Reading Time: 7 minutes

മലയാളി സ്ത്രീകളെ സീരിയലില്‍ നിന്നും ന്യൂസ് കാണുന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദിലീപിന് അഭിവാദ്യങ്ങള്‍.

തമാശയായി വാട്ട്‌സാപ്പില്‍ വന്നതാണ്. പക്ഷേ, ഇത് തമാശയാണോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാന്‍ വീടുകളിലെ സ്വീകരണമുറികളില്‍ രാവിലെ മുതല്‍ രാത്രി വരെ വാര്‍ത്താചാനലുകള്‍ നിര്‍ത്താതെ ഓടുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്ത കാണുന്നവനും പക്ഷേ മാധ്യമപ്രവര്‍ത്തകനോടു ചോദിച്ചുകൊണ്ടേയിരിക്കുന്നു -‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’

പല തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ദിലീപിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വന്നു കയറുന്നത് മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്താണ്. ജയിലിലെ ഉപ്പുമാവും പഴവും അടങ്ങുന്ന പ്രാതല്‍ വാര്‍ത്തയാക്കിയതു മുതല്‍ തെളിവെടുപ്പ് വേളയില്‍ അബാദ് പ്ലാസയിലെ റൂം നമ്പര്‍ 410 കാണിച്ചതു വരെ വിമര്‍ശിക്കപ്പെടുന്നു. ഇതെല്ലാം കുത്തിയിരുന്ന് കണ്ടിട്ടാണ് കുറ്റം പറച്ചില്‍ എന്നതാണ് രസകരം. ഇതേ ടീംസ് തന്നെയാണ് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് കേസ് മുക്കിയെന്ന് കുറച്ചു ദിവസം മുമ്പു വരെ പറഞ്ഞിരുന്നത്.

ദിലീപ് ജയിലില്‍ ഉപ്പുമാവ് തിന്നിട്ടുണ്ടെങ്കില്‍ വാര്‍ത്ത തന്നെയാണ് എന്നാണ് എന്റെ പക്ഷം. പ്രതിനായകനായി മാറിയ താരത്തിന് ജയിലില്‍ പ്രത്യേക പരിഗണന ഇല്ല എന്നു വ്യക്തമായത് അതിലൂടെയാണ്. ജയിലിലായ ദിലീപിന് പ്രത്യേക സൗകര്യങ്ങളുണ്ടോ, പ്രത്യേകം ഭക്ഷണമുണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷ നാട്ടുകാര്‍ക്കുണ്ട്. അതിനാലാണ് നാഴികയ്ക്ക് 40 വട്ടം മാധ്യമപ്രവര്‍ത്തകരെ തെറി പറയുന്നവനും ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാതെ നോക്കിയിരിക്കുന്നത്. ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭിച്ചത് വാര്‍ത്തയായതു പോലെ തന്നെ ദീലീപിന് സൗകര്യങ്ങള്‍ ലഭിക്കാതിരുന്നതും വാര്‍ത്തയാണ്. സ്റ്റാര്‍ ഹോട്ടല്‍ മുതലാളി വരെയായ താരം ജയിലില്‍ ഉപ്പുമാവും കഴിച്ച് പായയില്‍ കിടക്കുന്നതും ജയിലിലെ മെനു കാര്‍ഡും വാര്‍ത്തയുടെ ഭാഗം തന്നെയാണ്. മുമ്പ് ദിലീപ് നിര്‍മ്മാതാവ് ദിനേശ് പണിക്കരെ എത്തിച്ച അതേ സെല്ലില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ദിലീപ് തന്നെയെത്തിയ വിധിവൈപരീത്യവും വാര്‍ത്തയല്ലേ?

