ഒരു ഉദ്യോഗസ്ഥ മാറ്റം സ്വാഭാവിക ഭരണനടപടിയാകാം. രണ്ടാമത്തേതും യാദൃച്ഛികമാകാം. പക്ഷേ പൊതുപണവും കോർപ്പറേറ്റ് കരാറുകളും അഴിമതിയും സംബന്ധിച്ച് സർക്കാർ നിലപാടിനോട് അസൗകര്യമുണ്ടാക്കുന്ന രേഖകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥർ ഒന്നിനുപിറകെ മറ്റൊന്നായി പ്രധാന സ്ഥാനങ്ങളിൽനിന്ന് മാറുമ്പോൾ ചോദ്യം ഉയരാതിരിക്കില്ല. വിഴിഞ്ഞം തുറമുഖ എം.ഡിയായിരുന്ന ദിവ്യ എസ്.അയ്യർ, കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി.രാജമാണിക്യം, എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു—3 ഉദ്യോഗസ്ഥർ, 3 വ്യത്യസ്ത വകുപ്പുകൾ, 3 വ്യത്യസ്ത തർക്കങ്ങൾ. ഓരോ കേസിലും സർക്കാർ സ്ഥലംമാറ്റത്തിന് വേറിട്ട ഭരണപരമായ വിശദീകരണം നൽകുന്നുണ്ട്. പക്ഷേ ഓരോ ഫയലിന്റെയും ഉള്ളടക്കം വായിക്കുമ്പോൾ മറ്റൊരു ചോദ്യം പിന്തുടരുന്നു: സർക്കാരിനോ ശക്തമായ സ്വകാര്യതാൽപ്പര്യങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രധാന കസേരകളിൽ തുടരാൻ കഴിയുമോ?
അദാനിക്ക് നോട്ടീസും പിഴയും; പിന്നാലെ ദിവ്യ പുറത്ത്
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എം.ഡിയായിരുന്ന ദിവ്യ എസ്.അയ്യരുടെ കാലത്ത് അദാനി പോർട്ട്സിനെതിരെ കരാർവ്യവസ്ഥകൾ നടപ്പാക്കുന്നതിൽ വിസിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. 2 വർഷത്തിനിടെ കരാർലംഘനങ്ങൾക്ക് അദാനി പോർട്ട്സിന് ഏകദേശം 15 കോടി രൂപ പിഴ ചുമത്തുകയും 8 തവണ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതായി വ്യക്തമാക്കപ്പെട്ടു. വർഷംതോറും നൽകേണ്ട സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിക്കാത്തത്, പദ്ധതിക്കായി നിശ്ചയിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിന് പുറത്തേക്ക് പണം മാറ്റിയത്, സർക്കാർ അനുവദിച്ച പണം ചെലവഴിച്ചതിന്റെ കണക്കുകളും വരുമാനസ്രോതസ്സുകളും യഥാസമയം ഹാജരാക്കാത്തത് എന്നിവയിലായിരുന്നു വിശദീകരണം തേടിയത്. അദാനിയുടെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയിലും വിസിൽ എം.ഡി. ചോദ്യമുയർത്തിയിരുന്നു.
2026 ജൂണിൽ പുതിയ യു.ഡി.എഫ്. സർക്കാർ വലിയ ഐ.എ.എസ്. പുനഃക്രമീകരണം നടത്തിയപ്പോൾ ദിവ്യയെ വിഴിഞ്ഞം എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. അതേസമയം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി എം.എസ്.സി. ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിക്ക് ഏകദേശം 13,000 കോടി രൂപയ്ക്ക് കൈമാറാനുള്ള നീക്കവും പിന്നീട് പുറത്തുവന്നു. കരാർപ്രകാരം 25 ശതമാനത്തിലധികം ഓഹരിമാറ്റത്തിന് സംസ്ഥാനത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നതിനാൽ ഇടപാട് സർക്കാർ പരിശോധനയ്ക്കു വിധേയമായി. ദിവ്യയുടെ സ്ഥലംമാറ്റം അദാനിയുടെ താല്പര്യത്തിനുവേണ്ടിയാണെന്ന് ആരോപണമുയർന്നു. സർക്കാർ ഇതിനോട് സൗകര്യപൂർവം മൗനം അവലംബിച്ചു. അദാനിക്കെതിരെ ആവർത്തിച്ച് കരാർ നടപ്പാക്കിയ ഉദ്യോഗസ്ഥയെ മാറ്റിയ സമയക്രമം ചോദ്യം ഉയർത്തുന്നുവെന്നത് നിഷേധിക്കാനാവില്ല.
