെൺകുട്ടികൾക്ക് കണ്ണീരോടെ ഇറങ്ങിപ്പോകേണ്ടി വരുന്നു. വിവേചനങ്ങളെപ്പറ്റിയുള്ള അടക്കംപറച്ചിലുകൾ ഉച്ചത്തിലാവുന്നു. ഇപ്പോൾ സാറന്മാരും മാഡങ്ങളും വാഴുന്ന കാലമാണ്.
ഇന്നു രാവിലെ ദാസേട്ടൻ അന്തരിച്ചു.
കുടുംബത്തിലുള്ള, വളരെ അടുപ്പമുള്ള ആരോ വിട്ടുപോയതു പോലുള്ള വേദന.
ആ സ്നേഹം ആവോളം അനുഭവിക്കാൻ അവസരം കിട്ടിയവനാണ് ഞാൻ.
അതൊരു മഹാഭാഗ്യമായി കരുതുന്നു.
ദാസേട്ടന് ആദരാഞ്ജലികൾ.
ദാസേട്ടന്മാർ ഇല്ലാതാവുന്നു എന്നാണ് ഇന്നത്തെ പത്രപ്രവർത്തനരംഗം നേരിടുന്ന വലിയ വെല്ലുവിളി.
മാതൃഭൂമിയിലെ സാർ!
കോഴിക്കോട് സെൻട്രൽ ഡെസ്കിൽ ജോലിക്കു ചേർന്ന ഞാൻ ആദ്യ ദിവസം അവിടത്തെ ന്യൂസ് എഡിറ്ററായ എൻ.പി.രാജേന്ദ്രനെ സാറേന്നു വിളിച്ചു. മേലാപ്പീസറെ അങ്ങനെ വിളിക്കുക സ്വാഭാവികം. മാതൃഭൂമി വിട്ടു പോകുന്നതിനു മുമ്പ് തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന കാലത്ത് മുതിർന്നവരെ സാർ, മാഡം എന്നൊന്നും വിളിച്ചിട്ടില്ല. പക്ഷേ, കോഴിക്കോട് ഹെഡോഫീസ് ആണല്ലോ. പോയിട്ട് തിരികെ ചെന്നതുമാണ്. അതുകൊണ്ട് വിളി സാർ ആക്കി സേഫാകാൻ നോക്കിയതാണ്.
എൻ്റെ സാർ വിളി കേട്ട് ന്യൂസ് എഡിറ്റർ അസ്വസ്ഥതയോടെ ഒന്നു നോക്കി, ഒന്നും മിണ്ടിയില്ല. ജോലിത്തിരക്കൊഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ അരികിലേക്കു വിളിച്ചു. ‘ശ്യാമേ.. മാതൃഭൂമിയിൽ സാർ ഇല്ല. ഇവിടെല്ലാരും മുതിർന്നവരെ ചേട്ടാ, ചേച്ചീ എന്നൊക്കെയാണ് വിളിക്കുന്നത്. നിങ്ങൾക്കുമെന്നെ അങ്ങനെ വിളിക്കാം. അല്ലെങ്കിൽ എൻ.പി.ആറേ എന്നു വിളിച്ചോളൂ. സാർ വേണ്ട.’ ആ സ്ഥാപനത്തിലെ തൊഴിലന്തരീക്ഷം സംബന്ധിച്ച ഒരു ധാരണ എനിക്കവിടെ കിട്ടി.
അവിടെ നിന്ന് ഇരിപ്പിടത്തിൽ തിരികെ വന്നിരുന്നപ്പോൾ ബാച്ചിലെ മറ്റുള്ളവർ കാര്യമന്വേഷിച്ചു. സാർ വിഷയം ഞാൻ വിശദീകരിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന മുതിർന്ന ഒരാൾ മാതൃഭൂമിയിലെ പഴയൊരു സാർ കഥ പറഞ്ഞു. എല്ലാവരും കേട്ടിരിക്കേണ്ട കഥ.
പില്ക്കാലത്ത് ഭാഷാപോഷിണി പത്രാധിപരായ കെ.സി.നാരായണൻ മാതൃഭൂമി കോഴിക്കോട് ന്യൂസ് എഡിറ്ററായിരുന്ന കാലം. തിരുവനന്തപുരത്തുകാരനായ ഒരു യുവാവ് അവിടെ ജേർണലിസ്റ്റ് ട്രെയ്നി ആയി എത്തി. ഞാൻ ചെയ്ത പോലെ അയാളും ന്യൂസ് എഡിറ്ററെ സാറേന്നു വിളിച്ചു. എൻ.പി.ആർ. എന്നെ ഉപദേശിച്ച പോലെ കെ.സി. ആ യുവാവിനെ ഉപദേശിച്ചു -ചേട്ടാ എന്നോ കെ.സി. എന്നോ വിളിച്ചോളാൻ പറഞ്ഞു. ആ യുവാവ് കെ.സിക്കു നല്കിയ മറുപടിയാണ് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വൈറൽ:
“എൻ്റെ നാട്ടിലൊക്കെ ഏതു തെണ്ടിയെയും സാറേന്നു വിളിക്കും സാറേ. അതുകൊണ്ടാണ് ഞാൻ സാറിനെയും സാറേ എന്നു വിളിച്ചത് സാറേ.”
ഈ കഥയിലെ ജേർണലിസ്റ്റ് ട്രെയ്നി ഇപ്പോഴും മാതൃഭൂമിയിലുണ്ട്, ഒരുയർന്ന തസ്തികയിൽ. ഈ സംഭവം നടന്നതാണോ രസികനായ അദ്ദേഹത്തിൻ്റെ പേരിൽ ആരോപിക്കപ്പെടുന്ന കഥയാണോ എന്ന് എനിക്ക് ഇപ്പോഴും നിശ്ചയമില്ല. പക്ഷേ, എല്ലാ ജീവനക്കാരും സഹോദരതുല്യരായി പരസ്പരം കാണുന്ന ഒരു സംസ്കാരത്തിൻ്റെ പ്രതീകമായി ഈ കഥ നിലനിന്നിരുന്നു. ഇപ്പോൾ അവിടെ ഇല്ലാത്തതും ഇതു തന്നെ.
ദാസേട്ടന് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ…