ഇനി ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ വല്ലതും ലഭിച്ചിരുന്നെങ്കിലോ? പിണറായി സര്‍ക്കാര്‍ ദിലീപിനെ ജയിലില്‍ സുഖവാസത്തിനയച്ചു എന്നായിരിക്കും വാര്‍ത്ത. ഒത്തുകളിയാണെന്ന് ആരോപിക്കുകയും ചെയ്യും. ജനവും അതു തന്നെ പറയും. അല്ലെന്നു പറയാമോ? അറസ്റ്റ് നാടകമല്ല എന്നു ബോദ്ധ്യപ്പെടാന്‍ ഉപ്പുമാവും പഴവും കൊതുകുകടിയുമെല്ലാം ഉപകരിച്ചിട്ടുണ്ട്. പിന്നെ ഇതു വാര്‍ത്തയാണോ എന്ന് ഇനിയും സംശയമുള്ളവര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഇന്ന് പുറത്തുവന്ന വിവരം കൂടി പരിശോധിക്കണം -അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് അവിടെ പ്രത്യേക അടുക്കളയും പാചകക്കാരും! ഇതേര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ വാങ്ങിയ കൈക്കൂലി 2 കോടി രൂപ. നടപടി ആവശ്യപ്പെട്ട് അവിടത്തെ ഡി.ഐ.ജി. നല്‍കിയ റിപ്പോര്‍ട്ടാണ്.

‘പൊലീസ് ദിലീപിനെ അബാദ് പ്ലാസയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ആ മുറിയിലേക്ക് ഒരു കള്ളനെ പോലെ, മൈക്കുമായി ഓടിക്കറയറി ഒരാള്‍ റിപ്പോട്ടിംഗ് നടത്തുന്നത് കണ്ടു. മാധ്യമപ്രവര്‍ത്തനം എത്രയും തരംതാഴാമെന്നുള്ളതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്’ -ഒരു ‘ധാര്‍മ്മിക’ പ്രതികരണമാണ്. ‘ഇതു കണ്ടുകൊണ്ടിരുന്ന ഒരാള്‍ പറഞ്ഞത് അപ്പി ഇട്ട സ്ഥലം കൂടി കാട്ടാമായിരുന്നു എന്നാണ്. ഈ വിമര്‍ശനത്തില്‍ എന്തോ ഒരു ചെറിയ നേര് ഇല്ലേ?’ -മറ്റൊരാളുടെ പ്രതികരണം. ഇവരുടെ കുറ്റപ്പെടുത്തലുകള്‍ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ അഞ്ജുരാജിനെതിരാണ്. പക്ഷേ, ഞാന്‍ അഞ്ജുരാജിനൊപ്പമാണ്. അതിന് എന്റേതായ കാരണങ്ങളുണ്ട്. ദിലീപിനെ അബാദ് പ്ലാസയില്‍ എത്തിക്കുമ്പോള്‍ എതിരെയുള്ള കെട്ടിടങ്ങള്‍ക്കു മുകളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു, എന്താണ് സംഭവിക്കുന്നത് എന്നു കാണാന്‍. അവിടെയെത്താന്‍ കഴിയാതെ വിദൂരനാടുകളില്‍ ഇരുന്നവരും വിവരങ്ങളറിയാനുള്ള ആകാംക്ഷയിലായിരുന്നു. ആ ആകാംക്ഷയ്ക്കുള്ള മറുപടിയാണ് അഞ്ജുരാജ് നല്‍കിയത്. എന്തു നടക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം. ദിലീപ് ഗൂഢാലോചന നടത്തി എന്ന് പറയപ്പെടുന്ന മുറി കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പലര്‍ക്കും താത്പര്യമുണ്ടാകും. ആ താത്പര്യത്തെ തൃപ്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അത് കാണാനിരുന്നവരുടെ മുന്നിലേക്ക് എത്തിച്ചു. വിമര്‍ശിക്കുന്നവര്‍ എല്ലാം അതു കണ്ടവരാണ്. കാണേണ്ടെന്നു തീരുമാനിച്ച് റിമോട്ട് ഉപയോഗിച്ചവരല്ല. അങ്ങനെ കാണാതിരുന്നെങ്കില്‍ ഈ വിമര്‍ശനം ഉണ്ടാവില്ലായിരുന്നല്ലോ.