നഷ്ടക്കണക്ക് എഴുതിയ രാജമാണിക്യവും കസേരയ്ക്ക് പുറത്ത്
കെഎസ്ഇബിയിലാണ് രണ്ടാമത്തെ ചിത്രം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ ജനറൽ നെറ്റ്‌വർക് ആക്‌സസ് സംവിധാനത്തിലൂടെ സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ നീങ്ങിയപ്പോൾ കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി.രാജമാണിക്യം അതിനെതിരെ രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തി. തർക്കം ഒരു യൂണിറ്റിന്റെ വില മാത്രം സംബന്ധിച്ചതായിരുന്നില്ല. കേരളത്തിന് അധികവൈദ്യുതി പ്രധാനമായും വൈകുന്നേരംമുതൽ പുലർച്ചെവരെയുള്ള പീക്ക് സമയത്താണ് ആവശ്യമെന്നും ജി.എൻ.എ. കരാറിൽ 24 മണിക്കൂറും വൈദ്യുതി വാങ്ങേണ്ടിവരുമെന്നും, അതുകൊണ്ട് പ്രത്യക്ഷത്തിൽ കുറഞ്ഞ യൂണിറ്റ് നിരക്ക് യഥാർഥത്തിൽ കുറഞ്ഞ ചെലവാകണമെന്നില്ലെന്നും കെ.എസ്.ഇ.ബിയുടെ കണക്ക് ചൂണ്ടിക്കാട്ടി. ഹിമാചൽ പ്രദേശിൽനിന്നുള്ള പീക്ക്-അവർ വൈദ്യുതിയും ജി.എൻ.എയുടെ റൗണ്ട്-ദ-ക്ലോക്ക് വൈദ്യുതിയും താരതമ്യം ചെയ്ത കെ.എസ്.ഇ.ബി. കുറിപ്പിൽ നേരിട്ടുള്ള ചെലവിൽ 461 കോടി രൂപവരെ വ്യത്യാസവും, പീക്ക് സമയത്തെ അധികവൈദ്യുതി വേറെയും വാങ്ങേണ്ടി വന്നാൽ മൊത്തം അധികബാധ്യത കുറഞ്ഞത് 727 കോടി രൂപവരെ എത്താമെന്ന കണക്കും അവതരിപ്പിച്ചു.
രാജമാണിക്യം തന്റെ വിയോജിപ്പ് ഒരുതവണ പറഞ്ഞ് അവസാനിപ്പിച്ചില്ലെന്നും 6 തവണ സർക്കാരിന് കത്തയച്ചെന്നും ഫയലിലും എതിർപ്പ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് വന്നു. വൈദ്യുതിമന്ത്രി സണ്ണി ജോസഫും ഹിമാചൽ ഓപ്ഷനെയാണ് അനുകൂലിച്ചതെന്ന് വ്യക്തമായി. നവംബർ 2ന് വലിയ ഐ.എ.എസ്. അഴിച്ചുപണിയിൽ രാജമാണിക്യത്തെ കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയാക്കി. അദ്ദേഹത്തിനു പകരം എൻ.പ്രശാന്തിനെ നിയമിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്റെ വിശദീകരണം സ്ഥലംമാറ്റം വൈദ്യുതി ഇടപാടുമായി ബന്ധമില്ലാത്ത സാധാരണ ഭരണനടപടിയാണെന്നാണ്. ജി.എൻ.എയുടെ നിരക്ക് യൂണിറ്റിന് 8.63–8.90 രൂപ ആയപ്പോൾ ഹിമാചൽ നിർദേശം യൂണിറ്റി 14.50 രൂപ ആയിരുന്നെന്നും ജി.എൻ.എ. തിരഞ്ഞെടുക്കുന്നതിലൂടെ 2,232 കോടി രൂപയുടെ അധികബാധ്യത ഒഴിവാക്കാമെന്നും മുഖ്യമന്ത്രി വാദിച്ചു. എന്നാൽ കെ.എസ്.ഇ.ബി. ചൂണ്ടിക്കാട്ടിയത് 2 നിർദേശങ്ങളുടെയും വൈദ്യുതി ലഭിക്കുന്ന സമയവും അളവും വ്യത്യസ്തമായതിനാൽ യൂണിറ്റ് വില മാത്രം വെച്ച് താരതമ്യം ചെയ്യാനാവില്ല എന്നായിരുന്നു. ഈ അഭിപ്രായവ്യത്യാസം തന്നെയാണ് രാജമാണിക്യത്തിന്റെ മാറ്റത്തിനു പിന്നിലുണ്ടായിരുന്നോയെന്ന സംശയം ഉയർത്തിയത്. മുഖ്യമന്ത്രിയുടെ ‘റൂട്ടീൻ ട്രാൻസ്ഫർ’ വാദവും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക വിലയിരുത്തലും ഒരുമിച്ച് പൊതുജനത്തിനു മുന്നിൽ വെയ്ക്കുമ്പോൾ, ഫയലുകൾ മുഴുവനായി പുറത്തുവിടുക എന്ന പ്രതിപക്ഷ ആവശ്യം പ്രസക്തമാകുന്നു.