അഞ്ജുരാജ്‌

3 വര്‍ഷം മുമ്പ് ഗൂഡാലോചന നടന്ന മുറിയില്‍ നിന്ന് എന്ത് റിപ്പോര്‍ട്ട് ചെയ്യാനാണെന്ന് ചിലരൊക്കെ ചോദിച്ചു കണ്ടു. 3 വര്‍ഷത്തിനു ശേഷം പൊലീസുകാര്‍ അവിടെ പോയി നോക്കുന്നതില്‍ കാര്യമുണ്ടെങ്കില്‍ അതു റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാര്യമുണ്ട്. കൃത്യ സമയത്ത് അവിടെ എത്തിപ്പെടാന്‍ അഞ്ജുരാജ് എന്ന റിപ്പോര്‍ട്ടര്‍ എന്തുമാത്രം അദ്ധ്വാനിച്ചിട്ടുണ്ടാവും എന്ന് ഓര്‍ത്തുനോക്കൂ, വിശേഷിച്ചും മറ്റാര്‍ക്കും എത്തിപ്പെടാനാവാത്ത സാഹചര്യത്തില്‍. മറ്റൊരു ചാനലിനും കിട്ടാത്ത തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കഴിവു തന്നെയാണ്. ഞാന്‍ അതിനെ അംഗീകരിക്കുന്നു. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞാനാണെങ്കിലും അഞ്ജുരാജ് ചെയ്തത് തന്നെ ചെയ്യും. പണ്ട് വിഴിഞ്ഞത്ത് റിസോര്‍ട്ടുടമകളുമായി ഐ.എഫ്.സി. ഓംബുഡ്‌സ്മാന്‍ സ്‌കോട്ട് ടെയ്‌ലര്‍ ആഡംസ് നടത്തിയ രഹസ്യചര്‍ച്ച ഇന്ത്യാവിഷനു വേണ്ടി ഷൂട്ട് ചെയ്യാന്‍ കള്ളനെപ്പോലെ മതില്‍ ചാടിക്കടന്ന് ഞാനും പോയിട്ടുണ്ട്. ആ ചാട്ടമാണ് ഐ.എഫ്.സിയുടെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവരാനും പിന്നീട് അവരെ പുറത്താക്കി ഇപ്പോഴത്തെ നിലയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി മുന്നോട്ടുനീക്കാനും കാരണമായതെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു. വാര്‍ത്ത എന്ന സദുദ്ദേശം മാത്രമായിരുന്നു ആ മതില്‍ ചാട്ടത്തിനു പിന്നില്‍. അതേ സദുദ്ദേശ്യം തന്നെയാണ്‌ അഞ്ജുവിന് ഉണ്ടായിരുന്നത് എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

അബാദ് പ്ലാസയില്‍ അഞ്ജുരാജിന്റെ റിപ്പോര്‍ട്ടിങ്ങിനോട് ദിലീപ് ഒരു ഘട്ടത്തില്‍ ഇങ്ങനെ പ്രതികരിക്കുന്നുണ്ട് -‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് ഇങ്ങനെ പറയുന്നത്’. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാനും ആക്ഷേപിക്കാനും ഈ പ്രതികരണം ചിലരൊക്കെ ആയുധമാക്കുന്നുണ്ട്. കുറ്റം സമ്മതിക്കാതെ നിരപരാധിയെന്ന് അഭിനയിക്കുന്നയാള്‍ക്ക് കേസിനെ സംബന്ധിച്ച് പറയുന്ന സത്യങ്ങളെല്ലാം അസംബന്ധമാണ്. അതിനാലാണ് അയാള്‍ക്ക് അഞ്ജു പറഞ്ഞത് അസംബന്ധമായി തോന്നിയത്. പെരുമ്പാവൂരില്‍ ജിഷ കൊല ചെയ്യപ്പെട്ടപ്പോള്‍ ദിലീപ് നടത്തിയ പ്രതികരണം ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ? ‘നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിദേവനം. ഇങ്ങനെ കണ്ണീരൊഴുക്കുമ്പോള്‍ തന്നെ പിന്നാമ്പുറത്ത് സഹപ്രവര്‍ത്തകയെ കൈകാര്യം ചെയ്യാന്‍ ദിലീപിന്റെ കാര്‍മ്മികത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു എന്നോര്‍ക്കണം.

വായില്‍ തോന്നിയത് പറയുന്നു എന്ന ദിലീപിന്റെ കുറ്റപ്പെടുത്തല്‍ ഏറ്റെടുത്തവര്‍ക്ക് അഞ്ജുരാജ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ദിലീപ് തന്റെ മുന്നില്‍ ഇപ്പോള്‍ അനേകം വകുപ്പുകള്‍ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്ത ഒരാള്‍ മാത്രമാണെന്ന് അഞ്ജു പറയുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സുനില്‍ കുമാറും ദിലീപും ഗുഢാലോചന നടത്തിയ മുറിയിലേക്ക് അയാളെ കൊണ്ടു വരുന്നതു സംബന്ധിച്ച് തത്സമയ വിവരണം കൊടുക്കുമ്പോഴാണ് ‘വായില്‍ തോന്നിയത് പറയരുതെന്ന്’ ദിലീപ് പ്രതികരിച്ചതെന്ന് വിശദീകരിക്കുന്നു. അതു പൂര്‍ണ്ണമായും ശരിയാണു താനും. സംശയമുള്ളവര്‍ ഈ വകുപ്പുകള്‍ ഒരിക്കല്‍ക്കൂടി നോക്കുക.

-120(ബി) ഗൂഢാലോചന -കുറഞ്ഞത് 7വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ്/പിഴ
-346 അന്യായമായി തടങ്കല്‍ -3വര്‍ഷം വരെ തടവ്
-366 തട്ടികൊണ്ടുപോകല്‍ -1വര്‍ഷം തടവ്
-376(ഡി) ബലാല്‍സംഗം -ജീവപര്യന്തം വരെ തടവ്
-506(1) മരണഭയമുണ്ടാക്കി ഭിഷണി -2 വര്‍ഷം തടവ്
-201 തെളിവ് നശിപ്പിക്കല്‍
-212 തെളിവ് നശിപ്പിക്കല്‍
-34 കുറ്റകൃത്യം നടത്താന്‍ സംഘം ചേരല്‍ -2വര്‍ഷം തടവ്
-66(ഇ) ഐ.ടി. നിയമം മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തല്‍ -3 വര്‍ഷം തടവ്
-66(എ) ഐ.ടി. നിയമം പകര്‍ത്തിയ ദൃശ്യം കൈമാറല്‍ -3 വര്‍ഷം തടവ്