എക്സൈസിൽ അഴിമതി റിപ്പോർട്ട്; അതേ ദിവസം കമ്മീഷണറും പുറത്ത്
മൂന്നാമത്തെ സംഭവം എക്സൈസ് വകുപ്പിലാണ്. നവംബർ 6ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റി പട്ടികജാതി–പട്ടികവർഗ വികസന വകുപ്പിൽ സ്പെഷൽ സെക്രട്ടറിയാക്കി. ബാർ, ഹോർട്ടി-വൈൻ ലൈസൻസുകൾ പുതിയ മദ്യനയം വരുന്നതിനു മുമ്പ് അനുവദിച്ചതിനെച്ചൊല്ലി മന്ത്രി എം.ലിജുവും കമ്മീഷണറും തമ്മിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മന്ത്രിയുടെ അനുമതിയില്ലാതെ ചില ലൈസൻസുകൾ നൽകിയെന്ന വിമർശവും ഔദ്യോഗിക നിർദേശം കാണാതെ പോയെന്ന കമ്മീഷണറുടെ വിശദീകരണത്തോടുള്ള മന്ത്രിയുടെ അസന്തോഷവും സ്ഥലംമാറ്റത്തിനു മുമ്പേ പരസ്യമായിരുന്നു. സ്ഥലംമാറ്റത്തെ സാധാരണ ഭരണപരമായ നടപടിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
പക്ഷേ റാവു സ്ഥാനമൊഴിഞ്ഞ ദിവസം സർക്കാരിന്റെ കൈയിലെത്തിയ റിപ്പോർട്ടാണ് വിവാദത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്.വിനോദിനും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ്ക്കുമെതിരെ കൈക്കൂലി, മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് റാവു ശുപാർശ ചെയ്തു. മൂവാറ്റുപുഴയിലെ ഗംഗ ബാറുമായി ബന്ധപ്പെട്ട് പ്രതിമാസം 30,000 രൂപ ആവശ്യപ്പെട്ടുവെന്നും ലൈസൻസ് സമയക്രമം സംബന്ധിച്ച കാര്യങ്ങൾക്ക് 50,000 രൂപ കൈപ്പറ്റിയെന്നുമുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിന്റെ ഉടമ രതീഷിൽനിന്ന് പരിശോധനയെത്തുമ്പോൾ 30,000 രൂപയും പിന്നീട് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് 20,000 രൂപയും കൈപ്പറ്റിയെന്ന ആരോപണവും രേഖപ്പെടുത്തി. രതീഷിനെ എക്സൈസ് മന്ത്രി അറിയുന്നയാളാണെന്നും റിപ്പോർട്ട് പറയുന്നു. മന്ത്രി അതിനെ നിഷേധിച്ചിട്ടില്ല; കായംകുളം മേഖലയിലെ രാഷ്ട്രീയപ്രവർത്തകനായതിനാൽ ബാർ ഉടമകളടക്കം നിരവധിപേരെ അറിയാമെന്നും അതിൽ അസാധാരണതയില്ലെന്നും, ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതിലും ഗൗരവമുള്ളത് വകുപ്പിലെ സ്ഥലംമാറ്റങ്ങളെക്കുറിച്ചുള്ള റാവുവിന്റെ ആരോപണമാണ്. നവംബർ നാലിന് 32 എക്സൈസ്, സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം തന്റെ അറിവോ അംഗീകാരമോ ഇല്ലാതെ നടന്നു; സർവീസ് സംഘടനകളുമായും മന്ത്രിയുടെ ഓഫീസുമായും കൂടിയാലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് സെക്ഷനിൽനിന്ന് അറിയിച്ചതെന്നും അദ്ദേഹം റിപ്പോർട്ടിൽ രേഖപ്പെടുത്തി. അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ സെൻസിറ്റീവ് ഫീൽഡ് തസ്തികകളിൽനിന്ന് മാറ്റണമെന്നും നിയമനം–സ്ഥലംമാറ്റം സുതാര്യമായ സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെയാക്കണമെന്നും ശുപാർശ ചെയ്തു. അദ്ദേഹം രേഖപ്പെടുത്തിയ ആരോപണങ്ങളുടെ സത്യാവസ്ഥ അതിവേഗം പരിശോധിച്ച് ജനങ്ങൾക്കു മുന്നിൽ വെച്ചില്ലെങ്കിൽ സർക്കാരിനുണ്ടാവുന്ന വിശ്വാസ്യതാനഷ്ടം വളരെ വലുതായിരിക്കും.