ഇത്രയും കാലം ദിലീപിനെതിരെ ഒന്നും പറയാനില്ലാത്തവര്‍ ഇപ്പോള്‍ പറയുന്നു എന്ന് ആക്ഷേപിക്കുന്നവരുണ്ട്. ദിലീപിനെതിരെ അനുഭവകഥകളുമായി മറ്റു സിനിമക്കാര്‍ പ്രത്യക്ഷപ്പെട്ടതിനെയും വിമര്‍ശിക്കുന്നു. ഇതുവരെ ഇവര്‍ക്ക് നാക്കില്ലായിരുന്നോ എന്നാണ് ചോദ്യം. ഇതിന് വ്യക്തമായ മറുപടിയുണ്ട്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെതിരെ പ്രതികരിക്കാന്‍ മുംബൈക്കാര്‍ കരുത്തു നേടിയത് എപ്പോഴാണെന്ന് ഓര്‍മ്മയുണ്ടോ? മുംബൈ സ്ഫോടനങ്ങള്‍ക്കു ശേഷം. അതിനു മുമ്പ് ദാവൂദ് ഇല്ലായിരുന്നോ? അതുപോലെ തന്നെയാണ് ദിലീപിന്റെ കാര്യവും. തെറ്റു ചെയ്യുന്ന ഒരാളുടെ വീഴ്ച കാണണമെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പോഴും അതു കൈവരിക്കാനുള്ള ശേഷി പലര്‍ക്കുമുണ്ടാവില്ല. കാരണം തെറ്റു ചെയ്യുന്നവന്‍ കരുത്തനായിരിക്കും. അവന്‍ ദുര്‍ബലനായി വീഴുമ്പോള്‍ സ്വാഭാവികമായി കരുത്തു നേടുന്ന എതിരാളികള്‍ അര്‍മാദിക്കും. അതു ലോക നിയമം. ഹിറ്റ്ലര്‍, മുസ്സോളിനി എന്നിവരെല്ലാം സ്വന്തം നാടുകളില്‍ പൂര്‍ണ്ണതോതില്‍ എതിര്‍ക്കപ്പെട്ടത് അവരുടെ വീഴ്ചകള്‍ക്കു ശേഷം മാത്രമാണ്.

‘അമ്മ’യില്‍ നിന്ന് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ജനറല്‍ സെക്രട്ടറി മമ്മൂട്ടി പ്രഖ്യാപിക്കുന്നു

ദിലീപിനെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ സ്വര്‍ണ്ണവ്യാപാരി ബോബി ചെമ്മണ്ണൂരിനെ കരുവാക്കുന്നുണ്ട്. ബോബിക്കെതിരെ ആരോപണവുമായി ഒരു യുവതി വീഡിയോ വരെ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടും മാധ്യമങ്ങള്‍ കണ്ട ഭാവം കാണിച്ചില്ലെന്നാണ് വാദം. നടന്‍ സിദ്ദിഖിന്റെ പേരിലുള്ള പേജിലാണ് ഈ പോസ്റ്റ്. ഇതാണ് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത് . കോടതി കുറ്റവാളിയായി വിധിക്കാത്ത , കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം , അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ.. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതാന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

സിദ്ദിഖിന്റേത് എന്ന് പറയപ്പെടുന്ന ഈ പോസ്റ്റ് വ്യാപകമായി പങ്കിടപ്പെടുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട് -സിദ്ദിഖിന്റെ ഫേസ്ബുക്ക് പേജ് ഇതല്ല. SiddiqueFanPage എന്ന സൂചന തന്നെയാണ് ഇത് അസ്സല്‍ അല്ലെന്ന് ഉറപ്പാക്കുന്നത്. ഏതായാലും ആസൂത്രിതമായി വന്ന ഈ പോസ്റ്റ് തല്പരകക്ഷിക്കള്‍ മാധ്യമങ്ങള്‍ക്കെതിരായുള്ളത് എന്ന പേരില്‍ പൊക്കിക്കാണിക്കുന്നു.