3 കസേരകൾ; സർക്കാർ പറയേണ്ടത് ഒറ്റ മറുപടി
ഈ 3 കേസുകളും നിയമപരമായി ഒരേ സ്വഭാവമുള്ളവയല്ല. പക്ഷേ, സമാനതയുണ്ടുതാനും. അദാനിയുടെ കരാർലംഘനം ചോദ്യംചെയ്ത ഉദ്യോഗസ്ഥയെ മാറ്റുന്നു; സർക്കാരിന് ഇഷ്ടപ്പെട്ട വൈദ്യുതി വാങ്ങൽ നിർദേശത്തിന്റെ സാമ്പത്തിക യുക്തിയെ ചോദ്യംചെയ്ത ചെയർമാനെ മാറ്റുന്നു; വകുപ്പിലെ കൈക്കൂലിയെയും മന്ത്രിയുടെ ഓഫീസ് മറികടന്നുള്ള സ്ഥലംമാറ്റങ്ങളെയും കുറിച്ച് ഗുരുതര റിപ്പോർട്ട് നൽകുന്ന കമ്മീഷണറും പുറത്താകുന്നു. ഓരോ തവണയും മറുപടി ‘ഭരണപരമായ മാറ്റം’ എന്ന ഒറ്റവാക്കായാൽ, സത്യസന്ധമായ ഔദ്യോഗിക വിയോജിപ്പിന് ഭരണത്തിൽ എത്രത്തോളം ഇടമുണ്ടെന്ന ചോദ്യം സ്വാഭാവികമായും ഉയരും.
സിവിൽ സർവീസിന്റെ ജോലി മന്ത്രിസഭ പറയുന്നതെല്ലാം തലകുലുക്കി അംഗീകരിക്കുകയല്ല. പൊതുപണത്തിന് നഷ്ടമുണ്ടാകുമെന്ന് തോന്നിയാൽ അത് ഫയലിൽ എഴുതണം; കരാർ ലംഘിക്കുന്ന കോർപ്പറേറ്റിന് നോട്ടീസ് നൽകണം; കൈക്കൂലിയെക്കുറിച്ച് വിവരം ലഭിച്ചാൽ അന്വേഷണം ആവശ്യപ്പെടണം. അതാണ് ഉത്തരവാദിത്വമുള്ള ഭരണസംവിധാനം. ഉദ്യോഗസ്ഥന് സർക്കാരിന്റെ നയം തീരുമാനിക്കാനുള്ള അധികാരമില്ലെന്നത് പോലെ, സർക്കാരിന് അസൗകര്യമുണ്ടാക്കുന്ന പ്രൊഫഷണൽ അഭിപ്രായം രേഖപ്പെടുത്തിയതിനാൽ അയാളുടെ വിശ്വാസ്യത സംശയിക്കാനും പാടില്ല. അതുകൊണ്ടുതന്നെ ഈ 3 സംഭവങ്ങളിലും സർക്കാർ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം ഫയലുകൾ പരസ്യമാക്കുകയാണ്. ദിവ്യയുടെ കാലത്തെ അദാനി നോട്ടീസുകളും പിഴ രേഖകളും പുറത്തുവെയ്ക്കുക; ജി.എൻ.എ.–ഹിമാചൽ വൈദ്യുതി വാങ്ങലിലെ മുഴുവൻ താരതമ്യക്കണക്കുകളും റെഗുലേറ്ററി രേഖകളും പ്രസിദ്ധീകരിക്കുക; സാംബശിവ റാവുവിന്റെ അഴിമതി റിപ്പോർട്ടിൽ സമയബന്ധിത വിജിലൻസ് അന്വേഷണം നടത്തുക. അപ്പോൾ സ്ഥലംമാറ്റങ്ങൾ സാധാരണ ഭരണനടപടികളാണോ അതിലധികം എന്തെങ്കിലും ഉണ്ടോ എന്ന് ജനങ്ങൾക്കുതന്നെ വിലയിരുത്താം.
സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സ്ഥാനമില്ലേ എന്ന ചോദ്യം ഉയരാതിരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിന് മറുപടി പ്രസ്താവനകളിലല്ല, സുതാര്യതയിലാണ്. ഒരു ഉദ്യോഗസ്ഥന്റെ കസേര സർക്കാരിന്റെ അധികാരമാണ്; പക്ഷേ ആ കസേരയിൽ ഇരുന്ന് അയാൾ എഴുതിയ പൊതുതാൽപ്പര്യ ഫയലുകൾ ജനങ്ങളുടെതാണ്. അവ മറച്ചുവയ്ക്കാതെ തുറന്നുവച്ചാൽ മാത്രമേ ‘സത്യം പറഞ്ഞാൽ കസേര തെറിക്കും’ എന്ന ആരോപണത്തിന് വിശ്വസനീയമായ മറുപടി നൽകാനാകൂ.