സിദ്ദിഖിന്റെ പേരിലുള്ള പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ ബോബി ചെമ്മണ്ണൂരിനെതിരായ ആ വാര്‍ത്ത എന്തുകൊണ്ട് മാധ്യമങ്ങള്‍ എടുത്തില്ല? ചിന്തിച്ചുവോ? ബോബിക്കെതിരെ വീഡിയോ വന്നു, ശരി തന്നെ. പക്ഷേ, ആരാ പരാതിക്കാരി? പരാതി വേണ്ട, ആ യുവതി ആരെന്നെങ്കിലും അറിയുമോ? പിന്നെങ്ങനെ വാര്‍ത്ത കൊടുക്കും? നിയമത്തിനതീതരാണെന്ന ചിന്താഗതി വെച്ചുപുലര്‍ത്താന്‍ താരങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ, നിയമത്തെ നിഷേധിക്കാന്‍ മാധ്യമപ്രവര്‍ത്തകരും തയ്യാറാവണമെന്നു വാശിപിടിക്കരുത്. ബോബിക്കെതിരായ ആരോപണത്തിന് നിയമപരമായി നിലനില്‍പ്പില്ല. എവിടെയെങ്കിലും ആരെങ്കിലും ഒരു പരാതി കൊടുക്കട്ടെ, വാര്‍ത്ത കൊടുക്കാം. മാധ്യമപ്രവര്‍ത്തകര്‍ നിയമം നിഷേധിച്ചപ്പോഴെല്ലാം അവര്‍ പിടിയിലായിട്ടുണ്ട് എന്നു കൂടി സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കട്ടെ.

പക്ഷേ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇരയാക്കപ്പെടുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും വിശ്വാസമാണ്. ലോകത്തോടു പറയാനുള്ളത് അവര്‍ ഞങ്ങളെ അറിയിക്കുന്നു. ഞങ്ങളുടെ നിലനില്‍പ്പ് അവരുടെ പിന്തുണയാലാണ്. അവര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. അക്രമത്തിനിരയായ നടി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കുറിപ്പ് തന്നെയാണ് അതിനു തെളിവ്.

സുഹൃത്തുക്കളേ…
ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും, അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ നിങ്ങളോരോരുത്തരെയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഞങ്ങള്‍ തമ്മില്‍ പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് പുറത്തുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതില്‍ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടെന്നുള്ളതാണ്. അങ്ങനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളെ പണമിടപാടുകളോ നമ്മള്‍ തമ്മിലില്ല. ഇത് ഞാന്‍ മുമ്പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കില്‍ അതിനുള്ള ഉത്തരം അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാര്‍ത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയതുകൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ട് പറയണമെന്നു തോന്നി. ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഞാനില്ലാത്തതു കൊണ്ട് എന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോകളും അക്കൗണ്ടുകളും എന്റെ അരിവോടെയല്ല എന്നു കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.
– 
* * * *

അവസാനമായി ഇത്ര കൂടി. ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ഫാന്‍സുകാരുടെ ആരോപണം. സിദ്ദിഖിന്റെ പേരിലായാലും മറ്റാരുടെയെങ്കിലും പേരിലായാലും പി.ആര്‍.ഏജന്‍സികള്‍ മാധ്യമപ്രവര്‍ത്തകരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. പക്ഷേ, ആ ശ്രമം വിജയിക്കുമെന്നു തോന്നുന്നില്ല. ദിലീപ് എങ്ങനെ അറസ്റ്റിലായി എന്നറിയാമോ? കുറ്റസമ്മതം നടത്തിയ ശേഷം. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്. പിന്നീട് തെളിവെടുപ്പ് വേളയില്‍ പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥലങ്ങള്‍ ദിലീപ് തന്നെയാണ് പൊലീസിന് ചൂണ്ടിക്കാട്ടിയത്. ഈ കുറ്റസമ്മതം തന്നെയാണ് പാരയാകാന്‍ പോകുന്നത്. സൂപ്പര്‍ താരമായ ദിലീപിനെ മര്‍ദ്ദിച്ചവശനാക്കി പൊലീസ് ഇതെല്ലാം സമ്മതിപ്പിച്ചതാണെന്ന് ഇനി പറഞ്ഞേക്കരുതേ. പൊലീസ് തല്ലിപ്പറയിപ്പിച്ചുവെന്ന് പള്‍സര്‍ സുനിക്ക് പറയാം, ദിലീപിന് പറ്റില്ല.

Previous articleടിയാന്‍ പറയുന്നത് എന്തെന്നാല്‍…
Next articleമാതൃകയാക്കാം… ഈ വിവാഹം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here